Monday, February 3, 2020

പപ്പു ഡോക്ടർ

വടകരയിൽ, പരിചയമില്ലാത്ത കച്ചവടം നടത്തി പരാജയത്തിന്റെ പടുകുഴിയിലേക്ക് ആലംബമില്ലാതെ ആണ്ടുപോയ  നാളുകൾ തികച്ചും ദുരിതപൂർണ്ണങ്ങളായിരുന്നു; ശാരീരികമായും മാനസികമായും. 

പെട്ടെന്നൊരു ദിവസം എനിക്ക് തലകറക്കം അനുഭവപ്പെടാൻ തുടങ്ങി. നിൽക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ ചുറ്റുമുള്ളതെല്ലാം എനിക്കുചുറ്റും കറങ്ങി. പലപ്പോഴും അടിതെറ്റി. ബസ്സിലിരുന്നായിരുന്നു വായന നടക്കാറ്. വായിക്കുന്നത് പോയിട്ട് പുസ്തകത്തിലേക്ക് നോക്കാൻ പോലും വയ്യ.  ഒന്ന് രണ്ട് പ്രാവശ്യം ഛർദ്ദിക്കുകയും  ചെയ്തു.

ഡോക്ടറെ കാണാൻ കയ്യിൽ കാശില്ല. എന്നാലും ഇത് വച്ചിരിക്കാൻ പറ്റില്ലല്ലോ എന്ന് അച്ഛൻ പെൻഷൻ കിട്ടിയതിൽനിന്ന്  കുറെ രൂപ തന്നു. വടകരയിലെ മികച്ച് മൂന്ന്  ഡോക്ടർമാരെ ഒന്നിനു പിറകെ ഒന്നായി ഞാൻ  പോയിക്കണ്ടു. രക്തപരിശോധന, രക്ത സമ്മർദ്ദ പരിശോധന എല്ലാം കഴിഞ്ഞ്  എൻ്റെ ശരീരത്തിൽ ഒരുപിഴവും കണ്ടെത്താനാവാതെ മൂന്നു വിദഗ്ദ്ധരും കുഴങ്ങി. ഒടുക്കമൊരാൾ തല സ്കാൻ ചെയ്യണമെന്ന് നിർദേശിച്ചു. അച്ഛൻ തന്ന രൂപ അതിനുകൂടി തികയുമായിരുന്നില്ല. 

ആശുപത്രിയിൽ നിന്നിറങ്ങി കറങ്ങുന്ന തലയുമായി ഞാൻ വടകര പുതിയ ബസ്റ്റാന്റിനടുത്തുകൂടെ നടക്കുകയായിരുന്നു. അപ്പോൾ  ഒരു കെട്ടിടത്തിന്റെ ബേസ്‌മെൻറ് എന്ന് തോന്നിക്കുന്ന  മുറിക്കു മുൻപിൽ ഒരു ബോർഡ് കാണുന്നു. 'ഡോ. പി .പി  പത്മനാഭൻ (പപ്പു ഡോക്ടർ)'. ആശ്വാസത്തിന്റെ പാലാഴി തന്നെ ഉള്ളിൽ നുരഞ്ഞു പൊന്തി. ഡോക്ടർ വടകരയുള്ളത് എനിക്കറിയില്ലായിരുന്നു. ഒരുപാട് പേർ  ഡോക്ടറെ കാണാൻ കാത്തിരിപ്പുണ്ട്. ചീട്ടെടുത്തു. നൂറിൽ കുറയാത്ത ഫീസ് മറ്റു ഡോക്ടർ മാർ ഈടാക്കിയിരുന്ന ആകാലത്തും പപ്പുഡോക്ടറിന്റെ ഫീസ് പത്ത് രൂപയായിരുന്നു. 

