രണ്ടാഴ്ചയായി. മഹാ ശല്യം. വയറിന് ഭയങ്കര സ്തംഭനം. ഭയങ്കരം എന്നത് ശരിക്കും അതിന്റെ അർത്ഥമറിഞ്ഞ് ഉപയോഗിച്ചതാണ്. അല്ലാതെ, ഭയങ്കര സന്തോഷം, ഭയങ്കര ചിരി, ഭയങ്കര സുന്ദരി എന്നത് പോലെ അല്ല. ആരെങ്കിലും ഇതൊക്കെ പരസ്യമാക്കുമോ എന്നല്ലേ താങ്കളുടെ ചുണ്ടു കോട്ടിയ പുച്ഛചേഷ്ടയുടെ അർത്ഥം? ഞാനും താങ്കളുടെ അഭിപ്രായക്കാരനാണ്. ഒരു കാരണവശാലും ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രസിദ്ധപ്പെടുത്തരുത്. ഒരു സുപ്രഭാതത്തിൽ, പ്രസ്തുതൻ സിദ്ധി കൂടി എന്നേ സാമാന്യ ജനം അറിയാവൂ. അപ്പോൾ ജനം ആരായണം.
" ഓനെന്തേ നൂ? " അന്നേരം തോന്നിയ തെന്തും പറയാം. അപ്പറയുന്നതിനെ അരുമയായി മടിയിലിരുത്തി തേനിലും വയമ്പിലും പൊന്നുരച്ച് നാവിൽ തേച്ച് "കോതക്ക് പാട്ട് " എന്ന് നാമകരണവുമാവാം.
ഞാനും താങ്കളുടെ മതക്കാരനാണ്. ഉദര സ്തംഭനവും മറ്റും പ്രസിദ്ധം ചെയ്യാൻ പാടില്ലെന്നും, അർബുദം (പലവക) ഹൃദയാഘാതം, പക്ഷാഘാതം, മസ്തിഷക്കാഘാതം മുതലായവ മാത്രമേ വെളിച്ചം കാണിക്കാവൂ എന്നും ഞാനും ഒറച്ച് വിശ്വസിക്കുന്നു. പ്രത്യയ്ച്ചും അർബുദം. അവന് കേരളത്തിൽ ഒരു ആസ്ഥാന ഭിഷഗ്വരനും ആഗോളതലത്തിൽ രോഗം വന്നിറ്റും ചാകാണ്ട് പിടിച്ച് നിന്നോർ എന്ന അസ്സല് കടത്തനാടൻ കളരി സംഘം വക സംഘടനയുമുണ്ട്.
പക്ഷെ, പറയട്ടെ, എന്റെ അസ്ക്യത താങ്കൾ വിചാരിക്കും പോലെ ഒന്നല്ല. ഇത് ബയര് നറച്ചും കോയി ബിരിയാണി മാങ്ങി ബെയ്ച്ചിട്ടുണ്ടായതല്ല. അങ്ങനെ ഉണ്ടാകാറുണ്ടായിരുന്നു. പണ്ട് കുറ്റ്യാടിയിലായിരുന്നപ്പോൾ. രണ്ടു പെരുന്നാളുകൾ, ചെറുതും വലുതും. രാവിലെ അൻവറിന്റെ വീട്ടിലെ കോഴി ബിരിയാണിയിൽ തുടങ്ങി, അഫ്സലിന്റെ വീട്ടിലെ ചെമ്മീൻ ബിരിയാണിൽ അഭിരമിച്ച്, കട്ടൻ കോട് പ്രദേശത്തെ സകല വീടുകളിലേയും കോഴി, ആട്, കുട്ടൻ ബിരിയാണികളിൽ അർമാദിച്ച്, ഓടുക്കം അമ്മയെ സങ്കടപ്പെടുത്താണ്ടിരിക്കാൻ, വീട്ടിലെ തണുത്ത രാത്രിച്ചോറിൽ അവസാനിച്ച ബലിപെരുന്നാളും ചെറിയ പെരുന്നാളും. പെരുന്നാൾ പിറ്റേന്നുകൾ കക്കൂസിൽ തുടങ്ങി കക്കൂസിൽ ഒടുങ്ങിയവയായിരുന്നു ഇവന് . സ്വാദിന്റെ നവരസങ്ങൾ, നവമോ? അല്ല, സഹസ്ര രസങ്ങൾ അനുഭവിച്ചതിന് ഞാൻ സന്തോഷത്തോടെ കൊടുത്ത വില!
