അജയ് പി. മാങ്ങാട്ടിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര' ഞാനിന്ന് വായിച്ചു.
ഞാൻ വായിച്ചു പൂർത്തിയാക്കിയ ആദ്യത്തെ പുസ്തകം ഏതായിരുന്നു? പുസ്തകം വായിക്കുന്നത് വിടുതലില്ലാത്ത ലഹരിയാണെന്നറിഞ്ഞത് എന്നായിരുന്നു?
താൻ വായിച്ച അദ്യ പുസ്തകത്തിന്റെ പേര് ഓർത്തെടുക്കാൻ കഴിയില്ലെന്ന് സൂസന്നയുടെ ഗ്രന്ഥപ്പുരയിലെ സൂസന്ന പറയുന്നു.
പക്ഷെ എനിക്ക് ഓർത്തെടുക്കാനാവുന്നുണ്ട് ഞാൻ മുഴുവനായും വായിച്ച ആദ്യ പുസ്തകം. അത് 'പത്രം.. പത്രം' എന്നു പേരുള്ള ഒരു ബാലസാഹിത്യ കൃതിയായിരുന്നു. അമ്പതോളം പേജുകളുണ്ടായിരുന്ന പുസ്തകത്തിന്റെ കവർ പേജ് കീറിപ്പോയിരുന്നു. ഒരു കുട്ടി, അവന്റെ അമ്മാവന്റെ (അതോ അച്ഛന്റെയോ) കൂടെ പത്രമോഫീസ് കാണാൻ പോകുന്നതും തുടർന്ന് പത്രപ്രവർത്തനത്തിന്റെ വിശദാംശങ്ങൾ സംഭാഷണരൂപേണ അവതരിപ്പിക്കുന്നതുമായിരുന്നു പുസ്തകമെന്ന് ഓർമ പറയുന്നു. ആ പുസ്തകം വായിച്ച് വായിച്ച് അവസാനമെത്തിയത് ഞാനറിഞ്ഞില്ല; ഉറങ്ങാതെ നേരം പുലർന്നതും. തിർന്നപ്പോൾ "അയ്യോ തീർന്നു പോയല്ലോ '' എന്നൊരു തോന്നലുമുണ്ടായി. ഉറക്കക്ഷീണം ഒട്ടും തോന്നാതിരുന്ന പകലിൽ, ഉൾപുളകത്തോടെ വേറേതൊലോകങ്ങൾ എൻ്റെ മുന്നിൽ തുറന്നുകൊണ്ടേ യിരുന്നു. ഞാൻ മൂന്നിലോ നാലിലോ പഠിക്കുമ്പോഴായിരുന്നു അത്. ആ രാവും പകലും കഴിഞ്ഞ് എത്രയെത്ര പുസ്തകങ്ങൾ. വായിച്ച് പലതിനെയും കുറിച്ചമുള്ള ഓർമ്മകൾ മാഞ്ഞുപോയി.
മങ്ങാടിന്റെ നോവലിൽ സൂസന്നയും അങ്ങനെ പറയുന്നുണ്ട്. വായിച്ച പുസ്തകങ്ങൾ മറന്നു പോകുന്നതിനെ കുറിച്ച്. ആദ്യ വായനക്കാരന്റെ വായനയെ, തുടർന്നു വരുന്നവർ അധിനിവേശിക്കുന്നതിനെ കുറിച്ച്.
അച്ഛൻ വാങ്ങിത്തന്ന നാഷണൽ ബുക്ക്സ്റ്റാളിന്റെ 'പുസ്തകസഞ്ചിയിൽ ' ഏഴെട്ട് പുസ്തകങ്ങളുണ്ടായിരുന്നു. ഒരു കുഞ്ഞി തോൾസഞ്ചി. അതിൽ നിറയെ പുസ്തകങ്ങൾ. കൂട്ടത്തിൽ അലക്സാണ്ടറിന്റെ പടയോട്ട കാലത്തെക്കുറിച്ച്, എൻ.പി. മുഹമ്മദ് എഴുതിയ, ഹാഫിസ് മുഹമ്മദ് ചിത്രങ്ങൾ വരച്ച, ഒരു പുസ്തകമുണ്ടായിരുന്നത് ഇന്നും മറന്നിട്ടില്ല. കുഞ്ഞുണ്ണി മാഷെയും ആദ്യമായി ഞാൻ കണ്ടത് ആസഞ്ചിയിലാണ്. പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിച്ച് സഞ്ചിയിലടുക്കി വച്ച് ഞങ്ങളുടെ പഴയ വീട്ടിലെ ചുമരിൽ തൂക്കുമായിരുന്നു. പിന്നീടെപ്പോഴോ അത് കാണാതായി.
