ടി.പി.രാജീവൻ.
പ്രീയപ്പെട്ട രാജീവേട്ടൻ. വിളിക്കുമ്പോഴെല്ലാം എന്താ സുരേഷേ സുഖേല്ലേ? എന്നു് കുറ്റ്യാടി ഭാഷയിൽ ചോദിക്കുന്നയാൾ. പാറക്കടവിൽ നിന്ന് തോട്ടത്താംകണ്ടി പോകുന്ന വഴി, വയൽക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ഇപ്പോഴില്ലാത്ത വീട്. (വയൽക്കരെ ഇപ്പോഴില്ലാത്ത എന്ന പേരിൽ രാജീവേട്ടന്റെ കവിതാ സമാഹാരവുമുണ്ട്. അതിലെ ആയിരാമത്തെ പൂർണചന്ദ്രൻ എന്ന കവിത വ്യക്തിപരമായി എന്റെ ഗൃഹാതുരത്വത്തിന്റെ മൂർത്തതയാണ്. )
കുറ്റ്യാടിക്കാർക്ക് രാജീവേട്ടനെ എത്രത്തോളം അറിയാം എന്നറിയില്ല. അറിയാത്തവർ, പുറപ്പെട്ടു പോകുന്ന വാക്ക് എന്ന അദ്ദേഹത്തിന്റെ പുസ്തകം തീർച്ചയായും വായിക്കണം. വിശ്വ പ്രശസ്തരായ കവികളുമായി - നോബൽ സമ്മാന ജേതാക്കളുൾപ്പെടെ - അദ്ദേഹമെങ്ങനെ സമാനനാകുന്നു എന്ന് അതിൽ വായിക്കാം. തച്ചംപൊയിൽ രാജീവൻ ആംഗലേയ എഴുത്തുകാരനാണല്ലോ! അദ്ദേഹത്തിന്റെ പാലേരി മാണിക്യം എന്ന, ഒരുപാട് വായിക്കപ്പെട്ട, രഞ്ജിത്തിന്റെ കൃതഹസ്തതയിൽ വിജയകരമായ സിനിമയാക്കപ്പെട്ട നോവൽ, Undying Echoes of Silence എന്ന രാജീവേട്ടന്റെ തന്നെ ഇംഗ്ലീഷ് നോവലിന്റെ സ്വതന്ത്ര പരിഭാഷയാണെന്ന് എത്ര പാലേരി ക്കാർക്ക് അറിയാം?
മാണിക്യ മുൾപ്പെടെ മൂന്ന് നോവലുകളാണ് രാജീവേട്ടന്റെ തായുള്ളത്. കെ.ടി.എൻ കോട്ടൂർ , എഴുത്തും ജീവിതവും, ക്രിയാ ശേഷം. പാലേരി മാണിക്യം പ്രസിദ്ധീകൃതമായ ശേഷം, ടി.പി.രാജീവന്റെ നോവൽ വരുന്നുണ്ടോയെന്ന്, മീൻ മുറിക്കാരന്റെ മുന്നിലിരിക്കുന്ന പൂച്ചയുടെ, മീൻ കഷണം തെറിച്ചുവീഴുന്നുണ്ടോയെന്ന ആകാംക്ഷയോടെ നോക്കിയിരുന്നിട്ടുണ്ട്. കെ.ടി.എൻ കോട്ടൂർ ഹാർഡ് ബൗണ്ട് കോപ്പി വാങ്ങി വായിച്ചത് ഒട്ടും നിരാശപ്പെടുത്തിയില്ല.
ഇപ്പോഴിതാ ക്രിയാശേഷം.
എം.സുകുമാരന്റെ ശേഷക്രിയ എന്ന നോവൽ തീർന്നേടത്തു നിന്നു് രാജീവേട്ടന്റെ നോവൽ ആരംഭിക്കുന്നു. സഖാവ് കുഞ്ഞയ്യപ്പൻ മകൻ കൊച്ചു നാണുവിന് കെട്ടിക്കൊടുത്ത ഊഞ്ഞാൽ കയറിൽ കെട്ടിത്തൂങ്ങി ജീവിതത്തിന് വിരാമമിട്ടിടത്ത് ശേഷക്രിയ അവസാനിക്കുകയും , അവിടെ നിന്ന് ക്രിയാ ശേഷം ആരംഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു പരീക്ഷണം മലയാളത്തിൽ വേറെ ഉണ്ടോയെന്നറിയില്ല.
കൊച്ചുനാണുവിന്റെ ജീവിതമാണ്, അതിലൂടെ രക്തസാക്ഷിത്വം നിർമ്മിക്കപ്പെടുന്നതെങ്ങനെയാണെന്നാണ് ക്രിയാ ശേഷം പറയുന്നത്. കാലം മാറുമ്പോഴും മാറതെ നിൽക്കുന്ന, മാറ്റപ്പെടേണ്ട ചിലതുണ്ടെന്ന് ഈ നോവൽ പറയുന്നു.
ശേഷക്രിയയിലെ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ, എത്ര മനോഹരമായാണു് ക്രിയാശേഷത്തലൂടെ വളർന്നു് പരിപക്വമാകുന്നത്! ഉദാഹരണത്തിന് സഖാവ് ഗോവിന്ദൻ.
വായിച്ച് കഴിയുമ്പോൾ പക്ഷേ, പാലേരി മാണിക്യമോ, കെ.ടി.എൻ കോട്ടൂരോ വായിച്ചപ്പോഴുള്ളത്ര ഒരു സുഖം കിട്ടിയില്ല എന്നത് ഒരു വേള എന്റെ മാത്രം വായനാനുഭവമാകാം. ഒരു പക്ഷെ രാജീവേട്ടനിഷ്ടപ്പെട്ട (എനിക്കും) ഭൂമികയിൽ നിന്ന് ഈ നോവൽ മാറിയത് കൊണ്ടാവാം!
ശേഷക്രിയയേക്കാൾ വലിപ്പത്തിൽ മുന്നിൽ ക്രിയാശേഷമാണു്. എഴുപതിൽ താഴെ പേജുകളിൽ സുകുമാരൻ പറഞ്ഞത് ദിവസങ്ങളും ആഴ്ചകളും നമ്മെ പിൻതുടർന്ന് അലട്ടിക്കൊണ്ടിരിക്കും. അച്ചടക്കം ജീവിത വ്രതമാക്കിയ, ജീവനേക്കാൾ വലുതെന്ന് കരുതിയ പ്രസ്ഥാനം തള്ളിപ്പറഞ്ഞപ്പോൾ ജീവനൊടുക്കിയ കുഞ്ഞയ്യപ്പനെന്ന സഖാവിന്റെ ദൈന്യത ഒരോ ചുവന്ന കൊടിയും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും.
കൊച്ചു നാണുവിന്റെ ജീവിതം, അതിന്റെ പരിണാമം, നമ്മെ അമ്പരപ്പിക്കും. പക്ഷെ ആ അമ്പരപ്പിന് ഒരു ദിവസത്തിൽ കൂടിയ ആയുസ്സില്ലല്ലോ!
No comments:
Post a Comment