ഇന്നു ഞാൻ പക്ഷെ അതൊക്കെ നഷ്ടപ്പെട്ടവനാണല്ലോ! ബനിന്ന് കൊച്ചി രാജാവിന്റെ പ്രജയാണല്ലോ! പ്രമേഹത്തെ പേടിച്ച് ചെടികൾ മാത്രം ഭക്ഷിക്കുന്ന പേടിത്തൊണ്ട ശിരോമണിയാണല്ലോ !! ( ഒരു ആട് ബിരിയാണി കിട്ടിയിരുന്നെങ്കിൽ !! തലശ്ശേരി പാരീസ് ഹോട്ടലിന്നാണെങ്കിൽ ബഹോത് ഖുഷ് ഹോഗാ ...)
കഴിഞ്ഞതിനു മുമ്പത്തെ ആഴ്ചയാണ് തുടങ്ങിയത്. ഏതു നേരവും വയർ വീർത്തിരിക്കുന്നു. ചില നേരങ്ങളിൽ കുപ്പായത്തിന്റെ കുടുക്കിടാൻ ബലപ്രയോഗം ആവശ്യമായി വരുന്നു. പല തവണ ബാത് റൂമിൽ പോയാലും 'ഒന്നും സംഭവിക്കുന്നില്ല'. വയറെപ്പോഴും നിറഞ്ഞിരിക്കുന്നു. പ്രാതൽ കഴിക്കാതെ, പ്രിയതമ പ്രിയത്തോടെ ചമച്ച് പാക്ക് ചെയ്ത് തന്നു വിടുന്ന ഉച്ചഭക്ഷണം കഴിക്കാതെ വിശന്ന് നടന്നു നോക്കി. രക്ഷയില്ല. രാവിലെ ചെറുപയർ മുളപ്പിച്ചതിൽ തേങ്ങാ ചിരകിയിട്ടത് , ഉച്ചക്ക് ഗ്രീൻ സലാഡ് , രാത്രി ചെറുപഴം എന്ന രീതിയിൽ ആഹാര ക്രമീകരണം നടത്തി നോക്കി. രക്ഷയില്ല. വായു ക്ഷോഭം തഥൈവ. വയർ വീർത്തു വരിക തന്നെ.
എറണാകുളം പബ്ലിക് ലൈബ്രറി അഭയ കേന്ദ്രമാണ്. മനോഹരമായി നടത്തപ്പെടുന്ന ഗ്രന്ഥാലയം. ഗ്രന്ഥാലയങ്ങൾക്ക് ഉത്തമമാതൃക. വായിക്കണമെന്ന് ഇവനാഗ്രഹിച്ച ഒരു പുസ്തകവും ഇന്നാൾ വരെ കിട്ടാതെ പോയിട്ടില്ല. വായിച്ചിട്ടും വായിച്ചിട്ടും തീരാത്ത രണ്ടു പുസ്തകങ്ങൾ ഒരു വിധം ഒതുക്കിക്കെട്ടി, ഡ്യൂ ഡേറ്റ് കഴിഞ്ഞ്, രണ്ടാഴ്ചയും കഴിഞ്ഞ് തിരികെ കൊടുക്കാൻ ഞാൻ ലൈബ്രറിയിൽ ചെന്നു. ബുക്ക് ഡ്രോപ് സ്റ്റേഷനിൽ പുസ്തകം നിക്ഷേപിച്ച് യന്ത്ര രശീതി കൈപ്പറ്റി, ഫൈൻ സംഖ്യ അടച്ച്, പുസ്തകം തിരയാൻ റാക്കുകളിലേക്ക് ഞാൻ നടക്കുകയായിരുന്നു. എന്റെ പെരുമാളേ, ഞാനനുഭവിച്ച ദീനം !! പറയാൻ വാക്കുകളില്ല. ബലൂണിൽ കാറ്റൂതും പോലെ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും വയറങ്ങ് വീർക്കാൻ തുടങ്ങി. അസഹ്യമായ വേദന. വയറ് വീർത്ത് വീർത്ത് ഇപ്പ പ്പൊട്ടുമെന്ന പരുവം. കുപ്പായം വലിഞ്ഞ് മുറുകുന്നു. വൈറ്റില ജംഗ്ഷനിൽ പെട്ടു പോയ സ്കാനിയ ബസ്സുപോലെ തിരിയാനും മറിയാനുമാകാതെ എന്തോ ഒന്ന് വയറ്റിൽ വിലങ്ങനെ. നോവലുകളുടെ റാക്കിൽ ഭക്ത്യാദരത്തോടെ പരതി നിന്ന വിരലുകൾ മരവിച്ചു പോയി. ഓക്കാനം. ഛർദിക്കാൻ തോന്നൽ. തല കറങ്ങുന്നുണ്ടോ? ഞാൻ ഓടി താഴേ നിലയിലേക്കിറങ്ങി. കാലുകൾ വഴുതി മാറുന്നു. മാസികയും പത്രങ്ങളും നിരത്തി വച്ച , നിശബ്ദമായ വായനാമുറിയിലേക്ക് ഞാനോടിക്കയറി. നിശബ്ദം അക്ഷര പൂജ ചെയ്യുന്നവർ ഷുവിന്റെ കട കടാ ശബ്ദത്തിൽ പിടഞ്ഞുണർന്ന്, തുറിച്ചു നോക്കി. ഇബനാരെടാ ? ഒരു ഡസ്കിന്റെ ആശ്വാസത്താൽ തല ചായ്ച് കുറേ നേരം കിടന്നു. ആരൊക്കെയോ നോക്കുന്നുണ്ടാവാം. നോക്കട്ടെ. ഐ ഡോണ്ട് കെയർ. വയറിലെ കാറ്റൊഴിയുന്നില്ല. അമരുന്നില്ല, അസ്വാസ്ഥ്യം. യുഗങ്ങൾ, ഡെസ്കിലമർന്നു കിടന്നെന്ന് തോന്നി. വിയർപ്പ് ഒലിച്ചിറങ്ങുന്നു. മേലെ തകർത്തു കറങ്ങുന്ന ഫാൻ അൽപ്പം പോലും ആശ്വാസ മണയ്ക്കുന്നില്ല. ഈകാറ്റൊന്നൊഴിഞ്ഞു പോയെങ്കിൽ! അൽപ്പം വായു നേർക്കുനേർ ശ്വസിക്കാൻ കഴിഞ്ഞെങ്കിൽ!
ഫോണടിക്കുന്നു. തെഴിലിടത്തിൽനിന്നാണ്. പോകേണ്ടതുണ്ട്! പലതുമവിടെ ബോധിപ്പിക്കേണ്ടതുണ്ട്. മെല്ലെ എണീറ്റു. കാലുകൾ നിലത്തുറക്കുന്നില്ല. ബലഹീനത.
ലൈബ്രറിയുടെ സെക്യൂരിറ്റി രവിയേട്ടൻ എന്നുമുള്ള കുലീനമായ ചിരിയോടെ ചോദിച്ചു. "പുസ്തകമൊന്നു മെടുത്തില്ലേ സാറേ?" ഇല്ലെന്ന് ആംഗ്യം കാട്ടി. മുഖം കണ്ടിട്ടാവണം; അയാൾ തിരക്കി. " എന്തു പറ്റി സാറേ? സുഖമില്ലേ?" ഒന്നുമിയെന്ന് പറഞ്ഞ് ബാഗ് വാങ്ങി താഴേക്കിറങ്ങി ഓടിയ എന്നെ അയാൾ തെറ്റിദ്ധാരണയോടെ നോക്കിയിരിക്കണം!
താഴെയിറങ്ങി പാർക്ക് ചെയ്ത ബൈക്കിൽ കാലെടുത്ത് വച്ചതും, ശൂ ..... ബലൂൺ ശൂന്യമായി. ആശ്വാസം... ആശ്വാസം.
ഈ സ്വൈര്യക്കേട് വന്നും പോയുമിരുന്നു. ഒരുനാൾ പ്രസ്‌ക്ലബ് റോഡിലെ ബ്ലോസം ബുക്സിൽ നിൽക്കുമ്പോളായിരുന്നു അറ്റാക്ക്.. നാഷണൽ ബുക്സ്റ്റാളിൽ വച്ചുമുണ്ടായി ഇതേ അവസ്ഥ. കുമാരേട്ടന്റെ തക്ഷൻ കുന്ന് സ്വരൂപം എലൂർ ലൈബ്രറിയിൽ നിന്നെടുത്താണ് വായിച്ചത്. അതിന്റെ ഒരു കോപ്പി വാങ്ങാൻ വേണ്ടിയാണ് സഹകരണ സംഘത്തിന്റെ മെറൈൻ ഡ്രൈവിലെ കടയിൽ പോയത്. അകത്ത് കടന്നപ്പൊഴേ അസ്വസ്ഥത തുടങ്ങി. സ്വതേ വീർത്ത വയറിൽ കാറ്റ് വിങ്ങാൻ തുടങ്ങി. പുസ്തകശാലയിൽ നിന്ന് ഇറങ്ങി ഓടി ..ടാജിനടുത്തെത്തിയപ്പോഴേക്കും... ശൂ.. കാറ്റൊഴിഞ്ഞു. സുഖം. ആശ്വാസം .
