Sunday, February 2, 2020

മാർജ്ജാരോപനിഷത്ത് - പുസ്തകവിചാരം.

ഏറണാകുളം പബ്ലിക് ലൈബ്രറിയിൽ, കുടിവെള്ളം കിട്ടാതെ മരുഭൂമിയിൽ അകപ്പെട്ടു പോയ യാത്രികനെ പോലെ, പുസ്തകക്കൂട്ടത്തിനിടയിൽ ചികയുന്നതിനിടക്കാണ് ന്യൂ അറൈവൽസിന്റെ അലമാരയിൽ നിന്ന് "മാർജ്ജാരോപനിഷത്ത് ' കയ്യിൽ തടഞ്ഞത്. പ്രണത ബുക്സാണ് പ്രസാധകർ. ഈ പ്രസാധകരുടെ ഞാൻ വായിച്ച  പുസ്തകങ്ങളെല്ലാം നല്ലവ. എഴുതിയ ആളിന്റെ പേര് ഇതുവരെ കേട്ടിട്ടില്ലെന്നാലും പുസ്തകം തിരികെ വെക്കാൻ തോന്നിയില്ല.
 
ഒരു താൾ മറിച്ചതേ ഉള്ളൂ... ഞാൻ അനുരക്തനായി. എഴുത്തുകാരൻ നോവൽ സമർപ്പിച്ചിരിക്കുന്നത് കാണുക... 

"മഹാരാജാസിന്റെ ഭാഷ ഉരുകിത്തിളക്കുന്ന അകത്തളങ്ങളിൽ, ഒടുങ്ങാത്ത സർഗ്ഗ നൊമ്പരങ്ങൾ ഉറഞ്ഞാടുന്ന മച്ചകങ്ങളിൽ മനുഷ്യാസ്ഥിത്വത്തിന്റെ മഹാപ്രഹേളികൾ വെളിവാക്കി പ്പകർന്ന്, ഔചിത്യ-രസപ്രവാചകനായി നിറഞ്ഞ മഹാദ്ധ്യാപകൻ - സാനുമാഷിന്." 

എന്നെപ്പോല തികച്ചും സാധാരണനായ ഒരു വായനക്കാരനെ  പിടിച്ചു നിർത്തി ബാക്കി താളുകളിലേക്ക് വായനയെ നയിക്കാൻ ഇത് ധാരാളം പോരേ. പിന്നീടാണ് അവതാരികാ കാരിയെ കണ്ടുമുട്ടിയത്. സാക്ഷാൽ സാഹിത്യ കുലപതി, ഡോ.ലീലാവതി.  'മാതൃസ്നേഹോപനിഷത് ' എന്നാണ് അവതാരികയുടെ ശീർഷകം. 

ജസ്റ്റിസ് ജിൻ പുത്തേഴത്തിന്റെ
നോവൽ അതു തന്നെയാണ്. അമ്മയോടുള്ള അതിരറ്റ സ്നേഹം. 

മലയാള സാഹിത്യത്തിന്റെ അമ്മ, ഈ നോവൽ അതിസൂക്ഷ്മം വായിക്കുന്നു. " ആയിരമായിരം വാചസ്പതികൾ ആയിരക്കണക്കിനു ഭാഷകളിലെ നോവലുകളിൽ 'ജീവിതം, മരണം' എന്ന ദ്വന്ദത്തെ കുറിച്ച് ആഖ്യാനം ചെയ്തിട്ടും ഒടുങ്ങിയിട്ടില്ലാത്തതും ഒടുങ്ങുകയില്ലെന്ന് ഉറപ്പിക്കാവുന്നതുമായ അവയുടെ നൂതന ഭാവ വൈവിധ്യങ്ങൾ കാട്ടിത്തന്ന് വിസ്മയിപ്പിക്കാൻ ഒരു വാഗ്‌ വിഭുവിന് കഴിയും. അത് തെളിയിക്കുന്ന ഒരു പുതിയ ആവിഷ്കൃതിയാണ് 'മാർജാരോപനിഷത്ത് '"

കഥാനായകൻ ക്രിസ്റ്റിന്റെ കൗമാരക്കാരിയായ മകൾ ഓമനിച്ചു വളർത്തുന്ന കുഞ്ഞുവെന്നു പേരുള്ള കുഞ്ഞിപ്പൂച്ചയെ കാണാതാവുന്നതും തുടർന്നുള്ള അന്വേഷണവുമാണ് കഥാതന്തു. 

കുട്ടിക്കാലത്ത് വീട്ടിലുണ്ടായിരുന്ന എന്റെ കുഞ്ഞിപ്പൂച്ചയെ കാണാതാ യതിനെക്കുറിച്ച് ഫേസ് ബുക്കിൽ ഞാനൊരു കുറിപ്പെഴുതിയ ദിവസം തന്നെയാണ് ഈ പുസ്തകം കയ്യിൽ വന്നു ചേർന്നതെന്നത് യാദൃശ്ചികതയാവാം. 

ഏഴു ദിവസത്തെ അന്വേഷണം. അച്ഛൻ തനിച്ചും മകളോടൊപ്പവും തൊടിയിലും കുറ്റിക്കാടുകളിലും അയൽപക്കത്തും ബന്ധു വീടുകളിലും ഒക്കെ തിരയുന്നു. കുഞ്ഞു വിനെ കണ്ടു കിട്ടുന്നില്ല.

