ഓണാവധിക്ക് സ്ക്കൂൾ അടക്കുമ്പോഴാണ് അച്ഛന്റെ കരിയാട്ടേക്കുള്ള യാത്ര. കുറ്റ്യാടി യിൽ നിന്ന് കരിയാട്ടേക്ക് ദൂരമൊരുപാടുണ്ട്. അതുകൊണ്ടു തന്നെ "മോൻ പോര്ന്നോ കരിയാട്ടേക്ക് ?" എന്ന ചോദ്യത്തിന് എന്നും നിഷേധാർത്ഥത്തിലാണ് ഞാൻ തലയാട്ടിയിരുന്നത്.
എനിക്കോർമ്മയുണ്ട് കരിയാട്ടേക്കുള ദൂരം. ബാലേട്ടന്റെ കല്യാണം കഴിഞ്ഞുള്ള വിരുന്നിന് അഴിയൂരിലെ വീട്ടിൽ നിന്ന് പുതുമണവാട്ടിയോടൊട്ടി നടന്നു പോയ ദൂരം. ലക്ഷ്മിയേടത്തിക്ക് നീലനിറമുള്ള (അതോ ചോപ്പോ ) നൈലോൺ ശീല കൊണ്ടുള്ള മടക്കാവുന്ന ഒരു കുടയുണ്ടായിരുന്നു. വെയില് നിറഞ്ഞു വീണ ഇടവഴികളിൽ നിറമുള്ള ശീലക്കുള്ളിലൂടെ അരിച്ചു വീണ നിറമുള്ള വെയിലും പൂശി ഞാൻ മെല്ലെമെല്ലെ നടന്നു. നടന്നാലും നടന്നാലും തീരാത്ത ദൂരം. വഴിയിൽ തീരേ നേർത്ത പാലങ്ങളുള്ള പുഴകൾ .... എന്നെ പൊക്കി വെള്ളത്തിലിടുമെന്ന് പേടിപ്പിക്കുന്ന മുതിർന്നവരുടെ കൈകൾ .... ശ്വാസം മുട്ടിപ്പോയ ആ ശൈശവയാത്രയുടെ ഭയമാകാം കരിയാട്ടേക്ക് അച്ഛനോടൊപ്പം പോകാൻ എന്നെ വിസമ്മതിപ്പിച്ചത്.
എനിക്ക് ഓർമ്മ വച്ച കാലം മുതൽ അച്ഛൻ വെള്ള ഖാദി ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. അച്ഛൻ്റെ ചിരി പോലെ തന്നെ ശുഭ്രതയാർന്നവ. അവ നിറം മങ്ങാതെ നോക്കാൻ അമ്മയും ഏറെ ക്ലേശിച്ചിരുന്നു. കട്ടി കൂടിയ ഖാദിത്തുണികൾ, അലക്കുകല്ലിൽ അടിച്ച് അലക്കിയെടുക്കാൻ ഏറെ അധ്വാനം ആവശ്യമായിരുന്നു. അമ്മ അലക്കി വച്ച കുപ്പായവും മുണ്ടും മണിക്കൂറുകളോളം , വളരെ സൂക്ഷ്മതയോടെ ചിരട്ടക്കനലിസ്തിരിപ്പെട്ടി ഉപയോഗിച്ച് തേച്ച് വടിവൊത്തതാക്കിയിരുന്നത് അച്ഛൻ തന്നെ.
