Wednesday, February 12, 2020

പൂർണത്രയീശ ഉത്സവം 2

ത്രിപ്പുണിത്തുറ താമസമാക്കിയ ശേഷം എന്റെ വർഷം തുടങ്ങുന്നതുമൊടുങ്ങുന്നതും വൃശ്ചികത്തിലാണ്. വൃശ്ചികോത്സവം കൊടിയേറുന്നതോടെ പുതിയ വർഷം ആരംഭിക്കുക്കയായി. ആരവത്തിന്റെ, മേളക്കൊഴുപ്പിന്റെ എട്ടു നാളത്തെ ഉത്സവക്കാഴ്ചകളോടെ പുലരുന്ന പുതുവർഷം. എട്ടാം നാൾ കൊടിയിറങ്ങി ആരവമൊഴിഞ്ഞ് നടവഴികളിൽ ജീവിതം വീണ്ടും വിരസ താളത്തിലേക്ക് മടങ്ങുമ്പോൾ അറിയുകയായി, മാറ്റങ്ങളേതുമില്ലാതെ വീണ്ടുമൊരു വർഷം പിറന്നിരിക്കുന്നു. 

2006 ലാണ് ആദ്യമായി ത്രിപ്പൂണിത്തുറ താമസക്കാരനാവുന്നത്. സെഞ്ചുറിയൻ ബാങ്കിന്റെ ശാഖാ മാനേജരായി ജോലി നോക്കാൻ വേണ്ടി. ലായം റോഡിൽ ചിൻമയ മിഷൻ സ്ക്കൂളിനോട് ചേർന്നായിരുന്നു ബ്രാഞ്ച് . ശാന്താ ബാലകൃഷ്ണനായിരുന്നു അന്ന് സ്ക്കൂളിന്റെ എല്ലാം. സ്നേഹമയിയായ അമ്മ. 
മനം നിറയെസ്നേഹവും , കരം നിറയെ ബിസിനസ്സും തരുമായിരുന്ന ത്രിപ്പുണിത്തുറയിലെ ഇടപാടുകാർ. സ്നേഹം നിറഞ്ഞ മേലുദ്യോഗസ്ഥൻമാരും സഹപ്രവർത്തകരും. അല്ലെങ്കിലും സെഞ്ചൂറിയൻ ബാങ്കിന്റെ മുഖമുദ്ര സ്നേഹമായിരുന്നല്ലോ. അതു കൊണ്ടാണല്ലോ ബാങ്കിന്റെ അസ്തിത്വമില്ലാതായി വർഷങ്ങൾ പലതായെങ്കിലും അവിടെ ജോലി ചെയ്തവരൊക്കെയും ഇപ്പോഴും ബന്ധത്തിന്റെ ഊഷ്മളത ഒട്ടും ചോരാതെ നിർത്തുന്നത്.

എന്റെ ആദ്യത്തെ വൃശ്ചികോത്സവം കൗതുകങ്ങളുടേതായിരുന്നു. ആയുസ്സിലന്നോളം ഇത്രയും വലിയൊരുത്സവം ഞാൻ കണ്ടിരുന്നില്ല. ലോകമറിയുന്ന വാദ്യകലാകരൻമാരുടെ, കഥകളി നടൻമാരുടെ, സംഗീത വിശാരദരുടെ, കേളി കേട്ട ഗജവീരൻമാരുടെ അസുലഭ സമ്മേളനം. എട്ടു രാത്രികളും ഊട്ടുപുരയുടെ മുകളിലത്തെ നിലയിൽ ചമ്രം പടിഞ്ഞിരുന്ന് പാട്ടുകേട്ട് മനം നിറഞ്ഞ് , മേളത്തിൽ മനവും മെയ്യുമുറഞ്ഞ് , ഇമപൂട്ടാതെ കഥകളി കണ്ട് കണ്ണുനീറി.. 

പിന്നെ ത്രിപ്പൂണിത്തുറയെ അടുത്തറിഞ്ഞ രണ്ടു വർഷങ്ങൾ. ലോർഡ് കൃഷ്ണാ ബാങ്ക് സെഞ്ചൂറിയൻ ബാങ്കുമായി ലയിച്ചപ്പോൾ സ്റ്റാച്യു ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ബാങ്കിന്റെ ശാഖയിലേക്ക് ഞാൻ മാറി. അവിടെ ലഭിച്ച പുതിയസഹപ്രവർത്തകർ എന്നും പറയുമായിരുന്നു. "ത്രിപ്പൂണിത്തുറ വന്നവരൊക്കെ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ടെ"ന്ന്. ഞാൻ പക്ഷെ, വടകരയിലേക്ക് മാറ്റം വാങ്ങി പോയി. വടകരയിലും ബാംഗ്ലൂരിലുമായി ത്രിപ്പൂണിത്തുറയിൽ നിന്നകന്നു നിന്ന നാല് വർഷങ്ങളിൽ, ഹൃദയത്തിന്റെ ഉള്ളറയിലെ വിടെയോ മന്ത്ര സ്ഥായിയിൽ ഒരു കഥകളിപ്പദം പതിഞ്ഞു പാടിക്കൊണ്ടിരുന്നു. അതെന്നെ നിരന്തതം തിരിച്ചു വിളിച്ചിരുന്നിരിക്കണം. അതു കൊണ്ടാവണം വീണ്ടും കൊച്ചിയിൽ ജോലി ചെയ്യാൻ അവസരം കിട്ടിയപ്പോൾ കണ്ണുമടച്ച് ഞാനത് സ്വീകരിച്ചത് .  രണ്ടായിരത്തി പന്ത്രണ്ടിലെ വൃശ്ചികോത്സവത്തിന് തൊട്ടുമുമ്പ് വീണ്ടും ഞാൻ തൃപ്പുണിത്തുറക്കാരനായി. എന്റെ കുറ്റ്യാടിയോളം തന്നെ പ്രിയപ്പെട്ട ത്രിപ്പുണിത്തുറ . 

വീണ്ടുമൊരു വൃശ്ചികോത്സവം കൊടിയിറങ്ങിയിരിക്കുന്നു. ഉറക്കമില്ലാത്ത രാവുകളിൽ നിന്ന് മേളപ്പെരുക്കങ്ങൾ മുഴങ്ങുന്ന ചെവിയും കഥകളി പദം പതിഞ്ഞു പാടുന്നതലയുമായി ഞാനീ ആനച്ചൂര് പൊങ്ങുന്ന , ദീപസ്തംഭം കരിന്തിരി കത്തുന്ന പുലരിയിലേക്ക്, മോഹിപ്പിച്ച് പിടിച്ചു നിർത്തിയ മോഹന സ്വപ്നലോകം വിട്ട് , യാഥാർത്ഥ്യത്തിന്റെ ചുടു വേനലിലേക്ക്,  ഇറങ്ങുന്നു. അടുത്ത വൃശ്ചികോത്സവം വരെ ഒരുവർഷം കൂടി ജീവിക്കാൻ ...

Saturday, February 8, 2020

തെരുവിൽ നിന്നൊരാൾ - പുസ്തകവിചാരം

യാതനകളുടെ പുസ്തകം  മലയാളിക്ക്  ആടുജീവിതമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ടപുസ്തകങ്ങളിലൊന്ന്.

എനിക്ക് പക്ഷെ ആ പുസ്തകം വായിച്ചതുകൊണ്ടുണ്ടായ ഗുണം, ശാന്താറാമിനെക്കുറിച്ച് അറിയാൻ  കഴിഞ്ഞു എന്നതാണ്. ആടുജീവിതത്തിന്റെ ആമുഖത്തിലാണെന്ന് തോന്നുന്നു,  കൃത്യമായി ഓർമ്മയില്ല, ഗ്രിഗറി ഡേവിഡ് റോബേർട്ട്സിന്റെ ശാന്താറാമോളം മഹത്തായ കൃതിയാണ് ആടുജീവിതം എന്ന്  പ്രസ്താവിച്ചിരുന്നു.  ശാന്താറാം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ആടുജീവിതത്തോട് അത്യധികമായ കൃതജ്ഞതയാണ്  തോന്നിയത്.  ശാന്താറാം വായിപ്പിച്ചതിന്. 

ശാന്താറാം സാക്ഷ്യപ്പെടുത്തുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയെ, ജീവിതത്തോടുള്ള അദമ്യമായ അഭിനിവേശത്തെ, സ്വാതന്ത്ര്യത്തോടുള്ള ഒടുങ്ങാത്ത ദാഹത്തെ ഒക്കെയാണ്. ഒരു നോവലായല്ല നാമത് വായിക്കുക. ഗ്രിഗറി ഡേവിഡ് റോബേർട്ട്സ് എന്ന മനുഷ്യന്റെ പച്ചയായ ജീവിതമായാണ്. നോവലിൽ പറയുന്നത്, എഴുതുന്നയാളിന്റെ ജീവിത സാഹചര്യങ്ങളാൽ സ്വാധീനിക്കപ്പെട്ട കാര്യങ്ങളാണെന്ന പ്രസ്താവനയോടെ തുടങ്ങുന്ന കൃതിയിൽ,  ആസ്ട്രേലിയലിലെ കുപ്രസിദ്ധ ബാങ്ക് കവർച്ചക്കാരനും മയക്കുമരുന്നിനടിമയുമായ റോബർട്ട്സ് പകൽ വെളിച്ചത്തിൽ തടവറയിൽ നിന്ന് രക്ഷപ്പെടുന്നു.  ലിൻഡ്സെ ഫോർഡ് എന്ന വ്യാജ നാമത്തിലുള്ള പാസ്പോർട്ടുമായി മുംബെയിൽ എത്തിച്ചേർന്ന അയാൾ ആ മഹാനഗരത്തിലെ ജനങ്ങളും സംസ്കാരവുമായി ഇഴുകിച്ചേരുന്നു. ചേരികളിൽ ജീവിക്കുന്നു, അധോലോകവുമായി കൂട്ടുകൂടുന്നു, സിനിമയിൽ എക്സ്ട്രാ നടനായി അഭിനയിക്കുന്നു, മറാഠി അനായാസേന സംസാരിക്കാൻ പഠിക്കുക പോലും ചെയ്യുന്നു... മുംബൈ  മഹാനഗരത്തിന്റെ വർണ്ണങ്ങൾ, ഇരുട്ടറകൾ, സ്നേഹസാഗരങ്ങൾ ഒക്കെ സംഭവബഹുലമായ തന്റെ ജീവിതകഥയിലൂടെ കഥാകാരൻ നമുക്ക് കാട്ടിത്തരുന്നു. ഒപ്പം അതിജീവനത്തിനുള്ള മനുഷ്യന്റെ അടങ്ങാത്ത ആവേശവും ദാഹവും പിടച്ചിലും

അതിജീവനത്തിന്റെ കഥ പറയുന്ന, ഇതിനേക്കാളൊക്കെ പ്രശസ്തമായ,  അത്മകഥാപരമായ നോവലാണ്  ഹെന്റി ഷാരിയറിന്റെ പാപ്പിയോൺ. ശാന്താറാം എഴുതിയ ഗ്രിഗറി ഡേവിഡ് റോബേർട്ട്സിനെ പോലെ ഷാരിയറും ഒരു കുറ്റവാളിയായിരുന്നു. 

ഫ്രെഞ്ച് ഭാഷയിൽ പാപ്പിയോൺ എന്നാൽ ചിത്രശലഭം എന്നാണ് അർത്ഥം.

പാപ്പിയോൺ, സ്വതന്ത്ര മനുഷ്യനായി ജീവിക്കണമെന്ന ഒരു വ്യക്തിയുടെ തീവ്രാഭിലാഷങ്ങളുടെ ചോരയിൽ ചാലിച്ച വിവരണമാണ്.  ഹെന്റി ഷാരിയർ എന്ന ജീവപര്യന്തക്കാരന്റെ ആത്മകഥയാണ് പാപ്പിയോൺ. നിരപരാധി എന്നവകാശപ്പെട്ടിരുന്ന പാപ്പിയോണിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് കോടതി അയാളെ ജീവപര്യന്തം കഠിന
തടവിന് ശിക്ഷിച്ച് ഫ്രെഞ്ച് ഗയാനയിലേക്ക് അയച്ചു. ഷാരിയർ ഇരുണ്ട ജയിൽമുറികളിലിരുന്ന് ഓരോ നിമിഷവും തന്നെ ചൂഴുന്ന നരകതുല്യമായ ജീവിതത്തിൽ നിന്ന്  രക്ഷപെടണം എന്നു മാത്രം ചിന്തിച്ചു. 13 വട്ടം  ജയിൽചാടി. പിടിക്കപ്പെട്ടു.. പിടിക്കപ്പെടുമ്പോഴും ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങുമ്പോഴും അയാൾ ചിന്തിച്ചിരുന്നത് അടുത്ത രക്ഷപെടലിനെ കുറിച്ചായിരുന്നു.. ധീരമായ അത്യന്തം ത്യാഗപൂർണ്ണമായ ശ്രമങ്ങൾക്കൊടുവിൽ പാപ്പിയോൺ ചെറു ചങ്ങാടങ്ങളിൽ സമുദ്രം താണ്ടി.. വിവരിക്കാൻ സാധ്യമല്ലാത്ത നരകയാത്രക്കൊടുവിൽ വെനിസ്വേലയിലെത്തി പുതിയ ഒരു ജീവിതം ആരംഭിച്ചു.

ഒരു കുറ്റവും ചെയ്യാതെ തടങ്കലിലാക്കപ്പെടുമ്പോഴുള്ള, മൃത്യുവിനും ജീവിതത്തിനുമിടയിൽ പെട്ടുഴലുന്നതിന്റെ നിസ്സഹായാവസ്ഥ അക്കാഡമി അവാർഡിനർഹമായ തന്റെ തക്കിജ്ജയിലൂടെ ജയചന്ദ്രൻ മൊകേരിയും  അതിമനോഹരമായി പറയുന്നു.

ഇന്നലെ, ബാലൻ തളിയിലിന്റെ, 'തെരുവിൽ നിന്നൊരാൾ ' വായിച്ച് നിർത്തുമ്പോൾ, അകക്കാമ്പിൽ തീ കോരിയിട്ട രണ്ടു നാളുകൾക്കാണറുതിയായത്. തിന്നാനും ഉറങ്ങാനും സ്വസ്ഥതയുടെ തണൽമരച്ഛായ എന്നുമുണ്ടായിരുന്ന  എന്നെപ്പോലൊരാൾക്ക് ഇടർച്ചയോടെയല്ലാതെ ബാലേട്ടൻ (അങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ അയൽദേശക്കാരനായ എനിക്കുണ്ടെന്ന് ഞാൻ സ്വയം തീരുമാനിക്കുന്നു) നടന്നു താണ്ടിയ കനൽവഴികളെക്കുറിച്ച് വായിക്കാനാവില്ല. 

പുസ്തക പ്രകാശന ദിവസം യദൃശ്ചയാ കുറ്റ്യാടിയിൽ എത്തിച്ചേരാനും പുസ്തകത്തിന്റെ ഒരു പ്രതി സമ്പാദിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യങ്ങളിലൊന്നായി ഇപ്പോൾ ഞാനറിയുന്നു. 

ജീവിതം നൽകിയ കൊടും യാതനകളെ നർമ്മം ചാലിച്ച കഥകളായി നമുക്ക് തന്നത് വൈക്കത്തെ സുൽത്താനാണ്. ബാലേട്ടനാവട്ടെ ജീവിതം തരുന്ന വെല്ലുവിളികളെ കാണുന്നത് തികച്ചും നിർമമനായാണ്. കൂട്ടുകാരൻ അമ്മതി നോടൊപ്പം ആരോ ഉപേക്ഷിച്ചു പോയ കാടുപിടിച്ച അംബാസിഡർ കാറിനകത്ത് ഇരവ് താണ്ടിയിരുന്ന കാലത്ത് , കാറിന്റെ പൊട്ടിപ്പൊളിഞ്ഞ മേൽപ്പാളിക്കുള്ളിലൂടെ മേഘമാലകൾ നീങ്ങിപ്പോകുന്നത് കണ്ടുറങ്ങാൻ കഴിഞ്ഞിരുന്നു എന്നു പറയുന്നിടത്ത് ഈ നിർമമതയല്ലാതെ എന്താന്ന് പ്രത്യക്ഷമാവുന്നത്? 

എന്നു കരുതി ഒരു വികാരവുമില്ലാതെ പറഞ്ഞു പോകുന്ന അക്ഷരങ്ങളുടെ കൂട്ടിവെപ്പ് മാത്രമാണ് തെരുവിൽ നിന്നൊരാൾ എന്ന് കരുതരുത്. തീവണ്ടിയിലിരുന്ന് വായിക്കുകയായിരുന്ന ഞാൻ, കണ്ണീര് സഹയാത്രികരിൽ നിന്ന് മറയ്ക്കാൻ പലപ്പോഴും പാടുപെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അമ്മയെ ക്കുറിച്ചുള്ള ഓർമ്മകൾ. പുസ്തകത്തിലുടനീളവും, 'അമ്മ' എന്ന അദ്ധ്യായത്തിൽ പ്രത്യേകിച്ചും, തന്റെ പലായനത്തിലൂടെ താൻ അമ്മയോട് അഹിതം പ്രവർത്തിച്ചില്ലേ എന്ന ശങ്ക ഞാൻ വായിച്ചു. അമ്മ മരിച്ചപ്പോഴും സമയത്തിനെത്തി അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും ബാലേട്ടനായില്ല. വിങ്ങിവിങ്ങി നിന്ന നെഞ്ചുമായി അമ്മയുടെ കുഴിമാടത്തിന് സമീപം നിന്ന ബാലേട്ടനോട് അമ്മാവൻ പറയന്നു. " ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട മക്കളാണ് മരണസമയത്ത് അടുത്തില്ലാതെ പോവുക'' അന്നേരം ബാലേട്ടൻ പ്രാർത്ഥിക്കുന്നുണ്ട്, 'അത് സത്യമായിരിക്കണേ...! ഞാൻ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ടവനായിരിക്കണമേ...!' വറുതിക്കാലത്തേക്കായി 'നുള്ളിയിട്ടു' വച്ച അരി നിർത്താതെ മഴ പെയ്ത് 'ഇടംവലം തിരിയാൻ ഗതിമുട്ടുന്ന' ദിവസങ്ങളിലിൽ അമ്മ പുറത്തെടുക്കുമായിരുന്നു. വറുതിയുടെ ദിനങ്ങൾ അതിജീവിച്ചത് അമ്മ മിച്ചം വച്ച ആ അരിയുടെ കഞ്ഞി കുടിച്ചായിരുന്നു. അമ്മ നുള്ളിയിട്ടു വച്ച സ്നേഹം പകരാൻ മരണ നേരത്ത് ആ അമ്മ ബാലേട്ടനെ ചുറ്റിലും പരതി , പ്രയാസപ്പെട്ട് അദ്ദേഹത്തിന്റെ പേരു വിളിക്കാൻ നോക്കി...

" എന്നെപ്പോലെ മറ്റൊരു മക്കളും അമ്മയെ കണ്ണീര് കുടിപ്പിച്ചിട്ടില്ല" എന്ന, പുസ്തകമാകെ പരന്നു നിൽക്കുന്ന തേങ്ങൽ, ഈ അദ്ധ്യായത്തിൽ ഉച്ചസ്ഥായിയിലെത്തുന്നു. 

ബാലേട്ടൻ അവിശ്വാസിയാണെന്ന് ഇടയിലെവിടെയോവായിച്ചു. മലക്കുകളുടെ സംഗീതം എന്നൊരു അദ്ധ്യായമുണ്ടീ പുസ്തകത്തിൽ.  മരുഭൂമിയിലുണ്ടാവുന്ന എല്ലാ അപശബ്ദങ്ങളും മലക്കുകളുണ്ടാക്കുന്നതാണെന്ന് പറയുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു ബാലേട്ടന് . മസറയിൽ ഏകനായിക്കഴിഞ്ഞിരുന ഒരു രാത്രി മരുഭൂമി അപശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. ജിജ്ഞാസുവായ ബാലേട്ടന് അനുരാഗവിവശരായ മലക്കുകളുടെ സംഗീതത്തിന്റെ ഉറവിടം അന്വേഷിക്കാതിരിക്കാനായില്ല. ഒടുക്കം മനസ്സിലായി. ചൂളം കുത്തി ആഞ്ഞുവീശിയ കാറ്റ് മസറക്ക് സമീപമുള്ള അഗാധമായ കിടങ്ങിലേക്ക് കാൽ തെറ്റി വീഴുന്ന ഒച്ചയാണ് സംഗീതവും നിലവിളിയും കൂട്ടക്കരച്ചിലുമായി ഉയരുന്നത്. 

പ്രപഞ്ചത്തിന്റെ അനന്ത ശബ്ദങ്ങളുടെ ഉറവിടം തേടിയുള്ള കലാകാരന്റെ നിലക്കാത്ത പ്രയാണത്തിനിടയിൽ ഊർന്നു വീണ്ടു പോകുന്ന നക്ഷത്ര ധൂളികളാണ് അവന്റെ കലാസൃഷ്ടികളെന്ന് ഞാൻ വിശ്വസിക്കുന്നു.  

ബാലേട്ടൻ നിറഞ്ഞനുഭവിച്ച ദീർഘയാനത്തിനിടയിൽ വീണു കിട്ടിയ കൊടും യാതനയുടെ, വിശപ്പിന്റെ, ഭീതിയുടെ, കണ്ണീരിന്റെ, നിസ്സഹായതയുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ  അനർഘ നിമിഷങ്ങൾ നിറച്ചു വച്ച ഈ പുസ്തകം ഗംഭീരമായ ഒരു വയാനാനുഭവമാണ്.

ഒരു മരു യാത്രയിൽ കൈവന്ന അനർഘ നിമിഷത്തെക്കുറിച്ച്  ബേപ്പൂർ സുൽത്താൻ ഒട്ടും ഫലിതം ചേർക്കാതെ വിവരിക്കുന്നുണ്ട്. പൗർണ്ണമിയുടെ നിറവിൽ നിർന്നിമേഷനായി നിന്നു പോയ ബഷീർ, ഞാനും അതും രണ്ടല്ലെന്നറിഞ്ഞ്, മൻസൂർ ഹല്ലാ ജിനെപ്പോലെ അനൽ ഹഖ് എന്ന് മന്ത്രിച്ച് പോകുന്നുണ്ട്.

അങ്ങനെ ഒരാത്മീയത തെരുവിൽ നിന്നൊരാളിലും ഞാൻ വായിക്കുന്നുണ്ട്. താൻ സഹിച്ച യാതനകളെ കുറിച്ച്  അല്പം പോലും വേദനയോടെയല്ല ബാലേട്ടൻ ഓർത്തു പറയുന്നത്. ഓരോ വാക്കിലും തികഞ്ഞ ചാരിതാർത്ഥ്യവും തൃപ്തിയും. എഴുത്തച്ഛൻ വേദാന്തം അതിലളിതമായി പത്തീരടികളിൽ പറഞ്ഞു വെച്ചിടത്ത് മനുഷ്യാനുഭവങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു. "സുഖവും ദുഃഖവുമനുഭവ കാലം പോയാൽ സമമിഹ നാരായണ ജയ"

അനുഭവ കാലം കഴിഞ്ഞ്, പക്വമായ തന്റെ ഓർമ്മകളെ നിർമ്മമനായി നോക്കി കാണുകയാണ് ബാലേട്ടനിവിടെ. 

