Tuesday, February 4, 2020

ഷൗക്കത്ത്

പ്രതീക്ഷിക്കാൻ എന്തെങ്കിലു മുണ്ടെങ്കിൽ ദിവസത്തിന് തിളക്കമേറുമെന്ന് പറയുന്നത് ശരിയാണ്. കഴിഞ്ഞ ഞായറാഴ്ച്ച തുടങ്ങിയ തെളിച്ചമാണ്. ഞായറാഴ്ച വൈകീട്ട് കങ്ങരപ്പടി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഷൗക്കത്ത് (Shoukath Sahajotsu )ആത് മോപദേശ ശതകത്തെ അധികരിച്ച് സംസാരിക്കുന്നു. പ്രിയ സുഹൃത്ത് റെജിയാണ് ( Reji Varghese )സംഘാടകൻ. ഷൗക്കത്തിനെ  കേൾക്കാം... പുറമെ, കുറേ നാളായി പിടി തരാതെ വഴുതി നടക്കുന്ന റെജിയെ കയ്യോടെ കീഴടക്കാം... 

സൂപ്പി മാഷിന്റെ ( Kt Soopy )വീട്ടിൽ വച്ചാണ് ഷൗക്കത്തിനെ ആദ്യമായി കണ്ടത്. ഈ നൂറ്റാണ്ട് തുടങ്ങുന്നതിന് മുമ്പെ പ്പൊഴോ ആയിരുന്നു. തൂവെള്ള മുണ്ടും കുപ്പായവും ഒരു തോൾസഞ്ചിയും മുഖം നിറഞ്ഞ ചിരിയും. 

രണ്ടാമത് കണ്ടതും സൂപ്പി മാഷിന്റെ വീട്ടിൽ വച്ച്...അപ്പോഴേക്കും ബാങ്ക് മാനേജരുടെ ഭാരം എന്റെ തലയിലും നെഞ്ചിലും കേറിയിരുന്നു. ഒരു നിർബന്ധിത വാർഷികാവധിയുടെ അവസാന ദിനങ്ങളിൽ ഒന്നിലായിരുന്നു അത്. 2008 ൽ "എടാ, ഷൗക്കത്തും, ഹാഷിമി ക്കായും ( EM Hashim ) വരുന്നു, വൈന്നേരം, നീയും വാ.. വർത്താനം പറഞ്ഞിരിക്കാലോ ..." സൂപ്പി മാഷിന്റെ സ്നേഹം മാത്രം തുളുമ്പുന്ന വിളി. ആരെങ്കിലും വിശേഷമായി വീട്ടിൽ വരികയാണെങ്കിൽ മാഷ് വിളിക്കു മായിരുന്നല്ലോ.. ആരുമില്ലെങ്കിലും വിളിക്കുമായി രുന്നല്ലോ.. എത്ര വൈന്നേരങ്ങൾ, രാത്രികൾ ഖുറാനും, ഗീതയും, സാഹിത്യവും, മുഹമ്മദും കൃഷ്ണനും, കഥയും കലയും കവിതയും പറഞ്ഞ് ഞങ്ങൾ, സൽമയുണ്ടാക്കിയ സ്നേഹമധുരമൂറുന്ന പലഹാരങ്ങൾ കഴിച്ച് കട്ടൻ ചായ കുടിച്ച് ആ ഉമ്മറത്തിരുന്നിരിക്കുന്നു.

മുറ്റത്തേക്ക് കാലെടുത്തു വച്ചതും മൊബൈൽ ഫോൺ ചിലച്ചു. വരാന്തയുടെ അരമതിലിൽ ഷൗക്കത്തും ശ്രീ ഹാഷിമും ഇരിക്കുന്നു. പരിചയപ്പെടുത്താൻ സൂപ്പി മാഷ് എന്നെ വിളിച്ചു. ഫോണിന്റെ പച്ച ബട്ടൻ ഞെക്കി ഇപ്പ വരാം മാഷേ എന്നാംഗ്യം കാണിച്ച് ഫോൺ ചെവിയിലേക്ക് വച്ചു. "താനെവിടെ പോയിരിക്കുവാടോ " മറുതലക്കൽ ക്ലസ്റ്റർ ഹെഡിന്റെ അലർച്ച " സാംസ (അത് എച്ച്.ഡി.എഫ്. സി ബാങ്കിൽ ജോലി ചെയ്താൽ മാത്രം മനസ്സിലാകുന്ന ഒര സംബന്ധ കലാപരിപാടിയാണ്) ടാലിയായിട്ടില്ല.  ഇന്ന് രാത്രിക്ക് മുമ്പ് ടാലിയായില്ലെങ്കിൽ തിരിച്ചു വരമ്പോ ജോലി കാണില്ല." സ്വസ്ഥത പോയി. കുറ്റ്യാടിയിലിരിക്കുന്ന ഞാൻ ഏറണാകുളത്തെ ബാങ്കിലെ ആന്തരിക കണക്ക് പുസ്തകങ്ങൾ  നിർദ്ധാരണം ചെയ്ത് നേരെയാക്കണം. ആയില്ലെങ്കിൽ പണി ഗോപി.

