ശക്തയായ സ്ത്രീ കഥാപാത്രമെന്ന് ഇടക്കിടെ കേൾക്കുന്നു. കുറേ പേരെ കണ്ടിട്ടുമുണ്ട്. സിനിമയിലും, നോവലിലും, കഥകളിലും. ഇന്നലെ വൈകിട്ട് കളിക്കോട്ട പാലസ്സിൽ അവതരിച്ച കംസപത്നി അസ്തി പക്ഷേ,അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടി.
സദനത്തിന്റെ മാഗധേയമാണ് കളിയെന്നറിഞ്ഞപ്പോൾ തന്നെ കൊതിയോടെ കാത്തിരുന്നതാണ്. വ്യത്യസ്തമായ അവതരണമാണെന്ന് കേട്ടിരുന്നു. "എത്ര കഥകളി ചിത്രങ്ങളായി!" എന്ന പ്രിയതമയുടെ പ്രതിഷേധം വകവെക്കാതെ വൈന്നേരം കളിക്കോട്ടയിൽ ക്യാമറയും തൂക്കി ചെന്നു കയറിയപ്പോൾ നേരം വൈകി. ജരാസന്ധന്റെ തിരനോട്ടം.
ഡോ.സദനം ഹരികുമാറാണു് ജരാസന്ധൻ. 'മാഗധേയം' ചിട്ടപ്പെടുത്തിയിരിക്കുന്നത് അദ്ദേഹമാണ്.
ചിലരുണ്ട്...ഒരാൾക്ക് ഇത്രയുമൊക്കെ ചെയ്യാൻ കഴിയുമോയെന്ന് നമ്മെ അമ്പരപ്പിക്കുന്നവർ. അങ്ങനെയുള്ളവരാണ്, ഇനി എന്തു ചെയ്യേണ്ടൂ എന്ന് ഉഴറിനിൽക്കുമ്പോൾ വഴി വിളക്കുകൾ പോലെ പ്രകാശം പൊഴിച്ച്, വീണ്ടും അവേശത്തോടെ ലക്ഷ്യത്തിലേക്ക് നടക്കാൻ പ്രേരിപ്പിക്കുക . ഡോ.ഹരികുമാർ അങ്ങനെ ഒരാളാണ്
നടന്‍, ചമയവിദഗ്ധന്‍, ശില്പി, ചിത്രകാരന്‍, സംവിധായകന്‍, ഗവേഷകന്‍, കർണാടകസംഗീതജ്ഞൻ, കഥകളി നടൻ, മോഹിനിയാട്ട, ഭരതനാട്യ നർത്തകൻ, ആട്ടക്കഥാകാരന്‍ ( ചിത്രാംഗദ, ശാപമോചനം, ഹിഡുംബി, മാഗധേയം തുടങ്ങി പതിനഞ്ചിലേറെ ആട്ടക്കഥകൾ) വിശ്വ ഭാരതി യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്സർ, സദനം കഥകളി അക്കാദമിയുടെ പ്രിസിപ്പൽ.... കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം ......
ഇദ്ദേഹം കഥകളിയിൽ നടത്തിയിട്ടുള്ള പരിഷ്കരണങ്ങൾ ഏറെയാണ്. പാട്ടിലും, മുഖത്തെഴുത്തിലും, പാത്ര സൃഷ്ടിയിലും, ആരോഗ്യകരമായ പരീക്ഷണങ്ങൾ നടത്തി ഇദ്ദേഹം വിജയിച്ചിരിക്കുന്നു. ഇന്നലെ , അസ്തി യുടെ മുഖത്തെഴുത്തിന്റെ വ്യത്യസ്‌തത കണ്ടതാണല്ലോ. കൃഷ്ണനാട്ടത്തിലെ സത്യഭാമയ്ക്കുള്ള ചുട്ടിയാണത്രെ അത്.
