അമ്മത്ക്കായുടെ ചയപ്പീടികക്കകത്ത് ഒരു തെങ്ങുണ്ടായിരുന്നു. ശരിക്കും... ചെറിയ കുമ്പളത്ത് അന്നു് രണ്ടോ മൂന്നോ പീടികകളേ കാര്യമായിട്ടുണ്ടായിരുള്ളൂ. അതിൽ ഒരെണ്ണമായിരുന്നു അമ്മത്ക്കയുടേത്. കട്ടൻകോട്റോഡ് മെയിൻ റോഡിൽ ചേരുന്നിടത്ത് വലതു ഭാഗത്ത്, തറനിരപ്പിൽ നിന്ന് നാലഞ്ചടി ഉയരത്തിലായിരുന്നു കട. കടയിലെത്താൻ പടി കയറണം.
സ്ക്കൂൾ വിട്ടാൽ വീട്ടിൽ പോയി ചോറു തിന്ന് തിരിച്ച് വീണ്ടും സ്കൂളിലേക്ക് ഓടും. അച്ഛന്റെ കൂടെ അങ്ങാടിയിൽ പോകാൻ. നാലാം ക്ലാസിലായതു മുതൽ തുടങ്ങിയ പതിവാണ്. അടുത്ത കൊല്ലം കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ വരെ ഒറ്റക്ക് പോകാനുള്ള പരിശീലനം. ഞാൻ തിരിച്ച് ചെല്ലുമ്പോൾ അച്ഛൻ, മേശ മുഴുവൻ പരത്തി വച്ച വലിയ ഫോമുകളിൽ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുകയായിരിക്കും. അച്ഛൻ'ബില്ലെ'ഴുതുകയാണെന്ന് ഞാൻ മനസ്സിലാക്കും. ശമ്പള ബില്ല് തയാറാക്കുക എന്നത് അച്ഛന്റെ വലിയൊരു തത്രപ്പാടായിരുന്നു. മാസാമാസം പേരാമ്പ്ര ട്രഷറിയിൽ പോയി മാഷമ്മാരുടേയും ഉപ്പുമാവുണ്ടാക്കുന്ന പാർവതി ടീച്ചറുടേയും ശമ്പളം അച്ഛൻ വാങ്ങി വന്നു. മാഷമ്മാരുടെ മുറിയിൽ നിന്ന് ഏറ്റവും ഒച്ചയിൽ ചിരി മുഴങ്ങിയിരുന്നത് അച്ഛന്റെ കറുത്ത ബാഗ് വയറ് നിറഞ്ഞ് തിരിച്ചു വന്നിരുന്ന അത്തരം ദിവസങ്ങളിലായിരുന്നു.
അച്ഛനും ഞാനും സ്ക്കൂളടച്ച്, അങ്ങാടിയിലേക്ക് പുറപ്പെടും. അധിക ദിവസവും അമ്മദ് മാഷോ, മഹമൂദ് മാഷോ, പത്മനാഭൻ മാഷോ കൂടെയുണ്ടാവും. അടുത്ത താവളം നെരത്തുമ്മലുള്ള ( ചെറിയ കുമ്പളം അങ്ങാടിയെ ഞങ്ങൾ കട്ടൻ കോട്ടുകാർ അങ്ങനെയാണ് വിളിച്ചിരുന്നത്. ) അമ്മത്ക്കയുടെ ചായക്കടയാണ്. ചായ കുടിക്കുന്നതിനേക്കാൾ അമ്മദ്കയും അച്ഛനും ,കൂടെ യുണ്ടാവാറുള്ള മാഷമ്മാരും തമ്മിലുള്ള വർത്താനം കേൾക്കാനായിരുന്നു എനിക്ക് താത്പര്യം.
