Sunday, May 3, 2020

അപകർഷത

പത്രവായന ഏറെക്കാലമായി നിലച്ചു പോയിരിക്കുന്നു. ഏറിയാൽ ഒന്നാം പേജിലെ തലക്കെട്ടുകൾ വായിക്കും. വർത്തമാന പത്രത്തിൽ വരുന്നവ മുഴുവൻ നെഗറ്റീവ് സംഗതികളാണെന്നു് ഞങ്ങളെ പഠിപ്പിക്കാൻ വന്ന ഒരു മോട്ടി വേഷണൽ പ്രഭാഷകൻ പത്ത് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ട്രെയിനിങ്ങിനിടേ പറഞ്ഞത്, എൻ്റെയുള്ളിൽ വല്ലാതെ പതിഞ്ഞു പോയതാവാം കാരണം. പല വാർത്തകളെ പറ്റിയും സഹപ്രവർത്തകരും കൂട്ടുകാരും  അഭിപ്രായം ചോദിക്കുമ്പോൾ  മാത്രമാണ് ആണ് എൻ്റെ പോരായ്മ ബോധ്യമാവുക. കഴിഞ്ഞ ഞായറാഴ്ചത്തെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന തമിഴ് / മലയാളം എഴുത്തുകാരൻ ജയമോഹനുമായുള്ള അഭിമുഖം ഒരാഴ്ച കഴിഞ്ഞ് ഇന്നാണ് വായിച്ചത്. എൻ്റെ പത്രാഭിമുഖ്യം ഊഹിച്ച് കാണുമല്ലോ. ജയമോഹൻ, സാഹിത്യത്തെയും യാത്രയേയും കുറിച്ച് ആവേശത്തോടെ പറഞ്ഞ അഭിമുഖത്തിൻ്റെ ഒടുക്കം , കൊറോണക്കാലം ഡിപ്രസിംഗ് ആണെന്ന് അഭിപ്രായപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം കോവിഡ് വൈറസ്സിൻ്റ കൃപയാൽ കിട്ടിയ ഒഴിവുകാലം തികച്ചും മനോഹരമാണ്.

ക്രിയാത്മകമായി ഒന്നും ചെയ്യാൻ സമയമില്ലെന്ന് കരുതിയിരുന്ന ഞാൻ കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും ഓരോ രേഖാചിത്രം വീതം വരക്കുന്നു. പാട്ട് പാടി ഹൈസ്‌ക്കൂൾ ഗ്രൂപ്പിലെ കുട്ടുകാരുമായി പങ്ക് വെക്കുന്നു. ഒന്നോ രണ്ടോ ഫോട്ടോകൾ മുടക്കമില്ലാതെ ഫെയ്സ്ബുക്കിലെ ഫോട്ടോഗ്രാഫി ഗ്രൂപ്പുകളിലിടുന്നു. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു. കൊള്ളാം!  ഇനിയാണ് ഏറ്റവും പ്രധാനമായത്. പത്ത് പതിനഞ്ച് കിലോമീറ്റർ എല്ലാ ദിവസവും ഓടിനടന്ന് വിയർക്കുന്നു. രാവിലെയും വൈകീട്ടും. രക്താതിസമ്മർദ്ദവും ചോരയിലെ അതിമധുരവും ഇല്ലാതാവുന്നത് ശരിക്കും ഞാൻ അറിയുന്നുണ്ട്.

എവിടെയാണ് ഈ പഹയൻ ഇത്ര ദൂരം ഓടി നടക്കുന്നതെന്ന് നിങ്ങൾ അമ്പരക്കുകയാവും. "ദുനിയാവായ ദുനിയാവ് മുഴുവൻ ഈ ദുനിയാവങ്ങനെ നിറഞ്ഞിരിക്കുകയല്ലേ. എങ്ങോട്ടോടിയാലും പടച്ച തമ്പിരാന്റെ കയ്യിൽ സുരക്ഷിതനല്ലേ ! " 