കുറെ നേരം കാത്തിരുന്ന്  ഉള്ളിൽ കടന്ന എന്നെ വിശദമായിത്തന്നെ  പരിശോധിച്ചു. കണ്ണിലും മൂക്കിലും ചെവിയിലും ടോർച്ചടിച്ചു നോക്കി. എന്നിട്ട് ഒരു കത്തെഴുതാനാരംഭിച്ചു. ഇതെന്ത് എന്നമ്പരന്നിരുന്ന എന്നോട് കത്തെഴുതി തീർത്ത് , ഒരു കവറിലിട്ട് നീട്ടിക്കൊണ്ട് പറഞ്ഞു," ശ്രീനാരായണ സ്കൂളിനടുത് ഒരു ഇ എൻ ടി സ്പെഷ്യലിസ്റ്റണ്ട്. ചെറുപ്പക്കാരനാ... ഓനെ പ്പോയികണ്ട് ഈ കത്ത് കൊടുത്താൽ  ഇയാളുടെ ചെവിയിൽ കട്ടപിടിച്ച കിടക്കുന്ന വാക്സ്  എടുത്തു തരും. വേറൊന്നും വേണ്ട..... " വാക്സ് എടുത്തു. തലകറക്കവും മാറി. ആധുനിക വിദഗ്ദ്ധന്മാരുടെ ആശുപത്രികളിൽ ചെലവാക്കിയ രൂപയെല്ലാം വെറുതെ!!

ഇതായിരുന്നു ഞങ്ങളുടെ പപ്പു ഡോക്ടർ. രോഗം കണ്ടെത്തുന്നതിൽ അത്യപൂർവ സിദ്ധിയുണ്ടായിരുന്ന അനുഗ്രഹീത ഭിഷഗ്വരൻ. മൊകേരിയിലെ മോഹനാ ഫാർമസി ഒരു നാടിന്റെ മുഴുവൻ ആശ്വാസ കേന്ദ്രമായിരുന്നു. അച്ഛന്റെ വിരലിൽ തൂങ്ങി എത്ര തവണ വലിപ്പത്തിൽ ചെറുതും  എന്നാൽ മഹത്വത്തിൽ ബൃഹത്തുമായ ആ സ്ഥാപനത്തിൽ പോയിരിക്കുന്നു..മറ്റെങ്ങും ശമനമില്ലാതെ വയ്യായ്കയും  പേറി എന്നും വലിയൊരാൾക്കൂട്ടം പപ്പുഡോക്ടറെ കാത്തുനിന്നിരുന്നു. 

അത്ഭുതം എന്ന് തോന്നിക്കുന്ന, എന്നാൽ സത്യങ്ങളായ എത്ര കഥകളാണ് പപ്പു ഡോക്ടറെ കുറിച്ചുള്ളത്!! 

അദ്ദേഹം വിടവാങ്ങുമ്പോൾ ഒരു നാടിന്റെ ഹൃദയമാണ് നുറുങ്ങിപ്പോകുന്നത്. 

വൈദ്യശാസ്ത്രം  കച്ചവടമല്ലാതിരുന്ന ഒരുനാളിൽ, ഭാരിച്ച സംഖ്യകളുടെ ടെസ്റ്റുകളിലൂടെയല്ലാതെ ,   നാഡിമിടിപ്പിലൂടെ ആയുസ്സിനെ അളന്നിരുന്ന ഭിഷഗ്വരന്മാരുടെ പരമ്പരയിലെ അവസാനത്തേതെന്ന് പറയാവുന്നയാളും  പടിയിറങ്ങിപ്പോയിരിക്കുന്നു. . 

ചൂഷണം ചെയ്യപ്പെടുമോ എന്ന ഭയത്തോടെയല്ലാതെ സമീപിക്കാനാകുന്ന ആതുരാലയങ്ങൾ അന്യമായിപ്പോയ  ഈ കെട്ടകാലത്ത്, രോഗമുക്തി യുണ്ടാകുമെന്ന ഉറപ്പോടെ ചെല്ലാൻ ഇനി ഞങ്ങൾക്ക് പപ്പുഡോക്ടറില്ല...

No comments:

Post a Comment