Saturday, February 1, 2020

കൂട

ഇതെന്തൊരു കുടയാണ്. 
നാശം. വല്ലാത്ത നീളം. ഭാരം . തുണി നനയുമ്പോൾ  പഴകിയ മാംസത്തിന്റെ നാറ്റം. എടുത്തു പൊക്കി നടക്കാൻ തന്നെ വലിയ പാട്. ബസ്സിന്റെ സീറ്റിനു പിന്നിലെ കമ്പിയിൽ തൂക്കിയിടാൻ നീളക്കൂടുതൽ കാരണം സാധിക്കുന്നില്ല.  എല്ലായ്പോഴത്തെയും പോലെ തെരഞ്ഞെടുപ്പിൽ വന്ന പിഴയാണെന്ന് സമാധാനിച്ച് എന്റെ മേൽ കുറ്റമാരോപിച്ച് സർവം സഹ മനോഭാവം കൈക്കൊള്ളാൻ ഈ കുടയുടെ കാര്യത്തിൽ സാധ്യമല്ലല്ലോ. ക്ഷണിക്കാതെ, തെരഞ്ഞെടുക്കാതെ, ഇവൻ ജീവിതത്തിലേക്ക് കയറി വന്നതല്ലേ! മരണത്തെ പോലെ. 

 ശനിയാഴ്ച വീട്ടിലേക്കുള്ള എല്ലാ ബസ്സിലും തിരക്കായിരിക്കും. ഹൈക്കോർട്ട് സ്റ്റോപ്പിൽ നിന്ന് കയറിയാൽ സീറ്റ് കിട്ടും, സാധാരണ ഗതിയിൽ. അന്ന് വന്ന ബസ്സിലൊന്നും സീറ്റില്ല. ഞാൻ സാധാരണയിലും ഇച്ചിരി വൈകിയിരുന്നല്ലോ. പ്രസിഡന്റ് വന്നതിനാലാകണം നിരത്തിലെ ഗതാഗതം മുഴുക്കെ താറുമാറായിരുന്നു. ത്രിപ്പൂണിത്തുറക്കുള്ള ബസ്സുകളൊക്കെ വൈറ്റിലയിലെ നരകക്കുരുക്ക് പേടിച്ച് ഓട്ടം നിർത്തിയെന്ന് തോന്നുന്നു.  വേറെ പണിയൊന്നുമില്ലാത്തതിനാൽ പല രീതിയിലും വേഗത്തിലും ഓടുന്ന വണ്ടികൾ നോക്കി നിലകൊണ്ടു.. മൂന്ന് ചക്രം, നാല് ചക്രം , ആറ് ചക്രം, രണ്ട് ചക്രം.... പെഡല് ചവിട്ടിത്തിരിച്ച്, മനുഷ്യോർജ്ജം നേരിട്ട് ചെലുത്തി പായിക്കുന്ന സൈക്കിളിനെ മാത്രം കണ്ടില്ല. പാവം !! എന്ത് പാവം. അവന്റെ രൂപഭാവാദികൾ ആകെ മാറിയിരിക്കുന്നു. അഹംഭാവിയായിരിക്കുന്നു . പണ്ട്, അച്ഛനെനിക്ക്  നൂറുരൂപക്ക് വാങ്ങിത്തന്ന സെക്കന്റ് ഹാന്റ് റാലി സൈക്കിൾ ഓർമ വന്നു. എത്രയെത്ര കുന്നിൽ പുറങ്ങളിൽ അവനെന്നെ കൊണ്ടു പോയില്ല !! എത്ര ദൂരം ഞങ്ങളൊന്നിച്ച് താണ്ടിയില്ല !! സുമനോഹര മദ്ധ്യവേനലുകൾ .. ചുട്ടപകലുകൾ , കാപ്പിപ്പൂ മണം.. സൈക്കിളിരുന്ന് നോക്കുമ്പോൾ എല്ലാ കുമാരികളും സുന്ദരികൾ. ജീവിതം പ്രണയ സുരഭിലവും യൗവന തീഷണവുമായിരുന്ന  എൻെറ  പച്ച റാലി സൈക്കിൾ കാലം! പലതവണ വീഴിച്ച്, കാൽമുട്ടിലെ, വിരലുകളിലെ, തുടയിലെ , തൊലി കളഞ്ഞിട്ടുണ്ടെങ്കിലും അവനെന്റെ പ്രിയനായിരുന്നു. അഞ്ചിലേറെ വർഷക്കാലം എന്റെ ചവിട്ടു കൊണ്ട അവനെ, കൗശലക്കാരനായ ഒരയൽക്കാരൻ എന്റെ അഭാവത്തിൽ അച്ഛന്റെ കയ്യിൽ നിന്ന് ചുളുവിലക്ക് തട്ടിയെ ടുക്കുകയായിരുന്നു. 