മാഷ് പരിചയപ്പെടുത്തുകയാണ്, "ഇവൻ കുറച്ചോക്കെ വായിക്കും. ഓഷോവിൽ നല്ല വിവരമുണ്ട് " 

" വായന ഓഷോ മാത്രമാണോ?" ശ്രീ ഹാഷിം . ഷൗക്കത്തിന് ചിരി. എനിക്ക് നീരസം തോന്നി. "എന്താ ഇയാക്ക് ഓഷോയോടിത്ര പുച്ഛം? " "അങ്ങനോന്നൂല്ല." നനഞ്ഞ മറുപടി. രസകരമായ ഒരു ചർച്ചയിലേക്ക് അവർ മെല്ലെ കടക്കുകയാണ്. വെളിയിൽ പാറക്കടവിന്റെ ആകാശം ചുക ചുകന്നും ചാരമാർന്നും കറുപ്പിലേക്ക് മെല്ലെ ചുരണ്ടു കയറി.
എന്റെ തലയിലും വയറ്റിലും സാംസ കിടന്ന് പുളച്ചു.  ഷൗക്കത്തും , ഹാഷിം ക്കയും സൂപ്പി മാഷും നിഴലുകൾ മാത്രം.. ഒന്നും കേട്ടില്ല. '' മാഷെ ഞാൻ പോയിട്ട് വരാ"മെന്നു് ബേജാറോടെ വീട്ടിലേക്കോടി. ബേജാറിന്റെയും ബദ്ധപ്പാടിന്റെയും ദിനങ്ങളായിരുന്നല്ലോ. 

പിന്നെ വർഷങ്ങൾ പലത് കഴിഞ്ഞ്, റിമാ കല്ലിങ്കലും ആഷിക് അബുവും നടത്തുന്ന കഫേ പപ്പായ എന്നു പേരായ ചായക്കടയിലിരുന്ന് ലാവോത്സുവിനെ വായിച്ചപ്പോഴാണ് ഷൗക്കത്തിനെ കണ്ടത്. ഞാൻ സി.എ.ഐ.ഐ. ബി പരീക്ഷ തോറ്റ് ഇനിയീ പണിക്കില്ലെന്നു് പ്രതിജ്ഞയെടുത്ത് വരുന്ന വഴിയാണ് രാജകീയ ചായക്കടയിൽ ഇങ്ങനെ ഒരു പരിപാടിയുണ്ടെന്നറിഞ്ഞ് ഓടിക്കയറിയത്. നല്ല സദസ്സ്. സ്റ്റേജിൽ ചമ്രം പടിഞ്ഞിരുന്ന് താഴ് വരയുടെ സംഗീതം പകർന്നു തരുന്ന ഷൗക്കത്ത് . ഒറ്റ ബൾബിന്റെ വെളിച്ചം.. മറക്കാനാവാത്ത ചിത്രം. പരിപാടി കഴിഞ്ഞ് പരിചയം പുതുക്കാമെന്ന് കരുതിയപ്പോഴേക്കും ആൾക്ക് ചുറ്റും ആളുകൂടി. ആധുനിക വേഷധാരികളായ യുവതിയുവാക്കൾ . അത്തരക്കാരെ കാണുമ്പോഴേക്കും എന്റെ ആത്മവിശ്വാസത്തിന്റെ കാറ്റൊഴിയും. അധമ ബോധം ഫണം വിരിച്ചാടും. ഞാനോടി. ചിന്നം പിന്നം പെയ്യന്ന മഴ പോലും വകവെക്കാതെ.

പിന്നെ കണ്ടത് ഈയിടെ എന്റെ കൊച്ചു കൂട്ടുകാരൻ ശാക്കിറിന്റെ ( Shakir Eravakkad )ചിത്രകലാ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ.. കണ്ടിട്ട് കുറേ നാളായെങ്കിലും എന്റെ മുഖം മറന്നു പോയിട്ടില്ലെന്ന് ഷൗക്കത്ത് പറഞ്ഞു. അഭിമാനം തോന്നി. ഓർക്കാൻ തക്ക എന്തോ ഒന്ന്, ഞാൻ പുറത്ത് കാട്ടാൻ കൊള്ളില്ലെന്നുറച്ചു വിശ്വസിക്കുന്ന ഈ തലക്കുണ്ട് !

