Thursday, July 30, 2020

ആദ്യ സ്കൂൾ ദിനം



ആദ്യ സ്ക്കൂൾ ദിനം
______________________

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി അഞ്ച് പകുതി വരെ ഞങ്ങൾ ജീവിച്ചത് അഴിയൂരിലായിരുന്നു. 

അഴിയൂരിന് ഒരു പ്രത്യേകതയുണ്ട്. ഗംഗാധരേട്ടൻ ( മയ്യഴിയുടെ മരിച്ചു പോയ ചരിത്രകാരൻ സി എച്ച് ഗംഗാധരൻ.) പറയുന്നത് അഴിമുഖങ്ങൾ ഉള്ള ഊര് ആണ് അഴിയൂർ എന്നാണ്.

ശരിയായിയിരിക്കും.  ഒരു തുണി സഞ്ചിയും തോളിലിട്ട്, മാഹിയുടെ രാജ വീഥികളിലൂടെയും , അഴിയൂരിൻ്റെ, നാട്ടുമാങ്ങയും , ചെമ്പകപ്പൂവും, പിന്നെ വേനലും തെയ്യത്തോറ്റവും, ചേരകളുടെ ഇണചേരലും , മഞ്ചാടിയും മുക്കുറ്റിയും നിഴലും ചൂടുമായി ഉറങ്ങിക്കിടന്ന നാട്ടുവഴികളിലൂടെയും, ഒരു റബ്ബർ ചെരിപ്പിൻ്റെ സൗഭാഗ്യം പോലുമില്ലാതെ നടന്നു പോയ ,മുകുന്ദൻ്റെ ഉറ്റതോഴൻ ഗംഗാധരേട്ടന് തന്നെയാണ് രണ്ടു ദേശങ്ങളുടേയും കഥയും കാര്യവും പറയാൻ ഏറ്റം അർഹത. 

അഴിമുഖങ്ങളുടെ ആ നാട്, കോഴിക്കോട് ജില്ലയുടെ അതിരാണ്. പോണ്ടിച്ചേരി സംസ്ഥാനത്തിൽപെട്ട മയ്യഴിയുടെ ( മാഹിയുടെ) തുടക്കവും.  പൂഴിത്തല എന്ന പ്രദേശത്ത് നിന്ന് തുടങ്ങി മാഹി പുഴ വരെയാണ് മയ്യഴിയുടെ ദൂരം .വയനാടൻ മലകളിൽ നിന്നുത്ഭവിച്ച്, അമ്പത്തിനാല് കിലോമീറ്റർ ഒഴുകി അറബിക്കടലിൽ പതിക്കുന്ന മാഹി പുഴ .

ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ച് ജൂൺ മാസത്തിലാണ്, അഴിയൂർ ഫിഷറീസ് ഹൈസ്ക്കൂളിൽ ജോലി ചെയ്തിരുന്ന അച്ഛന്, കുറ്റ്യാടി ചെറിയ കുമ്പളം ഗവ: എൽപി സ്ക്കൂളിൻ്റെ പ്രധാനാദ്ധ്യാപകനായി സ്ഥലം മാറ്റം കിട്ടിയത്. 

അതിരാവിലെ അമ്മ ഉണ്ടാക്കുന്ന ചോറും ചമ്മന്തിയും മെഴുക്ക് പുരട്ടിയും ഒരു വാഴയില വാട്ടിയതിൽ പൊതിഞ്ഞു കെട്ടിയത്, ഒരു കറുത്ത ബാഗിൽ വച്ച് അച്ഛൻ എല്ലാ ദിവസവും കുറ്റ്യാടിക്ക് പുറപ്പെടും. തിരികെ എത്തുന്നത് രാത്രി വളരെ വൈകി. 

അച്ഛൻ കുറ്റ്യാടി പോകുന്നതിന് തൊട്ടു മുമ്പുളള അദ്ധ്യയനവർഷത്തിൽ ഏതോ ഒരു ദിവസം രണ്ടു മൂന്ന് സിഗരറ്റു പാക്കറ്റുകളുമായാണ് വൈന്നേരം സ്ക്കൂളിൽ നിന്ന് വന്നത്. ഞങ്ങളന്ന് അഴിയൂർ മൂന്നാം ഗേറ്റിന് സമീപമുള്ള ചാലുമ്മൽ എന്ന വീട്ടിലാണ് വാടകക്ക് താമസിച്ചിരുന്നത്.

എൻ്റെ ഓർമ്മയിൽ, തുമ്പപ്പൂ പോലെ, നെയ്യപ്പം പോലെ മുഗ്ധമധുരമായ കാലഘട്ടമായിരുന്നു അത്. ഒരു വലിയ ഞാവൽ മരവും, ഒരു ചെറു കാറ്റിളക്കത്തിൽ പോലും പഴങ്ങൾവർഷിക്കുന്ന അതിൻ്റെ കാരുണ്യവും അര നൂറ്റാണ്ടിനിപ്പുറത്തു നിന്ന് ഗൃഹാതുരത്വത്തോടെ ഞാനോർക്കുന്നു. 

അവിടെ തൊട്ടടുത്ത വീട്ടിൽ റൈറ്റർ അച്ചാച്ചനും ദേവൂട്ടി അമ്മമ്മയും ശോഭേച്ചിയും പപ്പിചേച്ചിയും പിന്നെ പിച്ചിയും മാന്തിയും കരഞ്ഞും കരയിപ്പിച്ചും കൂടെ നടക്കാൻ ലീനയും ഉണ്ടായിരുന്നു. പിന്നെ എൻ്റെ മൂന്നു ചക്ര സൈക്കിൾ തട്ടിപ്പറിച്ച് അതിൽ കയറിയിരുന്ന് തലങ്ങും വിലങ്ങും ഒട്ടും ദയയില്ലാതെ അതിനെ നെട്ടോട്ടമോടിക്കുന്ന, കമ്പൗണ്ടർ മുകുന്ദനമ്മാവൻ്റെ മകൻ, വികൃതി രാജാവ് പ്രവിയും. 

ഞങ്ങൾ താമസിച്ചിരുന്നതിന് തൊട്ടടുത്തു കൂടിയാണ് റെയിൽവേ കടന്നു പോയിരുന്നത്.    റൈറ്ററച്ചാച്ചൻ്റെ വീട്ടിൻ്റെ ചെങ്കുത്തായ പടികളിറങ്ങി നേരെ ചെല്ലുന്നത് റെയിലിലേക്കാണ്. നേരത്തെ പറഞ്ഞ മൂന്നാം ഗെയ്റ്റ് എന്ന സ്ഥലനാമം മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്കോട്ട്, മൂന്നാമത്തെ ലെവൽ ക്രോസിനെയാണ് ദ്യോതിപ്പി ക്കുന്നത്!

 വന്നയുടനെ അച്ഛൻ " വാ ഒരു വിദ്യകാണിച്ചു തരാം " എന്ന് എന്നെ അരികിലേക്ക് വിളിച്ചു. സിഗരറ്റിൻ്റെ പാക്കറ്റും അതിനകത്തെ "ഈ യകടലാസും" കൊണ്ട് എനിക്കച്ഛൻ ഒരു റേഡിയോ ഉണ്ടാക്കിത്തന്നു.  അലൂമിനി യം ഫോയിലിൻ്റ പിടിയും, ഒരു വശത്ത് അലൂമിനിയം ഫോയിൽ കൊണ്ടുള്ള വലിച്ചാൽ നീണ്ടു വരുന്ന ആൻറിനയുമുള്ള സുന്ദരൻ റേഡിയോ . എനിക്ക് ഒരു പാട് സന്തോഷമായി എന്ന് പറഞ്ഞാൽ ചെറുതായിപ്പോകും. സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യാതായി. റേഡിയോയും തൊട്ടടുത്ത് വച്ചാണ് ഞാനന്നുറങ്ങിയത്. പിറ്റേന്ന് രാവിലെ മുതൽ റേഡിയോയുടെ അലൂമിനിയം ഫോയിലുകൊണ്ടുണ്ടാക്കിയ കൊച്ച് നോബുകൾ തിരിച്ച്, ക്രീക്രൂന്ന് ശബ്ദമുണ്ടാക്കിയും ശോഭേച്ചി പാടിത്തന്ന "മല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ " എന്ന പാട്ട് റേഡിയോ യിൽന്നെന്ന പോലെ പാടിയുമാണ് ഞാൻ നടന്നത്.

ഉച്ചതിരിഞ്ഞപ്പോൾ അവൻ വന്നു കയറി. കുസൃതിയുടെ അപരനാമം. പ്രവി. പാട്ടും പാടിക്കൊണ്ടാണ് വരവ്. വന്ന് കയറിയതും നോട്ടം എൻ്റെ കയ്യിലെ മിനിയേച്ചർ റേഡിയോയിൽ പതിഞ്ഞു. "താ "... അവൻ റേഡിയോവിന് വേണ്ടി കൈ നീട്ടി. കൊടുക്കാൻ മനസ്സനുവദിച്ചില്ല. അവൻ്റെ കൺവട്ടത്ത് നിന്ന് മാറ്റി പിറകിൽ ഒതുക്കിപ്പിടിച്ചു. അവൻ വശത്തുകൂടെ വന്ന് റേഡിയോ തട്ടിപ്പറിച്ചു.  അടർന്നു പോയ കൺട്രോൾ ബട്ടണുകളും ദൂരെത്തെറിച്ചുവീണ ആൻറിനയും . വീണ്ടും വെറും സിഗരറ്റ് കൂടായി മാറിപ്പോയ അച്ഛനുണ്ടാക്കിത്തന്ന റേഡിയോ . 

കരച്ചിൽ ഒതുക്കാൻ കഴിഞ്ഞില്ല. വാ തുറന്ന് അലറിക്കരഞ്ഞു. "എന്തിനാ പ്രവീ അത് പോക്കിക്കളഞ്ഞത് ?" പ്രവിയുടെ അമ്മ വനജ ച്ചേച്ചി അവനെ ശാസിച്ചു. അവനത് കേട്ട മട്ടില്ല. എൻ്റെ മുച്ചക്ര സൈക്കിളിനോടായി ഗുസ്തി .

ഒക്കത്തെടുത്ത്, ഓരോ ഉരുളയും അയില മൊളൂഷ്യത്തിൽ മുക്കി, ഉരുള മേൽ അയിലയുടെ കുഞ്ഞു കഷ്ണം ചാർത്തി വായിൽ വച്ചു തന്നു കൊണ്ട് , മുറ്റത്തു കൂടെ ഏറെ നേരം അമ്മ എന്നെ എടുത്ത് നടന്ന ശേഷമാണ് ആ സങ്കടവും കരച്ചിലും അല്പമൊന്ന് അടങ്ങിയത്.

അച്ഛൻ സ്ക്കൂളിൽ നിന്ന് വന്നപ്പോൾ വീണ്ടും സങ്കടം പൊട്ടി. വീടിൻ്റെ കിഴക്കു വശത്തെ പറമ്പിൽ ഒരു കൊച്ച് കൃഷിത്തോട്ടം അച്ഛനും അമ്മയും ഉണ്ടാക്കിയിരുന്നു. കയ്പ്പക്ക, വെണ്ട, തക്കാളി, മുളക്. സ്ക്കൂളിൽ നിന്ന് വന്ന ശേഷം അച്ഛനാണ് കൃഷി, വെള്ളം കോരി നനക്കുക. അമ്മക്ക് ഭാരമുളളത് എടുക്കാൻ വയ്യല്ലോ! അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുവാവ ഉണ്ടല്ലോ! 

വെള്ളം നനക്കുമ്പോൾ അച്ഛൻ്റെ കൂടെ ഞാനും നടക്കും. ഒരു കുഞ്ഞിപ്പാട്ട കൊണ്ട്  വെള്ളം ചെടികൾക്ക് കീഴെയൊഴിക്കാൻ. അച്ഛൻ അന്ന് എന്നോട് പറഞ്ഞു. "മോൻ നാളെ സ്ക്കൂളിൽ വരുന്നോ?"  

പകലത്തെ സങ്കടങ്ങത്തെല്ലാം ദൂരെ തെറിച്ചു പോയി. ഉം.. ഉം എന്ന് അത്യാഹ്ലാദത്തോടെ ഞാൻ തലയാട്ടി. അച്ഛൻ്റെ കൂടെ പലവട്ടം ഞാൻ സ്ക്കൂളിൽ പോയിരിക്കുന്നു! അവിടെ അച്ഛൻ്റെ സഹപ്രവർത്തകരുണ്ട്. ബാലകൃഷ്ണൻ മാഷ്, ജനാർദ്ദനൻ മാഷ്... എല്ലാരും ചോക്കുകഷണങ്ങളും മുട്ടായിയും തരും. അച്ഛൻ പഠിപ്പിക്കുന്ന ചേച്ചിമാർ മടിയിൽ ഇരുത്തും...

രാവിലെ കുളിച്ചൊരുങ്ങി അച്ഛനോടൊപ്പം പുറപ്പെട്ടു. സ്ക്കൂളിലേക്ക് ഇച്ചിരി ദൂരം നടക്കാനുണ്ട്. നാഷണൽ ഹൈവേ 17 ൻ്റ ഓരത്താണ് സ്ക്കൂൾ . റോഡിൻ്റെ പടിഞ്ഞാറ് വശത്ത് അഴിയൂർ ഗവ: ഫിഷറീസ് ഹൈസ്ക്കൂൾ. കിഴക്ക് വശത്ത് എൽ പി സ്ക്കൂൾ . 

എന്നെ അച്ഛൻ എൽ പി സ്ക്കൂളിലേക്കാണ് കൊണ്ടുപോയത്. ആദ്യമായാണ് ഞാനവിടെ ചെല്ലുന്നത്. മൂന്ന് നാല് മാഷമ്മാർ ഇരിക്കുന്ന ഒരു മുറിയിലേക്ക് ഞങ്ങൾ കടന്നു.

"ഹാ! മഷോ?" അച്ഛനെ കണ്ടതും എല്ലാ അദ്ധ്യാപകർക്കും സൗഹൃദം.   " ഇവനെ ഏങ്ങോട്ടാ കൂട്ടിയത്?"

തടിച്ച് കറുത്ത ഒരു മാഷ് ചോദിച്ചു. അദ്ദേഹത്തെ എന്തോ എനിക്ക് ഇഷ്ടമായില്ല. "ഏതായാലും അടുത്ത കൊല്ലം മുതൽ സ്ക്കൂളില് പോണ്ടോനല്ലേ! രണ്ട് ദിവസം ഇവ്ടെ ഇരിക്കട്ടെ!" അച്ഛൻ ചിരിയോടെ പറഞ്ഞു. ഞാൻ കിടുങ്ങി. അപ്പോൾ അച്ഛൻ്റെ സ്ക്കൂളിലെ സൗഭാഗ്യങ്ങളിലേക്കല്ല എന്നെ കൊണ്ടു വന്നിരിക്കുന്നത്.  ഇവിടെ കലപില കൂട്ടുന്ന കുട്ടികൾക്കിടയിൽ ഇരിക്കാനാണ് !

"അതിനെന്താ ... ഞങ്ങള് പാട്ടെല്ലാം പാടി ഇവിടങ്ങ് കൂടൂല്ലേ " തടിച്ച് കറുത്ത മാഷ് എന്നെ ചേർത്തു നിർത്തി. 

"മോന് പാട്ട് പാടാൻ അറിയൂ ലേ ?" മാഷ് ചോദിച്ചു.

അറിയാം എന്ന് ഞാൻ തലയാട്ടി. 

"എന്നാ പാട് , കേക്കട്ടെ" അച്ഛനെ പോലെ തന്നെ വെള്ളയും വെള്ളയുമിട്ട വേറൊരു മാഷ്, കൈ പിടിച്ചു.

"എന്താ പേര് " വേറൊരു മാഷ് ചോദിച്ചു.

"മോനൂട്ടി " ഞാൻ ശങ്കിച്ച് ശങ്കിച്ച് മറുപടി പറഞ്ഞ് അച്ഛൻ്റെ മുഖത്ത് നോക്കി.

"ന്നാ മാഷ് പോയ്ക്കോ, മോനൂട്ടീൻ്റെ കാര്യം ഞാള് നോക്കാം " കറുത്ത മാഷ്.

അച്ഛൻ , അമ്മ കുളിർക്കെ എണ്ണതേപ്പിച്ചിരുന്ന എൻ്റെ മൂർദ്ധാവിൽ ഒന്ന് തൊട്ടു. " അച്ഛൻ ഉച്ചക്ക് വരാം, കേട്ടോ!" 

എന്നിട്ട് മെല്ലെ പടിയിറങ്ങി സ്ക്കൂൾ മുറ്റത്തെ പഞ്ചാര മണലിലൂടെ ഹൈസ്ക്കൂൾ ലക്ഷ്യമാക്കി നടന്നു. അച്ഛൻ്റെ വെളുത്ത ഹവായ് ചെരിപ്പ് മണൽ തെറിപ്പിച്ച് തെറിപ്പിച്ച് നീങ്ങിപ്പോകുന്നത് ഞാൻ നോക്കി നിന്നു. കണ്ണ് നിറയുന്നുണ്ടോ?

കറുത്ത് തടിച്ച മാഷ് എന്നെ ഒരു ക്ലാസ് മുറിയിൽ കൊണ്ടു പോയിരുത്തി. അത്ഭുതത്തോടെ നോക്കുന്ന ആൺകുട്ടിക്കും പെൺകുട്ടികളും. അരോടും ഒന്നും പറയാനും ചിരിക്കാനും തോന്നിയില്ല.

ജാലകത്തിനടുത്തുള്ള ഒരു ബെഞ്ചിലാണ് ഞാനിരുന്നത്. ജാലകത്തിലൂടെ നോക്കിയാൽ ഹൈസ്ക്കൂൾ കാണാം. അച്ഛൻ അവിടെ ഉണ്ട്. 

റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ നോക്കിയിരുന്നു. അടുത്തിരിക്കുന്നവർ സ്ലേറ്റിൽ പെൻസിലു കൊണ്ട് ചിത്രം വരക്കുകയാണ്. ഒരാൾ ഒരു പൂവ് വരച്ച് എന്നെ കാണിച്ചു. 

എനിക്കൊരു താത്പര്യവും തോന്നിയില്ല. അച്ഛനെ കാണണം.  

ഞാൻ പതുക്കെ എഴുന്നേറ്റ് ക്ലാസിലെ മേശക്ക് പിറകിലിരിക്കുകയായിരുന്ന കറുത്തു തടിച്ച  മാഷിൻ്റെയരികിൽ ചെന്നു.

" അച്ഛനെ കാണണം" അത് പറഞ്ഞതും കരഞ്ഞു പോയി. "അയ്യേ .... ഇത്ര വല്യ കുട്ട്യേള് കരയ്യോ?

" അച്ഛനെ കാണണം"  ഞാൻ കരഞ്ഞുകൊണ്ട് ആവർത്തിച്ചു. 

മാഷ് എൻ്റെ കൈ പിടിച്ച് മറ്റ്  മാഷന്മാരുടെയൊപ്പം അദ്ദേഹം നേരത്തെ ഇരുന്നിരുന്ന മുറിയിലേക്ക് നടന്നു. അവിടെ വേറെയാരും ഉണ്ടായിരുന്നില്ല. മാഷ് ഒരു പാത്രം തുറന്ന് ഒരു കഷണം പലഹാരം, അടയായിരുന്നു എന്നാണെൻ്റെ ഓർമ്മ, എനിക്ക് നേരെ നീട്ടി. 

" വേണ്ട! അച്ചനെ കണ്ടാ മതി" ഞാൻ കരഞ്ഞ് കൊണ്ടിരുന്നു. " അച്ഛൻ ഇപ്പം വരൂലോ! " മാഷ് പറഞ്ഞു.

പെട്ടെന്ന് മണിയടിച്ചു. ബഹളം പൊങ്ങി.  മണൽ നിറഞ്ഞ മുറ്റത്തേക്ക്  കുട്ടികളെല്ലാം ഓടിയിറങ്ങി.  കലപില ! കളിക്കുന്നവർ.  വരാന്തയിൽ വെച്ചിരുന്ന വലിയപാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നവർ... 

വിശാലമായ സ്ക്കൂൾ മുറ്റത്തിൻ്റെ ഒരറ്റത്ത് പെട്ടെന്നൊരു കൂട്ടക്കരച്ചിൽ, ബഹളം. "മോനി വിടെ ഇരി" എന്ന് കറുത്ത തടിച്ച മാഷ് ധൃതിയിൽ പുറത്തേക്കിറങ്ങിപ്പോയി. ഇച്ചിരി നേരം കൂടികരഞ്ഞ ഞാൻ കരച്ചിൽ നിർത്തി. അച്ഛൻ എപ്പോഴാണാവോ വരിക ! 

ഒരു മണിയടികൂടി. എല്ലാരും ക്ലാസിലേക്ക് കയറുന്നു. നിശബ്ദത. മാഷ് തിരിച്ചെത്തിയിട്ടില്ല. അച്ഛൻ സ്ക്കൂൾ മുറ്റത്തിനും കറു കറുത്ത റോഡിനുമപ്പുറത്തുള്ള വെളുത്ത ആ വലിയ കെട്ടിടത്തിലുണ്ട്. 

മെല്ലെ വരാന്തയിലേക്ക് നടന്നു. ആരുമില്ല. പടിയിറങ്ങി അച്ഛൻ നടന്നു പോയ ദിക്കിലേക്ക് പൂഴി തെരിപ്പിച്ചു കൊണ്ട് കൊടും വെയിലിലൂടെ ഞാനോടി.  ചുട്ടുപൊള്ളുന്നു. കാലിനടിയിലെ പൂഴിയും തലയിൽ തേച്ച എണ്ണയിൽ കത്തി നിന്ന വെയിലും.

ഇടക്കിടെ തിരിഞ്ഞു നോക്കി ആരും പിറകെ വരുന്നില്ല. നിരാലംബത, നിസ്സഹായത ആദ്യമായി അറിയുകയായിരുന്നു. പൊട്ടിപ്പൊട്ടിക്കരഞ്ഞുകൊണ്ട് റോഡിന് നേരെ ഓടി. 

റോഡ് മുടിച്ച് കടക്കണം ഹൈസ്ക്കൂൾ എത്താൻ. റോഡിലേക്ക് കാലെടുത്തു വച്ചതും ഞെട്ടിപ്പോയി. ഒരു ഭീമൻ ലോറി ഇടത്തു നിന്ന് വലത്തോട്ട് കൊടും കാറ്റു പോലെ ചീറി പാഞ്ഞു പോയി. തുടരെ തുടരെ കുറേ കാറുകളും . ഞാൻ പിറകോട്ടു മാറിയതും വലതു വശത്തു നിന്ന് ഒരു ബസ്സ് എൻ്റെ അടുത്തായി ബ്രേക്കിട്ട് നിന്നു. 

അതാ, ബസ്സിൽ നിന്ന് ഇറങ്ങി വരുന്നു! അച്ഛൻ!  

ഓടി വന്ന് എൻ്റെയരികിൽ കുനിഞ്ഞു നിന്ന് എൻ്റെ മുഖത്തെ കണ്ണീര് തുടച്ചു കൊണ്ട് ചോദിച്ചു.

"എന്ത് പറ്റി മോനേ?"

"പേട്യാ വ്ന്നു് അച്ഛാ ..."  ഞാൻ കരഞ്ഞു. 
അച്ഛനെന്നെ വാരിയെടുത്തു. വെളുത്ത കൈലേസു കൊണ്ട് കണ്ണും മുഖവും തുടച്ചു. 

"പേടിക്കണ്ട! എൻ്റെ മോൻ പേടിക്കണ്ട !"

റോഡ് മുറിച്ച് കടന്ന് എന്നെയുമെടുത്ത് സ്ക്കൂളിലേക്ക് നടക്കവേ അച്ഛൻ പറഞ്ഞു കൊണ്ടിരുന്നു. 

"ഞാനാ നേരത്ത് അവിടെ എത്തീല്ലായിരുന്നെങ്കിൽ എൻ്റെ മോൻ....." അച്ഛൻ പിന്നീട് പലപ്പോഴും അമ്മയോട് പറഞ്ഞ് വിങ്ങുന്നത് ഞാൻ കേട്ടിട്ടുണ്ട് ...

Sunday, July 26, 2020

പളുങ്ക്

ഒന്നാം ക്ലാസിൽ നിന്ന്

വീട്ടിലേക്കുള്ള

പൊടിപ്പും തൊങ്ങലും നിറഞ്ഞ വഴി നീളെ

ശശി പറയുമായിരുന്നു,

അവന്റെ വീടിന്റെ മേൽക്കൂര

പളുങ്കു കൊണ്ട് തീർത്തതാണെന്ന് !


മലർന്ന് കിടന്ന് മേൽപ്പോട്ട് നോക്കിയാൽ,

നക്ഷത്രങ്ങളേയും ചന്ദ്രനേയും

തുന്നിച്ചേർത്ത,

ആകാശത്തിന്റെ പട്ടുകമ്പളം 

കാണാനാകുമെന്ന് !


ഉറക്കം ഞ്ഞെട്ടുന്ന രാത്രികളിൽ 

കമ്പളം പിളർന്നു പായുന്ന

പറക്കും വ്യാളികളെ 

വായിലെ തീയോടെ കാൺകയാൽ

പുതപ്പില്ലെങ്കിലും തണുക്കാറില്ലെന്ന്!


