Saturday, February 1, 2020

പൂർണത്രയീശ ഉത്സവം 1

പൂർണ്ണത്രയീശന്റെ പൊൻ കൊടിമരത്തിൽ വീണ്ടും ആഘോഷക്കൊടിക്കൂറ പാറിത്തുടങ്ങി. ഒരു വർഷം എത്ര വേഗമാണ് കടന്നു പോയത് !

ആനച്ചൂരടിക്കുന്ന അമ്പലമുറ്റത്തൂടെ, തിരക്കിൽ ഏകാകിയായി, ഹൃദയമിടിപ്പിന്റെ താളത്തിൽ ഉയർന്നു മുഴങ്ങുന്ന പഞ്ചാരിയിലും തായമ്പകയിലും പേരറിയാത്ത മറ്റനേകം വാദ്യഘോഷങ്ങളിലും മുഴുകി, കർണ്ണാടക സംഗീതത്തിന്റെ അലയാഴിയിൽ മുങ്ങി, കഥകളിയുടെ മായാജാലത്തിൽ മയങ്ങി എട്ടു നാളുകൾ. 

ഏത് താളമാണു് കൊട്ടുന്നതെന്നറിയില്ല,  ഏത് താളവട്ടത്തിന്റെ ആവേശത്തിലാണ് പുരുഷാരം മയക്കമാർന്ന് കൈ വീശി വീശി ലയിച്ച് രാവു പുലർത്തുന്ന തെന്നറിയില്ല. നിരന്നു നിൽക്കുന്ന അനേകം ഗജവീരൻമാരിലൊന്നിന്റെ പോലും പേരറിയില്ല. ഊട്ടുപുര മാളികയിൽ മഹാഗായകൻ മാർക്കു മുന്നിൽ ചമ്രം പടിഞ്ഞിരിക്കുമ്പോൾ, ഗായകനൊപ്പം സദസ്സു മുഴുവൻ തെറ്റാതെ താളമിടുമ്പോൾ, രാഗ വിസ്താരത്തിൽ, മനോധർമവേളയിൽ ലയിച്ച് തലയാട്ടുമ്പോൾ എനിക്കറിയില്ല ആ പാടുന്ന  രാഗമെന്തെന്ന്, തുടരുന്ന താളമെന്തെന്ന്. കഥകളി വിളക്ക് തെളിയും മുമ്പേ  നിലത്തിരുന്ന് ഉറക്കമൊട്ടും തീണ്ടാതെ തുറിച്ചു നോക്കിയിരിക്കുന്ന എന്റെ മുമ്പിൽ ആടുന്ന വേഷമേ താണ്? ഏത് പദം ? പാടുന്നതാര്? കഥയേത്?  എനിക്കറിയില്ല..

അഘോഷരാവിന്റെ  ഒടുങ്ങാത്ത തിരക്കിനിടയിലൂടെ ഞാനെന്നാലും നടക്കും. പട്ടിക്ക് അമൃത് കിട്ടിയാൽ അതിനറിയില്ലല്ലോ പാനം ചെയ്യുന്നത് അമൃതാണെന്ന്. ഇന്ദ്രിയസുഖം അതു മാത്രമാണ് അതിന്റെ ലക്ഷ്യം. ഈ ശുനക സമാനന്റെയും . ദേവന്റെ കോവിലിൽ ആരുമറിയാതെ അലയാൻ കഴിക്കുന്നതു തന്നെ ഭാഗ്യം. എന്റെ യാഥാർത്ഥ്യമറിഞ്ഞ് എന്നെ ആട്ടി അകറ്റാതിരിക്കാൻ ഏതോ ജന്മ പുണ്യ സിദ്ധം ഈ മനുഷ്യ രൂപ കവചം.

ഇന്നലെ രാത്രി, ഉത്സവത്തിന്റെ ആദ്യദിവസം ശ്രീവൽസൻ ജെ മേനോന്റെ കച്ചേരിയും, ഗോപിയാശാന്റെ നളനുമായിരുന്നു പ്രധാന ആകർഷണം. ശ്രീവൽസൻ അനുഭവിപ്പിച്ചത് നാദബ്രഹ്മസാഗരം... എന്റെ സമപ്രായക്കാരൻ. എന്റെ മകൻ അദ്ദേഹത്തിന്റെ പുത്രന്റെ സതീർത്ഥ്യൻ. ഏതുയരത്തിലാണദ്ദേഹം ജ്വലിക്കുന്നത്. ഇവൻ, ദേഹത്ത് കടിച്ച് അലോസരപ്പെടുത്തുന്ന നായ്ച്ചെള്ളിനെ കടിച്ചെറിഞ്ഞ്, മോങ്ങി...

ഓരോ പ്രതിഭയെ കാണുമ്പോഴും അറിയാതെ എന്നെക്കുറിച്ച് ഉള്ളിൽ പൊങ്ങുന്ന വികാരമിതാണ്... പാഴായിപ്പോയ ജന്മം. അമ്പത് വർഷത്തെ നിരർത്ഥക ജീവിതം. ഇനി ബാക്കിയുള്ളത്‌ , കുഴിച്ചുകൂട്ടിയ വലിയ കുഴികൾ മണ്ണിട്ടുമൂടാൻ മാത്രമുതകുന്ന ദിനങ്ങൾ .  അതിൽ മൂടാം, എനിക്കുണ്ടായിരുന്നെന്ന് ആരോ പണ്ട് വിശ്വസിപ്പിച്ച കഴിവുകളുടെ നുണക്കഥ...

എന്നാലും ഞാൻ കാത്തിരിക്കും, പിൻ കാലുകൾക്കിടയിൽ വാലൊളിപ്പിച്ച്, തല താഴ്ത്തി, നാക്ക് നീട്ടി, പിടിക്കപ്പെടുമോ എന്നുഴറി ഉത്സവ ദിനങ്ങളുടെ പിന്നാമ്പുറത്ത് ഉച്ഛിഷ്ട മോഹിയായി അലയാൻ, വരും കൊല്ലവും.

https://m.facebook.com/story.php?story_fbid=2199800990051144&id=100000637946738

No comments:

Post a Comment