ഇപ്പഴത്തെ സൈക്കിളിനെ കുറിച്ച് ആലോചിക്കുമ്പോ പേടിയാകും.  നേരിയ ചക്രങ്ങൾ. കാളക്കൊമ്പു പോലത്തെ ഹാന്റിൽബാർ. ചക്രത്തിനകത്ത് ചെയിൻ മുട്ടുന്നിടത്ത് ഗിയർ എന്ന പേരിൽ എന്തൊക്കെയോ കോപ്രായങ്ങൾ .. സഹിക്കാൻ കഴിയില്ല. അതി ലളിതമായ സൈക്കിൾ എന്ന വാഹനത്തെ ളങ്ങനെയാക്കി മാറ്റേണ്ടിയിരുന്നില്ല. ആരോട് പറയാൻ ... അന്നു് അച്ഛൻ ചെലവാക്കിയ നൂറ് രൂപയുടെ സ്ഥാനത്തിപ്പോൾ പതിനായിരം രൂപ, ചുരുങ്ങിയത് ... അല്ലാഹുവേ.. 

അല്ലാഹുവിനെ വിളിച്ചതും ഒരു ചങ്ങാതി കാറോടിച്ചു വന്നു് എന്റെ മുന്നിൽ സഡൺ ബ്രേക്കിൽ ചവിട്ടി നിർത്തി ക്രീ...ച്ച് .. എന്ന് ശബ്ദമുണ്ടാക്കി. "കടവന്ത്ര വരെ ഞാനുണ്ട്. ഫിലോസഫി പറഞ്ഞ് ബോറടിപ്പിക്കില്ലെങ്കിൽ ലിഫ്റ്റ് തരാം" ഇടതുവശത്തെ ചില്ലു വാതിൽ പാളി താഴ്തി മെല്ലെയെൻ പേര് ചോല്ലി അവൻ സഹായഹസ്തം നീട്ടി. ഫിലോസഫിയോ അതെന്താണ്? കാലോയ്ക്ക് എന്താ വില? എന്നൊക്കെ ചോദിക്കുകയും, കടഞ്ഞെടുത്തചൂരൽ കാലുള്ള കാലൻ കുട, ചോറ്റുപാത്രബേഗ്, ആപ്പീസ് സഞ്ചി എന്നിവ പിറകിലെ സീറ്ററിൽ വലിച്ചെറിഞ്ഞ്, കാറിൽ കയറി, ഹൈകോർട്ട് സ്റ്റോപ്പ് മുതൽ കടവന്തറ ജംഗ്ഷൻ വരെ ജഗതി തമാശകൾ പറഞ്ഞത് അവനെ കുടുകുടാ ചിരിപ്പിക്കുകയും ചെയ്തു. ഞാനൊരു ഭയങ്കര കോമഡിക്കാരനാണെന്ന് ധരിച്ച് അവൻ ഈ യാത്രക്കിടയിൽ  വശായി. ( വ്യാകരണപ്പിശകല്ല. കരുതിക്കൂട്ടിയ നവപ്രയോഗമാണ് ) ഇന്ന് ഡിസി ബുക്സിൽ നിന്ന് ഡൗൺലോഡ് ചെയ്ത മീശയുടെ ഈ- ബുക്ക്, വായനയേൽക്കാതെ എന്റെ മൊബൈൽ ഫോണിൽ ഞെരിപിരി കൊള്ളുകയാണെന്ന് അവനറിയില്ലല്ലോ. ബസ്സിൽ പോകുന്നത് തന്നെ വായിക്കാനാണല്ലോ.  പക്ഷെ യാത്രയൊടുക്കം  കടവന്തറയിൽ കാർ നിർത്തി എന്നെ ഇറക്കിവിടുമ്പോൾ അവൻ പറഞ്ഞ വാക്കുകൾ എന്റെ ഗ്രഹണി പിടിച്ച് കുർത്ത നെഞ്ചിൽ തുളഞ്ഞു കയറി. "തനിക്കീ അറു പിശുക്ക് നിർത്തി ഒരു കാറ് വാങ്ങിക്കരുതോ? ആർക്ക് വേണ്ടിയാ ഈ സമ്പാദിച്ച് കൂട്ടുന്നത്?" വെള്ളിടി കണക്കെയാണാ ചോദ്യം എന്റെ മേൽ പതിഞ്ഞത്. വാടിയ മുഖം അവനിൽ നിന്ന് മറച്ചു വെക്കേണ്ടതുണ്ടായിരുന്നതിനാൽ ഞാൻ യാത്ര പറഞ്ഞില്ല.  