ഇത്രയെങ്കിലും എഴുതിയില്ലെങ്കിൽ ഈ പുസ്തകം സമ്മാനിച്ച അനുഭൂതികളോട് ഞാൻ ചെയ്യുന്ന നന്ദികേടാവും. ഈ എളിയ വായനയിലെ അപാകതകളെ എന്റെ ജ്യേഷ്ഠ ഭ്രാതാവ് പൊറുക്കട്ടെ.  

പാപ്പിയോണിനൊപ്പം, ശാന്താറാമിനൊപ്പം, തക്കിജ്ജയോടൊപ്പം തെരുവിൽ നിന്നൊരാളും ഞാൻ നെഞ്ചോട് ചേർക്കുന്നു.

Tuesday, February 4, 2020

ഇക്ട്രോണികം

ഇവറ്റകളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പരിപൂർണ്ണ ബോധ്യമായി. 
പലരും പറഞ്ഞതാണ്. വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഇവറ്റകൾ പണി തരുമെന്നു്. ഒരു വർഷം മുഴുവൻ കഷ്ടപ്പെട്ടെടുത്ത മനോഹരഫോട്ടോകൾ, പിന്നീട് വികസിപ്പിക്കാമെന്ന് കരുതി സേവ് ചെയ്ത് വച്ച  നൂറിൽ പരം കുറിപ്പുകൾ, പലപേജുകൾ പുരോഗമിച്ച പത്തോളം ചെറുകഥകൾ, വിശ്വോത്തര പെയിന്റിങ്ങുകളായി പരിണമിക്കുമായിരുന്ന സെകച്ചുകൾ!! എല്ലാം പോയി.... ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക് ഒരു മുന്നറിയിപ്പുമില്ലാതെ ചത്തു. സങ്കടം സഹിക്കാഞ്ഞാണോ എന്നറിയില്ല, സ്മാർട്ട് ഫോൺ സ്വമേധയാ റിസെറ്റായി, സേവ് ചെയ്ത് വച്ചിരുന്ന ഡാറ്റയെല്ലാം നശിപ്പിച്ചു. 

മരണം ആർക്കായാലുമുണ്ട് . പക്ഷെ യന്ത്രങ്ങൾ ജീവികളെ പോലെയല്ലല്ലോ. അവറ്റകൾക്ക് മരണകാര്യത്തിൽ ഇത്തിരി വകതിരിവ്  സാധാരണ ഉണ്ടാകാറുള്ളതാണ്.  പ്രവർത്തനം മന്ദീഭവിച്ച്, കമ്പ്യൂട്ടറാണെങ്കിൽ ഇടക്ക് ബൂട്ടാവാൻ ഇത്തിരി അമാന്തിച്ച്, അങ്ങനെ അങ്ങനെ.. ഈ മുന്നറിയിപ്പുകൾ വരുമ്പോഴറിയാം;  ഡാറ്റ കോപ്പി ചെയ്ത് എക്‌ സ്റ്റേണൽ ഹാർഡ് ഡ്രൈവിലേക്ക് മാറ്റാൻ സമയമായിരിക്കുന്നു! പക്ഷെ എന്റെ ഒരു വർഷം പോലും പഴക്കമില്ലാത്ത ലാപ്ടോപ്പ് അത്തരം മര്യാദകളൊന്നും കാണിച്ചില്ല. യൂറ്റ്യൂബിൽ സിനിമ കണ്ടോണ്ടിരിക്കെ പെട്ടെന്ന് സ്ക്രീനങ്ങ് ബ്ലാങ്കായി. ശുദ്ധ ശൂന്യത. ഇരുട്ട്. തുടർന്ന് ഒരു സന്ദേശം ദു:ഖ മുഖത്തോടെ പ്രത്യക്ഷീഭൂതമായി. “Your PC is not responding” ന്ന്. അതു കഴിഞ്ഞും എന്തൊക്കെയോ വിഭ്രാന്ത സന്ദേശങ്ങൾ. ഒടുക്കം കറുപ്പിൽ വെളുപ്പുകൊണ്ട്, ഇപ്പറഞ്ഞ സാധനത്തിന്റെ ഡ്രൈവ് റിപ്ലേസ് ചെയ്ത് കളഞ്ഞള, എന്നെഴുതി കാണിച്ചു. ഞാൻ വിചാരിച്ചു. വെറ്തെ.. ഒരു കാര്യവുമില്ലാണ്ട് കമ്പ്യൂട്ടർ ചത്തുപോകില്ല. ചാകാൻ പാടില്ല. വാങ്ങീട്ട് ഒരു കൊല്ലമാകുന്നതേയുള്ളൂ. എന്തു പോയാലും എന്റെ ഫോട്ടോകൾ !! ഞാൻ രണ്ടും കൽപ്പിച്ച് ബട്ടൻ ഞെക്കി. ഒരപാട് നേരം അതുമിതുമൊക്കെ എഴുതിക്കാണിച്ച് വീണ്ടും, ഇപ്പറഞ്ഞ സാധനത്തിന്റെ ഡ്രൈവ് റിപ്ലേസ് ചെയ്ത് കളഞ്ഞള എന്ന സ്റ്റാന്റിൽ വന്നു നിന്ന്, കമ്പ്യൂട്ടർ നിർമമായി വിലസി. ഞാൻ ഭയം കൊണ്ടും സങ്കടം കൊണ്ടും വിവശനായി, അർജ്ജുനൻ തേർത്തടത്തിൽ കാട്ടിക്കൂട്ടിയ  സകല പൊട്ടത്തരങ്ങളും പ്രകാശിപ്പിച്ചു. (Ref Bhagavad Gita 1:28 and 29)   തലമുടി പിടിച്ചു വലിച്ചു. നെഞ്ചിൽ പേർത്തും പേർത്തും പ്രഹരിച്ചു. നല്ല പാതിയേയും പിള്ളാരേയും കണക്കറ്റ് ശകാരിച്ചു. അതു കൊണ്ടരിശം തീരാഞ്ഞയീനായർ , ഫ്ലാറ്റിന് ചുറ്റും മണ്ടി നടന്നു. 
പിന്നീട് സമനില വീണ്ടു കിട്ടിയപ്പോൾ ലാപ്പ്ടോപ്പനെ പൊതിഞ്ഞു കെട്ടി, ബില്ല് തപ്പിയെടുത്ത് , സർവീസ് സെൻററിൽ കൊണ്ടു പോകാൻ റെഡിയാക്കി. ആ സർവശക്ത, സർവജ്ഞർക്ക് ഇവനെ തീർച്ചയായും പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നുറച്ച് വിശ്വസിച്ച് ഉറങ്ങാൻ കിടന്നു.
 പിറ്റേന്ന് അവിടെ ചെന്നപ്പോഴാവട്ടെ കശ്മലൻമാർ തീർത്തു പറഞ്ഞു കളഞ്ഞു. "ഹാർഡ് ഡിസ്ക്ക് പോയി സാറേ ...മാറ്റണം . സാറിന്റെമെഷിന് വാറണ്ടി യുള്ളതിനാൽ കാശൊ ന്നും തരണ്ട.“ കശ്മല വീരൻ മാർ... അവരുണ്ടോ അറിയുന്നു! എന്റെ പതിനായിരക്കണക്കായ പ്രിയ ഫോട്ടോകളാണ് ഈ ഹാർഡ് ഡിസ്ക്കോടൊപ്പം മണ്ണടിയുന്നതെന്ന് !! ഒരു ഫോൾഡർ പോലും തിരികെക്കൊണ്ടുവരാനാവില്ലേയെന്ന എന്റെ കെഞ്ചലിനെ അവൻ ചുണ്ടിന്റെ വശം കോട്ടി, പുച്ഛിച്ചു തള്ളി. സിസ്റ്റം, ഡിസ്ക്ക് ഐഡന്റി ഫൈ ചെയ്യുന്നില്ല സാറേ!! കരഞ്ഞു പോയി ഞാൻ.. അപ്പൊഴാണ് പാന്റിന്റെ പോക്കറ്റിൽ ഒരു പിടച്ചിൽ. ക്രൂം ... ക്രൂം .. മൊബൈൽ. എടുത്ത് സ്ക്രീനിൽ നോക്കിയ ഞാൻ അതി ഭയങ്കരമായി വീണ്ടും ഞെട്ടി. അവൻ ചോദിക്കുകയാണ്. "തൻെറയീ പുതിയ മൊബൈൽ ഫോൺ ഞാനെങ്ങനെയാണ് ഉപയോഗ യോഗ്യമാക്കേണ്ടത്?" എന്ന്. എന്ത് പുതിയത്? രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. പിന്നെയെന്താണിങ്ങനെ എന്നന്വേഷിക്കാൻ !! മൊബൈൽ കുതുകികളായ സഖാക്കളെ വിളിക്കാൻ നമ്പർ പരതി. എവിടെ നമ്പർ? ഒന്നുമില്ല. മേൽ പറഞ്ഞ സന്ദേശമല്ലാതെ മറ്റൊന്നുമില്ല. എന്റെ എരുമേലി വാവരേ ഞാനിനി എന്ത് ചെയ്യും? ഒറ്റ നമ്പറില്ലാതെ  ഞാനെങ്ങനെ സഖാക്കളുമായി സംവദിക്കും? കഷ്ടമർ മാരെ വിളിച്ച് എങ്ങനെ എക്കൗണ്ടുകളും ഡപ്പോസിറ്റുകളും സമ്പാദിക്കും? മുത്തപ്പാ! നീ തന്നെ തുണ. എവിടെയൊക്കെയോ ഞെക്കിയവാറെ, എന്റെ ഈ മെയിൽ ഐഡി എഴുതിക്കൊടുക്കാൻ ഉത്തരവായി. അതിനു ശേഷം പാസ് വേഡ് . ഒടുക്കം എല്ലാം കൂടെ ഡൗൺലോഡായി ഫോൺ പഴയ പോലെ തോന്നിക്കുന്ന പരുവമായി. നോട്ടുകളും കതകളും എയുതി ബെച്ച കളർഡ് നോട്സ് എന്ന ആപ്പ് തുറന്ന് നോക്കി, പണ്ട് ആദാമിനും മുൻപെഴുതിയ കുറേ നോൺ സെൻസ് മാത്രമുണ്ട്. വേണ്ടതൊന്നു മില്ല. ചിത്രം വരക്കുന്ന ആപ്പ് തുറന്നു നോക്കി. ശുദ്ധ ശൂന്യം . 

മതി. മതിയാക്കി. ഇനി ഈ പണി ഇലക്ട്രോണി കത്തിലില്ല. പഴയ നോട്ടുപുസ്തകം തപ്പിയെടുത്തു വച്ചിട്ടുണ്ട്. പക്ഷെ തോന്യാക്ഷര മൊന്നും വരുന്നില്ല. പണ്ട് വേലുക്കുട്ടി മാഷ് തന്ന ഡ്രോയിംഗ് ബുക്കിലാവട്ടെ പേജുകളൊന്നും ബാക്കിയുമില്ല. പാറ്റച്ചിത്രങ്ങൾ മാത്രം.

തത്ത സ്വാമി

ഞങ്ങടെ നാട്ടിൽ ഒരു ഗുരു സ്വാമി ഉണ്ടായിരുന്നു. കുമാരസ്വാമി. ഓർമ വച്ച നാൾ മുതൽ എല്ലാവർഷവും വ്രതമനുഷ്ടിച്ച് മല കയറിയ ആൾ . വർഷത്തിൽ പന്ത്രണ്ട് മാസവും രുദ്രാക്ഷവും കറുപ്പ് വസ്ത്രവു മണിഞ്ഞാണു് സഞ്ചാരം.  ഏതു നേരവും ജപം. നാട്ടിലുള്ള സകല അമ്പലങ്ങളിലും രാവിലെയും വൈകീട്ടും തൊഴും ഭജന കൾക്ക് നേതൃത്വം നൽകും. കീർത്തന പുസ്തകങ്ങൾ നോക്കിവായിച്ചു കൊണ്ടേയിരിക്കും. രാമായണ മാസവും കൃഷ്ണ ഗാഥാ മാസവും ആചരിക്കുകയും ആചരിപ്പിക്കുകയും ചെയ്യും. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ സ്ഥിരമായി കംസന്റെ വേഷം കെട്ടും.

മണ്ഡല കാലമായാൽ പിന്നെ പറയാനില്ല. തിരക്കോട് തിരക്ക് തന്നെ.അയ്യപ്പൻ വിളക്ക്, ഭജന, കെട്ടുനിറ... നിന്നു തിരിയാൻ സമയമില്ല. 

എന്റെ കൂട്ടുകാരിലൊരു സംഘത്തിന് ഇദ്ദേഹത്തോടൊപ്പം ശബരി മലയിൽ പോകാൻ ഭാഗ്യം സിദ്ദിച്ചു. മഹാഭാഗ്യമെന്നേ അവർ നിരീച്ചുള്ളൂ. നാപ്പത്തൊന്നു ദിവസത്തെ വ്രതം. ഒരുനേരമൂണ്. പച്ചക്കറി ഭക്ഷണം. എല്ലാറ്റിനും പുറമെ , പുലർച്ചെ നാലുമണിക്കെണിറ്റ് മകരത്തിൽ തണുത്തുറഞ്ഞ കുറ്റ്യാടിപ്പുഴയിൽ കുളി.അവർ അറിഞ്ഞാസ്വദിച്ചു. 
വിവേകാനന്ദാ ട്രാവൽസിലായി രുന്നു യാത്ര. വഴിയിലുള്ള പ്രധാനക്ഷേത്രങ്ങളെല്ലാം സന്ദർശിക്കുന്നു, തൊഴുന്നു. ചിരപരിചിതനായ ഗൈഡ്  ബസ്സിൽ കൂടെ യുള്ളതിനാൽ കുമാരസ്വാമിയുടെ ജോലി ഭാരം നന്നായി കുറഞ്ഞു. നിർദ്ദേശങ്ങളും ഉപദേശങ്ങളും കണിശക്കാരനായ ഗൈഡ് നിർലോഭം വാരി വിതറിയതിനാൽ അത്യുച്ചത്തിൽ, ഇണത്തിൽ ,നിർത്താതെ ശരണം വിളിക്കുക മാത്രമായി കുമാരസ്വാമിയുടെ പണി.
വൈന്നേരത്തോടെ പമ്പയിലെത്തിയതും സ്വാമിയുടെ ഭാവം മാറി. എങ്ങനെ പമ്പയിൽ കുളിക്കണം, എത്ര മുങ്ങ് മുങ്ങണം തുടങ്ങിയ നിർദ്ദേശങ്ങളുണ്ടായി. 
"വേഗം കുളിച്ച് വന്നോളീ... തെരക്ക് വലിങ്ങനെ ഇല്ലാന്ന് തോന്ന്.... ഇബ്ട നേരം ബൈക്യാല് മ്മള് തെരക്ക് പ്പെടുംന്ന് ഒറപ്പാ.. " അനുഭവജ്ഞാനം. എന്റെ മിത്രസംഘം വളരെ വേഗം കുളി കഴിഞ്ഞ് തിരിച്ചെത്തി. കുമാരസ്വാമി നിർദ്ദേശം നൽകി. മല ചവിട്ടുമ്പോൾ ചെരിപ്പിടരുത്. പുണ്യ പ്രദേശമാണ്. കാലടി നോക്കി മുകളിലേക് നോക്കാതെ നടക്കുക. മുകളിലോട്ട് നോക്കിയാൽ പേടിച്ച് പോകും. കാല് വിറച്ചിട്ട് കയറാൻ പറ്റില്ല. എന്തെങ്കിലും ശങ്ക തോന്നിയാൽ മനസ്സറിഞ്ഞ് ശരണം വിളിക്കുക. അയ്യപ്പൻ മോളിലെത്തിച്ചോളും.
" തെരക്കിലെങ്ങാൻ പെട്ട് ഒറ്റക്കായിപ്പോയാ പേടിക്കണ്ട. തൊയ്ത് തിരിച്ചെറങ്ങീറ്റ് പതിനെട്ടാം പടീന്റെ ട്ത്ത് തത്തസാമീന്നെയ്തിയ ബോർഡിന്റെ തായ നിന്നാ മതി. ആട്ന്ന് എളകറ് എല്ലാറും ബെര്ന്നവരെ " കന്നിക്കാർ തലയാട്ടി. "എന്ത് ന്നാ ബോഡുമ്മൽ എയ്തീക്ക് ണ്ടാവ്ആ?" കുമാരസ്വാമി ഉറപ്പു വരുത്താൻ വീണ്ടും ചോദിച്ചു. "തത്ത സാമി " അയ്യപ്പൻമാർ ഒരേ സ്വരത്തിൽ  പറഞ്ഞു.
കഠിനമായ മല കയറ്റത്തിന്നും, മണിക്കൂറുകളുടെ കാത്തുനിൽപ്പിനും തിക്കിത്തിരക്കിനും ശേഷം എന്റെ കൂട്ടുകാർ പതിനെട്ട് പടിയും  തൊട്ടു വണങ്ങി അയ്യപ്പനെ തൊഴുതു. എവിടെയോ വച്ച് വഴിതെറ്റിപ്പോയ ഒരു കൂട്ടുകാരൻ, പച്ചക്കറി പീടികയിലെ പ്രദീപൻ, മാളികപ്പുറത്തമ്മയേയും നാഗങ്ങളേയുമൊക്കെ തൊഴുത് കറങ്ങി താഴെ പതിനെട്ടാം പടിക്കരികിലെത്തി. "തത്തസാമി " എന്നെഴുതിയ ബോർഡെവിടെ?  ഒരു പാട് നേരം തിരഞ്ഞു. ബോർഡ് കാണാനില്ല. കുറച്ചു കഴിഞ്ഞപ്പോൾ കുമാരസ്വാമിയും ബാക്കി കൂട്ടുകാരുമെത്തി. പ്രദീപൻ ചോദിച്ചു, "ഏട സ്വാമ്യേ തത്ത സാമീന്റെ ബോഡ് ?" ഇത്ര നേരമായിട്ടും കണ്ടില്ലേയെന് പുച്ഛത്തോടെ കുമാരസ്വാമി വിരൽ ചൂണ്ടിയേടത്ത് നോക്കിയ പ്രദീപൻ ബോർഡ് കണ്ട് ഞെട്ടി. 
'തത്വമസി'

എതാരാധനാലയത്തിലും ആത്മാനുഭവമാണുണ്ടാക്കേണ്ടത്. ഏതറിഞ്ഞാൽ വേറൊത്ത് അറിയേണ്ടതില്ലെന്നു വരുന്ന അറിവിനെ ഉണർത്തുന്നവയാവണമവ. ശബരിമലയിൽ വലുതായെഴുതി വച്ചിരിക്കുന്ന ഉപനിഷദ്വാക്യവും മറ്റൊന്നല്ല പറയുന്നത്. അതിനെ തത്ത സാമിയാക്കി മാറ്റുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 
തത്വമസി എന്ന അറിവിനു മുന്നിൽ ഋതുമതിയായ സ്ത്രീക്കും , അനാര്യനായ പുരുഷനും ഭേദമെവിടെ?
വേദാന്തമാണ് പരമസത്യം . അതാണ് അമ്പലങ്ങളിൽ ഘോഷിക്കപ്പെടേണ്ടത്. അഹംഭാവത്തെ തകർത്തെറിഞ്ഞ് അവനവനെ പൂർണ്ണ നഗ്നതയിലറിയുമ്പോൾ, ഞാൻ തന്നെയെല്ലാം എന്ന് ബോധ്യമാകും. ആ ബോധ്യം വെളിവാക്കുന്ന പാഠശാലകൾ കൂടിയാവണം ആരാധനാലയങ്ങൾ . ഒരു സ്ത്രീ, ജ്ഞാന തൃഷ്ണയോടെ , ഭക്തിയോടെ ഋതുമതിയാണെന്നിരിക്കിലും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ എന്ത് തെറ്റാണ്? 
ശാരീരികാവസ്ഥയല്ല, ലിംഗഭേദമല്ല. മനോഭാവമാണ് പ്രധാനം. 
ബാലകൃഷ്ണൻ സാർ ( പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ ) അവർത്തിച്ചാവർത്തിച്ച്  പറയുന്നത് കേട്ടിട്ടുണ്ട്. "ബോധമേ ഉള്ളൂ.. എല്ലാം ബോധം മാത്രം " പിന്നെ സ്ത്രീയെവിടെ, പുരുഷനെവിടെ അവർഅന്വേഷിച്ചെത്തുന്ന ക്ഷേത്ര സന്നിധാനമെവിടെ? എല്ലാം ബോധം മാത്രം.  ശ്രീ നാരായണഗുരുസ്വാമികളും പറയുന്നു,
"അതുമിതുമല്ല സദർത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമർന്നിടേണം!"

'അമ്മഹത്താമറിവി'നുള്ള ഇടങ്ങളാണ് അമ്പലങ്ങളെന്നറിഞ്ഞാൽ   പിന്നെ, സുപ്രിം കോടതി എന്ത് വിധി പറഞ്ഞാലും ആരും കോപിക്കില്ല.

ഷൗക്കത്ത്

പ്രതീക്ഷിക്കാൻ എന്തെങ്കിലു മുണ്ടെങ്കിൽ ദിവസത്തിന് തിളക്കമേറുമെന്ന് പറയുന്നത് ശരിയാണ്. കഴിഞ്ഞ ഞായറാഴ്ച്ച തുടങ്ങിയ തെളിച്ചമാണ്. ഞായറാഴ്ച വൈകീട്ട് കങ്ങരപ്പടി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഷൗക്കത്ത് (Shoukath Sahajotsu )ആത് മോപദേശ ശതകത്തെ അധികരിച്ച് സംസാരിക്കുന്നു. പ്രിയ സുഹൃത്ത് റെജിയാണ് ( Reji Varghese )സംഘാടകൻ. ഷൗക്കത്തിനെ  കേൾക്കാം... പുറമെ, കുറേ നാളായി പിടി തരാതെ വഴുതി നടക്കുന്ന റെജിയെ കയ്യോടെ കീഴടക്കാം... 

സൂപ്പി മാഷിന്റെ ( Kt Soopy )വീട്ടിൽ വച്ചാണ് ഷൗക്കത്തിനെ ആദ്യമായി കണ്ടത്. ഈ നൂറ്റാണ്ട് തുടങ്ങുന്നതിന് മുമ്പെ പ്പൊഴോ ആയിരുന്നു. തൂവെള്ള മുണ്ടും കുപ്പായവും ഒരു തോൾസഞ്ചിയും മുഖം നിറഞ്ഞ ചിരിയും. 

