ഞങ്ങൾ പഠിക്കുന്ന കാലത്ത് പ്ലസ് റ്റു ഉണ്ടായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞാൽ പിന്നെ കോളേജ്. പ്രീഡിഗ്രി എന്നായിരുന്നു അതിന് പേര്. യൂനിഫോമില്ല, ഒരേ പോലത്തെ ഷീറ്റു കൊണ്ട് കവർ ചെയ്ത പുസ്തകങ്ങളില്ല, സ്ക്കൂൾ ബാഗില്ല. ഒന്നോ രണ്ടോ പുസ്തകവും കക്ഷത്തിറുക്കിയാണ് കോളേജ് കുമാരന്റെ പോക്ക്.
സ്വപ്നം കാണുക എന്ന പ്രക്രിയ നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഏറ്റവും സുന്ദരവും തീവ്രവുമായ സ്വപ്നങ്ങളുടെ കാലം പ്രീഡിഗ്രിയിലായിരുന്നു.
സെക്കന്റിയറിൽ പഠിക്കുന്ന കാലത്താണ് ഒരു ഡോക്ടറുടെ പുത്രി ഫസ്ററിയറിൽ വന്നു ചേർന്നത്. മനോഹരമായി വസ്ത്രം ധരിക്കുന്ന വെളുത്ത് തുടുത്ത ആ സുന്ദരിയെ കാണുമ്പോൾ മുമ്പാരോടും തോന്നാത്ത ഒരു പ്രത്യേകത. അടിവയറ്റിൽ നിന്ന് ഒരു തീയനക്കം. മിണ്ടണമെന്ന പൂതി. ആരോടും കൂടതൽ ഇടപെടാൻ മടിയാണ് പണ്ടും ഇപ്പോഴും. പെങ്കുട്ടികളോട് മിണ്ടാൻ ഒട്ടും ധൈര്യമില്ല. എന്നാലും അവൾ വരുന്നതും നോക്കി കോളേജ് കവാടത്തിനടുത്ത് കാത്തുനിൽക്കും. അവൾ എന്നെ നോക്കിയാൽ ചിരിക്കാൻ ഒരു വൃഥാ ശ്രമം നടത്തും. ക്ലാസിനു വെളിയിൽ കൂട്ടുകാരോട് സംസാരിക്കാനെന്ന വ്യാജേന അവളെ നോക്കി നിൽക്കും. കുറേ ദിവസം കഴിഞ്ഞപ്പോൾ അവൾ എന്നെ കണ്ടാൽ ചിരിക്കുമെന്ന പരുവമായി. തിരിച്ച് ഞാനും ചിരിക്കും.
പരീക്ഷക്കു മുമ്പുള്ള അവധി തുടങ്ങാൻ രണ്ടു ദിവസം ബാക്കിയിരിക്കേ ഒരു ദിവസം, ഉച്ചക്കത്തെ ഇൻറർവെലിൽ ലൈബ്രറിയിൽ പോയി തിരികെ വരികയായിരുന്നു. കയ്യിൽ ബോറിസ് പാസ്റ്റർനാകിന്റെ ഡോക്ടർ ഷിവാഗോ. അവളുടെ ക്ലാസിനടുത്തെത്തിയപ്പോൾ നടത്തം മെല്ലെയായി. കഴുത്ത് മെല്ലെ തിരിച്ച് ക്ലാസിലേക്ക് നോക്കി. ഞെട്ടിപ്പോയി! അവളതാ എന്നെ മാടി വിളിക്കുന്നു. വിശ്വാസമായില്ല. കണ്ണടച്ച് തുറന്ന് വീണ്ടും നോക്കി. സത്യം! അവൾ വിളിക്കുന്നു. ചുറ്റും കൂട്ടുകാരികളാരുമില്ല. ഞാനാണെങ്കിൽ മുട്ട് വിറച്ചിട്ട് ഒരടി നടക്കാൻ വയ്യാത്ത അവസ്ഥയിലും.
എങ്ങനെയോ ഞാനവളുടെ അടുത്തെത്തി. ഒന്നും മിണ്ടാൻ വയ്യ. മുഖത്തേക്ക് ചോര ഇരച്ച് കയറുന്നു.
എന്റെ മുഖത്തു നോക്കി അവളൊരു ചിരി ചിരിച്ചു. ഹൃദയം നിന്നുപോയെന്നു തോന്നി. ഞാൻ ചിരിക്കാൻ ശ്രമിച്ചത് വക്രിച്ചും പോയി. അവൾ എന്റെ കയ്യിലിരുന്ന പുസ്തകത്തിനായി കൈ നീട്ടി. പുസ്തകം മറച്ചു നോക്കുന്ന അവളെ ഞാൻ വെറുതെ നോക്കി നിന്നു.
പെട്ടെന്നാണ് ഹൃദയം തകർത്തു കളഞ്ഞ ആ ചോദ്യം അവൾ ചോദിച്ചത്. " കതാ ബുക്കാ?"
എന്റെ ജഗദീശ്വരാ എന്തൊരു ശബ്ദം !! എന്റെ ക്ലാസിലെ എറ്റവും മുതിർന്ന ആൺ പ്രജക്കു പോലുമില്ല ഇത്രയും കഠോരമായ പുരുഷശബ്ദം.