വ്യാളി വീഴ്തുന്ന ചോന്ന ഉണ്ടമുളക്,

ഉച്ചക്കെത്തെ ഉപ്പുമാവിനോടൊപ്പം തിന്നുകയാൽ

രാവും പകലും അവനും അമ്മയ്ക്കും വിശക്കാറില്ലെന്ന്!



അനിൽ ആണെന്ന് തോനുന്നു…


അവന്റെ

അച്ഛന്റെ കാറിലെ തണുപ്പിൽ

ഇച്ചിരി സൗഹൃദ ദൂരം താണ്ടാൻ 

ഞാൻ ഇരുന്ന നേരം പറഞ്ഞത്,

ശശിയുടെ കുടിലിന്

മേൽക്കൂരയില്ലെന്ന്!


അന്നാണ് ഞാൻ രണ്ടിലേക്ക്

ജയിച്ചത്!

സ്വാതന്ത്ര്യത്തിന്റെ പൊരുളറിഞ്ഞത് !!

POSH

കോട്ട് ധരിച്ച പെൺകുട്ടി
ലൈംഗിക അപരാധങ്ങളെക്കുറിച്ച് പറയുകയാണ്.
ഏറ്റവും പുതിയ വീഡിയോ ടെക്നോളജി
ഏറ്റവും പുതിയ കാമറ
ഏറ്റവും നല്ല നടൻമാർ
നടികൾ.


എൻ്റെ കമ്പനിക്കും ഒരു ലൈംഗിക അപരാധ പോളിസിയുണ്ട്.
നൂറ് മാർക്ക് വാങ്ങിയാലേ ഞാൻ ലൈംഗികാപരാധങ്ങളെക്കുറിച്ചുള്ള പരീക്ഷ പാസ്സാവൂ...

ട്രെയിനിംഗ് എനിക്ക് സന്തോഷം
അത്രയും നേരം തലയിൽ തീ കോരുന്ന ചുമതലകളിൽ നിന്ന് വിട്ടുതൽ.

പുതുതായി ജോലിക്കു ചേർന്ന
തലയുംമുലയുമുള്ളൊരുത്തി
പിടയുന്നുണ്ട്
എൻ്റെ ഭീഷണി ത്തുമ്പിൽ!
ഇന്നെനിക്ക് അവൾ രാത്രി ഭക്ഷണം.

പോളിസി,
ട്രെയിനിംഗ്,
അതിൽ നൂറ് മാർക്ക് നിർബന്ധം!
ഇന്ന് രാത്രിയിലെ
എൻ്റെ പെർഫോർമെൻസിനും.


കത്ത്



ഞാനെഴുതിയ അവസാനത്തെ കത്ത്

അച്ഛനോടുള്ള സ്നേഹാ ന്വേഷണമായിരുന്നു.


അച്ഛാ,


സുഖമല്ലേ?

മരുന്ന് മുറക്ക് കഴിക്കാറില്ലേ?

പറമ്പിൽ പണിക്ക് ആള് വരാറില്ലേ?

നടക്കാറില്ലേ?

പെൻഷൻ, സമയത്തിനു് വരാറില്ലേ?

അമ്മക്ക് സുഖമല്ലേ?

കഷായം കുറുക്കാറില്ലേ?

തേങ്ങ പറിച്ചില്ലേ?

കുറുമുളക് മെതിച്ചില്ലേ?

ചതച്ചില്ലേ?

മെതിച്ചില്ലേ?

ഉടച്ചില്ലേ?

കൊടുത്തില്ലേ?

തെഴുത്തില്ലേ?

തളിർത്തില്ലേ?

തകർന്നില്ലേ?

മരിച്ചില്ലേ?

ല്ലേ?

ല്ലേ?


....


ഒരു മാസം കഴിഞ്ഞ്

മഞ്ഞക്കാമല വന്നെന്ന പോലെ

വിളറിമഞ്ഞച്ച കാർഡിൽ ഒരു വാചകം മറുപടിയായി വന്നു.

" ഞാൻ ഉണ്ട്"


പിന്നെ ഞാനാർക്കും കത്തെഴുയിട്ടില്ല

എടുക്കാത്ത ഫോൺ

ഫോണടിക്കുന്നുണ്ട്
എടുക്കുന്നില്ല.

‘ബ്രോവ ഭാരമാ രഘുരാമാ ' എന്ന് വയലിനില്‍ വായിച്ചത്
പല്ലവി, പകുതി മാത്രം പാടി ആവര്‍ത്തന വിരസമാകുവോളം
ഫോണടിക്കുന്നുണ്ട്
എടുക്കുന്നില്ല.

എടുക്കാത്ത ഫോണിനറ്റത്ത് തമസ്സാണ്, തണുപ്പും!
ഇപ്പുറത്ത് അകം മെഴുകായുരുകുന്നത്
അപ്പുറത്തെ തണുപ്പാലാണ്. തമസ്സാലും.


ഉണ്ണീ..
ഒന്നോര്‍ക്കണം...
നീ നിന്റെ കഥ തുടരുന്നെന്നത് ശരി...
പക്ഷെ ഞാന്‍ നിന്നെ കൊത്തി മാറ്റിയിട്ടില്ല..
എന്റെ അമ്മച്ചിറകിനടിയില്‍
നിന്റെ കുരുന്നു സ്പര്‍ശം ഞാനറിയാതെ അറിയുന്നുണ്ട്.
എന്നും...

ഒപ്പ്

ഇപ്പോള്‍ ഞാന്‍ ഒപ്പിടാറില്ല
ഒപ്പെനിക്ക് വഴങ്ങാറില്ല.

അനേക വര്‍ഷങ്ങള്‍-
ഹരജികളില്‍,
അപേക്ഷാ ഫോറങ്ങളില്‍, 
മഞ്ഞയും പച്ചയും നിറമായ വൗച്ചറുകളില്‍, 
തേഞ്ഞു തേഞ്ഞാണ്
എന്റെ  കയ്യൊപ്പ് ഇന്നത്തെപ്പോലെ ആയത്.

മിനുങ്ങി
തിളങ്ങി
കാമരൂപ സുഭഗ സ്വരൂപം.

നീല മഷിയില്‍ ഞാന്‍ വരക്കുന്ന
തികവുറ്റ ചിത്രമെന്ന്  
അവള്‍ ചിരിച്ച നേരം 
ഹൃദയം തുടുതുടാ മിടിച്ചു നിന്ന  
അവളുടെ ഇടത്തേ മുലക്കണ്ണിന്‍ ചാരത്ത് ഞാനത്
പച്ചകുത്തിച്ചു.

അതിനാലാവണം
കടലാസില്‍ പിന്നെ
എന്റെ കയ്യൊപ്പ് വിരിയാതെ പോയത്!

മൂര്‍ത്ത ചിത്രത്തിന്റെ 
സ്‌ത്രൈണ ചാരുത
അങ്ങനെയാണ്
അന്യം നിന്നുപോയത്.

അന്നു തൊട്ടാഞ്ഞ് 
ഞാന്‍ അമൂര്‍ത്ത സ്ത്രീരൂപങ്ങളുടെ
കാമുകനായതും!

Sunday, May 3, 2020

അപകർഷത

പത്രവായന ഏറെക്കാലമായി നിലച്ചു പോയിരിക്കുന്നു. ഏറിയാൽ ഒന്നാം പേജിലെ തലക്കെട്ടുകൾ വായിക്കും. വർത്തമാന പത്രത്തിൽ വരുന്നവ മുഴുവൻ നെഗറ്റീവ് സംഗതികളാണെന്നു് ഞങ്ങളെ പഠിപ്പിക്കാൻ വന്ന ഒരു മോട്ടി വേഷണൽ പ്രഭാഷകൻ പത്ത് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് ഒരു ട്രെയിനിങ്ങിനിടേ പറഞ്ഞത്, എൻ്റെയുള്ളിൽ വല്ലാതെ പതിഞ്ഞു പോയതാവാം കാരണം. പല വാർത്തകളെ പറ്റിയും സഹപ്രവർത്തകരും കൂട്ടുകാരും  അഭിപ്രായം ചോദിക്കുമ്പോൾ  മാത്രമാണ് ആണ് എൻ്റെ പോരായ്മ ബോധ്യമാവുക. കഴിഞ്ഞ ഞായറാഴ്ചത്തെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന തമിഴ് / മലയാളം എഴുത്തുകാരൻ ജയമോഹനുമായുള്ള അഭിമുഖം ഒരാഴ്ച കഴിഞ്ഞ് ഇന്നാണ് വായിച്ചത്. എൻ്റെ പത്രാഭിമുഖ്യം ഊഹിച്ച് കാണുമല്ലോ. ജയമോഹൻ, സാഹിത്യത്തെയും യാത്രയേയും കുറിച്ച് ആവേശത്തോടെ പറഞ്ഞ അഭിമുഖത്തിൻ്റെ ഒടുക്കം , കൊറോണക്കാലം ഡിപ്രസിംഗ് ആണെന്ന് അഭിപ്രായപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം കോവിഡ് വൈറസ്സിൻ്റ കൃപയാൽ കിട്ടിയ ഒഴിവുകാലം തികച്ചും മനോഹരമാണ്.

ക്രിയാത്മകമായി ഒന്നും ചെയ്യാൻ സമയമില്ലെന്ന് കരുതിയിരുന്ന ഞാൻ കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും ഓരോ രേഖാചിത്രം വീതം വരക്കുന്നു. പാട്ട് പാടി ഹൈസ്‌ക്കൂൾ ഗ്രൂപ്പിലെ കുട്ടുകാരുമായി പങ്ക് വെക്കുന്നു. ഒന്നോ രണ്ടോ ഫോട്ടോകൾ മുടക്കമില്ലാതെ ഫെയ്സ്ബുക്കിലെ ഫോട്ടോഗ്രാഫി ഗ്രൂപ്പുകളിലിടുന്നു. എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു. കൊള്ളാം!  ഇനിയാണ് ഏറ്റവും പ്രധാനമായത്. പത്ത് പതിനഞ്ച് കിലോമീറ്റർ എല്ലാ ദിവസവും ഓടിനടന്ന് വിയർക്കുന്നു. രാവിലെയും വൈകീട്ടും. രക്താതിസമ്മർദ്ദവും ചോരയിലെ അതിമധുരവും ഇല്ലാതാവുന്നത് ശരിക്കും ഞാൻ അറിയുന്നുണ്ട്.

എവിടെയാണ് ഈ പഹയൻ ഇത്ര ദൂരം ഓടി നടക്കുന്നതെന്ന് നിങ്ങൾ അമ്പരക്കുകയാവും. "ദുനിയാവായ ദുനിയാവ് മുഴുവൻ ഈ ദുനിയാവങ്ങനെ നിറഞ്ഞിരിക്കുകയല്ലേ. എങ്ങോട്ടോടിയാലും പടച്ച തമ്പിരാന്റെ കയ്യിൽ സുരക്ഷിതനല്ലേ ! " 

ഞങ്ങളുടെ പാർപ്പിട സമുച്ചയം സാമാന്യം വലുതാണ്. അതിന് ചുറ്റും ഒരു തവണ നടന്നോടിയാൽ അരക്കിലോ മീറ്റർ തികയും. അത്തരത്തിലുള്ള ഇരുപത് ചുറ്റ് ഓട്ട നടത്തം പത്ത് കിലോമീറ്ററിലാണ് കലാശിക്കുക. കൊറോണ നാടുകാണാനിറങ്ങിയ ശേഷമാണോ ഈ ഓട്ട നടത്തം എന്നു ചോദിച്ചാൽ അല്ലെന്നാണുത്തരം! ഇതിനു മുമ്പ് പൂർണ്ണത്രയീശൻ്റെ അമ്പലം അതി ദീർഘവൃത്തത്തിൽ വലം വച്ച് ഏഴരക്കിലോ മീറ്റർ പൂർത്തിയാക്കുകയായിരുന്നു പതിവ്. 

ഇവിടെ താമസമാക്കിയ കാലത്ത് ഞാനും മറ്റുള്ളവരുടെ പോലെ ഈ ചുറ്റുവട്ടത്തിൽ തന്നെയാണ് നടന്നുകൊണ്ടിരുന്നത്. പ്രഭാതത്തിൽ അഞ്ചരക്ക് തുടങ്ങുന്ന ഭ്രമണം ആറര വരെ തുടരും. സുഖം സ്വസ്ഥം.

അങ്ങിനെയിരിക്കെയാണ് എനിക്ക് ചിത്തഭ്രമം പിടികൂടിയത്. അപകർഷത എന്ന പേരിട്ടു വിളിക്കാവുന്ന കറകളഞ്ഞ സൂക്കേട്.

ഞങ്ങളുടെ പാർപ്പിട സമുച്ചയം അഞ്ച് ഭീമൻ കെട്ടിടങ്ങളുടെ ഒരു കൂട്ടമാണ്. ഓരോ കെട്ടിടത്തിനും ഒരു പൂവിൻ്റെ പേര്.

കെട്ടിടങ്ങളിൽ ആദ്യമുണ്ടായത് ഞങ്ങളുടേതാണ്. നാല് നിലയുള്ള കൂട്ടത്തിലെ ഇത്തിരി ക്കുഞ്ഞൻ. പരസ്യം കൊടുത്തയുടൻ തന്നെ നിർമ്മാണ കമ്പനി പണി തുടങ്ങി. പരന്നു കിടക്കുന്ന ചതുപ്പിൽ ഒരു പാർപ്പിട സമുച്ചയം പൊന്തുമെന്ന് അല്ലാത്തപക്ഷം ആരും കരുതുമായിരുന്നില്ല. പണിതുടങ്ങിക്കഴിഞ്ഞപ്പോഴാണ് കമ്പനി ശരിക്കും ഞെട്ടിയത്. എല്ലാ ഫ്ലാറ്റുകളും ആഴ്ചകൾക്കകം തന്നെ ബുക്ക് ചെയ്യപ്പെട്ടു. ഇത്രയും ചെറിയ ഒരു കെട്ടിടം പണിയാൻ തുന്നിഞ്ഞതിൽ, കമ്പനി ശരിക്കും സങ്കടപ്പെട്ടു പോയിരിക്കണം. ചതുപ്പിൻ്റെ ബാക്കി ഭാഗങ്ങളിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന വില്ല പ്രോജക്ട് റദ്ദ് ചെയ്ത് കമ്പനി അവിടെ വലിയ ഫ്ലാറ്റ് പ്രോജക്ടുകൾ പ്രഖ്യാപിച്ചു. പിന്നീട് വന്ന കെട്ടിടങ്ങൾക്കെല്ലാം നിലകളുടെ ബാഹുല്യം. നിലകൾ കൂടും തോറും ഫ്ലാറ്റുകളുടെ വിലയും കൂടി വന്നു. ഏറ്റവും പിറകിലെ കെട്ടിടം പട്ടണത്തിലെ നാലാളറിയുന്നവരുടെ അതിസമ്പന്ന വിദേശ വ്യവസായികളുടെ ഒക്കെ സ്വന്തമായി. അതിനു മുന്നിലുള്ള കെട്ടിടം അതിലും കുറഞ്ഞ സമ്പന്നൻമാരുടെ. മുന്നോട്ട് വന്ന് ഞങ്ങളുടേതിൽ അവസാനിക്കുമ്പോൾ ബാങ്ക് ആപ്പീസർമാരുടേയും ഇടത്തരം കമ്പനി എക്സിക്യൂട്ടിവ് മാരുടേതുമായി, ഫ്ലാറ്റുകൾ.  ഇടക്കാലത്ത്, മറ്റ് ഫ്ലാറ്റുകളിലെ കുഞ്ഞുങ്ങൾ ഞങ്ങളിലേതിലെ കിടാങ്ങളുമായി കൂട്ടുകൂടരുതെന്നും , കളിക്കരുതെന്നും  വർഗ്ഗസങ്കരം ഭയന്നാകണം, അവിടത്തെ ചുരുക്കം ചില അമ്മമാർ വിലക്കിയിരുന്നത്രെ. ഒരുതരം ചാതുർവർണ്ണ്യം ഫ്ലാറ്റിൻ്റെ ഉയരത്തിനാനുപാതികമായി യുഗങ്ങൾക്ക് മുമ്പ് നിലനിന്ന് പോന്നിരുന്നു.

പറഞ്ഞു വന്നത് ഓട്ടനടത്തങ്ങളെക്കുറിച്ചാണ്. പുലർകാലത്തൊരു ദിവസം നടന്നു നടന്നു് അതിസമ്പന്നർ താമസിക്കുന്ന ഫ്ലാറ്റിൻ്റെ പുറകിലെത്തിയപ്പോൾ അസഹനീയമായ നാറ്റം. സെപ്റ്റിക് ടാങ്ക് വഴിഞ്ഞൊഴുകുകയാണ്. അന്ന് നിർത്തിയതാണ് കോംപ്ലക്സിനുള്ളിലെ നടത്തം.  മാത്രവുമല്ല, ഡിസംബറിൻ്റെ തണുപ്പും മെയ് യുടെ ചൂടും കൂടുതൽ അനുഭവ വേദ്യമായത് പട്ടണത്തിൻ്റെ റോഡുകളിലാണ്. റോഡിലൂടെ ഓടുമ്പോൾ വളരെ ശ്രദ്ധിക്കണം. ചീറിപ്പായുന്ന ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കിടയിൽ പെട്ട് മരിച്ചു പോകുന്നത് ആളുകൾ ഫാഷനാക്കിയ കാലമാണ്.

നടത്തം റോഡിലാക്കാൻ ഇനിയുമുണ്ട് കാരണം. മുൻ പറഞ്ഞ മനോവ്യാധി. അപകർഷത. സമ്പത്തിലും സൗകുമാര്യത്തിലും മറ്റ് സുകുമാര കലകളിലും ഈയുള്ളവൻ വളരെ പിറകിലാണെന്ന ഉറച്ച വിശ്വാസം. 

ഇവിടെ താമസിക്കുന്നവരെല്ലാം ബഹു മിടുക്കർ. അവരുടെ മിടുമിടുക്കിനും പ്രഭാവത്തിനും മുന്നിൽ ഞാൻ ചൂളിപ്പോകുന്നില്ലേ എന്നൊരു വേവലാതി. വല്ലായ്മ.  എൻ്റെ ആകാരവും സംഭാഷണവും മറ്റുള്ളവരുടെ മിടുമിടുക്കിനു മുമ്പിൽ ശോഭിക്കുന്നില്ല. അവർ പറയുന്ന വിഷയങ്ങൾ പലതും എനിക്ക് മനസ്സിലാവുന്നില്ല. ഈ പാർപ്പിടം വാങ്ങിയത് തന്നെ മോശമായിപ്പോയെന്ന് പലവുരു ഉയരുന്ന തോന്നൽ.  ഈ പാർപ്പിട സമൂഹത്തിലാകെ നോക്കിയാൽ, വെയിലായാൽ ഇരുചക്രത്തിലും മഴയത്ത് പൊതുഗതാഗതത്തിലും ആപ്പീസിൽ പോകുന്ന ഏക മഹാത്മാഗാന്ധി ഞാൻ മാത്രം! ഗേറ്റ് കടന്ന് ഉള്ളിലെത്തുമ്പോഴേക്കും ഉള്ളിൽ അമർന്നിരിക്കുന്ന അപകർഷത തിളക്കുകയായി!

രാവിലെ നടക്കുമ്പോൾ സ്ഥിരമായി നടക്കുന്ന സമർത്ഥരും സമ്പന്നരുമായ മിടുക്കരെ കണ്ടു മുട്ടുന്നു. ചിലരൊക്കെ, അധികവും പ്രായമായവർ, കൈ വീശിയാൽ തിരിച്ച് വീശും, ഗുഡ് മോർണിംഗ് പറഞ്ഞാൽ തിരിച്ച് ആശംസിക്കും ..... ബഹു ഭൂരിപക്ഷമാവട്ടെ കണ്ണിൽ നോക്കി ചിരിച്ചാലും ചിരി കാണാത്ത പോലെ തല താഴ്തി നടന്നു പോകും; അലെങ്കിൽ മുഖം തിരിക്കും. എനിക്ക് ഒരു കാര്യം ബോധ്യമായി. എൻ്റെ ശുഷ്കത ഇവിടെ എല്ലാവരും  അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

അതിനിടെ ഒരു കൂട്ടം സമാന ഹൃദയർ - വർത്താനം പറയാൻ വിമുഖത കാട്ടാത്തവർ - ചങ്ങാത്തത്തിലായി. അവർ സംഘടിപ്പിക്കുന്ന പാർട്ടികളിലും വിരുന്നുകളിലും പങ്കെടുക്കുമ്പോഴും അവരോട് സംസാരിക്കുമ്പോൾ പോലും എൻ്റെ ബോധത്തെ അപകർഷത കാർന്നുതിന്നു. പലപ്പോഴും സൗജന്യമായി കിട്ടിയ മദ്യം ആവോളം പാനം ചെയ്താണ് ഞാൻ നട്ടെല്ല് നിവർത്തിയത്‌. 

പക്ഷെ വ്യായാമം ആയുരാരോഗ്യ സൗഖ്യത്തിന് അനിവാര്യമാണല്ലോ. ബാങ്കിൻ്റെ ഭാഗത്ത് നിന്ന് നിരന്തരം കിട്ടി വന്നിരുന്ന ലാളന എൻ്റെ രക്തസമ്മർദ്ദവും ചോരക്കുള്ള മാധുര്യവും നിർലോഭം കൂട്ടിക്കൊണ്ടിരുന്നു. അങ്ങനെ, മിടുമിടുക്കൻമാരുടെ ദൃഷ്ടിയിൽ പെട്ട് അവർക്ക് ദോഷം വരാതിരിക്കാൻ ഞാൻ ഫ്ലാറ്റിൽ നിന്നിറങ്ങി റോഡിലൂടെ ഓടി. 

റോഡിൽ എന്നെപ്പോലുള്ളവർ മാത്രം. അവർ തല കുലുക്കിയും ചിരിച്ചും പരിചയക്കാരായി. പക്ഷിയെ പോലെ രണ്ടു വശത്തും കൈകളിളക്കി നടന്നു പോകുന്ന വൃദ്ധനും , ഒരുനാളും മുടങ്ങാതെ നെട്ടോട്ടമോടിയ മദ്ധ്യവയസ്കയും, കിന്നാരം പുന്നാരം പറഞ്ഞ്  വേഗത്തിൽ നടന്നു പോയ അച്ഛനും മകളും, കൈത്തണ്ടയിൽ ഉറപ്പിച്ച പ്ലാസ്റ്റിക്ക് കെയ്സിൽ മൊബൈൽ ഫോൺ വച്ച്, അതിൽ നിന്ന് പുറപ്പെട്ട വയർ ചെവിയിലേക്ക് വലിച്ചുകെട്ടി ഓടിച്ചാടി പോയ്ക്കൊണ്ടിരുന്ന സുന്ദരിയും എന്നെ കണ്ടാൽ കൈ വീശി ചിരിച്ച് കുശലം പറയുമെന്നായി. പരസ്പരം പേര് പോലുമറിയില്ലെങ്കിലും ഞാൻ അവരിൽ ഒരുവൻ. ഒട്ടുമില്ല അകൽച്ച.

അങ്ങനെയിക്കവെയാണു് കൊറോണ എന്ന് പേരായ ജലദോഷപ്പനിക്കു മുമ്പിൽ, അത് പരത്തുന്ന അണുകീടത്തിനു മുമ്പിൽ അണ്ഡകടാഹമായ അണ്ഡകടാഹങ്ങളൊക്കെ വിറങ്ങലിച്ച് നിന്നു പോയത്. മാർച്ച് ഇരുപതാം തീയതി മുതൽ ഭവനത്തിലിരുന്ന് വേലയെടുത്താൽ മതിയെന്ന് തൊഴിൽ ദാതാവ് ഉത്തരവായി. ഇരുപത്തഞ്ചാം തീയതി മുതൽ അധികാരികൾ രാജ്യത്തെ അടച്ചു പൂട്ടുകയും ചെയ്തു. പെട്ട് പോയത് ഞാനല്ലേ! ഇനിയെങ്ങിനെ നടന്നോടും? മഹാ മിടുക്കൻമാർക്കിടയിൽ മിടുക്കൊട്ടുമില്ലാത്ത ഇവൻ്റ രൂപം എങ്ങനെ കൊണ്ടു വെക്കും? എങ്ങനെ ഓടിക്കും?

അവർ സംസാരിക്കുന്ന വിഷയങ്ങൾ ഇടക്ക് തെറിച്ചുവീണവ കേൾക്കാൻ എനിക്ക്  ഭാഗ്യമുണ്ടാകാറുണ്ടായിരുന്നു. എല്ലാം ഉന്നത ശ്രേണിയിൽ പെട്ടവ. സ്റ്റോക്ക് എക്സ്ചേഞ്ച്, ക്രിക്കറ്റ്, വിമാനയാത്രാ വിവരങ്ങൾ , മുന്തിയ കാറുകൾ, വിദേശയാത്രാ വിശേഷങ്ങൾ, വാണിജ്യ കിടമത്സരങ്ങൾ, വിവരസാങ്കേതികത:

എൻ്റെ ശിവനേ! ഒന്നിച്ച് നടക്കുന്നതിനിടയിൽ ഒ.വി. വിജയനെന്നോ, സഖാവ് കൃഷ്ണപ്പിള്ളാന്നോ, റോസാ ലക്സംബർഗ് എന്നോ, ടി.പി. രാജീവൻ എന്നോ രമണമഹർഷീ ന്നോ മറ്റോ എൻ്റെ നാവിൽ നിന്ന് വീണാലത്തെ അവസ്ഥ! ചെറ്റക്കുടിലിലെത്തിയ കുബേരൻമാരെപ്പോലെ അവർ അമ്പരന്ന് പോവുകയേ ഉള്ളൂ!എനിക്ക് പക്ഷെ, അങ്ങനെ ചിലതല്ലേ അറിയൂ ! അതിനു ചെവി തരുന്ന പാമരരുമായി മാത്രമായിരുന്നില്ലേ എൻ്റെ കൂട്ട്!