ഞങ്ങളുടെ പാർപ്പിട സമുച്ചയം സാമാന്യം വലുതാണ്. അതിന് ചുറ്റും ഒരു തവണ നടന്നോടിയാൽ അരക്കിലോ മീറ്റർ തികയും. അത്തരത്തിലുള്ള ഇരുപത് ചുറ്റ് ഓട്ട നടത്തം പത്ത് കിലോമീറ്ററിലാണ് കലാശിക്കുക. കൊറോണ നാടുകാണാനിറങ്ങിയ ശേഷമാണോ ഈ ഓട്ട നടത്തം എന്നു ചോദിച്ചാൽ അല്ലെന്നാണുത്തരം! ഇതിനു മുമ്പ് പൂർണ്ണത്രയീശൻ്റെ അമ്പലം അതി ദീർഘവൃത്തത്തിൽ വലം വച്ച് ഏഴരക്കിലോ മീറ്റർ പൂർത്തിയാക്കുകയായിരുന്നു പതിവ്. 

ഇവിടെ താമസമാക്കിയ കാലത്ത് ഞാനും മറ്റുള്ളവരുടെ പോലെ ഈ ചുറ്റുവട്ടത്തിൽ തന്നെയാണ് നടന്നുകൊണ്ടിരുന്നത്. പ്രഭാതത്തിൽ അഞ്ചരക്ക് തുടങ്ങുന്ന ഭ്രമണം ആറര വരെ തുടരും. സുഖം സ്വസ്ഥം.

അങ്ങിനെയിരിക്കെയാണ് എനിക്ക് ചിത്തഭ്രമം പിടികൂടിയത്. അപകർഷത എന്ന പേരിട്ടു വിളിക്കാവുന്ന കറകളഞ്ഞ സൂക്കേട്.

ഞങ്ങളുടെ പാർപ്പിട സമുച്ചയം അഞ്ച് ഭീമൻ കെട്ടിടങ്ങളുടെ ഒരു കൂട്ടമാണ്. ഓരോ കെട്ടിടത്തിനും ഒരു പൂവിൻ്റെ പേര്.

കെട്ടിടങ്ങളിൽ ആദ്യമുണ്ടായത് ഞങ്ങളുടേതാണ്. നാല് നിലയുള്ള കൂട്ടത്തിലെ ഇത്തിരി ക്കുഞ്ഞൻ. പരസ്യം കൊടുത്തയുടൻ തന്നെ നിർമ്മാണ കമ്പനി പണി തുടങ്ങി. പരന്നു കിടക്കുന്ന ചതുപ്പിൽ ഒരു പാർപ്പിട സമുച്ചയം പൊന്തുമെന്ന് അല്ലാത്തപക്ഷം ആരും കരുതുമായിരുന്നില്ല. പണിതുടങ്ങിക്കഴിഞ്ഞപ്പോഴാണ് കമ്പനി ശരിക്കും ഞെട്ടിയത്. എല്ലാ ഫ്ലാറ്റുകളും ആഴ്ചകൾക്കകം തന്നെ ബുക്ക് ചെയ്യപ്പെട്ടു. ഇത്രയും ചെറിയ ഒരു കെട്ടിടം പണിയാൻ തുന്നിഞ്ഞതിൽ, കമ്പനി ശരിക്കും സങ്കടപ്പെട്ടു പോയിരിക്കണം. ചതുപ്പിൻ്റെ ബാക്കി ഭാഗങ്ങളിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന വില്ല പ്രോജക്ട് റദ്ദ് ചെയ്ത് കമ്പനി അവിടെ വലിയ ഫ്ലാറ്റ് പ്രോജക്ടുകൾ പ്രഖ്യാപിച്ചു. പിന്നീട് വന്ന കെട്ടിടങ്ങൾക്കെല്ലാം നിലകളുടെ ബാഹുല്യം. നിലകൾ കൂടും തോറും ഫ്ലാറ്റുകളുടെ വിലയും കൂടി വന്നു. ഏറ്റവും പിറകിലെ കെട്ടിടം പട്ടണത്തിലെ നാലാളറിയുന്നവരുടെ അതിസമ്പന്ന വിദേശ വ്യവസായികളുടെ ഒക്കെ സ്വന്തമായി. അതിനു മുന്നിലുള്ള കെട്ടിടം അതിലും കുറഞ്ഞ സമ്പന്നൻമാരുടെ. മുന്നോട്ട് വന്ന് ഞങ്ങളുടേതിൽ അവസാനിക്കുമ്പോൾ ബാങ്ക് ആപ്പീസർമാരുടേയും ഇടത്തരം കമ്പനി എക്സിക്യൂട്ടിവ് മാരുടേതുമായി, ഫ്ലാറ്റുകൾ.  ഇടക്കാലത്ത്, മറ്റ് ഫ്ലാറ്റുകളിലെ കുഞ്ഞുങ്ങൾ ഞങ്ങളിലേതിലെ കിടാങ്ങളുമായി കൂട്ടുകൂടരുതെന്നും , കളിക്കരുതെന്നും  വർഗ്ഗസങ്കരം ഭയന്നാകണം, അവിടത്തെ ചുരുക്കം ചില അമ്മമാർ വിലക്കിയിരുന്നത്രെ. ഒരുതരം ചാതുർവർണ്ണ്യം ഫ്ലാറ്റിൻ്റെ ഉയരത്തിനാനുപാതികമായി യുഗങ്ങൾക്ക് മുമ്പ് നിലനിന്ന് പോന്നിരുന്നു.