തന്റെ ഹൃദയാർപ്പണ പൂർണ്ണമായ ശുശ്രൂഷകളേയും , അതിരറ്റ സ്നേഹവായ്പിനേയും,  നിലനിൽപ്പിനെത്തന്നെയും നിസ്സഹായതയുടെ കയത്തിലേക്ക് തള്ളി മരണ കാന്താരത്തിലേക്ക്  ഒരു നാൾ പൊടുന്നനെ അപ്രത്യക്ഷയായ അമ്മയെ കുറിച്ചുള്ള ഓർമകൾ കഥാനായകനെ വേട്ടയാടുന്നുണ്ട്.

ഓരോ അന്വേഷണവും എന്തെന്തു ജീവിതാവസ്ഥകൾ നമുക്കു മുന്നിൽ അനാവരണം ചെയ്യുന്നില്ല! അമ്മയിലൂടെ പടർന്നു വളരുന്ന ഓർമ്മകൾ, ഗന്ധങ്ങൾ, കാലങ്ങൾ... എല്ലാ അന്വേഷണങ്ങളും പക്ഷെ വ്യർത്ഥമാവുന്നു. 

ഈ നോവൽ നിറയെ ആർദ്രതയാണ്. സ്നേഹമാണ്. മരണം പോലും സ്നേഹമയമാണ്. 

വായിക്കപ്പെടേണ്ട നോവലുകളിലൊന്നാണിത്. തീർച്ച...

'മാർജ്ജാരോപനിഷത്ത്' വായിച്ചു തീർത്ത രാത്രിയിൽ എഴുത്തുകാരനെ വിളിച്ചു. മണിയടിയുടെ ഒരു താളവട്ടം മുഴുവനുമൊത്തിട്ടും ഫോണെടുത്തില്ല. എഴുത്തുകാരല്ലേ.. തിരക്കായിരിക്കും എന്നൂഹിച്ചു. ഇച്ചിരി കഴിഞ്ഞപ്പോൾ തിരികെ വിളിവന്നു. "എഴുത്തുകാരനാണോ,  ബുദ്ധിജീവിയാണോ, സാധാരണക്കാരനാണോ" എന്ന് എന്നോട് ചോദിച്ചു. സാധാരണക്കാരൻ എന്ന എന്റെ മറുപടിയിൽ പ്രീതനായി ചിരി പൊഴിച്ച്, പറഞ്ഞു. "ഈ ബുദ്ധിജീവി സാഹിത്യ കുതുകികളോടും സാഹിത്യ രചയിതാക്കളോടും സംസാരിക്കാൻ തീരെ താത്പര്യമില്ല." 

പുസ്തകം പോലെ തന്നെ ലാളിത്യം പേറുന്ന എഴുത്തുകാരൻ. ജസ്റ്റിസ് ജിൻ പുത്തേഴത്ത്. 

തന്നെയൊന്ന് ജനത്തിനു മുമ്പിൽ വെളിവാക്കിയെടുക്കാൻ, അക്ഷരം തെറ്റാതെ എഴുതാൻ കഴിയുന്നവരെല്ലാം, കോലാഹളമുണ്ടാക്കുമ്പോൾ ഇവിടെ ഒരാൾ എന്നെ ബുദ്ധിമുട്ടിക്കല്ലേ,  വെള്ളിവെളിച്ചത്തിന്റെ അസുര പ്രകാശത്തിൽ വിളറി നിൽക്കാൻ ഞാനില്ല എന്ന് തറപ്പിച്ചു പറയുന്നു. 

എഴുത്താണ് തന്റെ കർമ്മമെന്നും അത് ഭംഗിയായി നിവർത്തിക്കുക എന്നതാണ് തന്റെ കർത്തവ്യമെന്നും, നന്നായറിയാവുന്ന എഴുത്തുകാരനാണ് ജസ്റ്റിസ് ജിൻ പുത്തേഴത്ത്.

ഇന്നലെ പ്രണതയിൽ പോക്കഞ്ഞിക്കര റാഫിയുടെ 'ഓരാ പ്രൊ നോബിസ്' തേടിച്ചെന്നു. അവിടത്തെ ചേട്ടനുമായി സംസാരിച്ചിരിക്കവെ ജസ്റ്റിസിന്റെ നോവൽ ഇടക്ക് കയറി വന്നു. " അയാക്കട വേറൊര് വർക്കിവടെ കണ്ടല്ലാ.. " എന്ന് അലമാര ചികഞ്ഞ് ജസ്റ്റിസ് 2014ൽ എഴുതിയ വരിയോല എന്ന നോവൽ എടുത്തു തന്നു. രണ്ടു പേജ് വായിച്ചു.  പുസ്തകം വാങ്ങി തിരിച്ചു നടക്കും വഴി എഴുത്തുകാരന് ഒരു സന്ദേശമയച്ചു. "സുഖമല്ലേ... വരി യോല വാങ്ങി..."

കുറേ നേരം കഴിഞ്ഞ് മറുപടി, ''സുഖദുഃഖങ്ങളറിയുന്നീല...രചനയുടെ തപം താപം...മഴക്കാലത്ത് കാണാം...നന്ദി. "

തപിക്കൂ താപത്താലുരുകൂ... തരൂ ഇനിയും, ഉൾക്കനമാർന്ന ഒരു കഥാപുസ്തകം.

No comments:

Post a Comment