രണ്ടാമത് കണ്ടതും സൂപ്പി മാഷിന്റെ വീട്ടിൽ വച്ച്...അപ്പോഴേക്കും ബാങ്ക് മാനേജരുടെ ഭാരം എന്റെ തലയിലും നെഞ്ചിലും കേറിയിരുന്നു. ഒരു നിർബന്ധിത വാർഷികാവധിയുടെ അവസാന ദിനങ്ങളിൽ ഒന്നിലായിരുന്നു അത്. 2008 ൽ "എടാ, ഷൗക്കത്തും, ഹാഷിമി ക്കായും ( EM Hashim ) വരുന്നു, വൈന്നേരം, നീയും വാ.. വർത്താനം പറഞ്ഞിരിക്കാലോ ..." സൂപ്പി മാഷിന്റെ സ്നേഹം മാത്രം തുളുമ്പുന്ന വിളി. ആരെങ്കിലും വിശേഷമായി വീട്ടിൽ വരികയാണെങ്കിൽ മാഷ് വിളിക്കു മായിരുന്നല്ലോ.. ആരുമില്ലെങ്കിലും വിളിക്കുമായി രുന്നല്ലോ.. എത്ര വൈന്നേരങ്ങൾ, രാത്രികൾ ഖുറാനും, ഗീതയും, സാഹിത്യവും, മുഹമ്മദും കൃഷ്ണനും, കഥയും കലയും കവിതയും പറഞ്ഞ് ഞങ്ങൾ, സൽമയുണ്ടാക്കിയ സ്നേഹമധുരമൂറുന്ന പലഹാരങ്ങൾ കഴിച്ച് കട്ടൻ ചായ കുടിച്ച് ആ ഉമ്മറത്തിരുന്നിരിക്കുന്നു.

മുറ്റത്തേക്ക് കാലെടുത്തു വച്ചതും മൊബൈൽ ഫോൺ ചിലച്ചു. വരാന്തയുടെ അരമതിലിൽ ഷൗക്കത്തും ശ്രീ ഹാഷിമും ഇരിക്കുന്നു. പരിചയപ്പെടുത്താൻ സൂപ്പി മാഷ് എന്നെ വിളിച്ചു. ഫോണിന്റെ പച്ച ബട്ടൻ ഞെക്കി ഇപ്പ വരാം മാഷേ എന്നാംഗ്യം കാണിച്ച് ഫോൺ ചെവിയിലേക്ക് വച്ചു. "താനെവിടെ പോയിരിക്കുവാടോ " മറുതലക്കൽ ക്ലസ്റ്റർ ഹെഡിന്റെ അലർച്ച " സാംസ (അത് എച്ച്.ഡി.എഫ്. സി ബാങ്കിൽ ജോലി ചെയ്താൽ മാത്രം മനസ്സിലാകുന്ന ഒര സംബന്ധ കലാപരിപാടിയാണ്) ടാലിയായിട്ടില്ല.  ഇന്ന് രാത്രിക്ക് മുമ്പ് ടാലിയായില്ലെങ്കിൽ തിരിച്ചു വരമ്പോ ജോലി കാണില്ല." സ്വസ്ഥത പോയി. കുറ്റ്യാടിയിലിരിക്കുന്ന ഞാൻ ഏറണാകുളത്തെ ബാങ്കിലെ ആന്തരിക കണക്ക് പുസ്തകങ്ങൾ  നിർദ്ധാരണം ചെയ്ത് നേരെയാക്കണം. ആയില്ലെങ്കിൽ പണി ഗോപി.

മാഷ് പരിചയപ്പെടുത്തുകയാണ്, "ഇവൻ കുറച്ചോക്കെ വായിക്കും. ഓഷോവിൽ നല്ല വിവരമുണ്ട് " 

" വായന ഓഷോ മാത്രമാണോ?" ശ്രീ ഹാഷിം . ഷൗക്കത്തിന് ചിരി. എനിക്ക് നീരസം തോന്നി. "എന്താ ഇയാക്ക് ഓഷോയോടിത്ര പുച്ഛം? " "അങ്ങനോന്നൂല്ല." നനഞ്ഞ മറുപടി. രസകരമായ ഒരു ചർച്ചയിലേക്ക് അവർ മെല്ലെ കടക്കുകയാണ്. വെളിയിൽ പാറക്കടവിന്റെ ആകാശം ചുക ചുകന്നും ചാരമാർന്നും കറുപ്പിലേക്ക് മെല്ലെ ചുരണ്ടു കയറി.
എന്റെ തലയിലും വയറ്റിലും സാംസ കിടന്ന് പുളച്ചു.  ഷൗക്കത്തും , ഹാഷിം ക്കയും സൂപ്പി മാഷും നിഴലുകൾ മാത്രം.. ഒന്നും കേട്ടില്ല. '' മാഷെ ഞാൻ പോയിട്ട് വരാ"മെന്നു് ബേജാറോടെ വീട്ടിലേക്കോടി. ബേജാറിന്റെയും ബദ്ധപ്പാടിന്റെയും ദിനങ്ങളായിരുന്നല്ലോ. 

പിന്നെ വർഷങ്ങൾ പലത് കഴിഞ്ഞ്, റിമാ കല്ലിങ്കലും ആഷിക് അബുവും നടത്തുന്ന കഫേ പപ്പായ എന്നു പേരായ ചായക്കടയിലിരുന്ന് ലാവോത്സുവിനെ വായിച്ചപ്പോഴാണ് ഷൗക്കത്തിനെ കണ്ടത്. ഞാൻ സി.എ.ഐ.ഐ. ബി പരീക്ഷ തോറ്റ് ഇനിയീ പണിക്കില്ലെന്നു് പ്രതിജ്ഞയെടുത്ത് വരുന്ന വഴിയാണ് രാജകീയ ചായക്കടയിൽ ഇങ്ങനെ ഒരു പരിപാടിയുണ്ടെന്നറിഞ്ഞ് ഓടിക്കയറിയത്. നല്ല സദസ്സ്. സ്റ്റേജിൽ ചമ്രം പടിഞ്ഞിരുന്ന് താഴ് വരയുടെ സംഗീതം പകർന്നു തരുന്ന ഷൗക്കത്ത് . ഒറ്റ ബൾബിന്റെ വെളിച്ചം.. മറക്കാനാവാത്ത ചിത്രം. പരിപാടി കഴിഞ്ഞ് പരിചയം പുതുക്കാമെന്ന് കരുതിയപ്പോഴേക്കും ആൾക്ക് ചുറ്റും ആളുകൂടി. ആധുനിക വേഷധാരികളായ യുവതിയുവാക്കൾ . അത്തരക്കാരെ കാണുമ്പോഴേക്കും എന്റെ ആത്മവിശ്വാസത്തിന്റെ കാറ്റൊഴിയും. അധമ ബോധം ഫണം വിരിച്ചാടും. ഞാനോടി. ചിന്നം പിന്നം പെയ്യന്ന മഴ പോലും വകവെക്കാതെ.

പിന്നെ കണ്ടത് ഈയിടെ എന്റെ കൊച്ചു കൂട്ടുകാരൻ ശാക്കിറിന്റെ ( Shakir Eravakkad )ചിത്രകലാ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ.. കണ്ടിട്ട് കുറേ നാളായെങ്കിലും എന്റെ മുഖം മറന്നു പോയിട്ടില്ലെന്ന് ഷൗക്കത്ത് പറഞ്ഞു. അഭിമാനം തോന്നി. ഓർക്കാൻ തക്ക എന്തോ ഒന്ന്, ഞാൻ പുറത്ത് കാട്ടാൻ കൊള്ളില്ലെന്നുറച്ചു വിശ്വസിക്കുന്ന ഈ തലക്കുണ്ട് !

ഇപ്പൊഴിതാ കങ്ങരപ്പടിയിൽ, ആത് മോപദേശം പറഞ്ഞു കൊണ്ട് ഷൗക്കത്ത് വീണ്ടും. അതി ലളിത മനോഹരമായ വൈന്നേരം. അതിഗംഭീരമായാലപിക്കപ്പെട്ട ദൈവദശകം. ബുദ്ധിജീവിത്വം തീണ്ടാത്ത സദസ്സ്. ഉജ്വലമായി വെളിവാക്കപ്പെട്ട ആത്മോപദേശം. താഴ് വരയിൽ മിന്നുന്ന കോടി കോടി മിന്നാമിന്നികളെക്കാണാൻ കണ്ണിന്റെ സ്വാഭാവികാന്ധ്യം നീങ്ങും വരെ ക്ഷമിച്ച് കാത്തിരിക്കണം. പച്ചപ്പുല്ലിൽ മറഞ്ഞു പുഞ്ചിരിക്കുന്ന നാണം കുണു ങ്ങികളായ കുഞ്ഞു വയലറ്റ് പൂക്കളെ കാണാൻ കുനിഞ്ഞിരുന്ന് ക്ഷമയോടെ നോക്കണം. ഒരിക്കൽ തെളിഞ്ഞാലോ, താഴ്‌വാരം നിറയെ മിന്നാമിന്നികൾ മാത്രം, കുന്നുമൂടി വയലറ്റ് പൂക്കൾ മാത്രം. 

ക്ഷമ, സംയമം, ശ്രദ്ധ...

രമണമഹർഷിയെ കുറിച്ചുള്ള പുസ്തകം ഓട്ടോഗ്രാഫ് ചെയ്ത് വാങ്ങാൻ ചെന്നപ്പോൾ എന്റെ പേര് തിരക്കി. "പേരെപ്പൊഴും മറക്കും'' എന്നു പറഞ്ഞു. പേര് മറന്നോളൂ... കാണുമ്പോൾ തിരിച്ചറിഞ്ഞാൽ മതി. 

അല്ലെങ്കിൽ അതിനു മർഹതയില്ലാത്തവനല്ലേ ഞാൻ . ഒരു വലിയ സൗഭാഗ്യം ത്യജിച്ച് കളഞ്ഞവൻ. മദ്യ വ്യാപാരിക്ക് കണകെഴുതുന്ന കാലത്ത്, 94ൽ നിത്യ ഗുരു വിളിച്ചതാതാണ്. "മദ്യ വ്യാപാരിക്ക് കണക്കെഴുതിക്കൊടുക്കുന്നതിൽ പരം ദുരന്തം ജീവിതത്തിൽ സംഭവിക്കാനില്ല. കണക്ക് പുസ്തകം തിരികെക്കൊടുത്ത് ഫേൺ ഹില്ലിലേക്ക് വരിക. വരുന്ന പത്തു ദിവസം ഞാനിവിടെയുണ്ട്. വെറുതെ വന്നിട്ട് പോകാനല്ല. കുറേ നാൾ നിന്ന്, ജീവിതത്തിന്റെ ഉള്ളറകൾ തൊട്ടറിയാൻ'' ഞാനെഴുതിയ കത്തിന് അദ്ദേഹത്തിന്റെ മറുപടി ഇന്നും ഹൃദിസ്ഥം. ഞാൻ പക്ഷെ പോയില്ല. പ്രാരബ്ധമനുഭവിച്ചല്ലേ തീരൂ...

ഇന്നലെ വൈന്നേരം ഷൗക്കത്തിനേക്കാളും നിറഞ്ഞ്നിന്നത് റെജി യാണ്‌. എന്റെ പൊട്ടച്ചോദ്യങ്ങൾ ഷൗക്കത്തിനെപ്പോലെ ഒരാളോട് ചോദിക്കുന്നതിന് പരിധി യുണ്ടല്ലോ! റജിയോട് എനിക്കെന്തും ചോദിക്കാം എന്തും പറയാം... 

ഇന്ന് എച്ച് ആൻഡ്സിയിലെ പരിപാടി ബുദ്ധിജീവി ബാഹുല്യത്താൽ സംപുഷ്ടമായിരുന്നു. മൂന്നു നാളുകളിൽ ഏറ്റവും ദീർഘമായ പരിപാടി.. ഞാനും ചോദിച്ചു ഒരു പൊട്ടച്ചോദ്യം. ഇടിവെട്ടിത്തുള്ളിപ്പെയ്ത മഴയുടെ അകമ്പടിയോടെ എനിക്കും കിട്ടി തക്കതായ മറുപടി. 

നാളെ വൈകീട്ട് പ്രതീക്ഷിച്ചിരിക്കാനൊന്നുമില്ല. പക്ഷെ നുണയാനുണ്ട്, കഴിഞ്ഞ മൂന്ന് നാളിന്റെ മധുരം.

പ്രിയ ഷൗക്കത്ത്, ധന്യമായ മൂന്ന് വൈകുന്നേരങ്ങൾക്ക് നന്ദി. അന്ധമായിരുന്ന എന്റെ കണ്ണുകളിൽ ഇന്നല്പം വെട്ടമുണ്ട്.

my illustrations

https://m.facebook.com/story.php?story_fbid=2732877410076830&id=100000637946738

ടി.എം.കൃഷ്ണ

"സലാത്തുള്ള സലാമുള്ള ... "
____________________________

ടി.എം.കൃഷ്ണയെ എനിക്ക് ഒരുപാടിഷ്ടമാണ്. ഒരുപക്ഷെ പ്രണയത്തോളം വലിയ ഇഷ്ടം. കർണാടക സംഗീതത്തിൽ  അറിവ് തുലോം പരിമിതം. ഒരു കീർത്തനം കേട്ടാൽ എത് രാഗം, എത് താളം എന്നറിയാൻ പോലുമുള്ള പരിജ്ഞാനമില്ല. പക്ഷെ ഓരോ രാഗാലാപനവും നെഞ്ചിൽ ഒരല തീർക്കാറുണ്ട്.  എന്നെ സംഗീതം പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഗുരുവിന്റെ അഭിപ്രായം, അതുതന്നെ ധാരാളമെന്നാണ്. ഹൃദയത്തിലെ ചലനമാണ് ശാസ്ത്രജ്ഞാനത്തേക്കാൾ പ്രധാനം.  

ടി.എം കൃഷ്ണ വ്യതിരിക്തമായ ശൈലിയാൽ  അമ്പരപ്പിക്കുന്ന കർണ്ണാടക സംഗീതജ്ഞൻ മാത്രമല്ലല്ലോ ! ക്രിയാത്മകമായും ധീരമായും സാമൂഹിക പ്രശ്നങ്ങളിൽ ഇപെടുന്ന വിപ്ലവകാരി കൂടിയാണ്ല്ലോ!

ഒരു പക്ഷെ വിശ്രുത പുസ്തകങ്ങളുടെ രചയിതാവ് എന്നത് കൂടിയാവാം  കൃഷ്ണയെ അസൂയ യോടെ പ്രണയിക്കാൻ ഇവനെ പ്രേരിപ്പിച്ചത്. ഇദ്ദേഹം സഹഎഴുത്തുകാരനായ (ബോംബെ.എസ്. ജയശ്രീയും, മൈഥിലി ചന്ദ്രശേഖറുമാണ് മറ്റെഴുത്തുകാർ) , Voices Within: Carnatic Music – Passing on an Inheritance എന്ന പുസ്തകം ( ഭയങ്കര വിലയാണ്) കർണാടക സംഗീതത്തിലെ ഏഴ് അതികായൻമാരുടെ കഥ പറയുന്നു.

 ഹാർപർ കോലിൻസ് പ്രസിദ്ധീകരിച്ച A Southern Music – The Karnatik Story എന്ന പുസ്തകമാവട്ടെ ,കർണാടക സംഗീതത്തെ കുറിച്ചുള്ള തത്വചിന്താപരവും, സൗന്ദര്യശാസ്ത്ര പരവും സാമൂഹ്യ രാഷ്ട്രീയപരവുമായ അന്വേഷണമാണ്.   ഈ പുസ്തകത്തിന് 2014 ലെ റ്റാറ്റ സാഹിത്യ പുരസ്ക്കാരം  ലഭിക്കുക യുണ്ടായി. 
 
കൃഷ്ണയുടെ പുതിയ പുസ്തകം, ‘Reshaping Art’ കലയുടെ നിർമാണം, അവതരണം,  പ്രചാരണം എന്നിവയെ കുറിച്ച് സുപ്രധാനമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു.  ജാതി, മത വർഗ്ഗ ലിംഗ വ്യത്യാസങ്ങൾ എങ്ങനെ കലയെ സ്വാധീനിക്കുന്നു എന്നും കൃഷ്ണ ഈ പുസ്തകത്തിൽ എഴുതുന്നു. 

ജനുവരി ആറ്. രാജീവ് വർമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ത്രപ്പൂണിത്തുറ കളിക്കോട്ട പാലസിൽ രാജീവ് വർമ അനുസ്മരണം. ഒപ്പം ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരിയും. കൊതിച്ച് കൊതിച്ചിരിക്കവെ ആറിന് രാവിലെ അമ്മക്ക് വയ്യാതായി, ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു. പനി കുറയാതെ നിന്ന പകൽ ഒടുങ്ങുമ്പോേഴേക്കും കുറ്റ്യാടി നിന്ന് അനിയൻ എത്തി. മക്കളും ലതയും എല്ലാരും കൂടെ ആൾക്കൂട്ടം. അമ്മ സന്തോഷവതി. ഞാൻ മെല്ലെ ലതയോട് അനുവാദം തേടി. രണ്ട് കൃതികൾ; രണ്ടെണ്ണം മാത്രം കേട്ടോട്ടേ? അവൾ പരിഭവം മറച്ചു വച്ച് സമ്മതിച്ചു....

സ്കൂട്ടർ പറപ്പിച്ച് ഏഴു മണിക്ക് കളിക്കോട്ട പാലസ്സിൽ എത്തുമ്പോൾ കൃഷ്ണ , രാഗ വിസ്താരം ചെയ്യുകയാണ്. ആനന്ദ ഭൈരവിയാണെന്നാണ് എന്റെ തുലോം തുച്ഛമായ അറിവിൽ തോന്നിയത്. കൃഷ്ണയുടെ ലയം, കൃതികൾ പാടുമ്പോഴുള്ള ഇമോഷൻ,  മൗനത്തിന്റെ ഇടവേളകൾ, മോഹിപ്പിക്കുന്നതാണ് ( https://youtu.be/uwxv-Va2rPc)
രാഗ വിസ്താരത്തിനു ശേഷം കൃതിയിലേക്ക് കടക്കുന്നത് അറിയില്ല, പലപ്പോഴും. (വെങ്കടാചല നിലയം ഉദാഹരണം https://youtu.be/IhqYbQKmGWI) 

വിഷ്ണുവിനെ സ്തുതിക്കുന്ന ഒരു കീർത്തനമാണ് ലയിച്ച്, വിസ്തരിച്ച് പാടിക്കൊണ്ടിരുന്നത്. പാടിപ്പാടി പെട്ടന്നത് കൃതി യിലേക്കെത്തി. "സലാത്തുള്ള സലാമുള്ള ... " മനോഹരമായ ആലാപനം. 

സദസ്സിൽ നോക്കവേ ചില തമ്പുരാക്കളുടെ മുഖം കറുത്തുവോ? അലാപനത്തിനിടെ, "സംഗതിയൊക്കെ കൊള്ളാ "മെന്ന് പറഞ്ഞ് ചിലർ ഇറങ്ങിപ്പോകുന്നതും കണ്ടു. അടുത്ത കീർത്തനം തുടങ്ങുന്നതിനു മുമ്പ് ആശുപത്രയിനിന്ന് വിളി വന്നു. 

നഷ്ടബോധത്തോടെ ഞാൻ മടങ്ങി. കച്ചേരി മുഴുവൻ കേൾക്കാനായില്ലല്ലോ എന്നോർത്തല്ല. മഹാൻമാർ എന്ന് സ്വയം വിളിക്കുന്ന മലയാളികൾ, സാധാരണ ആസ്വാദന നിലവാരത്തിലേക്കെങ്കിലും ഉയരാൻ ഇനിയെത്ര നൂറ്റാണ്ട് വേണ്ടിവരുമെന്നോർത്ത് !! പതിഞ്ഞു പോയതിൽ നിന്ന് അൽപ്പം വേറിട്ട് ചിന്തിക്കുമ്പോൾ അവരെത്ര ക്ഷോഭിക്കുന്നുവെന്ന് കണ്ട് !!

വാൽക്കഷണം -
'സലാത്തുള്ള സലാമുള്ള ' എന്ന ഗാനം ആദ്യമായി കർണ്ണാടക സംഗീത വേദിയിൽ പാടിയത് കൃഷ്ണയല്ല. അതു നമ്മുടെ ദാസേട്ടനാണ്. രണ്ട് പേരും പാടിയത് താഴെ കൊടുക്കുന്നു. Rendering ന്റെ ഒരു സുഖം ആരുടേതിനാണെന്ന് കേട്ട് പറയുക.

യേശുദാസ് https://youtu.be/KqcTjoNd3rQ

ടി.എം.കൃഷ്ണ
https://youtu.be/ZJnCV4l7yEs

ക്രിയാ ശേഷം - പുസ്തകവിചാരം

ടി.പി.രാജീവൻ. 
പ്രീയപ്പെട്ട രാജീവേട്ടൻ. വിളിക്കുമ്പോഴെല്ലാം എന്താ സുരേഷേ സുഖേല്ലേ? എന്നു് കുറ്റ്യാടി ഭാഷയിൽ ചോദിക്കുന്നയാൾ. പാറക്കടവിൽ നിന്ന് തോട്ടത്താംകണ്ടി പോകുന്ന വഴി, വയൽക്കരയിലായിരുന്നു  അദ്ദേഹത്തിന്റെ ഇപ്പോഴില്ലാത്ത വീട്. (വയൽക്കരെ ഇപ്പോഴില്ലാത്ത  എന്ന പേരിൽ  രാജീവേട്ടന്റെ  കവിതാ സമാഹാരവുമുണ്ട്. അതിലെ ആയിരാമത്തെ പൂർണചന്ദ്രൻ എന്ന കവിത വ്യക്തിപരമായി എന്റെ ഗൃഹാതുരത്വത്തിന്റെ മൂർത്തതയാണ്. )  

കുറ്റ്യാടിക്കാർക്ക് രാജീവേട്ടനെ എത്രത്തോളം അറിയാം എന്നറിയില്ല. അറിയാത്തവർ, പുറപ്പെട്ടു പോകുന്ന വാക്ക് എന്ന അദ്ദേഹത്തിന്റെ പുസ്തകം തീർച്ചയായും വായിക്കണം. വിശ്വ പ്രശസ്തരായ കവികളുമായി - നോബൽ സമ്മാന ജേതാക്കളുൾപ്പെടെ - അദ്ദേഹമെങ്ങനെ സമാനനാകുന്നു എന്ന് അതിൽ വായിക്കാം. തച്ചംപൊയിൽ രാജീവൻ ആംഗലേയ എഴുത്തുകാരനാണല്ലോ! അദ്ദേഹത്തിന്റെ പാലേരി മാണിക്യം എന്ന, ഒരുപാട് വായിക്കപ്പെട്ട, രഞ്ജിത്തിന്റെ കൃതഹസ്തതയിൽ വിജയകരമായ സിനിമയാക്കപ്പെട്ട നോവൽ, Undying Echoes of Silence എന്ന രാജീവേട്ടന്റെ തന്നെ ഇംഗ്ലീഷ് നോവലിന്റെ സ്വതന്ത്ര പരിഭാഷയാണെന്ന് എത്ര പാലേരി ക്കാർക്ക് അറിയാം? 