ശാസ്ത്ര സാഹിത്യ പരിഷത്ത് അക്കാലത്ത് സയൻസ് ക്രീം എന്ന പേരിൽ പത്തു മുപ്പത് കുഞ്ഞിപ്പുസ്തകങ്ങളുടെ ഒരു കൂട്ടം പുറത്തിറക്കിയത് അച്ഛൻ വാങ്ങിത്തന്നിരുന്നു. എന്റെ വീക്ഷണങ്ങളിൽ സാരമായ മറ്റം വരുത്താൻ ആ പുസ്തകങ്ങൾക്ക് കഴിഞ്ഞിരുന്നിരിക്കണം. മലയാളത്തിലെ മഹാശാസ്ത്രജ്ഞന്മാരും, പണ്ഡിതരും, ചരിത്രകാരന്മാരും ഒരുക്കിയ ആകുട്ടി പുസ്തകകൂട്ടത്തിൽ നിന്ന് ശാസ്ത്രം മാത്രമല്ല സ്പാർടക്കസിനേയും , റഷ്യൻ വിപ്ലവത്തേയും, ലെനിനേയും ഒക്കെ ഞാനറിഞ്ഞു.
കുട്ടിക്കാലത്ത് , (ഇക്കാലത്തും) കനത്തഒറ്റപ്പെടൽ ഞാൻ അറിഞ്ഞിരുന്നു. ഒരളവോളം പുസ്തകങ്ങളായിരുന്നിരിക്കണം എന്നെ വീണു പോകാതെ നടത്തിയത്. അദ്ധ്യാപകൻ വരാ ൻ വൈകുന്ന ക്ലാസ് മുറിയിലും, ഒഴിവു നേരങ്ങളിലും ' ഞാൻ പുസ്തകങ്ങളിലേക്ക് ലയിച്ചിറങ്ങി.
വായിക്കുന്നവരിൽ ഓട്ടേറെ പേരും ഒരേകാന്തത, ഒറ്റപ്പെടൽ അനുഭവിക്കുന്നവരാണെന്നാണ് എന്റെ തോന്നൽ. ഒരു പക്ഷെ ഏകാന്തത അവർ ആഗ്രഹിക്കുന്നു പോലുമുണ്ട്. (ടെക്സ്റ്റ് പുസ്തകങ്ങൾ എമ്പാടും ചികഞ്ഞ് ബിരുദ സമ്പാദ്യം വർദ്ധിപ്പിക്കുന്നവരുടെ കാര്യമല്ല. ) അജയ്യുടെ നായകൻ അലിയും അനുഭവിക്കുന്നുണ്ടത്. അമുദയും , അഭിയും , സൂസന്നയും, ചന്ദ്രനും, കൃഷ്ണനും, ഫാത്വിമയും, കാർമേഘവും, ഇക്ബാലും അവനു ചുറ്റുമുണ്ടെന്നറിയുമ്പോഴും .
കുറ്റ്യാടി എം.ഐ യുപി സ്ക്കൂളിൽ പ്രകാശഗോപുരം പോലെ ജോർജ്ജ് മാഷുണ്ടായിരുന്നു.എനിക്ക് ക്ലാസിക്കുകൾ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. വായനയുടെ ഒടുങ്ങാത്ത ആവേശത്തിലേക്ക് കൈപിടിച്ച് നടത്തിയതും.
