Saturday, February 1, 2020

ഓർമ -ഇടവഴി

ഈ ഞായറാഴ്ച പുലർച്ചെ വീണ്ടും ഇവിടെ. വീട്ടിലേക്കുള്ള ഓരോ വരവും അല്പം മണിക്കൂറുകൾക്കാണെങ്കിൽ പോലും ഉന്മേഷദായകം തന്നെ.

നാട് വിട്ട് പോയവന് വീടെന്നത് ഓർമ്മകളുടെ ഒരു കൂമ്പാരമാണ്. ഓരോ ഒച്ചയും ഓരോ വിളിയും ഓരോ മുഖവും തൊട്ടുണർത്തുന്ന ആയിരമായിരം ഓർമകൾ. 

പ്രവാസം, ചേർത്തുവെക്കലാണ്. ചേരാത്തവ തമ്മിൽ. തിരിഞ്ഞോടി മഞ്ഞു പൊഴിയുന്ന നാട്ടുവഴികളിലേക്ക് തിരിച്ചെത്താൻ വെമ്പുന്ന ഹൃദയത്തെ നഗരത്തിരക്കിന്റെ പൊടിക്കാറ്റിലേക്ക് ചേർത്തുവെക്കാനുള്ള പാഴ് ശ്രമം.

ഞങ്ങളുടെ തറവാടു വീട്ടിൽ ആൾത്താമസമില്ല. മഴയും വെയിലും അതിന്റെ ചുമരുകളിൽ പായലടയാളങ്ങൾ കൊണ്ട് ചിത്രപ്പണി ചെയ്തിരിക്കുന്നു. തറവാടിന്റെ തൊട്ടടുത്ത് പണിത അനിയന്റെ വീടിന്റെ വരാന്തയിലിരുന്നാൽ തൊട്ടു മുന്നിൽ നിരത്ത്. വലതു വശത്ത് അവൻ നട്ടുപിടിപ്പിച്ച മുളങ്കൂട്ടം. ചെറിയകുമ്പളം അങ്ങാടിയിൽ നിന്ന് കൈതേരി മുക്ക് വരെയുള്ള പഞ്ചായത്ത് റോഡാണത്. വാഹനങ്ങൾ നിർത്താതെ പായുന്ന ഈ റോഡ് പണ്ട് ഒരു കുഞ്ഞിടവഴിയായിരുന്നു. അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്, ഒരു ഇരുണ്ട മഴക്കാലത്ത് ഞങ്ങളുടെ നാട്ടിലെ ഉഴവക്കാരനായിരുന്ന ഗോവിന്ദൻ നായരുടെ കാളക്കുട്ടൻ ഈ ഇടവഴിയിൽ കുടുങ്ങിപ്പോയ കഥ. 

വയൽ ഉഴുത് കഴിഞ്ഞ്, ഇടിവെട്ടിപ്പെയ്ത ഒരു പെരും മഴ തോർന്നൊതുങ്ങിയപ്പോൾ മൂരിക്കുട്ടൻമാരെയും തെളച്ച് ഗോവിന്ദൻ നായർ ഞങ്ങളുടെ ഈ വഴിയിലൂടെ വന്നു. മഴ ശേഷിപ്പിച്ചു പോയ ചെളിവെള്ളത്തിന്റെ കുത്തൊഴുക്കിൽ ക്ലേശിച്ചാണ് മൂന്നു പേരും നടക്കുന്നത്. രണ്ട് വശത്തും വളരെ ഉയരമുള്ള കൊള്ളുകളാണ്. (കൊള്ളിന്റ യഥാർത്ഥ മലയാളം കയ്യാല എന്നാണോ?) ഒരാൾക്ക് കഷ്ടി നടന്നു പോകാവുന്ന വഴി. മുന്നിലൊരിടത്ത്‌ വെട്ടം വീഴുന്നിടത്ത് പച്ചപ്പുല്ല് തഴച്ചുവളർന്നിരിക്കുന്നു. മഴ നനഞ്ഞ് അദ്ധ്വാനിച്ച് വലഞ്ഞ സാധ്യമൃഗങ്ങളിൽ മുന്നിൽ നടന്നയാൾ ധൃതിയിൽ മുന്നോട്ടാഞ്ഞു. പക്ഷെ അതിന്റെ ശരീരം കടത്തിവിടാനുള്ള ഇട രണ്ടു കൊള്ളുകൾക്കുമിടയിൽ ഇല്ലായിരുന്നു. പാവം മൂരിക്കുട്ടൻ.  പിന്നീട് പെയ്ത ഒരു കൊടും മഴ കൂടി സഹിച്ച്, ഏറെ കഴിഞ്ഞതിനു ശേഷമാണ്, അതിനെ ഗോവിന്ദൻ നായർ രക്ഷപ്പെടുത്തിയത്. 

ഞങ്ങൾ വീടു വാങ്ങുമ്പോഴേക്ക് പക്ഷേ ഇടുങ്ങിയ ഈവഴി സാമാന്യം വലിയ ഒരു ഇടവഴിയായി മാറിയിരുന്നു.  

ഞങ്ങൾ സ്ക്കൂളിൽ പോയിരുന്നത് ഇതേ റോഡിലൂടെയായിരുന്നു. മഴക്കാലത്ത് റോഡിൽ ഉറവ പൊങ്ങും. കൊഴുത്ത ചെളിയുടെ ഒരു നീണ്ട നദിയായി നിരത്ത് മാറും. മുട്ടോളം ചെളി. ഞങ്ങളിൽ ചിലർ ചെളിയിൽ പൂഴ്ന്നു പോയ കാലുകൾ ഉയർത്തിക്കാട്ടി അവർ മണ്ണിന്റെ നിറമുള്ള 'ഫുൾ ട്രൗസർ' ധരിച്ചിരിക്കുകയാണെന്ന് വീമ്പ് പറഞ്ഞു. 'ഫുൾ ട്രൗസർ' പോയിട്ട്, ഉള്ള ട്രൗസർ തന്നെ അരയിൽ ഉറപ്പിച്ച് നിർത്താൻ ചകിരി നാരു കൊണ്ട് കെട്ടിയിട്ടവരായിരുന്നല്ലോ എന്റെ സഹപാഠികളിൽ പലരും. 

അച്ഛന്റെയും എന്റെയും മറ്റു പലരുടേയും എത്ര ചെരിപ്പുകളാണ് ഈ റോഡിനുളളിൽ പുതഞ്ഞുകിടക്കുന്നത്!  ചെളിയിൽ പുതഞ്ഞ കാലുയർത്തുമ്പോൾ, ചെരിപ്പ് പുതഞ്ഞു പോയിട്ടുണ്ടാവും. എത്ര തപ്പിയാലും കിട്ടുകയുമില്ല. കുപ്പായത്തിൽ ചെളി പുരളുന്നത് മാത്രം മിച്ചം.

ഇന്നിതാ, ഉയർത്തി ടാറിട്ട് ഭംഗിയാക്കിയ ഈ റോഡിലൂടെ, വിദേശ നിർമ്മിത കാറുകളുൾപ്പെടെയുള്ള വാഹനങ്ങൾ ഇടതടവില്ലാതെ ഓടിപ്പോകുന്നത്, വരാന്തയിലിരുന്ന് ഞാൻ കാണുന്നു....

No comments:

Post a Comment