വർഷത്തിലൊരു തവണയാണ് അച്ഛൻ കുപ്പായവും മുണ്ടും വാങ്ങുക. അതിനു വേണ്ടിയാണ് കരിയാട്ടേക്കുളയാത്ര. അവിടെ ഒരു ഖാദിസ്റ്റോറിൽ നിന്നാണ് ഒരു വർഷത്തേക്കുള്ള മുഴുവൻ തുണിയും വാങ്ങുന്നത്. അച്ഛൻ അഴിയൂർ സ്ക്കൂളിൽ ജോലി ചെയ്തിരുന്നപ്പോൾ തുടങ്ങിയ ശീലമാണത്. കരിയാട്ടെ ഖാദിസ്റ്റോർ തുടങ്ങിയ കാലം. ഇടപാടുകാരെ കണ്ടെത്താൻ വേണ്ടി അതിന്റെ നടത്തിപ്പുകാരനും ഉടമയുമൊക്കെ ആയ ആൾ -അദ്ദേഹത്തിന്റെ പേര് അച്ഛൻ പറഞ്ഞു തന്നിരുന്നതാണെങ്കിലും ഞാൻ മറന്നു - സ്ക്കൂളിൽ എത്തുന്നു. ഒരു വർഷത്തേക്കുള്ള തുണി ഒന്നായെടുക്കാം. പണം കുറേശ്ശേയായി മാസാമാസം കൊടുത്തു തീർത്താൽ മതി. കുറേ അദ്ധ്യാപകർ ഈ സ്കീമിൽ ചേർന്നു. മാസാമാസം ശമ്പള ദിവസം ഖാദിസ്റ്റോറുടമ പണം പിരിക്കാനായി സ്ക്കൂളിൽ വരും. പലരും ട്രാൻസ്ഫറായിപ്പോയതോടെ ഈ പരിപാടി അവസാനിപ്പിച്ചു. അച്ഛനാകട്ടെ, അതിനിടെ കടക്കാരനുമായി വളർന്നു വന്ന നല്ല സൗഹൃദം തൂടർന്നു പോന്നു. കുറ്റ്യാടിയിൽ എത്തിയതിൽ പിന്നെ തുണിയുടെ വില, എല്ലാമാസവും മണിയോഡർ അയച്ചു.
എന്താണെന്നറിയില്ല ഏഴാം ക്ലാസിലെ ഓണപ്പരീക്ഷ കഴിഞ്ഞ് സ്ക്കൂളടച്ചപ്പോൾ ഞാൻ അച്ഛനോട് അങ്ങോട്ട് ചോദിച്ചു, "ഇപ്രാവശ്യം കരിയാട്ട് പോന്നേരം ഞാനും വെരട്ടേ?" അച്ഛൻ ഉറക്കെ ചിരിച്ചുകൊണ്ട് സമ്മതിച്ചു. എന്നിട്ട് പറഞ്ഞു. "പെരിങ്ങത്തൂര് എറങ്ങിയാല് മൂന്ന് മൂന്നര മൈല് നടക്കണം. ഇനിക്ക് കഴ്യോ?" മൂന്നര മൈലല്ലേ, സാരമില്ല. ഞാൻ പറ്റുമെന്ന് തലയാട്ടി. പിന്നെ, നടക്കുന്നത് അച്ഛന്റെ കൂടെയല്ലേ!
ഒരിക്കലും മറക്കാനാവാത്തതാണ് ആ യാത്ര. അച്ഛനോട് കഥ പറഞ്ഞ്, അച്ഛന്റെ കഥകൾ കേട്ട്, മഴക്കാലം കഴിഞ്ഞ് ഉറവ പൊടിഞ്ഞൊഴുകിയ നീർച്ചാലുകൾ അതിരിട്ട നാട്ടുവഴികളിലൂടെ, ഓണം മണക്കുന്ന പാടവരമ്പുകളിലൂടെ അച്ഛന്റെ ചൂണ്ടുവിരൽ പിടിച്ച് ചാടിയും ഓടിയും നടന്നു തീർത്ത മൂന്നര മൈൽ ദൂരം.
ലക്ഷ്മിയേടത്തി യുടെ കരിയാട്ടെ വീട്ടിൽ, ഏടത്തിയുടെ അമ്മ സ്നേഹ സ്മിതത്തോടെ വിളമ്പിയ ഉച്ചച്ചോറ്. വെള്ളരിക്കൂട്ടാന്റെ, തേങ്ങാച്ചമ്മന്തിയുടെ ഒരിക്കലും മറക്കാത്ത സ്വാദ്. ഒരു വലിയ കെട്ട് തുണികളുമായി മേക്കുന്നിലേക്ക് ഓട്ടോയിലുള്ള മടക്കയാത്ര ....
