പനി യോർമ്മ
വീണ്ടും പനി ദിനങ്ങൾ.
ഇടക്കിടക്കിങ്ങനെ പനിവരാനെന്തേയെന്ന് സഹപ്രവർത്തകരുടെയും നല്ല പാതിയുടേയും സന്ദേഹം. അവർക്ക് പക്ഷെ അറിയില്ല, ഈയിടെയായി, ഓരോ പനിയും എന്നെ ബാല്യത്തിന്റെ പച്ചപ്പിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നെന്ന്.
അന്നത്തെ പനിയുറക്കങ്ങൾ . പുരപ്പുറത്ത് തിമർക്കുന്ന എടവംവും കർക്കടകവും. മൂക്കടഞ്ഞു പോയതിനാൽ വായ തുറന്ന് വച്ച് കാത് പൊത്തി,കണ്ണടച്ച് കമഴ്ന്ന് കിടക്കും. എവിടെ ഉറക്കം വരാൻ! മേലാകെ ചൂട് ചൂഴ്ന്നിരിക്കും . പുക പൊങ്ങുന്നുവോ? ഇച്ചിരി കാത്ക്കൂർപ്പിച്ചാൽ തൊട്ടടുത്ത പൂജാമുറിയിൽഅച്ഛൻ നാമം ജപിക്കുന്നതിന്റെ മന്ത്രസ്ഥായീ സ്വനം. പിന്നെ ഞാൻ കാണുകയായി, പതിഞ്ഞൊഴുകുന്നൊരു കടും പച്ചപ്പുഴ. അതിൽ അരിപ്പൂക്കൾ ഒഴുകിപ്പോകുന്നു. അഭൗമ വർണ്ണങ്ങളിയന്ന അരിപ്പൂക്കൾ. എത്രെയെത്രയോ അരിപ്പൂക്കൾ. ചിലവ ആരോ വാഴയിലയിൽ വച്ചൊഴുക്കിയതാണ്. കൂടുതലും, പുഴയൊഴുക്കോട് ചേർന്നങ്ങനെ താനെ ഒഴുകുന്നവ. ഉറക്കവും ഉണർവും കലർന്ന് വേർപ്പ് മെയ് പൊതിയുമ്പോൾ വരികയായി ടിപ്പുവിന്റെ പട .മുഞ്ഞോറക്കുന്ന് കേറി മറിഞ്ഞ്, കൊറിഞ്ഞൂറു മ്മത്താഴ വയലിലൂടെ കട്ടൻ കോട്കുന്ന് പാഞ്ഞ് കയറി ആയിരമല്ല, പതിനായിരം പടക്കുതിരകൾ . ടിപ്പുവോടൊപ്പം പ്രിത്വിരാജ് ചൗഹാനുമുണ്ട്. വെളുത്ത് തുടുത്ത ചേതക്കെന്ന കുതിരപ്പുറത്ത് .
നനുത്ത വാത്സല്യം തണുപ്പിച്ച കൈത്തലം നെറ്റിയിലമരുമ്പോൾ പട മറയും. അച്ഛൻ. കൈക്ക്, ചന്ദനത്തിരിയുടെ ശുഭ ഗന്ധം. എൻെറ വിറക്കുന്ന ഉടലാകെ വാത്സല്യം പടരുന്നു. "എന്തായീ പനി കുറയാത്തതെന്ന" വേവലാതി. " എഡേ..എഡേ... ചെക്കന് വല്ലാണ്ട് പനിക്കുന്നല്ലോ" എന്നമ്മയോട് . ഓടിപ്പിടച്ചെത്തി എന്നെത്തൊടുന്ന അമ്മക്കൈത്തണുവ്. " അയ്യോ " എന്ന തേങ്ങൽ . എന്റെയുള്ളിൽ അപ്പോഴും ഒഴുകുന്ന അരിപ്പൂക്കൾ .
രാവെളുക്കുവോളം മാറി മാറി എന്നെ തലോടുന്ന സാന്ത്വനത്തിന്റെ ഒപ്പം പരിഭ്രമത്തിന്റെ സ്പർശങ്ങൾ, ശബ്ദങ്ങൾ . പനിപ്പകലുകൾ തുടങ്ങിയിരുന്നത് കഞ്ഞിപിഴിഞ്ഞി സ്തിരിയിട്ട അച്ഛന്റെ പരുക്കൽഖാദിക്കുപ്പായത്തിന്റെ മണമറിഞ്ഞു കൊണ്ടാണ്. തോളത്ത് തളർന്നു് പറ്റിക്കിടക്കുന്ന എന്നെയും പേറി ആശുപത്രിയിലേക്ക്, വേഗം വേഗം നടന്ന് കിതച്ച്, കൈ കഴക്കു മ്പോൾ "മോന് കൊറച്ച് ദൂരം നടക്കാനാവോ" ന്നെന്നെ താഴെ വച്ച്, ഒരടി നടക്കാർ ശ്രമിക്കവെ തളർ തപോവുന്ന എന്നെക്കണ്ട് "അയ്യോ " യെന്ന് കണ്ണ് നനഞ്ഞ്!