ഇപ്പൊഴിതാ കങ്ങരപ്പടിയിൽ, ആത് മോപദേശം പറഞ്ഞു കൊണ്ട് ഷൗക്കത്ത് വീണ്ടും. അതി ലളിത മനോഹരമായ വൈന്നേരം. അതിഗംഭീരമായാലപിക്കപ്പെട്ട ദൈവദശകം. ബുദ്ധിജീവിത്വം തീണ്ടാത്ത സദസ്സ്. ഉജ്വലമായി വെളിവാക്കപ്പെട്ട ആത്മോപദേശം. താഴ് വരയിൽ മിന്നുന്ന കോടി കോടി മിന്നാമിന്നികളെക്കാണാൻ കണ്ണിന്റെ സ്വാഭാവികാന്ധ്യം നീങ്ങും വരെ ക്ഷമിച്ച് കാത്തിരിക്കണം. പച്ചപ്പുല്ലിൽ മറഞ്ഞു പുഞ്ചിരിക്കുന്ന നാണം കുണു ങ്ങികളായ കുഞ്ഞു വയലറ്റ് പൂക്കളെ കാണാൻ കുനിഞ്ഞിരുന്ന് ക്ഷമയോടെ നോക്കണം. ഒരിക്കൽ തെളിഞ്ഞാലോ, താഴ്‌വാരം നിറയെ മിന്നാമിന്നികൾ മാത്രം, കുന്നുമൂടി വയലറ്റ് പൂക്കൾ മാത്രം. 

ക്ഷമ, സംയമം, ശ്രദ്ധ...

രമണമഹർഷിയെ കുറിച്ചുള്ള പുസ്തകം ഓട്ടോഗ്രാഫ് ചെയ്ത് വാങ്ങാൻ ചെന്നപ്പോൾ എന്റെ പേര് തിരക്കി. "പേരെപ്പൊഴും മറക്കും'' എന്നു പറഞ്ഞു. പേര് മറന്നോളൂ... കാണുമ്പോൾ തിരിച്ചറിഞ്ഞാൽ മതി. 

അല്ലെങ്കിൽ അതിനു മർഹതയില്ലാത്തവനല്ലേ ഞാൻ . ഒരു വലിയ സൗഭാഗ്യം ത്യജിച്ച് കളഞ്ഞവൻ. മദ്യ വ്യാപാരിക്ക് കണകെഴുതുന്ന കാലത്ത്, 94ൽ നിത്യ ഗുരു വിളിച്ചതാതാണ്. "മദ്യ വ്യാപാരിക്ക് കണക്കെഴുതിക്കൊടുക്കുന്നതിൽ പരം ദുരന്തം ജീവിതത്തിൽ സംഭവിക്കാനില്ല. കണക്ക് പുസ്തകം തിരികെക്കൊടുത്ത് ഫേൺ ഹില്ലിലേക്ക് വരിക. വരുന്ന പത്തു ദിവസം ഞാനിവിടെയുണ്ട്. വെറുതെ വന്നിട്ട് പോകാനല്ല. കുറേ നാൾ നിന്ന്, ജീവിതത്തിന്റെ ഉള്ളറകൾ തൊട്ടറിയാൻ'' ഞാനെഴുതിയ കത്തിന് അദ്ദേഹത്തിന്റെ മറുപടി ഇന്നും ഹൃദിസ്ഥം. ഞാൻ പക്ഷെ പോയില്ല. പ്രാരബ്ധമനുഭവിച്ചല്ലേ തീരൂ...

ഇന്നലെ വൈന്നേരം ഷൗക്കത്തിനേക്കാളും നിറഞ്ഞ്നിന്നത് റെജി യാണ്‌. എന്റെ പൊട്ടച്ചോദ്യങ്ങൾ ഷൗക്കത്തിനെപ്പോലെ ഒരാളോട് ചോദിക്കുന്നതിന് പരിധി യുണ്ടല്ലോ! റജിയോട് എനിക്കെന്തും ചോദിക്കാം എന്തും പറയാം... 

ഇന്ന് എച്ച് ആൻഡ്സിയിലെ പരിപാടി ബുദ്ധിജീവി ബാഹുല്യത്താൽ സംപുഷ്ടമായിരുന്നു. മൂന്നു നാളുകളിൽ ഏറ്റവും ദീർഘമായ പരിപാടി.. ഞാനും ചോദിച്ചു ഒരു പൊട്ടച്ചോദ്യം. ഇടിവെട്ടിത്തുള്ളിപ്പെയ്ത മഴയുടെ അകമ്പടിയോടെ എനിക്കും കിട്ടി തക്കതായ മറുപടി. 

നാളെ വൈകീട്ട് പ്രതീക്ഷിച്ചിരിക്കാനൊന്നുമില്ല. പക്ഷെ നുണയാനുണ്ട്, കഴിഞ്ഞ മൂന്ന് നാളിന്റെ മധുരം.

പ്രിയ ഷൗക്കത്ത്, ധന്യമായ മൂന്ന് വൈകുന്നേരങ്ങൾക്ക് നന്ദി. അന്ധമായിരുന്ന എന്റെ കണ്ണുകളിൽ ഇന്നല്പം വെട്ടമുണ്ട്.

No comments:

Post a Comment