പത്തു രൂപക്ക് ഒരു കൂട് കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ട് പറ്റിയൊരു ബസ്സിന്റെ വരവും കാത്ത് നിന്നു. ഹും.. പത്ത് രൂപാ ! ഒരു കൂട് കടലക്ക് അമ്പത് പൈസയായിരുന്നു. സന്ധ്യക്ക് കുറ്റ്യാടിയങ്ങാടിയിലെ കസർത്തുകൾക്ക് ശേഷം മുതുക് വളഞ്ഞ അമ്മത്ക്കയുടെ വണ്ടിയിൽ നിന്ന് ഒരു പൊതി വറുത്ത നെലക്കടലയും വാങ്ങി കട്ടൻ കോട്ടുമ്മ ലേക്കുള്ള നടപ്പ്. എളുപ്പം തീർന്നു പോകാതിരിക്കാൻ, ഒരു മണി കടലയെടുത്ത്, തൊലി ഞെരടിക്കളഞ്ഞ് അത് രണ്ടായിപ്പകുത്ത് കുറേശ്ശെ കുറേശ്ശെ തിന്ന് കൊണ്ട് നടന്നാലും കുമ്പളം അങ്ങാടി എത്തുമ്പോഴേക്ക് കടല തീരും. മോഹനം ഒരു കാലം. 