അടച്ചിടൽ തുടങ്ങി ഒന്നു രണ്ട് ദിവസം ഒന്നും മിണ്ടാതെ വീട്ടിനകത്തു തന്നെയിരുന്നു. നാല് നില പടികൾ കേറിയിറങ്ങി ശരീരത്തിനു് ആയാസം വരുത്തി. നല്ല തീറ്റ. രണ്ടു നേരം മാത്രം കഴിച്ചിരുന്നത് മൂന്നും തുടർന്ന് അഞ്ചു നേരമായും ഉയർന്നു. വയറിൻ്റെ വ്യാസം കൂടി വരുന്നു. പടികയറ്റം കൊണ്ട് മതിയാവില്ലെന്നായി. പുറത്തിറങ്ങണം. പക്ഷെ മിടുക്കൻമാർക്കു മുമ്പിൽ ചൂളി നിൽക്കുന്നത് ആലോചിക്കാൻ വയ്യ. അപകർഷത എന്ന അസുഖം മറ്റേത് മഹാ മാരിയേക്കാളും ഭീകരമാണെന്ന് അതനുഭവിച്ചവനേ അറിയൂ. ഞാൻ ഉമിത്തിയിൽ ഉരുകി. 

ഉള്ള ധൈര്യം മുഴുവൻ സംഘടിപ്പിച്ച് ഒരു ദിവസം രണ്ടും കല്പിച്ച് പുറത്തേക്കിറങ്ങി. ചെവിയിൽ ഓഡിബിൾ പുസ്തകം കുത്തി,  മെല്ലെ വലത്തോട്ട് തിരിഞ്ഞ് നടപ്പു തുടങ്ങി. ആറ് കിലോമീറ്റർ നടന്ന് അന്ന് നിർത്തി. വൈന്നേരമായപ്പോൾ വീണ്ടും ഉൾവിളി. ഒന്നൂടെ നടന്നാലോ? 

നടപ്പു ദിനങ്ങൾ ഒന്നിൽ നിന്ന് രണ്ടിലേക്കും രണ്ടിൽ നിന്ന് നാലിലേക്കും വികസിക്കവേ വെളിപാടുകൾ വരികയായി. ചെവിയിൽ തിരുകിയ ഓഡിയബിൾ വായിച്ചു തന്ന പുസ്തകങ്ങളിൽ നിന്നു മാത്രമല്ല; പുറം ലോകത്തു നിന്നും. പലരും കൈ വീശുന്നു , ചിരിക്കുന്നു,  കുശലം ചോദിക്കുന്നു. അത് ശരി. അപ്പോ, ഞാനവർക്കു മുമ്പിൽ അല്പപ്രാണി യാണെന്ന് ഞാൻ തന്നെ ധരിച്ച് വശായതാണ്! 

എൻ്റെ അപകർഷത അല്പാല്പമായി അഴിയുന്നുണ്ടോ? പാർപ്പിട സമുച്ചയത്തിലെ മിടുക്കരിൽ മിടുക്കരായ യുവാക്കൾ കെട്ടിടങ്ങളുടെ ഒരു വശത്ത് ബാറ്റ്മിൻറൻ കളിക്കുന്നുണ്ട്. അവർക്കൊപ്പം ചേരാൻ അവരെന്നെ ക്ഷണിച്ചു. ഒന്നിലേറെ തവണ. ഇതിൽപരം അംഗീകാരം എന്താണ് കിട്ടാനുള്ളത് ! നടപ്പു വേളകളിലെ പുസ്തകം കേൾക്കലിൽ മുടക്കം വരുത്തേണ്ടെന്ന് കരുതി ആ ക്ഷണം സ്നേഹപൂർവം ഞാൻ നിരസിച്ചു.

ഞാനിതാ, ഏഴെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും മനുഷ്യനായിരിക്കുന്നു. തല ഉയർത്തിപ്പിടിച്ച് പാർപ്പിടങ്ങൾക്ക് ചുറ്റും ഓടിപ്പോകുന്ന ആത്മവിശ്വാസമുള്ള മനുഷ്യൻ. അപകർഷത തീരെ ഓടി മാറിയെന്നാണോ? അല്ല ! ഞാനാ കാളിയൻ്റെ പൊന്തുന്ന പൊന്തുന്ന തലകൾക്കുമേൽ ഭഗവാനെപ്പോലെ ചാടിച്ച വിട്ടി നിൽക്കുകയാണ്. അങ്ങനെയിരിക്കട്ടെ, അവൻ്റെ കൊടിയ വിഷം ഒഴിയും വരെ!

എന്തുകൊണ്ടായിരിക്കും ഞാനെൻ്റെ കൂടിലേക്ക് ഒതുങ്ങിക്കൂടാൻ ശ്രമിക്കുന്നതെന്ന് ഒന്നപഗ്രഥിച്ചു നോക്കാൻ മന:ശാസ്ത്രക്കാരി കൂട്ടുകാരിയുടെ നിർബന്ധവും പുരോഗമനത്തിനുള്ള വഴിമരുന്നായിട്ടുണ്ടാവണം.

ഉള്ളതിനെ ഉള്ളതുപോലെ നോക്കിക്കാണാനുള്ള കഴിവ്  വർഷങ്ങളായി എനിക്ക് നഷ്ടപ്പെട്ടു പോയിരുന്നെന്ന് തോനുന്നു. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാനും. 

പൂവ് മനോഹരമാവുന്നത് ഞാനെൻ്റെ മനസ്സിനെ അതിലേക്ക് ലയിപ്പിക്കാതെ നോക്കുമ്പോഴാണ്. ദാസേട്ടൻ്റെ പാട്ട് ലഹരിയാവുന്നത്, എന്നെ ഞാനതിലേക്ക് ലയിപ്പിക്കാത്തപ്പോഴാണ്. മനസ്സ് കളങ്കപ്പെടുത്താതിരിക്കുമ്പോഴാണ് എല്ലാം മനോഹരമാകുന്നത്. 

ചുറ്റുമുണ്ടായിരുന്ന മനോഹരമായ അന്തരീക്ഷം, സുഹൃദങ്ങൾ , ഞാൻ കാണാതെ പോയത് എൻ്റെ മഞ്ഞക്കണ്ണാടിയിലൂടെ ഞാനവ നോക്കിക്കണ്ടതുകൊണ്ടാണ്. 

ഇന്നലത്തേയും ഇന്നത്തേയും പ്രഭാത, സായന്തന സവാരികൾക്ക് കൂട്ട്, അലൻ വാട്സ് എന്ന വേദാന്തിയായിരുന്നു. പ്രാന്തൻ. എനിക്ക് പറ്റിയ കൂട്ട് . മദ്യപാനത്താൽ അൻപത്തെട്ടാം വയസ്സിൽ മരിച്ചു പോയ വേദാന്തി. 

അദ്ദേഹമിന്നു്, ഒരു സെൻ ഗുരുവുമായി നടത്തിയ അഭിമുഖത്തെക്കുറിച്ച് പറഞ്ഞു . സെൻ രീതിയിലുള്ള ജീവിതത്തെക്കുറിച്ച്, ധ്യാനത്തെക്കുറിച്ച് ധാരാളം പുസ്തങ്ങൾ ജപ്പാനീസ് ഭാഷയിലുണ്ട്. അവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാൽ നന്നാവില്ലേ എന്ന അഭിപ്രായമുണ്ടായി. 

സെൻ ഗുരു പറഞ്ഞു. "അതിൻ്റെ ആവശ്യമില്ല"

സംശയത്തോടെ നോക്കിയ വാട്സി നോട് അദ്ദേഹം തുടർന്നു പറഞ്ഞു. "സെൻ അറിയുകയാണ് വേണ്ടത്. അത് അറിഞ്ഞു കഴിഞ്ഞാൽ പുസ്തകങ്ങളൊന്നും വിവർത്തനം ചെയ്യേണ്ടതില്ല " അദ്ദേഹം മന്ദഹസിച്ചു കൊണ്ട് തുടർന്നു. "മഴയുടെ സംഗീതത്തെ ആർക്കാണ് വിവർത്തനം ചെയ്യാനാവുക!"

എൻ്റെ ആവാസ പരിസരത്തിൻ്റെ വർഷ സംഗീത മറിയാൻ കൊറോണ സഹായിച്ചു. സമ്പന്ന നിലും, ദരിദ്രനിലും ഒരുപോലെ ഭയത്തിൻ്റെ ബീജം വിതറുന്ന കൊറോണ. അതെന്നെ ഒരടി കൂടി എന്നിലേക്കടുപ്പിച്ചിരിക്കുന്നു.  നൂറു കണക്കായ ഈ പാർപ്പിടങ്ങളിലെ മനുഷ്യരുടെ ഹൃദയങ്ങൾ മിടിക്കുന്നത് എൻ്റേതിൽ നിന്ന് വ്യത്യസ്തമായ ല്ലെന്ന് ഞാനറിയുന്നു.  

മഞ്ഞു തുള്ളികൾ മിന്നി നിൽക്കുന്ന ഒരു ചിലന്തി വലയെക്കുറിച്ച് വാട്ട്സ് പറയുന്നുണ്ട്‌. സൂര്യനുദിച്ചുയരുമ്പോൾ ഓരോ മഞ്ഞുകണത്തിലും കുഞ്ഞു സൂര്യൻമാർ ഉദിക്കുകയായി. ഓരോ മഞ്ഞു കണത്തിലും മറ്റെല്ലാ കണങ്ങളുടേയും പ്രതിഫലനവും! എന്തുമനോഹരമാണീ ചിലന്തിവല!

എല്ലാം ഒരേ താവോ.
ഒരേ സെൻ
ഓം ...

Thursday, April 9, 2020

Glycosmis pentaphylla

Glycosmis pentaphylla എന്നാണ് ഈ പാവം  ചെടിയുടെ പേരെന്ന് ഈയിടെയാണ് കണ്ടെത്തിയത്. ബാല്യ കൗമാരങ്ങളിലെ  എന്റെ വേനൽകാലങ്ങൾ മുഴുവൻ നിറഞ്ഞു നിന്നിരുന്ന മാധുര്യമാണ് ഈ ചെറുചെടി. നാട്ടുവഴിയോരങ്ങളിൽ സമൃദ്ധസാന്നിധ്യമായിരുന്ന അവളെ കുറെ വര്ഷങ്ങളായി കാണാറില്ലല്ലോ എന്ന അന്വേഷണമാണ് ഭീമാകാരമായ ഈ പേര് വെളിപ്പെടുത്തിയത്.  

പച്ചിലകൾക്കുനടുവിൽ, ഇളം ചോപ്പിലും, കടും ചോപ്പിലും മാധുരത്തിന്റെ കുഞ്ഞുമുത്തുകളെ പേറിയിരുന്ന അവളുടെ പേര് ഞങ്ങളുടെ നാട്ടിൽ പാണൽ എന്നായിരുന്നു.

ഞങ്ങളുടെ മേലേപ്പറമ്പിൽ മൂന്നു നാല് പാണൽ ചെടികൾ ഉണ്ടായിരുന്നു. ഒരു വേനൽക്കാല വൈകുന്നേരം അമ്മയാണു് ചുവന്ന ചെറു മധുരഗോളങ്ങൾ കയ്യിൽ തന്നു് എന്നോട് പറഞ്ഞത്, 'ഇതാണു് പാണക്കായി, നല്ല മദിരാ! തിന്നോ!' 

പിന്നീടുള്ള ദിവസങ്ങളിൽ പറമ്പു മുഴുവൻ അലഞ്ഞ് ഞാൻ പാണൽ കായകൾ ശേഖരിച്ച് തിന്നു കൊണ്ടിരുന്നു. വീട്ടിൽ കളിക്കാൻ വരാറുള്ള കൂട്ടുകാർ എൻ്റെ പുതിയ ഭ്രമം കണ്ടുപിടിച്ചു. ശശിയാണ്, പാമ്പിന് ഏറ്റവും പ്രിയമുള്ള പഴമാണ് പണൽക്കായ എന്ന് പറഞ്ഞത്. പഴത്തിൽ കാണുന്ന കറുത്ത പുളളികൾ പാമ്പ് തീണ്ടിയതാണെന്നും അവൻ പറഞ്ഞു. അല്പം പേടിയൊക്കെ തോന്നിയെങ്കിലും അവൻ്റെ മുന്നറിയിപ്പ് ഞാൻ അവഗണിക്കുകയാണുണ്ടായത്. മാത്രവുമല്ല, എൻ്റെ പാണക്കായ അന്വേഷണം ഞങ്ങളുടെ പറമ്പിൻ്റെ അതിരുകൾ ലംഘിച്ച് നാറക്കോട്ടെയും അണ്ടിക്കുന്നുമ്മലേയും  ഇടവഴികളിലേക്കും, വിജയൻ നായരുടേയും പത്മനാഭൻ നായരുടേയും വീടുകളിലേക്കുള്ള വഴികളിലേക്കും  വയലിന് നടു വീലൂടൊഴുകിയ തോട്ടുവക്കിലേക്കും, പാലേരിത്താഴക്കാരുടെ കൊള്ളുകളിലേക്കും, പാറക്കടവ് പളളിയുടെ പ്രാന്തപ്രദേശങ്ങളിലേക്കും നീണ്ടു കഴിഞ്ഞിരുന്നു. 

പാറക്കടവ് പള്ളിപ്പറമ്പിൽ റോഡിലേക്ക് ശാഖകൾ നീട്ടിയ ഒരു വലിയ നാട്ടുമാവുണ്ടായിരുന്നു. ചെറുകാറ്റുമതി, നൂറ് നറു മാമ്പഴങ്ങൾ പൊഴിയുകയായി. എത്ര വീണാലും തീരാത്തത്ര മാങ്ങകൾ എല്ലാ കൊല്ലവും കായ്ക്കാറുണ്ടായിരുന്നു ആ മാവിൽ. അത്രയും സ്വാദും മധുരവുമുള്ള മാങ്ങ ഞാൻ വേറെ കഴിച്ചിട്ടേയില്ല. പൊഴിഞ്ഞ   മാമ്പഴം പോരാഞ്ഞ്, കൊതി മൂത്ത കുട്ടിക്കൂട്ടം എറിഞ്ഞു വിട്ട കല്ലുകൾക്ക് ഉയർന്നെത്താവുന്നതിനുമപ്പുറത്ത്, ആത്മാക്കളുടെ വാത്സല്യം മധുരമായി നിറച്ച് മാവ് കനിവോടെ ഉയർന്നു നിന്നു.

നിക്കറിൻ്റെ രണ്ടു പോക്കറ്റുകൾ നിറയെ നാട്ടു മാങ്ങയും, കൈക്കുടന്ന തുളുമ്പിപാണൽ കായയും നിറച്ച്, മധുരമയനായി നിറക്കോട്ട് താഴ വയൽ കിനാക്കളുടെ വരമ്പുകളിലൂടെ മുറിച്ചു നടന്നത് ഒരിക്കലും നിറം വറ്റാത്ത ഓർമ്മ.

മൊദാക്കര സ്ക്കൂളിൽ പഠിക്കുന്ന കാലത്താണ്. എട്ടിലോ അതോ ഒമ്പതിലോ? സതീർത്ഥ്യരെല്ലാം ആഹ്ലാദ ഭരിതരായി പല വഴിപിരിഞ്ഞ, ഏതോ ഒരു പരീക്ഷ കഴിഞ്ഞ ദിവസം. കൊല്ലപ്പരീക്ഷ തന്നെയാണെന്നു തോനുന്നു. 

ഞാൻ വീട്ടിലേക്ക് ഏറ്റവും വളഞ്ഞ വഴി തെരഞ്ഞെടുത്തു. സ്ക്കൂളിൻ്റെ പിറകുവശത്തെ വയലിലൂടെ വളയന്നൂരിൽ ചെന്നു കയറി, ഊരത്തേക്കുള്ള റോഡ് വഴി തുറകടന്ന് നടന്ന്, കുറ്റ്യാടി പാലത്തിനടുത്തെത്തി, പാലം കടന്ന് വലതു വശത്തെ കല്ലൊതുക്കുവഴി താഴേക്കിറങ്ങി പുഴക്കരയിലൂടെ നടന്ന് കുമ്പളത്തെ മില്ലിനടുത്തുള്ള കുണ്ടനി വഴി കയറി റോഡിലെത്തി , മില്ലിന് വശത്തുള്ള വഴിയിലൂടെ അബ്ദുസാഹിബിൻ്റെ തെങ്ങിൽ തോപ്പിൽ കയറി, ചാലക്കര വഴി നടന്ന് വീട്ടിലെത്തി. അലഞ്ഞയീ വഴികളിലെല്ലാം ആയിരക്കണക്കിന് പാണൽ ചെടികൾ പഴുത്തുലഞ്ഞ് നിന്നിരുന്നു. എല്ലാറ്റിൽ നിന്നും കായ്കൾ പറിച്ച്, ചോറ്റുപാത്രത്തിൽ നിറച്ച് അമ്മക്കും കൊടുക്കാമല്ലോ എന്നാശിച്ച് വീട്ടിൽ ചെന്ന് കയറിയപ്പോൾ മണി ഏഴോടുത്തിത്തിരുന്നു. ആവേശത്തോടെ ചോറ്റുപാത്രം തുറന്ന് അമ്മയെ കാണിച്ചു.  അമ്മയുടെ അപ്പോഴത്തെ മനോനില ഞാൻ തീർച്ചയായും ഗൗനിക്കേണ്ടതായിരുന്നു. നാലു മണിക്ക് സ്ക്കൂളിൽ നിന്നിറങ്ങിയ ഞാൻ എത്താനുള്ള സമയവും പിന്നൊരു രണ്ട് മണിക്കൂറും കഴിഞ്ഞിട്ടും എത്താത്തതിൽ ദുഃഖിച്ചും വേവലാതിപ്പെട്ടും നിൽക്കുകയായിരുന്ന അമ്മ, ചോറ്റുപാത്രം മുറ്റത്തേ ക്കൊരേറ് കൊടുത്തു. "ഓൻെറാര് പാണല്!"
എന്നെ പാണൽ തീറ്റക്കാരനാക്കിയതിനുള്ള പ്രധാന ഉത്തരവാദി അമ്മയാണെന്ന കാര്യം എന്തോ അമ്മ അന്നേരം ഓർത്തില്ല. കണ്ണിൽ വെള്ളം നിറഞ്ഞത് കൊണ്ടാവണം, സന്ധ്യയിലേക്ക് ചിതറി വീണുപോയ ആ മധുരഗേളങ്ങളിൽ ഒന്നു പോലും പെറുക്കിയെടുക്കാൻ എനിക്കായില്ല. 

അമ്മയുടെ നടപടി പക്ഷെ പാണൽക്കായ തേടിയുള്ള എൻ്റെ യാത്രകളെ ഒരു വിധത്തിലും തളർത്തിയില്ല.

പടിഞ്ഞാറ് കടും ചുവപ്പണിണിഞ്ഞ ഒരു ഞായറാഴ്ച വൈകുന്നേരം  ഞാൻ കൃത്യമായി ഓർക്കുന്നു. തളീക്കര കൈരളി ഗ്രന്ഥാലയത്തിൽ അംഗത്വമുണ്ട്. ഞങ്ങളെ ഊർജ്ജതന്ത്രം പഠിപ്പിച്ചിരുന്ന പത്മനാഭൻ മാഷായിരുന്നു അതിൻ്റെ സാരഥി. കൈരളിയിൽ പോകുമ്പോഴെല്ലാം അൻവറും ഒപ്പമുണ്ടാകും. പക്ഷെ അന്നവൻ എൻ്റെ കൂടെ വന്നിരുന്നില്ല. അറബിക് കോളേജിലെ പുതിയ കൂട്ടുകാർക്കൊപ്പം, എന്നെക്കൂടാതെ ആയിടെ നടത്താറുണ്ടായിരുന്ന ദീർഘയാത്രകളിലൊന്നിലായിരുന്നു അവൻ. പുസ്തകം വായിച്ച് തീരാഞ്ഞിട്ടും അന്നു തന്നെ തിരികെ കൊടുക്കാമെന്ന് തീരുമാനിക്കാൻ കാരണം അവനോടുള്ള കടുത്ത കുശുമ്പായിരുന്നു. 

പുസ്തകമെടുത്ത് തിരികെ നടക്കുന്നതിനിടെ ഓത്യോട്ടെ പാലത്തിന് സമീപമെത്തിയപ്പോഴാണ് വശ്യമായ ആ കാഴ്ച കണ്ടത്. പാലം തുടങ്ങുന്നിടത്ത് , ചുവന്ന് തുടുത്ത് നറുമുന്തിരി പോലെ രണ്ടു കുലയായി പാണൽ കായ്കൾ. ഓടിയടുത്തെത്തിയ ഞാൻ പഴം പൊട്ടിക്കാനാഞ്ഞു. പെട്ടെന്നാണു് കാലിനടുത്ത് എന്തോ ഇളകിയത്! ശൂ! എന്ന ഒരൊച്ചയും. " ഹൂയ് " എന്ന ഭീതി നിറഞ്ഞ ശബ്ദം പുറപ്പെടുവിച്ച്  തുറിച്ച കണ്ണുകളുമായി റോഡിലേക്ക് തിരിച്ച് ചാടവെ ഞാൻ തെളിഞ്ഞു കണ്ടു, ദ്രുതം ചലിക്കുന്ന ആ ദീർഘ പീതശരീരം. തലക്കു മുകളിൽ കണ്ട കണ്ണട ചിഹ്നം യു.പി. സ്ക്കൂളിൽ കൃഷ്ണൻ മാഷ്  പറഞ്ഞു പഠിപ്പിച്ച പോലെ തന്നെ! 

അന്നു പേടിച്ച പേടിയിൽ പൊലിഞ്ഞു പോയതാണ് പാണൽ കായോടുള്ള എൻ്റെ അനുരാഗം.

കുറ്റ്യാടി പോകുമ്പോഴെല്ലാം, അവളെ ഞാൻ ഇന്നും തിരയുന്നുണ്ട്, നഷ്ടാനുരാഗത്തിൻ്റെ വേദനയോടെ. പക്ഷെ കാണാറില്ല ഒരിടത്തും. കിട്ടിയിട്ടില്ല, ഗൃഹാതുരത്വം രുചിച്ചു നോക്കാൻ ഒരു പഴം പോലും.

മത്സരത്തിൻ്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ നഷ്ടപ്പെട്ടു പോകുന്ന, അന്യം നിന്നു പോകുന്ന ചെറു ജീവനുകളെ ആരോർക്കാൻ ...

Friday, March 27, 2020

പുസ്തക വിചാരം - മലബാർ മ്യൂസിംഗ്സ്

ഓണാവധിക്ക് സ്ക്കൂൾ അടക്കുമ്പോഴാണ് അച്ഛന്റെ കരിയാട്ടേക്കുള്ള യാത്ര. കുറ്റ്യാടി യിൽ നിന്ന് കരിയാട്ടേക്ക് ദൂരമൊരുപാടുണ്ട്. അതുകൊണ്ടു തന്നെ "മോൻ പോര്ന്നോ കരിയാട്ടേക്ക് ?" എന്ന ചോദ്യത്തിന് എന്നും നിഷേധാർത്ഥത്തിലാണ് ഞാൻ തലയാട്ടിയിരുന്നത്. 

എനിക്കോർമ്മയുണ്ട് കരിയാട്ടേക്കുള ദൂരം. ബാലേട്ടന്റെ കല്യാണം കഴിഞ്ഞുള്ള വിരുന്നിന് അഴിയൂരിലെ വീട്ടിൽ നിന്ന് പുതുമണവാട്ടിയോടൊട്ടി നടന്നു പോയ ദൂരം. ലക്ഷ്മിയേടത്തിക്ക്  നീലനിറമുള്ള (അതോ ചോപ്പോ ) നൈലോൺ ശീല കൊണ്ടുള്ള മടക്കാവുന്ന ഒരു കുടയുണ്ടായിരുന്നു. വെയില് നിറഞ്ഞു വീണ ഇടവഴികളിൽ നിറമുള്ള ശീലക്കുള്ളിലൂടെ അരിച്ചു വീണ നിറമുള്ള വെയിലും പൂശി ഞാൻ മെല്ലെമെല്ലെ നടന്നു. നടന്നാലും നടന്നാലും തീരാത്ത ദൂരം. വഴിയിൽ തീരേ നേർത്ത പാലങ്ങളുള്ള പുഴകൾ .... എന്നെ പൊക്കി വെള്ളത്തിലിടുമെന്ന് പേടിപ്പിക്കുന്ന മുതിർന്നവരുടെ കൈകൾ ....  ശ്വാസം മുട്ടിപ്പോയ ആ ശൈശവയാത്രയുടെ ഭയമാകാം കരിയാട്ടേക്ക് അച്ഛനോടൊപ്പം പോകാൻ എന്നെ വിസമ്മതിപ്പിച്ചത്.

