Saturday, February 1, 2020

ചാർലി

ഇതൊരനുഭവ കഥയാണ്.
ഇച്ചിരി നീളമുണ്ട്. സഹിച്ച് വായിക്കുക .. അഭിപ്രായം പ്രകടിപ്പിക്കുക. 

__________________________________
ചാർലി .
__________________________________

"മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ?" ചാർലി ചോദിച്ചു. ആദിവാസി മൂപ്പൻ തിരച്ചുനൽകിയ കഞ്ചാവ് ബീഡി  ആഞ്ഞു വലിച്ച്,ബാണാസുര സാഗറിന്റെ റിസർവോയറിന് നടുവിലെ ഒരു കുന്നിൽ അയാൾ മലർന്നു കിടന്നു.ഇന്നലെ  ഉച്ചക്ക് എന്നോടൊപ്പം കൂടിയതാണ്. കുറവ ദ്വീപ് കാണണമെന്ന് കൊതിച്ചു വന്ന എന്റ കോർപ്പറേറ്റ് സുഹൃത്തുക്കളെ ദ്വീപ് കാണിച്ച്, വയനാടൻ കള്ളും മുയലിറച്ചിയും തീറ്റിച്ച്, കാറിൽ കയറ്റി ബാഗ്ലൂരിൽ സുരക്ഷിതരായി എത്തിച്ചേരൂ എന്നാശംസിച്ച്, കൈ വീശി, കാർ കൺവട്ടത്ത് നിന്ന് മറവോളം നോക്കിനിന്ന് തിരിഞ്ഞപ്പോൾ പരിചിതമൊരു മുഖം ഉററു നോക്കുന്നു. ഞാനും കള്ളിന്റെ ഊററം ചുരമാന്തുന്ന കണ്ണുകൾ തുറിച്ചു നോക്കി. എവിടെയാണ് കണ്ടത്! ഈ മുഖം? കണ്ണുകൾക്ക് കാലം മറപിടിക്കുന്നു. "ഞാനാടോ ചാർലി " കനത്ത ശബ്ദം. എന്റെ ഓർമ്മയിൽ, പഴയ നടൻ മമ്മൂട്ടിക്ക് മാത്രമേ ഇത്രയും ഗംഭീരമായ ശബ്ദമുള്ളൂ.  ചാർലി ... ചാർലി ... പെട്ടെന്ന് ഓർമ്മകൾ ഫ്ലൂറസെന്റ് ലാമ്പ് പോലെ കത്തി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെയൊപ്പം ഒബറോൺമാളിലെ തിയെറ്ററിലിരുന്ന് കണ്ട മനോഹര സിനിമയിലെ ചാർലി. ആ സിനിമ ശരിക്കും ആഘോഷിക്കുകയായിരുന്നു ഞാനും അച്ഛനും അനിയത്തിയും. അച്ഛൻ പറയുമായിരുന്നു "ചാർലിയെ പോലെ ജീവിക്കണം. മറകളില്ലാതെ. ജീവിതം ശരിക്കും, അറിഞ്ഞാസ്വദിച്ച്. എല്ലാരിലും ഒരു ചാർലി ഉണ്ടെന്നും, അയാളെ എപ്പോഴെങ്കിലും തുറന്നു വിടണമെന്ന ആഗ്രഹം മറന്നു വച്ചാണ് നാം നാഗരിക ജാടകളിൽ മുഴുകന്നതെന്നും അച്ഛൻ പറഞ്ഞിരുന്നു. "അതാണു് ഈ സിനിമയുടെ വിജയരഹസ്യം. നാം നമ്മെത്തന്നെ സ്‌ക്രീനിൽ കാണുന്നു. നാം ജീവിക്കാനാഗ്രഹിച്ച ജീവിതം സ്ക്രീനിൽ പ്രത്യക്ഷമാക്കുന്നു, സംവിധായകൻ..." അച്ഛൻ ഇങ്ങനെ കുറേ പറയുമായിരുന്നു. ഫിലോസഫർ എന്ന് സ്വയം വിശേഷിപ്പിക്കാൻ അച്ഛന് ഇഷ്ടമായിരുന്നു. ഒരുപാടെന്തൊക്കെയോ ആവണമെന്ന് എന്റെ പാവം അച്ഛൻ ആഗ്രഹിച്ചിരുന്നു. കാർട്ടൂൺ വരച്ച് നോക്കിയും, ചിത്രമെഴുതിയും കഥകളെഴുതാൻ ശ്രമിച്ചും അച്ഛനൊരുനാൾ, ഒരു തീർത്ഥകണം  ഉരി മണലിലെന്നപോൽ മാഞ്ഞുപോയി. ഒന്നുമാവാതെ ...

