Friday, January 31, 2020

മാലാഖ

പനി എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു അവസ്ഥയാണ്. അതുകൊണ്ടാവണം ഓരോ കാലാവസ്ഥയാ വ്യതിയാനത്തിലും ഞാൻ പനിക്കുന്നത്. പനി നാളുകളിൽ മൂടിപ്പുതച്ച്, നെറ്റിയിൽ വിക്‌സുപുരട്ടി, ആവികൊണ്ട്, കണ്ണുപൂട്ടി,  പനിച്ചൂടിൽ പൊങ്ങിവരുന്ന അസാധാരണമായ സ്വപ്നങ്ങളിൽ മുങ്ങിക്കിടക്കുന്നത് ഒരു സുഖം തന്നെയല്ലേ.

ഓർമവച്ച നാൾ മുതൽ വർഷത്തിൽ നാലുതവണയെങ്കിലും ഞാൻ കൊടിയ പനിയിൽ  മുങ്ങിപ്പോകുമായിരുന്നു. മുതിർന്നപ്പോൾ പനിയാവർത്തനങ്ങളുടെ എണ്ണം അല്പം കുറഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. എന്നാൽ ഓരോ ആവർത്തിയിലുമുള്ള പനി ദിനങ്ങളുടെ എണ്ണം കൂടിയിരിക്കുന്നു. വയസ്സാകുമ്പോൾ പതിയെ പതിയെ യാത്രാമൊഴി ചൊല്ലാൻ ശരീരം വഴങ്ങുതാവാം! രണ്ടുനാൾ തുള്ളിപ്പനിച്ച് മൂന്നാംനാളാവുമ്പോഴേക്കും എന്നെ കളിക്കൂട്ടത്തിലേക്ക് ഓടാൻ അനുവദിച്ചിരുന്ന പനി, ഇന്ന് ആടിത്തീർന്ന് അരങ്ങുവിടാൻ ഒരാഴ്ച തികച്ചുമെടുക്കുന്നു. പെയ്തോഴിഞ്ഞാലും പണിത്തണുപ്പ് വിടാതെ പിൻതുടരുന്നു; ശരീര വേദനയായും, മൂക്കൊലിപ്പായും, ചുമയായും..

ഈ കഴിഞ്ഞാഴ്ചയും എനിക്ക് പനിയായിരുന്നു. ചൊവ്വാഴ്ച രാത്രി മുതൽ  പരിചിതമായ തൊണ്ട വേദനയും, തലവേദനയും തുടങ്ങി. ഇത്തവണ പക്ഷെ പനി, സാധാരണയിൽ നിന്ന് വിഭിന്നമായി,  ഒരൽപം വേവലാതിയാണുണ്ടാക്കിയത്. കർണാടകത്തിലെ നാലിടങ്ങളിലേക്ക് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി വളരെ തിരക്ക് പിടിച്ച പരിപാടികളുമായി, ഔദ്യോഗിക യാത്ര പോകാനുള്ളതാണ്. എല്ലാ ഒരുക്കങ്ങളും ചെയ്തുകഴിഞ്ഞു. പനിപിടിച്ചു കിടന്നുപോയാലുള്ള കാര്യം  ഓർക്കാൻ കൂടി വയ്യ.  പാരസെറ്റമോൾ ഗുളിക വിഴുങ്ങി ഉറങ്ങാൻ കിടന്നു. രാവിലെ മൂന്നുമണിക്ക്  ഉണരണം.

ഹുബ്ലിയിലെ മനോഹരമായ കുഞ്ഞുവിമാനത്താവളത്തിൽ വിമാനമിറങ്ങുമ്പോൾ ഞാൻ ശരിക്കും വിറക്കുന്നുണ്ടായിരുന്നു.  ഇളതായി വീശിക്കൊണ്ടിരുന്ന കാറ്റ് കുളിരിന്റെ  ആക്കം കൂട്ടി. ഒരു ചൂടുകുപ്പായം കയ്യിൽ കരുതാഞ്ഞതിൽ വിഷമവും തോന്നി.  രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. ഏഴുമണിക്ക് കൊച്ചിയിൽ നിന്ന് വിമാനം പുറപ്പെടുന്നതിനു മുമ്പും വിമാനത്തിൽ വച്ചും ഒന്നും കഴിക്കാൻ തോന്നിയില്ല. വിശപ്പും തീരെയില്ല.  ഇന്ന് ഉപവസിക്കാം എന്ന് തീരുമാനിച്ചത് ശരീരം ആഹാരം വേണ്ടെന്നു വച്ച അനുകൂല സാഹചര്യം കൂടി പരിഗണിച്ചാണ്.

