Tuesday, February 4, 2020

നീന്തലും പുഴയും

എട്ടാം ക്ലാസ് കഴിഞ്ഞുള്ള മദ്ധ്യവേനലവധിക്കാലത്താണ് ഞാൻ നീന്താൻ പഠിച്ചത്. മദ്ധ്യവേനലവധിക്കു വേണ്ടിയുള്ള കാത്തിരിപ്പുകളായിരുന്നല്ലോ ഓരോ അദ്ധ്യയന വർഷവും. കുളിക്കാനുള്ള രണ്ടു മൂന്ന് കടവുകൾ ചെറിയ കുമ്പളത്തിനും പാറക്കടവിനുമിടക്ക് കുറ്റ്യാടി പുഴയിൽ അന്നുണ്ടായിരുന്നു. പുഴ ഇന്നത്തെപ്പോലെ ചെളിക്കുഴികൾ നിറഞ്ഞ അവശയായിരുന്നില്ല. ആരോഗ്യവതി. തെളിനീർ. നെഞ്ചോളം വെള്ളത്തിൽ നിന്ന് നോക്കിയാലും മണൽ നിരന്ന അടിത്തട്ട് കാണാം. പൂഴിയിൽ മുഖം പൂഴ്തി, ഇടക്കിടെ പൂഴി, വെള്ളത്തിൽ പരത്തി നീങ്ങുന്ന 'പൊട്ടൻ' എന്ന മീനിനെ കാണാം.
വെയിൽ പരക്കവെ, പുളച്ചു നീന്തി, വെട്ടിത്തിരിഞ്ഞ് ശരീരം വെട്ടത്തിൽ പൊന്നുപോലെ തിളക്കി, മിന്നിമായുന്ന പരൽക്കൂട്ടങ്ങളെ കാണാം. ഓരത്തെ, പാറ വിടവുകളിൽ, കൽപ്പൊത്തുകളിൽ, പുഴ കനിഞ്ഞു കരുതിവച്ച 'എളമ്പക്ക' എന്ന കക്ക മത്സ്യം വാരി തോർത്തിൽ കെട്ടി വീട്ടിൽ കൊണ്ടു പോകാം. 

മലബാർ മാന്വൽ വായിച്ചവർക്കറിയാം ലോഗന്റെ കാലത്തെ കുറ്റ്യാടിപ്പുഴ എത്ര ആരോഗ്യവതിയായിരുന്നെന്ന് . കോഴിക്കോടു നിന്ന് മൈസൂർ അതിർത്തി വരെ നടത്തുന്ന യാത്രയിൽ അദ്ദേഹം നമ്മെ കൂടെ കൂട്ടുന്നുണ്ട്, പുസ്തകത്തിൽ. എന്തു മനോഹരമാണാ വിവരണം! കോഴിക്കോട്ടു നിന്ന് ബീച്ചുവഴി എലത്തൂർ വരെ. അവിടെ നിന്നു് ഒരൊറ്റ അയനിമരത്തിൽ നിന്ന് വെട്ടിക്കുഴിച്ചെടുത്ത,  പനയോല കൊണ്ട് മേഞ്ഞസുന്ദരമായ മേൽക്കൂരയുള്ള വഞ്ചിയിൽ (ഇത്തരം വഞ്ചികൾക്ക് അഞ്ഞൂറു മുതൽ അറുന്നൂറ് രൂപവരെ വില വരുമത്രേ! 1887 ന് മുമ്പാണ് !) അകലാപ്പുഴ വഴി പയ്യോളി 'പൂട്ട്' തുറന്ന് കുറ്റ്യാടി പുഴയിലേക്ക്. സന്ധ്യയായപ്പോൾ തോണിയിൽ കത്തിച്ചു വച്ച റാന്തലിന്റെ വെളിച്ചം കണ്ട് തോണിയിലേക്ക് ചാടി വീഴുന്ന മീനുകൾ. കരയിലെ ചുള്ളിക്കാട്ടിൽ പതുങ്ങിയിരുന്ന്, വെള്ളത്തിനു മീതെ തുള്ളിപ്പായുന്ന പരൽ മീനുകളെ പിടിക്കാൻ ചാടി വീഴുന്ന മുതലകൾ .... കുറ്റ്യാടി പുഴയെ കുറിച്ചു തന്നെയാണ് പറയുന്നത്.