"നിന്റെ അച്ഛനെ എനിക്കറിയാമായിരുന്നു ". ചാർലി പറഞ്ഞു. കണ്ടുമുട്ടിയന്ന് വൈന്നേരം തിരുനെല്ലിയമ്പലത്തിന് താഴെയുള്ള കടയിലിരുന്ന് ചുക്കുകാപ്പി മൊത്തിക്കുടിക്കുകയായിരുന്നു ഞങ്ങൾ. നല്ല തണുപ്പ്. ദൂരെ എവിടെയോ പാപനാശിനിയുടെ നിദാന്തകളരവം.  
ഞാൻ അതിശയപ്പെട്ട് അയാളുടെ മുഖത്ത് നോക്കി. മുഖത്ത് , വളർന്ന് മുറ്റിയ നരച്ച താടി. കമ്മട്ടിപ്പാടത്തിലെ കൃഷ്ണന്റെ അവസാനയവതാരം താടി വച്ചത് പോലുണ്ടിപ്പോൾ. "അച്ഛനെ എങ്ങനെ അറിയാം?" ചാർലി എന്റെ മുഖത്ത് തറപ്പിച്ച് നോക്കി. എന്നിട്ടയാളുടെ ട്രേഡ് മാർക്ക് ചിരി ചിരിച്ചു...ഹ...ഹ...ഹ...ഹ... ചായക്കട ഞെട്ടിത്തരിച്ച് പുളകിച്ചു ... കക്കാരനും ചിരിക്കാൻ തുടങ്ങി .. അയാൾക്ക് പല്ലുണ്ടായിരുന്നില്ല. അതയാളെ നവജാത ശിശുവിനെ പോലെ നിഷ്കളങ്കനാക്കി. 
" ഇവരെത്ര തവണ ഈ കടയിൽ കണ്ടുമുട്ടിയിരിക്കുന്നു! എത്ര ചായ കുടിച്ചിരിക്കുന്നു!! എത്ര പാട്ട് പാടിയിരിക്കുന്നു!! എത്ര ചിരിച്ച് മറിഞ്ഞിരിക്കുന്നു." ചായക്കടക്കാരൻ പറഞ്ഞത് എന്നെ കൂടുതൽ അമ്പരപ്പിച്ചു. 
" എന്റച്ഛനോ ?!"
" ങ്ങാ ... ചാർല്യേ ... ഓർമ്മേല്ലേ? ഒരു രാത്രി .. കന്നിമ്മേലപ്പോയിട്ട് ..." 
ചാർലി വിണ്ടും ദിക്കുകൾ മുഴങ്ങുന്ന ആ ചിരി ചിരിച്ചു...