"എന്ത് പറയാനാന്ന്, ഈ പയറ്റ് കൊണ്ട് ഒര് നിബൃത്തിയും ഇല്ല" അമ്മദ്ക്ക പറയും. പയറ്റായിരുന്നു അധിക ദിവസങ്ങളിലും അവർക്കിടയിലെ വിഷയം . പയറ്റ് എന്നത് എനിക്ക് തച്ചോളി ഒതേനനും , ഉണ്ണിയാർച്ചയും മറ്റും വാളു വീശി വീശി നടത്തിയിരുന്ന ഒരു കർമ്മമായിരുന്നു. സംഭാഷണം കേട്ട എനിക്ക് അമ്മദ്ക്കയേക്കുറിച്ച് നല്ല മതിപ്പു തോന്നി. തച്ചോളി ഒതേനനെപ്പോലെ ഒരു യോദ്ധാവാണ് അമ്മദ്ക്ക എന്ന് ഞാൻ ശരിക്കും വിചാരിച്ചു. "മാഷക്ക് പിന്ന പയറ്റൊന്നും ഇല്ലാലം." എന്ന് അമ്മത് ക്ക അച്ഛനെ ഉദ്ദേശിച്ച് പറഞ്ഞ ദിവസം ഞാൻ അച്ഛനോട് ചോദിച്ചു. "അമ്മദ്ക്ക തച്ചോളി ഒതേനനപ്പോലത്തെ ആളാ?" അച്ഛൻ ഉച്ചത്തിൽ മുഴങ്ങുന്ന ആ പൊട്ടിച്ചിരി ചിരിച്ചു. " തച്ചോളി ഒതേനന്റേത് വാൾപ്പയറ്റാ. അമ്മദ്ക്കാന്റേത് പണപ്പയറ്റും " പിന്നെ കൊയിലാണ്ടി, വടകര താലൂക്കുകളിൽ നിലനിന്നിരുന്ന, ഇപ്പോഴും നിലനിൽക്കുന്ന പണപ്പയറ്റെന്ന, സാമ്പത്തിക സംവിധാനത്തെ പറ്റി വിശദമായി പറഞ്ഞു തന്നു. (https://ml.m.wikipedia.org/wiki/കുറിക്കല്ല്യാണം )
അമ്മദ്ക്കയുടെ കടയിലേക്ക് കയറുമ്പോൾ ആദ്യം കാണുക കടയുടെ നടുക്ക് കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ തറക്ക് നടുവിലെ തടിയൻ തെങ്ങാണ്. അത് കടയുടെ മേൽക്കൂരയും കഴിഞ്ഞ് മുകളിലേക്കുയർന്ന് പോയി. "ഇങ്ങക്ക് ഈ തെങ്ങ് മുറിച്ച് കളഞ്ഞിറ്റ് പീട്യ ഇണ്ടാക്യാ പ്പോരായിനോ, അമ്മേക്കാ?" ഒരു ദിവസം പതിവുള്ള നേത്രപ്പഴവും ചായയും കഴിക്കവേ പത്മനാഭൻ മാഷാണ് ചോദിച്ചത്. ഇക്കാലത്തെ പരിസ്ഥിതിക്കാരെല്ലാം കേൾക്കാൻ കൊതിക്കുന്ന മറുപടിയാണ് അമ്മദ്ക്ക പത്ത് മുപ്പത്തെട്ട് കൊല്ലം മുമ്പ് പറഞ്ഞത്. " മരം, മ്മളേക്കാളൊക്കെ മുമ്പേ ഇബ്ട ഉണ്ട്. മ്മള് മരത്തിന്റെ ലോകാ കയ്യേറിയത്. എല്ലാണ്ട് മരം മ്മളെ ലോകല്ല. ഓല് ബളര്ന്നേ ന ചുറ്റീ റ്റാരിക്കണം മ്മളബിസിനസ്സും , കമ്പിനിയും എല്ലം. ഒറ്റ മരോം മുറിക്കറ് മാഷേ" ഇത് കേട്ട് അവിടെ യുണ്ടായിരുന്ന അമ്മത്ക്കയുടെ മോൻ ജമാല് ചിരിച്ചത് ഞാനോർക്കുന്നു. എന്തിനായിരുന്നാവോ? ആ കടയും തെങ്ങുമെല്ലാം ഇന്ന് ആരുടെയൊക്കെയോ ഹൃദയത്തിൽ മാത്രം... പണമുണ്ടാക്കാനും പിടിച്ചടക്കാനും ഓടിയ ഓട്ടത്തിനിടയിൽ എന്തൊക്കെയാണ് കളഞ്ഞു പോയത് !
വാൽക്കഷണം :- വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഒരു കഥയുണ്ട്. ഒരിക്കലദ്ദേഹം ഒരു കടയിൽ ചായ കുടിക്കാൻ കയറി. ഇച്ചിരി കഴിഞ്ഞ് നോക്കുമ്പോൾ പുറത്തുചാരി വച്ചിരുന്ന തന്റെ വിശ്രുതമായ കാലൻ കുടയുമായി ഒരാൾ ധൃതിയിൽ നടന്നു പോകുന്നു. ബഷീർ ഓടിച്ചെന്ന് അയാളോട് "നിങ്ങൾ വൈക്കം മുഹമ്മദ് ബഷീറാണോ " എന്ന് ചോദിച്ചത്രെ. അല്ലെന്ന് പറഞ്ഞപ്പോൾ ബഷീർ, "എന്നാലാക്കുട വൈക്കം മുഹമ്മദ് ബഷീറിന്റേതാ"ണെന്ന് പറഞ്ഞ് കുട തിരിച്ചു വാങ്ങിയെന്നാണ് കഥ.
ഈ കഥ വായിക്കുമ്പോൾ എന്റെ മനസ്സിൽ അമ്മദ്ക്കായുടെ കടയും റോഡിലൂടെ കുട മോഷ്ടാവിന്റെ പിന്നാലെ പേരാമ്പ്ര ഭാഗത്തേക്ക് വേഗത്തിൽ നടക്കുന്ന വൈക്കം മുഹമ്മദ് ബഷീറുമാണ് തെളിഞ്ഞത്. ഓരോ മൂഢത്വം...
No comments:
Post a Comment