Monday, February 3, 2020

അച്ഛൻ

ഇന്ന് സെപ്റ്റംബർ നാല് .
ഇന്നെന്റെ ജന്മദിനമാണ്. 

കഴിഞ്ഞ വർഷം ഈദിവസമാണ് എന്റെ അച്ഛൻ ഞങ്ങളെ വിട്ട് പടിയിറങ്ങിപ്പോയത്. അതു വരെയുണ്ടായിരുന്ന ക്ഷീണമൊക്കെ മാറ്റി വച്ച്, സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്ന ഊന്ന് വടി പോലുമെടുക്കാതെ, കുഞ്ഞുങ്ങളോട് വേഗം പോയി വരാമെന്ന് പറഞ്ഞ്, അച്ഛൻ ഇറങ്ങിപ്പോയി.  ഒരു തീർത്ഥകണം ഉരിമണലിലെന്ന പോലെ...

ഒരു ആംബുലൻസ്, മേലോട്ട് മേലോട്ട് മറിഞ്ഞു പോകുന്ന നീലക്കണ്ണുമായി ഏറണാകുളത്തു നിന്നുംവിദൂരമായ എന്റെ കുറ്റ്യാടിയിലേക്ക് രാത്രിയെ കീറി മുറിച്ച് വിലപിച്ച് പായുമ്പോൾ , കാബിനിലെ ഇരുട്ടിൽ ഞാനും മോനും. അച്ഛാ എന്നു് , എന്നെ ദീനമായി നോക്കി അവൻ ഇടക്കിടെ വിളിച്ചു കൊണ്ടിരുന്നു. എന്തുടക്കിയാണ് എന്റെ തൊണ്ട വല്ലാതെ വേദനിച്ചുകൊണ്ടിരുന്നത്? ക്യാബിന്റെ പിറകിലെ ചെറിയ കിളിവാതിലിലൂടെ  ഇടക്കിടെ തിരിഞ്ഞ് തിരിഞ്ഞ് ഞാൻ നോക്കുമ്പോൾ, അച്ഛൻ, ഏകനായി. ശീതികരണിയുടെ കൊടും തണുപ്പിൽ ഉറയുന്നത് എന്റെ കുഞ്ഞു ചൂണ്ടുവിരലിനെ ചുഴ്ന്ന കൈപ്പത്തിയുടെ ഊഷ്മളമായ കരുതലാണ്. നിശ്ചലമായത് ഉറന്നാലുമുറന്നാലും തീരാത്ത വാത്സല്യത്തിന്റെ നെഞ്ചകമാണ്. അടഞ്ഞു പോയത് ഒരു നോക്കിന്റെ ശാസനയാൽ തലമുറകളെ ഭരിച്ച ഗുരുവിന്റെ മിഴികളാണ്. 

ഒരാൾ നിന്നയിടം ശൂന്യമാകുമ്പോൾ അവിടം ഓർമ്മകൾ ഊക്കിലൊഴുകി നിറയുന്നു. വൈകുന്നേരങ്ങളിൽ കുറ്റ്യാടി അങ്ങാടിയിലേക്കും തിരികേയും അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി യുള്ള നടത്തം, നിർത്താതെ ഞാൻ പറയുന്നതിന് അച്ഛന്റെ മറുപടികൾ, പൊട്ടിച്ചിരി. നടത്തത്തിനിടെ, അമ്മ കളിയാക്കിപ്പറയും പോലെ, എല്ലാ സർവേക്കുറ്റി കളോടും കുശലം പറച്ചിൽ, വേഗം വേഗം നടക്കുന്ന അച്ഛനോടൊപ്പമെത്താനുള്ള എന്റെ തത്രപ്പെടൽ, കിതപ്പ്,  വൈകി വൈകി എത്തിയ അപൂർവരാത്രികളിൽ അമ്മയുടെ പിടക്കുന്ന നെഞ്ചു പറ്റി, അച്ഛനെയും കാത്തുള്ള ഇരിപ്പ്, പനിരാത്രികളിൽ ഇടക്കിടെ വന്ന് നെറ്റി തൊടുന്ന കൈത്തണുപ്പ്.... എന്നെ ഞാനാക്കുന്നത് ഈ ഓർമകളാണ്. എണ്ണിയെണ്ണിപ്പറഞ്ഞ് തീരാത്തത്രയുമോർമകൾ.

അച്ഛനിനി അതു മാത്രമാണല്ലോ!

അച്ഛന് പ്രിയമായ പാതകളിലായിരുന്നില്ലല്ലോ എന്റെ കൗമാര യൗവനങ്ങൾ പലപ്പോഴും നടന്നത്. ഇവൻ അപഥം നടന്ന നാളുകൾ അച്ഛനെ വേദനിപ്പിച്ചിട്ടുണ്ടാവാം. ഇപ്പോഴും നേരെയാവാത്ത ഇവന്റെ തലവരയുടെ മഹത്വമോർത്ത് ഒരു പക്ഷെ യിപ്പോൾ പുഞ്ചിരിക്കുന്നുമുണ്ടാവാം. ഒരാഗ്രഹത്തിനും അച്ഛൻ തടസ്സം പറഞ്ഞിട്ടില്ല. ഒട്ടും പറ്റാത്തതാണെങ്കിൽ പറ്റാത്തതിന്റെ,കാര്യ കാരണങ്ങൾ പറഞ്ഞു തന്നു. എന്നിട്ടും ഏറെത്തവണ ഇവൻ തന്നിഷ്ടം കാട്ടി. ഒടുക്കം തലതാഴ്തി കൂട്ടം തെറ്റിപ്പോയ കുഞ്ഞാടായി തിരിച്ചെത്തിയപ്പോഴെല്ലാം അച്ഛൻ ചിരിച്ചു. ചിന്താ മധുരമായി.

അച്ഛൻ പോയപ്പോൾ, മടങ്ങിയെത്തിയാൽ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന വീടാണ് നഷ്ടമായത്. അപഥം നടക്കാൻ ഇനി എനിക്കാവില്ലല്ലോ. 

ചെക്കന്റെ പിറന്നാളല്ലേ , പായസം വേണ്ടേയെന്ന് അമ്മയെ ഓർമ്മിപ്പിക്കുന്ന വാത്സല്യംപക്ഷെ, എന്റെ മൂർദ്ധാവിൽ ഇന്നും വന്ന് തൊടുന്നുണ്ട്....

No comments:

Post a Comment