മഞ്ഞു വീണു കൊണ്ടിരുന്ന ഒരു ഡിസംബറിലായിരുന്നു. കുന്നിൻ മുകളിൽ നല്ല നാടൻ വാറ്റ് കിട്ടുമെന്ന് ചായക്കടക്കാരനാണ് ചാർലിയോടും അച്ഛനോടും പറഞ്ഞത്. 
" പുഴ കടന്ന് കയറി, ഇച്ചിരി വടക്കോട്ട് നടന്നാൽ, ഉരുളൻ കല്ലുകൾ പതിച്ച നടവഴി കാണാം.. അതിലെ കേറി നേരെ നടക്കണം. കുറച്ചു ചെല്ലു മ്പോൾ വഴി രണ്ടായി പിരിയും... ഇടത്തോട്ട് തിരിയുക.. ഇച്ചിരി നടക്കുമ്പോൾ കല്ലുപാകിയത് നിന്ന് വെട്ടുവഴിയാകും. അതിലെ നേരെ നടന്നാ മതി... "
 അവർ കുന്നിന് മുകളിലേക്ക് പുറപ്പെടുമ്പോൾ ഏകദേശം നാല് നാലരമണി. കിഴക്കേ മാനത്ത് കാറിരുണ്ട് കൂടുന്നുണ്ടായിരുന്നു. തണുത്ത കാറ്റ് രണ്ട് തവണ വീശിയടിച്ചു . മുളം കാടുകൾ തണുത്ത് വിറച്ചു.
"ഇപ്പത്തന്നെ പുറപ്പെടണമെന്ന് ഞാൻ പറഞ്ഞില്ല... മഴവരുന്നുണ്ട് " കടക്കാരൻ പിറകിൽ നിന്ന് വിളിച്ചു. 
" എന്റെ ചേട്ടാ... നല്ലൊരു കാര്യത്തിന് പോകുമ്പോൾ പിറകീന്ന് വിളിക്കല്ലേ... ഞങ്ങൾ രാത്രി തിരിച്ചു വരും.. ഒരെട്ട് മണിയോടെ .. " ചാർലി കണ്ണിറുക്കി കൊണ്ട് പറഞ്ഞു. "നമുക്കിന്ന് ചേട്ടന്റ കുടിയിൽ കൂടാം. മുയലിറച്ചി വേണം .. " വേഗം വാടാ എന്ന് അച്ഛന്റെ തോളിൽ കയ്യിട്ട് താഴ് വാരത്തേക്ക് ഓടിയിറങ്ങി. "ചാർലീ, നല്ല മഴ വരുന്നുണ്ട്. ഇരുട്ടാനും തുടങ്ങി. നാളെ പോകാം. നേരത്തെ , രാവിലെ തന്നെ പുറപ്പെടാം." 
''എടോ, വാറ്റ് ഒരു കലയാണ്.വാറ്റാൾ, ഒരു കലാകാരനും.. ഏതുകലയും കഴിയുന്നതും വേഗം സ്വന്തമാക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം. ഓരോ വാറ്റാൾക്കും അയാളുടേതായ ശൈലിയുണ്ട്. അതാണ് അയാളുടെ മദ്യത്തെ മറ്റുള്ളവ യിൽ നിന്നും വ്യത്യസ്തമാക്കുന്നത്. "  പുഴയിറങ്ങിക്കയറി കുന്നിലേക്കുള്ള നടവഴിയിലേക്ക് കാലെടുത്ത വച്ചതും ആദ്യത്തെ ഇടിവെട്ടി. കാട് കിടുങ്ങി. ചേക്കേറാനൊരുങ്ങിയ കാട്ടു പക്ഷികൾ ചിതറിപ്പറന്നു. വീണ്ടും വീണ്ടും ഇടിമിന്നൽ. അവസാനത്തെ ഇടിനാദം നിലക്കുമ്പോഴേക്കും കല്ലുവാരിയെറിയുമ്പോലെ കൊടും മഴ ... തുള്ളിക്കൊരു കുടം. എല്ലിലേക്കിറങ്ങുന്ന തണുപ്പ്. 
" ചാർലീ, തിരിച്ചു പോകാം" അച്ഛൻ പറഞ്ഞു.
"നീ ജൻമനാ ഭീരുവാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. കേറി വാടാ ... " മഴയിൽ കുളിച്ച് കുന്നുകേറിക്കൊണ്ട് ചാർളി വിളിച്ചു പറഞ്ഞു. കനത്ത് പെയ്യുന്ന മഴ. ഓരോ കാൽവെപ്പിലും കനക്കുന്ന കാട്. ഇരുട്ട്. എവിടെ കണ്ടുപിടിക്കാനാണ് വാറ്റുകാരനെ. മുന്നിൽ ചാർലി വലിഞ്ഞു നടക്കുകയാണ്. ഒട്ടും തളർച്ചയില്ലാതെ അങ്കലാപ്പില്ലാതെ. ഇടക്ക് ഒരു പാട്ട് മൂളുന്നുണ്ടോ? നടന്ന് നടന്ന് ഇയാളെ ങ്ങോട്ടാ കേറിപ്പോകുന്നത്? ഇടക്കിടെ ദിഗന്തങ്ങൾ മുഴങ്ങുന്ന ചിരി മാത്രം കേൾക്കുന്നു... മഴനൂൽ തിരശ്ശീല, വല്ലാത്ത കട്ടി. ഒന്നും കാണാൻ വയ്യ. "ചാർലി ... ചാർലീ ... അച്ഛൻ ഉറക്കെ വിളിച്ചു. മറുപടിയില്ല. ഇടക്കിടെ അകലേക്കകലേക്ക്  മുഴങ്ങുന്ന ചിരി മാഞ്ഞു മാഞ്ഞു മറയുന്നു ... തിരിച്ചിറങ്ങാനുള്ള വഴിയറിയില്ല .. സൂര്യനസ്തമിച്ചെന്ന് തോന്നുന്നു. മഴ നിൽക്കുന്ന ലക്ഷണമൊന്നുമില്ല. ഇരുട്ടും അച്ഛനും മാത്രം.. പെട്ടെന്ന് കാലിനടിയിൽ എന്തോ ഇഴഞ്ഞു. ഞെട്ടിച്ചാടി നിലം തൊട്ടപ്പോൾ കാലിൽ കടുപ്പത്തിലെന്തോ കുത്തിക്കയറി.. മുളങ്കമ്പാണെന്ന് തോന്നി. വേദന വേദന.. മൂർദ്ധാവ് വരെ ഇടിച്ചു കേറിത്തുളക്കുന്ന കൊടിയ വേദന. അലറിയലറി വിളിച്ചു.. ആര് കേൾക്കാൻ... വേദന കൂടി വരുന്നു. നിലത്തിരുന്നു.  കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിൽ. അച്ഛന്റെബോധം പോകുന്നേരം മഴ തോരുന്നുണ്ടായിരുന്നു.