ഹൈസ്കൂൾ സ്വർഗ്ഗമായിരുന്നു. അധ്യാപകരിൽ ഭൂരിഭാഗവും അച്ഛന്റെ സുഹൃത്തുക്കൾ. നിറയെ കിട്ടുന്ന പരിഗണന. ലൈബ്രറി യുടെ ചുമതല ഗോപിനാഥൻ മാഷിനായിരുന്നു. എല്ലാർക്കും ആഴ്ചക്ക് ഒന്നെന്ന കണക്കിൽ പുസ്തകം വിതരണം ചെയ്തപ്പോൾ ഞങ്ങൾ നാലുപേർക്ക് എപ്പോൾ വേണമെങ്കിലും ലൈബ്രറിയിൽ ചെല്ലാമെന്നും പുസ്തകങ്ങൾ എടുക്കാമെന്നുമുള്ള സൗജന്യം. എനിക്ക് പുറമെ സുധീറും പ്രമോദും സജീവനും ആയിരുന്നു ആ ഭാഗ്യവാന്മാർ. (KP Sudheer , Pramod Krishnan, Sajeev Kuttiady) ഒമ്പതാം ക്‌ളാസിലായിരുന്നപ്പോൾ ലൈബ്രറിമുറിയിൽ ഒരുമനോഹരമായ കാഴ്ച ഉണ്ടാകാറുണ്ടായിരുന്നു. ചോറുണ്ട് കഴിഞ്ഞ് മുറുക്കി ചുവപ്പിച്ച് മേശയിൽ കാലുകയറ്റിവച്ച് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരത പരിഭാഷ വായിച്ച് രസിക്കുന്ന പണിക്കർ മാഷ്. പർവതതുല്യങ്ങളായ ഭാഷാ മഹാഭാരതത്തിന്റെ വാള്യങ്ങൾ വരാൻ വേണ്ടി അദ്ദേഹം അക്ഷമനായി ആഴ്ചകൾ കാത്തിരുന്നതും എനിക്കോർമ്മയുണ്ട്. ഒമ്പതാം ക്ലാസിലെ മദ്ധ്യവേനലവധിയിലാണ് മുത്തശ്ശിയും, ദേശത്തിന്റെ കഥയും, നോത്രദാമിലെ കുനനും ഞാൻ വായിച്ചു തീർത്തത്.
പത്താം ക്ലാസിൽ കാൽക്കൊല്ല പരീക്ഷ നടന്നു കൊണ്ടിരിക്കേ ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കിനു മുകളിൽ നോവൽ വച്ച് വായിച്ചത് അച്ഛൻ കയ്യോടെ പിടിച്ചു. ഒന്നും പറയാതെ ദേഷ്യം പോലും കാണിക്കാതെ അച്ഛൻ പുറത്തേക്ക് പോയി. പോകുമ്പോൾ പറഞ്ഞു " പത്താം ക്ലാസിൽ ലേശം മാർക്കൊക്കെ വാങ്ങിയാൽ നല്ലതാ...'' പത്തിലെ വായന അതോടെ കുറഞ്ഞു.
മൊകേരിക്കോളേജിന്റേത് ശുഷ്കമായ ലൈബ്രറിയായിരുന്നെന്നാണോർമ്മ. ഡോക്ടർ ഷിവാഗോമാത്രമാണ് ഓർമ്മയിൽ നിൽക്കുന്ന പുസ്തകം. മാഹിക്കോളേജിന്റെ ലൈബ്രറിയായിരുന്നു ഞാൻ അന്നേ വരെ കണ്ടതിൽ ഏറ്റവും ബൃഹത്ത്. നെരൂദയും, മാർക്കേസും അവിടെ നിന്ന് കൂടെക്കൂടി.
പാറക്കടവത്തെ ലൈബ്രറിയുടെ കാര്യം മറക്കുന്ന തെങ്ങനെ? പഴയ പോസ്റ്റാഫീ ന് മുകളിലത്തെ നിലയിലായിരുന്നു അത്. മുട്ടത്ത് വർക്കിക്കും സമശീർഷർക്കുമായിരുന്നു അവിടെ പ്രാധാന്യം. പക്ഷെ ഖസാക്കിന്റെ ഇതിഹാസം എനിക്ക് തന്നത് ആ പുസ്തക ശേഖരമാണ്. ഒരിക്കലും മറക്കാനാവാത്ത മലയാളത്തിന്റെ മഹാഗ്രന്ഥം.
അഭിയും അലിയും കുറ്റാന്വേഷണ നോവലിസ്റ് നീലകണ്ഠൻ പരമാരയുടെ എഴുതി പൂർത്തിയാക്കാത്ത കയ്യെഴുത്തു പ്രതി അന്വേഷിച്ചാണ് സൂസന്റെ ഗ്രന്ഥപ്പുര തേടി ആദ്യം ചെല്ലുന്നത്. അവസാനം അവളുടെ മരണമറിഞ്ഞും.