പറഞ്ഞു വന്നത് ഓട്ടനടത്തങ്ങളെക്കുറിച്ചാണ്. പുലർകാലത്തൊരു ദിവസം നടന്നു നടന്നു് അതിസമ്പന്നർ താമസിക്കുന്ന ഫ്ലാറ്റിൻ്റെ പുറകിലെത്തിയപ്പോൾ അസഹനീയമായ നാറ്റം. സെപ്റ്റിക് ടാങ്ക് വഴിഞ്ഞൊഴുകുകയാണ്. അന്ന് നിർത്തിയതാണ് കോംപ്ലക്സിനുള്ളിലെ നടത്തം.  മാത്രവുമല്ല, ഡിസംബറിൻ്റെ തണുപ്പും മെയ് യുടെ ചൂടും കൂടുതൽ അനുഭവ വേദ്യമായത് പട്ടണത്തിൻ്റെ റോഡുകളിലാണ്. റോഡിലൂടെ ഓടുമ്പോൾ വളരെ ശ്രദ്ധിക്കണം. ചീറിപ്പായുന്ന ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കിടയിൽ പെട്ട് മരിച്ചു പോകുന്നത് ആളുകൾ ഫാഷനാക്കിയ കാലമാണ്.

നടത്തം റോഡിലാക്കാൻ ഇനിയുമുണ്ട് കാരണം. മുൻ പറഞ്ഞ മനോവ്യാധി. അപകർഷത. സമ്പത്തിലും സൗകുമാര്യത്തിലും മറ്റ് സുകുമാര കലകളിലും ഈയുള്ളവൻ വളരെ പിറകിലാണെന്ന ഉറച്ച വിശ്വാസം. 

ഇവിടെ താമസിക്കുന്നവരെല്ലാം ബഹു മിടുക്കർ. അവരുടെ മിടുമിടുക്കിനും പ്രഭാവത്തിനും മുന്നിൽ ഞാൻ ചൂളിപ്പോകുന്നില്ലേ എന്നൊരു വേവലാതി. വല്ലായ്മ.  എൻ്റെ ആകാരവും സംഭാഷണവും മറ്റുള്ളവരുടെ മിടുമിടുക്കിനു മുമ്പിൽ ശോഭിക്കുന്നില്ല. അവർ പറയുന്ന വിഷയങ്ങൾ പലതും എനിക്ക് മനസ്സിലാവുന്നില്ല. ഈ പാർപ്പിടം വാങ്ങിയത് തന്നെ മോശമായിപ്പോയെന്ന് പലവുരു ഉയരുന്ന തോന്നൽ.  ഈ പാർപ്പിട സമൂഹത്തിലാകെ നോക്കിയാൽ, വെയിലായാൽ ഇരുചക്രത്തിലും മഴയത്ത് പൊതുഗതാഗതത്തിലും ആപ്പീസിൽ പോകുന്ന ഏക മഹാത്മാഗാന്ധി ഞാൻ മാത്രം! ഗേറ്റ് കടന്ന് ഉള്ളിലെത്തുമ്പോഴേക്കും ഉള്ളിൽ അമർന്നിരിക്കുന്ന അപകർഷത തിളക്കുകയായി!