പുസ്തകം തട്ടിപ്പറിച്ച് ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു. ഡോക്ടർ ഷിവാഗോ കതാ ബുക്ക് !! ഒച്ച കഠോരം.. എന്റെ സങ്കൽപ്പം തകർന്നു മണ്ണടിഞ്ഞു. എന്തോ, കോളേജടക്കാൻ ബാക്കിയുണ്ടായിരുന്ന രണ്ടു ദിവസം ഞാനവളെ കണ്ടതേയില്ല. പിന്നെ ജീവിതത്തിൽ ഇതുവരേയും.
അഹമ്മദ് കബീറിന്റെ ജൂൺ കണ്ടിറങ്ങുമ്പോൾ എന്തോ ഞാനവളെ ഓർത്തു. ഒരു പക്ഷെ ആ പുസ്തകം പിടിച്ചു വാങ്ങി, ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അഹം ഭാവിയായ ഞാൻ തിരിച്ചു നടന്നില്ലായിരുന്നെങ്കിൽ, ഒരു പക്ഷെ ജീവിതം വേറൊന്നാകുമായിരുന്നു. ആർക്കറിയാം...
ജൂൺ നല്ല സിനിമയാണ്. പ്ലസ് റ്റുവിലെ കൗമാരക്കാർ പ്രീഡിഗ്രി ക്കാരെ പോലെയല്ല. ഒരു പാട് വ്യത്യാസങ്ങളുണ്ട്. കാഴ്ചപ്പാടിലും അറിവിലും എല്ലാം. എന്റെ പുത്രൻ പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്നയാളായതിനാൽ എനിക്കത് നന്നായറിയാം. ഞങ്ങൾ ആയിരുന്നതിനേക്കാൾ ഒരു പാട് മുന്നിലാണ് ആപ്രായത്തിൽ ഇവർ. പക്ഷെ വിചാരങ്ങളും വികാരങ്ങളും സ്വപ്നത്തിന്റെ കടും ചായങ്ങളും ഒക്കെ ഒരു പോലെ. പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുന്ന ഭാവി തലമുറ!
നമ്മുടെ കൗമാരത്തെ ഗൃഹാതുരത്വത്തോടെ തൊട്ടു വിളിക്കുന്നു എന്നതാണീ സിനിമ ചെയ്യുന്നത്. പുസ്തകത്താളിൽ മറന്നു വച്ചു പോയ മയിൽപ്പീലി അറിയാതെ ഏതോ താൾ മറിയവേകയ്യിൽ വരുന്ന പോലെ.
വർക്കല ക്ലിഫിൽ നടക്കുന്ന പുതുവർഷ പാർട്ടിയിൽ തുടങ്ങി, ഫ്ലാഷ് ബാക്കിലൂടെ , പനാമാ ജോയിയുടെയും ഭാര്യയുടെയും ഒറ്റമകളായ, ജൂണിന്റെ പ്ലസ് ടു കാലം അനാവൃതമാവുകയാണ്. ക്ലാസിലെയും പുറത്തേയും കൊച്ചു കുറുമ്പുകളും അതിനിടെ മൊട്ടിടുന്ന പ്രണയവുമായി ഒന്നാം പകുതി നാവിനടിയിലെ നാരങ്ങാ മുട്ടായി പോലെ പെട്ടെന്ന് തീർന്നു പോകുന്നു. രണ്ടാം പകുതിയിൽ നഷ്ടപ്രണയം തിരിച്ചുപിടിക്കാനും, സ്വന്തം കാലിൽ നിൽക്കാനുള്ള ജൂണിറെ ശ്രമവും ഒരുപാട് ട്വിസ്റ്റുകളുമൊക്കെ ...
പ്രിയ സുഹൃത്ത് ഖാലിദിന്റെ Khalid Backer മകൻ സർജാനോ ഖാലിദിനെ കാണാനാണ് സത്യം പറഞ്ഞാൽ ഈ സിനിമക്ക് കയറിയത്. സർജാനോ യുടെ നോയൽ മാത്രമല്ല, ജൂണിന്റെ മറ്റു കൂട്ടുകാരും താന്താങ്ങളുടെ വേഷം ഗംഭീരമാക്കി. രജിഷാ വിജയൻ ജൂണായി ജീവിച്ചു. മകളുടെ ഇഷ്ടങ്ങൾക്ക് എതിരു നിൽക്കാത്ത അച്ഛനായി ജോജുവും തിളങ്ങി.
ഒരു നിമിഷം പോലും ബോറടിക്കാതെ ഈ സിനിമ കാണാൻ ഇഫ്തിയുടെ സംഗീതം നല്ല പങ്ക് വഹിക്കുന്നു.
വിമർശനങ്ങളുണ്ടായേക്കാം... കുഞ്ഞു പ്രമേയം വലിച്ചു നീട്ടി എന്നും, എഡിറ്റിംഗ് വേണ്ടത്ര സുഖമായില്ല എന്നു മൊക്കെ എവിടെയൊക്കെയോ എഴുതിക്കണ്ടു. ഇതൊരു കുഞ്ഞു സിനിമയാണ്. ലോക ക്ലാസിക്കുകൾ കാണുന്ന കണ്ണിലൂടെ കാണാനുള്ളതല്ല, ഗൃഹാതുരത്വം കനത്തിൽ നിറച്ച ഈ വർണ്ണച്ചെപ്പ് .
സിനിമ കഴിഞ്ഞ് പുറത്തിറങ്ങവേ കൂട്ടുകാരനെ ഫോണിൽ വിളിച്ചു. "ഖാലിദ് ഭായ്, മോന്റെ ആദ്യ സിനിമ കലക്കി... "
No comments:
Post a Comment