പെട്ടെന്ന് വെളിപാട് മിന്നി. ഇതിന് പുസ്തകവുമായി എന്തോ ബന്ധമുണ്ട്. പുസ്തക ശാലകൾ ലൈബ്രറി എന്നിവിടങ്ങളിലാണീ പൊല്ലാപ്പിന്റെ ആയം കൂടുന്നത്. പുസ്തകങ്ങൾ തൊടുമ്പോഴാണ് ഉദരഭാരം കൂടുന്നത്. ശ്വാസം മുട്ടുന്നത്. പരീക്ഷിക്കുക തന്നെ. നേരെ കുര്യൻ ടവറിലുള്ള ഡി സി ബുക്സിലേക്ക് നടന്നു. നടത്തം വയറിന്റെ ഘനം കുറച്ചാലോ? ഒന്നര കിലോമീറ്റർ താണ്ടാൻ ഓട്ടോ പിടിക്കാമെന്ന മനസ്സിന്റെ നിർദ്ദേശം മുളയിലേ നുള്ളി. പ്രളയമൊടുങ്ങിപ്പൊങ്ങിയ അഗ്നിവേനലിൽ നടന്നു നടന്ന് കിതപ്പോടെ ഡിസിയിൽ കയറിയപ്പോൾ ഗിരീഷ് ചിരിച്ചാരാഞ്ഞു. "എന്താ സാറേ, വേർത്ത് കുളിച്ചല്ലോ ..."
"ഭയങ്കര വെയിലാ ഗിരീശേ" അവൻ ക്ലിപ്പിട്ട പല്ല് കാട്ടി നിഷ്കളങ്കച്ചിരി വീണ്ടും ചിരിച്ചു.
"സാറിപ്പോ ഇങ്ങോട് വരാറേയില്ല" ... പരിഭവം.
"നീ വി.ഐ.പി. സ്കീമൊക്കെ പിൻവലിച്ച് കളഞ്ഞില്ലേ? പിന്നെന്തിന് വരണം?"
"ഞാനോ സാറേ? കമ്പനിയല്ലേ?"
ഞാനവന്റെ വിഷാദം തകർക്കാൻ അറിഞ്ഞു ചിരിച്ച്, പുസ്തക സമൃദ്ധിക്കുള്ളിലൂടെ, ഒന്നും വാങ്ങാനുദ്ദേശ മില്ലാതെ വയറിന്റെ പ്രതികരണമറിഞ്ഞു കൊണ്ട് മെല്ലെ നടന്നു. ഒന്നും സംഭവിക്കുന്നില്ല. വയറിനുള്ളിൽ കാറ്റ് നിറയുന്നില്ല. വെറുതെ തോന്നിയതാവും. ഇതും പുസ്തകവും തമ്മിൽ ബന്ധമൊന്നുമില്ല. " ചെപ്പും പന്തും " ദേവദാസിന്റെ പുസ്തകം. ത്രസിപ്പിച്ച, "പന്നിവേട്ട " യുടെ കർത്താവ്. ആവേശത്തോടെ പുസ്തകം കയ്യിലെടുത്തു. പെട്ടെന്ന് ബലൂണിൽ കാറ്റ് നിറയാൻ തുടങ്ങി. കൊടിയ വേദന. പുസ്തകം റാക്കാ ലേക്ക് വച്ച് വീണ്ടും പിൻ വാങ്ങൽ. ഇറങ്ങിയോട്ടം. ഒട്ടു നടന്ന്,മലബാർ ബിരിയാണിയുടെ മുന്നിലെത്തിയപ്പോഴേക്കും വീണ്ടും പരിചിതമായ ശൂശബ്ദം... ആശ്വാസം . ഒന്നും മനസ്സിലാവുന്നില്ല. ഒന്നും വായിക്കരുതെന്നാണോ ശരീരം പറയുന്നത്?
വൈകീട്ട് വീട്ടിലെത്തി ഉണ്ടായതെല്ലാം ലതയോട് പറഞ്ഞു. കുറച്ച് നാളുകളായി എന്റെ വീർത്തവയർ അവൾക്കും പ്രശ്നമായിരുന്നല്ലോ!
ഒരു ദീർഘനിശ്വാസത്തിനൊടുക്കം അവൾ പറഞ്ഞു. "ഇനി, ഉള്ള പൈശതീർത്തും ബുക്സ്റ്റാളിൽ കൊണ്ട കൊടുക്കൂ ലാലോ !!"
