അതൊരു വല്ലാത്ത രാത്രിയായിരുന്നു. അവളെ കാണാതായി. കളിപ്പിക്കാനാവുമെന്നുകരുതി ഒളിച്ചിരിക്കാനിനിടയുള്ള അരികും മൂലയും പലവുരു തിരഞ്ഞു. അടുക്കളയിൽ, കിടപ്പുമുറിയിൽ, പൂജാമുറിയിൽ ... എങ്ങുമില്ല. എനിക്ക് കരച്ചിൽ വന്നു. അവളെവിടെ പോയി. സ്ക്കൂളിൽ നിന്ന് ഞാൻ വരുമ്പോൾ ഉമ്മറപ്പടിയിൽ എന്നെ പതിവായി കാത്തു നിൽക്കാറുള്ളവളാണ്. ഞാനെത്താതെ ആഹാരം പോലും കഴിക്കാത്തവൾ.
കഴിഞ്ഞ സ്ക്കൂളവധി തുടങ്ങി പിറ്റേ ദിവസം വൈകുന്നേരമാണ് അച്ഛനത് പറഞ്ഞത്. അച്ഛൻ അങ്ങാടിയിൽ പോയി വന്നയുടനെ എന്നെ വിളിച്ചു. മുഖം നിറഞ്ഞ ചിരി.
"ഞ്ഞി നാളെ രാവിലെ പോക്കറ് ഹാജീന്റെ വീട്ടിൽ പോയി, ഓളെയിങ്ങ് കൂട്ടിക്കൊണ്ട് പോരി. " ആരെ എന്ന ചോദ്യത്തിന്, ഹാജിയാരുടെ മോളെയെന്ന് കുസൃതിച്ചിരി. എനിക്ക് ബഹു സന്തോഷം. എത്ര നാളായി അച്ഛനോട് പറയുന്നു! ഒത്തിരി നാളത്തെ ആഗ്രഹം ഇതാ സഫലമാകാൻ പോവുന്നു.
പിറ്റേന്ന് കുളിയും ചായ കുടിയും നേരത്തെ കഴിച്ച് ഞങ്ങൾ, അനിയനും ഞാനും പുറപ്പെട്ടു. പോക്കർ ഹാജിയുടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം കട്ടൻ ചായയുമായി വരാന്തയിൽ ഇരിക്കുന്നു. പ്രൗഢഗംഭീരൻ. ഖദർ കുപ്പായം. ചുമലിൽ തോർത്ത്. അടുത്ത് ഭാര്യയും നിൽപ്പുണ്ട്.
ആരാ? എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ശേഖരൻ മാഷിന്റെ മക്കളാണെന്നും മോളെ കൊണ്ടുപോകാൻ വന്നതാണെന്നും മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് സ്നേഹവും വാത്സല്യവും ഒപ്പം കുസൃതിയും നിറഞ്ഞു. ചായ കുടിച്ചതാണോ മക്കളേ എന്ന ചോദ്യത്തിന് അതെയെന്ന് ഞങ്ങൾ തലയാട്ടി. "ഓളെവിടെ?" എന്ന് ഭാര്യയോട് ചോദിച്ചതിന് " അകത്ത് കോണിപ്പടിയിൽ ഇരിപ്പുണ്ടെന്ന് " ഉമ്മ മറുപടി പറഞ്ഞു. " ചെന്ന് വിളിച്ചോണ്ട് പോയ്ക്കോ" എന്ന അനുവാദം കേട്ട വാറെ ശരം വിട്ട പോലെ ഞങ്ങൾ അകത്തേക്കോടി. അതാ കോണിപ്പടിയിൽ അവളിരിക്കുന്നു. വെള്ളയിൽ കറുപ്പു പടർന്ന കുപ്പായമിട്ടവൾ. അതിസുന്ദരി. ഞാൻ ചെന്നു തൊട്ടപ്പോൾ അവൾ പ്രതിഷേധിച്ചില്ല. "മ്യാവൂ" എന്ന് ചെറുതായി മൊഴിഞ്ഞു. നന്നായി മെരുങ്ങിയിരിക്കുന്നു. "എന്താ ഇവളുടെ പേര് ?'' എന്ന് ഞാൻ ചോദിച്ചതിന് "പേരൊന്നുമിട്ടില്ലെന്ന് " കോലായിൽ നിന്ന് ഹാജിയാർ മറുപടി പറഞ്ഞു. "പേര് മാഷെന്നെ ഇട്ടോട്ടെ ഇവക്ക് "
കുട്ടികളില്ലാത്ത പോക്കർ ഹാജിക്ക് പൂച്ചകളായിരുന്നല്ലോ മക്കൾ. അബുബക്കർ എന്നും, ആമിന എന്നും, റഫീക്കെന്നും റസീന എന്നും റസിയ എന്നും റസാക്കെന്നും പേരുള്ള ധാരാളം പൂച്ചകൾ കൊഴുകൊഴാ കൊഴുത്ത് വീടിനകത്തും പുറത്തും മദിച്ചു നടന്നു. പല വർണ്ണത്തിലുള്ള ഇലകളുള്ള ചെടികൾ പോക്കർ ഹാജിയുടെ വീട്ടിൽ ധാരാളമുണ്ടായിരുന്നു. അവയുടെ കമ്പ് തേടിച്ചെന്ന ദിവസമാണ് ഞാൻ സുന്ദരൻമാരും സുന്ദരികളുമായ പൂച്ചകളുടെ സമ്മേളനം കാണാനിടയയത്. അന്നു മുതൽ അച്ഛനെ ശല്യപ്പെടുത്തുന്നതാണ് പോക്കർ ഹാജിയോട് ഒരു പൂച്ചക്കുട്ടിയെ ചോദിക്കാൻ.
