ഇവറ്റകളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പരിപൂർണ്ണ ബോധ്യമായി.
പലരും പറഞ്ഞതാണ്. വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഇവറ്റകൾ പണി തരുമെന്നു്. ഒരു വർഷം മുഴുവൻ കഷ്ടപ്പെട്ടെടുത്ത മനോഹരഫോട്ടോകൾ, പിന്നീട് വികസിപ്പിക്കാമെന്ന് കരുതി സേവ് ചെയ്ത് വച്ച നൂറിൽ പരം കുറിപ്പുകൾ, പലപേജുകൾ പുരോഗമിച്ച പത്തോളം ചെറുകഥകൾ, വിശ്വോത്തര പെയിന്റിങ്ങുകളായി പരിണമിക്കുമായിരുന്ന സെകച്ചുകൾ!! എല്ലാം പോയി.... ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക് ഒരു മുന്നറിയിപ്പുമില്ലാതെ ചത്തു. സങ്കടം സഹിക്കാഞ്ഞാണോ എന്നറിയില്ല, സ്മാർട്ട് ഫോൺ സ്വമേധയാ റിസെറ്റായി, സേവ് ചെയ്ത് വച്ചിരുന്ന ഡാറ്റയെല്ലാം നശിപ്പിച്ചു.
മരണം ആർക്കായാലുമുണ്ട് . പക്ഷെ യന്ത്രങ്ങൾ ജീവികളെ പോലെയല്ലല്ലോ. അവറ്റകൾക്ക് മരണകാര്യത്തിൽ ഇത്തിരി വകതിരിവ് സാധാരണ ഉണ്ടാകാറുള്ളതാണ്. പ്രവർത്തനം മന്ദീഭവിച്ച്, കമ്പ്യൂട്ടറാണെങ്കിൽ ഇടക്ക് ബൂട്ടാവാൻ ഇത്തിരി അമാന്തിച്ച്, അങ്ങനെ അങ്ങനെ.. ഈ മുന്നറിയിപ്പുകൾ വരുമ്പോഴറിയാം; ഡാറ്റ കോപ്പി ചെയ്ത് എക് സ്റ്റേണൽ ഹാർഡ് ഡ്രൈവിലേക്ക് മാറ്റാൻ സമയമായിരിക്കുന്നു! പക്ഷെ എന്റെ ഒരു വർഷം പോലും പഴക്കമില്ലാത്ത ലാപ്ടോപ്പ് അത്തരം മര്യാദകളൊന്നും കാണിച്ചില്ല. യൂറ്റ്യൂബിൽ സിനിമ കണ്ടോണ്ടിരിക്കെ പെട്ടെന്ന് സ്ക്രീനങ്ങ് ബ്ലാങ്കായി. ശുദ്ധ ശൂന്യത. ഇരുട്ട്. തുടർന്ന് ഒരു സന്ദേശം ദു:ഖ മുഖത്തോടെ പ്രത്യക്ഷീഭൂതമായി. “Your PC is not responding” ന്ന്. അതു കഴിഞ്ഞും എന്തൊക്കെയോ വിഭ്രാന്ത സന്ദേശങ്ങൾ. ഒടുക്കം കറുപ്പിൽ വെളുപ്പുകൊണ്ട്, ഇപ്പറഞ്ഞ സാധനത്തിന്റെ ഡ്രൈവ് റിപ്ലേസ് ചെയ്ത് കളഞ്ഞള, എന്നെഴുതി കാണിച്ചു. ഞാൻ വിചാരിച്ചു. വെറ്തെ.. ഒരു കാര്യവുമില്ലാണ്ട് കമ്പ്യൂട്ടർ ചത്തുപോകില്ല. ചാകാൻ പാടില്ല. വാങ്ങീട്ട് ഒരു കൊല്ലമാകുന്നതേയുള്ളൂ. എന്തു പോയാലും എന്റെ ഫോട്ടോകൾ !! ഞാൻ രണ്ടും കൽപ്പിച്ച് ബട്ടൻ ഞെക്കി. ഒരപാട് നേരം അതുമിതുമൊക്കെ എഴുതിക്കാണിച്ച് വീണ്ടും, ഇപ്പറഞ്ഞ സാധനത്തിന്റെ ഡ്രൈവ് റിപ്ലേസ് ചെയ്ത് കളഞ്ഞള എന്ന സ്റ്റാന്റിൽ വന്നു നിന്ന്, കമ്പ്യൂട്ടർ നിർമമായി വിലസി. ഞാൻ ഭയം കൊണ്ടും സങ്കടം കൊണ്ടും വിവശനായി, അർജ്ജുനൻ തേർത്തടത്തിൽ കാട്ടിക്കൂട്ടിയ സകല പൊട്ടത്തരങ്ങളും പ്രകാശിപ്പിച്ചു. (Ref Bhagavad Gita 1:28 and 29) തലമുടി പിടിച്ചു വലിച്ചു. നെഞ്ചിൽ പേർത്തും പേർത്തും പ്രഹരിച്ചു. നല്ല പാതിയേയും പിള്ളാരേയും കണക്കറ്റ് ശകാരിച്ചു. അതു കൊണ്ടരിശം തീരാഞ്ഞയീനായർ , ഫ്ലാറ്റിന് ചുറ്റും മണ്ടി നടന്നു.