ഹുബ്ലിയിലെ കാര്യങ്ങൾ കഴിഞ്ഞ്  ഒന്നര മണിയോടെ ബൽഗാമിലേക്കു പുറപ്പെട്ടു. ഹുബ്ലിയിൽ നിന്നു ബൽഗാമിലേക്കു   നോൺ സ്റ്റോപ്പ് ബസ്സുകളുണ്ട്. നൂറുകിലോമീറ്റർ ദൂരം രണ്ടുമണിക്കൂറെടുത്ത് സുഖ വേഗത്തിൽ അവർ താണ്ടും. ജോലി ചെയ്തു കൊണ്ടിരിക്കെ അല്പം ഒതുങ്ങിയെന്നു കരുതിയ പനി, മെല്ലെ വീണ്ടും തലപൊക്കി. വല്ലാത്ത ക്ഷീണം. ആഹാരം കഴിക്കാത്തത് കൊണ്ടാകുമോ? കഴിക്കാൻ തോന്നണ്ടേ!

ബൽഗാമിലെ ജോലി കഴിഞ്ഞപ്പോഴേക്കും സമയം ആറു മണി. ദാവൻഗരയിലേക്കുള്ള തീവണ്ടി ഏഴു മണിക്കാണ്. പേപ്പറുകളെല്ലാമൊതുക്കി ബാഗ് കെട്ടി മുറുക്കി, മൊബൈൽ ഫോണിൽ 'വേറീസ് മൈ ട്രെയിൻ' ആപ്ലിക്കേഷൻ തുറന്നു. ഞെട്ടിപ്പോയി!   എനിക്കു വേണ്ടി കമ്പനി ബുക്ക് ചെയ്ത 12630 കർണാടക സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ആറര മണിക്കൂർ വൈകി ഓടുന്നു! 

ഈ പനിയുമായി ആറര മണിക്കൂർ റെയിവേ സ്റ്റേഷനിൽ ഇരിക്കുന്ന കാര്യം ആലോചിക്കാൻ വയ്യ. അന്വേഷിച്ചപ്പോൾ ഹുബ്ലിയിലേക്ക് ബസ്സിൽ തിരിച്ചുപോയി അവിടെ നിന്ന് ഇടക്കിടെയുള്ള ദാവൻഗരെ ബസ്സുകളിലൊന്ന് പിടിക്കുകയാവും ഏറ്റവും നല്ല തെന്ന് മനസ്സിലായി. അതായത് അഞ്ച് മണിക്കൂർ വീണ്ടും ബസ്സിൽ! 

തലയുടെ പിൻഭാഗം തുടങ്ങി മുതുകിലും കൈകളിലും ശക്തമായ വേദന പടരുന്നുണ്ട്. നെറ്റിക്കിരുപുറവും പൊട്ടിപ്പൊളിയുന്നു. ക്ഷീണം.... ദാഹം....

ബസ്സിൽ കേറിയിരുന്നു. എന്റെ തൊട്ടടുത്ത് കറുത്ത് സാമാന്യം തടിച്ച ഒരാളാണ് ഇരിക്കുന്നത്. വെള്ള ഷർട്ടും കറുത്ത പാൻറും വേഷം. ഒന്നും ഗൗനിക്കാതെ മൊബൈൽ ഫോണിൽ സംസാരം തന്നെ.