ഡ്രോയിംഗ് റൂമിലെ മൂലയിൽ കൂട്ടിയിട്ട നിരവധി പുസ്തകങ്ങൾ. ത്രിപ്പുണിത്തുറ മഹാത്മയിൽ നിന്നെടുത്ത ഇസഡോറ ഡങ്കന്റെ മൈ ലൈഫിന്റെ മലയാള പരിഭാഷ. വായിക്കാം വായിക്കാമെന്ന് നീട്ടി നീട്ടി രണ്ടാഴ്ചയായി. തുടങ്ങുക തന്നെ എന്നോർത്ത് കൈ നീട്ടി എടുത്തതും ബലൂൺ വീർക്കൽ... എന്റീശ്വരാ ഇതെന്തൊരു ദുരന്തമാണെന്ന് പുസ്തകം തിരികെ വച്ച് ബാത്റൂമിൽ കേറി. ഇതിങ്ങനെ വിട്ടാൽ ശരിയാവുന്നതെങ്ങനെ? ബാത്റൂമിൽ നിന്നിറങ്ങി, കടപ്പുമുറിക്കകത്ത് പുസ്തകങ്ങൾ വച്ച വലിയ പച്ച അലമാര തുറന്നു. രണ്ടായിരത്തിൽ പരം പുസ്തകങ്ങൾ, പലപ്പോഴായി വാങ്ങിയവ, അലങ്കോലമായി കിടക്കുന്നു. അലമാര തുറന്നതും അത്ഭുതം സംഭവിച്ചു. ശൂ... ശൂ... വയറിന്റെ ഭാരം കുറയാൻ തുടങ്ങി. പണ്ടെങ്ങോ വാങ്ങിയ train to pakistan കയ്യിലെടുത്ത് വെറുതെ കണ്ണോടിച്ചു. ഹാവൂ എന്തൊരാശ്വാസം... വയർ മൃഗീയമായി വിങ്ങിച്ച വായു ഇതാ, ഒഴിഞ്ഞൊഴിഞ്ഞു പോകുന്നു. എനിക്ക് വിശക്കുന്നു. ദാഹിക്കുന്നു
ഞാനെന്റെ പുസ്തകങ്ങളെ കണ്ടു. ഒരടുക്കും ചിട്ടയുമില്ലാതെ ചിതറി കിടക്കുന്നു. മലയാളം നോവലും, ഇംഗ്ലീഷ് നോവലും , ഓഷോയും രമണനും, അരവിന്ദനും, കൃഷ്ണമൂർത്തിയും , ഡെയറും, ദീപക് ചോപ്രയും, തകഴിയും, മുകുന്ദനും, ഗോവിന്ദനും, വി.ടിയും, ഒ വി.വിജയനും, മുകുന്ദനും, ശ്രീരാമകൃഷ്ണനും, നാരായണ ഗുരുവും, എക് ഹാർട്ട് കോളേയും, തിക് നാട് ഹാന്നും , പ്രാൻസിസ് ഇട്ടിക്കോരയും , ആടുജീവിതവും ....ഒക്കെ കലങ്ങി മറിഞ്ഞ്. ഇതെല്ലാമൊന്നു് അടുക്കി വെക്കണമെന്നോർത്തതേയുള്ളൂ... ജീവിതത്തിൽ ഇന്നേ വരെ ഉണ്ടാകാത്തത്രയും ദീർഘമായ ഒരേമ്പക്കത്തിൽ എന്റെ അസ്വാസ്ഥ്യങ്ങൾ പൂർണ്ണമായൊഴിഞ്ഞു.
മാറിയിരുന്ന് ഞാനിത് കുറിക്കുമ്പോൾ ഹരിയും അന്നയും ഞാനിന്ന് രാവിലെ വാരി പുറത്തിട്ട പുസ്തകങ്ങൾ ഇനം തിരിച്ച് അടുക്കി വെക്കുകയാണ്. ഞാനും അവർക്കൊപ്പം കൂടട്ടെ. (ഇത്ര നേരം അവർക്കൊപ്പമായിയിരുന്നു ) ... ഈ പുസ്തകങ്ങൾ വായിച്ചു കഴിയും വരെ ലൈബ്രറിയുടെ , പുസ്തക വില്ലന കേന്ദ്രങ്ങളുടെ പടി കടക്കുകയില്ല എന്ന പ്രതിജ്ഞയോടെ ...
No comments:
Post a Comment