"പിന്നെ പിറ്റേന്ന് രാവിലെ ആരുടെയൊക്കെയോ ദൈവ ഭാഗ്യം കൊണ്ടാ നിന്റച്ഛനെ വിറകൊടിക്കാൻ പോയ പെങ്കുട്ടികൾ കണ്ടത്.. " എന്റെ ചുക്കുകാപ്പി ആറിപ്പോയി രുന്നു. "നിന്റെ അച്ഛന്റെ ചുറ്റും ആവി ഉയരുന്ന ആനപ്പിണ്ടമായിരുന്നു പോലും.." രാത്രി മുഴുവൻ ഒരു പക്ഷെ കാട്ടാനകൾ എന്റച്ഛന് കാവൽ നിന്നിട്ടുണ്ടാവണം. ഞാൻ ഈ യിടെ വായിച്ച ആന ഡോക്ടർ എന്ന കഥ ഓർത്തു. "ഇവൻ, ഈ ദുഷ്ടൻ ആ വഴി പോയി... " ചാർലിയെ ചൂണ്ടി കടക്കാരൻ വീണ്ടും പിഞ്ചു കുഞ്ഞിന്റെ ചിരി ചിരിച്ചു. 
ചാർലിയുടെ മുഖം കനത്തു. "കരുതിക്കൂട്ടിയല്ല...  അവൻ എന്റെയൊപ്പം നടക്കുന്നുണ്ടെന്നാണ് കരുതിയത്.. മഴയിലും ഇരുട്ടിലും ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ലല്ലോ .. കുറേ കഴിഞ്ഞപ്പഴാ അവൻ കൂടെയില്ലെന്നറിഞ്ഞത്.. തിരിച്ച് വന്ന് തിരയാൻ വഴിയടയാളങ്ങളെല്ലാം മഴവെള്ളപ്പാച്ചിൽ മാച്ചു കളഞ്ഞിരുന്നു."
"പിന്നെ, താനെങ്ങോട്ടാ പോയേ?" 
വീണ്ടും പുഞ്ചിരി " ഞാൻ ആ വഴി കമ്പ മലകേറി മറിഞ്ഞ് കുടക് പിടിച്ചു.. " 
കടക്കാരന് അത് വിശ്വാസമായില്ലെന്ന് അയാളുടെ നോട്ടത്തിൽ നിന്ന് വ്യക്തമായി... അയാളൊന്നമർത്തി മൂളി ..

ഞാൻ പക്ഷെ, ഭയങ്കരമായ കൺഫ്യൂഷനിൽ അകപ്പെട്ടു പോയി. ഇവരീപ്പറയുന്ന കാലം 
ഏകദേശ കണക്കു വച്ച് നോക്കിയാൽ, ഞാൻ നാലിലോ അഞ്ചിലോ പഠിക്കുന്ന കാലമാണ്.  ചാർലി സിനിമ വന്നത് ഞാൻ ഒമ്പതിൽ പഠിക്കുമ്പോൾ .. മാത്രവുമല്ല അച്ഛൻ ഈ കാലത്തെല്ലാം 9 മണി മുതൽ 9 മണി വരെ താൻ ജോലി ചെയ്തിരുന്ന ബാങ്കിനു വേണ്ടി ആത്മാർത്ഥമായി അദ്ധ്വാനിക്കുകയായിരുന്നു. ഒര വധിപോലുമടുക്കാതെ.. ഇതെന്താ... ടൈം ട്രാവലേഴ്സ് വൈഫോ? 
''എന്താണെടോ കൺഫ്യൂഷനായോ?" എന്നെ മനസ്സ് വായിച്ചിടെന്നോണം ചാർലി ചോദിച്ചു.
 "സിനിമ എന്റെ ജീവിതത്തിന്റെ നിറപ്പൊലിമയാർന്ന ഒരു കഷണം മാത്രമാണ്. സിനിമക്ക് മുമ്പും പിമ്പും ഞാൻ ജീവിച്ചിട്ടുണ്ട്. " 
" പക്ഷെ അച്ഛനെങ്ങനെ നിങ്ങളോടൊപ്പം?" 
"നീയെന്നോടൊപ്പം വരൂ... ചിലത് പറയാനുണ്ട്... രഹസ്യം.. "