അലിയുടെയും അഭിയുടേയും കൂട്ടുള്ള പലയിടങ്ങളിലും ഞാൻ എന്നെയും അൻവറിനെയും കണ്ടു. വായിച്ചതും വായിക്കാനിരിക്കുന്നതുമായ പുസ്തകങ്ങളെ കുറിച്ച് പറഞ്ഞ്, ഐസ്കാന്റി നുണഞ്ഞ്, റേഷനരിയുടെ സഞ്ചി തലയിൽ ബാലൻസ് ചെയ്ത് നിർത്തി പാറക്കടവിലെ റേഷൻ കടയിൽ നിന്ന് ചെറിയകുമ്പളം വരെ ഞങ്ങൾ നടക്കും. അല്ലെങ്കിൽ ഞങ്ങൾ നടന്നു പോകാത്ത വഴി ഏതുണ്ട്? ഒരിക്കൽ താമരശ്ശേരി ചുരം കൊടുംവെയില് കുടയാക്കി നടന്നു കേറിയിട്ടുണ്ട് ഞങ്ങൾ. അന്നു് ലക്കിടിയിലെ ഒരു കൊച്ചു കടയിലിരുന്നു കഴിച്ച കപ്പയുടേയും മീൻ കറിയുടേയും രുചി ഇന്നും നാവിലുണ്ട്. തളീക്കരയിൽ ഒരു ലൈബ്രറി ഉണ്ടായിരുന്നു. കൈരളി ഗ്രന്ഥാലയം . കുറ്റ്യാടി ഹൈസ്ക്കൂളിലെ പത്മനാഭൻ മാഷ് അതിന്റെ ട്രസ്ററിയായിരുന്നു. വൈകുന്നേരങ്ങളിൽ അവിടേക്കും തിരിച്ചും നടക്കും.
അവിടുന്നെടുത്ത പുസ്തകങ്ങൾ നുണഞ്ഞ് നുണഞ്ഞ് വായിച്ചും, കവിത പാടിയും , അങ്ങനെ... കക്കാടും, ബാലചന്ദ്രൻ ചുള്ളിക്കാടുമെല്ലാം അക്കാലത്താണ് കൂട്ടുകൂടിയത്.
പുസ്തകപുരാണം പറഞ്ഞാൽ തീരില്ല. മാഹിയിലെ കണക്കെഴുത്ത് കാലത്ത് ബാലേട്ടന്റെ അലമാരയിൽനിന്നെടുത്ത് വായിച്ച complete works of Vivekananda, ഓഷോ, ചിന്താപദ്ധതീയിൽ കൊടുങ്കാറ്റുയർത്തി എന്റെ സ്വത്വത്തെ മാറ്റിമറിച്ചുകളഞ്ഞവ. മാഹി പാർക്കിനടുത്തും ചാലക്കരയിലുമുണ്ടായിരുന്ന ലൈബ്രറികളിൽ അക്കാലത്ത് മെമ്പർഷിപ്പുണ്ടായിരുന്നു. അതിവിഭവ സമൃദ്ധങ്ങളായ ഗ്രന്ഥപ്പുരകൾ.
മാഹി പള്ളിക്ക് സമീപത്തുള്ള ഓഫ്‌സിൽനിന്നിറങ്ങി റെയിൽവേസ്റ്റേഷൻ റോഡിലൂടെ നടക്കുമ്പോൾ ഇടതു വശത്തായിരുന്നു രാജേഷിന്റെ വീട്. മയ്യഴിയുടെ ഇതിഹാസകാരൻ എം മുകുന്ദന്റെ ഉറ്റ ബന്ധു. കനത്ത പുസ്തക ശേഖരം. Simone de Beauvoir യും Friedrich Nietzsche യും പരിചയപ്പെടുത്തിയത് തടിച്ച പുസ്തകങ്ങൾ മാത്രം വായിച്ചിരുന്ന അവനാണ്. വായിക്കുന്ന പുസ്തകങ്ങളുടെ ഭാരം കാരണം അവൻ കിടക്കയിൽ കിടന്നാണ് പുസ്‌തകം വായിക്കുക. തലയിണ പൊക്കി വെച്ചിരിക്കും. പുസ്തകം നെഞ്ചത്ത് താങ്ങി പിടിച്ചിരിക്കും. കോഴിക്കോട്ട് പഠിച്ചിരുന്ന അവൻ പുസ്തകം വാങ്ങാൻ, ഒരുമാസം മുഴുവൻ ചെലവഴിക്കാനുള്ള പോക്കറ്റ് മണി ഒരു പുസ്തകത്തിന് വേണ്ടി ചലവഴിച്ച്, ദിവസങ്ങളോളം ഉച്ചഭക്ഷണം കഴിക്കാതിരിക്കുമായിരുന്നു. കണക്കപ്പിള്ളയുടെ എഴുത്തിൽ മാത്രം കുടുങ്ങിപ്പോകുമെന്ന് ആധിപൂണ്ട നേരങ്ങളിൽ എന്നെ വായിക്കാൻ പ്രേരിപ്പിച്ചത്തിൽ അവനുള്ള പങ്ക് വലുതാണ്. എത്രയോ വൈകുന്നേരണങ്ങളിൽ പുസ്തകങ്ങൾ മാത്രം പറഞ്ഞ് മാഹിയുടെ തെരുവുകളിലൂടെ ഞങ്ങൾ അലഞ്ഞിരിക്കുന്നു!! പുസ്തകങ്ങൾ ഉറ്റകൂട്ടുകാരായവരുടെ എത്ര പുതു സൗഹൃദങ്ങൾ അവൻ ഉണ്ടാക്കിത്തന്നിരിക്കുന്നു!! ഇപ്പോഴും അവൻ വായിക്കുന്നുണ്ടാവും, അറബിക്കടലിനക്കരെ എവിടെയിയോ, തടിച്ചപുസ്തകങ്ങൾ നെഞ്ഞത് താങ്ങി, കിടക്കയിൽ കിടന്ന്...