വീട്ടിലേക്ക് നടക്കുമ്പോൾ അവൾ എന്നോട് ഒട്ടിക്കിടന്നു. ഒരു ചെറിയ ഒച്ച പോലുമില്ല. കുർ.. കുർ.. എന്ന സ്നേഹ ശബ്ദം മാത്രം. പൂച്ചക്കുട്ടികളെ പിടിക്കാൻ ചെല്ലുമ്പോൾ അവർ ഹെ! ഹെ! എന്നൊച്ചയുണ്ടാക്കി പുറകോട്ട് ചാടുമെന്നും, പിടിച്ചാൽ തന്നെ മാന്തിപ്പറിക്കുമെന്നൊക്കെ എന്റെ ഏറ്റവുമടുത്ത കൂട്ടുകാരൻ ശശി പറഞ്ഞു തന്നത് തെറ്റാണെന്ന് ഞാൻ മനസ്സിലാക്കി. (അത് ശരിയായിരുന്നെന്ന് പിന്നീട് ഒരിളമുറ ത്തമ്പുരാൻ കൈത്തണ്ടയിൽ സുദീർഘമായ മൂന്ന് സമാന്തര രക്ത രേഖകൾ സമ്മാനിച്ചപ്പോൾ വേദനയോടെ അറിയുകയുമുണ്ടായി )
വീട്ടിലെത്തിയതും "പൊക്കി" യെ കൊണ്ടോന്നോ? ന്ന് അച്ഛന്റെ ചോദ്യം. അവൾക്കിടാൻ,''പൊക്കി"യെന്ന പേര് അച്ഛൻ ആദ്യമേ കണ്ടു വച്ചിരുന്നോ?
അന്ന് രാത്രി കരഞ്ഞു വിളിച്ച് തേരാപ്പാര നടന്ന് ഞങ്ങളുടെ ഉറക്കം കളഞ്ഞതൊഴിച്ചാൽ ഒരു ബഹളവും അവൾ പിന്നെ ഉണ്ടാക്കിയില്ല. ഞങ്ങൾ എറിഞ്ഞ ഗോലികൾ ഓടിച്ചെന്ന് തട്ടിയും, ഇളകുന്ന ഇലകളിൽ ഉന്നം പിടിച്ച് ചാടി വീണും , മുറ്റത്തെ കാക്കകളെ ഓടിച്ചും , ഇളം വെയിലിൽ മലക്കം മറിഞ്ഞും അവൾ ഞങ്ങളുടെ ദിവസങ്ങളുടെ ഒഴിവാക്കാനാവാത്ത ഭാഗമായി.
ഇച്ചിരി പാല്, ഒരു മീൻ കഷണം , ചോറുണ്ണുമ്പോൾ കുറച്ചകലെ നിലത്ത് അതിന്റെ ഒരു പങ്ക്. ഇത്രയും മതിയായിരുന്നു പൊക്കിക്ക്. ഞാൻ സ്ക്കൂളിൽ പോകുമ്പോൾ ഇട വഴി വരെ എനിക്ക് കൂട്ട് . സ്ക്കൂളിൽ നിന്ന് തിരികെ വരുമ്പോൾ എന്നെയും കാത്ത് വാതിൽക്കൽ .എലിയെ കണ്ടാൽ ഓടിയൊളിക്കും എന്നൊരു കുറവ് മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ...
അവളെയാണു് കാണാതായിരിക്കുന്നത്.
അമ്മയും ഞാനും അകത്തെ തിരച്ചിൽ മതിയാക്കി പറമ്പു മുഴുവൻ തിരയാൻ തുടങ്ങി. "ഇനി കിണറ്റിലെങ്ങാൻ വീണോ?" അച്ഛന്റെ ചിന്ത അങ്ങനെ പോയി. കിണറ്റിലേക്ക് ടോർച്ചടിച്ച് കുറേ നേരം അച്ഛൻ കിണറ്റുകരയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. നേരം ഇരുട്ടിയിരുന്നു. " അതിനെ എന്തോ പിടിച്ചു തിന്നു!" അമ്മ തിരച്ചിൽ മതിയാക്കി. ഞാനുറക്കെ കരയാൻ തുടങ്ങി. അച്ഛൻ അടുത്ത് വന്ന് തലയിൽ തടവിക്കൊണ്ട് പറഞ്ഞു. " ഞാൻ പോക്കർ ഹാജിയോട് വേറൊന്നിനെ തരാൻ പറയാം" എന്റെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി. പുതുതായി വരുന്നതൊന്നും എന്റെ പൊക്കിയാവില്ലല്ലോ ..