ഞങ്ങൾ അമ്പലത്തിലേക്കുള്ള പടവുകൾ കയറി... സായാഹ്ന സൗവർണ്ണത്തിൽ കുളിച്ച മലനിരകൾ ക്ഷേത്രത്തെ ചൂഴ്ന്നു നിന്നു.  പ്രശാന്തം .. മന്ത്രധ്വനി...  "പെരുമാളേ" ചാർലി മനസ്സറിഞ്ഞ് വിളിച്ചു.. ശ്രീകോവിലിൽ മണിനാദമുയർന്നു. "ഈ ക്ഷേത്രം കഴിഞ്ഞ കാലമാണ്... ചുറ്റും നോക്കൂ കരിങ്കൽ തൂണുകളിൽ താങ്ങി നിർത്തിയ കരിങ്കൽ മേൽക്കൂര. നിലത്ത് പാകിയ കരിങ്കൽ പാളികൾ... മലമുകളിൽ നിന്ന് വെള്ളമെത്തിക്കാൻ കരിങ്കൽ പാത്തി .. ചേരരാജാവ് ഭാസ്കര രവിവർമനല്ലേ, തിരുനടയിൽ തൊഴുതു നിൽക്കുന്നത്?"
ഞാൻ നോക്കി. ശരിയാണല്ലോ !! പട്ടു പുതച്ച് പട്ടു മുണ്ടുടുത്ത് .. ചന്ദനക്കുറി തൊട്ട് ഐശ്വര്യ ദീപ്തി പൊഴിച്ച് തമ്പുരാൻ... തൊഴുതു കഴിഞ്ഞ് പുറത്തിറങ്ങിയ തമ്പുരാൻ അകമ്പടി ക്കാരൊപ്പം കല്ലുപാകിയ പ്രദക്ഷിണവഴിയൂടെ നടക്കാൻ തുടങ്ങവെ ഞങ്ങളിൽ കണ്ണുടക്കി തെല്ലു നിന്നു. "ചാർലി.. അല്ലേ?" മുഴങ്ങുന്ന ശബ്ദം. ചാർലി വിനയത്താൽ കുനിഞ്ഞതലയുമായി ചേര രാജനുമുന്നിൽ വാ പൊത്തി നിന്നു. "അന്ന് തന്നുവിട്ട ശിലാഫലകം കൊടവലത്ത് സ്ഥാപിച്ചുവോ അതോ തന്റെ ഉഴറി നടപ്പിനിടയിൽ വല്ലേടത്തും കളഞ്ഞോ?" രാജാവ് മന്ദസ്മിതത്തോടെയാണ് ചോദിച്ചത്. പിന്നെ എന്നോടായി പറഞ്ഞു. "ഇയാൾ ഇന്നിവിടെയാണെങ്കിൽ നാളെ മറ്റൊരു ദേശത്താണല്ലോ.. കൊടുങ്ങല്ലൂര് വന്നപ്പോൾ കോവലം വാമന ക്ഷേത്രത്തിൽ സ്ഥാപിക്കാൻ ഒരു ശിലാശാസനം ഇയാളുടെ കയ്യിൽ കൊടുത്തു വിടുകയുണ്ടായി. എന്തായോ ആവോ?" ചോദ്യം എന്നോടല്ലെന്ന് വ്യക്തം. ചാർലി കുനിഞ്ഞ് നിലം തൊടുമെന്ന് തോന്നി. "ഫലകം വേണ്ടവിധത്തിൽ സ്ഥാപിച്ചിട്ടുണ്ട് പെരുമാളേ.. കാഞ്ഞങ്ങാട്ടെ ഉsയവരും സാക്ഷിയായിരുന്നു ...വാര്‍ഷിക നികുതിയിനത്തില്‍ നിന്ന് മൂന്ന് കഴഞ്ച് പൊന്ന് അമ്പല നടത്തിപ്പ് ചിലവിലേക്ക് ഉsയവർ കൊടുക്കുന്നുമുണ്ട്...." 
ചാർലി യിപ്പോൾ കരയുമെന്ന് തോന്നി.. "കളി പറഞ്ഞതാടോ?... ഉടയവർ എനിക്ക് ഓല അയച്ചിരുന്നു. ആയാൾ നേരിട്ട് ചെയ്യണ്ട കാര്യം തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതിൽ അയാൾക്ക് നീരസവുമുണ്ട്.. " 