പിറവത്തേക്കുള്ള ഒരു ബസ്സാണ് കിട്ടിയത്.  ആള് കുറവ്. എന്നു വച്ചാൽ സുഖമായി നിൽക്കാം. ഇതെന്താ ലേഡീസ് ബസ്സാണോ? എല്ലാ സീറ്റിലും തരുണികൾ . പിറകിലെ നീണ്ട സീറ്റിൽ മാത്രം അഗതികളുടെ മുഖവുമായി കുറച്ച് പുരുഷ പ്രജകൾ. അവരെന്നെ നോക്കുന്നു.  മങ്ങിയ വെളിച്ചമേ പഴകിയ, ശബ്ദായമാനയായ ബസ്സിലുള്ളൂ. സൂക്ഷിച്ചു നോക്കിയപ്പോൾ പിറകിൽ ഇടത്തെ ടയറിനു മുകളിൽ ഒരു സീറ്റ് കാലി.    സീറ്റിന്റെ അകാലിയായ (കാലിയല്ലാത്ത എന്ന് തർജ്ജമ) ഭാഗത്ത് ഒരു തടിച്ചിത്തരുണി ഇരിക്കുന്നു. അതിനടുത്ത് തന്നെ ഒരു പുരുഷപ്രജ കമ്പിയിൽ തൂങ്ങി നിൽപ്പുണ്ട്, ഇരിക്കണോ വേണ്ടയോ എന്ന മട്ടിൽ. താമസിച്ചാൽ സീറ്റ് നഷ്ടപ്പെടുമെന്നപേടിയോടെ ഞാൻ ഓടി അടുത്തെത്തി,  തരുണിയോട് ഇരുന്നോട്ടേ എന്ന് ചിരിച്ചു. ട്യൂ ങ്ങ്... അവൾ തടിച്ച കാലുകൾ വലത്തോട് തിരിച്ച്, തോളുകൾ മടക്കി , ഇടത്തെ കൈ കൊണ്ട്  വലതുതോളിനു മുകളിലൂടെ സീറ്റിനുപിറകിലെ കമ്പിയിൽ പിടിച്ചമർന്നു് എനിക്ക് ഉള്ളിലേക്ക് കയറാൻ വഴിയൊരുക്കി. ബസ്സിൽ യാത്ര ചെയ്യുന്ന ഹതഭാഗ്യർക്കറിയാം  ടയറിനു മുകളിലുള്ള സീറ്റിൽ കയറിപ്പറ്റാനുള്ള ബദ്ധപ്പാട്. അതും അറ്റത്ത് ആളിരിക്കുമ്പോൾ. എന്റെ കയ്യിലാണെങ്കിൽ പിടിപ്പതിന് സാധനങ്ങളുമുണ്ട്. ചൂരൽ കുട, ചോറ്റുപാത്ര ബേഗ്, ആപ്പീസ് ബാഗ്... ആദ്യം ഞാൻ കുട സൈഡിലെ കമ്പിയിൽ തൂക്കി . പിന്നെ മെല്ലെ മെല്ലെ ഉള്ളിലേക്ക് കയറാനുള്ള ശ്രമമായി. മുമ്പിലെ സീറ്റിന്റെ കമ്പിയിൽ പിടിച്ച് തരുണിയുടെ ദേഹത്ത് മുട്ടാതെ... ഈ വയസ്സനെ അവളെന്തിനാണിങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? ഉള്ളിലോട്ട് നീങ്ങിയിരിക്കാൻ അവളിപ്പോൾ സ്വീകരിച്ചിരിക്കുന്ന ശാരീര കാവസ്ഥയുടെയത്ര ബുദ്ധിമുട്ടില്ലല്ലോ! അല്ലെങ്കിലും മഴ പെയ്താൽ ജാലകത്തിനടുത്തിരിക്കാൻ ഞാനുൾപ്പെടെയുള്ള ബസ് യാത്രികർക്കൊക്കെ മടിയാണ്. 
ഏകദേശം ഇരിക്കാറായതായിരുന്നു. അപ്പോഴാണ് കശ്മലൻ സാരഥി ബ്രേക്കിൽ ആഞ്ഞു ചവിട്ടി ,അതിദ്രുതം  വീണ്ടും ഗതിവേഗമാ ർജ്ജിച്ചത്. കമ്പിയിൽ അള്ളിപ്പിടിച്ചിരുന്ന പിടിവിട്ട് ഞാൻ പൊത്തോമെന്നു് തടിച്ചിത്തരുണിയുടെ മുതകിലൂടെ സീററിലേക്ക് ശക്തമായി ഇരുത്തപ്പെട്ടു. ഗുരുവായൂരപ്പാ , ഞാൻ പീഢന കേസിൽ അകത്തായത് തന്നെ. ചോറ്റുപാത്ര സഞ്ചി ശക്തമായ കുലുങ്ങലിനിടയിൽ മുന്നിലെ സീറ്റിനടിയിലേക്ക് തെറിച്ചു വീണു പോയിരിക്കുന്നു. അതിനി എങ്ങിനെ പുറത്തേക്കെടുക്കും. ഞാൻ വലത്തോട്ട് മെല്ലെ മുഖം തിരിച്ച് തടിച്ചിത്തരുണിയോട് ക്ഷമാപണം നടത്തി.  അപ്പഴാണ് ഞാൻ ശ്രദ്ധിച്ചത്. ഏവരുടേയും മുഖത്ത് പുച്ഛഭാവം. നീ കരുതിക്കൂട്ടി ചെയ്തതല്ലേടാ എന്ന നോട്ടം. 

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ബസ്സിൽ കയറിയാൽ മലയാളി പിന്നെ ആരോടും മിണ്ടാറില്ല. കൂടെ പരിചയക്കാരുണ്ടെങ്കിലത്തെ കാരുമല്ല പറയുന്നത്! ഒറ്റക്ക് യാത്ര ചെയുന്നവർ. എന്തു സംഭവിച്ചാലും മൗനികൾ. ബസ്സ് എവിടെയെങ്കിലും ഇടിച്ച് മറിഞ്ഞ് ഇവർ മരിച്ചു പോവുകയാണെങ്കിൽ, മൗനമായിരുന്ന്‌ മരിച്ചോളും. ഒരു പ്രതികരണവും വാക്കിലൂടെയില്ല. എല്ലാം മുഖം കൊണ്ടുള്ള കളികളാണ്. നവരസങ്ങൾ കേളിയാടും. ഞാൻ നേരത്തെ പറഞ്ഞ അഗതീഭാവം, പുച്ഛം, മന്ദഹാസം, അമർഷം അങ്ങനെ എന്തെല്ലാം ഭാവങ്ങൾ..

