യാതനകളുടെ പുസ്തകം മലയാളിക്ക് ആടുജീവിതമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ടപുസ്തകങ്ങളിലൊന്ന്.
എനിക്ക് പക്ഷെ ആ പുസ്തകം വായിച്ചതുകൊണ്ടുണ്ടായ ഗുണം, ശാന്താറാമിനെക്കുറിച്ച് അറിയാൻ കഴിഞ്ഞു എന്നതാണ്. ആടുജീവിതത്തിന്റെ ആമുഖത്തിലാണെന്ന് തോന്നുന്നു, കൃത്യമായി ഓർമ്മയില്ല, ഗ്രിഗറി ഡേവിഡ് റോബേർട്ട്സിന്റെ ശാന്താറാമോളം മഹത്തായ കൃതിയാണ് ആടുജീവിതം എന്ന് പ്രസ്താവിച്ചിരുന്നു. ശാന്താറാം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ആടുജീവിതത്തോട് അത്യധികമായ കൃതജ്ഞതയാണ് തോന്നിയത്. ശാന്താറാം വായിപ്പിച്ചതിന്.
ശാന്താറാം സാക്ഷ്യപ്പെടുത്തുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയെ, ജീവിതത്തോടുള്ള അദമ്യമായ അഭിനിവേശത്തെ, സ്വാതന്ത്ര്യത്തോടുള്ള ഒടുങ്ങാത്ത ദാഹത്തെ ഒക്കെയാണ്. ഒരു നോവലായല്ല നാമത് വായിക്കുക. ഗ്രിഗറി ഡേവിഡ് റോബേർട്ട്സ് എന്ന മനുഷ്യന്റെ പച്ചയായ ജീവിതമായാണ്. നോവലിൽ പറയുന്നത്, എഴുതുന്നയാളിന്റെ ജീവിത സാഹചര്യങ്ങളാൽ സ്വാധീനിക്കപ്പെട്ട കാര്യങ്ങളാണെന്ന പ്രസ്താവനയോടെ തുടങ്ങുന്ന കൃതിയിൽ, ആസ്ട്രേലിയലിലെ കുപ്രസിദ്ധ ബാങ്ക് കവർച്ചക്കാരനും മയക്കുമരുന്നിനടിമയുമായ റോബർട്ട്സ് പകൽ വെളിച്ചത്തിൽ തടവറയിൽ നിന്ന് രക്ഷപ്പെടുന്നു. ലിൻഡ്സെ ഫോർഡ് എന്ന വ്യാജ നാമത്തിലുള്ള പാസ്പോർട്ടുമായി മുംബെയിൽ എത്തിച്ചേർന്ന അയാൾ ആ മഹാനഗരത്തിലെ ജനങ്ങളും സംസ്കാരവുമായി ഇഴുകിച്ചേരുന്നു. ചേരികളിൽ ജീവിക്കുന്നു, അധോലോകവുമായി കൂട്ടുകൂടുന്നു, സിനിമയിൽ എക്സ്ട്രാ നടനായി അഭിനയിക്കുന്നു, മറാഠി അനായാസേന സംസാരിക്കാൻ പഠിക്കുക പോലും ചെയ്യുന്നു... മുംബൈ മഹാനഗരത്തിന്റെ വർണ്ണങ്ങൾ, ഇരുട്ടറകൾ, സ്നേഹസാഗരങ്ങൾ ഒക്കെ സംഭവബഹുലമായ തന്റെ ജീവിതകഥയിലൂടെ കഥാകാരൻ നമുക്ക് കാട്ടിത്തരുന്നു. ഒപ്പം അതിജീവനത്തിനുള്ള മനുഷ്യന്റെ അടങ്ങാത്ത ആവേശവും ദാഹവും പിടച്ചിലും
അതിജീവനത്തിന്റെ കഥ പറയുന്ന, ഇതിനേക്കാളൊക്കെ പ്രശസ്തമായ, അത്മകഥാപരമായ നോവലാണ് ഹെന്റി ഷാരിയറിന്റെ പാപ്പിയോൺ. ശാന്താറാം എഴുതിയ ഗ്രിഗറി ഡേവിഡ് റോബേർട്ട്സിനെ പോലെ ഷാരിയറും ഒരു കുറ്റവാളിയായിരുന്നു.
ഫ്രെഞ്ച് ഭാഷയിൽ പാപ്പിയോൺ എന്നാൽ ചിത്രശലഭം എന്നാണ് അർത്ഥം.
