"സലാത്തുള്ള സലാമുള്ള ... "
____________________________
ടി.എം.കൃഷ്ണയെ എനിക്ക് ഒരുപാടിഷ്ടമാണ്. ഒരുപക്ഷെ പ്രണയത്തോളം വലിയ ഇഷ്ടം. കർണാടക സംഗീതത്തിൽ അറിവ് തുലോം പരിമിതം. ഒരു കീർത്തനം കേട്ടാൽ എത് രാഗം, എത് താളം എന്നറിയാൻ പോലുമുള്ള പരിജ്ഞാനമില്ല. പക്ഷെ ഓരോ രാഗാലാപനവും നെഞ്ചിൽ ഒരല തീർക്കാറുണ്ട്. എന്നെ സംഗീതം പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഗുരുവിന്റെ അഭിപ്രായം, അതുതന്നെ ധാരാളമെന്നാണ്. ഹൃദയത്തിലെ ചലനമാണ് ശാസ്ത്രജ്ഞാനത്തേക്കാൾ പ്രധാനം.
ടി.എം കൃഷ്ണ വ്യതിരിക്തമായ ശൈലിയാൽ അമ്പരപ്പിക്കുന്ന കർണ്ണാടക സംഗീതജ്ഞൻ മാത്രമല്ലല്ലോ ! ക്രിയാത്മകമായും ധീരമായും സാമൂഹിക പ്രശ്നങ്ങളിൽ ഇപെടുന്ന വിപ്ലവകാരി കൂടിയാണ്ല്ലോ!
ഒരു പക്ഷെ വിശ്രുത പുസ്തകങ്ങളുടെ രചയിതാവ് എന്നത് കൂടിയാവാം കൃഷ്ണയെ അസൂയ യോടെ പ്രണയിക്കാൻ ഇവനെ പ്രേരിപ്പിച്ചത്. ഇദ്ദേഹം സഹഎഴുത്തുകാരനായ (ബോംബെ.എസ്. ജയശ്രീയും, മൈഥിലി ചന്ദ്രശേഖറുമാണ് മറ്റെഴുത്തുകാർ) , Voices Within: Carnatic Music – Passing on an Inheritance എന്ന പുസ്തകം ( ഭയങ്കര വിലയാണ്) കർണാടക സംഗീതത്തിലെ ഏഴ് അതികായൻമാരുടെ കഥ പറയുന്നു.
ഹാർപർ കോലിൻസ് പ്രസിദ്ധീകരിച്ച A Southern Music – The Karnatik Story എന്ന പുസ്തകമാവട്ടെ ,കർണാടക സംഗീതത്തെ കുറിച്ചുള്ള തത്വചിന്താപരവും, സൗന്ദര്യശാസ്ത്ര പരവും സാമൂഹ്യ രാഷ്ട്രീയപരവുമായ അന്വേഷണമാണ്. ഈ പുസ്തകത്തിന് 2014 ലെ റ്റാറ്റ സാഹിത്യ പുരസ്ക്കാരം ലഭിക്കുക യുണ്ടായി.
കൃഷ്ണയുടെ പുതിയ പുസ്തകം, ‘Reshaping Art’ കലയുടെ നിർമാണം, അവതരണം, പ്രചാരണം എന്നിവയെ കുറിച്ച് സുപ്രധാനമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു. ജാതി, മത വർഗ്ഗ ലിംഗ വ്യത്യാസങ്ങൾ എങ്ങനെ കലയെ സ്വാധീനിക്കുന്നു എന്നും കൃഷ്ണ ഈ പുസ്തകത്തിൽ എഴുതുന്നു.