ഒരിക്കൽ, മണിയേട്ടനോടൊപ്പം കൈനാട്ടിയിൽ നിന്ന് അഴിയുര് വരെ നടത്തിയ അവിസ്മരണീയ ബസ് യാത്ര ഓർത്തു പോയി . മുട്ടുങ്ങൾ ഒന്തം  കഴിഞ്ഞതും ബസ്സ് പറക്കാൻ തുടങ്ങി. അത്യുച്ചത്തിൽ പാട്ടും. ബസ്സിൽ അധികം ആളുകളില്ല. ഞങ്ങളുടെ ബസ്സിന് മുന്നിലോ പിറകിലോ വേറെ ബസ്സുകളുമില്ല. എന്തിനോടും ആത്മാർത്ഥമായും അതിതീവ്രമായും പ്രതികരിക്കുന്നയാളാണ് മണിയേട്ടൻ. ബസ്സിന്റെ കുതിപ്പ് മണിയേട്ടനെ അസ്വസ്ഥനാക്കാൻ തുടങ്ങി. മടപ്പള്ളി കഴിഞ്ഞതും മണിയേട്ടൻ കണ്ടക്ടറോട് ഉറക്കെ വിളിച്ചു ചോദിച്ചു. " ഏട്ത്തേക്കാടോ  ഈ മരണപ്പാച്ചല് ?" കണ്ടക്ടർ കേട്ട ഭാവമില്ല. ആളുകളുടെ മുഖത്തെല്ലാം പുച്ഛഭാവം. ചിലർ പുറത്തെ മനോഹര ദൃശ്യങ്ങളിൽ പെട്ടന്നങ്ങ് ആമഗ്നരായിപ്പോയി. എനിക്കും ഒരു വല്ലായ്ക .. "എണീക്കെടാ " മണിയേട്ടൻ ആജ്ഞാപിച്ചു. സാധരണ മനുഷ്യർ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ ഇരട്ടി, സാധാരണ സംഭാഷണങ്ങളിൽ തന്നെ പുറപ്പെടുവിക്കുന്നയാളാണ്  മണിയേട്ടൻ. അല്പം ക്ഷോഭിച്ചാൽ പറയാനുമില്ല.  ഞാൻ ചാടിയെണീറ്റ് ഡ്രൈവറുടെ നേർക്ക് ഓടുന്ന മണിയേട്ടനെ പിൻതുടർന്നു. "എടാ .. ഇന്റെ വീട്ടില് കുഞ്ഞങ്ങളും പെണ്ണ്ങ്ങളൊന്നും ഇല്ലേ? രാത്രി തിരിച്ച് വീട്ട് ച്ചെല്ലൂലാന്നും പറഞ്ഞിറ്റാന്നോ രാവില വീട്ടിന്നുപോന്നത്?" തികച്ചു ന്യായം നിറഞ്ഞ ചോദ്യം. അപ്പോഴും യാത്രക്കാർ വികാരരഹിതർ. ഒരു വൃദ്ധൻ മാത്രം പറയുന്നുണ്ടായിരുന്നു. ഓറ് പറേന്നത് ശരിയല്ലേന്ന്.  സ്പീഡ് കുറക്കാൻ ഡ്രൈവർ തീരുമാനിച്ചിട്ടില്ലെന്ന് തോന്നി. " ഇന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല ചങ്ങായി " പിന്നെ യാത്രക്കാരോട് മണിയേട്ടൻ പറഞ്ഞു. "എടോ, ഉളുപ്പില്ലാലം. ആരെന്ത് ചെയ്താലും പൊട്ടമ്മാറപ്പോലെ കുത്തി ര്ന്നോളും. മണ്ടൻമാർ " പ്രതികരണമില്ല. നിർമമോത്തമൻമാരായി യാത്രക്കാർ. 
ഇതെല്ലാം കണ്ടു നിന്ന കിളി, ഹാലിളകിയ പോലെ അഞ്ചാറു തവണ ബെല്ല് ഘോരമായി മുഴക്കി. മണിയേട്ടൻ ഓടി അവനടുത്തെത്തി. കൂടെ ഞാനും. കളി ചിരിച്ചു കൊണ്ട് നിന്നു. " എന്ത് ന്നാടാ ഇത്തിര ഇളിക്വാൻ ?" മണിയേട്ടൻ അലറി. "നിർത്തെടാ ബസ്സ്.. ഞാക്ക് മരിക്കണ്ട " കുഞ്ഞിപ്പള്ളി എത്തുന്നതിന് മുമ്പ് മണി മുട്ടി കിളി, ഞങ്ങൾക്കിറങ്ങാൻ ബസ്സ് നിർത്തിച്ചു.  അന്നേരം യാത്രക്കാർ ജാലകത്തിലൂടെ തലയിട്ട് ഞങ്ങൾക്കുനേരെ മുഖങ്ങളിൽ പുച്ഛഭാവം നിറച്ചു. ഇത് ബസ് യാത്രികരുടെ ഒരു പൊതു മന:ശാസ്ത്രമാണ് . 