പാപ്പിയോൺ, സ്വതന്ത്ര മനുഷ്യനായി ജീവിക്കണമെന്ന ഒരു വ്യക്തിയുടെ തീവ്രാഭിലാഷങ്ങളുടെ ചോരയിൽ ചാലിച്ച വിവരണമാണ്. ഹെന്റി ഷാരിയർ എന്ന ജീവപര്യന്തക്കാരന്റെ ആത്മകഥയാണ് പാപ്പിയോൺ. നിരപരാധി എന്നവകാശപ്പെട്ടിരുന്ന പാപ്പിയോണിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് കോടതി അയാളെ ജീവപര്യന്തം കഠിന
തടവിന് ശിക്ഷിച്ച് ഫ്രെഞ്ച് ഗയാനയിലേക്ക് അയച്ചു. ഷാരിയർ ഇരുണ്ട ജയിൽമുറികളിലിരുന്ന് ഓരോ നിമിഷവും തന്നെ ചൂഴുന്ന നരകതുല്യമായ ജീവിതത്തിൽ നിന്ന് രക്ഷപെടണം എന്നു മാത്രം ചിന്തിച്ചു. 13 വട്ടം ജയിൽചാടി. പിടിക്കപ്പെട്ടു.. പിടിക്കപ്പെടുമ്പോഴും ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങുമ്പോഴും അയാൾ ചിന്തിച്ചിരുന്നത് അടുത്ത രക്ഷപെടലിനെ കുറിച്ചായിരുന്നു.. ധീരമായ അത്യന്തം ത്യാഗപൂർണ്ണമായ ശ്രമങ്ങൾക്കൊടുവിൽ പാപ്പിയോൺ ചെറു ചങ്ങാടങ്ങളിൽ സമുദ്രം താണ്ടി.. വിവരിക്കാൻ സാധ്യമല്ലാത്ത നരകയാത്രക്കൊടുവിൽ വെനിസ്വേലയിലെത്തി പുതിയ ഒരു ജീവിതം ആരംഭിച്ചു.
ഒരു കുറ്റവും ചെയ്യാതെ തടങ്കലിലാക്കപ്പെടുമ്പോഴുള്ള, മൃത്യുവിനും ജീവിതത്തിനുമിടയിൽ പെട്ടുഴലുന്നതിന്റെ നിസ്സഹായാവസ്ഥ അക്കാഡമി അവാർഡിനർഹമായ തന്റെ തക്കിജ്ജയിലൂടെ ജയചന്ദ്രൻ മൊകേരിയും അതിമനോഹരമായി പറയുന്നു.
ഇന്നലെ, ബാലൻ തളിയിലിന്റെ, 'തെരുവിൽ നിന്നൊരാൾ ' വായിച്ച് നിർത്തുമ്പോൾ, അകക്കാമ്പിൽ തീ കോരിയിട്ട രണ്ടു നാളുകൾക്കാണറുതിയായത്. തിന്നാനും ഉറങ്ങാനും സ്വസ്ഥതയുടെ തണൽമരച്ഛായ എന്നുമുണ്ടായിരുന്ന എന്നെപ്പോലൊരാൾക്ക് ഇടർച്ചയോടെയല്ലാതെ ബാലേട്ടൻ (അങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ അയൽദേശക്കാരനായ എനിക്കുണ്ടെന്ന് ഞാൻ സ്വയം തീരുമാനിക്കുന്നു) നടന്നു താണ്ടിയ കനൽവഴികളെക്കുറിച്ച് വായിക്കാനാവില്ല.
പുസ്തക പ്രകാശന ദിവസം യദൃശ്ചയാ കുറ്റ്യാടിയിൽ എത്തിച്ചേരാനും പുസ്തകത്തിന്റെ ഒരു പ്രതി സമ്പാദിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യങ്ങളിലൊന്നായി ഇപ്പോൾ ഞാനറിയുന്നു.