രാവിലെ നടക്കുമ്പോൾ സ്ഥിരമായി നടക്കുന്ന സമർത്ഥരും സമ്പന്നരുമായ മിടുക്കരെ കണ്ടു മുട്ടുന്നു. ചിലരൊക്കെ, അധികവും പ്രായമായവർ, കൈ വീശിയാൽ തിരിച്ച് വീശും, ഗുഡ് മോർണിംഗ് പറഞ്ഞാൽ തിരിച്ച് ആശംസിക്കും ..... ബഹു ഭൂരിപക്ഷമാവട്ടെ കണ്ണിൽ നോക്കി ചിരിച്ചാലും ചിരി കാണാത്ത പോലെ തല താഴ്തി നടന്നു പോകും; അലെങ്കിൽ മുഖം തിരിക്കും. എനിക്ക് ഒരു കാര്യം ബോധ്യമായി. എൻ്റെ ശുഷ്കത ഇവിടെ എല്ലാവരും  അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

അതിനിടെ ഒരു കൂട്ടം സമാന ഹൃദയർ - വർത്താനം പറയാൻ വിമുഖത കാട്ടാത്തവർ - ചങ്ങാത്തത്തിലായി. അവർ സംഘടിപ്പിക്കുന്ന പാർട്ടികളിലും വിരുന്നുകളിലും പങ്കെടുക്കുമ്പോഴും അവരോട് സംസാരിക്കുമ്പോൾ പോലും എൻ്റെ ബോധത്തെ അപകർഷത കാർന്നുതിന്നു. പലപ്പോഴും സൗജന്യമായി കിട്ടിയ മദ്യം ആവോളം പാനം ചെയ്താണ് ഞാൻ നട്ടെല്ല് നിവർത്തിയത്‌. 

പക്ഷെ വ്യായാമം ആയുരാരോഗ്യ സൗഖ്യത്തിന് അനിവാര്യമാണല്ലോ. ബാങ്കിൻ്റെ ഭാഗത്ത് നിന്ന് നിരന്തരം കിട്ടി വന്നിരുന്ന ലാളന എൻ്റെ രക്തസമ്മർദ്ദവും ചോരക്കുള്ള മാധുര്യവും നിർലോഭം കൂട്ടിക്കൊണ്ടിരുന്നു. അങ്ങനെ, മിടുമിടുക്കൻമാരുടെ ദൃഷ്ടിയിൽ പെട്ട് അവർക്ക് ദോഷം വരാതിരിക്കാൻ ഞാൻ ഫ്ലാറ്റിൽ നിന്നിറങ്ങി റോഡിലൂടെ ഓടി. 

റോഡിൽ എന്നെപ്പോലുള്ളവർ മാത്രം. അവർ തല കുലുക്കിയും ചിരിച്ചും പരിചയക്കാരായി. പക്ഷിയെ പോലെ രണ്ടു വശത്തും കൈകളിളക്കി നടന്നു പോകുന്ന വൃദ്ധനും , ഒരുനാളും മുടങ്ങാതെ നെട്ടോട്ടമോടിയ മദ്ധ്യവയസ്കയും, കിന്നാരം പുന്നാരം പറഞ്ഞ്  വേഗത്തിൽ നടന്നു പോയ അച്ഛനും മകളും, കൈത്തണ്ടയിൽ ഉറപ്പിച്ച പ്ലാസ്റ്റിക്ക് കെയ്സിൽ മൊബൈൽ ഫോൺ വച്ച്, അതിൽ നിന്ന് പുറപ്പെട്ട വയർ ചെവിയിലേക്ക് വലിച്ചുകെട്ടി ഓടിച്ചാടി പോയ്ക്കൊണ്ടിരുന്ന സുന്ദരിയും എന്നെ കണ്ടാൽ കൈ വീശി ചിരിച്ച് കുശലം പറയുമെന്നായി. പരസ്പരം പേര് പോലുമറിയില്ലെങ്കിലും ഞാൻ അവരിൽ ഒരുവൻ. ഒട്ടുമില്ല അകൽച്ച.

