Glycosmis pentaphylla എന്നാണ് ഈ പാവം ചെടിയുടെ പേരെന്ന് ഈയിടെയാണ് കണ്ടെത്തിയത്. ബാല്യ കൗമാരങ്ങളിലെ എന്റെ വേനൽകാലങ്ങൾ മുഴുവൻ നിറഞ്ഞു നിന്നിരുന്ന മാധുര്യമാണ് ഈ ചെറുചെടി. നാട്ടുവഴിയോരങ്ങളിൽ സമൃദ്ധസാന്നിധ്യമായിരുന്ന അവളെ കുറെ വര്ഷങ്ങളായി കാണാറില്ലല്ലോ എന്ന അന്വേഷണമാണ് ഭീമാകാരമായ ഈ പേര് വെളിപ്പെടുത്തിയത്.
പച്ചിലകൾക്കുനടുവിൽ, ഇളം ചോപ്പിലും, കടും ചോപ്പിലും മാധുരത്തിന്റെ കുഞ്ഞുമുത്തുകളെ പേറിയിരുന്ന അവളുടെ പേര് ഞങ്ങളുടെ നാട്ടിൽ പാണൽ എന്നായിരുന്നു.
ഞങ്ങളുടെ മേലേപ്പറമ്പിൽ മൂന്നു നാല് പാണൽ ചെടികൾ ഉണ്ടായിരുന്നു. ഒരു വേനൽക്കാല വൈകുന്നേരം അമ്മയാണു് ചുവന്ന ചെറു മധുരഗോളങ്ങൾ കയ്യിൽ തന്നു് എന്നോട് പറഞ്ഞത്, 'ഇതാണു് പാണക്കായി, നല്ല മദിരാ! തിന്നോ!'
പിന്നീടുള്ള ദിവസങ്ങളിൽ പറമ്പു മുഴുവൻ അലഞ്ഞ് ഞാൻ പാണൽ കായകൾ ശേഖരിച്ച് തിന്നു കൊണ്ടിരുന്നു. വീട്ടിൽ കളിക്കാൻ വരാറുള്ള കൂട്ടുകാർ എൻ്റെ പുതിയ ഭ്രമം കണ്ടുപിടിച്ചു. ശശിയാണ്, പാമ്പിന് ഏറ്റവും പ്രിയമുള്ള പഴമാണ് പണൽക്കായ എന്ന് പറഞ്ഞത്. പഴത്തിൽ കാണുന്ന കറുത്ത പുളളികൾ പാമ്പ് തീണ്ടിയതാണെന്നും അവൻ പറഞ്ഞു. അല്പം പേടിയൊക്കെ തോന്നിയെങ്കിലും അവൻ്റെ മുന്നറിയിപ്പ് ഞാൻ അവഗണിക്കുകയാണുണ്ടായത്. മാത്രവുമല്ല, എൻ്റെ പാണക്കായ അന്വേഷണം ഞങ്ങളുടെ പറമ്പിൻ്റെ അതിരുകൾ ലംഘിച്ച് നാറക്കോട്ടെയും അണ്ടിക്കുന്നുമ്മലേയും ഇടവഴികളിലേക്കും, വിജയൻ നായരുടേയും പത്മനാഭൻ നായരുടേയും വീടുകളിലേക്കുള്ള വഴികളിലേക്കും വയലിന് നടു വീലൂടൊഴുകിയ തോട്ടുവക്കിലേക്കും, പാലേരിത്താഴക്കാരുടെ കൊള്ളുകളിലേക്കും, പാറക്കടവ് പളളിയുടെ പ്രാന്തപ്രദേശങ്ങളിലേക്കും നീണ്ടു കഴിഞ്ഞിരുന്നു.
പാറക്കടവ് പള്ളിപ്പറമ്പിൽ റോഡിലേക്ക് ശാഖകൾ നീട്ടിയ ഒരു വലിയ നാട്ടുമാവുണ്ടായിരുന്നു. ചെറുകാറ്റുമതി, നൂറ് നറു മാമ്പഴങ്ങൾ പൊഴിയുകയായി. എത്ര വീണാലും തീരാത്തത്ര മാങ്ങകൾ എല്ലാ കൊല്ലവും കായ്ക്കാറുണ്ടായിരുന്നു ആ മാവിൽ. അത്രയും സ്വാദും മധുരവുമുള്ള മാങ്ങ ഞാൻ വേറെ കഴിച്ചിട്ടേയില്ല. പൊഴിഞ്ഞ മാമ്പഴം പോരാഞ്ഞ്, കൊതി മൂത്ത കുട്ടിക്കൂട്ടം എറിഞ്ഞു വിട്ട കല്ലുകൾക്ക് ഉയർന്നെത്താവുന്നതിനുമപ്പുറത്ത്, ആത്മാക്കളുടെ വാത്സല്യം മധുരമായി നിറച്ച് മാവ് കനിവോടെ ഉയർന്നു നിന്നു.
