Saturday, February 1, 2020

കുറൈ ഒൻറും ഇല്ലൈ - ചിന്ത

രണ്ടു കീർത്തനങ്ങൾ ; കേട്ടാലും കേട്ടാലും മതിവരാത്തവ. 

കരുണ ചെയ് വാൻ എന്തു താമസം കൃഷ്ണാ...... 

പിന്നെ 

കുറൈ ഒൻറും ഇല്ലൈ മറൈമൂർത്തി കണ്ണാ ....

ആദ്യത്തേത് ഇരയിമ്മൻ തമ്പിയാണെഴുതിയത്. എവിടെയോ മറഞ്ഞു കിടന്നിരുന്ന ഈ കൃതി, തിരുവാതിരക്കളിപ്പാട്ടായി മാത്രം ഉപയോഗിച്ചു പോന്നിരുന്ന കാലത്ത് പ്രൊഫസർ എസ് ഗുപ്തൻ നായരുടെ നിർദ്ദേശപ്രകാരം ചെമ്പൈ വൈദ്യനാഥ ഭാഗവതർ തന്റെ കച്ചേരികളിൽ ഉൾപ്പെടുതുകയായിരുന്നുവെന്ന് ഒരു കഥ കേട്ടിട്ടുണ്ട്. അതിന്റെ വാസ്തവം എന്തായാലും, ഭാഗവതർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിൽ ഒന്നായിരുന്നു ഇതെന്നതിന് തർക്കമില്ല. തുടക്കത്തില്‍ ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയിരുന്ന ഈ കൃതി  യദുകുലകാംബോജി രാഗത്തിൽ പാടി ജനപ്രിയമാക്കിയത് അദ്ദേഹമാണ്. തന്റെ എല്ലാ കച്ചേരികളിലും ചെമ്പൈ ഈ കീർത്തനം ഉൾപ്പെടുത്തുമായിരുന്നു. 1974 ഒക്ടോബർ 14 ന് അദ്ദേഹം മരിക്കുന്നതിന് മുമ്പ് അവസാനമായി പാടിയ കീർത്തനവും ഇതു തന്നെ.   

https://youtu.be/w4wMDeIrzd0

രണ്ടാമത്തേതിന്റെ വേരുതേടിച്ചെന്നപ്പോഴാണ് അക്ഷരാർത്ഥത്തിൽ പകച്ചു പോയത്. അതി മനോഹരമായ ഈ ഗാനം രചിച്ചത് സി. രാജ ഗോപാലാചാരിയാണ്. ഇന്ത്യയുടെ ഗവർണ്ണർ ജനറൽ, രാഷ്ട്രീയ നേതാവ്, സ്വാതന്ത്ര്യ സമര സേനാനി, എന്നിങ്ങനെ ഒരു പാട് വിശേഷണങ്ങൾക്കർഹനായ രാജഗോപാലാചാരി രചിച്ച ചുരുക്കം ചില ഗാനങ്ങളിൽ ഒന്നാണ് ഈ കൃതി. സംഗീത ചക്രവർത്തിനി, എ.എസ്. സുബ്ബലക്ഷമി പാടിയാണ് ഈ ഗാനം ആദ്യമായി ഞാൻ കേട്ടത്. അമൃതപ്രവാഹം...

ഭക്തിരസ പ്രധാനമായ മറ്റു കൃതികളിൽ നിന്ന് ഇത് വ്യത്യസ്തമാണ്. മറ്റുള്ളവയിൽ മിക്കതും ഭഗവാനോടുള്ള അർത്ഥനയാകുമ്പോൾ ഇത് സച്ചിതാനന്ദ സ്വരൂപത്തോടുള്ള നന്ദി പറയലാണ്. 'ഭവാനേ എനിക്ക് പരാതി ഒന്നുമില്ല'

ശിവരഞ്ജിനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം താഴെ കേൾക്കാം.
https://youtu.be/LkIKWN_JpYo

രണ്ടു പാട്ടിന്റേയും അർത്ഥം കുറേ നാളായി മനസ്സിലിട്ട് കടഞ്ഞു. 

ഞാൻ രാജഗോപാലാചാരിക്കൊപ്പമാണ്.

കരുണ ചെയ് വാൻ ഒട്ടും താമസം നിയതിയിൽ നിന്നു് എനിക്കുണ്ടായിട്ടില്ല. വേണ്ടപ്പൊഴെല്ലാം വേണ്ടത് തന്ന് പരിപാലിച്ചു പോന്നിട്ടേയുള്ളൂ. അനുഭവ കാലത്ത് ഇതെനിക്ക് വരേണ്ടതല്ലല്ലോ എന്നാലോചിച്ച പലതും, ആ കാലം കഴിയുമ്പോൾ അങ്ങനെ വന്നത് എന്തു നന്നായി എന്നു മറിച്ച് ചിന്തിക്കേണ്ടി വന്നിട്ടുണ്ട്.   

എല്ലാം തരുന്ന അമ്മയായി വിളങ്ങുന്ന കരുണാസാഗരത്താനോട് എനിക്ക് ഒട്ടും പരാതിയില്ല.

കുറൈ ഒൻറും ഇല്ലൈ മറൈമൂർത്തി കണ്ണാ ....

No comments:

Post a Comment