ത്രിപ്പുണിത്തുറ താമസമാക്കിയ ശേഷം എന്റെ വർഷം തുടങ്ങുന്നതുമൊടുങ്ങുന്നതും വൃശ്ചികത്തിലാണ്. വൃശ്ചികോത്സവം കൊടിയേറുന്നതോടെ പുതിയ വർഷം ആരംഭിക്കുക്കയായി. ആരവത്തിന്റെ, മേളക്കൊഴുപ്പിന്റെ എട്ടു നാളത്തെ ഉത്സവക്കാഴ്ചകളോടെ പുലരുന്ന പുതുവർഷം. എട്ടാം നാൾ കൊടിയിറങ്ങി ആരവമൊഴിഞ്ഞ് നടവഴികളിൽ ജീവിതം വീണ്ടും വിരസ താളത്തിലേക്ക് മടങ്ങുമ്പോൾ അറിയുകയായി, മാറ്റങ്ങളേതുമില്ലാതെ വീണ്ടുമൊരു വർഷം പിറന്നിരിക്കുന്നു.
2006 ലാണ് ആദ്യമായി ത്രിപ്പൂണിത്തുറ താമസക്കാരനാവുന്നത്. സെഞ്ചുറിയൻ ബാങ്കിന്റെ ശാഖാ മാനേജരായി ജോലി നോക്കാൻ വേണ്ടി. ലായം റോഡിൽ ചിൻമയ മിഷൻ സ്ക്കൂളിനോട് ചേർന്നായിരുന്നു ബ്രാഞ്ച് . ശാന്താ ബാലകൃഷ്ണനായിരുന്നു അന്ന് സ്ക്കൂളിന്റെ എല്ലാം. സ്നേഹമയിയായ അമ്മ.
മനം നിറയെസ്നേഹവും , കരം നിറയെ ബിസിനസ്സും തരുമായിരുന്ന ത്രിപ്പുണിത്തുറയിലെ ഇടപാടുകാർ. സ്നേഹം നിറഞ്ഞ മേലുദ്യോഗസ്ഥൻമാരും സഹപ്രവർത്തകരും. അല്ലെങ്കിലും സെഞ്ചൂറിയൻ ബാങ്കിന്റെ മുഖമുദ്ര സ്നേഹമായിരുന്നല്ലോ. അതു കൊണ്ടാണല്ലോ ബാങ്കിന്റെ അസ്തിത്വമില്ലാതായി വർഷങ്ങൾ പലതായെങ്കിലും അവിടെ ജോലി ചെയ്തവരൊക്കെയും ഇപ്പോഴും ബന്ധത്തിന്റെ ഊഷ്മളത ഒട്ടും ചോരാതെ നിർത്തുന്നത്.
എന്റെ ആദ്യത്തെ വൃശ്ചികോത്സവം കൗതുകങ്ങളുടേതായിരുന്നു. ആയുസ്സിലന്നോളം ഇത്രയും വലിയൊരുത്സവം ഞാൻ കണ്ടിരുന്നില്ല. ലോകമറിയുന്ന വാദ്യകലാകരൻമാരുടെ, കഥകളി നടൻമാരുടെ, സംഗീത വിശാരദരുടെ, കേളി കേട്ട ഗജവീരൻമാരുടെ അസുലഭ സമ്മേളനം. എട്ടു രാത്രികളും ഊട്ടുപുരയുടെ മുകളിലത്തെ നിലയിൽ ചമ്രം പടിഞ്ഞിരുന്ന് പാട്ടുകേട്ട് മനം നിറഞ്ഞ് , മേളത്തിൽ മനവും മെയ്യുമുറഞ്ഞ് , ഇമപൂട്ടാതെ കഥകളി കണ്ട് കണ്ണുനീറി..
പിന്നെ ത്രിപ്പൂണിത്തുറയെ അടുത്തറിഞ്ഞ രണ്ടു വർഷങ്ങൾ. ലോർഡ് കൃഷ്ണാ ബാങ്ക് സെഞ്ചൂറിയൻ ബാങ്കുമായി ലയിച്ചപ്പോൾ സ്റ്റാച്യു ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ബാങ്കിന്റെ ശാഖയിലേക്ക് ഞാൻ മാറി. അവിടെ ലഭിച്ച പുതിയസഹപ്രവർത്തകർ എന്നും പറയുമായിരുന്നു. "ത്രിപ്പൂണിത്തുറ വന്നവരൊക്കെ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ടെ"ന്ന്. ഞാൻ പക്ഷെ, വടകരയിലേക്ക് മാറ്റം വാങ്ങി പോയി. വടകരയിലും ബാംഗ്ലൂരിലുമായി ത്രിപ്പൂണിത്തുറയിൽ നിന്നകന്നു നിന്ന നാല് വർഷങ്ങളിൽ, ഹൃദയത്തിന്റെ ഉള്ളറയിലെ വിടെയോ മന്ത്ര സ്ഥായിയിൽ ഒരു കഥകളിപ്പദം പതിഞ്ഞു പാടിക്കൊണ്ടിരുന്നു. അതെന്നെ നിരന്തതം തിരിച്ചു വിളിച്ചിരുന്നിരിക്കണം. അതു കൊണ്ടാവണം വീണ്ടും കൊച്ചിയിൽ ജോലി ചെയ്യാൻ അവസരം കിട്ടിയപ്പോൾ കണ്ണുമടച്ച് ഞാനത് സ്വീകരിച്ചത് . രണ്ടായിരത്തി പന്ത്രണ്ടിലെ വൃശ്ചികോത്സവത്തിന് തൊട്ടുമുമ്പ് വീണ്ടും ഞാൻ തൃപ്പുണിത്തുറക്കാരനായി. എന്റെ കുറ്റ്യാടിയോളം തന്നെ പ്രിയപ്പെട്ട ത്രിപ്പുണിത്തുറ .
വീണ്ടുമൊരു വൃശ്ചികോത്സവം കൊടിയിറങ്ങിയിരിക്കുന്നു. ഉറക്കമില്ലാത്ത രാവുകളിൽ നിന്ന് മേളപ്പെരുക്കങ്ങൾ മുഴങ്ങുന്ന ചെവിയും കഥകളി പദം പതിഞ്ഞു പാടുന്നതലയുമായി ഞാനീ ആനച്ചൂര് പൊങ്ങുന്ന , ദീപസ്തംഭം കരിന്തിരി കത്തുന്ന പുലരിയിലേക്ക്, മോഹിപ്പിച്ച് പിടിച്ചു നിർത്തിയ മോഹന സ്വപ്നലോകം വിട്ട് , യാഥാർത്ഥ്യത്തിന്റെ ചുടു വേനലിലേക്ക്, ഇറങ്ങുന്നു. അടുത്ത വൃശ്ചികോത്സവം വരെ ഒരുവർഷം കൂടി ജീവിക്കാൻ ...
No comments:
Post a Comment