മാണിക്യ മുൾപ്പെടെ മൂന്ന് നോവലുകളാണ് രാജീവേട്ടന്റെ തായുള്ളത്. കെ.ടി.എൻ കോട്ടൂർ , എഴുത്തും ജീവിതവും, ക്രിയാ ശേഷം. പാലേരി മാണിക്യം പ്രസിദ്ധീകൃതമായ ശേഷം, ടി.പി.രാജീവന്റെ നോവൽ വരുന്നുണ്ടോയെന്ന്, മീൻ മുറിക്കാരന്റെ മുന്നിലിരിക്കുന്ന പൂച്ചയുടെ, മീൻ കഷണം തെറിച്ചുവീഴുന്നുണ്ടോയെന്ന ആകാംക്ഷയോടെ നോക്കിയിരുന്നിട്ടുണ്ട്.  കെ.ടി.എൻ കോട്ടൂർ ഹാർഡ് ബൗണ്ട് കോപ്പി വാങ്ങി വായിച്ചത് ഒട്ടും നിരാശപ്പെടുത്തിയില്ല. 

ഇപ്പോഴിതാ ക്രിയാശേഷം. 

 എം.സുകുമാരന്റെ ശേഷക്രിയ എന്ന നോവൽ തീർന്നേടത്തു നിന്നു് രാജീവേട്ടന്റെ നോവൽ ആരംഭിക്കുന്നു. സഖാവ് കുഞ്ഞയ്യപ്പൻ മകൻ കൊച്ചു നാണുവിന് കെട്ടിക്കൊടുത്ത ഊഞ്ഞാൽ കയറിൽ കെട്ടിത്തൂങ്ങി ജീവിതത്തിന് വിരാമമിട്ടിടത്ത് ശേഷക്രിയ അവസാനിക്കുകയും , അവിടെ നിന്ന് ക്രിയാ ശേഷം ആരംഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു പരീക്ഷണം മലയാളത്തിൽ വേറെ ഉണ്ടോയെന്നറിയില്ല. 

കൊച്ചുനാണുവിന്റെ ജീവിതമാണ്, അതിലൂടെ രക്തസാക്ഷിത്വം നിർമ്മിക്കപ്പെടുന്നതെങ്ങനെയാണെന്നാണ് ക്രിയാ ശേഷം പറയുന്നത്. കാലം മാറുമ്പോഴും മാറതെ നിൽക്കുന്ന, മാറ്റപ്പെടേണ്ട ചിലതുണ്ടെന്ന് ഈ നോവൽ പറയുന്നു.  

ശേഷക്രിയയിലെ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ, എത്ര മനോഹരമായാണു് ക്രിയാശേഷത്തലൂടെ വളർന്നു് പരിപക്വമാകുന്നത്! ഉദാഹരണത്തിന് സഖാവ് ഗോവിന്ദൻ.

വായിച്ച് കഴിയുമ്പോൾ പക്ഷേ, പാലേരി മാണിക്യമോ, കെ.ടി.എൻ കോട്ടൂരോ വായിച്ചപ്പോഴുള്ളത്ര ഒരു സുഖം കിട്ടിയില്ല എന്നത് ഒരു വേള എന്റെ മാത്രം വായനാനുഭവമാകാം. ഒരു പക്ഷെ രാജീവേട്ടനിഷ്ടപ്പെട്ട (എനിക്കും) ഭൂമികയിൽ നിന്ന് ഈ നോവൽ മാറിയത് കൊണ്ടാവാം! 

ശേഷക്രിയയേക്കാൾ വലിപ്പത്തിൽ മുന്നിൽ ക്രിയാശേഷമാണു്. എഴുപതിൽ താഴെ പേജുകളിൽ സുകുമാരൻ പറഞ്ഞത് ദിവസങ്ങളും ആഴ്ചകളും നമ്മെ പിൻതുടർന്ന് അലട്ടിക്കൊണ്ടിരിക്കും. അച്ചടക്കം ജീവിത വ്രതമാക്കിയ, ജീവനേക്കാൾ വലുതെന്ന് കരുതിയ പ്രസ്ഥാനം തള്ളിപ്പറഞ്ഞപ്പോൾ ജീവനൊടുക്കിയ കുഞ്ഞയ്യപ്പനെന്ന സഖാവിന്റെ ദൈന്യത ഒരോ ചുവന്ന കൊടിയും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. 

കൊച്ചു നാണുവിന്റെ ജീവിതം, അതിന്റെ പരിണാമം, നമ്മെ അമ്പരപ്പിക്കും. പക്ഷെ ആ അമ്പരപ്പിന് ഒരു ദിവസത്തിൽ കൂടിയ ആയുസ്സില്ലല്ലോ!

നീന്തലും പുഴയും

എട്ടാം ക്ലാസ് കഴിഞ്ഞുള്ള മദ്ധ്യവേനലവധിക്കാലത്താണ് ഞാൻ നീന്താൻ പഠിച്ചത്. മദ്ധ്യവേനലവധിക്കു വേണ്ടിയുള്ള കാത്തിരിപ്പുകളായിരുന്നല്ലോ ഓരോ അദ്ധ്യയന വർഷവും. കുളിക്കാനുള്ള രണ്ടു മൂന്ന് കടവുകൾ ചെറിയ കുമ്പളത്തിനും പാറക്കടവിനുമിടക്ക് കുറ്റ്യാടി പുഴയിൽ അന്നുണ്ടായിരുന്നു. പുഴ ഇന്നത്തെപ്പോലെ ചെളിക്കുഴികൾ നിറഞ്ഞ അവശയായിരുന്നില്ല. ആരോഗ്യവതി. തെളിനീർ. നെഞ്ചോളം വെള്ളത്തിൽ നിന്ന് നോക്കിയാലും മണൽ നിരന്ന അടിത്തട്ട് കാണാം. പൂഴിയിൽ മുഖം പൂഴ്തി, ഇടക്കിടെ പൂഴി, വെള്ളത്തിൽ പരത്തി നീങ്ങുന്ന 'പൊട്ടൻ' എന്ന മീനിനെ കാണാം.
വെയിൽ പരക്കവെ, പുളച്ചു നീന്തി, വെട്ടിത്തിരിഞ്ഞ് ശരീരം വെട്ടത്തിൽ പൊന്നുപോലെ തിളക്കി, മിന്നിമായുന്ന പരൽക്കൂട്ടങ്ങളെ കാണാം. ഓരത്തെ, പാറ വിടവുകളിൽ, കൽപ്പൊത്തുകളിൽ, പുഴ കനിഞ്ഞു കരുതിവച്ച 'എളമ്പക്ക' എന്ന കക്ക മത്സ്യം വാരി തോർത്തിൽ കെട്ടി വീട്ടിൽ കൊണ്ടു പോകാം. 

മലബാർ മാന്വൽ വായിച്ചവർക്കറിയാം ലോഗന്റെ കാലത്തെ കുറ്റ്യാടിപ്പുഴ എത്ര ആരോഗ്യവതിയായിരുന്നെന്ന് . കോഴിക്കോടു നിന്ന് മൈസൂർ അതിർത്തി വരെ നടത്തുന്ന യാത്രയിൽ അദ്ദേഹം നമ്മെ കൂടെ കൂട്ടുന്നുണ്ട്, പുസ്തകത്തിൽ. എന്തു മനോഹരമാണാ വിവരണം! കോഴിക്കോട്ടു നിന്ന് ബീച്ചുവഴി എലത്തൂർ വരെ. അവിടെ നിന്നു് ഒരൊറ്റ അയനിമരത്തിൽ നിന്ന് വെട്ടിക്കുഴിച്ചെടുത്ത,  പനയോല കൊണ്ട് മേഞ്ഞസുന്ദരമായ മേൽക്കൂരയുള്ള വഞ്ചിയിൽ (ഇത്തരം വഞ്ചികൾക്ക് അഞ്ഞൂറു മുതൽ അറുന്നൂറ് രൂപവരെ വില വരുമത്രേ! 1887 ന് മുമ്പാണ് !) അകലാപ്പുഴ വഴി പയ്യോളി 'പൂട്ട്' തുറന്ന് കുറ്റ്യാടി പുഴയിലേക്ക്. സന്ധ്യയായപ്പോൾ തോണിയിൽ കത്തിച്ചു വച്ച റാന്തലിന്റെ വെളിച്ചം കണ്ട് തോണിയിലേക്ക് ചാടി വീഴുന്ന മീനുകൾ. കരയിലെ ചുള്ളിക്കാട്ടിൽ പതുങ്ങിയിരുന്ന്, വെള്ളത്തിനു മീതെ തുള്ളിപ്പായുന്ന പരൽ മീനുകളെ പിടിക്കാൻ ചാടി വീഴുന്ന മുതലകൾ .... കുറ്റ്യാടി പുഴയെ കുറിച്ചു തന്നെയാണ് പറയുന്നത്.

 ഞങ്ങളുടെ ചെറുപ്പത്തിൽ പോലും 'പുര'ത്തോണികൾ നിസ്കാരപ്പള്ളിയുടെ താഴെ കെട്ടിയിടാറുള്ളതും, മരങ്ങൾ പരസ്പരം കൂട്ടിക്കെട്ടിയ വലിയ ചങ്ങാടങ്ങൾ ഈർച്ചമില്ലുകൾ തേടി തുഴഞ്ഞ് പോകുന്നതും കണ്ടിട്ടുണ്ട്. പിന്നീടെപ്പൊഴോ വലിയ തോണികളും മുളന്തണ്ട് പിടിച്ച് ആഴങ്ങളിലേക്ക് മുങ്ങി പുഴയുടെ കരളും കുടലും വരെ കോരി വില്ക്കുന്ന ആളുകളും ദല്ലാളൻമാരും അവളെ കീഴടക്കി. രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തവർ തന്നെ അവളുടെയുടലും മനസ്സും വിറ്റ് കീശ വീർപ്പിച്ചു. അവളെ തീരാ ദീനക്കാരിയാക്കി.  

സ്ക്കൂൾ പൂട്ടിയാൽ അഴിയൂരിൽ നിന്ന് ശങ്കരേട്ടൻ  വരും . ശങ്കരേട്ടൻ വീട്ടിലുണ്ടാവുന്ന നാലഞ്ച് നാളുകൾ ഉത്സവങ്ങളാണ്. നീന്തലിന്റെ ആദ്യ പാഠങ്ങൾ, കൈത്തണ്ടയിൽ കിടത്തി, കയ്യുംകാലുമിളക്കാൻ പറഞ്ഞും വെള്ളത്തിൽ തല മുക്കിപ്പിടിച്ചും , നു ളളിയും , പിച്ചിയും, അടിച്ചും പഠിപ്പിച്ചത് ശങ്കരേട്ടനാണ്. മുങ്ങാങ്കുഴിയിടാനാണ് ആദ്യം പഠിച്ചത്. പിന്നെ തലയും കയ്യും വെള്ളത്തിന് മീതെയാക്കി മെല്ലെ മെല്ലെ നീന്താനും. 

നീന്തൽകൂട്ടുകാർ മറ്റു പലതിനുമെന്ന പോലെ രവിയും ശശിയുമായിരുന്നു. കരയിൽ നിന്നോടിവന്ന് മലക്കം മറിഞ്ഞ് വെള്ളത്തിലേക്ക് ഊളിയിടാനും എളമ്പക്ക പെറുക്കാനും പഠിപ്പിച്ചത് അവരാണല്ലോ. കുറ്റ്യാടിപ്പുഴയുടെ രണ്ട് കൈവഴികൾ (ഞങ്ങളവയെ ചെറുപുഴ എന്നും വലിയ പുഴ എന്നും വിളിച്ചു) വന്നു ചേരുന്നിടത്ത്,  നിസ്കാരപ്പള്ളിക്ക് താഴെ പുഴക്ക് വളരെ വളരെ ആഴമുണ്ടായിരുന്നു.  മുക്കണ്ണാം കുഴി എന്നു വിളിച്ചിരുന്ന ആ കയത്തിനു സമീപത്തുകൂടെ പുഴ മുറിച്ചുകടക്കാൻ ശ്രമിച്ച കൊമ്പനാന,  കാലിടറി കയത്തിൽ മുങ്ങി ചത്തുപോയ, മുങ്ങിപ്പോകുന്നതിന് മുമ്പ് , തന്റെ മുതുകിലിരിക്കുകയായിരുന്ന പാപ്പാനെ കരയിലേക്കെറിഞ്ഞ് രക്ഷിച്ച , കഥ എനിക്ക് പറഞ്ഞു തന്നത് ശശിയാണു്. ബാല്യത്തിന്റേയും കൗമാരത്തിന്റെയും എല്ലാ കൗതുകങ്ങൾക്കും ഒപ്പമുണ്ടായിരുന്ന ആ കൂട്ടുകാരൻ, യൗവനാരംഭത്തിൽ എന്തിനെന്നറിയാതെ, ഒന്നും പറയാതെ ജീവനൊടുക്കിക്കളഞ്ഞത്, നെഞ്ചിലെ ഒടുങ്ങാത്ത നീറ്റലാണ്.

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ, കുളി അൻവറിന്റെ (അൻവർ പാലേരി) വീട്ടിനടുത്തുള്ള കടവിലായി. കുളിക്കുന്ന സമയത്തേക്കാളേറെ, കരയിൽ, പഞ്ചാര മണലിൽ പുഴയെ നോക്കിയിരുന്നു് വായിച്ച പുസ്തകങ്ങളെ കുറിച്ചും, ചെയ്യേണ്ട സാഹസിക കൃത്യങ്ങളെ കുറിച്ചും  ചർച്ചയായി , സ്വപ്നം കാണലായി.

വെള്ളേട്ടനായിരുന്നു അന്നൊക്കെ ഞങ്ങളുടെ ഒരു ഹീറോ. കറുകറുത്ത, തടിച്ചു കൊഴുത്ത മസിലു നിറഞ്ഞ ശരീരം. കറു കറുത്തയാൾക്ക് വെള്ളൻ എന്നാണോ പേരിടേണ്ടതെന്നു് അച്ഛനോട് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അച്ഛനന്നേരം ആ മനോഹരമായ പൊട്ടിച്ചിരി ചിരിക്കും. പകലൊക്കെ പണി, മരംവെട്ട്. സന്ധ്യയാകുമ്പോൾ പുഴയിലേക്കിറങ്ങും. ഞാനിതുവരെ കണ്ടതിൽ വച്ച്  ഏറ്റവും വലിയ ചൂണ്ടലും വലിയ പ്ലാസ്റ്റിക് കയറുകളുമായി . 
കുറ്റ്യാടി പുഴയിൽ അന്ന് ധാരാളം പേർ മീൻ പിടിക്കുമായിരുന്നു. വൈകുന്നേരം മീൻ മാർക്കറ്റിൽ നിന്ന് മൂന്നോ നാലോ മത്തി വാങ്ങും.  'കണ്ണി', തേങ്ങാ തൊണ്ടിന്റെ കഷ്ണം പ്രത്യേക ആകൃതിയിൽ ചെത്തി മിനുക്കിയതിൽ ചുറ്റി വച്ചിരിക്കും. ഒരു കിലോമീറ്ററെങ്കിലും നീളമുണ്ടാകുമതിന്. മത്തിക്കഷണം കണ്ണിയുടെ അറ്റത്തെ ചൂണ്ടലിൽ കോർത്ത് പുഴയിലേകൊരേറ്. ചെത്തിമിനുക്കിയ തൊണ്ടിൻ കഷണം കുറേ നേരം നിലത്തു കിടന്നുരുണ്ട്  നിശ്ചലമാകും. അപ്പോഴേക്കും ചൂണ്ടൽ പുഴയുടെ നടുക്ക് പോയി വീണിട്ടുണ്ടാകും. പിന്നെ അരയിൽ ത്തിരുകിയ ബീഡിപ്പൊതിയിൽ നിന്ന് ഒരെണ്ണമെടുത്ത് കത്തിച്ച് വലിച്ച്, കണ്ണി നേരെയാക്കി, കാത്തിരിപ്പ്.

പക്ഷെ, വെള്ളേട്ടൻ ഇതൊന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. രാവിരുളുമ്പോൾ വലിയ വലിയ ചൂണ്ടലുകളും പ്ലാസ്റ്റിക് കയറുകളും, വലിയൊരു ടോർച്ചുമായി പുഴക്കരയിലെത്തും. എത്ര നേരമെന്നറിയില്ല, പുഴ വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കും. നേരം പുലരുമ്പോൾ വലിയ വലിയ മീനുകളുമായി കയറി വരാൻ. 

അപൂർവം ചില ദിവസങ്ങളിൽ പുലർച്ചെ വലിയൊരു കുമ്പിളിൽ പരൽ മീനുകളുമായി ഞങ്ങളുടെ വീട്ടിൽ വരും. " മാഷ്ക്ക് കൊറച്ച് മീന്" എന്ന്, കുമ്പിൾ എന്നെയോ അമ്മയേയോ ഏൽപ്പിച്ച്, മുറുക്കാൻ കറ പിടിച്ച പല്ലുകാട്ടി  നിറഞ്ഞ് ചിരിക്കും. ഒരിക്കലും അച്ഛനോട് വെള്ളേട്ടൻ കാശു വാങ്ങിക്കുന്നതോ മറ്റ് സഹായങ്ങൾ ചോദിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. വരും മീന് തരും പോകും അത്ര മാത്രം. 

അൻവറിന്റെ കഴിഞ്ഞ വരവിന്റെ മുമ്പത്തെ വരവിന് വെള്ളേട്ടന് സുഖമില്ലെന്നറിഞ്ഞ് ഒരു സന്ധ്യക്ക് കുന്നിൻ മുകളിലെ വീട്ടിൽ, ഞങ്ങളദ്ദേഹത്തെ കാണാൻ പോയി. കാല് വേദന. വയ്യ. പുറത്തെങ്ങും പോകാറില്ല. ചികിത്സ നടക്കുന്നു. കുടുംബത്തിന്റെ സ്നേഹാന്വേഷണങ്ങൾക്കും, കട്ടൻ ചായ്ക്കും ശേഷം കോലായിൽ വെള്ളേട്ടനും അവനും ഞാനും മാത്രമായി. ഞങ്ങളുടെ പഴയ ഹീറോയിൽ നിന്ന് ഞങ്ങൾക്കറിയേണ്ടിയിരുന്നത് ഞങ്ങളുടെ പുഴയെക്കുറിച്ചായിരുന്നു. 

"പൊഴ".... ഇതും പറഞ്ഞ് അദ്ദേഹം കുറേയധികം നേരം മിണ്ടാതെ ഇരുന്നു. കണ്ണുകൾ നനയുന്നുണ്ടോ? വെള്ളേട്ടൻ,  മണട്ടകൾ ചിലക്കുന്ന ഇരുട്ടിലേക്ക് ഇമവെട്ടാതെ നോക്കി. നിലാവു യരാൻ ഇനിയും നേരമെടുക്കും.

" ഞാൻ വെള്ളത്തിൽ ഇങ്ങനെ ഇരിക്കും." അദ്ദേഹം പറഞ്ഞു "നെലാവത്തും, കറ്ത്തവാവിനും, മഴേത്തും , വേനക്കാലത്തും ഒക്കെ ... ആ ദ്യോക്കെ പൊഴ വെറും വെള്ളത്തിന്റെ ഒലിപ്പ് മാത്രാ രുന്നു. പിന്നത് മുടീം മൊലേമ് ളള ഒര് പെണ്ണിനെപ്പോലെ, പിന്നെ അമ്മേ നപ്പോലെ, പൊത്തിപ്പിടിച്ച്, താലോലിച്ച് ... മീനൊന്നും ഞാൻ പിടിച്ചതല്ല. എന്റെ വലേലും ചൂണ്ടലിലും വന്ന് കേറീതാ.. "

"പൊഴ ജീവിതം തന്നേല്ലേ? ഒഴുകി ഒഴുകി പതം വന്ന് തളർന്ന് വറ്റി വരണ്ട്... "വെളേട്ടൻ പിന്നെയുമെന്തൊക്കെയോ പറഞ്ഞു ... 

പതിഞ്ഞു പൊന്തിയ നിലാവെട്ടത്തിൽ കുന്നിറങ്ങുമ്പോൾ അവനെന്നോട് ഒന്നും പറഞ്ഞില്ല. ഞാൻ പക്ഷെ പൊട്ടനെപ്പോലെ അവനോട് പറഞ്ഞു. "വെള്ളേട്ടൻ , ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ വായിച്ചിട്ടുണ്ടാവണം.. " 

മങ്ങിയ വെട്ടത്തിൽ അവൻ എന്നെ നോക്കിച്ചിരിച്ചത് സഹതാപത്തോടെ ആയിരുന്നിരിക്കണം....

"Have you also learned that secret from the river; that there is no such thing as time?" That the river is everywhere at the same time, at the source and at the mouth, at the waterfall, at the ferry, at the current, in the ocean and in the mountains, everywhere and that the present only exists for it, not the shadow of the past nor the shadow of the future."

Hermann Hesse, Siddhartha

മാഗധേയം കഥകളി

ശക്തയായ സ്ത്രീ കഥാപാത്രമെന്ന് ഇടക്കിടെ കേൾക്കുന്നു. കുറേ പേരെ കണ്ടിട്ടുമുണ്ട്. സിനിമയിലും, നോവലിലും, കഥകളിലും. ഇന്നലെ വൈകിട്ട് കളിക്കോട്ട പാലസ്സിൽ അവതരിച്ച കംസപത്നി അസ്തി പക്ഷേ,അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. 

തൃപ്പൂണിത്തുറ കഥകളി  കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടി. 

സദനത്തിന്റെ മാഗധേയമാണ് കളിയെന്നറിഞ്ഞപ്പോൾ തന്നെ കൊതിയോടെ കാത്തിരുന്നതാണ്. വ്യത്യസ്തമായ അവതരണമാണെന്ന് കേട്ടിരുന്നു. "എത്ര കഥകളി ചിത്രങ്ങളായി!" എന്ന പ്രിയതമയുടെ പ്രതിഷേധം വകവെക്കാതെ വൈന്നേരം കളിക്കോട്ടയിൽ ക്യാമറയും തൂക്കി ചെന്നു കയറിയപ്പോൾ നേരം വൈകി. ജരാസന്ധന്റെ  തിരനോട്ടം. 

ഡോ.സദനം ഹരികുമാറാണു് ജരാസന്ധൻ. 'മാഗധേയം' ചിട്ടപ്പെടുത്തിയിരിക്കുന്നത് അദ്ദേഹമാണ്. 

ചിലരുണ്ട്...ഒരാൾക്ക് ഇത്രയുമൊക്കെ  ചെയ്യാൻ കഴിയുമോയെന്ന്  നമ്മെ അമ്പരപ്പിക്കുന്നവർ. അങ്ങനെയുള്ളവരാണ്, ഇനി എന്തു ചെയ്യേണ്ടൂ എന്ന് ഉഴറിനിൽക്കുമ്പോൾ  വഴി വിളക്കുകൾ പോലെ പ്രകാശം പൊഴിച്ച്, വീണ്ടും അവേശത്തോടെ ലക്ഷ്യത്തിലേക്ക് നടക്കാൻ പ്രേരിപ്പിക്കുക . ഡോ.ഹരികുമാർ അങ്ങനെ ഒരാളാണ്

നടന്‍,  ചമയവിദഗ്ധന്‍, ശില്പി, ചിത്രകാരന്‍,  സംവിധായകന്‍, ഗവേഷകന്‍, കർണാടകസംഗീതജ്ഞൻ, കഥകളി നടൻ, മോഹിനിയാട്ട, ഭരതനാട്യ നർത്തകൻ, ആട്ടക്കഥാകാരന്‍ ( ചിത്രാംഗദ, ശാപമോചനം, ഹിഡുംബി, മാഗധേയം തുടങ്ങി പതിനഞ്ചിലേറെ ആട്ടക്കഥകൾ) വിശ്വ ഭാരതി യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്സർ,  സദനം കഥകളി അക്കാദമിയുടെ പ്രിസിപ്പൽ.... കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്,  മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം ......