 എനിക്ക് ഓർമ്മ വച്ച കാലം മുതൽ അച്ഛൻ വെള്ള ഖാദി ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്.  അച്ഛൻ്റെ ചിരി പോലെ തന്നെ ശുഭ്രതയാർന്നവ. അവ നിറം മങ്ങാതെ നോക്കാൻ അമ്മയും ഏറെ ക്ലേശിച്ചിരുന്നു. കട്ടി കൂടിയ ഖാദിത്തുണികൾ, അലക്കുകല്ലിൽ അടിച്ച്  അലക്കിയെടുക്കാൻ ഏറെ അധ്വാനം ആവശ്യമായിരുന്നു.  അമ്മ അലക്കി വച്ച കുപ്പായവും മുണ്ടും മണിക്കൂറുകളോളം , വളരെ സൂക്ഷ്മതയോടെ ചിരട്ടക്കനലിസ്തിരിപ്പെട്ടി ഉപയോഗിച്ച് തേച്ച് വടിവൊത്തതാക്കിയിരുന്നത് അച്ഛൻ തന്നെ. 

വർഷത്തിലൊരു തവണയാണ് അച്ഛൻ കുപ്പായവും മുണ്ടും വാങ്ങുക. അതിനു വേണ്ടിയാണ് കരിയാട്ടേക്കുളയാത്ര. അവിടെ ഒരു ഖാദിസ്റ്റോറിൽ നിന്നാണ് ഒരു വർഷത്തേക്കുള്ള മുഴുവൻ തുണിയും വാങ്ങുന്നത്. അച്ഛൻ അഴിയൂർ സ്ക്കൂളിൽ ജോലി ചെയ്തിരുന്നപ്പോൾ തുടങ്ങിയ ശീലമാണത്. കരിയാട്ടെ ഖാദിസ്റ്റോർ തുടങ്ങിയ കാലം. ഇടപാടുകാരെ കണ്ടെത്താൻ വേണ്ടി അതിന്റെ നടത്തിപ്പുകാരനും ഉടമയുമൊക്കെ ആയ ആൾ -അദ്ദേഹത്തിന്റെ പേര് അച്ഛൻ പറഞ്ഞു തന്നിരുന്നതാണെങ്കിലും ഞാൻ മറന്നു - സ്ക്കൂളിൽ എത്തുന്നു. ഒരു വർഷത്തേക്കുള്ള തുണി ഒന്നായെടുക്കാം. പണം കുറേശ്ശേയായി മാസാമാസം കൊടുത്തു തീർത്താൽ മതി. കുറേ അദ്ധ്യാപകർ ഈ സ്കീമിൽ ചേർന്നു. മാസാമാസം ശമ്പള ദിവസം ഖാദിസ്റ്റോറുടമ പണം പിരിക്കാനായി സ്ക്കൂളിൽ വരും. പലരും ട്രാൻസ്ഫറായിപ്പോയതോടെ ഈ പരിപാടി അവസാനിപ്പിച്ചു. അച്ഛനാകട്ടെ, അതിനിടെ കടക്കാരനുമായി വളർന്നു വന്ന നല്ല സൗഹൃദം തൂടർന്നു പോന്നു. കുറ്റ്യാടിയിൽ എത്തിയതിൽ പിന്നെ തുണിയുടെ വില,  എല്ലാമാസവും മണിയോഡർ അയച്ചു. 

എന്താണെന്നറിയില്ല ഏഴാം ക്ലാസിലെ ഓണപ്പരീക്ഷ കഴിഞ്ഞ് സ്ക്കൂളടച്ചപ്പോൾ ഞാൻ അച്ഛനോട് അങ്ങോട്ട് ചോദിച്ചു, "ഇപ്രാവശ്യം കരിയാട്ട് പോന്നേരം ഞാനും വെരട്ടേ?"  അച്ഛൻ ഉറക്കെ ചിരിച്ചുകൊണ്ട് സമ്മതിച്ചു. എന്നിട്ട് പറഞ്ഞു. "പെരിങ്ങത്തൂര് എറങ്ങിയാല് മൂന്ന് മൂന്നര മൈല് നടക്കണം. ഇനിക്ക് കഴ്യോ?" മൂന്നര മൈലല്ലേ, സാരമില്ല. ഞാൻ പറ്റുമെന്ന് തലയാട്ടി. പിന്നെ, നടക്കുന്നത് അച്ഛന്റെ കൂടെയല്ലേ! 

ഒരിക്കലും മറക്കാനാവാത്തതാണ് ആ യാത്ര. അച്ഛനോട് കഥ പറഞ്ഞ്, അച്ഛന്റെ കഥകൾ കേട്ട്, മഴക്കാലം കഴിഞ്ഞ് ഉറവ പൊടിഞ്ഞൊഴുകിയ നീർച്ചാലുകൾ അതിരിട്ട നാട്ടുവഴികളിലൂടെ, ഓണം മണക്കുന്ന പാടവരമ്പുകളിലൂടെ അച്ഛന്റെ ചൂണ്ടുവിരൽ പിടിച്ച് ചാടിയും ഓടിയും നടന്നു തീർത്ത മൂന്നര മൈൽ ദൂരം. 

ലക്ഷ്മിയേടത്തി യുടെ കരിയാട്ടെ വീട്ടിൽ, ഏടത്തിയുടെ അമ്മ സ്നേഹ സ്മിതത്തോടെ വിളമ്പിയ ഉച്ചച്ചോറ്.  വെള്ളരിക്കൂട്ടാന്റെ, തേങ്ങാച്ചമ്മന്തിയുടെ ഒരിക്കലും മറക്കാത്ത സ്വാദ്.  ഒരു വലിയ കെട്ട് തുണികളുമായി മേക്കുന്നിലേക്ക് ഓട്ടോയിലുള്ള   മടക്കയാത്ര ....

ഇതിനു സമാനമായ ഒരു അദ്ധ്യായം ശ്രീ കെ.ടി. രാജഗോപാലന്റെ ഈയിടെ പ്രസിദ്ധീകൃതമായ മലബാർ മ്യൂസിംഗ്സ് , അൺടോൾഡ് ടെയിൽസ് ഫ്രം മൈ വില്ലേജ് ( MALABAR MUSINGS Untold tales from my village) എന്ന പുസ്തകത്തിലുണ്ട്.  മധ്യവേനലവധിക്ക് സ്കൂൾ പൂട്ടുമ്പോഴാണ് അദ്ദേഹത്തിൻ്റെ തറവാട്ടിലെ തുണി വാങ്ങൽ. ഒരു വർഷത്തെ കാർഷിക വിളകളുടെ നല്ലൊരുപങ്കും വിറ്റ പണവുമായി ഗ്രന്ഥകർത്താവിന്റെ 'അച്ചപ്പൻ ' കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആ വർഷം മുഴുവൻ വേണ്ട  തുണികൾ വാങ്ങാനായി തലശ്ശേരിക്ക് പുറപ്പെടും.  കുടുംബം എന്നാൽ ഇന്നത്തെ പോലെ രണ്ട് കുട്ടികളും രണ്ട് മുതിർന്നവരും മാത്രമുള്ള അണുകുടുംബമല്ല. ധാരാളം മുതിർന്നവരും , ധാരാളം കുട്ടികളുമുള്ള തറവാട്. "That, normally, was the only set of clothes bought during the year. It was also Vishu festival time; with school closed for summer, the clothes would “remain new” for a couple of more months!" 

ഉദ്യോഗത്തിന്റെ, മത്സരത്തിന്റെ, വേവലാതികളുടെ ഇരുട്ടിൽ മുങ്ങിപ്പോയ എൻ്റെ കരിയാട് യാത്രയുടെ ഓർമ്മ മാത്രമല്ല , പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ ഒരു കാര്യവുമില്ലെന്ന് വെളിവാകുന്ന, അനാവശ്യ ഭ്രമങ്ങളിലുടക്കി ഉള്ളിലെവിടെയോ പൂണ്ടു പോയ അതി സുന്ദരമായ ഓർമ്മകൾ അസംഖ്യമെണ്ണം ഈ കുഞ്ഞു പുസ്തകം പുറത്തു കൊണ്ടുവരുന്നു.

എനിക്ക് സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഏറ്റവും ഇഷ്ടം മഴക്കാലമായിരുന്നു. മഴക്കാലത്ത് പനിക്കാം, ശശിക്ക് എൻ്റെ കുട കൊടുത്ത് പകരം അവൻ്റെ ചേമ്പില വാഞ്ഞിച്ചൂടി നനഞ്ഞാണ്ട് ഞാൻ പനി സമ്പാദിച്ചിരുന്നത്. ശശിയെ ഞാനാദ്യം കാണുമ്പോൾ അവൻ്റെ കയ്യിൽ സ്ലേറ്റിൻ്റെ ഒരു മരച്ചട്ട മാത്രമാണുണ്ടായിരുന്നത്. അതിൻ്റെ കോണിൽ ഒരു ചെറിയ കഷണം സ്ലേറ്റും. അവൻ്റെ തലയിൽ  അലൂമിനിയത്തിലുണ്ടാക്കിയ ഒരു വലിയ വസ്സി കമഴ്തി വച്ചിരുന്നു. അതവന് ഉപ്പുമാവ് കഴിക്കാനാണ്. പലപ്പോഴും ദിവസത്തെ ഒരേ ഒരാഹാരം.

മലബാർ മ്യൂസിംഗിൻ്റെ താളുകളിലൂടെ സഞ്ചരിക്കുമ്പോൾ, ചിരപരിചിതമായ വയൽ വരമ്പുകളിൽ, ഞാറ്റുവേലയും തുലാവർഷവുമേറ്റ് തലയിലുറപ്പിക്കാവുന്ന പനയോലക്കുടയും ചൂടിയാണ് നാം നടക്കുക.

"With a slate and the only (yes, we had just one!) textbook in one hand and lunch packed in plantain leaf in the other, Bhaskaran, Rasheed, Sarojini, Ananthan and I would walk along the ridge, in single file, to the school and back, stopping en route to make friends with frogs and grasshoppers, dragonflies, ladybirds and other fascinating insects. We would watch with wonder as mango trees bloomed, catch the whiff as jackfruit trees sprouted buds that would in course of time transform into giant fruits, and eat the crunchy tender cucumbers that farmers would let us pluck. We believed that the single-log bridges across the streams were for the grown-ups; for us there was the gurgling stream to slosh across. Not for a moment did we worry about our clothes getting wet. After all, there was time till we reached school! And we had no fear of footwear getting wet either: we wore none!"

പുസ്തകത്തിൻ്റെ മനോഹാരിതയെ, നമ്മെ പുറകോട്ട്, ഗൃഹാതുരത്വത്തിലേക്ക് നടത്താനുള്ള  അതിൻ്റെ കഴിവിനെ കാണിക്കാനാണു് ചെറുതല്ലാത്തൊരു ഖണ്ഡം എടുത്തു ചേർത്തത്.

ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായവും, നമ്മെ കൊണ്ടുപോവുക ഒരിക്കലും തീരാത്ത മാമ്പഴക്കാലത്തേക്കാണ്. ഗ്രന്ഥകാരൻ അമ്മാവൻമാരെ, മുത്തശ്ശിമാരെ, അമ്മയെ, വീട്ടിലെ പാചകക്കാരനെ കൂട്ടുകാരെ ഓർക്കുമ്പോൾ നാമും നമ്മുടെ ഉറ്റവരുടെ ചൂടു പറ്റി വളർന്ന ബാല്യ കൗമാരങ്ങൾ വീണ്ടും ജീവിക്കും. 

അതി മനോഹരങ്ങളായ രേഖാചിത്രങ്ങൾ കൊണ്ട് ഭംഗിയാക്കിയ ഈ പുസ്തകം വായിച്ച് നിർത്തുമ്പോൾ എൻ്റെ മനസ്സിൽ നിന്നിറങ്ങിപ്പോകാത്ത ഒരാൾ, 'A RIDDLE WRAPPED IN AN ENIGMA' എന്ന അദ്ധ്യായത്തിലെ സ്വാമിയാണ്. ഒരു നാൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട്, ചോദിക്കാതെ പറയാതെ അപ്രത്യക്ഷനായ സ്വാമി.

കഥാപത്രങ്ങളെ , സംഭവങ്ങളെ എഴുതാൻ തുടങ്ങിയാൽ ഒരു പക്ഷെ ഞാൻ പുസ്തകം മുഴുവൻ ഇവിടെ എഴുതേണ്ടി വരും. അത് നിങ്ങളുടെ വായനയെ മുഷിപ്പിക്കും. അതു വേണ്ട. 

ജീവിതത്തിൽ ഏറ്റം മാധുര്യമുള്ള കാലം ബാല്യം തന്നെയാണ്‌.  ഓർമ്മച്ചെപ്പിൽ ഒളിച്ചു വെച്ച്, നേരം കിട്ടുമ്പോഴെല്ലാം ചെന്നെടുത്തു നോക്കി ആസ്വദിച്ച് ഭദ്രമായി തിരികെ വെക്കുന്ന വർണ്ണ വളപ്പൊട്ടുകളും മയിൽപ്പീലിത്തുണ്ടുകളും. കാലം കഴിയും തോറും അവയുടെ വർണ്ണങ്ങൾക്ക് പൊലിമ കൂടും. 

കെ.ടി. രാജഗോപാലൻ തീർത്ത മയിൽപ്പീലിത്തുണ്ടുകളുടെ, വളപ്പൊട്ടുകളുടെ ഈ ചെപ്പിന് എന്തെന്നില്ലാത്ത പൊലിമ നൽകുന്നത് ഒരു പക്ഷെ അതിൻ്റെ കാലപ്പഴക്കം തന്നെയാണ്.

എൺപതുകൾക്കും എഴുപതുകൾക്കും മുമ്പ് ബാല്യം ജീവിച്ചു തീർത്തവർക്ക്, ഈ പുസ്തകം തീർച്ചയായും ഇഷ്ടമാവും. ഈ കൊറോണക്കാലത്തെ നിർമാർന്ന ഒരു വായനയായിരിക്കുമിത്.

പുസ്തകം ആമസോൻ കിൻറി ലിൽ.



Wednesday, February 12, 2020

പൂർണത്രയീശ ഉത്സവം 2

ത്രിപ്പുണിത്തുറ താമസമാക്കിയ ശേഷം എന്റെ വർഷം തുടങ്ങുന്നതുമൊടുങ്ങുന്നതും വൃശ്ചികത്തിലാണ്. വൃശ്ചികോത്സവം കൊടിയേറുന്നതോടെ പുതിയ വർഷം ആരംഭിക്കുക്കയായി. ആരവത്തിന്റെ, മേളക്കൊഴുപ്പിന്റെ എട്ടു നാളത്തെ ഉത്സവക്കാഴ്ചകളോടെ പുലരുന്ന പുതുവർഷം. എട്ടാം നാൾ കൊടിയിറങ്ങി ആരവമൊഴിഞ്ഞ് നടവഴികളിൽ ജീവിതം വീണ്ടും വിരസ താളത്തിലേക്ക് മടങ്ങുമ്പോൾ അറിയുകയായി, മാറ്റങ്ങളേതുമില്ലാതെ വീണ്ടുമൊരു വർഷം പിറന്നിരിക്കുന്നു. 

2006 ലാണ് ആദ്യമായി ത്രിപ്പൂണിത്തുറ താമസക്കാരനാവുന്നത്. സെഞ്ചുറിയൻ ബാങ്കിന്റെ ശാഖാ മാനേജരായി ജോലി നോക്കാൻ വേണ്ടി. ലായം റോഡിൽ ചിൻമയ മിഷൻ സ്ക്കൂളിനോട് ചേർന്നായിരുന്നു ബ്രാഞ്ച് . ശാന്താ ബാലകൃഷ്ണനായിരുന്നു അന്ന് സ്ക്കൂളിന്റെ എല്ലാം. സ്നേഹമയിയായ അമ്മ. 
മനം നിറയെസ്നേഹവും , കരം നിറയെ ബിസിനസ്സും തരുമായിരുന്ന ത്രിപ്പുണിത്തുറയിലെ ഇടപാടുകാർ. സ്നേഹം നിറഞ്ഞ മേലുദ്യോഗസ്ഥൻമാരും സഹപ്രവർത്തകരും. അല്ലെങ്കിലും സെഞ്ചൂറിയൻ ബാങ്കിന്റെ മുഖമുദ്ര സ്നേഹമായിരുന്നല്ലോ. അതു കൊണ്ടാണല്ലോ ബാങ്കിന്റെ അസ്തിത്വമില്ലാതായി വർഷങ്ങൾ പലതായെങ്കിലും അവിടെ ജോലി ചെയ്തവരൊക്കെയും ഇപ്പോഴും ബന്ധത്തിന്റെ ഊഷ്മളത ഒട്ടും ചോരാതെ നിർത്തുന്നത്.

എന്റെ ആദ്യത്തെ വൃശ്ചികോത്സവം കൗതുകങ്ങളുടേതായിരുന്നു. ആയുസ്സിലന്നോളം ഇത്രയും വലിയൊരുത്സവം ഞാൻ കണ്ടിരുന്നില്ല. ലോകമറിയുന്ന വാദ്യകലാകരൻമാരുടെ, കഥകളി നടൻമാരുടെ, സംഗീത വിശാരദരുടെ, കേളി കേട്ട ഗജവീരൻമാരുടെ അസുലഭ സമ്മേളനം. എട്ടു രാത്രികളും ഊട്ടുപുരയുടെ മുകളിലത്തെ നിലയിൽ ചമ്രം പടിഞ്ഞിരുന്ന് പാട്ടുകേട്ട് മനം നിറഞ്ഞ് , മേളത്തിൽ മനവും മെയ്യുമുറഞ്ഞ് , ഇമപൂട്ടാതെ കഥകളി കണ്ട് കണ്ണുനീറി.. 

പിന്നെ ത്രിപ്പൂണിത്തുറയെ അടുത്തറിഞ്ഞ രണ്ടു വർഷങ്ങൾ. ലോർഡ് കൃഷ്ണാ ബാങ്ക് സെഞ്ചൂറിയൻ ബാങ്കുമായി ലയിച്ചപ്പോൾ സ്റ്റാച്യു ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ബാങ്കിന്റെ ശാഖയിലേക്ക് ഞാൻ മാറി. അവിടെ ലഭിച്ച പുതിയസഹപ്രവർത്തകർ എന്നും പറയുമായിരുന്നു. "ത്രിപ്പൂണിത്തുറ വന്നവരൊക്കെ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ടെ"ന്ന്. ഞാൻ പക്ഷെ, വടകരയിലേക്ക് മാറ്റം വാങ്ങി പോയി. വടകരയിലും ബാംഗ്ലൂരിലുമായി ത്രിപ്പൂണിത്തുറയിൽ നിന്നകന്നു നിന്ന നാല് വർഷങ്ങളിൽ, ഹൃദയത്തിന്റെ ഉള്ളറയിലെ വിടെയോ മന്ത്ര സ്ഥായിയിൽ ഒരു കഥകളിപ്പദം പതിഞ്ഞു പാടിക്കൊണ്ടിരുന്നു. അതെന്നെ നിരന്തതം തിരിച്ചു വിളിച്ചിരുന്നിരിക്കണം. അതു കൊണ്ടാവണം വീണ്ടും കൊച്ചിയിൽ ജോലി ചെയ്യാൻ അവസരം കിട്ടിയപ്പോൾ കണ്ണുമടച്ച് ഞാനത് സ്വീകരിച്ചത് .  രണ്ടായിരത്തി പന്ത്രണ്ടിലെ വൃശ്ചികോത്സവത്തിന് തൊട്ടുമുമ്പ് വീണ്ടും ഞാൻ തൃപ്പുണിത്തുറക്കാരനായി. എന്റെ കുറ്റ്യാടിയോളം തന്നെ പ്രിയപ്പെട്ട ത്രിപ്പുണിത്തുറ . 

വീണ്ടുമൊരു വൃശ്ചികോത്സവം കൊടിയിറങ്ങിയിരിക്കുന്നു. ഉറക്കമില്ലാത്ത രാവുകളിൽ നിന്ന് മേളപ്പെരുക്കങ്ങൾ മുഴങ്ങുന്ന ചെവിയും കഥകളി പദം പതിഞ്ഞു പാടുന്നതലയുമായി ഞാനീ ആനച്ചൂര് പൊങ്ങുന്ന , ദീപസ്തംഭം കരിന്തിരി കത്തുന്ന പുലരിയിലേക്ക്, മോഹിപ്പിച്ച് പിടിച്ചു നിർത്തിയ മോഹന സ്വപ്നലോകം വിട്ട് , യാഥാർത്ഥ്യത്തിന്റെ ചുടു വേനലിലേക്ക്,  ഇറങ്ങുന്നു. അടുത്ത വൃശ്ചികോത്സവം വരെ ഒരുവർഷം കൂടി ജീവിക്കാൻ ...

Saturday, February 8, 2020

തെരുവിൽ നിന്നൊരാൾ - പുസ്തകവിചാരം

യാതനകളുടെ പുസ്തകം  മലയാളിക്ക്  ആടുജീവിതമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ടപുസ്തകങ്ങളിലൊന്ന്.

എനിക്ക് പക്ഷെ ആ പുസ്തകം വായിച്ചതുകൊണ്ടുണ്ടായ ഗുണം, ശാന്താറാമിനെക്കുറിച്ച് അറിയാൻ  കഴിഞ്ഞു എന്നതാണ്. ആടുജീവിതത്തിന്റെ ആമുഖത്തിലാണെന്ന് തോന്നുന്നു,  കൃത്യമായി ഓർമ്മയില്ല, ഗ്രിഗറി ഡേവിഡ് റോബേർട്ട്സിന്റെ ശാന്താറാമോളം മഹത്തായ കൃതിയാണ് ആടുജീവിതം എന്ന്  പ്രസ്താവിച്ചിരുന്നു.  ശാന്താറാം വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ആടുജീവിതത്തോട് അത്യധികമായ കൃതജ്ഞതയാണ്  തോന്നിയത്.  ശാന്താറാം വായിപ്പിച്ചതിന്. 

ശാന്താറാം സാക്ഷ്യപ്പെടുത്തുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയെ, ജീവിതത്തോടുള്ള അദമ്യമായ അഭിനിവേശത്തെ, സ്വാതന്ത്ര്യത്തോടുള്ള ഒടുങ്ങാത്ത ദാഹത്തെ ഒക്കെയാണ്. ഒരു നോവലായല്ല നാമത് വായിക്കുക. ഗ്രിഗറി ഡേവിഡ് റോബേർട്ട്സ് എന്ന മനുഷ്യന്റെ പച്ചയായ ജീവിതമായാണ്. നോവലിൽ പറയുന്നത്, എഴുതുന്നയാളിന്റെ ജീവിത സാഹചര്യങ്ങളാൽ സ്വാധീനിക്കപ്പെട്ട കാര്യങ്ങളാണെന്ന പ്രസ്താവനയോടെ തുടങ്ങുന്ന കൃതിയിൽ,  ആസ്ട്രേലിയലിലെ കുപ്രസിദ്ധ ബാങ്ക് കവർച്ചക്കാരനും മയക്കുമരുന്നിനടിമയുമായ റോബർട്ട്സ് പകൽ വെളിച്ചത്തിൽ തടവറയിൽ നിന്ന് രക്ഷപ്പെടുന്നു.  ലിൻഡ്സെ ഫോർഡ് എന്ന വ്യാജ നാമത്തിലുള്ള പാസ്പോർട്ടുമായി മുംബെയിൽ എത്തിച്ചേർന്ന അയാൾ ആ മഹാനഗരത്തിലെ ജനങ്ങളും സംസ്കാരവുമായി ഇഴുകിച്ചേരുന്നു. ചേരികളിൽ ജീവിക്കുന്നു, അധോലോകവുമായി കൂട്ടുകൂടുന്നു, സിനിമയിൽ എക്സ്ട്രാ നടനായി അഭിനയിക്കുന്നു, മറാഠി അനായാസേന സംസാരിക്കാൻ പഠിക്കുക പോലും ചെയ്യുന്നു... മുംബൈ  മഹാനഗരത്തിന്റെ വർണ്ണങ്ങൾ, ഇരുട്ടറകൾ, സ്നേഹസാഗരങ്ങൾ ഒക്കെ സംഭവബഹുലമായ തന്റെ ജീവിതകഥയിലൂടെ കഥാകാരൻ നമുക്ക് കാട്ടിത്തരുന്നു. ഒപ്പം അതിജീവനത്തിനുള്ള മനുഷ്യന്റെ അടങ്ങാത്ത ആവേശവും ദാഹവും പിടച്ചിലും

അതിജീവനത്തിന്റെ കഥ പറയുന്ന, ഇതിനേക്കാളൊക്കെ പ്രശസ്തമായ,  അത്മകഥാപരമായ നോവലാണ്  ഹെന്റി ഷാരിയറിന്റെ പാപ്പിയോൺ. ശാന്താറാം എഴുതിയ ഗ്രിഗറി ഡേവിഡ് റോബേർട്ട്സിനെ പോലെ ഷാരിയറും ഒരു കുറ്റവാളിയായിരുന്നു. 

ഫ്രെഞ്ച് ഭാഷയിൽ പാപ്പിയോൺ എന്നാൽ ചിത്രശലഭം എന്നാണ് അർത്ഥം.