സീറ്റിലിരുന്നതേ ഓർമ്മയുള്ളൂ, പനി ഉഗ്രതാണ്ഡവം തുടങ്ങി. ബസ്സ് പുറപ്പെട്ടതോടെ സഹിക്കാനാവാത്ത കുളിര്. ഓരോ തവണ ചുമക്കുമ്പോഴും നെഞ്ച് പറിഞ്ഞു പോകുന്ന പോലെ. ശ്വാസം മുട്ടിപ്പോകുന്നു. അകം നിറയെ ചൂടും വേദനയും. ഷൂസിനുള്ളിൽ കാൽപാദം ചുട്ടുപൊള്ളുന്നു. 

സീറ്റിൽ ചാഞ്ഞിരുന്നു. തല പെരുക്കുന്നുണ്ട്. ബസ്സ്, നോൺ സ്റ്റോപ്പെന്നാണ് പേരെങ്കിലും ഇടക്കിടെ അവിടെയിവിടെ നിർത്തുന്നുണ്ട്. അകത്ത് ആളുകൾ ഉറക്കെയുറക്കെ സംസാരിക്കുന്നു. ഡ്രൈവർ ആരെയോ ചീത്ത വിളിക്കുന്നു. മങ്ങിയ മഞ്ഞ വെളിച്ചം. വെളിച്ചത്തിനകത്ത് കറുത്ത വൃത്തങ്ങൾ.  എനിക്ക് ബോധം നഷ്ടപ്പെടുന്നുണ്ടോ? വയറിനകത്തുനിന്ന് എന്തൊക്കെയോ ഉരുണ്ടുകൂടി മുകളിലേക്ക് വരുന്നു. ഞാനിപ്പോൾ ഛർദ്ദിക്കും. വയ്യ. ഒട്ടും വയ്യ.

കണ്ണടഞ്ഞു പോയി. കുറച്ചു നേരം ഞാൻ മയങ്ങിപ്പോയെന്ന് തോനുന്നു. കണ്ണുതുറക്കുമ്പോൾ ഞാൻ അടുത്തിരിക്കുന്നയാളുടെ തോളിൽ തല വച്ച് കിടക്കുകയാണ്. ബസ്സ് വിജനമായ ഹൈവേയിലൂടെ ദയനീയമായ ഒരു ഞരക്കം പുറപ്പെടുവിച്ചുകൊണ്ട് ഗതിവേഗമൊട്ടും കൂടാതെ ഓടിക്കൊണ്ടിരിക്കുന്നു. 

അയാൾ ഒട്ടും അലോസരമില്ലാതെ എൻ്റെ പനിച്ചു വേവുന്ന ശരീരം താങ്ങുന്നു. കണ്ണ് തുറന്നു പരിസര ബോധം  വീണ്ടെടുത്ത ഞാൻ, സങ്കോചത്തോടെ  അയാളെ നോക്കി. അയാൾ എന്നെ നോക്കി ചിരിച്ചു. മുന്നിൽ മുകളിലത്തെ നിരയിൽ രണ്ട് പല്ലുകളില്ല. എങ്കിലും അയാളുടെ ചിരിക്ക് എന്തെന്നില്ലാത്ത നിഷ്കളങ്കത.

"സുഖമില്ല അല്ലെ?" അയാൾ കന്നഡയിൽ ചോദിച്ചു.

"അതെ"  ഞാൻ തലയാട്ടി. അത്രയൊക്കെ മനസിലാക്കാനുള്ള കന്നഡ വിജ്ഞാനം രണ്ട് വർഷത്തെ ബാംഗ്ലൂർ ജീവിതത്തിനിടെ ഞാൻ ആർജ്ജിച്ചിട്ടുണ്ടല്ലോ.

അയാൾ കുടിച്ചുകൊണ്ടോരിക്കുകയായിരുന്ന വെള്ളക്കുപ്പിയിൽ നിന്ന് എനിക്ക് കുടിക്കാൻ തന്നു.

"എങ്ങോട്ടു പോകുന്നു ?" അയാൾ ചോദിച്ചു.

"ഹൂബ്ലി, അവിടെനിന്നു ദാവൺഗരെ" ഞാൻ ഹിന്ദിയിൽ പറഞ്ഞത് അയാൾക്ക് മനസിലായി. അയാൾ തലയാട്ടി.  അൽപനേരം കഴിഞ്ഞ് അയാൾ ചോദിച്ചു "ബസ്സിലാണോ പോകുന്നത്?"