ഇദ്ദേഹം കഥകളിയിൽ നടത്തിയിട്ടുള്ള പരിഷ്കരണങ്ങൾ ഏറെയാണ്. പാട്ടിലും, മുഖത്തെഴുത്തിലും, പാത്ര സൃഷ്ടിയിലും, ആരോഗ്യകരമായ പരീക്ഷണങ്ങൾ  നടത്തി ഇദ്ദേഹം വിജയിച്ചിരിക്കുന്നു. ഇന്നലെ , അസ്തി യുടെ മുഖത്തെഴുത്തിന്റെ വ്യത്യസ്‌തത കണ്ടതാണല്ലോ. കൃഷ്ണനാട്ടത്തിലെ സത്യഭാമയ്ക്കുള്ള ചുട്ടിയാണത്രെ അത്.

ഇന്ദ്രപട്ടംലഭിക്കാന്‍ 100 രാജാക്കന്മാരെ 'നരബലി' നടത്താന്‍ തീരുമാനിച്ച ജരാസന്ധചക്രവര്‍ത്തിയെ ശ്രീകൃഷ്ണനും ഭീമസേനനും അര്‍ജുനനും ചേര്‍ന്ന് വധിക്കുന്ന  രംഗങ്ങളാണ് 'മാഗധേയം' കഥയുടെ ഇതിവൃത്തം. ബ്രാഹ്മണവേഷ ധാരികളായി ജരാസന്ധന്റെ കോട്ടയില്‍ പ്രവേശിക്കുന്ന കൃഷ്ണനും ഭീമനും അര്‍ജുനനും ചക്രവര്‍ത്തിയുടെ മകളും കംസന്റെ വിധവയുമായ അസ്തിയെ കണ്ടുമുട്ടുന്നതും കംസനെവധിച്ച കൃഷ്ണനോടുള്ള മുന്‍വൈരാഗ്യം തീര്‍ക്കാന്‍ അദ്ദേഹത്തെ പ്രഹരിക്കുന്നതും ഒടുവില്‍ കൃഷ്ണപാദത്തില്‍ ശരണാഗതി പ്രാപിക്കുന്നതുമായ രംഗത്തോടെ 'മാഗധേയം' സമാപിക്കുന്നു. യുദ്ധമറിയാവുന്നവളായ അസ്തി, ശത്രുക്കൾക്കു നേരെ യുദ്ധത്തിന് പുറപ്പെടുന്നുമുണ്ട്. 

ഹാളിലേക്ക് കടക്കുമ്പോൾ, കൃഷ്ണനും, ഭീമനും, അർജുനനും വികൃതികൾ കാണിച്ച് കാണികൾക്കിടയിലൂടെ നടന്ന്  വേദിയിലേക്കെത്തുകയാണ് . ഗംഭീര വാദ്യഘോഷം. ജരാസന്ധന്റെ അട്ടഹാസങ്ങൾ , ഫലിത പ്രയോഗങ്ങൾ, ഡോ.ഹരിദാസ് വേദി കയ്യടക്കി. ഭീമനുമായി  യുദ്ധത്തിനു  വഴങ്ങി ജരാസന്ധൻ വേദി  വിടവേ,  ദുഖിതയും,എന്നാൽ ക്രോധവതിയുമായ  അസ്തിയുടെ വരവായി. 

കോട്ടക്കൽ നന്ദകുമാരൻ നായർ. കത്തിവേഷമാണ് തനിക്കേറ്റവും പ്രിയമെന്ന് ഇദ്ദേഹം  പലയിടത്തും പറഞ്ഞിരിക്കുന്നു.വിഷാദവതിയും എന്നാൽ   ക്രുദ്ധയുമായ   അസ്തിയായി,  അവളുടെ എല്ലാ വികാര തീവ്രതകളും ആവാഹിച്ച് തന്റെ എഴുപത്തൊന്നു  വയസ്സിന്റെ നിറയൗവനോർജ്ജത്തോടെ നന്ദകുമാരൻ നായർ വേദിയിൽ ജീവിച്ചു.  

നടന്മാരെല്ലാം, താന്താങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. 

സദനം ശിവദാസന്റെയും, സദനം ജ്യോതിഷ്ബാബുവിന്റെയും പാട്ട് അതി ഹൃദ്യം. 

കഥ നടന്നുകൊണ്ടിരിക്കെ, മനോഹരങ്ങളായ മുഹൂർത്തങ്ങൾ മുന്നിൽ വന്നിട്ടും, ക്യാമറഉയർത്തി ദൃശ്യം പകർത്താൻ മറന്ന് പലപ്പോഴും ഇരുന്നു പോയി. ഈ കളി, കണ്ടത് പലതിനേക്കാളും  മനോഹരം.  ഡോ.ഹരികുമാറിന്റെ, ഇനിയും കാണാനുള്ള  കഥകൾ ഇതിലും മനോഹരമാകുമെന്നുറപ്പ്. 

മനോഹരമായ ഒരു വൈകുന്നേരവും, സുന്ദരമായ കുറേ ചിത്രങ്ങളും സമ്മാനിച്ച കഥകളി കേന്ദ്രത്തിന് നന്ദി.

ജൂൺ - സിനിമ

ഞങ്ങൾ പഠിക്കുന്ന കാലത്ത് പ്ലസ് റ്റു ഉണ്ടായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞാൽ പിന്നെ കോളേജ്. പ്രീഡിഗ്രി എന്നായിരുന്നു അതിന് പേര്. യൂനിഫോമില്ല, ഒരേ പോലത്തെ ഷീറ്റു കൊണ്ട് കവർ ചെയ്ത പുസ്തകങ്ങളില്ല, സ്ക്കൂൾ ബാഗില്ല. ഒന്നോ രണ്ടോ പുസ്തകവും കക്ഷത്തിറുക്കിയാണ് കോളേജ് കുമാരന്റെ പോക്ക്. 

സ്വപ്നം കാണുക എന്ന പ്രക്രിയ നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഏറ്റവും സുന്ദരവും തീവ്രവുമായ സ്വപ്നങ്ങളുടെ കാലം പ്രീഡിഗ്രിയിലായിരുന്നു. 

സെക്കന്റിയറിൽ പഠിക്കുന്ന കാലത്താണ് ഒരു ഡോക്ടറുടെ പുത്രി ഫസ്ററിയറിൽ വന്നു ചേർന്നത്. മനോഹരമായി വസ്ത്രം ധരിക്കുന്ന വെളുത്ത് തുടുത്ത ആ സുന്ദരിയെ കാണുമ്പോൾ മുമ്പാരോടും തോന്നാത്ത ഒരു പ്രത്യേകത. അടിവയറ്റിൽ നിന്ന് ഒരു തീയനക്കം. മിണ്ടണമെന്ന പൂതി. ആരോടും കൂടതൽ ഇടപെടാൻ മടിയാണ് പണ്ടും ഇപ്പോഴും. പെങ്കുട്ടികളോട് മിണ്ടാൻ ഒട്ടും ധൈര്യമില്ല. എന്നാലും അവൾ വരുന്നതും നോക്കി കോളേജ് കവാടത്തിനടുത്ത് കാത്തുനിൽക്കും. അവൾ എന്നെ നോക്കിയാൽ ചിരിക്കാൻ ഒരു വൃഥാ ശ്രമം നടത്തും. ക്ലാസിനു വെളിയിൽ കൂട്ടുകാരോട് സംസാരിക്കാനെന്ന വ്യാജേന അവളെ നോക്കി നിൽക്കും. കുറേ ദിവസം കഴിഞ്ഞപ്പോൾ അവൾ എന്നെ കണ്ടാൽ ചിരിക്കുമെന്ന പരുവമായി. തിരിച്ച് ഞാനും ചിരിക്കും. 

പരീക്ഷക്കു മുമ്പുള്ള അവധി തുടങ്ങാൻ രണ്ടു ദിവസം ബാക്കിയിരിക്കേ  ഒരു ദിവസം,  ഉച്ചക്കത്തെ ഇൻറർവെലിൽ ലൈബ്രറിയിൽ പോയി തിരികെ വരികയായിരുന്നു. കയ്യിൽ  ബോറിസ് പാസ്റ്റർനാകിന്റെ ഡോക്ടർ ഷിവാഗോ. അവളുടെ ക്ലാസിനടുത്തെത്തിയപ്പോൾ നടത്തം മെല്ലെയായി. കഴുത്ത് മെല്ലെ തിരിച്ച് ക്ലാസിലേക്ക് നോക്കി. ഞെട്ടിപ്പോയി! അവളതാ എന്നെ മാടി വിളിക്കുന്നു. വിശ്വാസമായില്ല. കണ്ണടച്ച് തുറന്ന് വീണ്ടും നോക്കി. സത്യം! അവൾ വിളിക്കുന്നു. ചുറ്റും കൂട്ടുകാരികളാരുമില്ല. ഞാനാണെങ്കിൽ മുട്ട് വിറച്ചിട്ട് ഒരടി നടക്കാൻ വയ്യാത്ത അവസ്ഥയിലും.

എങ്ങനെയോ ഞാനവളുടെ അടുത്തെത്തി. ഒന്നും മിണ്ടാൻ വയ്യ. മുഖത്തേക്ക് ചോര ഇരച്ച് കയറുന്നു. 
എന്റെ മുഖത്തു നോക്കി അവളൊരു ചിരി ചിരിച്ചു. ഹൃദയം നിന്നുപോയെന്നു തോന്നി. ഞാൻ ചിരിക്കാൻ ശ്രമിച്ചത് വക്രിച്ചും പോയി. അവൾ എന്റെ കയ്യിലിരുന്ന പുസ്തകത്തിനായി കൈ നീട്ടി. പുസ്തകം മറച്ചു നോക്കുന്ന അവളെ ഞാൻ വെറുതെ നോക്കി നിന്നു. 

പെട്ടെന്നാണ് ഹൃദയം തകർത്തു കളഞ്ഞ ആ ചോദ്യം അവൾ ചോദിച്ചത്. " കതാ ബുക്കാ?"
എന്റെ ജഗദീശ്വരാ എന്തൊരു ശബ്ദം !! എന്റെ ക്ലാസിലെ എറ്റവും മുതിർന്ന ആൺ പ്രജക്കു പോലുമില്ല ഇത്രയും കഠോരമായ പുരുഷശബ്ദം. 

പുസ്തകം തട്ടിപ്പറിച്ച് ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു. ഡോക്ടർ ഷിവാഗോ കതാ ബുക്ക് !! ഒച്ച കഠോരം.. എന്റെ സങ്കൽപ്പം തകർന്നു മണ്ണടിഞ്ഞു. എന്തോ, കോളേജടക്കാൻ ബാക്കിയുണ്ടായിരുന്ന രണ്ടു ദിവസം ഞാനവളെ കണ്ടതേയില്ല. പിന്നെ ജീവിതത്തിൽ ഇതുവരേയും.

അഹമ്മദ് കബീറിന്റെ ജൂൺ കണ്ടിറങ്ങുമ്പോൾ എന്തോ ഞാനവളെ ഓർത്തു. ഒരു പക്ഷെ ആ പുസ്തകം പിടിച്ചു വാങ്ങി, ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അഹം ഭാവിയായ ഞാൻ തിരിച്ചു നടന്നില്ലായിരുന്നെങ്കിൽ, ഒരു പക്ഷെ ജീവിതം വേറൊന്നാകുമായിരുന്നു. ആർക്കറിയാം... 

ജൂൺ നല്ല സിനിമയാണ്. പ്ലസ് റ്റുവിലെ കൗമാരക്കാർ പ്രീഡിഗ്രി ക്കാരെ പോലെയല്ല. ഒരു പാട് വ്യത്യാസങ്ങളുണ്ട്. കാഴ്ചപ്പാടിലും അറിവിലും എല്ലാം. എന്റെ പുത്രൻ പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്നയാളായതിനാൽ എനിക്കത് നന്നായറിയാം. ഞങ്ങൾ ആയിരുന്നതിനേക്കാൾ ഒരു പാട് മുന്നിലാണ് ആപ്രായത്തിൽ ഇവർ. പക്ഷെ വിചാരങ്ങളും വികാരങ്ങളും സ്വപ്നത്തിന്റെ കടും ചായങ്ങളും ഒക്കെ ഒരു പോലെ. പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുന്ന ഭാവി തലമുറ!

നമ്മുടെ കൗമാരത്തെ ഗൃഹാതുരത്വത്തോടെ തൊട്ടു വിളിക്കുന്നു എന്നതാണീ സിനിമ ചെയ്യുന്നത്. പുസ്തകത്താളിൽ മറന്നു വച്ചു പോയ മയിൽപ്പീലി അറിയാതെ ഏതോ താൾ മറിയവേകയ്യിൽ വരുന്ന പോലെ. 

വർക്കല ക്ലിഫിൽ നടക്കുന്ന പുതുവർഷ പാർട്ടിയിൽ തുടങ്ങി, ഫ്ലാഷ് ബാക്കിലൂടെ , പനാമാ ജോയിയുടെയും ഭാര്യയുടെയും ഒറ്റമകളായ, ജൂണിന്റെ പ്ലസ് ടു കാലം അനാവൃതമാവുകയാണ്. ക്ലാസിലെയും പുറത്തേയും കൊച്ചു കുറുമ്പുകളും അതിനിടെ മൊട്ടിടുന്ന പ്രണയവുമായി ഒന്നാം പകുതി നാവിനടിയിലെ നാരങ്ങാ മുട്ടായി പോലെ പെട്ടെന്ന് തീർന്നു പോകുന്നു. രണ്ടാം പകുതിയിൽ നഷ്ടപ്രണയം തിരിച്ചുപിടിക്കാനും, സ്വന്തം കാലിൽ നിൽക്കാനുള്ള ജൂണിറെ ശ്രമവും ഒരുപാട് ട്വിസ്റ്റുകളുമൊക്കെ ... 

പ്രിയ സുഹൃത്ത് ഖാലിദിന്റെ Khalid Backer മകൻ സർജാനോ ഖാലിദിനെ കാണാനാണ് സത്യം പറഞ്ഞാൽ ഈ സിനിമക്ക് കയറിയത്. സർജാനോ യുടെ നോയൽ  മാത്രമല്ല, ജൂണിന്റെ മറ്റു കൂട്ടുകാരും താന്താങ്ങളുടെ വേഷം ഗംഭീരമാക്കി.  രജിഷാ വിജയൻ ജൂണായി ജീവിച്ചു. മകളുടെ ഇഷ്ടങ്ങൾക്ക് എതിരു നിൽക്കാത്ത അച്ഛനായി ജോജുവും തിളങ്ങി. 

ഒരു നിമിഷം പോലും ബോറടിക്കാതെ ഈ സിനിമ കാണാൻ ഇഫ്തിയുടെ സംഗീതം നല്ല പങ്ക് വഹിക്കുന്നു. 

വിമർശനങ്ങളുണ്ടായേക്കാം... കുഞ്ഞു പ്രമേയം വലിച്ചു നീട്ടി എന്നും, എഡിറ്റിംഗ് വേണ്ടത്ര സുഖമായില്ല എന്നു മൊക്കെ എവിടെയൊക്കെയോ എഴുതിക്കണ്ടു. ഇതൊരു കുഞ്ഞു സിനിമയാണ്. ലോക ക്ലാസിക്കുകൾ കാണുന്ന കണ്ണിലൂടെ കാണാനുള്ളതല്ല, ഗൃഹാതുരത്വം കനത്തിൽ നിറച്ച ഈ വർണ്ണച്ചെപ്പ് .

സിനിമ കഴിഞ്ഞ് പുറത്തിറങ്ങവേ  കൂട്ടുകാരനെ ഫോണിൽ വിളിച്ചു. "ഖാലിദ്  ഭായ്, മോന്റെ ആദ്യ സിനിമ കലക്കി... "

പട്ടു പോലൊരുവൾ

വിരിച്ചുനീർത്തിയ കാഞ്ചീപുരം പട്ടുസാരിക്കു പിറകിൽ അവൾ മുക്കുത്തി മിന്നിച്ച് ചിരിച്ചു.
അഴകിന്റെ ദ്രാവിഡത്തികവ്. 
"രാജ രാജ ചോളന്റെ ഉsവാൾത്തിളക്കത്തെക്കാൾ അഴകാർന്നവളേ....
ഒരു പട്ടുചേലയിൽ ഉണർന്നുല യാത്തതെന്തേ നിന്റെ ലാവണ്യം?"

കൈവളയിളക്കി 
നറു ചിരി വിടാതെ തൂകി 
അവൾ നീർത്തിയ കടുഞ്ചോപ്പ്ചേലചൂണ്ടി അവനെന്നോട് ചോദിച്ചു. 

" How is this? "

ചിലമ്പ് വിറ്റ് കടം വീട്ടാൻ പോയ കോവലനെക്കാത്തെന്ന പോലെ ഒരുത്തി കാത്തിരിപ്പുണ്ടല്ലോ യെന്നയോർമ്മയിലും ,
അമ്പതിനായിരമെന്ന വിലയടയാളത്തിലും, 
'നെല്ലി സ്റ്റോറിലെ' കൊടും തണുപ്പിലും വിറച്ച് ഞാൻ പറഞ്ഞൊപ്പിച്ചു...

"Good ''

ദൈന്യതയുടെ കടക്കൺ നീട്ടി 
അവൾ പറഞ്ഞു. 
" അജ്ഞാതനായ യാത്രിക,
ഇയാളെ ഇത് വാങ്ങാൻ പ്രേരിപ്പിക്കുക" 

"This is one of the great things I have ever seen... Go for it"

വരാനിരിക്കുന്ന പൊങ്ങച്ചപ്പാർട്ടിയിൽ, തെലുങ്കാനയിലെ പട്ടണപ്രാന്തത്തിൽ,
ഉടുത്തൊരുങ്ങിത്തിളങ്ങുന്ന 
പെണ്ണുടലോർത്ത്
 ചേല പൊതിയാനാജ്ഞാപിച്ച്,
 "Thank you dear friend '' എന്ന പൊള്ള ഭംഗിവാക്ക് ഓക്സ്ഫോർഡിന്റെ സംസ്കൃതാക്ഷരത്തിൽ പൊതിഞ്ഞ് എന്റെ മുഖത്തടിച്ച് 
അവൻ പിൻവാങ്ങവെ,
കൺകോണിലൂറിയ ഒരിറ്റു കണ്ണീർ തുടച്ച്
 നീ പറയാതെ പറഞ്ഞത് ഞാൻ വായിച്ചു.

"ഇരിക്കാനിടപോലുമില്ലാതെ 
തളർന്ന കാലിൽ ഞാൻ വഹിക്കുന്നു, 
പഠിക്കാൻ മിടുക്കനായ ഒരനിയനെ, 
അതിരാവിലെ മുതൽ മദ്യപിക്കുന്ന ഒരച്ഛനെ ,
അമ്മയില്ലെന്ന കൊടും വേനലിനെ,
കാതങ്ങൾ നീണ്ടരാത്രി യാത്രയിലെ ചൂഴുന്ന കഴുകൻ കണ്ണുകളെ,
പിടയുന്ന വിശപ്പിനെ,
മയക്കുന്ന കാമനയെ,
ഒന്നുമാകാതെ പോയ അഭ്യസ്ഥ വിദ്യതയെ,
ഇന്നുറങ്ങും മുമ്പേ തീർക്കേണ്ട കനത്ത കർത്തവ്യങ്ങളെ, 
നാളെയും ഉണരേണമല്ലോ എന്ന ചിന്തയെ .."

പോസ് മെഷിനിൽ കാർഡ് തിരുക്കും മുമ്പ് അവൻ വിലപേശവേ ഞാൻ പറഞ്ഞു. 

" Pay it....  Don't bargain... It is  far less a prise for such a gem of an artwork in silk..."

മുൻഷി മാഷ് - ഓർമ്മ

ഫോണിന്റെ അങ്ങേത്തലക്കൽ സാലി മാഷായിരുന്നു. ഒരിക്കലും വിളിക്കാത്തയാൾ വിളിച്ച അത്ഭുതം പങ്കുവച്ച് വിശേഷം തിരക്കിയപ്പോൾ മാഷ് പറഞ്ഞു . "സുരേഷേ മ്മളെ കുഞ്ഞബ്ദുള്ള മാഷ് നിന്നെ അന്വേഷിച്ചു. കാണണമെന്ന് പറഞ്ഞു. "

"മുൻഷി മാഷോ ?"

അതെ യെന്ന് മറ്റേപ്പുറത്തു നിന്ന് കേട്ടപ്പോൾ വീണ്ടും അത്ഭുതം. വർഷങ്ങളായി ദുർലഭമായ കുറ്റ്യാടി യാത്രകളിൽ അതി ദുർലഭമായി മാത്രം അങ്ങാടിയിൽ കണ്ടുമുട്ടാറുള്ള മാഷ് എന്നെ അന്വേഷിക്കുകയോ? കണ്ടുമുട്ടുമ്പോഴൊക്കെ സ്നേഹത്തോടെ ഒരു പാടു നേരം വർത്താനം പറയാറുണ്ടെന്നത് ശരി തന്നെ. അച്ഛനെ കുറിച്ചും അനിയനെ കുറിച്ചും അമ്മയെ പറ്റിയും ചോദിക്കും. എം.ഐ.യു.പി കാലം കുസൃതിയോടെ ഓർക്കും.

"വെറ് തെ ചോയ്ച്ചതാ?" ഞാൻ സാലി മാഷോട് തിരക്കി

" അല്ല സുരേഷേ ... മാഷ്ക്ക് സുഖേല്ല."

"എന്താ മാഷക്ക് ?" വയറ്റിൽ നിന്ന് പൊന്തിയ തീയോടെ ഞാൻ സാലി മാഷോട് ചോദിച്ചു. 

"അതെന്നെ.. ഞണ്ട്, മാഷിനേയും ഉപദ്രവിക്കാൻ തുടങ്ങിയോന്ന് സംശയം.''

അമ്മ കുറ്റ്യാടിയിലേക്ക് പോകുമെന്ന് നിശ്ചയിച്ച ഞായാറഴ്ചയായിരുന്നു പിന്നീട് വന്നത്. അമ്മയെ വീട്ടിലാക്കി സൽമാൻ Abdulla Salman ZA മാഷെവിളിച്ചു. "ഞാൻ കുമ്പളത്തങ്ങാടിയിലുണ്ട്" സൽമാൻ പറഞ്ഞു. സൽമാന്റെ സദാ സന്നദ്ധമായ സൗമ്യ സൗഹൃദോഷ്മളതയിൽ മുഴുകി ഞങ്ങൾ മുൻഷി മാഷിന്റെ വീട്ടിൽ ചെന്നു കയറി. 