പാപ്പിയോൺ, സ്വതന്ത്ര മനുഷ്യനായി ജീവിക്കണമെന്ന ഒരു വ്യക്തിയുടെ തീവ്രാഭിലാഷങ്ങളുടെ ചോരയിൽ ചാലിച്ച വിവരണമാണ്.  ഹെന്റി ഷാരിയർ എന്ന ജീവപര്യന്തക്കാരന്റെ ആത്മകഥയാണ് പാപ്പിയോൺ. നിരപരാധി എന്നവകാശപ്പെട്ടിരുന്ന പാപ്പിയോണിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് കോടതി അയാളെ ജീവപര്യന്തം കഠിന
തടവിന് ശിക്ഷിച്ച് ഫ്രെഞ്ച് ഗയാനയിലേക്ക് അയച്ചു. ഷാരിയർ ഇരുണ്ട ജയിൽമുറികളിലിരുന്ന് ഓരോ നിമിഷവും തന്നെ ചൂഴുന്ന നരകതുല്യമായ ജീവിതത്തിൽ നിന്ന്  രക്ഷപെടണം എന്നു മാത്രം ചിന്തിച്ചു. 13 വട്ടം  ജയിൽചാടി. പിടിക്കപ്പെട്ടു.. പിടിക്കപ്പെടുമ്പോഴും ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങുമ്പോഴും അയാൾ ചിന്തിച്ചിരുന്നത് അടുത്ത രക്ഷപെടലിനെ കുറിച്ചായിരുന്നു.. ധീരമായ അത്യന്തം ത്യാഗപൂർണ്ണമായ ശ്രമങ്ങൾക്കൊടുവിൽ പാപ്പിയോൺ ചെറു ചങ്ങാടങ്ങളിൽ സമുദ്രം താണ്ടി.. വിവരിക്കാൻ സാധ്യമല്ലാത്ത നരകയാത്രക്കൊടുവിൽ വെനിസ്വേലയിലെത്തി പുതിയ ഒരു ജീവിതം ആരംഭിച്ചു.

ഒരു കുറ്റവും ചെയ്യാതെ തടങ്കലിലാക്കപ്പെടുമ്പോഴുള്ള, മൃത്യുവിനും ജീവിതത്തിനുമിടയിൽ പെട്ടുഴലുന്നതിന്റെ നിസ്സഹായാവസ്ഥ അക്കാഡമി അവാർഡിനർഹമായ തന്റെ തക്കിജ്ജയിലൂടെ ജയചന്ദ്രൻ മൊകേരിയും  അതിമനോഹരമായി പറയുന്നു.

ഇന്നലെ, ബാലൻ തളിയിലിന്റെ, 'തെരുവിൽ നിന്നൊരാൾ ' വായിച്ച് നിർത്തുമ്പോൾ, അകക്കാമ്പിൽ തീ കോരിയിട്ട രണ്ടു നാളുകൾക്കാണറുതിയായത്. തിന്നാനും ഉറങ്ങാനും സ്വസ്ഥതയുടെ തണൽമരച്ഛായ എന്നുമുണ്ടായിരുന്ന  എന്നെപ്പോലൊരാൾക്ക് ഇടർച്ചയോടെയല്ലാതെ ബാലേട്ടൻ (അങ്ങനെ വിളിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ അയൽദേശക്കാരനായ എനിക്കുണ്ടെന്ന് ഞാൻ സ്വയം തീരുമാനിക്കുന്നു) നടന്നു താണ്ടിയ കനൽവഴികളെക്കുറിച്ച് വായിക്കാനാവില്ല. 

പുസ്തക പ്രകാശന ദിവസം യദൃശ്ചയാ കുറ്റ്യാടിയിൽ എത്തിച്ചേരാനും പുസ്തകത്തിന്റെ ഒരു പ്രതി സമ്പാദിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യങ്ങളിലൊന്നായി ഇപ്പോൾ ഞാനറിയുന്നു. 

ജീവിതം നൽകിയ കൊടും യാതനകളെ നർമ്മം ചാലിച്ച കഥകളായി നമുക്ക് തന്നത് വൈക്കത്തെ സുൽത്താനാണ്. ബാലേട്ടനാവട്ടെ ജീവിതം തരുന്ന വെല്ലുവിളികളെ കാണുന്നത് തികച്ചും നിർമമനായാണ്. കൂട്ടുകാരൻ അമ്മതി നോടൊപ്പം ആരോ ഉപേക്ഷിച്ചു പോയ കാടുപിടിച്ച അംബാസിഡർ കാറിനകത്ത് ഇരവ് താണ്ടിയിരുന്ന കാലത്ത് , കാറിന്റെ പൊട്ടിപ്പൊളിഞ്ഞ മേൽപ്പാളിക്കുള്ളിലൂടെ മേഘമാലകൾ നീങ്ങിപ്പോകുന്നത് കണ്ടുറങ്ങാൻ കഴിഞ്ഞിരുന്നു എന്നു പറയുന്നിടത്ത് ഈ നിർമമതയല്ലാതെ എന്താന്ന് പ്രത്യക്ഷമാവുന്നത്? 

എന്നു കരുതി ഒരു വികാരവുമില്ലാതെ പറഞ്ഞു പോകുന്ന അക്ഷരങ്ങളുടെ കൂട്ടിവെപ്പ് മാത്രമാണ് തെരുവിൽ നിന്നൊരാൾ എന്ന് കരുതരുത്. തീവണ്ടിയിലിരുന്ന് വായിക്കുകയായിരുന്ന ഞാൻ, കണ്ണീര് സഹയാത്രികരിൽ നിന്ന് മറയ്ക്കാൻ പലപ്പോഴും പാടുപെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അമ്മയെ ക്കുറിച്ചുള്ള ഓർമ്മകൾ. പുസ്തകത്തിലുടനീളവും, 'അമ്മ' എന്ന അദ്ധ്യായത്തിൽ പ്രത്യേകിച്ചും, തന്റെ പലായനത്തിലൂടെ താൻ അമ്മയോട് അഹിതം പ്രവർത്തിച്ചില്ലേ എന്ന ശങ്ക ഞാൻ വായിച്ചു. അമ്മ മരിച്ചപ്പോഴും സമയത്തിനെത്തി അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും ബാലേട്ടനായില്ല. വിങ്ങിവിങ്ങി നിന്ന നെഞ്ചുമായി അമ്മയുടെ കുഴിമാടത്തിന് സമീപം നിന്ന ബാലേട്ടനോട് അമ്മാവൻ പറയന്നു. " ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ട മക്കളാണ് മരണസമയത്ത് അടുത്തില്ലാതെ പോവുക'' അന്നേരം ബാലേട്ടൻ പ്രാർത്ഥിക്കുന്നുണ്ട്, 'അത് സത്യമായിരിക്കണേ...! ഞാൻ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ടവനായിരിക്കണമേ...!' വറുതിക്കാലത്തേക്കായി 'നുള്ളിയിട്ടു' വച്ച അരി നിർത്താതെ മഴ പെയ്ത് 'ഇടംവലം തിരിയാൻ ഗതിമുട്ടുന്ന' ദിവസങ്ങളിലിൽ അമ്മ പുറത്തെടുക്കുമായിരുന്നു. വറുതിയുടെ ദിനങ്ങൾ അതിജീവിച്ചത് അമ്മ മിച്ചം വച്ച ആ അരിയുടെ കഞ്ഞി കുടിച്ചായിരുന്നു. അമ്മ നുള്ളിയിട്ടു വച്ച സ്നേഹം പകരാൻ മരണ നേരത്ത് ആ അമ്മ ബാലേട്ടനെ ചുറ്റിലും പരതി , പ്രയാസപ്പെട്ട് അദ്ദേഹത്തിന്റെ പേരു വിളിക്കാൻ നോക്കി...

" എന്നെപ്പോലെ മറ്റൊരു മക്കളും അമ്മയെ കണ്ണീര് കുടിപ്പിച്ചിട്ടില്ല" എന്ന, പുസ്തകമാകെ പരന്നു നിൽക്കുന്ന തേങ്ങൽ, ഈ അദ്ധ്യായത്തിൽ ഉച്ചസ്ഥായിയിലെത്തുന്നു. 

ബാലേട്ടൻ അവിശ്വാസിയാണെന്ന് ഇടയിലെവിടെയോവായിച്ചു. മലക്കുകളുടെ സംഗീതം എന്നൊരു അദ്ധ്യായമുണ്ടീ പുസ്തകത്തിൽ.  മരുഭൂമിയിലുണ്ടാവുന്ന എല്ലാ അപശബ്ദങ്ങളും മലക്കുകളുണ്ടാക്കുന്നതാണെന്ന് പറയുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു ബാലേട്ടന് . മസറയിൽ ഏകനായിക്കഴിഞ്ഞിരുന ഒരു രാത്രി മരുഭൂമി അപശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. ജിജ്ഞാസുവായ ബാലേട്ടന് അനുരാഗവിവശരായ മലക്കുകളുടെ സംഗീതത്തിന്റെ ഉറവിടം അന്വേഷിക്കാതിരിക്കാനായില്ല. ഒടുക്കം മനസ്സിലായി. ചൂളം കുത്തി ആഞ്ഞുവീശിയ കാറ്റ് മസറക്ക് സമീപമുള്ള അഗാധമായ കിടങ്ങിലേക്ക് കാൽ തെറ്റി വീഴുന്ന ഒച്ചയാണ് സംഗീതവും നിലവിളിയും കൂട്ടക്കരച്ചിലുമായി ഉയരുന്നത്. 

പ്രപഞ്ചത്തിന്റെ അനന്ത ശബ്ദങ്ങളുടെ ഉറവിടം തേടിയുള്ള കലാകാരന്റെ നിലക്കാത്ത പ്രയാണത്തിനിടയിൽ ഊർന്നു വീണ്ടു പോകുന്ന നക്ഷത്ര ധൂളികളാണ് അവന്റെ കലാസൃഷ്ടികളെന്ന് ഞാൻ വിശ്വസിക്കുന്നു.  

ബാലേട്ടൻ നിറഞ്ഞനുഭവിച്ച ദീർഘയാനത്തിനിടയിൽ വീണു കിട്ടിയ കൊടും യാതനയുടെ, വിശപ്പിന്റെ, ഭീതിയുടെ, കണ്ണീരിന്റെ, നിസ്സഹായതയുടെ, സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ  അനർഘ നിമിഷങ്ങൾ നിറച്ചു വച്ച ഈ പുസ്തകം ഗംഭീരമായ ഒരു വയാനാനുഭവമാണ്.

ഒരു മരു യാത്രയിൽ കൈവന്ന അനർഘ നിമിഷത്തെക്കുറിച്ച്  ബേപ്പൂർ സുൽത്താൻ ഒട്ടും ഫലിതം ചേർക്കാതെ വിവരിക്കുന്നുണ്ട്. പൗർണ്ണമിയുടെ നിറവിൽ നിർന്നിമേഷനായി നിന്നു പോയ ബഷീർ, ഞാനും അതും രണ്ടല്ലെന്നറിഞ്ഞ്, മൻസൂർ ഹല്ലാ ജിനെപ്പോലെ അനൽ ഹഖ് എന്ന് മന്ത്രിച്ച് പോകുന്നുണ്ട്.

അങ്ങനെ ഒരാത്മീയത തെരുവിൽ നിന്നൊരാളിലും ഞാൻ വായിക്കുന്നുണ്ട്. താൻ സഹിച്ച യാതനകളെ കുറിച്ച്  അല്പം പോലും വേദനയോടെയല്ല ബാലേട്ടൻ ഓർത്തു പറയുന്നത്. ഓരോ വാക്കിലും തികഞ്ഞ ചാരിതാർത്ഥ്യവും തൃപ്തിയും. എഴുത്തച്ഛൻ വേദാന്തം അതിലളിതമായി പത്തീരടികളിൽ പറഞ്ഞു വെച്ചിടത്ത് മനുഷ്യാനുഭവങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു. "സുഖവും ദുഃഖവുമനുഭവ കാലം പോയാൽ സമമിഹ നാരായണ ജയ"

അനുഭവ കാലം കഴിഞ്ഞ്, പക്വമായ തന്റെ ഓർമ്മകളെ നിർമ്മമനായി നോക്കി കാണുകയാണ് ബാലേട്ടനിവിടെ. 

ഇത്രയെങ്കിലും എഴുതിയില്ലെങ്കിൽ ഈ പുസ്തകം സമ്മാനിച്ച അനുഭൂതികളോട് ഞാൻ ചെയ്യുന്ന നന്ദികേടാവും. ഈ എളിയ വായനയിലെ അപാകതകളെ എന്റെ ജ്യേഷ്ഠ ഭ്രാതാവ് പൊറുക്കട്ടെ.  

പാപ്പിയോണിനൊപ്പം, ശാന്താറാമിനൊപ്പം, തക്കിജ്ജയോടൊപ്പം തെരുവിൽ നിന്നൊരാളും ഞാൻ നെഞ്ചോട് ചേർക്കുന്നു.

Tuesday, February 4, 2020

ഇക്ട്രോണികം

ഇവറ്റകളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പരിപൂർണ്ണ ബോധ്യമായി. 
പലരും പറഞ്ഞതാണ്. വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഇവറ്റകൾ പണി തരുമെന്നു്. ഒരു വർഷം മുഴുവൻ കഷ്ടപ്പെട്ടെടുത്ത മനോഹരഫോട്ടോകൾ, പിന്നീട് വികസിപ്പിക്കാമെന്ന് കരുതി സേവ് ചെയ്ത് വച്ച  നൂറിൽ പരം കുറിപ്പുകൾ, പലപേജുകൾ പുരോഗമിച്ച പത്തോളം ചെറുകഥകൾ, വിശ്വോത്തര പെയിന്റിങ്ങുകളായി പരിണമിക്കുമായിരുന്ന സെകച്ചുകൾ!! എല്ലാം പോയി.... ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക് ഒരു മുന്നറിയിപ്പുമില്ലാതെ ചത്തു. സങ്കടം സഹിക്കാഞ്ഞാണോ എന്നറിയില്ല, സ്മാർട്ട് ഫോൺ സ്വമേധയാ റിസെറ്റായി, സേവ് ചെയ്ത് വച്ചിരുന്ന ഡാറ്റയെല്ലാം നശിപ്പിച്ചു. 

മരണം ആർക്കായാലുമുണ്ട് . പക്ഷെ യന്ത്രങ്ങൾ ജീവികളെ പോലെയല്ലല്ലോ. അവറ്റകൾക്ക് മരണകാര്യത്തിൽ ഇത്തിരി വകതിരിവ്  സാധാരണ ഉണ്ടാകാറുള്ളതാണ്.  പ്രവർത്തനം മന്ദീഭവിച്ച്, കമ്പ്യൂട്ടറാണെങ്കിൽ ഇടക്ക് ബൂട്ടാവാൻ ഇത്തിരി അമാന്തിച്ച്, അങ്ങനെ അങ്ങനെ.. ഈ മുന്നറിയിപ്പുകൾ വരുമ്പോഴറിയാം;  ഡാറ്റ കോപ്പി ചെയ്ത് എക്‌ സ്റ്റേണൽ ഹാർഡ് ഡ്രൈവിലേക്ക് മാറ്റാൻ സമയമായിരിക്കുന്നു! പക്ഷെ എന്റെ ഒരു വർഷം പോലും പഴക്കമില്ലാത്ത ലാപ്ടോപ്പ് അത്തരം മര്യാദകളൊന്നും കാണിച്ചില്ല. യൂറ്റ്യൂബിൽ സിനിമ കണ്ടോണ്ടിരിക്കെ പെട്ടെന്ന് സ്ക്രീനങ്ങ് ബ്ലാങ്കായി. ശുദ്ധ ശൂന്യത. ഇരുട്ട്. തുടർന്ന് ഒരു സന്ദേശം ദു:ഖ മുഖത്തോടെ പ്രത്യക്ഷീഭൂതമായി. “Your PC is not responding” ന്ന്. അതു കഴിഞ്ഞും എന്തൊക്കെയോ വിഭ്രാന്ത സന്ദേശങ്ങൾ. ഒടുക്കം കറുപ്പിൽ വെളുപ്പുകൊണ്ട്, ഇപ്പറഞ്ഞ സാധനത്തിന്റെ ഡ്രൈവ് റിപ്ലേസ് ചെയ്ത് കളഞ്ഞള, എന്നെഴുതി കാണിച്ചു. ഞാൻ വിചാരിച്ചു. വെറ്തെ.. ഒരു കാര്യവുമില്ലാണ്ട് കമ്പ്യൂട്ടർ ചത്തുപോകില്ല. ചാകാൻ പാടില്ല. വാങ്ങീട്ട് ഒരു കൊല്ലമാകുന്നതേയുള്ളൂ. എന്തു പോയാലും എന്റെ ഫോട്ടോകൾ !! ഞാൻ രണ്ടും കൽപ്പിച്ച് ബട്ടൻ ഞെക്കി. ഒരപാട് നേരം അതുമിതുമൊക്കെ എഴുതിക്കാണിച്ച് വീണ്ടും, ഇപ്പറഞ്ഞ സാധനത്തിന്റെ ഡ്രൈവ് റിപ്ലേസ് ചെയ്ത് കളഞ്ഞള എന്ന സ്റ്റാന്റിൽ വന്നു നിന്ന്, കമ്പ്യൂട്ടർ നിർമമായി വിലസി. ഞാൻ ഭയം കൊണ്ടും സങ്കടം കൊണ്ടും വിവശനായി, അർജ്ജുനൻ തേർത്തടത്തിൽ കാട്ടിക്കൂട്ടിയ  സകല പൊട്ടത്തരങ്ങളും പ്രകാശിപ്പിച്ചു. (Ref Bhagavad Gita 1:28 and 29)   തലമുടി പിടിച്ചു വലിച്ചു. നെഞ്ചിൽ പേർത്തും പേർത്തും പ്രഹരിച്ചു. നല്ല പാതിയേയും പിള്ളാരേയും കണക്കറ്റ് ശകാരിച്ചു. അതു കൊണ്ടരിശം തീരാഞ്ഞയീനായർ , ഫ്ലാറ്റിന് ചുറ്റും മണ്ടി നടന്നു. 
പിന്നീട് സമനില വീണ്ടു കിട്ടിയപ്പോൾ ലാപ്പ്ടോപ്പനെ പൊതിഞ്ഞു കെട്ടി, ബില്ല് തപ്പിയെടുത്ത് , സർവീസ് സെൻററിൽ കൊണ്ടു പോകാൻ റെഡിയാക്കി. ആ സർവശക്ത, സർവജ്ഞർക്ക് ഇവനെ തീർച്ചയായും പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നുറച്ച് വിശ്വസിച്ച് ഉറങ്ങാൻ കിടന്നു.
 പിറ്റേന്ന് അവിടെ ചെന്നപ്പോഴാവട്ടെ കശ്മലൻമാർ തീർത്തു പറഞ്ഞു കളഞ്ഞു. "ഹാർഡ് ഡിസ്ക്ക് പോയി സാറേ ...മാറ്റണം . സാറിന്റെമെഷിന് വാറണ്ടി യുള്ളതിനാൽ കാശൊ ന്നും തരണ്ട.“ കശ്മല വീരൻ മാർ... അവരുണ്ടോ അറിയുന്നു! എന്റെ പതിനായിരക്കണക്കായ പ്രിയ ഫോട്ടോകളാണ് ഈ ഹാർഡ് ഡിസ്ക്കോടൊപ്പം മണ്ണടിയുന്നതെന്ന് !! ഒരു ഫോൾഡർ പോലും തിരികെക്കൊണ്ടുവരാനാവില്ലേയെന്ന എന്റെ കെഞ്ചലിനെ അവൻ ചുണ്ടിന്റെ വശം കോട്ടി, പുച്ഛിച്ചു തള്ളി. സിസ്റ്റം, ഡിസ്ക്ക് ഐഡന്റി ഫൈ ചെയ്യുന്നില്ല സാറേ!! കരഞ്ഞു പോയി ഞാൻ.. അപ്പൊഴാണ് പാന്റിന്റെ പോക്കറ്റിൽ ഒരു പിടച്ചിൽ. ക്രൂം ... ക്രൂം .. മൊബൈൽ. എടുത്ത് സ്ക്രീനിൽ നോക്കിയ ഞാൻ അതി ഭയങ്കരമായി വീണ്ടും ഞെട്ടി. അവൻ ചോദിക്കുകയാണ്. "തൻെറയീ പുതിയ മൊബൈൽ ഫോൺ ഞാനെങ്ങനെയാണ് ഉപയോഗ യോഗ്യമാക്കേണ്ടത്?" എന്ന്. എന്ത് പുതിയത്? രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. പിന്നെയെന്താണിങ്ങനെ എന്നന്വേഷിക്കാൻ !! മൊബൈൽ കുതുകികളായ സഖാക്കളെ വിളിക്കാൻ നമ്പർ പരതി. എവിടെ നമ്പർ? ഒന്നുമില്ല. മേൽ പറഞ്ഞ സന്ദേശമല്ലാതെ മറ്റൊന്നുമില്ല. എന്റെ എരുമേലി വാവരേ ഞാനിനി എന്ത് ചെയ്യും? ഒറ്റ നമ്പറില്ലാതെ  ഞാനെങ്ങനെ സഖാക്കളുമായി സംവദിക്കും? കഷ്ടമർ മാരെ വിളിച്ച് എങ്ങനെ എക്കൗണ്ടുകളും ഡപ്പോസിറ്റുകളും സമ്പാദിക്കും? മുത്തപ്പാ! നീ തന്നെ തുണ. എവിടെയൊക്കെയോ ഞെക്കിയവാറെ, എന്റെ ഈ മെയിൽ ഐഡി എഴുതിക്കൊടുക്കാൻ ഉത്തരവായി. അതിനു ശേഷം പാസ് വേഡ് . ഒടുക്കം എല്ലാം കൂടെ ഡൗൺലോഡായി ഫോൺ പഴയ പോലെ തോന്നിക്കുന്ന പരുവമായി. നോട്ടുകളും കതകളും എയുതി ബെച്ച കളർഡ് നോട്സ് എന്ന ആപ്പ് തുറന്ന് നോക്കി, പണ്ട് ആദാമിനും മുൻപെഴുതിയ കുറേ നോൺ സെൻസ് മാത്രമുണ്ട്. വേണ്ടതൊന്നു മില്ല. ചിത്രം വരക്കുന്ന ആപ്പ് തുറന്നു നോക്കി. ശുദ്ധ ശൂന്യം . 

മതി. മതിയാക്കി. ഇനി ഈ പണി ഇലക്ട്രോണി കത്തിലില്ല. പഴയ നോട്ടുപുസ്തകം തപ്പിയെടുത്തു വച്ചിട്ടുണ്ട്. പക്ഷെ തോന്യാക്ഷര മൊന്നും വരുന്നില്ല. പണ്ട് വേലുക്കുട്ടി മാഷ് തന്ന ഡ്രോയിംഗ് ബുക്കിലാവട്ടെ പേജുകളൊന്നും ബാക്കിയുമില്ല. പാറ്റച്ചിത്രങ്ങൾ മാത്രം.

തത്ത സ്വാമി

ഞങ്ങടെ നാട്ടിൽ ഒരു ഗുരു സ്വാമി ഉണ്ടായിരുന്നു. കുമാരസ്വാമി. ഓർമ വച്ച നാൾ മുതൽ എല്ലാവർഷവും വ്രതമനുഷ്ടിച്ച് മല കയറിയ ആൾ . വർഷത്തിൽ പന്ത്രണ്ട് മാസവും രുദ്രാക്ഷവും കറുപ്പ് വസ്ത്രവു മണിഞ്ഞാണു് സഞ്ചാരം.  ഏതു നേരവും ജപം. നാട്ടിലുള്ള സകല അമ്പലങ്ങളിലും രാവിലെയും വൈകീട്ടും തൊഴും ഭജന കൾക്ക് നേതൃത്വം നൽകും. കീർത്തന പുസ്തകങ്ങൾ നോക്കിവായിച്ചു കൊണ്ടേയിരിക്കും. രാമായണ മാസവും കൃഷ്ണ ഗാഥാ മാസവും ആചരിക്കുകയും ആചരിപ്പിക്കുകയും ചെയ്യും. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ സ്ഥിരമായി കംസന്റെ വേഷം കെട്ടും.

മണ്ഡല കാലമായാൽ പിന്നെ പറയാനില്ല. തിരക്കോട് തിരക്ക് തന്നെ.അയ്യപ്പൻ വിളക്ക്, ഭജന, കെട്ടുനിറ... നിന്നു തിരിയാൻ സമയമില്ല. 