ജീവിതം നൽകിയ കൊടും യാതനകളെ നർമ്മം ചാലിച്ച കഥകളായി നമുക്ക് തന്നത് വൈക്കത്തെ സുൽത്താനാണ്. ബാലേട്ടനാവട്ടെ ജീവിതം തരുന്ന വെല്ലുവിളികളെ കാണുന്നത് തികച്ചും നിർമമനായാണ്. കൂട്ടുകാരൻ അമ്മതി നോടൊപ്പം ആരോ ഉപേക്ഷിച്ചു പോയ കാടുപിടിച്ച അംബാസിഡർ കാറിനകത്ത് ഇരവ് താണ്ടിയിരുന്ന കാലത്ത് , കാറിന്റെ പൊട്ടിപ്പൊളിഞ്ഞ മേൽപ്പാളിക്കുള്ളിലൂടെ മേഘമാലകൾ നീങ്ങിപ്പോകുന്നത് കണ്ടുറങ്ങാൻ കഴിഞ്ഞിരുന്നു എന്നു പറയുന്നിടത്ത് ഈ നിർമമതയല്ലാതെ എന്താന്ന് പ്രത്യക്ഷമാവുന്നത്?
എന്നു കരുതി ഒരു വികാരവുമില്ലാതെ പറഞ്ഞു പോകുന്ന അക്ഷരങ്ങളുടെ കൂട്ടിവെപ്പ് മാത്രമാണ് തെരുവിൽ നിന്നൊരാൾ എന്ന് കരുതരുത്. തീവണ്ടിയിലിരുന്ന് വായിക്കുകയായിരുന്ന ഞാൻ, കണ്ണീര് സഹയാത്രികരിൽ നിന്ന് മറയ്ക്കാൻ പലപ്പോഴും പാടുപെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അമ്മയെ ക്കുറിച്ചുള്ള ഓർമ്മകൾ. പുസ്തകത്തിലുടനീളവും, 'അമ്മ' എന്ന അദ്ധ്യായത്തിൽ പ്രത്യേകിച്ചും, തന്റെ പലായനത്തിലൂടെ താൻ അമ്മയോട് അഹിതം പ്രവർത്തിച്ചില്ലേ എന്ന ശങ്ക ഞാൻ വായിച്ചു. അമ്മ മരിച്ചപ്പോഴും സമയത്തിനെത്തി അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും ബാലേട്ടനായില്ല. വിങ്ങിവിങ്ങി നിന്ന നെഞ്ചുമായി അമ്മയുടെ കുഴിമാടത്തിന് സമീപം നിന്ന ബാലേട്ടനോട് അമ്മാവൻ പറയന്നു. " ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട മക്കളാണ് മരണസമയത്ത് അടുത്തില്ലാതെ പോവുക'' അന്നേരം ബാലേട്ടൻ പ്രാർത്ഥിക്കുന്നുണ്ട്, 'അത് സത്യമായിരിക്കണേ...! ഞാൻ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ടവനായിരിക്കണമേ...!' വറുതിക്കാലത്തേക്കായി 'നുള്ളിയിട്ടു' വച്ച അരി നിർത്താതെ മഴ പെയ്ത് 'ഇടംവലം തിരിയാൻ ഗതിമുട്ടുന്ന' ദിവസങ്ങളിലിൽ അമ്മ പുറത്തെടുക്കുമായിരുന്നു. വറുതിയുടെ ദിനങ്ങൾ അതിജീവിച്ചത് അമ്മ മിച്ചം വച്ച ആ അരിയുടെ കഞ്ഞി കുടിച്ചായിരുന്നു. അമ്മ നുള്ളിയിട്ടു വച്ച സ്നേഹം പകരാൻ മരണ നേരത്ത് ആ അമ്മ ബാലേട്ടനെ ചുറ്റിലും പരതി , പ്രയാസപ്പെട്ട് അദ്ദേഹത്തിന്റെ പേരു വിളിക്കാൻ നോക്കി...
" എന്നെപ്പോലെ മറ്റൊരു മക്കളും അമ്മയെ കണ്ണീര് കുടിപ്പിച്ചിട്ടില്ല" എന്ന, പുസ്തകമാകെ പരന്നു നിൽക്കുന്ന തേങ്ങൽ, ഈ അദ്ധ്യായത്തിൽ ഉച്ചസ്ഥായിയിലെത്തുന്നു.