ഒരു മദ്ധ്യവേനലവധി ഓർമയിൽ നിന്ന് ഒരിക്കലും മായില്ല. "ഇബന് മഞ്ഞക്കാമല്യാണല്ലോ മാഷേ" ന്ന് പപ്പു ഡോക്ടർ അച്ഛനോട്പറഞ്ഞ മെയ് മാസം . കൊടിയ പനിയുടെ ഛർദ്ദിയുടെ, വിശപ്പില്ലായ്മയുടെ , അലി ഡോക്ടറുടെ ഫലമില്ലാ മരുന്നുകളുടെ മൂന്ന് ദിനരാത്രങ്ങൾക്ക് ശേഷമായിരുന്നു അച്ഛനെന്നെ മൊകേരിയിലെ പപ്പു ഡോക്ടറെന്ന അത്ഭുത ഭിഷഗ്വരന്റെ അടുത്ത് കൊണ്ടു പോയത്. കുഞ്ഞുകുഞ്ഞു പൊതികളിലെ ദുസ്വാദാണ് പപ്പു ഡോക്ടറുടെ രോഗശമനോപാധി. നാലു നേരം. ഓരോ നേരത്തേയും പൊതിയഴിപ്പ് ഛർദ്ദിയായി ഒലിച്ചുപോയി. ഞങ്ങളുടെ ഓല മേഞ്ഞ പഴയ വീട്. തുറക്കുമ്പോൾ വൻ ശബ്ദമുയർത്തുന്ന കനത്ത വാതിൽ പാളികൾ. ഇരുട്ട്. അന്ന്, മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കുകളായിരുന്നല്ലോ ഞങ്ങൾക്കുണ്ടായിരുന്നത്! വരാന്തയിൽ നിന്ന് അകത്തേക്ക് കടന്നാൽ നീണ്ടൊരു മുറി. അതിൽ നിന്ന് തുറക്കുന്ന രണ്ടു ചെറിയ മുറികൾ . ഒന്ന് അച്ഛന്റെ പുജാ മുറി. പിന്നെയൊന്ന് അച്ഛനുമമ്മയും കിടക്കുന്ന മുറി. അതിൽ ഞാൻ വിറച്ചു തളർന്ന് കിടന്നു. കൊടും മഴയുടെ താണ്ഡവം. ഓലയിറയിൽ മഴ, പാറ്റേണുകൾ തീർക്കും. ചതുരം, ത്രികോണം. മഴ കടുക്കുമ്പോൾ പാറ്റേണുകൾ നഷടമാവുന്നു. ചാറ്റൽ മഴയിൽ തുള്ളി തുള്ളിയായി, ഒരോലച്ചീന്തിൽ നിന്ന് മറ്റൊന്നിലേക്ക് മഴനീർത്തുള്ളിക്കിടാങ്ങൾ ചാടിച്ചാടിക്കളിച്ചു. താലോലം പാടുന്ന നനുത്ത മഴ തീർത്തും മൂർത്തമായ ചതുരങ്ങളാണ് സൃഷ്ടിക്കുക. കണ്ണടച്ചു കിടന്നാലോ, തെറ്റാത്ത താളം . ദ്രുതമായ്, പിന്നെ മൃദുവായ്...
ഒടുക്കമൊടുക്കം ഛർദ്ദിനിന്നു. പനി കുറഞ്ഞു. എന്നിട്ടും ഉപ്പില്ലാത്ത കഞ്ഞി. ഉപ്പിടാതെ വേവിച്ച തക്കാളിക്കറി. ഉമ്മറക്കോലായിൽ നിന്ന് അകത്തേക്ക് കയറിയെത്തുന്ന നീണ്ട മുറിയുടെ ഇടതു വശത്തായിരുന്നു ഇരുട്ട് പൊരുന്നയിരിക്കുന്ന അടുക്കള . കരിഞ്ഞ ഓലയുടെ തീ മണം അവിടെ എപ്പോഴും തങ്ങി നിന്നു. അമ്മക്കും ആ മണമായിരുന്നു . അടുക്കളയിൽ നിന്ന് കിഴക്കോട്ട് തുറക്കുന്ന കുടുസു വാതിലിലൂടെപുറത്തിറങ്ങിയാൽ, ചാണകം മെഴുകി കറുപ്പിച്ച വലിയ വരാന്ത. അവിടെ ചമ്രം പടിഞ്ഞിരുന്നാണ് ഞാനും അനിയനും പിന്നെ ഒരു പാട് കൂട്ടുകാരും ഭക്ഷണം കഴിച്ചിരുന്നത്. അച്ഛൻ സ്ക്കൂളിലേക്ക് പോയ് കഴിഞ്ഞാൽ അമ്മയുടെ കൂട്ടുകാരികൾ വരും. എല്ലാർക്കും കുടിക്കാൻ വേണ്ടി അമ്മ, എന്നും വലിയൊരു പാത്രത്തിൽ നല്ല ചായയുണ്ടാക്കി വെക്കും. അവരുടെ സംഭാഷണം . പയ്യാരം . പരദൂഷണം എല്ലാം ഈ വരാന്തയിൽ തന്നെ. ചാറ്റൽ മഴയിലൂടെ, അരിച്ചെത്തുന്നവ. പനിയുടെ അർദ്ധ ബോധം ഇവയെല്ലാം കഥകളും മങ്ങിയ മഞ്ഞച്ചായം ചേർന്ന കിനാക്കളുമായി എന്നിൽ അലിയിച്ചു...