അതെ എന്നു ഞാൻ പറഞ്ഞതിന് അയാൾ വീണ്ടും തലകുലുക്കി. കുറച്ചു സമയം കഴിഞ്ഞപ്പോൾ വണ്ടും ചോദിച്ചു. " ട്രെയിൻ ശ്രമിച്ചുകൂടായിരുന്നോ?". ഞാൻ കുതിച്ചുയരുന്ന ചുമകൾക്കും പൊട്ടിപ്പിളരുന്ന നെഞ്ചുവേദനക്കുമിടയിലൂടെ , എന്റെ രാവിലെ മുതലുള്ള സഞ്ചാര ചരിത്രം അയാളോട് വിവരിച്ചു.

മൂളി മൂളി എല്ലാം അയാൾ കേട്ടു. എന്നിട്ടെന്നോട് പറഞ്ഞു. "നിങ്ങളുടെ മൊബൈലിൽ ട്രെയിൻ ബുക്ക് ചെയ്യാനുള്ള സംവിധാനമുണ്ടെങ്കിൽ അത് തുറക്കൂ. ഹുബ്ലിയിൽ നിന്ന് ദാവൺഗരേക്ക് തീവണ്ടിയുണ്ടോ എന്ന് നമുക്ക് നോക്കാം"

എനിക്കൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പക്ഷെ ഐ.ആർ.സി.ടി.സി യുടെ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്തപ്പോൾ ശരിക്കും ഞാൻ അമ്പരന്നു. ഒരുമണിക്കൂറിനുശേഷം, ഹുബ്ലിവഴി മൈസൂർ വരെ പോകുന്ന ഒരു തീവണ്ടി ദാർവാഡിൽ നിന്ന് പുറപ്പെടുന്നു. സ്റ്റേഷനിൽ എത്താനും ഇത്തിരി നേരം ഇളവേൽക്കാനും സമയമുണ്ട്. ദാവൻഗരെയിൽ പാതിരാ കഴിയുമ്പോഴേക്ക് എത്തിച്ചേരും. എന്നെ കാത്തിരിക്കുന്ന ഹോട്ടൽ മുറിയിൽ ചെന്ന് പുതച്ചുമൂടി വേണ്ടുവോളം കിടക്കാൻ സമയം കിട്ടും. 

ഏറ്റവും അമ്പരപ്പിച്ചത് അതല്ല. ഒരു ബർത്ത് ഒരേഒരു ബർത്ത് ഒഴിഞ്ഞു കിടക്കുന്നു. അതും ജനറൽ ക്വോട്ടയിൽ. ഉടനടി അത് ബുക്ചെയ്ത് ഞാൻ അയാളോട് ഇങ്ങനെ ഒരു സാധ്യത തോന്നിപ്പിച്ചതിനു നന്ദി പറഞ്ഞു. അയാൾ വീണ്ടുമാ നിഷ്കളങ്കമായ ചിരിച്ചിരിച്ചു.

തീവണ്ടി കിട്ടുമെന്നത് ഒട്ടല്ല ആശ്വാസമായത്. 

അയാൾ മെല്ലെ എന്റെ കയ്യിൽ തൊട്ടു. പൊടുന്നനെ കൈ പിൻവലിച്ച്‌ ശ് ... ശ്... എന്ന് ശബ്ദമുണ്ടാക്കി. "വല്ലാതെ പനി ക്കുന്നല്ലോ!"

പിന്നെ കുറേനേരം അയാൾ മൗനിയായി. ഉറക്കം തൂങ്ങാൻ തുടങ്ങിയ എന്നെ ഉദ്ദേശിച്ചുകൊണ്ട് ആരോടെന്നില്ലാതെ അയ്യാൾ പറയാൻ തുടങ്ങി. "എന്റെ മോൾക്ക് മൂന്നു വയസ്സാണ്. കഴിഞ്ഞ പത്തു ദിവസമായി അവൾക്കും പനിയാണ്. ഒരാശുപത്രിയിൽ കിടത്തിയിരിക്കുകയാണവളെ. പനിമാറാത്തതെന്തെന്ന് ഡോക്ടർമാർക്ക് മനസിലാവുന്നില്ല. ഇടക്ക് പനി കുറയും, വീണ്ടും വരും. എന്റെ മോൾ, മെലിഞ്ഞുണങ്ങിപ്പോയി. അവൾ എന്നെ അച്ഛായെന്ന് വിളിച്ചിട്ട് എത്ര ദിവസമായെന്നറിയുമോ? എന്തെങ്കിലും ശരിക്ക് കഴിച്ചിട്ട് എത്രദിവമായെന്നറിയുമോ? "