കോളിംഗ് ബെല്ലടിച്ച് ഇച്ചിരി നേരത്തെ ഇടവേള. പിന്നെ മാഷ് വന്നു. വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. സ്വതേ മെലിഞ്ഞ ശരീരം വീണ്ടും മെലിഞ്ഞിരിക്കുന്നു. 

വെളുക്കെ ചിരിച്ചു. ഇറുക്കെ പുണർന്നു. 

രോഗത്തിന്റെ വിശേഷം മുഴുവൻ പറഞ്ഞു. ശരീരത്തിലെവിടെയോ പറ്റിപ്പിടിച്ച ഞെണ്ടിൻ കുഞ്ഞിനെ ഓടിച്ചെന്ന് തച്ചുകൊന്ന കിസ്സ പറഞ്ഞ് ഞങ്ങൾ മൂന്നാളും ചിരിച്ചു. 

" എടാ ഞാൻ പൊറത്തൊന്നും അങ്ങനെ പോവലില്ല. വായിക്കുന്നു. ഒരുപാട്.... വായിക്കാൻ അവസരമുണ്ടായത് ഇങ്ങനെ .. " 
അതു കേട്ട്, കുറച്ചു നാളായി മാഷിന്റെ പരിചരണം കിട്ടാത്ത പാവക്കാതൈ കാറ്റിന്റെ കൈ തട്ടി പരിഭവം പൂണ്ട് തലയാട്ടി.

 കൃഷിക്കാരനായിരുന്നല്ലോ എന്റെ മാഷ് !!

മാഷ് വായനിയിലാണെന്നറിഞ്ഞ് ഞാൻ അപ്പോൾ വായിക്കുക യായിരുന്ന തടിയൻ പുസ്തകം മാഷിന് നമ്മാനിച്ചു. മാഷത് വായിച്ചോ അവോ ?!

പൊട്ടിച്ചിരിച്ച്,  ഏറണാകുളത്തേക്ക് തീവണ്ടി പിടിക്കാൻ വൈകുമെന്ന എന്റെ പരിദേവനം ഗൗനിച്ച്, വീണ്ടും പുണർന്ന് യാത്രയാക്കുമ്പോൾ ഞാനറിഞ്ഞില്ല മാഷേ, അത് അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന് . 

പിന്നീട് കുറ്റ്യാടി ചെല്ലുമ്പോഴെല്ലാം തിരക്കിയിരുന്നു മാഷിന്റെ സുഖവിവരം. 
ഒന്നുമില്ല സുഖമായിരിക്കുന്നു എന്ന് എല്ലാരും പറഞ്ഞു. പോയിക്കാണാൻ തിരക്കിന്റെ കാരണം പറഞ്ഞ് എന്റെ അഹംഭാവം കൂട്ടാക്കിയുമില്ല.

ഇന്നിതാ ... മാഷിന്റെ പരലോക പ്രപ്തിയുടെ വാർത്ത.... ഇടിത്തീ പോലെ...

മാഷേ... എന്നോട് പൊറുക്കുക. ഒരിക്കൽ കൂടി വന്ന് കാണാഞ്ഞതിനു്. 

സഹോദര സമാനനായ എന്റെ കൂട്ടുകാരന്റെ പിതാവിന്റെ , എന്റെ ഗുരുനാഥന്റെ, പാദങ്ങൾ ഒരിക്കൽ കൂടി സ്പർശിക്കാൻ കഴിയാതെ പോയതിന്. 

പരമകാരുണികന്റെ പൂങ്കാവനത്തിൽ ഒരുപാടമൂല്യ പുസ്തങ്ങളുമാസ്വദിച്ച്, പൂച്ചെടികളെയും താലോലിച്ച് അന്തമില്ലാത്ത കാലത്തോളം എന്റെ മുൻഷി മാഷ് വാഴട്ടെ....

അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
തക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:

നനഞ്ഞ മണ്ണടരുകൾ- പുസ്തക വിചാരം

1994 ലാണ് ഓരാ പ്രോ നോബിസ് വായിച്ചത്. കണ്ണൂര് ഫോർട്ട് റോഡിൽ അന്ന് നാഷണൽ ബുക്സ്റ്റാളിന്റെ ഒരു ശാഖയുണ്ടായിരുന്നു. അവിടെ പൊടിപിടിച്ചു കിടന്നിരുന്ന പുസ്തകങ്ങളെല്ലാം പെറുക്കിക്കൂട്ടി കുറേ ദിവസം അവർ വില കുറച്ച് വിൽക്കാൻ വച്ചിരുന്നു.  ആ ദിവസങ്ങളിലൊന്നിൽ  കണ്ണൂരിൽ പോകാനും എൻബിഎസിൽ കയറി, കയ്യിൽ കാശില്ലാത്തതിനാൽ മിനുത്ത കവർ പേജുമായി വിളങ്ങിയ ആഢ്യൻമാരെ ഒഴിവാക്കി, പൊടിപിടിച്ചു കിടന്നിരുന്ന തിരസ്കൃത വൃദ്ധൻമാരെ തേടി ചെല്ലാനും ഭാഗ്യമുണ്ടായി. അന്ന് അറുപത് ശതമാനം കിഴിവിൽ കിട്ടിയ പ്രകാശമാനമായ രണ്ട് പുസ്തകങ്ങളാണ്, കലിയുഗവും ഓരാ പ്രോ നോബിസും.  പോഞ്ഞിക്കര റാഫി, സബീനാ റാഫി എന്നീ പേരുകൾ ആദ്യമായി കേൾക്കുന്നതും അന്നു തന്നെ. അറിവിന്റെയാ പ്രകാശഗോപുരങ്ങളെ അടുത്തു നിന്നു കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു പോയി. രണ്ട് പുസ്തകങ്ങളും പക്ഷെ എവിടെയോ നഷടപ്പെട്ടു.  ഓരാ പ്രോ നോബിസ് ഈയിടെ പ്രണത ബുക്സ്  പുന:പ്രകാശനം ചെയ്തു. ബോണി തോമസ്സിന്റെ  മനോഹര ചിത്രങ്ങൾ കൊണ്ടലങ്കരിച്ചതാണ് പുതിയ പതിപ്പ്.  കലിയുഗത്തെ എവിടെയും കണ്ടില്ല.

വേറൊരു പോഞ്ഞിക്കരക്കാരനിതാ പ്രകാശം പരത്തി മുന്നിൽ നിൽക്കുന്നു. നനഞ്ഞ മണ്ണടരുകളുമായി . 

പുതിയ ഓരോ പ്രോനോ ബിസ് വായിച്ചു തീർത്തന്നു് ഉച്ചക്കാണ് രതിച്ചേച്ചി എപ്പോഴുമുള്ള തിരക്കോടെ ബാങ്കിലേക്ക് കേറി വന്നത്. എവിടെ സുരേഷ് എന്നന്വേഷിക്കുന്നത് കേട്ട് തല ഉയർത്തിയപ്പോൾ ചേച്ചി മുന്നിൽ. മുഖവുരയേതുമില്ലാതെ ഒറ്റച്ചോദ്യം, " മിരാൻഡയുടെ  നനഞ്ഞ മണ്ണടരുകൾ വായിച്ചോ?" ഇല്ലെന്ന എന്റെ മറുപടിക്ക് മറുപടിയായി മാറിലടക്കിപ്പിടിച്ച കടലാസ് കൂടിൽ നിന്ന് തനഞ്ഞ മണ്ണടരിന്റെ ഒരു കോപ്പി എടുത്തു നീട്ടി. കടലാസു കൂടിൽ ഇനിയും കുറേ കോപ്പികൾ. "ചേച്ചീ, ഇതിന്റെ വില ?" എന്ന എന്റെ വങ്കൻ ചോദ്യത്തിന് നിഷേധാർത്ഥത്തിൽ കയ്യിളക്കി, "ഹേയ്... വായിച്ചിട്ടഭിപ്രായം പറ" എന്ന് പറഞ്ഞ് വന്ന വേഗത്തിൽ തന്നെ ചേച്ചി തിരിച്ചു പോയി. അതാണല്ലോ രതിച്ചേച്ചി. മനുഷ്യരേയും നല്ല സാഹിത്യത്തേയും നല്ലതേതിനേയും തന്നോളം സ്നേഹിക്കുന്ന രതിച്ചേച്ചി.

പുസ്തകം മറിച്ചു നോക്കവേ വീണ്ടും ബോണി തോമസിന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്നു. ഏറ്റവും പ്രിയനായ ചിത്രകാരൻ മരിയോ മിരാൻറയുടെ പ്രത്യക്ഷ സ്വാധീനമുള്ള ചിത്രങ്ങൾ. മനോഹരമായി നിർമ്മിക്കപ്പെട്ട പുസ്തകം. ഇംഗ്ലീഷ് പേപ്പർ ബാക് പുസ്തകങ്ങളുടേതു പോലെ ഭാരമില്ലാത്ത കടലാസ്. വൈന്നേരം വീട്ടിലേക്കുള്ള ബസ്സിലിരുന്ന് പുസ്തകം തുറന്നപ്പോഴാണ് കടലാസിന് മാത്രമേ ഭാരമില്ലാതുള്ളൂ എന്ന് മനസ്സിലായത്. 

നനഞ്ഞ മണ്ണടരുകൾ ഏതൊരാളും ഒറ്റയിരിപ്പിൽ വായിച്ചു തീർക്കും. മനോഹരമായ ഭാഷ. മിഴിവാർന്ന കഥാപാത്രങ്ങൾ. സന്ദർഭങ്ങൾ. മരിച്ചവരെ കുറിച്ചുള്ള ഓർമകൾ ഈ പുസ്തകത്തിൽ നിറഞ്ഞിരിക്കുന്നു.  മരണം മനോഹരമായ ഒരു കവിതയാണെന്ന് ഈയിടെയാണല്ലോ ഞാൻ പഠിച്ചത്! (സ്നേഹസ്വരൂപനായ സാഹിത്യകാരൻ ജസ്റ്റിസ് ജിൻ പുത്തേഴത്തിന് നന്ദി. സ്നിഗ്ദ്ധമധുരമായി ഈ പാഠം പഠിപ്പിച്ചതിനു് )

"കുഴിമാടങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്നവർ ഉചച്ചൂടു കൊണ്ട് ഞെരിപിരി കൊള്ളുകയാണ്..... കാലവർഷം ചിങ്ങത്തിലും കർക്കടകത്തിലും തിമർത്തു പെയ്തു. മണ്ണ് ഒരു ചകിരിക്കുഴി പോലെ വെള്ളം നിറഞ്ഞ് ചതുപ്പായിട്ടും ഒരാൾക്കും തണുപ്പിന്റെ അലട്ടോ ഈർഷ്യയോ ഉണ്ടായില്ല. മഴയും തണുപ്പും ആത്മാക്കൾക്ക് എപ്പോഴും ശാന്തിയും സമാധാനവും മാത്രമാണ് തരുന്നത്..... "

മരണം  കാത്തുകിടക്കുന്ന സ്വന്തം ഭർത്താവിനെയും തന്നെയും കുറിച്ചുള്ള വലിയൊരു രഹസ്യം ഭർത്താവിന്റെ മരണത്തിനു തൊട്ടുമുമ്പ് വെളിവാക്കിത്തന്ന ഏറ്റവുമടുത്ത  കൂട്ടുകാരി,  വരാന്തയിൽ,  "പശപ്പച്ചരി കൊണ്ടുണ്ടാക്കിയ പുട്ട് കുത്തിയിട്ടതു പോലെ കുഴഞ്ഞുമറിഞ്ഞ്  പൊടിഞ്ഞു വീണു കിടക്കുന്ന"ത് കണ്ടു ഞെട്ടി, പിന്നെ അവളുടെ മരണത്തിന്റെ ആഘാതത്തിൽ തളർന്നു വീണ്,  മരിച്ചുപോയ ബന്ധുക്കൾ  അടുത്തേക്ക് വരുന്നതായി കണ്ട് കിടക്കുന്ന  മേബിളിന്റെ  ഓർമ്മയാണ് ഈ നോവൽ.  

 എന്ത് മനോഹരമാണ് ജോണിയുടെ ഭാഷ. 

കൊച്ചിയുടെ ചരിത്രം സ്വന്തം കുടുംബ ചരിത്രവുമായി കൂട്ടിയോജിപ്പിച്ച് പുസ്തകമാക്കി വയ്ക്കുകയാണ്     ഓരാ പ്രോ നോബിസിലെ അംബ്രോസപ്പൂപ്പൻ ചെയ്തത്. മേബിൾ പക്ഷെ, അവളറിയാതെ കൊച്ചിയുടെ അനതിവിദൂരമായ  ഭൂതകാലത്തെ തന്റെ ജീവിതവും ഓർമ്മകളും കൊണ്ട് അടയാളപ്പെടുത്തി വെക്കുന്നു. 

മണ്ണടരുകൾക്കിടയിൽ മഴയുടെ ഈർപ്പം കൊതിച്ച്, കയ്യനങ്ങാതെ മെയ്യനങ്ങാതെ കാത്തു കിടക്കുന്ന ആത്മാക്കളുടെ പരമ്പരയല്ലാതെ മറ്റെന്താണു് ചരിത്രം?

രതിച്ചേച്ചിക്ക് നന്ദി.. വായിക്കപ്പെടേണ്ട പുസ്തകങ്ങൾക്ക് പ്രചാരം ലഭിക്കാത്ത കാലത്ത് ഒരു നല്ല പുസ്തകം വായിക്കാൻ തന്നതിന്.

എന്റെ മനസ്സിൽ തോന്നിയ ഒന്ന് ഞാൻ പറഞ്ഞോട്ടേ? പുതിയ കാലത്തിന്റെ ഓരാ പ്രോ നോബിസാണ് ജോണി മിറാൻഡയുടെ  നനഞ്ഞ മണ്ണടരുകൾ ..

Monday, February 3, 2020

'വൃത്തികെട്ട ഒരു ജന്തു'

ജനിച്ചപ്പോൾ ഞാൻ വൃത്തികെട്ട ഒരു ജന്തു വായിരുന്നുവെന്നാണു് മനസ്സിലാക്കേണ്ടത്. ഒന്നരക്കിലോ പോലും തൂക്കമില്ലാതിരുന്ന ഒരു എലുമ്പൻ. നവജാത ശിശുക്കൾ ക്കുണ്ടാവുന്ന ഒരോമനത്തവും ഇവന് ഉണ്ടായിരുന്നില്ല. ഗർഭപാത്രത്തിന്റെ സൗഖ്യത്തിൽ നിന്ന് പുറത്തെ ബഹളത്തിലേക്ക് തള്ളിവീഴ്ത്തപ്പെട്ടവന്റെ നിരാലംബമായ അലറിക്കരച്ചിലൊന്നും ഞാൻ കരയുകയുണ്ടായില്ല. നേരിയൊരു ഞെരക്കം. ഒരു വിതുമ്പൽ. തുറക്കാനാവാത്ത കണ്ണിന്റെ കോണിൽ ഇച്ചിരി നനവ് പടർന്നിരുന്നത്രെ. 

തലയിൽ മുടി നാരില്ലാത്ത ചുകചുകന്ന ആ രൂപത്തിന് മനുഷ്യക്കുഞ്ഞിനേക്കാളും എലിക്കുട്ടിയോടായിരുന്നു പോലും സാമ്യം! 

 സാൽവദോർ അലെൻഡെ എന്നു പേരുള്ള ഒരു മാക്സിസ്റ്റ് , വളെരെ ചെറിയ ഭൂരിപക്ഷത്തിൽ ചിലിയുടെ പ്രസിഡന്റായി എന്നതൊഴിച്ചാൽ,ഒരു പ്രത്യേകതയുമില്ലാത്ത ഒരു വെള്ളിയാഴ്ചയായിരു അത്. ഓർഹൻ പാമുക് അദ്ദേഹത്തിന്റെ പുസ്തകം, ഇസ്തംബൂളിൽ പറയുന്ന പോലെ, മാഹി ജനറലാശുപത്രിയുടെ ഇടനാഴികളിലും ലോകത്തൊട്ടാകെയും സമാധാനം നിറഞ്ഞു നിന്ന ദിവസം. 

ആ ദിവസത്തിനും അതിനുശേഷവും സമാധാനം നഷ്ടപ്പെട്ടത് അച്ഛനുമമ്മ ക്കുമാണ്.  ഞാനവർക്ക് ദാരിദ്ര്യ മെന്താണെന്ന് പഠിപ്പിച്ചു കൊടുത്തു. അച്ഛന്റെ തുച്ഛശമ്പളത്തിന്റെ ഓരോ ചില്ലിയും എന്നെ, എലിക്കുഞ്ഞിൽ നിന്ന് മനുഷ്യക്കുട്ടിയിലേക്ക് പരിണമിപ്പിക്കാൻ നീക്കിവച്ചു. അരവയറിനുമേൽ മുറുക്കിയുടുത്ത മുണ്ടിൻ തുമ്പ് പിടിച്ചാണ് ഞാൻ ഉരുണ്ടു തടിച്ച കുഞ്ഞായി ഒരു വർഷം കഴിയുമ്പോഴേക്കും മാറിയത്. കണ്ണെഴുതി പൊട്ടും തൊട്ട് മാഹി ഭാസ് സ്റ്റുഡിയോ യുടെ മേശമേൽ കമഴ്ന്നു കിടക്കുന്ന ഒരരുമക്കുഞ്ഞിന്റെ ഫോട്ടോ, കറുപ്പിലും വെളുപ്പിലും, ഞങ്ങളുടെ പഴയ വീടിന്റെ ചുമരിൽ ഒരുപാട് കാലം തൂങ്ങി കിടന്നിരുന്നു.

നെരൂദയും മോദിയും

നല്ല ജലദോഷമുണ്ടായിരുന്നതു കോണ്ടാണോ എന്തോ, ഇന്നലെ നേരം വെളുക്കുവോളം ഞാൻ സ്വപ്നം കാണുകയായിരുന്നു. പാബ്ലോ നേരുദയെ . 

കുറ്റ്യാടി പാലത്തിന്റെ വശത്ത് തഴേക്കിറങ്ങുന്ന കരിങ്കല്ലിന്റെ കുത്തനെയുള്ള പടികൾ നരേന്ദ്ര മോഡിയോടൊപ്പം ഇറങ്ങിപോവുകയായിരുന്നു അദ്ദേഹം. "ഇപ്പോൾ ആ പടിക്കെട്ട് അവിടെ ഉണ്ടോയെന്ന് ആറിയില്ലല്ലോ..." ഉറക്കത്തിന്റെ ഏതോ അടരിനിടയിൽ ഉറങ്ങാതെ കിടന്നിരുന്ന ബോധം പറഞ്ഞു കൊണ്ടേയിരുന്നു.  റോഡരികിലെ കുറ്റിയിൽ കെട്ടിയിരുന്ന കറുപ്പും വെളുപ്പും നിറമുള്ള രണ്ടാടുകൾ താഴേക്ക് നോക്കി അത്യുച്ചത്തിൽ, സുബ്ബക്ഷ്മിയുടെ ശബ്ദത്തിൽ എന്തരോ മഹാനുഭാവുലു എന്ന് പാടിക്കൊണ്ടിരുന്നു.

പടികൾ ഇറങ്ങവെ നെരൂദയും മോദിയും  എന്തൊക്കെയോ വളരെ ഗൗരവമായി സംസാരിക്കുന്നുണ്ടായിരുന്നു. എനിക്ക് അവർ പറയുന്നതെന്തെന്ന് കേൾക്കാൻ അതിയായ കൊതി തോന്നി. സ്പാനിഷ് കലർന്ന മലയാളത്തിലാണ് അവർ സംസാരിച്ചിരുന്നത്.  

ഞാൻ ഒരു കീറ ട്രൗസറാണിട്ടിരുന്നത്. വെള്ള നിറമുള്ള കയ്യില്ലാത്ത ബനിയനും. ഒരു സൈക്കിൾ ടയർ തോളിൽ തൂക്കിയിടുകയും കമ്യൂണിസ്റ്റ് പച്ചയുടെ വടി കയ്യിൽ പിടിക്കുകയും ചെയ്തിരുന്നു. എനിക്ക് ചുറ്റും പുഴയിലും പറമ്പിലും റോഡിലും പടിയിലും കൊടും ചൂടുള്ള വെയിൽ പെയ്ത് നിന്നിരുന്നു.  

അവരുടെ മുന്നിൽ ഞാനെങ്ങനെ ചെന്നു നിൽക്കുമെന്നാലോചിച്ചു നിൽക്കവെ ആടുകൾ പൊടുന്നനെ പാട്ട് നിർത്തി. കൊടുംവെയിലിന്റെ സാന്ദ്രോഷ്ണ നിശബ്ദതയിലൂടെ തെങ്ങോലകളിൽ കാറ്റിരമ്പുന്നത് മാത്രം കേട്ടു . 

സ്വപ്നം വിചിത്രമാണെന്ന് ബോധത്തിന്റെ അടരിൽ നിന്ന്‌ ഞാൻ കേട്ടതും നീലജീൻസും വെള്ള പോളോ ടീ ഷർട്ടുമിട്ട് യോഗ്യനായ ഞാൻ പടികൾക്കു താഴെ അവരെ കാത്തു നിൽക്കുന്നതായി കണ്ടു. വെയിലപ്പോഴും ശമനമില്ലാതെ നിശബ്ദമായി പെയ്തു കൊണ്ടിരുന്നു. പൊടുന്നനെ നിലവിളി മുഴങ്ങാൻ തുടങ്ങി. എങ്ങുനിന്നെന്നറിയാതെ ഉഷ്ണനിശബ്ദത ഭേദിച്ച് കോടാനുകോടി മനുഷ്യരുടെ രോദനം ആഞ്ഞു മുഴങ്ങി. 

മോദി പടിയിൽ കുനിഞ്ഞ് കുത്തിയിരുന്ന് എന്തോ ചെയ്യുകയാണ്. ആർത്തനാദം ചെവി തുളച്ചിറങ്ങിയ നിമിഷം  പടികൾ ചാടിക്കയറി ഞാനദ്ദേഹത്തിനു് മുന്നിൽ ചെന്നു നിന്നു. എന്റെ കാൽപാദങ്ങൾ  ജലത്താൽ നനയുന്നതായി ഞാനറിഞ്ഞു. മധ്യവേനൽ കഴിഞ്ഞ്, ജൂണിലെ മഴ തിമർത്തു നിറഞ്ഞ്, ഇടവഴികളിൽ പരന്നൊഴുകുന്ന ഉറവയുടെ  ചൂട് ഞാനാ ജലത്തിൽ തൊട്ടറിഞ്ഞു. ചെറിയ ഒരു വെള്ളച്ചാട്ടത്തിന്റെ കളകളം ഞാൻ കേൾക്കുകയും ചെയ്തു.  എന്നാൽ  താഴേക്ക് നോക്കിയനേരം കരിങ്കല്ലുകൾക്കിടയിലെ പഴുതിലൂടെ രക്തം ധാര മുറിയാതെ ഒഴുക്കുന്നത് ഞാൻ കണ്ടു. അതെന്റെ ചെരിപ്പിനടിയിലും  പാദങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്നു. നേരം പെട്ടെന്നിരുണ്ടു. ദിക്കുകൾ നടുക്കി ഇടിവെട്ടി. ഇടറിയ  കാഴ്ചയിൽ രണ്ടു പേർ മുകളിലത്തെ പടിയിൽ കുമ്പിട്ടിരുന്നു.  കുമാരൻ ഗുരിക്കളുടെ കണ്ടത്തിൽ ശിവലിംഗം കണ്ടെത്തിയതിനെ തുടർന്ന്  അവിടെ അമ്പലം പണിയാൻ വൃഥാ ഒരുപാട് കാലം നടന്ന് പ്രാന്തായിപ്പോയ  നമ്പോലേട്ടനും, നെരൂദയും. മോദിയെവിടെ? 