ജനുവരി ആറ്. രാജീവ് വർമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ത്രപ്പൂണിത്തുറ കളിക്കോട്ട പാലസിൽ രാജീവ് വർമ അനുസ്മരണം. ഒപ്പം ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരിയും. കൊതിച്ച് കൊതിച്ചിരിക്കവെ ആറിന് രാവിലെ അമ്മക്ക് വയ്യാതായി, ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു. പനി കുറയാതെ നിന്ന പകൽ ഒടുങ്ങുമ്പോേഴേക്കും കുറ്റ്യാടി നിന്ന് അനിയൻ എത്തി. മക്കളും ലതയും എല്ലാരും കൂടെ ആൾക്കൂട്ടം. അമ്മ സന്തോഷവതി. ഞാൻ മെല്ലെ ലതയോട് അനുവാദം തേടി. രണ്ട് കൃതികൾ; രണ്ടെണ്ണം മാത്രം കേട്ടോട്ടേ? അവൾ പരിഭവം മറച്ചു വച്ച് സമ്മതിച്ചു....
സ്കൂട്ടർ പറപ്പിച്ച് ഏഴു മണിക്ക് കളിക്കോട്ട പാലസ്സിൽ എത്തുമ്പോൾ കൃഷ്ണ , രാഗ വിസ്താരം ചെയ്യുകയാണ്. ആനന്ദ ഭൈരവിയാണെന്നാണ് എന്റെ തുലോം തുച്ഛമായ അറിവിൽ തോന്നിയത്. കൃഷ്ണയുടെ ലയം, കൃതികൾ പാടുമ്പോഴുള്ള ഇമോഷൻ, മൗനത്തിന്റെ ഇടവേളകൾ, മോഹിപ്പിക്കുന്നതാണ് ( https://youtu.be/uwxv-Va2rPc)
രാഗ വിസ്താരത്തിനു ശേഷം കൃതിയിലേക്ക് കടക്കുന്നത് അറിയില്ല, പലപ്പോഴും. (വെങ്കടാചല നിലയം ഉദാഹരണം https://youtu.be/IhqYbQKmGWI)
വിഷ്ണുവിനെ സ്തുതിക്കുന്ന ഒരു കീർത്തനമാണ് ലയിച്ച്, വിസ്തരിച്ച് പാടിക്കൊണ്ടിരുന്നത്. പാടിപ്പാടി പെട്ടന്നത് കൃതി യിലേക്കെത്തി. "സലാത്തുള്ള സലാമുള്ള ... " മനോഹരമായ ആലാപനം.
സദസ്സിൽ നോക്കവേ ചില തമ്പുരാക്കളുടെ മുഖം കറുത്തുവോ? അലാപനത്തിനിടെ, "സംഗതിയൊക്കെ കൊള്ളാ "മെന്ന് പറഞ്ഞ് ചിലർ ഇറങ്ങിപ്പോകുന്നതും കണ്ടു. അടുത്ത കീർത്തനം തുടങ്ങുന്നതിനു മുമ്പ് ആശുപത്രയിനിന്ന് വിളി വന്നു.
നഷ്ടബോധത്തോടെ ഞാൻ മടങ്ങി. കച്ചേരി മുഴുവൻ കേൾക്കാനായില്ലല്ലോ എന്നോർത്തല്ല. മഹാൻമാർ എന്ന് സ്വയം വിളിക്കുന്ന മലയാളികൾ, സാധാരണ ആസ്വാദന നിലവാരത്തിലേക്കെങ്കിലും ഉയരാൻ ഇനിയെത്ര നൂറ്റാണ്ട് വേണ്ടിവരുമെന്നോർത്ത് !! പതിഞ്ഞു പോയതിൽ നിന്ന് അൽപ്പം വേറിട്ട് ചിന്തിക്കുമ്പോൾ അവരെത്ര ക്ഷോഭിക്കുന്നുവെന്ന് കണ്ട് !!
വാൽക്കഷണം -
'സലാത്തുള്ള സലാമുള്ള ' എന്ന ഗാനം ആദ്യമായി കർണ്ണാടക സംഗീത വേദിയിൽ പാടിയത് കൃഷ്ണയല്ല. അതു നമ്മുടെ ദാസേട്ടനാണ്. രണ്ട് പേരും പാടിയത് താഴെ കൊടുക്കുന്നു. Rendering ന്റെ ഒരു സുഖം ആരുടേതിനാണെന്ന് കേട്ട് പറയുക.
യേശുദാസ് https://youtu.be/KqcTjoNd3rQ
ടി.എം.കൃഷ്ണ
https://youtu.be/ZJnCV4l7yEs
No comments:
Post a Comment