നിക്കറിൻ്റെ രണ്ടു പോക്കറ്റുകൾ നിറയെ നാട്ടു മാങ്ങയും, കൈക്കുടന്ന തുളുമ്പിപാണൽ കായയും നിറച്ച്, മധുരമയനായി നിറക്കോട്ട് താഴ വയൽ കിനാക്കളുടെ വരമ്പുകളിലൂടെ മുറിച്ചു നടന്നത് ഒരിക്കലും നിറം വറ്റാത്ത ഓർമ്മ.
മൊദാക്കര സ്ക്കൂളിൽ പഠിക്കുന്ന കാലത്താണ്. എട്ടിലോ അതോ ഒമ്പതിലോ? സതീർത്ഥ്യരെല്ലാം ആഹ്ലാദ ഭരിതരായി പല വഴിപിരിഞ്ഞ, ഏതോ ഒരു പരീക്ഷ കഴിഞ്ഞ ദിവസം. കൊല്ലപ്പരീക്ഷ തന്നെയാണെന്നു തോനുന്നു.
ഞാൻ വീട്ടിലേക്ക് ഏറ്റവും വളഞ്ഞ വഴി തെരഞ്ഞെടുത്തു. സ്ക്കൂളിൻ്റെ പിറകുവശത്തെ വയലിലൂടെ വളയന്നൂരിൽ ചെന്നു കയറി, ഊരത്തേക്കുള്ള റോഡ് വഴി തുറകടന്ന് നടന്ന്, കുറ്റ്യാടി പാലത്തിനടുത്തെത്തി, പാലം കടന്ന് വലതു വശത്തെ കല്ലൊതുക്കുവഴി താഴേക്കിറങ്ങി പുഴക്കരയിലൂടെ നടന്ന് കുമ്പളത്തെ മില്ലിനടുത്തുള്ള കുണ്ടനി വഴി കയറി റോഡിലെത്തി , മില്ലിന് വശത്തുള്ള വഴിയിലൂടെ അബ്ദുസാഹിബിൻ്റെ തെങ്ങിൽ തോപ്പിൽ കയറി, ചാലക്കര വഴി നടന്ന് വീട്ടിലെത്തി. അലഞ്ഞയീ വഴികളിലെല്ലാം ആയിരക്കണക്കിന് പാണൽ ചെടികൾ പഴുത്തുലഞ്ഞ് നിന്നിരുന്നു. എല്ലാറ്റിൽ നിന്നും കായ്കൾ പറിച്ച്, ചോറ്റുപാത്രത്തിൽ നിറച്ച് അമ്മക്കും കൊടുക്കാമല്ലോ എന്നാശിച്ച് വീട്ടിൽ ചെന്ന് കയറിയപ്പോൾ മണി ഏഴോടുത്തിത്തിരുന്നു. ആവേശത്തോടെ ചോറ്റുപാത്രം തുറന്ന് അമ്മയെ കാണിച്ചു. അമ്മയുടെ അപ്പോഴത്തെ മനോനില ഞാൻ തീർച്ചയായും ഗൗനിക്കേണ്ടതായിരുന്നു. നാലു മണിക്ക് സ്ക്കൂളിൽ നിന്നിറങ്ങിയ ഞാൻ എത്താനുള്ള സമയവും പിന്നൊരു രണ്ട് മണിക്കൂറും കഴിഞ്ഞിട്ടും എത്താത്തതിൽ ദുഃഖിച്ചും വേവലാതിപ്പെട്ടും നിൽക്കുകയായിരുന്ന അമ്മ, ചോറ്റുപാത്രം മുറ്റത്തേ ക്കൊരേറ് കൊടുത്തു. "ഓൻെറാര് പാണല്!"