സൂസന്നയുടെ ഗ്രന്ഥപ്പുരയാണ് പറയാൻ തുടങ്ങിയത്. സത്യം പറഞ്ഞാൽ ആ പുസ്തകത്തെ കുറിച്ച് ഇങ്ങനെയൊക്കെയേ പറയാനാവൂ. അത് പുസ്തകങ്ങളുടെ പുസ്തകമാണ്. വായനയുടെ നോവൽ. ആമുഖക്കുറിപ്പിൽ അജയ് ഇത് പറയുന്നുണ്ട്. "ഞാൻ വായിച്ച പുസ്തകങ്ങൾക്കും ഞാനറിഞ്ഞ മനുഷ്യർക്കുമുള്ള ആദരമാണീ നോവൽ"
പുസ്തകത്തിന്റെ അവസാന താൾ, ഹോ! കഴിഞ്ഞു പോയല്ലോ എന്ന സങ്കടത്തോടെ മറിക്കുമ്പോൾ ഞാറിഞ്ഞ മറ്റൊന്നുണ്ട്, എന്റെ വായന എത്ര തുച്ഛം! ഇനിയും പുസ്തകങ്ങൾ തേടാൻ , വായിക്കാൻ 'ഗ്രസ്ഥപ്പുര' ആവേശം തരുന്നു. നമ്മുടെ സ്വന്തം വായനയിലേക്കും ജീവിതത്തിലേക്കും തിരിഞ്ഞു നോക്കാനും അത് കാരണമാകുന്നു. മറന്നു പോയിരുന്ന പലതും ഈ നോവൽ ഓർമ്മിപ്പിച്ചു. ഓർമ്മയിൽ മേലെ മേലെ ഊറി വന്നവമാത്രമാണിത്. സൂസന്നയുടെ ഗ്രന്ഥപ്പുര തുറന്നത് എന്റെയുള്ളിൽ അടഞ്ഞു പോയ ഓർമ്മകളുടെ പുസ്തകപ്പുരയാണ്.
തൊട്ടത്, സാഹിത്യ ലോകത്തെ ജീവിതം മോഹിച്ച്, മോഹിച്ച് മോഹം മാത്രം ബാക്കിയായിപ്പോയ അമ്പതു വയസ്സുകാരന്റെ നൈരാശ്യത്തിന്റെ പൊടിപിടിച്ച അറകളും.
സ്വയം തണുക്കാൻ ഞാൻ സൂസന്ന തന്നെ ഉദ്ധരിക്കട്ടെ, "ഭൂമി മനോഹരമാണ്. അതിൽ നിറയെ വേദനകളുണ്ട്. ഓരോരുത്തർക്കും അതിൽ ഓരോ വിഹിതമുണ്ട്. അതിന് ആരെയും പഴി പറയാതിരിക്കുക. സ്വയം ശപിക്കാതിരിക്കുക. നമ്മുടെ കേടുകൾ നാം തന്നെ സഹിക്കുക "
നിങ്ങൾ വായനയെ സ്നേഹിക്കുന്നയാളാണെങ്കിൽ തീർച്ചയായും സൂസന്നയുടെ ഗ്രന്ഥപ്പുര വായിക്കുക..
No comments:
Post a Comment