ബോധത്തിന്റെ അടര് വീണ്ടും ശബ്ദിച്ചു. "നിന്റെ സ്വപ്നം അതി വിചിത്രമായ വഴികളിലൂടെ പോകുന്നു." 

നമ്പോലേട്ടൻ, മീൻ പൊതിയാൻ അമ്മതാപ്ല ഉപയോഗിച്ചിരുന്ന തേക്കിലയും ഉപ്പൂത്തി ഇലയും ഒരു ചുമടാക്കി മുതുകിൽ താങ്ങിയിരുന്നതിൽ നിന്ന് ഒരോന്നെടുത്ത്, കല്ലിനിടയിൽ നിന്ന് പൊങ്ങിക്കൊണ്ടിരുന്ന ചോരയുടെ ഉറവകൾ തടയാൻ  ശ്രമിച്ചു കൊണ്ടിരുന്നു. ഒരിടിമിന്നലിന്റ ഒച്ചയിൽ ഞാൻ ഞെട്ടി ഉണരുന്നതിന് തൊട്ടു മുമ്പ് , ആ ഇലകളിൽ ലോകത്തിലെ കരൺസി നോട്ടുകളിലെ മുദ്രകളത്രയും മിന്നിമാഞ്ഞത് ഞാൻ തെളിവോടെ കണ്ടു. 

വീണ്ടും അടരിൽ നിന്നടരിലേക്കൂർന്ന് സ്വപ്നത്തിൽ ലേക്ക് ഞാൻ തെന്നി വീഴവേ, അവർ, നമ്പോലേട്ടനും നെരൂദയും മറ്റൊരു കൽപ്പടവിലായിരുന്നു. പഴനിമലയിലേക്ക് കയറിപ്പോകുന്ന പടികളിൽ. ഇരുവശങ്ങളിലൂടെയും നിർവാണം തേടി തല മുണ്ഡനം ചെയ്ത് കയറിപ്പോയ  വേദാന്തികൾക്ക് നടുവിൽ ഒഴുക്കിലെ വലിയ ഉരുളൻ പാറകൾ പോലെ ഞങ്ങൾ മൂന്നു പേരിരുന്നു. ചേദ്യോത്തരങ്ങളുടെ വേളയായിരുന്നു അത്. കൂർത്ത സംഭാഷണങ്ങൾക്കിടക്ക് പെട്ടു പോയ ഞാൻ, ഓരോ ചോദ്യത്തിനും ഉത്തരത്തിനോടുമൊപ്പം വശങ്ങളിലേക്ക് നോക്കി നോക്കി വശംകെടുകയായിരുന്നു.

" അത് നീയായിരുന്നില്ലേ?" നെരൂദ നമ്പോലേട്ടനോട്
" ഏത് ?" നമ്പോലേട്ടൻ നെരൂദയോട് 

" ഞാൻ സുക്കേടായി കെടകടക്കുമ്പം എനക്ക് വെഷം കുത്തി വെച്ചത്?"

"ഇങ്ങക്ക് പെരാന്ത് ണ്ടോന്ന് ?"

" ഉത്തരം പറ .."

" ഇങ്ങളെന്ത് ന്നാന്ന് "
"ളത്തരം പറ"

" ങ്ങക്ക് പായ്യ്യാരാ ...? "

" ഉത്തരം പറ .."

മറ്റൊരിടിമിന്നലിൽ ഞാൻ കണ്ണ് തുറന്നു പോകും വരെ നെരൂദ "ഉത്തരം പറ, ഉത്തരം പറ, ഉത്തരം പറ...." എന്ന്‌ മാത്രം പറഞ്ഞു കൊണ്ടിരുന്നു. നമ്പോലേട്ടൻ നിരർത്ഥക ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ഭയവിഹ്വലനായി കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ, അടി കിട്ടിയ ചാവാലിപ്പട്ടിയുടെ ശരീരഭാഷയോടെ പടിയോരോന്നായി പിറകോട്ട് പിറകോട്ട് ഇറങ്ങിപ്പോവുകയും ചെയ്തു കൊണ്ടിരുന്നു.

രാത്രി ഒടുങ്ങാറായ വേളയിൽ ഞാനൊരു പൊതുയോഗത്തിന് നടുവിൽ നിൽക്കുകയായിരുന്നു. കുറ്റ്യാടി അങ്ങാടിയുടെ നാലും കൂടിയ മുക്ക്. ഒരു വാഹനം പോലുമില്ല. ഇരുട്ട് പരക്കുന്നു. ദൂരെ പ്രകാശമാനമായ ഒരു ചെറിയ വേദിയിൽ വലിയൊരു പുകവലിപൈപ്പും കടിച്ചു പിടിച്ച്  നെരൂദ നിൽക്കുന്നു.  എനിക്ക് ചുറ്റും പൂഴി വാരിയെറിഞ്ഞാൽ താഴെ വീഴാത്തത്രയും ആളുകൾ.  നെരൂദ പ്രസംഗിക്കുന്നതറിഞ്ഞ് തടിച്ചുകൂടിയതാണവർ. എന്റെ തൊട്ടടുത്തു നിൽക്കുന്നയാളെ ഞാൻ നോക്കി! നമ്പോലേട്ടൻ! അതിനടുത്തയാളും നമ്പോലേട്ടൻ. അതിനടുത്തതും അതിനടുത്തതും അതിനടുത്തതും നമ്പോലേട്ടൻ. മുകളിലും താഴെയും നമ്പോലേട്ടൻ. ഇടതും വലതും നമ്പോലേട്ടൻ. നമ്പോലേട്ടൻ കരഞ്ഞു. നമ്പോലേട്ടൻ ചിരിച്ചു. നമ്പോലേട്ടൻമാർ പുഴുക്കളെ പോലെ പുളച്ചു.

അന്നേരം ഒരിടി നാദം പോലെ ദിക്കുകളെ ഭേദിച്ച് നെരൂദ പ്രസംഗിച്ചു തുടങ്ങി.

സ്വപ്നം സ്വപ്നം മാത്രമെന്ന യാഥാർത്ഥ്യത്തിലേക്ക് ഞാനെന്നെ വലിച്ചുണർത്തിയിട്ടും  പ്രസംഗം ഊക്കോടെ തെളിഞ്ഞു നിന്നു. 

"നിങ്ങള്‍ ചോദിക്കുന്നു,
എന്തുകൊണ്ടാണ് അവന്റെ കവിത
ഇലകളെയും കിനാവുകളെയും
ജന്മനാട്ടിലെ കൂറ്റന്‍ അഗ്നിപര്‍വതങ്ങളേയും കുറിച്ചു സംസാരിക്കാത്തത്?

വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ, കാണൂ
ഈ തെരുവുകളിലെ രക്തം.
വരൂ, രക്തം കാണൂ!
ഈ തെരുവുകളിലെ രക്തം." 

I’m Explaining a Few Things

by Pablo Neruda

You will ask: But where are the lilacs?
And the metaphysics covered with poppies?
And the rain that often struck
his words, filling them
with holes and birds?

I am going to tell you what’s happening to me.

I lived in a barrio
of Madrid, with bells,
with clocks, with trees.

From there you could see
the parched face of Castile
like an ocean of leather.
My house was called
the house of flowers, because from everywhere
geraniums burst: it was
a beautiful house,
with dogs and children.
Raul, do you remember?
Do you remember, Rafael?
Federico, do you remember
under the ground,
do you remember my house with balconies
where the June light drowned the flowers in your mouth?
Brother, brother!
Everything
was loud voices, salt of goods,
crowds of pulsating bread,
marketplaces in my barrio of Arguelles with its statue
like a pale inkwell set down among the hake:
oil flowed into spoons,
a deep throbbing
of feet and hands filled the streets,
meters, liters, the hard
edges of life,
heaps of fish,
geometry of roofs under a cold sun in which
the weathervane grew tired,
delirious fine ivory of potatoes,
tomatoes, more tomatoes, all the way to the sea.

And one morning all was burning
and one morning bonfires
sprang out of the earth
devouring humans,
and from then on fire,
gunpowder from then on,
and from then on blood.

Bandidos with planes and Moors,
bandidos with rings and duchesses,
bandidos with black friars signing the cross
coming down from the sky to kill children,
and in the streets the blood of the children
ran simply, like children’s blood.

Jackals the jackal would despise,
stones the dry thistle would bite on and spit out,
vipers the vipers would abominate.

Facing you I have seen the blood
of Spain rise up
to drown you in a single wave
of pride and knives.

Treacherous,
generals:
look at my dead house,
look at Spain broken:
from every house burning metal comes out
instead of flowers,
but from every crater of Spain
comes Spain
from every dead child comes a rifle with eyes,
from every crime bullets are born
that will one day will find out in you
the site of the heart.

You will ask: why doesn’t his poetry
Speak to us of dreams, of leaves
of the great volcanoes of his native land?

Come and see the blood in the streets,
come and see
the blood in the streets,
come and see the blood
in the streets!

പനി

പനി യോർമ്മ

വീണ്ടും പനി ദിനങ്ങൾ.

 ഇടക്കിടക്കിങ്ങനെ പനിവരാനെന്തേയെന്ന് സഹപ്രവർത്തകരുടെയും നല്ല പാതിയുടേയും സന്ദേഹം. അവർക്ക് പക്ഷെ അറിയില്ല, ഈയിടെയായി, ഓരോ പനിയും എന്നെ ബാല്യത്തിന്റെ പച്ചപ്പിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നെന്ന്. 

അന്നത്തെ പനിയുറക്കങ്ങൾ . പുരപ്പുറത്ത് തിമർക്കുന്ന എടവംവും കർക്കടകവും.  മൂക്കടഞ്ഞു പോയതിനാൽ വായ തുറന്ന് വച്ച് കാത് പൊത്തി,കണ്ണടച്ച് കമഴ്ന്ന് കിടക്കും. എവിടെ ഉറക്കം വരാൻ! മേലാകെ ചൂട് ചൂഴ്ന്നിരിക്കും . പുക പൊങ്ങുന്നുവോ? ഇച്ചിരി കാത്ക്കൂർപ്പിച്ചാൽ തൊട്ടടുത്ത പൂജാമുറിയിൽഅച്ഛൻ നാമം ജപിക്കുന്നതിന്റെ മന്ത്രസ്ഥായീ സ്വനം. പിന്നെ ഞാൻ കാണുകയായി, പതിഞ്ഞൊഴുകുന്നൊരു കടും പച്ചപ്പുഴ. അതിൽ അരിപ്പൂക്കൾ ഒഴുകിപ്പോകുന്നു. അഭൗമ വർണ്ണങ്ങളിയന്ന അരിപ്പൂക്കൾ. എത്രെയെത്രയോ അരിപ്പൂക്കൾ. ചിലവ ആരോ വാഴയിലയിൽ വച്ചൊഴുക്കിയതാണ്. കൂടുതലും, പുഴയൊഴുക്കോട് ചേർന്നങ്ങനെ താനെ ഒഴുകുന്നവ. ഉറക്കവും ഉണർവും കലർന്ന് വേർപ്പ് മെയ് പൊതിയുമ്പോൾ വരികയായി ടിപ്പുവിന്റെ പട .മുഞ്ഞോറക്കുന്ന് കേറി മറിഞ്ഞ്, കൊറിഞ്ഞൂറു മ്മത്താഴ വയലിലൂടെ കട്ടൻ കോട്കുന്ന് പാഞ്ഞ് കയറി ആയിരമല്ല, പതിനായിരം പടക്കുതിരകൾ . ടിപ്പുവോടൊപ്പം പ്രിത്വിരാജ് ചൗഹാനുമുണ്ട്. വെളുത്ത് തുടുത്ത ചേതക്കെന്ന കുതിരപ്പുറത്ത് . 
നനുത്ത വാത്സല്യം തണുപ്പിച്ച കൈത്തലം നെറ്റിയിലമരുമ്പോൾ പട മറയും. അച്ഛൻ. കൈക്ക്, ചന്ദനത്തിരിയുടെ ശുഭ ഗന്ധം. എൻെറ വിറക്കുന്ന ഉടലാകെ വാത്സല്യം പടരുന്നു.  "എന്തായീ പനി കുറയാത്തതെന്ന" വേവലാതി.  " എഡേ..എഡേ... ചെക്കന് വല്ലാണ്ട് പനിക്കുന്നല്ലോ" എന്നമ്മയോട് . ഓടിപ്പിടച്ചെത്തി എന്നെത്തൊടുന്ന അമ്മക്കൈത്തണുവ്. " അയ്യോ " എന്ന തേങ്ങൽ . എന്റെയുള്ളിൽ അപ്പോഴും ഒഴുകുന്ന അരിപ്പൂക്കൾ .

രാവെളുക്കുവോളം മാറി മാറി എന്നെ തലോടുന്ന സാന്ത്വനത്തിന്റെ ഒപ്പം പരിഭ്രമത്തിന്റെ സ്പർശങ്ങൾ, ശബ്ദങ്ങൾ . പനിപ്പകലുകൾ തുടങ്ങിയിരുന്നത് കഞ്ഞിപിഴിഞ്ഞി സ്തിരിയിട്ട അച്ഛന്റെ പരുക്കൽഖാദിക്കുപ്പായത്തിന്റെ മണമറിഞ്ഞു കൊണ്ടാണ്. തോളത്ത് തളർന്നു് പറ്റിക്കിടക്കുന്ന എന്നെയും പേറി ആശുപത്രിയിലേക്ക്, വേഗം വേഗം നടന്ന് കിതച്ച്, കൈ കഴക്കു മ്പോൾ "മോന് കൊറച്ച് ദൂരം നടക്കാനാവോ" ന്നെന്നെ താഴെ വച്ച്, ഒരടി നടക്കാർ ശ്രമിക്കവെ തളർ തപോവുന്ന എന്നെക്കണ്ട് "അയ്യോ " യെന്ന് കണ്ണ് നനഞ്ഞ്!

ഒരു മദ്ധ്യവേനലവധി ഓർമയിൽ നിന്ന് ഒരിക്കലും മായില്ല. "ഇബന് മഞ്ഞക്കാമല്യാണല്ലോ മാഷേ" ന്ന് പപ്പു ഡോക്ടർ അച്ഛനോട്പറഞ്ഞ മെയ് മാസം . കൊടിയ പനിയുടെ ഛർദ്ദിയുടെ, വിശപ്പില്ലായ്മയുടെ , അലി ഡോക്ടറുടെ ഫലമില്ലാ മരുന്നുകളുടെ മൂന്ന് ദിനരാത്രങ്ങൾക്ക് ശേഷമായിരുന്നു അച്ഛനെന്നെ മൊകേരിയിലെ പപ്പു ഡോക്ടറെന്ന അത്ഭുത ഭിഷഗ്വരന്റെ അടുത്ത് കൊണ്ടു പോയത്. കുഞ്ഞുകുഞ്ഞു പൊതികളിലെ ദുസ്വാദാണ് പപ്പു ഡോക്ടറുടെ രോഗശമനോപാധി. നാലു നേരം. ഓരോ നേരത്തേയും പൊതിയഴിപ്പ് ഛർദ്ദിയായി ഒലിച്ചുപോയി. ഞങ്ങളുടെ ഓല മേഞ്ഞ പഴയ വീട്.  തുറക്കുമ്പോൾ വൻ ശബ്ദമുയർത്തുന്ന കനത്ത വാതിൽ പാളികൾ. ഇരുട്ട്. അന്ന്, മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കുകളായിരുന്നല്ലോ ഞങ്ങൾക്കുണ്ടായിരുന്നത്! വരാന്തയിൽ നിന്ന് അകത്തേക്ക് കടന്നാൽ നീണ്ടൊരു മുറി. അതിൽ നിന്ന് തുറക്കുന്ന രണ്ടു ചെറിയ മുറികൾ . ഒന്ന് അച്ഛന്റെ പുജാ മുറി.  പിന്നെയൊന്ന് അച്ഛനുമമ്മയും  കിടക്കുന്ന മുറി. അതിൽ ഞാൻ വിറച്ചു തളർന്ന് കിടന്നു. കൊടും മഴയുടെ താണ്ഡവം.  ഓലയിറയിൽ മഴ, പാറ്റേണുകൾ തീർക്കും. ചതുരം, ത്രികോണം. മഴ കടുക്കുമ്പോൾ പാറ്റേണുകൾ നഷടമാവുന്നു. ചാറ്റൽ മഴയിൽ തുള്ളി തുള്ളിയായി, ഒരോലച്ചീന്തിൽ നിന്ന് മറ്റൊന്നിലേക്ക് മഴനീർത്തുള്ളിക്കിടാങ്ങൾ ചാടിച്ചാടിക്കളിച്ചു.  താലോലം പാടുന്ന നനുത്ത മഴ തീർത്തും  മൂർത്തമായ ചതുരങ്ങളാണ് സൃഷ്ടിക്കുക. കണ്ണടച്ചു കിടന്നാലോ, തെറ്റാത്ത താളം . ദ്രുതമായ്, പിന്നെ മൃദുവായ്...

 ഒടുക്കമൊടുക്കം ഛർദ്ദിനിന്നു. പനി കുറഞ്ഞു. എന്നിട്ടും ഉപ്പില്ലാത്ത കഞ്ഞി. ഉപ്പിടാതെ വേവിച്ച തക്കാളിക്കറി. ഉമ്മറക്കോലായിൽ നിന്ന് അകത്തേക്ക് കയറിയെത്തുന്ന നീണ്ട മുറിയുടെ ഇടതു വശത്തായിരുന്നു ഇരുട്ട് പൊരുന്നയിരിക്കുന്ന അടുക്കള . കരിഞ്ഞ ഓലയുടെ തീ മണം അവിടെ എപ്പോഴും തങ്ങി നിന്നു. അമ്മക്കും ആ മണമായിരുന്നു . അടുക്കളയിൽ നിന്ന് കിഴക്കോട്ട് തുറക്കുന്ന കുടുസു വാതിലിലൂടെപുറത്തിറങ്ങിയാൽ, ചാണകം മെഴുകി കറുപ്പിച്ച വലിയ വരാന്ത.  അവിടെ ചമ്രം പടിഞ്ഞിരുന്നാണ് ഞാനും അനിയനും പിന്നെ ഒരു പാട് കൂട്ടുകാരും ഭക്ഷണം കഴിച്ചിരുന്നത്. അച്ഛൻ സ്ക്കൂളിലേക്ക് പോയ് കഴിഞ്ഞാൽ അമ്മയുടെ കൂട്ടുകാരികൾ വരും. എല്ലാർക്കും കുടിക്കാൻ വേണ്ടി അമ്മ, എന്നും വലിയൊരു പാത്രത്തിൽ നല്ല ചായയുണ്ടാക്കി വെക്കും. അവരുടെ സംഭാഷണം . പയ്യാരം . പരദൂഷണം എല്ലാം ഈ വരാന്തയിൽ തന്നെ.  ചാറ്റൽ മഴയിലൂടെ, അരിച്ചെത്തുന്നവ. പനിയുടെ അർദ്ധ ബോധം ഇവയെല്ലാം കഥകളും മങ്ങിയ മഞ്ഞച്ചായം ചേർന്ന കിനാക്കളുമായി എന്നിൽ അലിയിച്ചു...

കൗമാരാരംഭത്തിൽ, പനിയുടെ നിറം സ്വർണ്ണമായി. അരിപ്പുകൾ അപ്രത്യക്ഷരായി. പകരം മിന്നി മായുന്ന വർണ്ണക്കാഴ്ച്ചകൾക്കായി സ്ഥാനം. സ്ക്കൂളിലെ, അയൽപ്പക്കങ്ങളിലെ സുന്ദരിപ്പെൺകൊടികളുടെ നീൾമിഴിയിണകൾ . മിന്നലിളക്കം പോലെ മേനിയിളക്കം. കൗമാരം കടുത്ത്, യൗവനം തിങ്ങി യപ്പോഴേക്കും, പനി ദിനങ്ങൾ വിരളമായി. പിന്നീടോർമ്മയുള്ള പനി രാപ്പലുകൾ കരിയിലകളിലെ, പൂഴി പ്പരപ്പിലെകാൽ പെരുമാറ്റങ്ങളാൽ നിറഞ്ഞു. ഞാനും കൂട്ടുകാരനും Anwer Paleri നടനുതീർത്ത കാട്ടു പാതകൾ. കുറ്റ്യാടിപ്പുഴയുടെ മണൽപരപ്പ്. പനിമൂർച്ഛയിലെല്ലാം ഞാനവനോട് ഓ.വി.വിജയന്റെ നോവലുകളെക്കുറിച്ച് പറഞ്ഞു. രവിയെ കടിച്ചമൂർഖ നിപ്പോൾ ജാനകിക്കാട്ടിലെ പുല്ലാഞ്ഞി ചെടികൾക്കിടയിൽ പതിയിരിപ്പുണ്ടെന്ന് പറഞ്ഞു. അവൻ ദേശാന്തര യാത്ര തുടങ്ങിയ കാലത്തെങ്ങോ, ഇനിയൊരിക്കലും വിമാനമിറങ്ങാനിടയില്ലാത്ത, കുറ്റിച്ചെടികൾ നിറഞ്ഞ റൺവേയുള്ള പൊളിഞ്ഞ വിമാനത്താവളത്തിന്റെ വാഷ് റൂമിൽ ഞാൻ പാതി പൊട്ടിയ കണ്ണാടിയിലേക്ക് പകച്ച് നോക്കുന്നത് ദീർഘനേരം കണ്ടിരുന്നു.
അഴിയൂരിലെ വേനലിൽ ച്ചുട്ട ഇടവഴിയിൽ ചെമ്പകപ്പൂക്കൾ വീണു കിടന്നിടത്ത് ചേരകൾ ഇണചേരുന്നതും പനിക്കാഴ്ചയായിരുന്നു . അന്നേരമെല്ലാം കൊടിയ ഏകാന്തതയിലാണ് ഞാൻ ആണ്ടു പോയത്.

പ്രായമേറിയപ്പോൾ ചുട്ടുപൊള്ളുന്ന മസ്തിഷ്കം സ്ഥായിയായി. പനിക്കിടക്കയിൽ, ടാലിയാവാത്ത ബാലൻ ഷീറ്റുകളും വിറ്റുതീരാത്ത സെപയർപാർട്ട് സുകളും മുതുകു തകർക്കുന്ന ടാർഗറ്റുകളും അട്ടകളെപോലെ അള്ളിപ്പിടിച്ചു. അറപ്പ്..  പനിവരല്ലേയെന്ന് പ്രാർത്ഥന. പനി വന്നെന്ന് അധികാരമാളുനോരെ ബോധ്യപ്പെടുത്തി അവധി നേടാനുള്ള ബുദ്ധിമുട്ട്.