 ഞങ്ങളുടെ ചെറുപ്പത്തിൽ പോലും 'പുര'ത്തോണികൾ നിസ്കാരപ്പള്ളിയുടെ താഴെ കെട്ടിയിടാറുള്ളതും, മരങ്ങൾ പരസ്പരം കൂട്ടിക്കെട്ടിയ വലിയ ചങ്ങാടങ്ങൾ ഈർച്ചമില്ലുകൾ തേടി തുഴഞ്ഞ് പോകുന്നതും കണ്ടിട്ടുണ്ട്. പിന്നീടെപ്പൊഴോ വലിയ തോണികളും മുളന്തണ്ട് പിടിച്ച് ആഴങ്ങളിലേക്ക് മുങ്ങി പുഴയുടെ കരളും കുടലും വരെ കോരി വില്ക്കുന്ന ആളുകളും ദല്ലാളൻമാരും അവളെ കീഴടക്കി. രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തവർ തന്നെ അവളുടെയുടലും മനസ്സും വിറ്റ് കീശ വീർപ്പിച്ചു. അവളെ തീരാ ദീനക്കാരിയാക്കി.  

സ്ക്കൂൾ പൂട്ടിയാൽ അഴിയൂരിൽ നിന്ന് ശങ്കരേട്ടൻ  വരും . ശങ്കരേട്ടൻ വീട്ടിലുണ്ടാവുന്ന നാലഞ്ച് നാളുകൾ ഉത്സവങ്ങളാണ്. നീന്തലിന്റെ ആദ്യ പാഠങ്ങൾ, കൈത്തണ്ടയിൽ കിടത്തി, കയ്യുംകാലുമിളക്കാൻ പറഞ്ഞും വെള്ളത്തിൽ തല മുക്കിപ്പിടിച്ചും , നു ളളിയും , പിച്ചിയും, അടിച്ചും പഠിപ്പിച്ചത് ശങ്കരേട്ടനാണ്. മുങ്ങാങ്കുഴിയിടാനാണ് ആദ്യം പഠിച്ചത്. പിന്നെ തലയും കയ്യും വെള്ളത്തിന് മീതെയാക്കി മെല്ലെ മെല്ലെ നീന്താനും. 

നീന്തൽകൂട്ടുകാർ മറ്റു പലതിനുമെന്ന പോലെ രവിയും ശശിയുമായിരുന്നു. കരയിൽ നിന്നോടിവന്ന് മലക്കം മറിഞ്ഞ് വെള്ളത്തിലേക്ക് ഊളിയിടാനും എളമ്പക്ക പെറുക്കാനും പഠിപ്പിച്ചത് അവരാണല്ലോ. കുറ്റ്യാടിപ്പുഴയുടെ രണ്ട് കൈവഴികൾ (ഞങ്ങളവയെ ചെറുപുഴ എന്നും വലിയ പുഴ എന്നും വിളിച്ചു) വന്നു ചേരുന്നിടത്ത്,  നിസ്കാരപ്പള്ളിക്ക് താഴെ പുഴക്ക് വളരെ വളരെ ആഴമുണ്ടായിരുന്നു.  മുക്കണ്ണാം കുഴി എന്നു വിളിച്ചിരുന്ന ആ കയത്തിനു സമീപത്തുകൂടെ പുഴ മുറിച്ചുകടക്കാൻ ശ്രമിച്ച കൊമ്പനാന,  കാലിടറി കയത്തിൽ മുങ്ങി ചത്തുപോയ, മുങ്ങിപ്പോകുന്നതിന് മുമ്പ് , തന്റെ മുതുകിലിരിക്കുകയായിരുന്ന പാപ്പാനെ കരയിലേക്കെറിഞ്ഞ് രക്ഷിച്ച , കഥ എനിക്ക് പറഞ്ഞു തന്നത് ശശിയാണു്. ബാല്യത്തിന്റേയും കൗമാരത്തിന്റെയും എല്ലാ കൗതുകങ്ങൾക്കും ഒപ്പമുണ്ടായിരുന്ന ആ കൂട്ടുകാരൻ, യൗവനാരംഭത്തിൽ എന്തിനെന്നറിയാതെ, ഒന്നും പറയാതെ ജീവനൊടുക്കിക്കളഞ്ഞത്, നെഞ്ചിലെ ഒടുങ്ങാത്ത നീറ്റലാണ്.