അച്ഛന്റെയും അമ്മയുടെയും പിൻ വിളികൾ ധിക്കരിച്ച് ഞാൻ അയൽപ്പക്കങ്ങളിലെല്ലാം പോയി തിരക്കി." വെളുപ്പിൽ കറുത്ത പുള്ളികളുള്ള ഒരു പൂച്ചക്കുട്ടി ഇവിടെ വന്നോ ?" പലയിടത്തും എന്റെ ശബ്ദമിടറിയും , മുറിഞ്ഞും, കരച്ചിലിൽ കുരുങ്ങി യുമിരുന്നു ... എല്ലാരും അനുകമ്പയോടെ എന്നോട് പറഞ്ഞു. " ഇല്ലല്ലോ മോനേ... ഇവിടെ വന്നാൽ പറയാം, കേട്ടോ...'' വട്ടപ്പറമ്പിലെ മറിയുമ്മ മാത്രം മുയലിനെ പോലെ എന്തോ ഒന്ന് സന്ധ്യക്ക് ഓടിപ്പോകുന്നത് കണ്ടു എന്നു് പറഞ്ഞു.
ഒരു ജീപ്പിനുള്ളിൽ കുടുങ്ങി അവൾ ചത്തു പോയെന്നും, കല്ലുവെട്ടാങ്കുഴിയുടെ ഉള്ളറയിലെവിടെയോ കുടുങ്ങി കരഞ്ഞു കരഞ്ഞുകൊണ്ടിരിപ്പുണ്ടെന്നും ആ രാത്രി പലവുരു ഞാൻ സ്വപ്നം കണ്ട് ഞെട്ടി.
പക്ഷെ പിറ്റേന്നാൾ പുലർന്നത് അതി സന്തോഷകരമായ വാർത്തയുമായാണ്. വയലിനടുത്തുള്ള ഒരു വീട്ടിൽ ഇന്നലെ രാത്രി സുന്ദരിയായ ഒരു പൂച്ച യുവതി കേറിച്ചെന്നത്രേ. അവൾ ഒതുക്കത്തോടെയും മെരുക്കത്തോടെയും പെരുമാറുകയാൽ അവരതിനെ അവിടെ പുറത്തെങ്ങും പറഞ്ഞു വിടാതെ കാത്തു വച്ചിരിക്കുകയാണെന്നും ഉടമസ്ഥർ വന്നാൽ തിരിച്ചുനൽകാനും അല്ലാത്ത പക്ഷം അവിടെ വളർത്താനുമാണ് തീരുമാനമെന്നും, തെങ്ങുകയറാൻ വന്ന ബാലേട്ടൻ പറഞ്ഞു.
പൊക്കിയെ കാണാതായ വിവരം ആദ്യ മറിഞ്ഞവരിലൊരാൾ ബാലേട്ടനായിരുന്നു.
ഞാനും അനിയനും ഓടി. അവളതാ ഇരിക്കുന്നു. കുഞ്ഞിപ്പറമ്പ് വീട്ടിലെ അകത്തളത്തിലെ കോണിപ്പടിയിൽ..
വീട്ടിൽ വന്ന് ഇച്ചിരി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അവളുടെ ഇറങ്ങിപ്പോകലിന്റെ രഹസ്യം പിടികിട്ടിയത്. അവൾക്ക് ക്ഷീണം. പരവേശം. വയറിന് തടി കൂടിക്കൂടി വരുന്നു .
പൊക്കി വംശജരായ മാർജാര പരമ്പരയുടെ തുടക്കം. അവൾ പെറ്റത് രണ്ട് കുട്ടികളെ. ആണും പെണ്ണും. ആണിന് പൊക്കൻ എന്നും പെണ്ണിന് പൊക്കി സെക്കന്റ് എന്നും പേര്. വീട്ടിൽ പൂച്ചകൾ പെരുകി വന്നു. എല്ലാം പൊക്കനും പൊക്കിയും. കറുത്തവയെ മാത്രം കരിയൻ എന്നും കരിയാത്തി എന്നും വിളിച്ചു. പലപ്പോഴായി ചാക്കിൽ കെട്ടി, സൈക്കിളിൽ കയറ്റി കുറ്റ്യാടി അങ്ങാടിയിലേക്ക് നാടുകടത്തിയിട്ടും പൊക്കി വംശത്തിന് കുറവുണ്ടായില്ല. പിന്നീടെപ്പോഴോ പൂച്ചകൾ ഞങ്ങളുടെ വീട്ടിൽ നിന്നകന്നു. പക്ഷെ പൊക്കി വംശം പെരുകുക തന്നെയാണ്. ഞങ്ങളുടെ വീടെന്ന ചെറുസങ്കേതം വിട്ട്, കട്ടൻകോട് ദേശമാകെ...
No comments:
Post a Comment