കൗമാരാരംഭത്തിൽ, പനിയുടെ നിറം സ്വർണ്ണമായി. അരിപ്പുകൾ അപ്രത്യക്ഷരായി. പകരം മിന്നി മായുന്ന വർണ്ണക്കാഴ്ച്ചകൾക്കായി സ്ഥാനം. സ്ക്കൂളിലെ, അയൽപ്പക്കങ്ങളിലെ സുന്ദരിപ്പെൺകൊടികളുടെ നീൾമിഴിയിണകൾ . മിന്നലിളക്കം പോലെ മേനിയിളക്കം. കൗമാരം കടുത്ത്, യൗവനം തിങ്ങി യപ്പോഴേക്കും, പനി ദിനങ്ങൾ വിരളമായി. പിന്നീടോർമ്മയുള്ള പനി രാപ്പലുകൾ കരിയിലകളിലെ, പൂഴി പ്പരപ്പിലെകാൽ പെരുമാറ്റങ്ങളാൽ നിറഞ്ഞു. ഞാനും കൂട്ടുകാരനും Anwer Paleri നടനുതീർത്ത കാട്ടു പാതകൾ. കുറ്റ്യാടിപ്പുഴയുടെ മണൽപരപ്പ്. പനിമൂർച്ഛയിലെല്ലാം ഞാനവനോട് ഓ.വി.വിജയന്റെ നോവലുകളെക്കുറിച്ച് പറഞ്ഞു. രവിയെ കടിച്ചമൂർഖ നിപ്പോൾ ജാനകിക്കാട്ടിലെ പുല്ലാഞ്ഞി ചെടികൾക്കിടയിൽ പതിയിരിപ്പുണ്ടെന്ന് പറഞ്ഞു. അവൻ ദേശാന്തര യാത്ര തുടങ്ങിയ കാലത്തെങ്ങോ, ഇനിയൊരിക്കലും വിമാനമിറങ്ങാനിടയില്ലാത്ത, കുറ്റിച്ചെടികൾ നിറഞ്ഞ റൺവേയുള്ള പൊളിഞ്ഞ വിമാനത്താവളത്തിന്റെ വാഷ് റൂമിൽ ഞാൻ പാതി പൊട്ടിയ കണ്ണാടിയിലേക്ക് പകച്ച് നോക്കുന്നത് ദീർഘനേരം കണ്ടിരുന്നു.
അഴിയൂരിലെ വേനലിൽ ച്ചുട്ട ഇടവഴിയിൽ ചെമ്പകപ്പൂക്കൾ വീണു കിടന്നിടത്ത് ചേരകൾ ഇണചേരുന്നതും പനിക്കാഴ്ചയായിരുന്നു . അന്നേരമെല്ലാം കൊടിയ ഏകാന്തതയിലാണ് ഞാൻ ആണ്ടു പോയത്.
പ്രായമേറിയപ്പോൾ ചുട്ടുപൊള്ളുന്ന മസ്തിഷ്കം സ്ഥായിയായി. പനിക്കിടക്കയിൽ, ടാലിയാവാത്ത ബാലൻ ഷീറ്റുകളും വിറ്റുതീരാത്ത സെപയർപാർട്ട് സുകളും മുതുകു തകർക്കുന്ന ടാർഗറ്റുകളും അട്ടകളെപോലെ അള്ളിപ്പിടിച്ചു. അറപ്പ്.. പനിവരല്ലേയെന്ന് പ്രാർത്ഥന. പനി വന്നെന്ന് അധികാരമാളുനോരെ ബോധ്യപ്പെടുത്തി അവധി നേടാനുള്ള ബുദ്ധിമുട്ട്.
പക്ഷെ ഈയിടെയായെന്തോ .. പനി വരാൻ ഞാൻ കാത്തിരിക്കുന്നു. ഞങ്ങളുടെ പഴയ വീട്ടിലെ ഇരുളുറങ്ങുന്ന തെക്കിനി ഞാനോർക്കുന്നു. ഉഷ്ണക്കൊടുമുടികളിലെ പ്പൊഴോ മന്ദമൊഴുകുന്ന പച്ചപ്പുഴയിൽ അരിപ്പൂക്കൾ നീങ്ങി നീങ്ങിപ്പോകുന്നത് കാണുന്നു. ചന്ദനത്തിരിയുടെ ശുഭഗന്ധം പരക്കുന്നു. ഒരു നനുത്ത കരമെന്റെ മുടിയിൽ തലോടി മെല്ലെപറയുന്നു. "ഈ മഴ പെയ്ത് തോരുമ്പോഴേക്ക് മോന്റെ പനിയെല്ലാം പോകും കേട്ടോ !"
No comments:
Post a Comment