ബാലേട്ടൻ അവിശ്വാസിയാണെന്ന് ഇടയിലെവിടെയോവായിച്ചു. മലക്കുകളുടെ സംഗീതം എന്നൊരു അദ്ധ്യായമുണ്ടീ പുസ്തകത്തിൽ. മരുഭൂമിയിലുണ്ടാവുന്ന എല്ലാ അപശബ്ദങ്ങളും മലക്കുകളുണ്ടാക്കുന്നതാണെന്ന് പറയുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു ബാലേട്ടന് . മസറയിൽ ഏകനായിക്കഴിഞ്ഞിരുന ഒരു രാത്രി മരുഭൂമി അപശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. ജിജ്ഞാസുവായ ബാലേട്ടന് അനുരാഗവിവശരായ മലക്കുകളുടെ സംഗീതത്തിന്റെ ഉറവിടം അന്വേഷിക്കാതിരിക്കാനായില്ല. ഒടുക്കം മനസ്സിലായി. ചൂളം കുത്തി ആഞ്ഞുവീശിയ കാറ്റ് മസറക്ക് സമീപമുള്ള അഗാധമായ കിടങ്ങിലേക്ക് കാൽ തെറ്റി വീഴുന്ന ഒച്ചയാണ് സംഗീതവും നിലവിളിയും കൂട്ടക്കരച്ചിലുമായി ഉയരുന്നത്.
പ്രപഞ്ചത്തിന്റെ അനന്ത ശബ്ദങ്ങളുടെ ഉറവിടം തേടിയുള്ള കലാകാരന്റെ നിലക്കാത്ത പ്രയാണത്തിനിടയിൽ ഊർന്നു വീണ്ടു പോകുന്ന നക്ഷത്ര ധൂളികളാണ് അവന്റെ കലാസൃഷ്ടികളെന്ന് ഞാൻ വിശ്വസിക്കുന്നു.
ബാലേട്ടൻ നിറഞ്ഞനുഭവിച്ച ദീർഘയാനത്തിനിടയിൽ വീണു കിട്ടിയ കൊടും യാതനയുടെ, വിശപ്പിന്റെ, ഭീതിയുടെ, കണ്ണീരിന്റെ, നിസ്സഹായതയുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ അനർഘ നിമിഷങ്ങൾ നിറച്ചു വച്ച ഈ പുസ്തകം ഗംഭീരമായ ഒരു വയാനാനുഭവമാണ്.
ഒരു മരു യാത്രയിൽ കൈവന്ന അനർഘ നിമിഷത്തെക്കുറിച്ച് ബേപ്പൂർ സുൽത്താൻ ഒട്ടും ഫലിതം ചേർക്കാതെ വിവരിക്കുന്നുണ്ട്. പൗർണ്ണമിയുടെ നിറവിൽ നിർന്നിമേഷനായി നിന്നു പോയ ബഷീർ, ഞാനും അതും രണ്ടല്ലെന്നറിഞ്ഞ്, മൻസൂർ ഹല്ലാ ജിനെപ്പോലെ അനൽ ഹഖ് എന്ന് മന്ത്രിച്ച് പോകുന്നുണ്ട്.
അങ്ങനെ ഒരാത്മീയത തെരുവിൽ നിന്നൊരാളിലും ഞാൻ വായിക്കുന്നുണ്ട്. താൻ സഹിച്ച യാതനകളെ കുറിച്ച് അല്പം പോലും വേദനയോടെയല്ല ബാലേട്ടൻ ഓർത്തു പറയുന്നത്. ഓരോ വാക്കിലും തികഞ്ഞ ചാരിതാർത്ഥ്യവും തൃപ്തിയും. എഴുത്തച്ഛൻ വേദാന്തം അതിലളിതമായി പത്തീരടികളിൽ പറഞ്ഞു വെച്ചിടത്ത് മനുഷ്യാനുഭവങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു. "സുഖവും ദുഃഖവുമനുഭവ കാലം പോയാൽ സമമിഹ നാരായണ ജയ"
അനുഭവ കാലം കഴിഞ്ഞ്, പക്വമായ തന്റെ ഓർമ്മകളെ നിർമ്മമനായി നോക്കി കാണുകയാണ് ബാലേട്ടനിവിടെ.
ഇത്രയെങ്കിലും എഴുതിയില്ലെങ്കിൽ ഈ പുസ്തകം സമ്മാനിച്ച അനുഭൂതികളോട് ഞാൻ ചെയ്യുന്ന നന്ദികേടാവും. ഈ എളിയ വായനയിലെ അപാകതകളെ എന്റെ ജ്യേഷ്ഠ ഭ്രാതാവ് പൊറുക്കട്ടെ.
പാപ്പിയോണിനൊപ്പം, ശാന്താറാമിനൊപ്പം, തക്കിജ്ജയോടൊപ്പം തെരുവിൽ നിന്നൊരാളും ഞാൻ നെഞ്ചോട് ചേർക്കുന്നു.
No comments:
Post a Comment