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ, കുളി അൻവറിന്റെ (അൻവർ പാലേരി) വീട്ടിനടുത്തുള്ള കടവിലായി. കുളിക്കുന്ന സമയത്തേക്കാളേറെ, കരയിൽ, പഞ്ചാര മണലിൽ പുഴയെ നോക്കിയിരുന്നു് വായിച്ച പുസ്തകങ്ങളെ കുറിച്ചും, ചെയ്യേണ്ട സാഹസിക കൃത്യങ്ങളെ കുറിച്ചും  ചർച്ചയായി , സ്വപ്നം കാണലായി.

വെള്ളേട്ടനായിരുന്നു അന്നൊക്കെ ഞങ്ങളുടെ ഒരു ഹീറോ. കറുകറുത്ത, തടിച്ചു കൊഴുത്ത മസിലു നിറഞ്ഞ ശരീരം. കറു കറുത്തയാൾക്ക് വെള്ളൻ എന്നാണോ പേരിടേണ്ടതെന്നു് അച്ഛനോട് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അച്ഛനന്നേരം ആ മനോഹരമായ പൊട്ടിച്ചിരി ചിരിക്കും. പകലൊക്കെ പണി, മരംവെട്ട്. സന്ധ്യയാകുമ്പോൾ പുഴയിലേക്കിറങ്ങും. ഞാനിതുവരെ കണ്ടതിൽ വച്ച്  ഏറ്റവും വലിയ ചൂണ്ടലും വലിയ പ്ലാസ്റ്റിക് കയറുകളുമായി . 
കുറ്റ്യാടി പുഴയിൽ അന്ന് ധാരാളം പേർ മീൻ പിടിക്കുമായിരുന്നു. വൈകുന്നേരം മീൻ മാർക്കറ്റിൽ നിന്ന് മൂന്നോ നാലോ മത്തി വാങ്ങും.  'കണ്ണി', തേങ്ങാ തൊണ്ടിന്റെ കഷ്ണം പ്രത്യേക ആകൃതിയിൽ ചെത്തി മിനുക്കിയതിൽ ചുറ്റി വച്ചിരിക്കും. ഒരു കിലോമീറ്ററെങ്കിലും നീളമുണ്ടാകുമതിന്. മത്തിക്കഷണം കണ്ണിയുടെ അറ്റത്തെ ചൂണ്ടലിൽ കോർത്ത് പുഴയിലേകൊരേറ്. ചെത്തിമിനുക്കിയ തൊണ്ടിൻ കഷണം കുറേ നേരം നിലത്തു കിടന്നുരുണ്ട്  നിശ്ചലമാകും. അപ്പോഴേക്കും ചൂണ്ടൽ പുഴയുടെ നടുക്ക് പോയി വീണിട്ടുണ്ടാകും. പിന്നെ അരയിൽ ത്തിരുകിയ ബീഡിപ്പൊതിയിൽ നിന്ന് ഒരെണ്ണമെടുത്ത് കത്തിച്ച് വലിച്ച്, കണ്ണി നേരെയാക്കി, കാത്തിരിപ്പ്.

പക്ഷെ, വെള്ളേട്ടൻ ഇതൊന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. രാവിരുളുമ്പോൾ വലിയ വലിയ ചൂണ്ടലുകളും പ്ലാസ്റ്റിക് കയറുകളും, വലിയൊരു ടോർച്ചുമായി പുഴക്കരയിലെത്തും. എത്ര നേരമെന്നറിയില്ല, പുഴ വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കും. നേരം പുലരുമ്പോൾ വലിയ വലിയ മീനുകളുമായി കയറി വരാൻ. 

അപൂർവം ചില ദിവസങ്ങളിൽ പുലർച്ചെ വലിയൊരു കുമ്പിളിൽ പരൽ മീനുകളുമായി ഞങ്ങളുടെ വീട്ടിൽ വരും. " മാഷ്ക്ക് കൊറച്ച് മീന്" എന്ന്, കുമ്പിൾ എന്നെയോ അമ്മയേയോ ഏൽപ്പിച്ച്, മുറുക്കാൻ കറ പിടിച്ച പല്ലുകാട്ടി  നിറഞ്ഞ് ചിരിക്കും. ഒരിക്കലും അച്ഛനോട് വെള്ളേട്ടൻ കാശു വാങ്ങിക്കുന്നതോ മറ്റ് സഹായങ്ങൾ ചോദിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. വരും മീന് തരും പോകും അത്ര മാത്രം. 