എന്നെ പാണൽ തീറ്റക്കാരനാക്കിയതിനുള്ള പ്രധാന ഉത്തരവാദി അമ്മയാണെന്ന കാര്യം എന്തോ അമ്മ അന്നേരം ഓർത്തില്ല. കണ്ണിൽ വെള്ളം നിറഞ്ഞത് കൊണ്ടാവണം, സന്ധ്യയിലേക്ക് ചിതറി വീണുപോയ ആ മധുരഗേളങ്ങളിൽ ഒന്നു പോലും പെറുക്കിയെടുക്കാൻ എനിക്കായില്ല.
അമ്മയുടെ നടപടി പക്ഷെ പാണൽക്കായ തേടിയുള്ള എൻ്റെ യാത്രകളെ ഒരു വിധത്തിലും തളർത്തിയില്ല.
പടിഞ്ഞാറ് കടും ചുവപ്പണിണിഞ്ഞ ഒരു ഞായറാഴ്ച വൈകുന്നേരം ഞാൻ കൃത്യമായി ഓർക്കുന്നു. തളീക്കര കൈരളി ഗ്രന്ഥാലയത്തിൽ അംഗത്വമുണ്ട്. ഞങ്ങളെ ഊർജ്ജതന്ത്രം പഠിപ്പിച്ചിരുന്ന പത്മനാഭൻ മാഷായിരുന്നു അതിൻ്റെ സാരഥി. കൈരളിയിൽ പോകുമ്പോഴെല്ലാം അൻവറും ഒപ്പമുണ്ടാകും. പക്ഷെ അന്നവൻ എൻ്റെ കൂടെ വന്നിരുന്നില്ല. അറബിക് കോളേജിലെ പുതിയ കൂട്ടുകാർക്കൊപ്പം, എന്നെക്കൂടാതെ ആയിടെ നടത്താറുണ്ടായിരുന്ന ദീർഘയാത്രകളിലൊന്നിലായിരുന്നു അവൻ. പുസ്തകം വായിച്ച് തീരാഞ്ഞിട്ടും അന്നു തന്നെ തിരികെ കൊടുക്കാമെന്ന് തീരുമാനിക്കാൻ കാരണം അവനോടുള്ള കടുത്ത കുശുമ്പായിരുന്നു.
പുസ്തകമെടുത്ത് തിരികെ നടക്കുന്നതിനിടെ ഓത്യോട്ടെ പാലത്തിന് സമീപമെത്തിയപ്പോഴാണ് വശ്യമായ ആ കാഴ്ച കണ്ടത്. പാലം തുടങ്ങുന്നിടത്ത് , ചുവന്ന് തുടുത്ത് നറുമുന്തിരി പോലെ രണ്ടു കുലയായി പാണൽ കായ്കൾ. ഓടിയടുത്തെത്തിയ ഞാൻ പഴം പൊട്ടിക്കാനാഞ്ഞു. പെട്ടെന്നാണു് കാലിനടുത്ത് എന്തോ ഇളകിയത്! ശൂ! എന്ന ഒരൊച്ചയും. " ഹൂയ് " എന്ന ഭീതി നിറഞ്ഞ ശബ്ദം പുറപ്പെടുവിച്ച് തുറിച്ച കണ്ണുകളുമായി റോഡിലേക്ക് തിരിച്ച് ചാടവെ ഞാൻ തെളിഞ്ഞു കണ്ടു, ദ്രുതം ചലിക്കുന്ന ആ ദീർഘ പീതശരീരം. തലക്കു മുകളിൽ കണ്ട കണ്ണട ചിഹ്നം യു.പി. സ്ക്കൂളിൽ കൃഷ്ണൻ മാഷ് പറഞ്ഞു പഠിപ്പിച്ച പോലെ തന്നെ!
അന്നു പേടിച്ച പേടിയിൽ പൊലിഞ്ഞു പോയതാണ് പാണൽ കായോടുള്ള എൻ്റെ അനുരാഗം.
കുറ്റ്യാടി പോകുമ്പോഴെല്ലാം, അവളെ ഞാൻ ഇന്നും തിരയുന്നുണ്ട്, നഷ്ടാനുരാഗത്തിൻ്റെ വേദനയോടെ. പക്ഷെ കാണാറില്ല ഒരിടത്തും. കിട്ടിയിട്ടില്ല, ഗൃഹാതുരത്വം രുചിച്ചു നോക്കാൻ ഒരു പഴം പോലും.
മത്സരത്തിൻ്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ നഷ്ടപ്പെട്ടു പോകുന്ന, അന്യം നിന്നു പോകുന്ന ചെറു ജീവനുകളെ ആരോർക്കാൻ ...
No comments:
Post a Comment