 ഇടറിയ ശബ്ദത്തിൽ, മുറിഞ്ഞ ഹിന്ദിയിൽ, കന്നടത്തിൽ അയാൾ പറഞ്ഞുകൊണ്ടിരുന്നു. കീശയിൽ നിന്ന് തൂവാലയെടുത്ത് കണ്ണ് തുടച്ച്‌ അയാൾ വീണ്ടും എന്നെ നോക്കി ചിരിച്ചു.

ഞാനയാളെ തുറിച്ചുനോക്കി. "പത്തുദിവസമായി പനിക്കുകയോ? ഏതാശുപത്രിയിലാണ്? "  

ഹുബ്ലിയിൽ എനിക്ക് ഏതാശുപത്രി അറിയാം എന്ന അമ്പരപ്പോടെയാവണം, അയാൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കി. എന്നിട്ടു  തുടർന്നു. "ജയപ്രിയ എന്ന ആശുപത്രിയിലായിരുന്നു, അഞ്ചു ദിവസം. എന്റെ കയ്യിലുള്ള കാശെല്ലാം അപ്പോഴേക്കും തീർന്നു. ഇപ്പോൾ സർക്കാരാശുപത്രിയിലാണ്. എന്റെ ഒരു കൂട്ടുകാരൻ ബൽഗാമിലുണ്ട്. അവനോട് ഇച്ചിരി കാശ് കടം വാങ്ങാൻ പോയതാണ്.. "  വർത്താനം നിർത്തിയിട്ട് എന്നെ നോക്കി വീണ്ടുമായാൾ ചിരിച്ചു. വൻ വ്യഥയിൽ നീറുന്ന ഈ മനുഷ്യന് എങ്ങനെ ഇതുപോലെ ചിരിക്കാനാവുന്നു?

"നിങ്ങൾക്കെന്താ പണി?" ഞാൻ ചോദിച്ചു. "ഒരു കമ്പനിയുടെ സെയിൽസിലായിരുന്നു. കമ്പനി രണ്ടുമാസം മുമ്പ് പൂട്ടിപ്പോയി...."

അപ്പോഴേക്കും ബസ്സ് ഹൂബ്ലി ബസ്റ്റാന്റിൽ  പ്രവേശിച്ചു. അയാൾ മെല്ലെ എണീറ്റു. വേച്ച് വേച്ച് ഞാനും. മുകളിലെ റാക്കിൽ വച്ചിരുന്ന എന്റെ കനമുള്ള ബാഗ് പുറത്തേക്കെടുക്കാൻ അയാൾ സഹായിച്ചു.