തമ്പുരാൻ അനുഗ്രഹിക്കാനെന്നോ ണം കയ്യുയർത്തി. മോതിരക്കല്ല് നെയ്തിരി വിളക്കിന്റെ പ്രഭയിൽ മിന്നി. ചാർലി തൊഴുതു പിൻവാങ്ങവേ തണുത്ത കാറ്റടിച്ചു. "ബലിയിടാൻ വന്നതാണെങ്കിൽ ചീട്ടെടുക്കെണം കേട്ടോ... നേരം വൈകണ്ട..." ആരോ വിളിച്ചു പറഞ്ഞു. "പുറത്തു പോയി അത്താഴം കഴിക്കണ്ട. ഇവിടെ അത്താഴമുണ്ട്. ഉപ്പുമാവും അച്ചാറും .. ചക്കരക്കാപ്പിയും .." ചാർലി ഒരു മ ത്രമെന്നോണം എന്നോട് പറഞ്ഞു. രാജാവെ വിടെ... പരിവാര മെവിടെ.. ഇരുട്ടു മൂടുന്ന അമ്പലനടയിൽ ഞാനും ചാർലിയും പിതൃക്കൾക്ക് ബലിയിടാനെത്തിയ ഒരു സംഘം തീർത്ഥാടകരും മാത്രം...
ഞാനിത്ര നേരം കണ്ടത് സ്വപ്നമായിയിരുന്നോ? ഇടക്ക് ഞാൻ ഉറങ്ങിപ്പോയിരുന്നോ?
" ഇല്ല ... നീ ഉറങ്ങിയിരുന്നൊന്നുമില്ല.. കണ്ടതെല്ലാം സത്യം.. " 
എന്റെ ഉള്ളറിയുന്ന, കാലങ്ങളിലൂടെ ദൂരങ്ങളിലൂടെ അലയുന്ന ഈ മനുഷ്യൻ ആരാണ്? "നീ കണ്ടില്ലേ, ഇതാണ് ഭാവനയുടെ ലോകം. ഈ ലോകം കീഴടക്കിയവന് ദേശ കാലങ്ങളില്ല.. ഒരുതരം സമയ സഞ്ചാരം .. എന്റെ ഡയലോഗ് നിനക്കോർമയില്ലേ - ഈ കാലുകളിൽ കേറി ഞാനുമങ്ങ് പോകുവാ- കാലുകളിൽ കേറി മാത്രമല്ല യഥാർത്ഥ ചാർലി പോകുന്നത്. അവൻ ആകാശസഞ്ചാരിയുമാണ് .. കാലത്തിൽ നിന്ന് കാലത്തിലേക്ക് ദൂരത്തിൽ നിന്ന് ദൂരത്തിലേക്ക് " ഉപ്പുമാവും അച്ചാറും ചക്കരക്കാപ്പിയും അതിഭീകര കോമ്പിനേഷൻ .. ചാർലി നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. "നീ വായിച്ച നോവൽ, ടൈം ട്രാവലേഴ്സ് വൈഫിലെ ഹെൻറിയുടേത് ജെനിറ്റിക് ഡിസോഡറാണ്. അതയാളെക്കൊണ്ട് സമയത്തിൽ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കുകയാണ്. അയാളുടെ ഇച്ഛക്കനുസരിച്ചല്ല അയാളുടെ യാത്രകൾ .. ഞാനാകട്ടെ എന്റെ ഇച്ഛാനുസാരം ചരിക്കുന്നു സമയത്തിലൂടെ ,കാലത്തിലൂടെ, ദേശങ്ങളിലൂടെ ചിലപ്പോൾ ഭൂചരൻ ചിലപ്പോൾ ഗഗനചാരി .. "  ചാർലി പൊട്ടിച്ചിരിച്ചു . ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർ അവനെ നോക്കി... ''നീ വാ ..." അയാളെന്റെ കൈ മുറുകെ പിടിച്ച് ഇരുട്ടിലേക്ക് വേഗത്തിൽ നടന്നു. എന്റെ കയ്യിൽ പറ്റിപ്പിടിച്ച ഉപ്പുമാവിന്റെ തരികൾ ഞാൻ നക്കിത്തുടച്ചു. ഇയാളെന്നെ എങ്ങോട്ടാണീ കൊണ്ടു പോകുന്നത്? എന്റെയച്ഛനെ ഇരുട്ടിൽ, കൊടും മഴയിൽ കാട്ടിലുപേക്ഷിച്ച് കടന്നുകളഞ്ഞവനാണ്. "ചേട്ടാ.. എന്നെ എങ്ങോട്ടായീ കൊണ്ടു പോകുന്നത്? " ചിരിയാണു ത്തരം.. പൊട്ടിച്ചിരി..  
പെട്ടെന്ന് എന്റെ കാലടിക്കു താഴെ ഭൂമി നഷ്ടപ്പെടാൻ തുടങ്ങി. ഞങ്ങൾ ഉയരുകയാണ്. തിരുനെല്ലിയുടെ സാന്ദ്രമായ ഇരുട്ടിലൂടെ മേലേക്ക് മേലേക്ക് ... ഞാനലറിക്കരഞ്ഞു. വെള്ളത്തിലെന്ന പോലെ കാലിട്ടടിച്ചു. ഭയം എന്നെ ആകെ മൂടി.  ചാർലിയുടെ ചിരി മുഴങ്ങുന്നു. അച്ഛന്റെ അനുഭവം എനികോർമ്മ വന്നു. ഇയാൾ എന്നെ ഈ അന്ധകാരത്തിൽ ഉപേക്ഷിച്ചു പോകുമോ? നിലയില്ലാത്തയിരുട്ടിൽ ആകാശത്ത് .. "പേടിക്കാണ്ടിരിയെടാ ഭീരുവിന്റെ മോനേ'' ചാർലി പറഞ്ഞു. അയാളുടെ വാക്കുകൾക്ക് ചിരിയുടെ അകമ്പടി. " താഴേക്ക് സൂക്ഷിച്ച് നോക്ക്.. പന്തങ്ങളുടെ ഘോഷയാത്ര കാണുന്നില്ലേ !! കാത് കൂർപ്പിക്കൂ.. കതിരക്കുളമ്പടി യലയൊലി കേൾക്കുന്നില്ലേ? അലക്സാണ്ടർ ഇന്ത്യയിൽ നിന്ന് തിരികെ പോവുകയാണ്.." എനിക്ക് വല്ലാത്ത ജാള്യത തോന്നി. ഞാൻ സ്ക്രൂജായി മാറിയപോലെ.. നാളെ ക്രിസ്തുമസാണോ? 