ഇതിനു സമാനമായ ഒരു അദ്ധ്യായം ശ്രീ കെ.ടി. രാജഗോപാലന്റെ ഈയിടെ പ്രസിദ്ധീകൃതമായ മലബാർ മ്യൂസിംഗ്സ് , അൺടോൾഡ് ടെയിൽസ് ഫ്രം മൈ വില്ലേജ് ( MALABAR MUSINGS Untold tales from my village) എന്ന പുസ്തകത്തിലുണ്ട്. മധ്യവേനലവധിക്ക് സ്കൂൾ പൂട്ടുമ്പോഴാണ് അദ്ദേഹത്തിൻ്റെ തറവാട്ടിലെ തുണി വാങ്ങൽ. ഒരു വർഷത്തെ കാർഷിക വിളകളുടെ നല്ലൊരുപങ്കും വിറ്റ പണവുമായി ഗ്രന്ഥകർത്താവിന്റെ 'അച്ചപ്പൻ ' കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആ വർഷം മുഴുവൻ വേണ്ട തുണികൾ വാങ്ങാനായി തലശ്ശേരിക്ക് പുറപ്പെടും. കുടുംബം എന്നാൽ ഇന്നത്തെ പോലെ രണ്ട് കുട്ടികളും രണ്ട് മുതിർന്നവരും മാത്രമുള്ള അണുകുടുംബമല്ല. ധാരാളം മുതിർന്നവരും , ധാരാളം കുട്ടികളുമുള്ള തറവാട്. "That, normally, was the only set of clothes bought during the year. It was also Vishu festival time; with school closed for summer, the clothes would “remain new” for a couple of more months!"
ഉദ്യോഗത്തിന്റെ, മത്സരത്തിന്റെ, വേവലാതികളുടെ ഇരുട്ടിൽ മുങ്ങിപ്പോയ എൻ്റെ കരിയാട് യാത്രയുടെ ഓർമ്മ മാത്രമല്ല , പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ ഒരു കാര്യവുമില്ലെന്ന് വെളിവാകുന്ന, അനാവശ്യ ഭ്രമങ്ങളിലുടക്കി ഉള്ളിലെവിടെയോ പൂണ്ടു പോയ അതി സുന്ദരമായ ഓർമ്മകൾ അസംഖ്യമെണ്ണം ഈ കുഞ്ഞു പുസ്തകം പുറത്തു കൊണ്ടുവരുന്നു.
എനിക്ക് സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഏറ്റവും ഇഷ്ടം മഴക്കാലമായിരുന്നു. മഴക്കാലത്ത് പനിക്കാം, ശശിക്ക് എൻ്റെ കുട കൊടുത്ത് പകരം അവൻ്റെ ചേമ്പില വാഞ്ഞിച്ചൂടി നനഞ്ഞാണ്ട് ഞാൻ പനി സമ്പാദിച്ചിരുന്നത്. ശശിയെ ഞാനാദ്യം കാണുമ്പോൾ അവൻ്റെ കയ്യിൽ സ്ലേറ്റിൻ്റെ ഒരു മരച്ചട്ട മാത്രമാണുണ്ടായിരുന്നത്. അതിൻ്റെ കോണിൽ ഒരു ചെറിയ കഷണം സ്ലേറ്റും. അവൻ്റെ തലയിൽ അലൂമിനിയത്തിലുണ്ടാക്കിയ ഒരു വലിയ വസ്സി കമഴ്തി വച്ചിരുന്നു. അതവന് ഉപ്പുമാവ് കഴിക്കാനാണ്. പലപ്പോഴും ദിവസത്തെ ഒരേ ഒരാഹാരം.
മലബാർ മ്യൂസിംഗിൻ്റെ താളുകളിലൂടെ സഞ്ചരിക്കുമ്പോൾ, ചിരപരിചിതമായ വയൽ വരമ്പുകളിൽ, ഞാറ്റുവേലയും തുലാവർഷവുമേറ്റ് തലയിലുറപ്പിക്കാവുന്ന പനയോലക്കുടയും ചൂടിയാണ് നാം നടക്കുക.