ഞാനയാളോട് ചോദിച്ചു "ഇവിടെനിന്നു റയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോ കിട്ടുമായിരിക്കുമല്ലേ?" അയാൾ വീണ്ടും ചിരിച്ചു. ഹോ! എന്തൊരു ഭംഗിയാണയാളുടെ ചിരിക്ക്. ബസ്സിൽ നിന്ന് പുറത്തിറങ്ങി, അയാളുടെ പിറകെ നടക്കാൻ ആംഗ്യം കാട്ടി, ഇടറിപ്പോയ എന്റെ കയ്യിൽ നിന്ന് ബലമായി ബാഗ് പിടിച്ചുവാങ്ങി  അയാൾ നടന്നു തുടങ്ങി. ഞാനും പിറകെ നടന്നു. മെല്ലെ നടന്നിരുന്ന ഞാൻ ഒപ്പമെത്താൻ അയാൾ ഇടക്കിടെ കാത്തുനിന്നു.  പനിയുടെ തീഷ്ണതയിൽ, അറിയാത്ത പ്രദേശത്തുകൂടെ നിങ്ങൾ നടന്നിട്ടുണ്ടോ. സ്വപ്നത്തിൽ നടക്കുന്നപോലെ ഉണ്ടാകും. നടന്നു നടന്നു ഞങ്ങൾ ഇരുചക്ര വാഹനങ്ങൾ പാർക്ക്  ചെയ്യുന്നിടത്തെത്തി. പാർക്കിങ് ഫീ കൊടുത്ത ശേഷം  അയാൾ ദ്രവിക്കാറായ ഒരു സ്കൂട്ടർ പുറത്തേക്കു കൊണ്ടുവന്നു. എന്റെ ബാഗ്  മുന്നിൽ ഭദ്രമായി വച്ചിട്ടുണ്ട്. "ഓട്ടോ സ്റ്റാന്റ്  കുറെ ദൂരെയാണോ?" ഞാൻ ചോദിച്ചതിന് അയാൾ വീണ്ടുമാ മനോഹരമായ ചിരി ചിരിച്ചു.

"താങ്കൾ ഇതിൽ കയറൂ, ഇനി ഓട്ടോ അന്വേഷിക്കേണ്ട." അതിശയപ്പെട്ടുപോയ ഞാൻ അയാളോട് ചോദിച്ചു "നിങ്ങൾക്ക് ആശുപത്രിയിൽ പോകണ്ടെ? മോളെ കാണണ്ടേ?"

" ആദ്യം താങ്കളെ ഞാൻ റെയിൽവേ സ്റ്റേഷനിലാക്കാം "

സ്‌കൂട്ടറിൽ, തണുത്തരാത്രിയിലൂടെ അയാളുടെ പിറകിലിരുന്ന് സ്റ്റേഷനിലേക്കുള്ള ദൂരം താണ്ടവേ ഞാൻ ചോദിച്ചു. "ആശുപത്രി എവിടെയാ?"

"ഈവഴിതന്നെ, തിരിച്ചുവരണം. കുറച്ച് ദൂരമുണ്ട് ..." എനിക്കയാളുടെ മുഖം കാണാൻ കഴിഞ്ഞില്ല. അയാൾ തീർച്ചയായും ചിരിക്കുകയാവണം. ഇത്രയും ദൂരം യാത്ര ചെയ്ത്, എന്നെ സ്റ്റേഷനിൽ  വിടാൻ വേണ്ടി മാത്രം അയാൾ വരികയാണ്.

ഭീമാകാരമായ ദേശീയ പതാക പാറുന്ന സ്റ്റേഷന്റെ മുറ്റത്ത് എന്നെ അയാൾ  ഇറക്കി. നിങ്ങൾ ദൈവം തന്നെയാണെന്ന് ഞാൻ പറഞ്ഞതിന്,  വീണ്ടും ആ  ചിരി ചിരിച്ച് കൈവീശി അയാൾ , ശബ്ദകോലാഹലത്തോടെ തന്റെ പഴയ സ്കൂട്ടർ ഓടിച്ചു പോയി ; ഒരു നിമിഷം പോലും നിൽക്കാതെ.

ഇങ്ങനത്തെ ആളുകളെ യാണോ ഭൂമിയുടെ ഉപ്പ് എന്ന് വിളിക്കുന്നത്? ഇവർ ജീവിക്കുന്നതുകൊണ്ടാവുമോ, മഹാപാതകികൾ    ഉണ്ടായിട്ടും, ഭൂമിയുടെ മേൽ അഗ്നി വർഷം ഉണ്ടാകാത്തത്?

അകന്നുപോകുന്ന ആ സ്കൂട്ടറിലേക്കു വീണ്ടും നോക്കവേ, ഞാൻ കണ്ടു, പ്രകാശം പരത്തുന്ന ഒരുവെള്ളിവളയം തലയിൽ ചൂടി , വെള്ളിച്ചച്ചിറകുകൾ വീശി വീശി, ദൈവത്തിന്റെ ചിരി ചിരിച്ച്,   മന്ദം പറന്നുപോകുന്ന ഒരു മാലാഖയെ.

No comments:

Post a Comment