" നോക്കൂ നോക്കൂ .... പരാജിതന്റെ പലായനം പോലെ യില്ലേ! അല്ലെങ്കിൽ എന്താണ് ജയം.. എവിടെയാണ് പരാജയം. നിന്റെ മക്കളോട് അലക്സാണ്ടറിന്റെ കഥ പറയണം. അത്യാഗ്രഹിയായ അലക്സാണ്ടറി ന്റെയും മഹാനായ പോറസ്സിന്റെയും കഥ. പോറസ്സിന്റെ മകന്റെ കഥ. യുദ്ധം തുടങ്ങിയപ്പോൾ തന്നെ അലക്സാണ്ടറിന്റെ കുതിരയെ എയ്ത് കൊന്ന് അലക്സാണ്ടറിനെ വീഴ്തിയ , പോറസിന്റെ മകൻ .. അലക്സാണ്ടറിന്റെ പതനം അവിടന്നാണ് തുടങ്ങിയത്....'' 

ആവേശത്താൽ ചാർലി ചെറുതായി വിറക്കക്കുന്നത്, ഞാനെന്റെ കൈകളിൽ അറിഞ്ഞു. 

" എനിക്ക് ഛർദ്ദിക്കാൻ വരുന്നു... " എന്തൊക്കയോ തലയിൽ ഉരുണ്ടുകൂടുന്ന പോലെ .. "എനിക്ക് താഴെ ഇറങ്ങണം"  

" ഈ രാത്രി വെളുക്കാൻ ഇനിയുമുണ്ട് സമയം "
"എനിക്ക് മതിയായി ചേട്ടാ... നിങ്ങക്ക്, എന്തിനും കഴിയുമെന്ന് എനിക്ക് ബോധ്യമായി "
വീണ്ടും ഒരു കുഴമറിച്ചൽ... വയറിൽ നിന്ന് എന്തെല്ലാമോ പുറത്തേക്ക് വരുന്നു ... ചാർലിയുടെ കൈപ്പിടിയിൽ പറന്നിറങ്ങവെ, ഞാൻ വീണ്ടും വീണ്ടും ഛർദ്ദിച്ചുകൊണ്ടിരുന്നു.

മങ്ങിക്കത്തുന്ന ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലേക്കാണ് ഞാനുണർന്നത്.. ചുറ്റും മനുഷ്യർ കൂടിയിരിപ്പുണ്ടെന്ന് മെല്ലെ വെളിവായി. ഞാൻ കണ്ണുതുറന്നെന്ന് കണ്ടപ്പോൾ അതിലൊരാൾ വിചിത്രഭാഷയിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഒരു വാക്ക് മാത്രം മനസ്സിലായി.' ചാർലി ' 

വലിയൊരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ചാർലി ഞാൻ കിടന്നിടത്തേക്ക് ഓടി വന്നു. ''എണീക്കെടാ ഭീരുവിന്റെ മോനേ.."
എന്നലറി. ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
"എനിക്കിനി ഒന്നിനും വയ്യ ചേട്ടാ.. ഞാനിവിടെ കിടന്നുറങ്ങാൻ പോവുകയാ... " 
" പറ്റില്ല.. ഇതൊരാദിവാസി മൂപ്പന്റെ കുടിയാ... ഇവിടെ കൂടാനാണ് പരിപാടിയെങ്കിൽ ഇവർ സമ്മതിക്കില്ല.. മൂപ്പന്റെ മോള് പുഷ്പിണിയായ ദിവസമാണ്. അതിന്റെ ആഘോഷങ്ങൾ നടക്കുകയാണ്.. " 
വീണ്ടും ചിരി. നിന്നെ ഞാൻ വിടില്ലെടാ എന്ന ഭാവം. ഇത്ര വയസ്സായിട്ടും ഇയാളുടെ ഊർജ്ജത്തിന് ഒരു കുറവുമില്ലല്ലോ ... "മൂപ്പാ ഞങ്ങളെറങ്ങി. .. അടുത്ത വരവിനു് കാണാം..." 
എണീറ്റ് നിന്നപ്പോൾ പ്രപഞ്ചം മുഴുവൻ എന്നോടൊപ്പം കറങ്ങി.  ചാർലിയുടെ ബലിഷ്ടമായ കൈകളിൽ താങ്ങി ഞാൻ മെല്ലെ മുറത്തിറങ്ങി.. ചാർലി മൂപ്പനെ കെട്ടിപ്പിടിച്ചു. മൂപ്പൻ രഹസ്യമായി ഒരു പൊതി ചാർലിക്ക് കൊടുക്കുന്നത് ഞാനിടങ്കണ്ണിട്ട് കണ്ടു.. 
''കഞ്ചാവാ " ഒറ്റക്കായപ്പോൾ ചാർലി എന്നോട് പറഞ്ഞു.  രണ്ടടി നടന്നതും ഞാൻ ചാർലിയുടെ തോളിലേക്ക് ചാഞ്ഞു. അന്നത്തെ  അവസാന ഓർമ അതായിരുന്നു.