എന്റെ കൂട്ടുകാരിലൊരു സംഘത്തിന് ഇദ്ദേഹത്തോടൊപ്പം ശബരി മലയിൽ പോകാൻ ഭാഗ്യം സിദ്ദിച്ചു. മഹാഭാഗ്യമെന്നേ അവർ നിരീച്ചുള്ളൂ. നാപ്പത്തൊന്നു ദിവസത്തെ വ്രതം. ഒരുനേരമൂണ്. പച്ചക്കറി ഭക്ഷണം. എല്ലാറ്റിനും പുറമെ , പുലർച്ചെ നാലുമണിക്കെണിറ്റ് മകരത്തിൽ തണുത്തുറഞ്ഞ കുറ്റ്യാടിപ്പുഴയിൽ കുളി.അവർ അറിഞ്ഞാസ്വദിച്ചു. 
വിവേകാനന്ദാ ട്രാവൽസിലായി രുന്നു യാത്ര. വഴിയിലുള്ള പ്രധാനക്ഷേത്രങ്ങളെല്ലാം സന്ദർശിക്കുന്നു, തൊഴുന്നു. ചിരപരിചിതനായ ഗൈഡ്  ബസ്സിൽ കൂടെ യുള്ളതിനാൽ കുമാരസ്വാമിയുടെ ജോലി ഭാരം നന്നായി കുറഞ്ഞു. നിർദ്ദേശങ്ങളും ഉപദേശങ്ങളും കണിശക്കാരനായ ഗൈഡ് നിർലോഭം വാരി വിതറിയതിനാൽ അത്യുച്ചത്തിൽ, ഇണത്തിൽ ,നിർത്താതെ ശരണം വിളിക്കുക മാത്രമായി കുമാരസ്വാമിയുടെ പണി.
വൈന്നേരത്തോടെ പമ്പയിലെത്തിയതും സ്വാമിയുടെ ഭാവം മാറി. എങ്ങനെ പമ്പയിൽ കുളിക്കണം, എത്ര മുങ്ങ് മുങ്ങണം തുടങ്ങിയ നിർദ്ദേശങ്ങളുണ്ടായി. 
"വേഗം കുളിച്ച് വന്നോളീ... തെരക്ക് വലിങ്ങനെ ഇല്ലാന്ന് തോന്ന്.... ഇബ്ട നേരം ബൈക്യാല് മ്മള് തെരക്ക് പ്പെടുംന്ന് ഒറപ്പാ.. " അനുഭവജ്ഞാനം. എന്റെ മിത്രസംഘം വളരെ വേഗം കുളി കഴിഞ്ഞ് തിരിച്ചെത്തി. കുമാരസ്വാമി നിർദ്ദേശം നൽകി. മല ചവിട്ടുമ്പോൾ ചെരിപ്പിടരുത്. പുണ്യ പ്രദേശമാണ്. കാലടി നോക്കി മുകളിലേക് നോക്കാതെ നടക്കുക. മുകളിലോട്ട് നോക്കിയാൽ പേടിച്ച് പോകും. കാല് വിറച്ചിട്ട് കയറാൻ പറ്റില്ല. എന്തെങ്കിലും ശങ്ക തോന്നിയാൽ മനസ്സറിഞ്ഞ് ശരണം വിളിക്കുക. അയ്യപ്പൻ മോളിലെത്തിച്ചോളും.
" തെരക്കിലെങ്ങാൻ പെട്ട് ഒറ്റക്കായിപ്പോയാ പേടിക്കണ്ട. തൊയ്ത് തിരിച്ചെറങ്ങീറ്റ് പതിനെട്ടാം പടീന്റെ ട്ത്ത് തത്തസാമീന്നെയ്തിയ ബോർഡിന്റെ തായ നിന്നാ മതി. ആട്ന്ന് എളകറ് എല്ലാറും ബെര്ന്നവരെ " കന്നിക്കാർ തലയാട്ടി. "എന്ത് ന്നാ ബോഡുമ്മൽ എയ്തീക്ക് ണ്ടാവ്ആ?" കുമാരസ്വാമി ഉറപ്പു വരുത്താൻ വീണ്ടും ചോദിച്ചു. "തത്ത സാമി " അയ്യപ്പൻമാർ ഒരേ സ്വരത്തിൽ  പറഞ്ഞു.
കഠിനമായ മല കയറ്റത്തിന്നും, മണിക്കൂറുകളുടെ കാത്തുനിൽപ്പിനും തിക്കിത്തിരക്കിനും ശേഷം എന്റെ കൂട്ടുകാർ പതിനെട്ട് പടിയും  തൊട്ടു വണങ്ങി അയ്യപ്പനെ തൊഴുതു. എവിടെയോ വച്ച് വഴിതെറ്റിപ്പോയ ഒരു കൂട്ടുകാരൻ, പച്ചക്കറി പീടികയിലെ പ്രദീപൻ, മാളികപ്പുറത്തമ്മയേയും നാഗങ്ങളേയുമൊക്കെ തൊഴുത് കറങ്ങി താഴെ പതിനെട്ടാം പടിക്കരികിലെത്തി. "തത്തസാമി " എന്നെഴുതിയ ബോർഡെവിടെ?  ഒരു പാട് നേരം തിരഞ്ഞു. ബോർഡ് കാണാനില്ല. കുറച്ചു കഴിഞ്ഞപ്പോൾ കുമാരസ്വാമിയും ബാക്കി കൂട്ടുകാരുമെത്തി. പ്രദീപൻ ചോദിച്ചു, "ഏട സ്വാമ്യേ തത്ത സാമീന്റെ ബോഡ് ?" ഇത്ര നേരമായിട്ടും കണ്ടില്ലേയെന് പുച്ഛത്തോടെ കുമാരസ്വാമി വിരൽ ചൂണ്ടിയേടത്ത് നോക്കിയ പ്രദീപൻ ബോർഡ് കണ്ട് ഞെട്ടി. 
'തത്വമസി'

എതാരാധനാലയത്തിലും ആത്മാനുഭവമാണുണ്ടാക്കേണ്ടത്. ഏതറിഞ്ഞാൽ വേറൊത്ത് അറിയേണ്ടതില്ലെന്നു വരുന്ന അറിവിനെ ഉണർത്തുന്നവയാവണമവ. ശബരിമലയിൽ വലുതായെഴുതി വച്ചിരിക്കുന്ന ഉപനിഷദ്വാക്യവും മറ്റൊന്നല്ല പറയുന്നത്. അതിനെ തത്ത സാമിയാക്കി മാറ്റുന്നിടത്താണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 
തത്വമസി എന്ന അറിവിനു മുന്നിൽ ഋതുമതിയായ സ്ത്രീക്കും , അനാര്യനായ പുരുഷനും ഭേദമെവിടെ?
വേദാന്തമാണ് പരമസത്യം . അതാണ് അമ്പലങ്ങളിൽ ഘോഷിക്കപ്പെടേണ്ടത്. അഹംഭാവത്തെ തകർത്തെറിഞ്ഞ് അവനവനെ പൂർണ്ണ നഗ്നതയിലറിയുമ്പോൾ, ഞാൻ തന്നെയെല്ലാം എന്ന് ബോധ്യമാകും. ആ ബോധ്യം വെളിവാക്കുന്ന പാഠശാലകൾ കൂടിയാവണം ആരാധനാലയങ്ങൾ . ഒരു സ്ത്രീ, ജ്ഞാന തൃഷ്ണയോടെ , ഭക്തിയോടെ ഋതുമതിയാണെന്നിരിക്കിലും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ എന്ത് തെറ്റാണ്? 
ശാരീരികാവസ്ഥയല്ല, ലിംഗഭേദമല്ല. മനോഭാവമാണ് പ്രധാനം. 
ബാലകൃഷ്ണൻ സാർ ( പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ ) അവർത്തിച്ചാവർത്തിച്ച്  പറയുന്നത് കേട്ടിട്ടുണ്ട്. "ബോധമേ ഉള്ളൂ.. എല്ലാം ബോധം മാത്രം " പിന്നെ സ്ത്രീയെവിടെ, പുരുഷനെവിടെ അവർഅന്വേഷിച്ചെത്തുന്ന ക്ഷേത്ര സന്നിധാനമെവിടെ? എല്ലാം ബോധം മാത്രം.  ശ്രീ നാരായണഗുരുസ്വാമികളും പറയുന്നു,
"അതുമിതുമല്ല സദർത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമർന്നിടേണം!"

'അമ്മഹത്താമറിവി'നുള്ള ഇടങ്ങളാണ് അമ്പലങ്ങളെന്നറിഞ്ഞാൽ   പിന്നെ, സുപ്രിം കോടതി എന്ത് വിധി പറഞ്ഞാലും ആരും കോപിക്കില്ല.

ഷൗക്കത്ത്

പ്രതീക്ഷിക്കാൻ എന്തെങ്കിലു മുണ്ടെങ്കിൽ ദിവസത്തിന് തിളക്കമേറുമെന്ന് പറയുന്നത് ശരിയാണ്. കഴിഞ്ഞ ഞായറാഴ്ച്ച തുടങ്ങിയ തെളിച്ചമാണ്. ഞായറാഴ്ച വൈകീട്ട് കങ്ങരപ്പടി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഷൗക്കത്ത് (Shoukath Sahajotsu )ആത് മോപദേശ ശതകത്തെ അധികരിച്ച് സംസാരിക്കുന്നു. പ്രിയ സുഹൃത്ത് റെജിയാണ് ( Reji Varghese )സംഘാടകൻ. ഷൗക്കത്തിനെ  കേൾക്കാം... പുറമെ, കുറേ നാളായി പിടി തരാതെ വഴുതി നടക്കുന്ന റെജിയെ കയ്യോടെ കീഴടക്കാം... 

സൂപ്പി മാഷിന്റെ ( Kt Soopy )വീട്ടിൽ വച്ചാണ് ഷൗക്കത്തിനെ ആദ്യമായി കണ്ടത്. ഈ നൂറ്റാണ്ട് തുടങ്ങുന്നതിന് മുമ്പെ പ്പൊഴോ ആയിരുന്നു. തൂവെള്ള മുണ്ടും കുപ്പായവും ഒരു തോൾസഞ്ചിയും മുഖം നിറഞ്ഞ ചിരിയും. 

രണ്ടാമത് കണ്ടതും സൂപ്പി മാഷിന്റെ വീട്ടിൽ വച്ച്...അപ്പോഴേക്കും ബാങ്ക് മാനേജരുടെ ഭാരം എന്റെ തലയിലും നെഞ്ചിലും കേറിയിരുന്നു. ഒരു നിർബന്ധിത വാർഷികാവധിയുടെ അവസാന ദിനങ്ങളിൽ ഒന്നിലായിരുന്നു അത്. 2008 ൽ "എടാ, ഷൗക്കത്തും, ഹാഷിമി ക്കായും ( EM Hashim ) വരുന്നു, വൈന്നേരം, നീയും വാ.. വർത്താനം പറഞ്ഞിരിക്കാലോ ..." സൂപ്പി മാഷിന്റെ സ്നേഹം മാത്രം തുളുമ്പുന്ന വിളി. ആരെങ്കിലും വിശേഷമായി വീട്ടിൽ വരികയാണെങ്കിൽ മാഷ് വിളിക്കു മായിരുന്നല്ലോ.. ആരുമില്ലെങ്കിലും വിളിക്കുമായി രുന്നല്ലോ.. എത്ര വൈന്നേരങ്ങൾ, രാത്രികൾ ഖുറാനും, ഗീതയും, സാഹിത്യവും, മുഹമ്മദും കൃഷ്ണനും, കഥയും കലയും കവിതയും പറഞ്ഞ് ഞങ്ങൾ, സൽമയുണ്ടാക്കിയ സ്നേഹമധുരമൂറുന്ന പലഹാരങ്ങൾ കഴിച്ച് കട്ടൻ ചായ കുടിച്ച് ആ ഉമ്മറത്തിരുന്നിരിക്കുന്നു.

മുറ്റത്തേക്ക് കാലെടുത്തു വച്ചതും മൊബൈൽ ഫോൺ ചിലച്ചു. വരാന്തയുടെ അരമതിലിൽ ഷൗക്കത്തും ശ്രീ ഹാഷിമും ഇരിക്കുന്നു. പരിചയപ്പെടുത്താൻ സൂപ്പി മാഷ് എന്നെ വിളിച്ചു. ഫോണിന്റെ പച്ച ബട്ടൻ ഞെക്കി ഇപ്പ വരാം മാഷേ എന്നാംഗ്യം കാണിച്ച് ഫോൺ ചെവിയിലേക്ക് വച്ചു. "താനെവിടെ പോയിരിക്കുവാടോ " മറുതലക്കൽ ക്ലസ്റ്റർ ഹെഡിന്റെ അലർച്ച " സാംസ (അത് എച്ച്.ഡി.എഫ്. സി ബാങ്കിൽ ജോലി ചെയ്താൽ മാത്രം മനസ്സിലാകുന്ന ഒര സംബന്ധ കലാപരിപാടിയാണ്) ടാലിയായിട്ടില്ല.  ഇന്ന് രാത്രിക്ക് മുമ്പ് ടാലിയായില്ലെങ്കിൽ തിരിച്ചു വരമ്പോ ജോലി കാണില്ല." സ്വസ്ഥത പോയി. കുറ്റ്യാടിയിലിരിക്കുന്ന ഞാൻ ഏറണാകുളത്തെ ബാങ്കിലെ ആന്തരിക കണക്ക് പുസ്തകങ്ങൾ  നിർദ്ധാരണം ചെയ്ത് നേരെയാക്കണം. ആയില്ലെങ്കിൽ പണി ഗോപി.

മാഷ് പരിചയപ്പെടുത്തുകയാണ്, "ഇവൻ കുറച്ചോക്കെ വായിക്കും. ഓഷോവിൽ നല്ല വിവരമുണ്ട് " 

" വായന ഓഷോ മാത്രമാണോ?" ശ്രീ ഹാഷിം . ഷൗക്കത്തിന് ചിരി. എനിക്ക് നീരസം തോന്നി. "എന്താ ഇയാക്ക് ഓഷോയോടിത്ര പുച്ഛം? " "അങ്ങനോന്നൂല്ല." നനഞ്ഞ മറുപടി. രസകരമായ ഒരു ചർച്ചയിലേക്ക് അവർ മെല്ലെ കടക്കുകയാണ്. വെളിയിൽ പാറക്കടവിന്റെ ആകാശം ചുക ചുകന്നും ചാരമാർന്നും കറുപ്പിലേക്ക് മെല്ലെ ചുരണ്ടു കയറി.
എന്റെ തലയിലും വയറ്റിലും സാംസ കിടന്ന് പുളച്ചു.  ഷൗക്കത്തും , ഹാഷിം ക്കയും സൂപ്പി മാഷും നിഴലുകൾ മാത്രം.. ഒന്നും കേട്ടില്ല. '' മാഷെ ഞാൻ പോയിട്ട് വരാ"മെന്നു് ബേജാറോടെ വീട്ടിലേക്കോടി. ബേജാറിന്റെയും ബദ്ധപ്പാടിന്റെയും ദിനങ്ങളായിരുന്നല്ലോ. 

പിന്നെ വർഷങ്ങൾ പലത് കഴിഞ്ഞ്, റിമാ കല്ലിങ്കലും ആഷിക് അബുവും നടത്തുന്ന കഫേ പപ്പായ എന്നു പേരായ ചായക്കടയിലിരുന്ന് ലാവോത്സുവിനെ വായിച്ചപ്പോഴാണ് ഷൗക്കത്തിനെ കണ്ടത്. ഞാൻ സി.എ.ഐ.ഐ. ബി പരീക്ഷ തോറ്റ് ഇനിയീ പണിക്കില്ലെന്നു് പ്രതിജ്ഞയെടുത്ത് വരുന്ന വഴിയാണ് രാജകീയ ചായക്കടയിൽ ഇങ്ങനെ ഒരു പരിപാടിയുണ്ടെന്നറിഞ്ഞ് ഓടിക്കയറിയത്. നല്ല സദസ്സ്. സ്റ്റേജിൽ ചമ്രം പടിഞ്ഞിരുന്ന് താഴ് വരയുടെ സംഗീതം പകർന്നു തരുന്ന ഷൗക്കത്ത് . ഒറ്റ ബൾബിന്റെ വെളിച്ചം.. മറക്കാനാവാത്ത ചിത്രം. പരിപാടി കഴിഞ്ഞ് പരിചയം പുതുക്കാമെന്ന് കരുതിയപ്പോഴേക്കും ആൾക്ക് ചുറ്റും ആളുകൂടി. ആധുനിക വേഷധാരികളായ യുവതിയുവാക്കൾ . അത്തരക്കാരെ കാണുമ്പോഴേക്കും എന്റെ ആത്മവിശ്വാസത്തിന്റെ കാറ്റൊഴിയും. അധമ ബോധം ഫണം വിരിച്ചാടും. ഞാനോടി. ചിന്നം പിന്നം പെയ്യന്ന മഴ പോലും വകവെക്കാതെ.

പിന്നെ കണ്ടത് ഈയിടെ എന്റെ കൊച്ചു കൂട്ടുകാരൻ ശാക്കിറിന്റെ ( Shakir Eravakkad )ചിത്രകലാ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ.. കണ്ടിട്ട് കുറേ നാളായെങ്കിലും എന്റെ മുഖം മറന്നു പോയിട്ടില്ലെന്ന് ഷൗക്കത്ത് പറഞ്ഞു. അഭിമാനം തോന്നി. ഓർക്കാൻ തക്ക എന്തോ ഒന്ന്, ഞാൻ പുറത്ത് കാട്ടാൻ കൊള്ളില്ലെന്നുറച്ചു വിശ്വസിക്കുന്ന ഈ തലക്കുണ്ട് !

ഇപ്പൊഴിതാ കങ്ങരപ്പടിയിൽ, ആത് മോപദേശം പറഞ്ഞു കൊണ്ട് ഷൗക്കത്ത് വീണ്ടും. അതി ലളിത മനോഹരമായ വൈന്നേരം. അതിഗംഭീരമായാലപിക്കപ്പെട്ട ദൈവദശകം. ബുദ്ധിജീവിത്വം തീണ്ടാത്ത സദസ്സ്. ഉജ്വലമായി വെളിവാക്കപ്പെട്ട ആത്മോപദേശം. താഴ് വരയിൽ മിന്നുന്ന കോടി കോടി മിന്നാമിന്നികളെക്കാണാൻ കണ്ണിന്റെ സ്വാഭാവികാന്ധ്യം നീങ്ങും വരെ ക്ഷമിച്ച് കാത്തിരിക്കണം. പച്ചപ്പുല്ലിൽ മറഞ്ഞു പുഞ്ചിരിക്കുന്ന നാണം കുണു ങ്ങികളായ കുഞ്ഞു വയലറ്റ് പൂക്കളെ കാണാൻ കുനിഞ്ഞിരുന്ന് ക്ഷമയോടെ നോക്കണം. ഒരിക്കൽ തെളിഞ്ഞാലോ, താഴ്‌വാരം നിറയെ മിന്നാമിന്നികൾ മാത്രം, കുന്നുമൂടി വയലറ്റ് പൂക്കൾ മാത്രം. 

ക്ഷമ, സംയമം, ശ്രദ്ധ...

രമണമഹർഷിയെ കുറിച്ചുള്ള പുസ്തകം ഓട്ടോഗ്രാഫ് ചെയ്ത് വാങ്ങാൻ ചെന്നപ്പോൾ എന്റെ പേര് തിരക്കി. "പേരെപ്പൊഴും മറക്കും'' എന്നു പറഞ്ഞു. പേര് മറന്നോളൂ... കാണുമ്പോൾ തിരിച്ചറിഞ്ഞാൽ മതി. 

അല്ലെങ്കിൽ അതിനു മർഹതയില്ലാത്തവനല്ലേ ഞാൻ . ഒരു വലിയ സൗഭാഗ്യം ത്യജിച്ച് കളഞ്ഞവൻ. മദ്യ വ്യാപാരിക്ക് കണകെഴുതുന്ന കാലത്ത്, 94ൽ നിത്യ ഗുരു വിളിച്ചതാതാണ്. "മദ്യ വ്യാപാരിക്ക് കണക്കെഴുതിക്കൊടുക്കുന്നതിൽ പരം ദുരന്തം ജീവിതത്തിൽ സംഭവിക്കാനില്ല. കണക്ക് പുസ്തകം തിരികെക്കൊടുത്ത് ഫേൺ ഹില്ലിലേക്ക് വരിക. വരുന്ന പത്തു ദിവസം ഞാനിവിടെയുണ്ട്. വെറുതെ വന്നിട്ട് പോകാനല്ല. കുറേ നാൾ നിന്ന്, ജീവിതത്തിന്റെ ഉള്ളറകൾ തൊട്ടറിയാൻ'' ഞാനെഴുതിയ കത്തിന് അദ്ദേഹത്തിന്റെ മറുപടി ഇന്നും ഹൃദിസ്ഥം. ഞാൻ പക്ഷെ പോയില്ല. പ്രാരബ്ധമനുഭവിച്ചല്ലേ തീരൂ...

ഇന്നലെ വൈന്നേരം ഷൗക്കത്തിനേക്കാളും നിറഞ്ഞ്നിന്നത് റെജി യാണ്‌. എന്റെ പൊട്ടച്ചോദ്യങ്ങൾ ഷൗക്കത്തിനെപ്പോലെ ഒരാളോട് ചോദിക്കുന്നതിന് പരിധി യുണ്ടല്ലോ! റജിയോട് എനിക്കെന്തും ചോദിക്കാം എന്തും പറയാം... 

ഇന്ന് എച്ച് ആൻഡ്സിയിലെ പരിപാടി ബുദ്ധിജീവി ബാഹുല്യത്താൽ സംപുഷ്ടമായിരുന്നു. മൂന്നു നാളുകളിൽ ഏറ്റവും ദീർഘമായ പരിപാടി.. ഞാനും ചോദിച്ചു ഒരു പൊട്ടച്ചോദ്യം. ഇടിവെട്ടിത്തുള്ളിപ്പെയ്ത മഴയുടെ അകമ്പടിയോടെ എനിക്കും കിട്ടി തക്കതായ മറുപടി. 

നാളെ വൈകീട്ട് പ്രതീക്ഷിച്ചിരിക്കാനൊന്നുമില്ല. പക്ഷെ നുണയാനുണ്ട്, കഴിഞ്ഞ മൂന്ന് നാളിന്റെ മധുരം.

പ്രിയ ഷൗക്കത്ത്, ധന്യമായ മൂന്ന് വൈകുന്നേരങ്ങൾക്ക് നന്ദി. അന്ധമായിരുന്ന എന്റെ കണ്ണുകളിൽ ഇന്നല്പം വെട്ടമുണ്ട്.

my illustrations

https://m.facebook.com/story.php?story_fbid=2732877410076830&id=100000637946738

ടി.എം.കൃഷ്ണ

"സലാത്തുള്ള സലാമുള്ള ... "
____________________________

ടി.എം.കൃഷ്ണയെ എനിക്ക് ഒരുപാടിഷ്ടമാണ്. ഒരുപക്ഷെ പ്രണയത്തോളം വലിയ ഇഷ്ടം. കർണാടക സംഗീതത്തിൽ  അറിവ് തുലോം പരിമിതം. ഒരു കീർത്തനം കേട്ടാൽ എത് രാഗം, എത് താളം എന്നറിയാൻ പോലുമുള്ള പരിജ്ഞാനമില്ല. പക്ഷെ ഓരോ രാഗാലാപനവും നെഞ്ചിൽ ഒരല തീർക്കാറുണ്ട്.  എന്നെ സംഗീതം പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഗുരുവിന്റെ അഭിപ്രായം, അതുതന്നെ ധാരാളമെന്നാണ്. ഹൃദയത്തിലെ ചലനമാണ് ശാസ്ത്രജ്ഞാനത്തേക്കാൾ പ്രധാനം.  

ടി.എം കൃഷ്ണ വ്യതിരിക്തമായ ശൈലിയാൽ  അമ്പരപ്പിക്കുന്ന കർണ്ണാടക സംഗീതജ്ഞൻ മാത്രമല്ലല്ലോ ! ക്രിയാത്മകമായും ധീരമായും സാമൂഹിക പ്രശ്നങ്ങളിൽ ഇപെടുന്ന വിപ്ലവകാരി കൂടിയാണ്ല്ലോ!

ഒരു പക്ഷെ വിശ്രുത പുസ്തകങ്ങളുടെ രചയിതാവ് എന്നത് കൂടിയാവാം  കൃഷ്ണയെ അസൂയ യോടെ പ്രണയിക്കാൻ ഇവനെ പ്രേരിപ്പിച്ചത്. ഇദ്ദേഹം സഹഎഴുത്തുകാരനായ (ബോംബെ.എസ്. ജയശ്രീയും, മൈഥിലി ചന്ദ്രശേഖറുമാണ് മറ്റെഴുത്തുകാർ) , Voices Within: Carnatic Music – Passing on an Inheritance എന്ന പുസ്തകം ( ഭയങ്കര വിലയാണ്) കർണാടക സംഗീതത്തിലെ ഏഴ് അതികായൻമാരുടെ കഥ പറയുന്നു.

 ഹാർപർ കോലിൻസ് പ്രസിദ്ധീകരിച്ച A Southern Music – The Karnatik Story എന്ന പുസ്തകമാവട്ടെ ,കർണാടക സംഗീതത്തെ കുറിച്ചുള്ള തത്വചിന്താപരവും, സൗന്ദര്യശാസ്ത്ര പരവും സാമൂഹ്യ രാഷ്ട്രീയപരവുമായ അന്വേഷണമാണ്.   ഈ പുസ്തകത്തിന് 2014 ലെ റ്റാറ്റ സാഹിത്യ പുരസ്ക്കാരം  ലഭിക്കുക യുണ്ടായി. 
 
കൃഷ്ണയുടെ പുതിയ പുസ്തകം, ‘Reshaping Art’ കലയുടെ നിർമാണം, അവതരണം,  പ്രചാരണം എന്നിവയെ കുറിച്ച് സുപ്രധാനമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു.  ജാതി, മത വർഗ്ഗ ലിംഗ വ്യത്യാസങ്ങൾ എങ്ങനെ കലയെ സ്വാധീനിക്കുന്നു എന്നും കൃഷ്ണ ഈ പുസ്തകത്തിൽ എഴുതുന്നു. 