അങ്ങനെയിക്കവെയാണു് കൊറോണ എന്ന് പേരായ ജലദോഷപ്പനിക്കു മുമ്പിൽ, അത് പരത്തുന്ന അണുകീടത്തിനു മുമ്പിൽ അണ്ഡകടാഹമായ അണ്ഡകടാഹങ്ങളൊക്കെ വിറങ്ങലിച്ച് നിന്നു പോയത്. മാർച്ച് ഇരുപതാം തീയതി മുതൽ ഭവനത്തിലിരുന്ന് വേലയെടുത്താൽ മതിയെന്ന് തൊഴിൽ ദാതാവ് ഉത്തരവായി. ഇരുപത്തഞ്ചാം തീയതി മുതൽ അധികാരികൾ രാജ്യത്തെ അടച്ചു പൂട്ടുകയും ചെയ്തു. പെട്ട് പോയത് ഞാനല്ലേ! ഇനിയെങ്ങിനെ നടന്നോടും? മഹാ മിടുക്കൻമാർക്കിടയിൽ മിടുക്കൊട്ടുമില്ലാത്ത ഇവൻ്റ രൂപം എങ്ങനെ കൊണ്ടു വെക്കും? എങ്ങനെ ഓടിക്കും?

അവർ സംസാരിക്കുന്ന വിഷയങ്ങൾ ഇടക്ക് തെറിച്ചുവീണവ കേൾക്കാൻ എനിക്ക്  ഭാഗ്യമുണ്ടാകാറുണ്ടായിരുന്നു. എല്ലാം ഉന്നത ശ്രേണിയിൽ പെട്ടവ. സ്റ്റോക്ക് എക്സ്ചേഞ്ച്, ക്രിക്കറ്റ്, വിമാനയാത്രാ വിവരങ്ങൾ , മുന്തിയ കാറുകൾ, വിദേശയാത്രാ വിശേഷങ്ങൾ, വാണിജ്യ കിടമത്സരങ്ങൾ, വിവരസാങ്കേതികത:

എൻ്റെ ശിവനേ! ഒന്നിച്ച് നടക്കുന്നതിനിടയിൽ ഒ.വി. വിജയനെന്നോ, സഖാവ് കൃഷ്ണപ്പിള്ളാന്നോ, റോസാ ലക്സംബർഗ് എന്നോ, ടി.പി. രാജീവൻ എന്നോ രമണമഹർഷീ ന്നോ മറ്റോ എൻ്റെ നാവിൽ നിന്ന് വീണാലത്തെ അവസ്ഥ! ചെറ്റക്കുടിലിലെത്തിയ കുബേരൻമാരെപ്പോലെ അവർ അമ്പരന്ന് പോവുകയേ ഉള്ളൂ!എനിക്ക് പക്ഷെ, അങ്ങനെ ചിലതല്ലേ അറിയൂ ! അതിനു ചെവി തരുന്ന പാമരരുമായി മാത്രമായിരുന്നില്ലേ എൻ്റെ കൂട്ട്!

അടച്ചിടൽ തുടങ്ങി ഒന്നു രണ്ട് ദിവസം ഒന്നും മിണ്ടാതെ വീട്ടിനകത്തു തന്നെയിരുന്നു. നാല് നില പടികൾ കേറിയിറങ്ങി ശരീരത്തിനു് ആയാസം വരുത്തി. നല്ല തീറ്റ. രണ്ടു നേരം മാത്രം കഴിച്ചിരുന്നത് മൂന്നും തുടർന്ന് അഞ്ചു നേരമായും ഉയർന്നു. വയറിൻ്റെ വ്യാസം കൂടി വരുന്നു. പടികയറ്റം കൊണ്ട് മതിയാവില്ലെന്നായി. പുറത്തിറങ്ങണം. പക്ഷെ മിടുക്കൻമാർക്കു മുമ്പിൽ ചൂളി നിൽക്കുന്നത് ആലോചിക്കാൻ വയ്യ. അപകർഷത എന്ന അസുഖം മറ്റേത് മഹാ മാരിയേക്കാളും ഭീകരമാണെന്ന് അതനുഭവിച്ചവനേ അറിയൂ. ഞാൻ ഉമിത്തിയിൽ ഉരുകി. 