വേറൊന്ന്, കമ്പിയിൽ തൂങ്ങി നിൽക്കുന്നവൻ തന്നേക്കാൾ ഇൻ ഫീരിയറാണെന്ന സീറ്റിലി രിക്കുന്നവന്റെ തോന്നലാണ്. ദീർഘനേരം കമ്പിയിൽ തൂങ്ങിയാടി, വണ്ടി ബ്രേക്കിടുമ്പോഴോ മറ്റോ അറിയാതെ സീറ്റിലിരിക്കുവന്റെ ദേഹത്ത് മുട്ടിപ്പോയാൽ കാണാം അവന്റെ മുഖം.  തൊട്ടുകൂടായ്മ ക്കാലത്ത്, കീഴാളർ തൊട്ട മേലാളന്റെ മുഖം. "മേത്ത് ചാരല്ലെടോ " എന്നു് പ്രഖ്യാപിക്കുന്നവരുമുണ്ട്. അവനും കമ്പിത്തൂക്കു കാരനും എട്ടുരൂപതന്നെയാണ് കൊടുക്കുന്നതെന്ന സത്യം അദ്ദേഹം മറന്നു പോകുന്നു. അതാണ് കസേരയുടെ സൈക്കോളജിക്കൽ ഇംപാക്ട് . 

തടിച്ചിത്തരുണി അവളുടെ മുതുകത്തേക്കുള്ള എന്റെ വീഴ്ച വല്യ കാര്യമായെടുത്തിട്ടില്ലെന്ന് തോന്നി. അവൾ ചെരിപ്പൂരി കാല് നീക്കി കാലിൽ വള്ളികുരുക്കി എന്റെ ലഞ്ച് പാത്രസഞ്ചി സീറ്റിനടിയിൽ നിന്നു് ഔദാര്യപൂർവം എടുത്തു തന്നു. "നന്ദി സുന്ദരീ " ഞാൻ പറഞ്ഞു. അവളുടെ മുഖമൊന്ന് ചുവന്നോ?  "താക് യു അങ്കിൾ " അവൾ പറഞ്ഞു. അങ്കിൾ ... ഇതിൽപരം അപമാനം സംഭവിക്കാനില്ല. എത്ര വയസ്സായാലും സുന്ദരികൾക്ക് ഞാൻ അങ്കിളാവുന്നത് അസഹ്യം തന്നെ. 