ജനുവരി ആറ്. രാജീവ് വർമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ത്രപ്പൂണിത്തുറ കളിക്കോട്ട പാലസിൽ രാജീവ് വർമ അനുസ്മരണം. ഒപ്പം ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരിയും. കൊതിച്ച് കൊതിച്ചിരിക്കവെ ആറിന് രാവിലെ അമ്മക്ക് വയ്യാതായി, ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു. പനി കുറയാതെ നിന്ന പകൽ ഒടുങ്ങുമ്പോേഴേക്കും കുറ്റ്യാടി നിന്ന് അനിയൻ എത്തി. മക്കളും ലതയും എല്ലാരും കൂടെ ആൾക്കൂട്ടം. അമ്മ സന്തോഷവതി. ഞാൻ മെല്ലെ ലതയോട് അനുവാദം തേടി. രണ്ട് കൃതികൾ; രണ്ടെണ്ണം മാത്രം കേട്ടോട്ടേ? അവൾ പരിഭവം മറച്ചു വച്ച് സമ്മതിച്ചു....

സ്കൂട്ടർ പറപ്പിച്ച് ഏഴു മണിക്ക് കളിക്കോട്ട പാലസ്സിൽ എത്തുമ്പോൾ കൃഷ്ണ , രാഗ വിസ്താരം ചെയ്യുകയാണ്. ആനന്ദ ഭൈരവിയാണെന്നാണ് എന്റെ തുലോം തുച്ഛമായ അറിവിൽ തോന്നിയത്. കൃഷ്ണയുടെ ലയം, കൃതികൾ പാടുമ്പോഴുള്ള ഇമോഷൻ,  മൗനത്തിന്റെ ഇടവേളകൾ, മോഹിപ്പിക്കുന്നതാണ് ( https://youtu.be/uwxv-Va2rPc)
രാഗ വിസ്താരത്തിനു ശേഷം കൃതിയിലേക്ക് കടക്കുന്നത് അറിയില്ല, പലപ്പോഴും. (വെങ്കടാചല നിലയം ഉദാഹരണം https://youtu.be/IhqYbQKmGWI) 

വിഷ്ണുവിനെ സ്തുതിക്കുന്ന ഒരു കീർത്തനമാണ് ലയിച്ച്, വിസ്തരിച്ച് പാടിക്കൊണ്ടിരുന്നത്. പാടിപ്പാടി പെട്ടന്നത് കൃതി യിലേക്കെത്തി. "സലാത്തുള്ള സലാമുള്ള ... " മനോഹരമായ ആലാപനം. 

സദസ്സിൽ നോക്കവേ ചില തമ്പുരാക്കളുടെ മുഖം കറുത്തുവോ? അലാപനത്തിനിടെ, "സംഗതിയൊക്കെ കൊള്ളാ "മെന്ന് പറഞ്ഞ് ചിലർ ഇറങ്ങിപ്പോകുന്നതും കണ്ടു. അടുത്ത കീർത്തനം തുടങ്ങുന്നതിനു മുമ്പ് ആശുപത്രയിനിന്ന് വിളി വന്നു. 

നഷ്ടബോധത്തോടെ ഞാൻ മടങ്ങി. കച്ചേരി മുഴുവൻ കേൾക്കാനായില്ലല്ലോ എന്നോർത്തല്ല. മഹാൻമാർ എന്ന് സ്വയം വിളിക്കുന്ന മലയാളികൾ, സാധാരണ ആസ്വാദന നിലവാരത്തിലേക്കെങ്കിലും ഉയരാൻ ഇനിയെത്ര നൂറ്റാണ്ട് വേണ്ടിവരുമെന്നോർത്ത് !! പതിഞ്ഞു പോയതിൽ നിന്ന് അൽപ്പം വേറിട്ട് ചിന്തിക്കുമ്പോൾ അവരെത്ര ക്ഷോഭിക്കുന്നുവെന്ന് കണ്ട് !!

വാൽക്കഷണം -
'സലാത്തുള്ള സലാമുള്ള ' എന്ന ഗാനം ആദ്യമായി കർണ്ണാടക സംഗീത വേദിയിൽ പാടിയത് കൃഷ്ണയല്ല. അതു നമ്മുടെ ദാസേട്ടനാണ്. രണ്ട് പേരും പാടിയത് താഴെ കൊടുക്കുന്നു. Rendering ന്റെ ഒരു സുഖം ആരുടേതിനാണെന്ന് കേട്ട് പറയുക.

യേശുദാസ് https://youtu.be/KqcTjoNd3rQ

ടി.എം.കൃഷ്ണ
https://youtu.be/ZJnCV4l7yEs

ക്രിയാ ശേഷം - പുസ്തകവിചാരം

ടി.പി.രാജീവൻ. 
പ്രീയപ്പെട്ട രാജീവേട്ടൻ. വിളിക്കുമ്പോഴെല്ലാം എന്താ സുരേഷേ സുഖേല്ലേ? എന്നു് കുറ്റ്യാടി ഭാഷയിൽ ചോദിക്കുന്നയാൾ. പാറക്കടവിൽ നിന്ന് തോട്ടത്താംകണ്ടി പോകുന്ന വഴി, വയൽക്കരയിലായിരുന്നു  അദ്ദേഹത്തിന്റെ ഇപ്പോഴില്ലാത്ത വീട്. (വയൽക്കരെ ഇപ്പോഴില്ലാത്ത  എന്ന പേരിൽ  രാജീവേട്ടന്റെ  കവിതാ സമാഹാരവുമുണ്ട്. അതിലെ ആയിരാമത്തെ പൂർണചന്ദ്രൻ എന്ന കവിത വ്യക്തിപരമായി എന്റെ ഗൃഹാതുരത്വത്തിന്റെ മൂർത്തതയാണ്. )  

കുറ്റ്യാടിക്കാർക്ക് രാജീവേട്ടനെ എത്രത്തോളം അറിയാം എന്നറിയില്ല. അറിയാത്തവർ, പുറപ്പെട്ടു പോകുന്ന വാക്ക് എന്ന അദ്ദേഹത്തിന്റെ പുസ്തകം തീർച്ചയായും വായിക്കണം. വിശ്വ പ്രശസ്തരായ കവികളുമായി - നോബൽ സമ്മാന ജേതാക്കളുൾപ്പെടെ - അദ്ദേഹമെങ്ങനെ സമാനനാകുന്നു എന്ന് അതിൽ വായിക്കാം. തച്ചംപൊയിൽ രാജീവൻ ആംഗലേയ എഴുത്തുകാരനാണല്ലോ! അദ്ദേഹത്തിന്റെ പാലേരി മാണിക്യം എന്ന, ഒരുപാട് വായിക്കപ്പെട്ട, രഞ്ജിത്തിന്റെ കൃതഹസ്തതയിൽ വിജയകരമായ സിനിമയാക്കപ്പെട്ട നോവൽ, Undying Echoes of Silence എന്ന രാജീവേട്ടന്റെ തന്നെ ഇംഗ്ലീഷ് നോവലിന്റെ സ്വതന്ത്ര പരിഭാഷയാണെന്ന് എത്ര പാലേരി ക്കാർക്ക് അറിയാം? 

മാണിക്യ മുൾപ്പെടെ മൂന്ന് നോവലുകളാണ് രാജീവേട്ടന്റെ തായുള്ളത്. കെ.ടി.എൻ കോട്ടൂർ , എഴുത്തും ജീവിതവും, ക്രിയാ ശേഷം. പാലേരി മാണിക്യം പ്രസിദ്ധീകൃതമായ ശേഷം, ടി.പി.രാജീവന്റെ നോവൽ വരുന്നുണ്ടോയെന്ന്, മീൻ മുറിക്കാരന്റെ മുന്നിലിരിക്കുന്ന പൂച്ചയുടെ, മീൻ കഷണം തെറിച്ചുവീഴുന്നുണ്ടോയെന്ന ആകാംക്ഷയോടെ നോക്കിയിരുന്നിട്ടുണ്ട്.  കെ.ടി.എൻ കോട്ടൂർ ഹാർഡ് ബൗണ്ട് കോപ്പി വാങ്ങി വായിച്ചത് ഒട്ടും നിരാശപ്പെടുത്തിയില്ല. 

ഇപ്പോഴിതാ ക്രിയാശേഷം. 

 എം.സുകുമാരന്റെ ശേഷക്രിയ എന്ന നോവൽ തീർന്നേടത്തു നിന്നു് രാജീവേട്ടന്റെ നോവൽ ആരംഭിക്കുന്നു. സഖാവ് കുഞ്ഞയ്യപ്പൻ മകൻ കൊച്ചു നാണുവിന് കെട്ടിക്കൊടുത്ത ഊഞ്ഞാൽ കയറിൽ കെട്ടിത്തൂങ്ങി ജീവിതത്തിന് വിരാമമിട്ടിടത്ത് ശേഷക്രിയ അവസാനിക്കുകയും , അവിടെ നിന്ന് ക്രിയാ ശേഷം ആരംഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു പരീക്ഷണം മലയാളത്തിൽ വേറെ ഉണ്ടോയെന്നറിയില്ല. 

കൊച്ചുനാണുവിന്റെ ജീവിതമാണ്, അതിലൂടെ രക്തസാക്ഷിത്വം നിർമ്മിക്കപ്പെടുന്നതെങ്ങനെയാണെന്നാണ് ക്രിയാ ശേഷം പറയുന്നത്. കാലം മാറുമ്പോഴും മാറതെ നിൽക്കുന്ന, മാറ്റപ്പെടേണ്ട ചിലതുണ്ടെന്ന് ഈ നോവൽ പറയുന്നു.  

ശേഷക്രിയയിലെ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ, എത്ര മനോഹരമായാണു് ക്രിയാശേഷത്തലൂടെ വളർന്നു് പരിപക്വമാകുന്നത്! ഉദാഹരണത്തിന് സഖാവ് ഗോവിന്ദൻ.

വായിച്ച് കഴിയുമ്പോൾ പക്ഷേ, പാലേരി മാണിക്യമോ, കെ.ടി.എൻ കോട്ടൂരോ വായിച്ചപ്പോഴുള്ളത്ര ഒരു സുഖം കിട്ടിയില്ല എന്നത് ഒരു വേള എന്റെ മാത്രം വായനാനുഭവമാകാം. ഒരു പക്ഷെ രാജീവേട്ടനിഷ്ടപ്പെട്ട (എനിക്കും) ഭൂമികയിൽ നിന്ന് ഈ നോവൽ മാറിയത് കൊണ്ടാവാം! 

ശേഷക്രിയയേക്കാൾ വലിപ്പത്തിൽ മുന്നിൽ ക്രിയാശേഷമാണു്. എഴുപതിൽ താഴെ പേജുകളിൽ സുകുമാരൻ പറഞ്ഞത് ദിവസങ്ങളും ആഴ്ചകളും നമ്മെ പിൻതുടർന്ന് അലട്ടിക്കൊണ്ടിരിക്കും. അച്ചടക്കം ജീവിത വ്രതമാക്കിയ, ജീവനേക്കാൾ വലുതെന്ന് കരുതിയ പ്രസ്ഥാനം തള്ളിപ്പറഞ്ഞപ്പോൾ ജീവനൊടുക്കിയ കുഞ്ഞയ്യപ്പനെന്ന സഖാവിന്റെ ദൈന്യത ഒരോ ചുവന്ന കൊടിയും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. 

കൊച്ചു നാണുവിന്റെ ജീവിതം, അതിന്റെ പരിണാമം, നമ്മെ അമ്പരപ്പിക്കും. പക്ഷെ ആ അമ്പരപ്പിന് ഒരു ദിവസത്തിൽ കൂടിയ ആയുസ്സില്ലല്ലോ!

നീന്തലും പുഴയും

എട്ടാം ക്ലാസ് കഴിഞ്ഞുള്ള മദ്ധ്യവേനലവധിക്കാലത്താണ് ഞാൻ നീന്താൻ പഠിച്ചത്. മദ്ധ്യവേനലവധിക്കു വേണ്ടിയുള്ള കാത്തിരിപ്പുകളായിരുന്നല്ലോ ഓരോ അദ്ധ്യയന വർഷവും. കുളിക്കാനുള്ള രണ്ടു മൂന്ന് കടവുകൾ ചെറിയ കുമ്പളത്തിനും പാറക്കടവിനുമിടക്ക് കുറ്റ്യാടി പുഴയിൽ അന്നുണ്ടായിരുന്നു. പുഴ ഇന്നത്തെപ്പോലെ ചെളിക്കുഴികൾ നിറഞ്ഞ അവശയായിരുന്നില്ല. ആരോഗ്യവതി. തെളിനീർ. നെഞ്ചോളം വെള്ളത്തിൽ നിന്ന് നോക്കിയാലും മണൽ നിരന്ന അടിത്തട്ട് കാണാം. പൂഴിയിൽ മുഖം പൂഴ്തി, ഇടക്കിടെ പൂഴി, വെള്ളത്തിൽ പരത്തി നീങ്ങുന്ന 'പൊട്ടൻ' എന്ന മീനിനെ കാണാം.
വെയിൽ പരക്കവെ, പുളച്ചു നീന്തി, വെട്ടിത്തിരിഞ്ഞ് ശരീരം വെട്ടത്തിൽ പൊന്നുപോലെ തിളക്കി, മിന്നിമായുന്ന പരൽക്കൂട്ടങ്ങളെ കാണാം. ഓരത്തെ, പാറ വിടവുകളിൽ, കൽപ്പൊത്തുകളിൽ, പുഴ കനിഞ്ഞു കരുതിവച്ച 'എളമ്പക്ക' എന്ന കക്ക മത്സ്യം വാരി തോർത്തിൽ കെട്ടി വീട്ടിൽ കൊണ്ടു പോകാം. 

മലബാർ മാന്വൽ വായിച്ചവർക്കറിയാം ലോഗന്റെ കാലത്തെ കുറ്റ്യാടിപ്പുഴ എത്ര ആരോഗ്യവതിയായിരുന്നെന്ന് . കോഴിക്കോടു നിന്ന് മൈസൂർ അതിർത്തി വരെ നടത്തുന്ന യാത്രയിൽ അദ്ദേഹം നമ്മെ കൂടെ കൂട്ടുന്നുണ്ട്, പുസ്തകത്തിൽ. എന്തു മനോഹരമാണാ വിവരണം! കോഴിക്കോട്ടു നിന്ന് ബീച്ചുവഴി എലത്തൂർ വരെ. അവിടെ നിന്നു് ഒരൊറ്റ അയനിമരത്തിൽ നിന്ന് വെട്ടിക്കുഴിച്ചെടുത്ത,  പനയോല കൊണ്ട് മേഞ്ഞസുന്ദരമായ മേൽക്കൂരയുള്ള വഞ്ചിയിൽ (ഇത്തരം വഞ്ചികൾക്ക് അഞ്ഞൂറു മുതൽ അറുന്നൂറ് രൂപവരെ വില വരുമത്രേ! 1887 ന് മുമ്പാണ് !) അകലാപ്പുഴ വഴി പയ്യോളി 'പൂട്ട്' തുറന്ന് കുറ്റ്യാടി പുഴയിലേക്ക്. സന്ധ്യയായപ്പോൾ തോണിയിൽ കത്തിച്ചു വച്ച റാന്തലിന്റെ വെളിച്ചം കണ്ട് തോണിയിലേക്ക് ചാടി വീഴുന്ന മീനുകൾ. കരയിലെ ചുള്ളിക്കാട്ടിൽ പതുങ്ങിയിരുന്ന്, വെള്ളത്തിനു മീതെ തുള്ളിപ്പായുന്ന പരൽ മീനുകളെ പിടിക്കാൻ ചാടി വീഴുന്ന മുതലകൾ .... കുറ്റ്യാടി പുഴയെ കുറിച്ചു തന്നെയാണ് പറയുന്നത്.

 ഞങ്ങളുടെ ചെറുപ്പത്തിൽ പോലും 'പുര'ത്തോണികൾ നിസ്കാരപ്പള്ളിയുടെ താഴെ കെട്ടിയിടാറുള്ളതും, മരങ്ങൾ പരസ്പരം കൂട്ടിക്കെട്ടിയ വലിയ ചങ്ങാടങ്ങൾ ഈർച്ചമില്ലുകൾ തേടി തുഴഞ്ഞ് പോകുന്നതും കണ്ടിട്ടുണ്ട്. പിന്നീടെപ്പൊഴോ വലിയ തോണികളും മുളന്തണ്ട് പിടിച്ച് ആഴങ്ങളിലേക്ക് മുങ്ങി പുഴയുടെ കരളും കുടലും വരെ കോരി വില്ക്കുന്ന ആളുകളും ദല്ലാളൻമാരും അവളെ കീഴടക്കി. രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തവർ തന്നെ അവളുടെയുടലും മനസ്സും വിറ്റ് കീശ വീർപ്പിച്ചു. അവളെ തീരാ ദീനക്കാരിയാക്കി.  

സ്ക്കൂൾ പൂട്ടിയാൽ അഴിയൂരിൽ നിന്ന് ശങ്കരേട്ടൻ  വരും . ശങ്കരേട്ടൻ വീട്ടിലുണ്ടാവുന്ന നാലഞ്ച് നാളുകൾ ഉത്സവങ്ങളാണ്. നീന്തലിന്റെ ആദ്യ പാഠങ്ങൾ, കൈത്തണ്ടയിൽ കിടത്തി, കയ്യുംകാലുമിളക്കാൻ പറഞ്ഞും വെള്ളത്തിൽ തല മുക്കിപ്പിടിച്ചും , നു ളളിയും , പിച്ചിയും, അടിച്ചും പഠിപ്പിച്ചത് ശങ്കരേട്ടനാണ്. മുങ്ങാങ്കുഴിയിടാനാണ് ആദ്യം പഠിച്ചത്. പിന്നെ തലയും കയ്യും വെള്ളത്തിന് മീതെയാക്കി മെല്ലെ മെല്ലെ നീന്താനും. 

നീന്തൽകൂട്ടുകാർ മറ്റു പലതിനുമെന്ന പോലെ രവിയും ശശിയുമായിരുന്നു. കരയിൽ നിന്നോടിവന്ന് മലക്കം മറിഞ്ഞ് വെള്ളത്തിലേക്ക് ഊളിയിടാനും എളമ്പക്ക പെറുക്കാനും പഠിപ്പിച്ചത് അവരാണല്ലോ. കുറ്റ്യാടിപ്പുഴയുടെ രണ്ട് കൈവഴികൾ (ഞങ്ങളവയെ ചെറുപുഴ എന്നും വലിയ പുഴ എന്നും വിളിച്ചു) വന്നു ചേരുന്നിടത്ത്,  നിസ്കാരപ്പള്ളിക്ക് താഴെ പുഴക്ക് വളരെ വളരെ ആഴമുണ്ടായിരുന്നു.  മുക്കണ്ണാം കുഴി എന്നു വിളിച്ചിരുന്ന ആ കയത്തിനു സമീപത്തുകൂടെ പുഴ മുറിച്ചുകടക്കാൻ ശ്രമിച്ച കൊമ്പനാന,  കാലിടറി കയത്തിൽ മുങ്ങി ചത്തുപോയ, മുങ്ങിപ്പോകുന്നതിന് മുമ്പ് , തന്റെ മുതുകിലിരിക്കുകയായിരുന്ന പാപ്പാനെ കരയിലേക്കെറിഞ്ഞ് രക്ഷിച്ച , കഥ എനിക്ക് പറഞ്ഞു തന്നത് ശശിയാണു്. ബാല്യത്തിന്റേയും കൗമാരത്തിന്റെയും എല്ലാ കൗതുകങ്ങൾക്കും ഒപ്പമുണ്ടായിരുന്ന ആ കൂട്ടുകാരൻ, യൗവനാരംഭത്തിൽ എന്തിനെന്നറിയാതെ, ഒന്നും പറയാതെ ജീവനൊടുക്കിക്കളഞ്ഞത്, നെഞ്ചിലെ ഒടുങ്ങാത്ത നീറ്റലാണ്.

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ, കുളി അൻവറിന്റെ (അൻവർ പാലേരി) വീട്ടിനടുത്തുള്ള കടവിലായി. കുളിക്കുന്ന സമയത്തേക്കാളേറെ, കരയിൽ, പഞ്ചാര മണലിൽ പുഴയെ നോക്കിയിരുന്നു് വായിച്ച പുസ്തകങ്ങളെ കുറിച്ചും, ചെയ്യേണ്ട സാഹസിക കൃത്യങ്ങളെ കുറിച്ചും  ചർച്ചയായി , സ്വപ്നം കാണലായി.

വെള്ളേട്ടനായിരുന്നു അന്നൊക്കെ ഞങ്ങളുടെ ഒരു ഹീറോ. കറുകറുത്ത, തടിച്ചു കൊഴുത്ത മസിലു നിറഞ്ഞ ശരീരം. കറു കറുത്തയാൾക്ക് വെള്ളൻ എന്നാണോ പേരിടേണ്ടതെന്നു് അച്ഛനോട് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അച്ഛനന്നേരം ആ മനോഹരമായ പൊട്ടിച്ചിരി ചിരിക്കും. പകലൊക്കെ പണി, മരംവെട്ട്. സന്ധ്യയാകുമ്പോൾ പുഴയിലേക്കിറങ്ങും. ഞാനിതുവരെ കണ്ടതിൽ വച്ച്  ഏറ്റവും വലിയ ചൂണ്ടലും വലിയ പ്ലാസ്റ്റിക് കയറുകളുമായി . 
കുറ്റ്യാടി പുഴയിൽ അന്ന് ധാരാളം പേർ മീൻ പിടിക്കുമായിരുന്നു. വൈകുന്നേരം മീൻ മാർക്കറ്റിൽ നിന്ന് മൂന്നോ നാലോ മത്തി വാങ്ങും.  'കണ്ണി', തേങ്ങാ തൊണ്ടിന്റെ കഷ്ണം പ്രത്യേക ആകൃതിയിൽ ചെത്തി മിനുക്കിയതിൽ ചുറ്റി വച്ചിരിക്കും. ഒരു കിലോമീറ്ററെങ്കിലും നീളമുണ്ടാകുമതിന്. മത്തിക്കഷണം കണ്ണിയുടെ അറ്റത്തെ ചൂണ്ടലിൽ കോർത്ത് പുഴയിലേകൊരേറ്. ചെത്തിമിനുക്കിയ തൊണ്ടിൻ കഷണം കുറേ നേരം നിലത്തു കിടന്നുരുണ്ട്  നിശ്ചലമാകും. അപ്പോഴേക്കും ചൂണ്ടൽ പുഴയുടെ നടുക്ക് പോയി വീണിട്ടുണ്ടാകും. പിന്നെ അരയിൽ ത്തിരുകിയ ബീഡിപ്പൊതിയിൽ നിന്ന് ഒരെണ്ണമെടുത്ത് കത്തിച്ച് വലിച്ച്, കണ്ണി നേരെയാക്കി, കാത്തിരിപ്പ്.

പക്ഷെ, വെള്ളേട്ടൻ ഇതൊന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. രാവിരുളുമ്പോൾ വലിയ വലിയ ചൂണ്ടലുകളും പ്ലാസ്റ്റിക് കയറുകളും, വലിയൊരു ടോർച്ചുമായി പുഴക്കരയിലെത്തും. എത്ര നേരമെന്നറിയില്ല, പുഴ വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കും. നേരം പുലരുമ്പോൾ വലിയ വലിയ മീനുകളുമായി കയറി വരാൻ. 

അപൂർവം ചില ദിവസങ്ങളിൽ പുലർച്ചെ വലിയൊരു കുമ്പിളിൽ പരൽ മീനുകളുമായി ഞങ്ങളുടെ വീട്ടിൽ വരും. " മാഷ്ക്ക് കൊറച്ച് മീന്" എന്ന്, കുമ്പിൾ എന്നെയോ അമ്മയേയോ ഏൽപ്പിച്ച്, മുറുക്കാൻ കറ പിടിച്ച പല്ലുകാട്ടി  നിറഞ്ഞ് ചിരിക്കും. ഒരിക്കലും അച്ഛനോട് വെള്ളേട്ടൻ കാശു വാങ്ങിക്കുന്നതോ മറ്റ് സഹായങ്ങൾ ചോദിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. വരും മീന് തരും പോകും അത്ര മാത്രം. 

അൻവറിന്റെ കഴിഞ്ഞ വരവിന്റെ മുമ്പത്തെ വരവിന് വെള്ളേട്ടന് സുഖമില്ലെന്നറിഞ്ഞ് ഒരു സന്ധ്യക്ക് കുന്നിൻ മുകളിലെ വീട്ടിൽ, ഞങ്ങളദ്ദേഹത്തെ കാണാൻ പോയി. കാല് വേദന. വയ്യ. പുറത്തെങ്ങും പോകാറില്ല. ചികിത്സ നടക്കുന്നു. കുടുംബത്തിന്റെ സ്നേഹാന്വേഷണങ്ങൾക്കും, കട്ടൻ ചായ്ക്കും ശേഷം കോലായിൽ വെള്ളേട്ടനും അവനും ഞാനും മാത്രമായി. ഞങ്ങളുടെ പഴയ ഹീറോയിൽ നിന്ന് ഞങ്ങൾക്കറിയേണ്ടിയിരുന്നത് ഞങ്ങളുടെ പുഴയെക്കുറിച്ചായിരുന്നു. 