അൻവറിന്റെ കഴിഞ്ഞ വരവിന്റെ മുമ്പത്തെ വരവിന് വെള്ളേട്ടന് സുഖമില്ലെന്നറിഞ്ഞ് ഒരു സന്ധ്യക്ക് കുന്നിൻ മുകളിലെ വീട്ടിൽ, ഞങ്ങളദ്ദേഹത്തെ കാണാൻ പോയി. കാല് വേദന. വയ്യ. പുറത്തെങ്ങും പോകാറില്ല. ചികിത്സ നടക്കുന്നു. കുടുംബത്തിന്റെ സ്നേഹാന്വേഷണങ്ങൾക്കും, കട്ടൻ ചായ്ക്കും ശേഷം കോലായിൽ വെള്ളേട്ടനും അവനും ഞാനും മാത്രമായി. ഞങ്ങളുടെ പഴയ ഹീറോയിൽ നിന്ന് ഞങ്ങൾക്കറിയേണ്ടിയിരുന്നത് ഞങ്ങളുടെ പുഴയെക്കുറിച്ചായിരുന്നു. 

"പൊഴ".... ഇതും പറഞ്ഞ് അദ്ദേഹം കുറേയധികം നേരം മിണ്ടാതെ ഇരുന്നു. കണ്ണുകൾ നനയുന്നുണ്ടോ? വെള്ളേട്ടൻ,  മണട്ടകൾ ചിലക്കുന്ന ഇരുട്ടിലേക്ക് ഇമവെട്ടാതെ നോക്കി. നിലാവു യരാൻ ഇനിയും നേരമെടുക്കും.

" ഞാൻ വെള്ളത്തിൽ ഇങ്ങനെ ഇരിക്കും." അദ്ദേഹം പറഞ്ഞു "നെലാവത്തും, കറ്ത്തവാവിനും, മഴേത്തും , വേനക്കാലത്തും ഒക്കെ ... ആ ദ്യോക്കെ പൊഴ വെറും വെള്ളത്തിന്റെ ഒലിപ്പ് മാത്രാ രുന്നു. പിന്നത് മുടീം മൊലേമ് ളള ഒര് പെണ്ണിനെപ്പോലെ, പിന്നെ അമ്മേ നപ്പോലെ, പൊത്തിപ്പിടിച്ച്, താലോലിച്ച് ... മീനൊന്നും ഞാൻ പിടിച്ചതല്ല. എന്റെ വലേലും ചൂണ്ടലിലും വന്ന് കേറീതാ.. "

"പൊഴ ജീവിതം തന്നേല്ലേ? ഒഴുകി ഒഴുകി പതം വന്ന് തളർന്ന് വറ്റി വരണ്ട്... "വെളേട്ടൻ പിന്നെയുമെന്തൊക്കെയോ പറഞ്ഞു ... 

പതിഞ്ഞു പൊന്തിയ നിലാവെട്ടത്തിൽ കുന്നിറങ്ങുമ്പോൾ അവനെന്നോട് ഒന്നും പറഞ്ഞില്ല. ഞാൻ പക്ഷെ പൊട്ടനെപ്പോലെ അവനോട് പറഞ്ഞു. "വെള്ളേട്ടൻ , ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ വായിച്ചിട്ടുണ്ടാവണം.. " 

മങ്ങിയ വെട്ടത്തിൽ അവൻ എന്നെ നോക്കിച്ചിരിച്ചത് സഹതാപത്തോടെ ആയിരുന്നിരിക്കണം....

"Have you also learned that secret from the river; that there is no such thing as time?" That the river is everywhere at the same time, at the source and at the mouth, at the waterfall, at the ferry, at the current, in the ocean and in the mountains, everywhere and that the present only exists for it, not the shadow of the past nor the shadow of the future."

Hermann Hesse, Siddhartha

No comments:

Post a Comment