 വെയിലിന്റെ കത്തുന്ന ചൂടിലേക്ക് കൺതുറക്കവേ പരിചയമേതുമില്ലാത്ത കിളികളുടെ ശബ്ദം ഞാൻ കേട്ടു. ഒരു മരച്ചുവട്ടിലാണ് ഞാൻ കിടന്നിരുന്നത് .. മെല്ലെ എണീറ്റിരുന്നപ്പോൾ  അൽപ്പം താഴെയായി ചാർലിമലർന്ന് കിടക്കുന്നു. ചുണ്ടിൽ എരിയുന്ന കഞ്ചാവ് ബീഡി. "നീ മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ?" ഒട്ടും ഭാവഭേദവുമില്ലാതെ ഒരു ചോദ്യം. എനിക്ക് ഭയങ്കരമായ അരക്ഷിതത്വം തോന്നി. ദേഷ്യവും, സങ്കടവും കൂടിക്കലർന്നു.       "ഞാനൊന്നും കണ്ടിട്ടില്ല ... എനിക്കിനി ഒന്നും കാണുകേം വേണ്ട. എനിക്ക് വീട്ടിലും ഓഫീസിലുമൊക്കെ പോണം.." 
" നീ പോയി മുഖം കഴുക്. ഇച്ചി രി താഴോട്ടിറങ്ങിയാൽ വെള്ളമുണ്ട് " 

ഞാൻ മെല്ലെ താഴോട്ടിറങ്ങി. കുറ്റിക്കാടുകൾ വകഞ്ഞു വകഞ്ഞു മാറ്റി താഴെയെത്തി. ഞെട്ടിപ്പോയി.. സമുദ്രം പോലെ ചുറ്റിലും വെള്ളം. ഇടക്കിടെ മൈനാക സമാനം ചില കുന്നുകൾ. മുഖം കഴുകാതെ ഞാൻ തിരിഞ്ഞോടി. "ഇതെവിടെയാണ് ഞാൻ? നിങ്ങളെന്നെ പ്രാന്തനാക്കിയോ? വെള്ളമല്ലാതെ മറ്റൊന്നും കാണാനില്ല ... " ചിരി.. ഒടുക്കത്തെ ചിരി.. "എടോ.. നമ്മളൊരു റിസർവോയറിന്റെ ഒത്ത നടുക്കാണ്. ബാണാസുര സാഗറിന്റെ" എനിക്ക് ശ്വാസം മുട്ടി. എന്റീശ്വരാ എങ്ങനെ രക്ഷപ്പെടും. ഇങ്ങനെയൊരു വൃത്തികെട്ടവന്റെ കയ്യിൽ വന്ന കപ്പെട്ടു പോയല്ലോ. 
"ലോകത്തെത്ര മനുഷ്യരുണ്ട് .. നിങ്ങളെന്നെത്തന്നെ ഈ പരീക്ഷണത്തിന് തെരഞ്ഞെടുത്തതെന്തിനാണ്?" 
ഞാൻ വെള്ളത്തിന്റെ കണ്ണെത്താപ്പരപ്പ് നോക്കി വിളിച്ചു ചോദിച്ചു. മുപടിയില്ല.. ചാർലി കിടന്നിടത്തേക്ക് ഞാൻ ഓടിച്ചെന്നു. ആരുമില്ല.. അണയാത്ത ബീഡി ത്തുണ്ടു മാത്രം.. ചാർലി ചേട്ടാ... ചാർലി ചേട്ടാ.. " വിളിച്ചലറി... മുപടിയില്ല.. ഞാൻ താഴേക്കോടിയിറങ്ങി. ആരുമില്ല. രണ്ടു തവണ കുന്ന് വലം വച്ചു. ആരുമില്ല... ശൂന്യത .. കൂകിവിളിച്ചു. ആരും മറുപടി പറഞ്ഞില്ല. റിസർവോയറിൽ ടൂറിസ്റ്റുകളെക്കൊണ്ടു പോകുന്ന ബോട്ടുകൾ പോകാറുണ്ട്. അവയെങ്ങാൻ വന്നാലോ..ഏത് വശത്തു നിന്ന് വരും? ഈ കുന്നിനടുത്തു കൂടെ വരുമോ? അറിയില്ലല്ലോ ... അറിയില്ലല്ലോ ... 

മഴവരുന്നുണ്ടോ? ഇടി മുഴങ്ങുന്നുവോ? ഞാൻ അച്ഛനെ ഓർത്തു. ഇരുട്ടും മഴയും നിറഞ്ഞ രാത്രി ഓർത്തു. താഴെ റിസർവോയറിലേക്ക് നോക്കി. ഞെട്ടിപ്പോയി... അതിവേഗത്തിൽ വെള്ളം പൊങ്ങുന്നു.. ഇത് ഭാവനയാണോ? അതോ സ്വപ്നമോ? വെള്ളത്തിന് സുവർണ നിറമോ? മുകളിലോട്ട് കേറിക്കേറി വരുന്നത്  ജലമോ? അഗ്നിയോ? കുന്നിന്റെ നെറുകയിൽ നിന്നിരുന്ന എന്റെ കാലിൽ വെള്ളം തൊടുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു, ബാങ്കിൽ പണിയെടുത്തിരുന്ന അച്ഛനെങ്ങനെ വയനാട്ടിൽ മഴ നനയാനെത്തി? ചാർലിയത് പറഞ്ഞില്ലല്ലോ ...

No comments:

Post a Comment