ബസ്സ് വൈറ്റില ഹബ്ബിൽ കിതച്ച് നിന്നു. തടിച്ചിത്തരുണി എന്നെ നോക്കി ദയാർദ്രമായി ചിരിച്ച്,  ഇറങ്ങിപ്പോയി.  അതിനു ശേഷമുള്ള ദൂരം 'മീശ' യിൽ മുഴുകാനായതിനാൽ ത്രിപ്പുണിത്തുറ യെത്തിയത് അറിഞ്ഞില്ല. കുടയും മറ്റ് സാമഗ്രികളുമെടുത്ത് ഇറങ്ങി. മഴ പൊടിയുന്നു. കുട തറക്കാൻ നേരമാണ് ശ്രദ്ധിച്ചത്. ഇത് മനോഹരമായ ചൂരൽപ്പിടിയുള്ള  എന്റെ കുടയല്ലല്ലോ!!  ഇതിന് കറുത്ത പ്ലാസ്റ്റിക് പിടി . പരുപരുപ്പ്. ഞെക്കിയാൽ തുറക്കുന്നതല്ല. പഴയ മോഡൽ.  കുടക്ക് കീഴിൽ നിന്നപ്പോൾ വല്ലാത്തൊരു പഴമ മണം. തുണി നൈലോണും മററുമല്ല. കട്ടിയുള്ള കറുത്ത 'തുണി' .  ആരാണെന്റെ കുടമാറ്റിയത്? തൃശ്ശൂർ ക്കാരാരെങ്കിലുമാവുമെന്നും, അവരാണല്ലോ കുടമാറ്റത്തിന്റെ ആളുകൾ എന്ന് തമാശ പൊന്തിയത് തലക്കടിച്ച് ഒതുക്കി.  ബസ് സ്റ്റോപ്പിൽ നിന്ന് കുറേ നേരം അങ്ങോട്ടുമിങ്ങോട്ടും നോക്കി. അകന്നു പോകുന്ന വാഹനങ്ങളുടെ ചോന്ന വെളിച്ചങ്ങൾ മാത്രം അപായ സൂചകങ്ങളായി മിന്നി. 

ഈ കറുത്ത കുട കൈയിൽ വന്ന ശേഷം ദുരന്ത കലുഷമാണ് ജീവിതം. പിറ്റേ ദിവസം ഹൈക്കോർ ട്ടിലേക്കുള്ള എ സി.ബസ് വന്ന് നിന്നത് മുൻഭാഗം മുഴുവൻ സുന്ദരിമാരുമായി. മുൻ ഡോർ തുറന്നു തന്നു് ഡ്രൈവറെന്നെ ചതിച്ചു.  ഈ സുന്ദരിമാരുടെയിടയിലൂടെ ഞാൻ പിൻവശത്തേക്ക് നടന്നാൽ അവരെന്ത് വിചാരിക്കും ? പക്ഷെ കണ്ടക്ടറതാ വിളിക്കുന്നു. "പിറകോട്ടു വാ , പിറകോട്ടു വാ '' 
കൃശ, ഘന സ്ത്രീ ശരീരങ്ങൾക്കിടയിലൂടെ ഞെരുങ്ങി പിറകോട്ടുള്ള യാത്ര ആരംഭിച്ചു.  കാച്ചിയ എണ്ണ, ഷാമ്പു, പെർഫ്യൂം, മുഖത്തടിക്കുന്ന പെയ്ന്റ്, ചുണ്ടിൽ തേക്കുന്ന ചായം, എല്ലാം കൂടിക്കലർന്ന ഗന്ധം സഹിക്കാനാവാതെ, ഉള്ളിലേക്കെടുക്കുന്ന ശ്വാഗതി തടഞ്ഞ് മുന്നോട്ട് നടക്കവെ, പെട്ടെന്ന് കറുത്ത കുട 'കടക് ' എന്നങ്ങ് തുറന്നു . സ്ത്രീകളുടെ അലമുറ. കുടയെ നിയന്ത്രിച്ച് കൂടെ നിർത്താനുള്ള എന്റെ ശ്രമത്തിനിടെ കുടക്കാലിലെ കൂർത്ത ഭാഗം ഒരു സുന്ദരിയുടെ വെളുത്ത കാൽവിരലിൽ കുത്തിക്കയറി ചോരയൊലിപ്പിച്ചു. "ബസ്സ് ആശുപത്രിയിലേക്ക് പോകട്ടെ " എന്ന് ബഹുഭൂരിപക്ഷം . യുവാക്കൾ എന്നെ നോക്കി പല്ല് കടിക്കുന്നു. " ഞാനിവിടെ ഇറങ്ങിക്കോളാ" മെന്ന എന്റെ ദയനീയാഭ്യർത്ഥന "അങ്ങനെയങ്ങ് പോയാലോ "യെന്ന് കണ്ടക്ടർ തടഞ്ഞു .
ഒടുക്കം ഹൈക്കോടതിയിൽ ജോലി നോക്കുന്ന ഒരു പരിചയക്കാരൻ രംഗം കയ്യടക്കി. ഇദ്ദേഹം (അതായത് ഞാൻ ) സാമൂഹ്യ മര്യാദകൾ പാലിച്ചു ജീവിക്കുന്ന ഒരു സാധു മനുഷ്യനാണെന്നും, സ്ത്രീകളെ ദ്രോഹിക്കുന്നതിൽ ഒട്ടും തത്പരനല്ലെന്നും, ഇന്നു നടന്ന സംഭവം തികച്ചും ആകസ്മികം മാത്രമാണെന്നും പ്രസ്തുത സുഹൃത്ത് വാദിച്ചു ജയിച്ചു. ഹൈക്കോടതിയോടും അതിന്റെ ഉദ്യോഗസ്ഥരോടും എനിക്ക് ആദ്യമായി എന്തെന്നില്ലാത്ത ആദരവ് തോന്നി. കാല് മുറിഞ്ഞ യുവതിയോട് പേർത്തും പേർത്തും ക്ഷമാപണം ചെയ്യേണ്ടതായി വന്നിട്ടും എനിക്ക് മുഷിച്ചിൽ തോന്നിയില്ല. 

ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട വാറെ ഒരു കാര്യം മനസ്സിലുറച്ചു. ഈ ദ്രോഹിക്കുട ഉപേക്ഷിക്കണം. ബസ്സിറങ്ങി ഓഫീസിലേക്ക് നടക്കുന്ന വഴിയിൽ ഒരു പിച്ചക്കാരൻ ഇരിക്കാറുണ്ട്. ആളുകളെ കൈകൊട്ടി വിളിച്ച് പിച്ച യാചിക്കുന്നയാൾ. എത്രയുറക്കെ കൈ കൊട്ടിയാലും ഒരിക്കലുമയാളെ ഞാൻ ഗൗനിക്കാറില്ല. അതു കൊണ്ടു തന്നെ എന്നെ കണ്ടാൽ അയാൾ കൈ കൊട്ടാറുമില്ല.   ചിരിച്ചു കൊണ്ട് അയാൾക്ക് നേരെ ചെന്ന എന്നെ അയാൾ അത്ഭുതത്തോടെ നോക്കിയത് അതിനാലാവണം. സാധാരണ പിച്ചക്കാരെ ചൂഴുന്ന അഴുക്കും അഴുകിയ മണവും ഇയാൾക്കില്ല. ശരീരത്തിൽ അവിടിവിടെ വെളുത്ത പുള്ളികൾ . അത്ര മാത്രം. എല്ലാ അംഗങ്ങളും പരിമിതിയില്ലാത്തവ.
"ചേട്ടനീ വെയിലത്തും മഴയത്തും ഇവിടെയിരുന്ന് കൈ കൊട്ടണതല്ലേ? ഈ കുട ഇരിക്കട്ടെ. അയാൾ ശരിക്കുമൊന്ന് ഞെട്ടിയോ? കൈകൂപ്പി പിന്നെ കൈ നീട്ടി അയാൾ കുട വാങ്ങി. തിരിച്ചും മറിച്ചും നോക്കി. "ഇതൊരു പഴയ കുടയാണല്ലോ?" അയാൾ പറഞ്ഞു. "എന്തായാലും ഉപകാരം സാറേ " കർത്താവിനെ നോക്കും പോലെ എന്നെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.  

കുട ഒഴിവായ സന്തോഷത്തിൽ ചൂളം വിളിച്ചു കൊണ്ട് ഞാൻ ഓഫീസിലേക്ക് നടന്നു. പിന്നെ രണ്ടുനാൾ പിച്ചക്കാരനിരിക്കുന്ന വഴി ഒഴിവാക്കി വളഞ്ഞ വഴിയിലൂടെ ഓഫീസിലേക്ക് നടത്തം.
ഇന്നു രാവിലെ ഞങ്ങളുടെ സോണൽ മാനേജരുടെ വരവ് പ്രമാണിച്ച് ഞാൻ നേരത്തെ ഓഫീസിലെത്തി. വരാന്തയിലേക്ക് കേറവേ കണ്ടു കറുത്ത പഴയ കുടയും പിടിച്ച് പിച്ചക്കാരൻ നിൽക്കുന്നു. 

"സാറേ എനിക്കീ ദുരിതം പിടിച്ച കൊട വേണ്ട. വേറൊന്ന് വാങ്ങിത്തന്നാ മതി.. " 

എനിക്ക് കരച്ചിൽ വന്നു. 
എന്തൊരു കുടയാണിത്?

No comments:

Post a Comment