"With a slate and the only (yes, we had just one!) textbook in one hand and lunch packed in plantain leaf in the other, Bhaskaran, Rasheed, Sarojini, Ananthan and I would walk along the ridge, in single file, to the school and back, stopping en route to make friends with frogs and grasshoppers, dragonflies, ladybirds and other fascinating insects. We would watch with wonder as mango trees bloomed, catch the whiff as jackfruit trees sprouted buds that would in course of time transform into giant fruits, and eat the crunchy tender cucumbers that farmers would let us pluck. We believed that the single-log bridges across the streams were for the grown-ups; for us there was the gurgling stream to slosh across. Not for a moment did we worry about our clothes getting wet. After all, there was time till we reached school! And we had no fear of footwear getting wet either: we wore none!"
പുസ്തകത്തിൻ്റെ മനോഹാരിതയെ, നമ്മെ പുറകോട്ട്, ഗൃഹാതുരത്വത്തിലേക്ക് നടത്താനുള്ള അതിൻ്റെ കഴിവിനെ കാണിക്കാനാണു് ചെറുതല്ലാത്തൊരു ഖണ്ഡം എടുത്തു ചേർത്തത്.
ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും, നമ്മെ കൊണ്ടുപോവുക ഒരിക്കലും തീരാത്ത മാമ്പഴക്കാലത്തേക്കാണ്. ഗ്രന്ഥകാരൻ അമ്മാവൻമാരെ, മുത്തശ്ശിമാരെ, അമ്മയെ, വീട്ടിലെ പാചകക്കാരനെ കൂട്ടുകാരെ ഓർക്കുമ്പോൾ നാമും നമ്മുടെ ഉറ്റവരുടെ ചൂടു പറ്റി വളർന്ന ബാല്യ കൗമാരങ്ങൾ വീണ്ടും ജീവിക്കും.
അതി മനോഹരങ്ങളായ രേഖാചിത്രങ്ങൾ കൊണ്ട് ഭംഗിയാക്കിയ ഈ പുസ്തകം വായിച്ച് നിർത്തുമ്പോൾ എൻ്റെ മനസ്സിൽ നിന്നിറങ്ങിപ്പോകാത്ത ഒരാൾ, 'A RIDDLE WRAPPED IN AN ENIGMA' എന്ന അദ്ധ്യായത്തിലെ സ്വാമിയാണ്. ഒരു നാൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട്, ചോദിക്കാതെ പറയാതെ അപ്രത്യക്ഷനായ സ്വാമി.
കഥാപത്രങ്ങളെ , സംഭവങ്ങളെ എഴുതാൻ തുടങ്ങിയാൽ ഒരു പക്ഷെ ഞാൻ പുസ്തകം മുഴുവൻ ഇവിടെ എഴുതേണ്ടി വരും. അത് നിങ്ങളുടെ വായനയെ മുഷിപ്പിക്കും. അതു വേണ്ട.
ജീവിതത്തിൽ ഏറ്റം മാധുര്യമുള്ള കാലം ബാല്യം തന്നെയാണ്. ഓർമ്മച്ചെപ്പിൽ ഒളിച്ചു വെച്ച്, നേരം കിട്ടുമ്പോഴെല്ലാം ചെന്നെടുത്തു നോക്കി ആസ്വദിച്ച് ഭദ്രമായി തിരികെ വെക്കുന്ന വർണ്ണ വളപ്പൊട്ടുകളും മയിൽപ്പീലിത്തുണ്ടുകളും. കാലം കഴിയും തോറും അവയുടെ വർണ്ണങ്ങൾക്ക് പൊലിമ കൂടും.
കെ.ടി. രാജഗോപാലൻ തീർത്ത മയിൽപ്പീലിത്തുണ്ടുകളുടെ, വളപ്പൊട്ടുകളുടെ ഈ ചെപ്പിന് എന്തെന്നില്ലാത്ത പൊലിമ നൽകുന്നത് ഒരു പക്ഷെ അതിൻ്റെ കാലപ്പഴക്കം തന്നെയാണ്.
എൺപതുകൾക്കും എഴുപതുകൾക്കും മുമ്പ് ബാല്യം ജീവിച്ചു തീർത്തവർക്ക്, ഈ പുസ്തകം തീർച്ചയായും ഇഷ്ടമാവും. ഈ കൊറോണക്കാലത്തെ നിർമാർന്ന ഒരു വായനയായിരിക്കുമിത്.
പുസ്തകം ആമസോൻ കിൻറി ലിൽ.
No comments:
Post a Comment