ഉള്ള ധൈര്യം മുഴുവൻ സംഘടിപ്പിച്ച് ഒരു ദിവസം രണ്ടും കല്പിച്ച് പുറത്തേക്കിറങ്ങി. ചെവിയിൽ ഓഡിബിൾ പുസ്തകം കുത്തി,  മെല്ലെ വലത്തോട്ട് തിരിഞ്ഞ് നടപ്പു തുടങ്ങി. ആറ് കിലോമീറ്റർ നടന്ന് അന്ന് നിർത്തി. വൈന്നേരമായപ്പോൾ വീണ്ടും ഉൾവിളി. ഒന്നൂടെ നടന്നാലോ? 

നടപ്പു ദിനങ്ങൾ ഒന്നിൽ നിന്ന് രണ്ടിലേക്കും രണ്ടിൽ നിന്ന് നാലിലേക്കും വികസിക്കവേ വെളിപാടുകൾ വരികയായി. ചെവിയിൽ തിരുകിയ ഓഡിയബിൾ വായിച്ചു തന്ന പുസ്തകങ്ങളിൽ നിന്നു മാത്രമല്ല; പുറം ലോകത്തു നിന്നും. പലരും കൈ വീശുന്നു , ചിരിക്കുന്നു,  കുശലം ചോദിക്കുന്നു. അത് ശരി. അപ്പോ, ഞാനവർക്കു മുമ്പിൽ അല്പപ്രാണി യാണെന്ന് ഞാൻ തന്നെ ധരിച്ച് വശായതാണ്! 

എൻ്റെ അപകർഷത അല്പാല്പമായി അഴിയുന്നുണ്ടോ? പാർപ്പിട സമുച്ചയത്തിലെ മിടുക്കരിൽ മിടുക്കരായ യുവാക്കൾ കെട്ടിടങ്ങളുടെ ഒരു വശത്ത് ബാറ്റ്മിൻറൻ കളിക്കുന്നുണ്ട്. അവർക്കൊപ്പം ചേരാൻ അവരെന്നെ ക്ഷണിച്ചു. ഒന്നിലേറെ തവണ. ഇതിൽപരം അംഗീകാരം എന്താണ് കിട്ടാനുള്ളത് ! നടപ്പു വേളകളിലെ പുസ്തകം കേൾക്കലിൽ മുടക്കം വരുത്തേണ്ടെന്ന് കരുതി ആ ക്ഷണം സ്നേഹപൂർവം ഞാൻ നിരസിച്ചു.

ഞാനിതാ, ഏഴെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും മനുഷ്യനായിരിക്കുന്നു. തല ഉയർത്തിപ്പിടിച്ച് പാർപ്പിടങ്ങൾക്ക് ചുറ്റും ഓടിപ്പോകുന്ന ആത്മവിശ്വാസമുള്ള മനുഷ്യൻ. അപകർഷത തീരെ ഓടി മാറിയെന്നാണോ? അല്ല ! ഞാനാ കാളിയൻ്റെ പൊന്തുന്ന പൊന്തുന്ന തലകൾക്കുമേൽ ഭഗവാനെപ്പോലെ ചാടിച്ച വിട്ടി നിൽക്കുകയാണ്. അങ്ങനെയിരിക്കട്ടെ, അവൻ്റെ കൊടിയ വിഷം ഒഴിയും വരെ!

എന്തുകൊണ്ടായിരിക്കും ഞാനെൻ്റെ കൂടിലേക്ക് ഒതുങ്ങിക്കൂടാൻ ശ്രമിക്കുന്നതെന്ന് ഒന്നപഗ്രഥിച്ചു നോക്കാൻ മന:ശാസ്ത്രക്കാരി കൂട്ടുകാരിയുടെ നിർബന്ധവും പുരോഗമനത്തിനുള്ള വഴിമരുന്നായിട്ടുണ്ടാവണം.

ഉള്ളതിനെ ഉള്ളതുപോലെ നോക്കിക്കാണാനുള്ള കഴിവ്  വർഷങ്ങളായി എനിക്ക് നഷ്ടപ്പെട്ടു പോയിരുന്നെന്ന് തോനുന്നു. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാനും. 