ഇന്ദ്രപട്ടംലഭിക്കാന്‍ 100 രാജാക്കന്മാരെ 'നരബലി' നടത്താന്‍ തീരുമാനിച്ച ജരാസന്ധചക്രവര്‍ത്തിയെ ശ്രീകൃഷ്ണനും ഭീമസേനനും അര്‍ജുനനും ചേര്‍ന്ന് വധിക്കുന്ന രംഗങ്ങളാണ് 'മാഗധേയം' കഥയുടെ ഇതിവൃത്തം. ബ്രാഹ്മണവേഷ ധാരികളായി ജരാസന്ധന്റെ കോട്ടയില്‍ പ്രവേശിക്കുന്ന കൃഷ്ണനും ഭീമനും അര്‍ജുനനും ചക്രവര്‍ത്തിയുടെ മകളും കംസന്റെ വിധവയുമായ അസ്തിയെ കണ്ടുമുട്ടുന്നതും കംസനെവധിച്ച കൃഷ്ണനോടുള്ള മുന്‍വൈരാഗ്യം തീര്‍ക്കാന്‍ അദ്ദേഹത്തെ പ്രഹരിക്കുന്നതും ഒടുവില്‍ കൃഷ്ണപാദത്തില്‍ ശരണാഗതി പ്രാപിക്കുന്നതുമായ രംഗത്തോടെ 'മാഗധേയം' സമാപിക്കുന്നു. യുദ്ധമറിയാവുന്നവളായ അസ്തി, ശത്രുക്കൾക്കു നേരെ യുദ്ധത്തിന് പുറപ്പെടുന്നുമുണ്ട്.
ഹാളിലേക്ക് കടക്കുമ്പോൾ, കൃഷ്ണനും, ഭീമനും, അർജുനനും വികൃതികൾ കാണിച്ച് കാണികൾക്കിടയിലൂടെ നടന്ന് വേദിയിലേക്കെത്തുകയാണ് . ഗംഭീര വാദ്യഘോഷം. ജരാസന്ധന്റെ അട്ടഹാസങ്ങൾ , ഫലിത പ്രയോഗങ്ങൾ, ഡോ.ഹരിദാസ് വേദി കയ്യടക്കി. ഭീമനുമായി യുദ്ധത്തിനു വഴങ്ങി ജരാസന്ധൻ വേദി വിടവേ, ദുഖിതയും,എന്നാൽ ക്രോധവതിയുമായ അസ്തിയുടെ വരവായി.
കോട്ടക്കൽ നന്ദകുമാരൻ നായർ. കത്തിവേഷമാണ് തനിക്കേറ്റവും പ്രിയമെന്ന് ഇദ്ദേഹം പലയിടത്തും പറഞ്ഞിരിക്കുന്നു.വിഷാദവതിയും എന്നാൽ ക്രുദ്ധയുമായ അസ്തിയായി, അവളുടെ എല്ലാ വികാര തീവ്രതകളും ആവാഹിച്ച് തന്റെ എഴുപത്തൊന്നു വയസ്സിന്റെ നിറയൗവനോർജ്ജത്തോടെ നന്ദകുമാരൻ നായർ വേദിയിൽ ജീവിച്ചു.
നടന്മാരെല്ലാം, താന്താങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.
സദനം ശിവദാസന്റെയും, സദനം ജ്യോതിഷ്ബാബുവിന്റെയും പാട്ട് അതി ഹൃദ്യം.
കഥ നടന്നുകൊണ്ടിരിക്കെ, മനോഹരങ്ങളായ മുഹൂർത്തങ്ങൾ മുന്നിൽ വന്നിട്ടും, ക്യാമറഉയർത്തി ദൃശ്യം പകർത്താൻ മറന്ന് പലപ്പോഴും ഇരുന്നു പോയി. ഈ കളി, കണ്ടത് പലതിനേക്കാളും മനോഹരം. ഡോ.ഹരികുമാറിന്റെ, ഇനിയും കാണാനുള്ള കഥകൾ ഇതിലും മനോഹരമാകുമെന്നുറപ്പ്.
മനോഹരമായ ഒരു വൈകുന്നേരവും, സുന്ദരമായ കുറേ ചിത്രങ്ങളും സമ്മാനിച്ച കഥകളി കേന്ദ്രത്തിന് നന്ദി.
No comments:
Post a Comment