"പൊഴ".... ഇതും പറഞ്ഞ് അദ്ദേഹം കുറേയധികം നേരം മിണ്ടാതെ ഇരുന്നു. കണ്ണുകൾ നനയുന്നുണ്ടോ? വെള്ളേട്ടൻ,  മണട്ടകൾ ചിലക്കുന്ന ഇരുട്ടിലേക്ക് ഇമവെട്ടാതെ നോക്കി. നിലാവു യരാൻ ഇനിയും നേരമെടുക്കും.

" ഞാൻ വെള്ളത്തിൽ ഇങ്ങനെ ഇരിക്കും." അദ്ദേഹം പറഞ്ഞു "നെലാവത്തും, കറ്ത്തവാവിനും, മഴേത്തും , വേനക്കാലത്തും ഒക്കെ ... ആ ദ്യോക്കെ പൊഴ വെറും വെള്ളത്തിന്റെ ഒലിപ്പ് മാത്രാ രുന്നു. പിന്നത് മുടീം മൊലേമ് ളള ഒര് പെണ്ണിനെപ്പോലെ, പിന്നെ അമ്മേ നപ്പോലെ, പൊത്തിപ്പിടിച്ച്, താലോലിച്ച് ... മീനൊന്നും ഞാൻ പിടിച്ചതല്ല. എന്റെ വലേലും ചൂണ്ടലിലും വന്ന് കേറീതാ.. "

"പൊഴ ജീവിതം തന്നേല്ലേ? ഒഴുകി ഒഴുകി പതം വന്ന് തളർന്ന് വറ്റി വരണ്ട്... "വെളേട്ടൻ പിന്നെയുമെന്തൊക്കെയോ പറഞ്ഞു ... 

പതിഞ്ഞു പൊന്തിയ നിലാവെട്ടത്തിൽ കുന്നിറങ്ങുമ്പോൾ അവനെന്നോട് ഒന്നും പറഞ്ഞില്ല. ഞാൻ പക്ഷെ പൊട്ടനെപ്പോലെ അവനോട് പറഞ്ഞു. "വെള്ളേട്ടൻ , ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ വായിച്ചിട്ടുണ്ടാവണം.. " 

മങ്ങിയ വെട്ടത്തിൽ അവൻ എന്നെ നോക്കിച്ചിരിച്ചത് സഹതാപത്തോടെ ആയിരുന്നിരിക്കണം....

"Have you also learned that secret from the river; that there is no such thing as time?" That the river is everywhere at the same time, at the source and at the mouth, at the waterfall, at the ferry, at the current, in the ocean and in the mountains, everywhere and that the present only exists for it, not the shadow of the past nor the shadow of the future."

Hermann Hesse, Siddhartha

മാഗധേയം കഥകളി

ശക്തയായ സ്ത്രീ കഥാപാത്രമെന്ന് ഇടക്കിടെ കേൾക്കുന്നു. കുറേ പേരെ കണ്ടിട്ടുമുണ്ട്. സിനിമയിലും, നോവലിലും, കഥകളിലും. ഇന്നലെ വൈകിട്ട് കളിക്കോട്ട പാലസ്സിൽ അവതരിച്ച കംസപത്നി അസ്തി പക്ഷേ,അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. 

തൃപ്പൂണിത്തുറ കഥകളി  കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടി. 

സദനത്തിന്റെ മാഗധേയമാണ് കളിയെന്നറിഞ്ഞപ്പോൾ തന്നെ കൊതിയോടെ കാത്തിരുന്നതാണ്. വ്യത്യസ്തമായ അവതരണമാണെന്ന് കേട്ടിരുന്നു. "എത്ര കഥകളി ചിത്രങ്ങളായി!" എന്ന പ്രിയതമയുടെ പ്രതിഷേധം വകവെക്കാതെ വൈന്നേരം കളിക്കോട്ടയിൽ ക്യാമറയും തൂക്കി ചെന്നു കയറിയപ്പോൾ നേരം വൈകി. ജരാസന്ധന്റെ  തിരനോട്ടം. 

ഡോ.സദനം ഹരികുമാറാണു് ജരാസന്ധൻ. 'മാഗധേയം' ചിട്ടപ്പെടുത്തിയിരിക്കുന്നത് അദ്ദേഹമാണ്. 

ചിലരുണ്ട്...ഒരാൾക്ക് ഇത്രയുമൊക്കെ  ചെയ്യാൻ കഴിയുമോയെന്ന്  നമ്മെ അമ്പരപ്പിക്കുന്നവർ. അങ്ങനെയുള്ളവരാണ്, ഇനി എന്തു ചെയ്യേണ്ടൂ എന്ന് ഉഴറിനിൽക്കുമ്പോൾ  വഴി വിളക്കുകൾ പോലെ പ്രകാശം പൊഴിച്ച്, വീണ്ടും അവേശത്തോടെ ലക്ഷ്യത്തിലേക്ക് നടക്കാൻ പ്രേരിപ്പിക്കുക . ഡോ.ഹരികുമാർ അങ്ങനെ ഒരാളാണ്

നടന്‍,  ചമയവിദഗ്ധന്‍, ശില്പി, ചിത്രകാരന്‍,  സംവിധായകന്‍, ഗവേഷകന്‍, കർണാടകസംഗീതജ്ഞൻ, കഥകളി നടൻ, മോഹിനിയാട്ട, ഭരതനാട്യ നർത്തകൻ, ആട്ടക്കഥാകാരന്‍ ( ചിത്രാംഗദ, ശാപമോചനം, ഹിഡുംബി, മാഗധേയം തുടങ്ങി പതിനഞ്ചിലേറെ ആട്ടക്കഥകൾ) വിശ്വ ഭാരതി യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്സർ,  സദനം കഥകളി അക്കാദമിയുടെ പ്രിസിപ്പൽ.... കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്,  മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം ......

ഇദ്ദേഹം കഥകളിയിൽ നടത്തിയിട്ടുള്ള പരിഷ്കരണങ്ങൾ ഏറെയാണ്. പാട്ടിലും, മുഖത്തെഴുത്തിലും, പാത്ര സൃഷ്ടിയിലും, ആരോഗ്യകരമായ പരീക്ഷണങ്ങൾ  നടത്തി ഇദ്ദേഹം വിജയിച്ചിരിക്കുന്നു. ഇന്നലെ , അസ്തി യുടെ മുഖത്തെഴുത്തിന്റെ വ്യത്യസ്‌തത കണ്ടതാണല്ലോ. കൃഷ്ണനാട്ടത്തിലെ സത്യഭാമയ്ക്കുള്ള ചുട്ടിയാണത്രെ അത്.

ഇന്ദ്രപട്ടംലഭിക്കാന്‍ 100 രാജാക്കന്മാരെ 'നരബലി' നടത്താന്‍ തീരുമാനിച്ച ജരാസന്ധചക്രവര്‍ത്തിയെ ശ്രീകൃഷ്ണനും ഭീമസേനനും അര്‍ജുനനും ചേര്‍ന്ന് വധിക്കുന്ന  രംഗങ്ങളാണ് 'മാഗധേയം' കഥയുടെ ഇതിവൃത്തം. ബ്രാഹ്മണവേഷ ധാരികളായി ജരാസന്ധന്റെ കോട്ടയില്‍ പ്രവേശിക്കുന്ന കൃഷ്ണനും ഭീമനും അര്‍ജുനനും ചക്രവര്‍ത്തിയുടെ മകളും കംസന്റെ വിധവയുമായ അസ്തിയെ കണ്ടുമുട്ടുന്നതും കംസനെവധിച്ച കൃഷ്ണനോടുള്ള മുന്‍വൈരാഗ്യം തീര്‍ക്കാന്‍ അദ്ദേഹത്തെ പ്രഹരിക്കുന്നതും ഒടുവില്‍ കൃഷ്ണപാദത്തില്‍ ശരണാഗതി പ്രാപിക്കുന്നതുമായ രംഗത്തോടെ 'മാഗധേയം' സമാപിക്കുന്നു. യുദ്ധമറിയാവുന്നവളായ അസ്തി, ശത്രുക്കൾക്കു നേരെ യുദ്ധത്തിന് പുറപ്പെടുന്നുമുണ്ട്. 

ഹാളിലേക്ക് കടക്കുമ്പോൾ, കൃഷ്ണനും, ഭീമനും, അർജുനനും വികൃതികൾ കാണിച്ച് കാണികൾക്കിടയിലൂടെ നടന്ന്  വേദിയിലേക്കെത്തുകയാണ് . ഗംഭീര വാദ്യഘോഷം. ജരാസന്ധന്റെ അട്ടഹാസങ്ങൾ , ഫലിത പ്രയോഗങ്ങൾ, ഡോ.ഹരിദാസ് വേദി കയ്യടക്കി. ഭീമനുമായി  യുദ്ധത്തിനു  വഴങ്ങി ജരാസന്ധൻ വേദി  വിടവേ,  ദുഖിതയും,എന്നാൽ ക്രോധവതിയുമായ  അസ്തിയുടെ വരവായി. 

കോട്ടക്കൽ നന്ദകുമാരൻ നായർ. കത്തിവേഷമാണ് തനിക്കേറ്റവും പ്രിയമെന്ന് ഇദ്ദേഹം  പലയിടത്തും പറഞ്ഞിരിക്കുന്നു.വിഷാദവതിയും എന്നാൽ   ക്രുദ്ധയുമായ   അസ്തിയായി,  അവളുടെ എല്ലാ വികാര തീവ്രതകളും ആവാഹിച്ച് തന്റെ എഴുപത്തൊന്നു  വയസ്സിന്റെ നിറയൗവനോർജ്ജത്തോടെ നന്ദകുമാരൻ നായർ വേദിയിൽ ജീവിച്ചു.  

നടന്മാരെല്ലാം, താന്താങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. 

സദനം ശിവദാസന്റെയും, സദനം ജ്യോതിഷ്ബാബുവിന്റെയും പാട്ട് അതി ഹൃദ്യം. 

കഥ നടന്നുകൊണ്ടിരിക്കെ, മനോഹരങ്ങളായ മുഹൂർത്തങ്ങൾ മുന്നിൽ വന്നിട്ടും, ക്യാമറഉയർത്തി ദൃശ്യം പകർത്താൻ മറന്ന് പലപ്പോഴും ഇരുന്നു പോയി. ഈ കളി, കണ്ടത് പലതിനേക്കാളും  മനോഹരം.  ഡോ.ഹരികുമാറിന്റെ, ഇനിയും കാണാനുള്ള  കഥകൾ ഇതിലും മനോഹരമാകുമെന്നുറപ്പ്. 

മനോഹരമായ ഒരു വൈകുന്നേരവും, സുന്ദരമായ കുറേ ചിത്രങ്ങളും സമ്മാനിച്ച കഥകളി കേന്ദ്രത്തിന് നന്ദി.

ജൂൺ - സിനിമ

ഞങ്ങൾ പഠിക്കുന്ന കാലത്ത് പ്ലസ് റ്റു ഉണ്ടായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞാൽ പിന്നെ കോളേജ്. പ്രീഡിഗ്രി എന്നായിരുന്നു അതിന് പേര്. യൂനിഫോമില്ല, ഒരേ പോലത്തെ ഷീറ്റു കൊണ്ട് കവർ ചെയ്ത പുസ്തകങ്ങളില്ല, സ്ക്കൂൾ ബാഗില്ല. ഒന്നോ രണ്ടോ പുസ്തകവും കക്ഷത്തിറുക്കിയാണ് കോളേജ് കുമാരന്റെ പോക്ക്. 

സ്വപ്നം കാണുക എന്ന പ്രക്രിയ നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഏറ്റവും സുന്ദരവും തീവ്രവുമായ സ്വപ്നങ്ങളുടെ കാലം പ്രീഡിഗ്രിയിലായിരുന്നു. 

സെക്കന്റിയറിൽ പഠിക്കുന്ന കാലത്താണ് ഒരു ഡോക്ടറുടെ പുത്രി ഫസ്ററിയറിൽ വന്നു ചേർന്നത്. മനോഹരമായി വസ്ത്രം ധരിക്കുന്ന വെളുത്ത് തുടുത്ത ആ സുന്ദരിയെ കാണുമ്പോൾ മുമ്പാരോടും തോന്നാത്ത ഒരു പ്രത്യേകത. അടിവയറ്റിൽ നിന്ന് ഒരു തീയനക്കം. മിണ്ടണമെന്ന പൂതി. ആരോടും കൂടതൽ ഇടപെടാൻ മടിയാണ് പണ്ടും ഇപ്പോഴും. പെങ്കുട്ടികളോട് മിണ്ടാൻ ഒട്ടും ധൈര്യമില്ല. എന്നാലും അവൾ വരുന്നതും നോക്കി കോളേജ് കവാടത്തിനടുത്ത് കാത്തുനിൽക്കും. അവൾ എന്നെ നോക്കിയാൽ ചിരിക്കാൻ ഒരു വൃഥാ ശ്രമം നടത്തും. ക്ലാസിനു വെളിയിൽ കൂട്ടുകാരോട് സംസാരിക്കാനെന്ന വ്യാജേന അവളെ നോക്കി നിൽക്കും. കുറേ ദിവസം കഴിഞ്ഞപ്പോൾ അവൾ എന്നെ കണ്ടാൽ ചിരിക്കുമെന്ന പരുവമായി. തിരിച്ച് ഞാനും ചിരിക്കും. 

പരീക്ഷക്കു മുമ്പുള്ള അവധി തുടങ്ങാൻ രണ്ടു ദിവസം ബാക്കിയിരിക്കേ  ഒരു ദിവസം,  ഉച്ചക്കത്തെ ഇൻറർവെലിൽ ലൈബ്രറിയിൽ പോയി തിരികെ വരികയായിരുന്നു. കയ്യിൽ  ബോറിസ് പാസ്റ്റർനാകിന്റെ ഡോക്ടർ ഷിവാഗോ. അവളുടെ ക്ലാസിനടുത്തെത്തിയപ്പോൾ നടത്തം മെല്ലെയായി. കഴുത്ത് മെല്ലെ തിരിച്ച് ക്ലാസിലേക്ക് നോക്കി. ഞെട്ടിപ്പോയി! അവളതാ എന്നെ മാടി വിളിക്കുന്നു. വിശ്വാസമായില്ല. കണ്ണടച്ച് തുറന്ന് വീണ്ടും നോക്കി. സത്യം! അവൾ വിളിക്കുന്നു. ചുറ്റും കൂട്ടുകാരികളാരുമില്ല. ഞാനാണെങ്കിൽ മുട്ട് വിറച്ചിട്ട് ഒരടി നടക്കാൻ വയ്യാത്ത അവസ്ഥയിലും.

എങ്ങനെയോ ഞാനവളുടെ അടുത്തെത്തി. ഒന്നും മിണ്ടാൻ വയ്യ. മുഖത്തേക്ക് ചോര ഇരച്ച് കയറുന്നു. 
എന്റെ മുഖത്തു നോക്കി അവളൊരു ചിരി ചിരിച്ചു. ഹൃദയം നിന്നുപോയെന്നു തോന്നി. ഞാൻ ചിരിക്കാൻ ശ്രമിച്ചത് വക്രിച്ചും പോയി. അവൾ എന്റെ കയ്യിലിരുന്ന പുസ്തകത്തിനായി കൈ നീട്ടി. പുസ്തകം മറച്ചു നോക്കുന്ന അവളെ ഞാൻ വെറുതെ നോക്കി നിന്നു. 

പെട്ടെന്നാണ് ഹൃദയം തകർത്തു കളഞ്ഞ ആ ചോദ്യം അവൾ ചോദിച്ചത്. " കതാ ബുക്കാ?"
എന്റെ ജഗദീശ്വരാ എന്തൊരു ശബ്ദം !! എന്റെ ക്ലാസിലെ എറ്റവും മുതിർന്ന ആൺ പ്രജക്കു പോലുമില്ല ഇത്രയും കഠോരമായ പുരുഷശബ്ദം. 

പുസ്തകം തട്ടിപ്പറിച്ച് ഒന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു. ഡോക്ടർ ഷിവാഗോ കതാ ബുക്ക് !! ഒച്ച കഠോരം.. എന്റെ സങ്കൽപ്പം തകർന്നു മണ്ണടിഞ്ഞു. എന്തോ, കോളേജടക്കാൻ ബാക്കിയുണ്ടായിരുന്ന രണ്ടു ദിവസം ഞാനവളെ കണ്ടതേയില്ല. പിന്നെ ജീവിതത്തിൽ ഇതുവരേയും.

അഹമ്മദ് കബീറിന്റെ ജൂൺ കണ്ടിറങ്ങുമ്പോൾ എന്തോ ഞാനവളെ ഓർത്തു. ഒരു പക്ഷെ ആ പുസ്തകം പിടിച്ചു വാങ്ങി, ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അഹം ഭാവിയായ ഞാൻ തിരിച്ചു നടന്നില്ലായിരുന്നെങ്കിൽ, ഒരു പക്ഷെ ജീവിതം വേറൊന്നാകുമായിരുന്നു. ആർക്കറിയാം... 

ജൂൺ നല്ല സിനിമയാണ്. പ്ലസ് റ്റുവിലെ കൗമാരക്കാർ പ്രീഡിഗ്രി ക്കാരെ പോലെയല്ല. ഒരു പാട് വ്യത്യാസങ്ങളുണ്ട്. കാഴ്ചപ്പാടിലും അറിവിലും എല്ലാം. എന്റെ പുത്രൻ പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്നയാളായതിനാൽ എനിക്കത് നന്നായറിയാം. ഞങ്ങൾ ആയിരുന്നതിനേക്കാൾ ഒരു പാട് മുന്നിലാണ് ആപ്രായത്തിൽ ഇവർ. പക്ഷെ വിചാരങ്ങളും വികാരങ്ങളും സ്വപ്നത്തിന്റെ കടും ചായങ്ങളും ഒക്കെ ഒരു പോലെ. പൊട്ടിത്തെറിക്കാൻ വെമ്പി നിൽക്കുന്ന ഭാവി തലമുറ!

നമ്മുടെ കൗമാരത്തെ ഗൃഹാതുരത്വത്തോടെ തൊട്ടു വിളിക്കുന്നു എന്നതാണീ സിനിമ ചെയ്യുന്നത്. പുസ്തകത്താളിൽ മറന്നു വച്ചു പോയ മയിൽപ്പീലി അറിയാതെ ഏതോ താൾ മറിയവേകയ്യിൽ വരുന്ന പോലെ. 

വർക്കല ക്ലിഫിൽ നടക്കുന്ന പുതുവർഷ പാർട്ടിയിൽ തുടങ്ങി, ഫ്ലാഷ് ബാക്കിലൂടെ , പനാമാ ജോയിയുടെയും ഭാര്യയുടെയും ഒറ്റമകളായ, ജൂണിന്റെ പ്ലസ് ടു കാലം അനാവൃതമാവുകയാണ്. ക്ലാസിലെയും പുറത്തേയും കൊച്ചു കുറുമ്പുകളും അതിനിടെ മൊട്ടിടുന്ന പ്രണയവുമായി ഒന്നാം പകുതി നാവിനടിയിലെ നാരങ്ങാ മുട്ടായി പോലെ പെട്ടെന്ന് തീർന്നു പോകുന്നു. രണ്ടാം പകുതിയിൽ നഷ്ടപ്രണയം തിരിച്ചുപിടിക്കാനും, സ്വന്തം കാലിൽ നിൽക്കാനുള്ള ജൂണിറെ ശ്രമവും ഒരുപാട് ട്വിസ്റ്റുകളുമൊക്കെ ... 

പ്രിയ സുഹൃത്ത് ഖാലിദിന്റെ Khalid Backer മകൻ സർജാനോ ഖാലിദിനെ കാണാനാണ് സത്യം പറഞ്ഞാൽ ഈ സിനിമക്ക് കയറിയത്. സർജാനോ യുടെ നോയൽ  മാത്രമല്ല, ജൂണിന്റെ മറ്റു കൂട്ടുകാരും താന്താങ്ങളുടെ വേഷം ഗംഭീരമാക്കി.  രജിഷാ വിജയൻ ജൂണായി ജീവിച്ചു. മകളുടെ ഇഷ്ടങ്ങൾക്ക് എതിരു നിൽക്കാത്ത അച്ഛനായി ജോജുവും തിളങ്ങി. 

ഒരു നിമിഷം പോലും ബോറടിക്കാതെ ഈ സിനിമ കാണാൻ ഇഫ്തിയുടെ സംഗീതം നല്ല പങ്ക് വഹിക്കുന്നു. 

വിമർശനങ്ങളുണ്ടായേക്കാം... കുഞ്ഞു പ്രമേയം വലിച്ചു നീട്ടി എന്നും, എഡിറ്റിംഗ് വേണ്ടത്ര സുഖമായില്ല എന്നു മൊക്കെ എവിടെയൊക്കെയോ എഴുതിക്കണ്ടു. ഇതൊരു കുഞ്ഞു സിനിമയാണ്. ലോക ക്ലാസിക്കുകൾ കാണുന്ന കണ്ണിലൂടെ കാണാനുള്ളതല്ല, ഗൃഹാതുരത്വം കനത്തിൽ നിറച്ച ഈ വർണ്ണച്ചെപ്പ് .

സിനിമ കഴിഞ്ഞ് പുറത്തിറങ്ങവേ  കൂട്ടുകാരനെ ഫോണിൽ വിളിച്ചു. "ഖാലിദ്  ഭായ്, മോന്റെ ആദ്യ സിനിമ കലക്കി... "

പട്ടു പോലൊരുവൾ

വിരിച്ചുനീർത്തിയ കാഞ്ചീപുരം പട്ടുസാരിക്കു പിറകിൽ അവൾ മുക്കുത്തി മിന്നിച്ച് ചിരിച്ചു.
അഴകിന്റെ ദ്രാവിഡത്തികവ്. 
"രാജ രാജ ചോളന്റെ ഉsവാൾത്തിളക്കത്തെക്കാൾ അഴകാർന്നവളേ....
ഒരു പട്ടുചേലയിൽ ഉണർന്നുല യാത്തതെന്തേ നിന്റെ ലാവണ്യം?"

കൈവളയിളക്കി 
നറു ചിരി വിടാതെ തൂകി 
അവൾ നീർത്തിയ കടുഞ്ചോപ്പ്ചേലചൂണ്ടി അവനെന്നോട് ചോദിച്ചു. 

" How is this? "

ചിലമ്പ് വിറ്റ് കടം വീട്ടാൻ പോയ കോവലനെക്കാത്തെന്ന പോലെ ഒരുത്തി കാത്തിരിപ്പുണ്ടല്ലോ യെന്നയോർമ്മയിലും ,
അമ്പതിനായിരമെന്ന വിലയടയാളത്തിലും, 
'നെല്ലി സ്റ്റോറിലെ' കൊടും തണുപ്പിലും വിറച്ച് ഞാൻ പറഞ്ഞൊപ്പിച്ചു...

"Good ''

ദൈന്യതയുടെ കടക്കൺ നീട്ടി 
അവൾ പറഞ്ഞു. 
" അജ്ഞാതനായ യാത്രിക,
ഇയാളെ ഇത് വാങ്ങാൻ പ്രേരിപ്പിക്കുക" 

"This is one of the great things I have ever seen... Go for it"

വരാനിരിക്കുന്ന പൊങ്ങച്ചപ്പാർട്ടിയിൽ, തെലുങ്കാനയിലെ പട്ടണപ്രാന്തത്തിൽ,
ഉടുത്തൊരുങ്ങിത്തിളങ്ങുന്ന 
പെണ്ണുടലോർത്ത്
 ചേല പൊതിയാനാജ്ഞാപിച്ച്,
 "Thank you dear friend '' എന്ന പൊള്ള ഭംഗിവാക്ക് ഓക്സ്ഫോർഡിന്റെ സംസ്കൃതാക്ഷരത്തിൽ പൊതിഞ്ഞ് എന്റെ മുഖത്തടിച്ച് 
അവൻ പിൻവാങ്ങവെ,
കൺകോണിലൂറിയ ഒരിറ്റു കണ്ണീർ തുടച്ച്
 നീ പറയാതെ പറഞ്ഞത് ഞാൻ വായിച്ചു.

"ഇരിക്കാനിടപോലുമില്ലാതെ 
തളർന്ന കാലിൽ ഞാൻ വഹിക്കുന്നു, 
പഠിക്കാൻ മിടുക്കനായ ഒരനിയനെ, 
അതിരാവിലെ മുതൽ മദ്യപിക്കുന്ന ഒരച്ഛനെ ,
അമ്മയില്ലെന്ന കൊടും വേനലിനെ,
കാതങ്ങൾ നീണ്ടരാത്രി യാത്രയിലെ ചൂഴുന്ന കഴുകൻ കണ്ണുകളെ,
പിടയുന്ന വിശപ്പിനെ,
മയക്കുന്ന കാമനയെ,
ഒന്നുമാകാതെ പോയ അഭ്യസ്ഥ വിദ്യതയെ,
ഇന്നുറങ്ങും മുമ്പേ തീർക്കേണ്ട കനത്ത കർത്തവ്യങ്ങളെ, 
നാളെയും ഉണരേണമല്ലോ എന്ന ചിന്തയെ .."

പോസ് മെഷിനിൽ കാർഡ് തിരുക്കും മുമ്പ് അവൻ വിലപേശവേ ഞാൻ പറഞ്ഞു. 

" Pay it....  Don't bargain... It is  far less a prise for such a gem of an artwork in silk..."