പക്ഷെ ഈയിടെയായെന്തോ .. പനി വരാൻ ഞാൻ കാത്തിരിക്കുന്നു.  ഞങ്ങളുടെ പഴയ വീട്ടിലെ ഇരുളുറങ്ങുന്ന തെക്കിനി ഞാനോർക്കുന്നു. ഉഷ്ണക്കൊടുമുടികളിലെ പ്പൊഴോ മന്ദമൊഴുകുന്ന പച്ചപ്പുഴയിൽ അരിപ്പൂക്കൾ നീങ്ങി നീങ്ങിപ്പോകുന്നത് കാണുന്നു. ചന്ദനത്തിരിയുടെ ശുഭഗന്ധം പരക്കുന്നു. ഒരു നനുത്ത കരമെന്റെ മുടിയിൽ തലോടി മെല്ലെപറയുന്നു. "ഈ മഴ പെയ്ത് തോരുമ്പോഴേക്ക് മോന്റെ പനിയെല്ലാം പോകും കേട്ടോ !"

പപ്പു ഡോക്ടർ

വടകരയിൽ, പരിചയമില്ലാത്ത കച്ചവടം നടത്തി പരാജയത്തിന്റെ പടുകുഴിയിലേക്ക് ആലംബമില്ലാതെ ആണ്ടുപോയ  നാളുകൾ തികച്ചും ദുരിതപൂർണ്ണങ്ങളായിരുന്നു; ശാരീരികമായും മാനസികമായും. 

പെട്ടെന്നൊരു ദിവസം എനിക്ക് തലകറക്കം അനുഭവപ്പെടാൻ തുടങ്ങി. നിൽക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ ചുറ്റുമുള്ളതെല്ലാം എനിക്കുചുറ്റും കറങ്ങി. പലപ്പോഴും അടിതെറ്റി. ബസ്സിലിരുന്നായിരുന്നു വായന നടക്കാറ്. വായിക്കുന്നത് പോയിട്ട് പുസ്തകത്തിലേക്ക് നോക്കാൻ പോലും വയ്യ.  ഒന്ന് രണ്ട് പ്രാവശ്യം ഛർദ്ദിക്കുകയും  ചെയ്തു.

ഡോക്ടറെ കാണാൻ കയ്യിൽ കാശില്ല. എന്നാലും ഇത് വച്ചിരിക്കാൻ പറ്റില്ലല്ലോ എന്ന് അച്ഛൻ പെൻഷൻ കിട്ടിയതിൽനിന്ന്  കുറെ രൂപ തന്നു. വടകരയിലെ മികച്ച് മൂന്ന്  ഡോക്ടർമാരെ ഒന്നിനു പിറകെ ഒന്നായി ഞാൻ  പോയിക്കണ്ടു. രക്തപരിശോധന, രക്ത സമ്മർദ്ദ പരിശോധന എല്ലാം കഴിഞ്ഞ്  എൻ്റെ ശരീരത്തിൽ ഒരുപിഴവും കണ്ടെത്താനാവാതെ മൂന്നു വിദഗ്ദ്ധരും കുഴങ്ങി. ഒടുക്കമൊരാൾ തല സ്കാൻ ചെയ്യണമെന്ന് നിർദേശിച്ചു. അച്ഛൻ തന്ന രൂപ അതിനുകൂടി തികയുമായിരുന്നില്ല. 

ആശുപത്രിയിൽ നിന്നിറങ്ങി കറങ്ങുന്ന തലയുമായി ഞാൻ വടകര പുതിയ ബസ്റ്റാന്റിനടുത്തുകൂടെ നടക്കുകയായിരുന്നു. അപ്പോൾ  ഒരു കെട്ടിടത്തിന്റെ ബേസ്‌മെൻറ് എന്ന് തോന്നിക്കുന്ന  മുറിക്കു മുൻപിൽ ഒരു ബോർഡ് കാണുന്നു. 'ഡോ. പി .പി  പത്മനാഭൻ (പപ്പു ഡോക്ടർ)'. ആശ്വാസത്തിന്റെ പാലാഴി തന്നെ ഉള്ളിൽ നുരഞ്ഞു പൊന്തി. ഡോക്ടർ വടകരയുള്ളത് എനിക്കറിയില്ലായിരുന്നു. ഒരുപാട് പേർ  ഡോക്ടറെ കാണാൻ കാത്തിരിപ്പുണ്ട്. ചീട്ടെടുത്തു. നൂറിൽ കുറയാത്ത ഫീസ് മറ്റു ഡോക്ടർ മാർ ഈടാക്കിയിരുന്ന ആകാലത്തും പപ്പുഡോക്ടറിന്റെ ഫീസ് പത്ത് രൂപയായിരുന്നു. 

കുറെ നേരം കാത്തിരുന്ന്  ഉള്ളിൽ കടന്ന എന്നെ വിശദമായിത്തന്നെ  പരിശോധിച്ചു. കണ്ണിലും മൂക്കിലും ചെവിയിലും ടോർച്ചടിച്ചു നോക്കി. എന്നിട്ട് ഒരു കത്തെഴുതാനാരംഭിച്ചു. ഇതെന്ത് എന്നമ്പരന്നിരുന്ന എന്നോട് കത്തെഴുതി തീർത്ത് , ഒരു കവറിലിട്ട് നീട്ടിക്കൊണ്ട് പറഞ്ഞു," ശ്രീനാരായണ സ്കൂളിനടുത് ഒരു ഇ എൻ ടി സ്പെഷ്യലിസ്റ്റണ്ട്. ചെറുപ്പക്കാരനാ... ഓനെ പ്പോയികണ്ട് ഈ കത്ത് കൊടുത്താൽ  ഇയാളുടെ ചെവിയിൽ കട്ടപിടിച്ച കിടക്കുന്ന വാക്സ്  എടുത്തു തരും. വേറൊന്നും വേണ്ട..... " വാക്സ് എടുത്തു. തലകറക്കവും മാറി. ആധുനിക വിദഗ്ദ്ധന്മാരുടെ ആശുപത്രികളിൽ ചെലവാക്കിയ രൂപയെല്ലാം വെറുതെ!!

ഇതായിരുന്നു ഞങ്ങളുടെ പപ്പു ഡോക്ടർ. രോഗം കണ്ടെത്തുന്നതിൽ അത്യപൂർവ സിദ്ധിയുണ്ടായിരുന്ന അനുഗ്രഹീത ഭിഷഗ്വരൻ. മൊകേരിയിലെ മോഹനാ ഫാർമസി ഒരു നാടിന്റെ മുഴുവൻ ആശ്വാസ കേന്ദ്രമായിരുന്നു. അച്ഛന്റെ വിരലിൽ തൂങ്ങി എത്ര തവണ വലിപ്പത്തിൽ ചെറുതും  എന്നാൽ മഹത്വത്തിൽ ബൃഹത്തുമായ ആ സ്ഥാപനത്തിൽ പോയിരിക്കുന്നു..മറ്റെങ്ങും ശമനമില്ലാതെ വയ്യായ്കയും  പേറി എന്നും വലിയൊരാൾക്കൂട്ടം പപ്പുഡോക്ടറെ കാത്തുനിന്നിരുന്നു. 

അത്ഭുതം എന്ന് തോന്നിക്കുന്ന, എന്നാൽ സത്യങ്ങളായ എത്ര കഥകളാണ് പപ്പു ഡോക്ടറെ കുറിച്ചുള്ളത്!! 

അദ്ദേഹം വിടവാങ്ങുമ്പോൾ ഒരു നാടിന്റെ ഹൃദയമാണ് നുറുങ്ങിപ്പോകുന്നത്. 

വൈദ്യശാസ്ത്രം  കച്ചവടമല്ലാതിരുന്ന ഒരുനാളിൽ, ഭാരിച്ച സംഖ്യകളുടെ ടെസ്റ്റുകളിലൂടെയല്ലാതെ ,   നാഡിമിടിപ്പിലൂടെ ആയുസ്സിനെ അളന്നിരുന്ന ഭിഷഗ്വരന്മാരുടെ പരമ്പരയിലെ അവസാനത്തേതെന്ന് പറയാവുന്നയാളും  പടിയിറങ്ങിപ്പോയിരിക്കുന്നു. . 

ചൂഷണം ചെയ്യപ്പെടുമോ എന്ന ഭയത്തോടെയല്ലാതെ സമീപിക്കാനാകുന്ന ആതുരാലയങ്ങൾ അന്യമായിപ്പോയ  ഈ കെട്ടകാലത്ത്, രോഗമുക്തി യുണ്ടാകുമെന്ന ഉറപ്പോടെ ചെല്ലാൻ ഇനി ഞങ്ങൾക്ക് പപ്പുഡോക്ടറില്ല...

പൊക്കി

അതൊരു വല്ലാത്ത രാത്രിയായിരുന്നു. അവളെ കാണാതായി. കളിപ്പിക്കാനാവുമെന്നുകരുതി ഒളിച്ചിരിക്കാനിനിടയുള്ള അരികും മൂലയും പലവുരു തിരഞ്ഞു. അടുക്കളയിൽ, കിടപ്പുമുറിയിൽ, പൂജാമുറിയിൽ ... എങ്ങുമില്ല. എനിക്ക് കരച്ചിൽ വന്നു. അവളെവിടെ പോയി. സ്ക്കൂളിൽ നിന്ന് ഞാൻ വരുമ്പോൾ ഉമ്മറപ്പടിയിൽ എന്നെ പതിവായി കാത്തു നിൽക്കാറുള്ളവളാണ്. ഞാനെത്താതെ ആഹാരം പോലും കഴിക്കാത്തവൾ.

കഴിഞ്ഞ സ്ക്കൂളവധി തുടങ്ങി പിറ്റേ ദിവസം വൈകുന്നേരമാണ് അച്ഛനത് പറഞ്ഞത്. അച്ഛൻ അങ്ങാടിയിൽ പോയി വന്നയുടനെ എന്നെ വിളിച്ചു. മുഖം നിറഞ്ഞ ചിരി. 
"ഞ്ഞി നാളെ രാവിലെ പോക്കറ് ഹാജീന്റെ വീട്ടിൽ പോയി, ഓളെയിങ്ങ് കൂട്ടിക്കൊണ്ട് പോരി. "  ആരെ എന്ന ചോദ്യത്തിന്, ഹാജിയാരുടെ മോളെയെന്ന് കുസൃതിച്ചിരി. എനിക്ക് ബഹു സന്തോഷം. എത്ര നാളായി അച്ഛനോട് പറയുന്നു! ഒത്തിരി നാളത്തെ ആഗ്രഹം ഇതാ സഫലമാകാൻ പോവുന്നു. 

പിറ്റേന്ന്  കുളിയും ചായ കുടിയും നേരത്തെ കഴിച്ച് ഞങ്ങൾ, അനിയനും ഞാനും പുറപ്പെട്ടു. പോക്കർ ഹാജിയുടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം കട്ടൻ ചായയുമായി വരാന്തയിൽ ഇരിക്കുന്നു. പ്രൗഢഗംഭീരൻ. ഖദർ കുപ്പായം. ചുമലിൽ തോർത്ത്. അടുത്ത് ഭാര്യയും നിൽപ്പുണ്ട്. 

ആരാ? എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ശേഖരൻ മാഷിന്റെ മക്കളാണെന്നും മോളെ കൊണ്ടുപോകാൻ വന്നതാണെന്നും മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് സ്നേഹവും വാത്സല്യവും ഒപ്പം കുസൃതിയും നിറഞ്ഞു. ചായ കുടിച്ചതാണോ മക്കളേ എന്ന ചോദ്യത്തിന് അതെയെന്ന് ഞങ്ങൾ തലയാട്ടി. "ഓളെവിടെ?" എന്ന് ഭാര്യയോട് ചോദിച്ചതിന് " അകത്ത് കോണിപ്പടിയിൽ ഇരിപ്പുണ്ടെന്ന് " ഉമ്മ മറുപടി പറഞ്ഞു.  " ചെന്ന് വിളിച്ചോണ്ട് പോയ്ക്കോ" എന്ന അനുവാദം കേട്ട വാറെ ശരം വിട്ട പോലെ ഞങ്ങൾ അകത്തേക്കോടി. അതാ കോണിപ്പടിയിൽ അവളിരിക്കുന്നു. വെള്ളയിൽ കറുപ്പു പടർന്ന കുപ്പായമിട്ടവൾ. അതിസുന്ദരി. ഞാൻ ചെന്നു തൊട്ടപ്പോൾ അവൾ പ്രതിഷേധിച്ചില്ല. "മ്യാവൂ" എന്ന് ചെറുതായി മൊഴിഞ്ഞു. നന്നായി മെരുങ്ങിയിരിക്കുന്നു. "എന്താ ഇവളുടെ പേര് ?'' എന്ന് ഞാൻ ചോദിച്ചതിന് "പേരൊന്നുമിട്ടില്ലെന്ന് " കോലായിൽ നിന്ന് ഹാജിയാർ മറുപടി പറഞ്ഞു. "പേര് മാഷെന്നെ ഇട്ടോട്ടെ ഇവക്ക് "

കുട്ടികളില്ലാത്ത പോക്കർ ഹാജിക്ക് പൂച്ചകളായിരുന്നല്ലോ മക്കൾ. അബുബക്കർ എന്നും, ആമിന എന്നും, റഫീക്കെന്നും റസീന എന്നും റസിയ എന്നും റസാക്കെന്നും പേരുള്ള ധാരാളം പൂച്ചകൾ കൊഴുകൊഴാ കൊഴുത്ത് വീടിനകത്തും പുറത്തും മദിച്ചു നടന്നു. പല വർണ്ണത്തിലുള്ള ഇലകളുള്ള ചെടികൾ പോക്കർ ഹാജിയുടെ വീട്ടിൽ ധാരാളമുണ്ടായിരുന്നു. അവയുടെ കമ്പ് തേടിച്ചെന്ന ദിവസമാണ് ഞാൻ സുന്ദരൻമാരും സുന്ദരികളുമായ പൂച്ചകളുടെ സമ്മേളനം കാണാനിടയയത്. അന്നു മുതൽ അച്ഛനെ ശല്യപ്പെടുത്തുന്നതാണ് പോക്കർ ഹാജിയോട് ഒരു പൂച്ചക്കുട്ടിയെ ചോദിക്കാൻ. 

വീട്ടിലേക്ക് നടക്കുമ്പോൾ അവൾ എന്നോട് ഒട്ടിക്കിടന്നു. ഒരു ചെറിയ ഒച്ച പോലുമില്ല. കുർ.. കുർ.. എന്ന സ്നേഹ ശബ്ദം മാത്രം. പൂച്ചക്കുട്ടികളെ പിടിക്കാൻ ചെല്ലുമ്പോൾ അവർ ഹെ! ഹെ! എന്നൊച്ചയുണ്ടാക്കി പുറകോട്ട് ചാടുമെന്നും, പിടിച്ചാൽ തന്നെ മാന്തിപ്പറിക്കുമെന്നൊക്കെ എന്റെ ഏറ്റവുമടുത്ത കൂട്ടുകാരൻ ശശി പറഞ്ഞു തന്നത് തെറ്റാണെന്ന് ഞാൻ മനസ്സിലാക്കി. (അത് ശരിയായിരുന്നെന്ന് പിന്നീട് ഒരിളമുറ ത്തമ്പുരാൻ കൈത്തണ്ടയിൽ സുദീർഘമായ മൂന്ന് സമാന്തര രക്ത രേഖകൾ സമ്മാനിച്ചപ്പോൾ വേദനയോടെ അറിയുകയുമുണ്ടായി )

വീട്ടിലെത്തിയതും "പൊക്കി" യെ കൊണ്ടോന്നോ? ന്ന് അച്ഛന്റെ ചോദ്യം. അവൾക്കിടാൻ,''പൊക്കി"യെന്ന പേര് അച്ഛൻ ആദ്യമേ കണ്ടു വച്ചിരുന്നോ? 

അന്ന് രാത്രി കരഞ്ഞു വിളിച്ച് തേരാപ്പാര നടന്ന് ഞങ്ങളുടെ ഉറക്കം കളഞ്ഞതൊഴിച്ചാൽ ഒരു ബഹളവും അവൾ പിന്നെ ഉണ്ടാക്കിയില്ല. ഞങ്ങൾ എറിഞ്ഞ ഗോലികൾ ഓടിച്ചെന്ന് തട്ടിയും, ഇളകുന്ന ഇലകളിൽ ഉന്നം പിടിച്ച് ചാടി വീണും , മുറ്റത്തെ കാക്കകളെ ഓടിച്ചും , ഇളം വെയിലിൽ മലക്കം മറിഞ്ഞും അവൾ ഞങ്ങളുടെ ദിവസങ്ങളുടെ  ഒഴിവാക്കാനാവാത്ത ഭാഗമായി. 

ഇച്ചിരി പാല്, ഒരു മീൻ കഷണം , ചോറുണ്ണുമ്പോൾ കുറച്ചകലെ നിലത്ത് അതിന്റെ ഒരു പങ്ക്. ഇത്രയും മതിയായിരുന്നു പൊക്കിക്ക്. ഞാൻ സ്ക്കൂളിൽ പോകുമ്പോൾ ഇട വഴി വരെ എനിക്ക് കൂട്ട് . സ്ക്കൂളിൽ നിന്ന് തിരികെ വരുമ്പോൾ എന്നെയും കാത്ത് വാതിൽക്കൽ .എലിയെ കണ്ടാൽ ഓടിയൊളിക്കും എന്നൊരു കുറവ് മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ...

അവളെയാണു് കാണാതായിരിക്കുന്നത്.
അമ്മയും ഞാനും അകത്തെ തിരച്ചിൽ മതിയാക്കി പറമ്പു മുഴുവൻ തിരയാൻ തുടങ്ങി. "ഇനി കിണറ്റിലെങ്ങാൻ വീണോ?" അച്ഛന്റെ ചിന്ത അങ്ങനെ പോയി. കിണറ്റിലേക്ക് ടോർച്ചടിച്ച് കുറേ നേരം അച്ഛൻ കിണറ്റുകരയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. നേരം ഇരുട്ടിയിരുന്നു. " അതിനെ എന്തോ പിടിച്ചു തിന്നു!" അമ്മ തിരച്ചിൽ മതിയാക്കി. ഞാനുറക്കെ കരയാൻ തുടങ്ങി. അച്ഛൻ അടുത്ത് വന്ന് തലയിൽ തടവിക്കൊണ്ട് പറഞ്ഞു. " ഞാൻ പോക്കർ ഹാജിയോട് വേറൊന്നിനെ തരാൻ പറയാം" എന്റെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി. പുതുതായി വരുന്നതൊന്നും എന്റെ പൊക്കിയാവില്ലല്ലോ .. 

അച്ഛന്റെയും അമ്മയുടെയും പിൻ വിളികൾ ധിക്കരിച്ച് ഞാൻ അയൽപ്പക്കങ്ങളിലെല്ലാം പോയി തിരക്കി." വെളുപ്പിൽ കറുത്ത പുള്ളികളുള്ള ഒരു പൂച്ചക്കുട്ടി ഇവിടെ വന്നോ ?" പലയിടത്തും എന്റെ ശബ്ദമിടറിയും , മുറിഞ്ഞും, കരച്ചിലിൽ കുരുങ്ങി യുമിരുന്നു ... എല്ലാരും അനുകമ്പയോടെ എന്നോട് പറഞ്ഞു. " ഇല്ലല്ലോ മോനേ... ഇവിടെ വന്നാൽ പറയാം, കേട്ടോ...'' വട്ടപ്പറമ്പിലെ മറിയുമ്മ മാത്രം മുയലിനെ പോലെ എന്തോ ഒന്ന് സന്ധ്യക്ക് ഓടിപ്പോകുന്നത് കണ്ടു എന്നു് പറഞ്ഞു.

ഒരു ജീപ്പിനുള്ളിൽ കുടുങ്ങി അവൾ ചത്തു പോയെന്നും, കല്ലുവെട്ടാങ്കുഴിയുടെ ഉള്ളറയിലെവിടെയോ കുടുങ്ങി കരഞ്ഞു കരഞ്ഞുകൊണ്ടിരിപ്പുണ്ടെന്നും ആ രാത്രി പലവുരു ഞാൻ സ്വപ്നം കണ്ട് ഞെട്ടി.

പക്ഷെ പിറ്റേന്നാൾ പുലർന്നത് അതി സന്തോഷകരമായ വാർത്തയുമായാണ്. വയലിനടുത്തുള്ള ഒരു വീട്ടിൽ ഇന്നലെ രാത്രി സുന്ദരിയായ ഒരു പൂച്ച യുവതി കേറിച്ചെന്നത്രേ. അവൾ ഒതുക്കത്തോടെയും മെരുക്കത്തോടെയും പെരുമാറുകയാൽ അവരതിനെ അവിടെ പുറത്തെങ്ങും പറഞ്ഞു വിടാതെ കാത്തു വച്ചിരിക്കുകയാണെന്നും ഉടമസ്ഥർ വന്നാൽ തിരിച്ചുനൽകാനും അല്ലാത്ത പക്ഷം അവിടെ വളർത്താനുമാണ് തീരുമാനമെന്നും, തെങ്ങുകയറാൻ വന്ന ബാലേട്ടൻ പറഞ്ഞു. 
പൊക്കിയെ കാണാതായ വിവരം ആദ്യ മറിഞ്ഞവരിലൊരാൾ ബാലേട്ടനായിരുന്നു.

ഞാനും അനിയനും ഓടി. അവളതാ ഇരിക്കുന്നു. കുഞ്ഞിപ്പറമ്പ് വീട്ടിലെ അകത്തളത്തിലെ കോണിപ്പടിയിൽ..

വീട്ടിൽ വന്ന് ഇച്ചിരി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അവളുടെ ഇറങ്ങിപ്പോകലിന്റെ രഹസ്യം പിടികിട്ടിയത്. അവൾക്ക് ക്ഷീണം. പരവേശം. വയറിന് തടി കൂടിക്കൂടി വരുന്നു . 

പൊക്കി വംശജരായ മാർജാര പരമ്പരയുടെ തുടക്കം. അവൾ പെറ്റത് രണ്ട് കുട്ടികളെ. ആണും പെണ്ണും. ആണിന് പൊക്കൻ എന്നും പെണ്ണിന് പൊക്കി സെക്കന്റ് എന്നും പേര്. വീട്ടിൽ പൂച്ചകൾ പെരുകി വന്നു. എല്ലാം പൊക്കനും പൊക്കിയും. കറുത്തവയെ മാത്രം കരിയൻ എന്നും കരിയാത്തി എന്നും വിളിച്ചു. പലപ്പോഴായി ചാക്കിൽ കെട്ടി, സൈക്കിളിൽ കയറ്റി കുറ്റ്യാടി അങ്ങാടിയിലേക്ക് നാടുകടത്തിയിട്ടും പൊക്കി വംശത്തിന് കുറവുണ്ടായില്ല. പിന്നീടെപ്പോഴോ പൂച്ചകൾ ഞങ്ങളുടെ വീട്ടിൽ നിന്നകന്നു. പക്ഷെ പൊക്കി വംശം പെരുകുക തന്നെയാണ്. ഞങ്ങളുടെ വീടെന്ന ചെറുസങ്കേതം വിട്ട്, കട്ടൻകോട് ദേശമാകെ...