പൂവ് മനോഹരമാവുന്നത് ഞാനെൻ്റെ മനസ്സിനെ അതിലേക്ക് ലയിപ്പിക്കാതെ നോക്കുമ്പോഴാണ്. ദാസേട്ടൻ്റെ പാട്ട് ലഹരിയാവുന്നത്, എന്നെ ഞാനതിലേക്ക് ലയിപ്പിക്കാത്തപ്പോഴാണ്. മനസ്സ് കളങ്കപ്പെടുത്താതിരിക്കുമ്പോഴാണ് എല്ലാം മനോഹരമാകുന്നത്. 

ചുറ്റുമുണ്ടായിരുന്ന മനോഹരമായ അന്തരീക്ഷം, സുഹൃദങ്ങൾ , ഞാൻ കാണാതെ പോയത് എൻ്റെ മഞ്ഞക്കണ്ണാടിയിലൂടെ ഞാനവ നോക്കിക്കണ്ടതുകൊണ്ടാണ്. 

ഇന്നലത്തേയും ഇന്നത്തേയും പ്രഭാത, സായന്തന സവാരികൾക്ക് കൂട്ട്, അലൻ വാട്സ് എന്ന വേദാന്തിയായിരുന്നു. പ്രാന്തൻ. എനിക്ക് പറ്റിയ കൂട്ട് . മദ്യപാനത്താൽ അൻപത്തെട്ടാം വയസ്സിൽ മരിച്ചു പോയ വേദാന്തി. 

അദ്ദേഹമിന്നു്, ഒരു സെൻ ഗുരുവുമായി നടത്തിയ അഭിമുഖത്തെക്കുറിച്ച് പറഞ്ഞു . സെൻ രീതിയിലുള്ള ജീവിതത്തെക്കുറിച്ച്, ധ്യാനത്തെക്കുറിച്ച് ധാരാളം പുസ്തങ്ങൾ ജപ്പാനീസ് ഭാഷയിലുണ്ട്. അവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാൽ നന്നാവില്ലേ എന്ന അഭിപ്രായമുണ്ടായി. 

സെൻ ഗുരു പറഞ്ഞു. "അതിൻ്റെ ആവശ്യമില്ല"

സംശയത്തോടെ നോക്കിയ വാട്സി നോട് അദ്ദേഹം തുടർന്നു പറഞ്ഞു. "സെൻ അറിയുകയാണ് വേണ്ടത്. അത് അറിഞ്ഞു കഴിഞ്ഞാൽ പുസ്തകങ്ങളൊന്നും വിവർത്തനം ചെയ്യേണ്ടതില്ല " അദ്ദേഹം മന്ദഹസിച്ചു കൊണ്ട് തുടർന്നു. "മഴയുടെ സംഗീതത്തെ ആർക്കാണ് വിവർത്തനം ചെയ്യാനാവുക!"

എൻ്റെ ആവാസ പരിസരത്തിൻ്റെ വർഷ സംഗീത മറിയാൻ കൊറോണ സഹായിച്ചു. സമ്പന്ന നിലും, ദരിദ്രനിലും ഒരുപോലെ ഭയത്തിൻ്റെ ബീജം വിതറുന്ന കൊറോണ. അതെന്നെ ഒരടി കൂടി എന്നിലേക്കടുപ്പിച്ചിരിക്കുന്നു.  നൂറു കണക്കായ ഈ പാർപ്പിടങ്ങളിലെ മനുഷ്യരുടെ ഹൃദയങ്ങൾ മിടിക്കുന്നത് എൻ്റേതിൽ നിന്ന് വ്യത്യസ്തമായ ല്ലെന്ന് ഞാനറിയുന്നു.  

മഞ്ഞു തുള്ളികൾ മിന്നി നിൽക്കുന്ന ഒരു ചിലന്തി വലയെക്കുറിച്ച് വാട്ട്സ് പറയുന്നുണ്ട്‌. സൂര്യനുദിച്ചുയരുമ്പോൾ ഓരോ മഞ്ഞുകണത്തിലും കുഞ്ഞു സൂര്യൻമാർ ഉദിക്കുകയായി. ഓരോ മഞ്ഞു കണത്തിലും മറ്റെല്ലാ കണങ്ങളുടേയും പ്രതിഫലനവും! എന്തുമനോഹരമാണീ ചിലന്തിവല!

എല്ലാം ഒരേ താവോ.
ഒരേ സെൻ
ഓം ...

No comments:

Post a Comment