പിന്നീട് സമനില വീണ്ടു കിട്ടിയപ്പോൾ ലാപ്പ്ടോപ്പനെ പൊതിഞ്ഞു കെട്ടി, ബില്ല് തപ്പിയെടുത്ത് , സർവീസ് സെൻററിൽ കൊണ്ടു പോകാൻ റെഡിയാക്കി. ആ സർവശക്ത, സർവജ്ഞർക്ക് ഇവനെ തീർച്ചയായും പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നുറച്ച് വിശ്വസിച്ച് ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് അവിടെ ചെന്നപ്പോഴാവട്ടെ കശ്മലൻമാർ തീർത്തു പറഞ്ഞു കളഞ്ഞു. "ഹാർഡ് ഡിസ്ക്ക് പോയി സാറേ ...മാറ്റണം . സാറിന്റെമെഷിന് വാറണ്ടി യുള്ളതിനാൽ കാശൊ ന്നും തരണ്ട.“ കശ്മല വീരൻ മാർ... അവരുണ്ടോ അറിയുന്നു! എന്റെ പതിനായിരക്കണക്കായ പ്രിയ ഫോട്ടോകളാണ് ഈ ഹാർഡ് ഡിസ്ക്കോടൊപ്പം മണ്ണടിയുന്നതെന്ന് !! ഒരു ഫോൾഡർ പോലും തിരികെക്കൊണ്ടുവരാനാവില്ലേയെന്ന എന്റെ കെഞ്ചലിനെ അവൻ ചുണ്ടിന്റെ വശം കോട്ടി, പുച്ഛിച്ചു തള്ളി. സിസ്റ്റം, ഡിസ്ക്ക് ഐഡന്റി ഫൈ ചെയ്യുന്നില്ല സാറേ!! കരഞ്ഞു പോയി ഞാൻ.. അപ്പൊഴാണ് പാന്റിന്റെ പോക്കറ്റിൽ ഒരു പിടച്ചിൽ. ക്രൂം ... ക്രൂം .. മൊബൈൽ. എടുത്ത് സ്ക്രീനിൽ നോക്കിയ ഞാൻ അതി ഭയങ്കരമായി വീണ്ടും ഞെട്ടി. അവൻ ചോദിക്കുകയാണ്. "തൻെറയീ പുതിയ മൊബൈൽ ഫോൺ ഞാനെങ്ങനെയാണ് ഉപയോഗ യോഗ്യമാക്കേണ്ടത്?" എന്ന്. എന്ത് പുതിയത്? രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. പിന്നെയെന്താണിങ്ങനെ എന്നന്വേഷിക്കാൻ !! മൊബൈൽ കുതുകികളായ സഖാക്കളെ വിളിക്കാൻ നമ്പർ പരതി. എവിടെ നമ്പർ? ഒന്നുമില്ല. മേൽ പറഞ്ഞ സന്ദേശമല്ലാതെ മറ്റൊന്നുമില്ല. എന്റെ എരുമേലി വാവരേ ഞാനിനി എന്ത് ചെയ്യും? ഒറ്റ നമ്പറില്ലാതെ ഞാനെങ്ങനെ സഖാക്കളുമായി സംവദിക്കും? കഷ്ടമർ മാരെ വിളിച്ച് എങ്ങനെ എക്കൗണ്ടുകളും ഡപ്പോസിറ്റുകളും സമ്പാദിക്കും? മുത്തപ്പാ! നീ തന്നെ തുണ. എവിടെയൊക്കെയോ ഞെക്കിയവാറെ, എന്റെ ഈ മെയിൽ ഐഡി എഴുതിക്കൊടുക്കാൻ ഉത്തരവായി. അതിനു ശേഷം പാസ് വേഡ് . ഒടുക്കം എല്ലാം കൂടെ ഡൗൺലോഡായി ഫോൺ പഴയ പോലെ തോന്നിക്കുന്ന പരുവമായി. നോട്ടുകളും കതകളും എയുതി ബെച്ച കളർഡ് നോട്സ് എന്ന ആപ്പ് തുറന്ന് നോക്കി, പണ്ട് ആദാമിനും മുൻപെഴുതിയ കുറേ നോൺ സെൻസ് മാത്രമുണ്ട്. വേണ്ടതൊന്നു മില്ല. ചിത്രം വരക്കുന്ന ആപ്പ് തുറന്നു നോക്കി. ശുദ്ധ ശൂന്യം .
മതി. മതിയാക്കി. ഇനി ഈ പണി ഇലക്ട്രോണി കത്തിലില്ല. പഴയ നോട്ടുപുസ്തകം തപ്പിയെടുത്തു വച്ചിട്ടുണ്ട്. പക്ഷെ തോന്യാക്ഷര മൊന്നും വരുന്നില്ല. പണ്ട് വേലുക്കുട്ടി മാഷ് തന്ന ഡ്രോയിംഗ് ബുക്കിലാവട്ടെ പേജുകളൊന്നും ബാക്കിയുമില്ല. പാറ്റച്ചിത്രങ്ങൾ മാത്രം.
No comments:
Post a Comment