Thursday, July 30, 2020

ആദ്യ സ്കൂൾ ദിനം



ആദ്യ സ്ക്കൂൾ ദിനം
______________________

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി അഞ്ച് പകുതി വരെ ഞങ്ങൾ ജീവിച്ചത് അഴിയൂരിലായിരുന്നു. 

അഴിയൂരിന് ഒരു പ്രത്യേകതയുണ്ട്. ഗംഗാധരേട്ടൻ ( മയ്യഴിയുടെ മരിച്ചു പോയ ചരിത്രകാരൻ സി എച്ച് ഗംഗാധരൻ.) പറയുന്നത് അഴിമുഖങ്ങൾ ഉള്ള ഊര് ആണ് അഴിയൂർ എന്നാണ്.

ശരിയായിയിരിക്കും.  ഒരു തുണി സഞ്ചിയും തോളിലിട്ട്, മാഹിയുടെ രാജ വീഥികളിലൂടെയും , അഴിയൂരിൻ്റെ, നാട്ടുമാങ്ങയും , ചെമ്പകപ്പൂവും, പിന്നെ വേനലും തെയ്യത്തോറ്റവും, ചേരകളുടെ ഇണചേരലും , മഞ്ചാടിയും മുക്കുറ്റിയും നിഴലും ചൂടുമായി ഉറങ്ങിക്കിടന്ന നാട്ടുവഴികളിലൂടെയും, ഒരു റബ്ബർ ചെരിപ്പിൻ്റെ സൗഭാഗ്യം പോലുമില്ലാതെ നടന്നു പോയ ,മുകുന്ദൻ്റെ ഉറ്റതോഴൻ ഗംഗാധരേട്ടന് തന്നെയാണ് രണ്ടു ദേശങ്ങളുടേയും കഥയും കാര്യവും പറയാൻ ഏറ്റം അർഹത. 

അഴിമുഖങ്ങളുടെ ആ നാട്, കോഴിക്കോട് ജില്ലയുടെ അതിരാണ്. പോണ്ടിച്ചേരി സംസ്ഥാനത്തിൽപെട്ട മയ്യഴിയുടെ ( മാഹിയുടെ) തുടക്കവും.  പൂഴിത്തല എന്ന പ്രദേശത്ത് നിന്ന് തുടങ്ങി മാഹി പുഴ വരെയാണ് മയ്യഴിയുടെ ദൂരം .വയനാടൻ മലകളിൽ നിന്നുത്ഭവിച്ച്, അമ്പത്തിനാല് കിലോമീറ്റർ ഒഴുകി അറബിക്കടലിൽ പതിക്കുന്ന മാഹി പുഴ .

ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ച് ജൂൺ മാസത്തിലാണ്, അഴിയൂർ ഫിഷറീസ് ഹൈസ്ക്കൂളിൽ ജോലി ചെയ്തിരുന്ന അച്ഛന്, കുറ്റ്യാടി ചെറിയ കുമ്പളം ഗവ: എൽപി സ്ക്കൂളിൻ്റെ പ്രധാനാദ്ധ്യാപകനായി സ്ഥലം മാറ്റം കിട്ടിയത്. 

അതിരാവിലെ അമ്മ ഉണ്ടാക്കുന്ന ചോറും ചമ്മന്തിയും മെഴുക്ക് പുരട്ടിയും ഒരു വാഴയില വാട്ടിയതിൽ പൊതിഞ്ഞു കെട്ടിയത്, ഒരു കറുത്ത ബാഗിൽ വച്ച് അച്ഛൻ എല്ലാ ദിവസവും കുറ്റ്യാടിക്ക് പുറപ്പെടും. തിരികെ എത്തുന്നത് രാത്രി വളരെ വൈകി. 

അച്ഛൻ കുറ്റ്യാടി പോകുന്നതിന് തൊട്ടു മുമ്പുളള അദ്ധ്യയനവർഷത്തിൽ ഏതോ ഒരു ദിവസം രണ്ടു മൂന്ന് സിഗരറ്റു പാക്കറ്റുകളുമായാണ് വൈന്നേരം സ്ക്കൂളിൽ നിന്ന് വന്നത്. ഞങ്ങളന്ന് അഴിയൂർ മൂന്നാം ഗേറ്റിന് സമീപമുള്ള ചാലുമ്മൽ എന്ന വീട്ടിലാണ് വാടകക്ക് താമസിച്ചിരുന്നത്.

എൻ്റെ ഓർമ്മയിൽ, തുമ്പപ്പൂ പോലെ, നെയ്യപ്പം പോലെ മുഗ്ധമധുരമായ കാലഘട്ടമായിരുന്നു അത്. ഒരു വലിയ ഞാവൽ മരവും, ഒരു ചെറു കാറ്റിളക്കത്തിൽ പോലും പഴങ്ങൾവർഷിക്കുന്ന അതിൻ്റെ കാരുണ്യവും അര നൂറ്റാണ്ടിനിപ്പുറത്തു നിന്ന് ഗൃഹാതുരത്വത്തോടെ ഞാനോർക്കുന്നു. 

അവിടെ തൊട്ടടുത്ത വീട്ടിൽ റൈറ്റർ അച്ചാച്ചനും ദേവൂട്ടി അമ്മമ്മയും ശോഭേച്ചിയും പപ്പിചേച്ചിയും പിന്നെ പിച്ചിയും മാന്തിയും കരഞ്ഞും കരയിപ്പിച്ചും കൂടെ നടക്കാൻ ലീനയും ഉണ്ടായിരുന്നു. പിന്നെ എൻ്റെ മൂന്നു ചക്ര സൈക്കിൾ തട്ടിപ്പറിച്ച് അതിൽ കയറിയിരുന്ന് തലങ്ങും വിലങ്ങും ഒട്ടും ദയയില്ലാതെ അതിനെ നെട്ടോട്ടമോടിക്കുന്ന, കമ്പൗണ്ടർ മുകുന്ദനമ്മാവൻ്റെ മകൻ, വികൃതി രാജാവ് പ്രവിയും. 

ഞങ്ങൾ താമസിച്ചിരുന്നതിന് തൊട്ടടുത്തു കൂടിയാണ് റെയിൽവേ കടന്നു പോയിരുന്നത്.    റൈറ്ററച്ചാച്ചൻ്റെ വീട്ടിൻ്റെ ചെങ്കുത്തായ പടികളിറങ്ങി നേരെ ചെല്ലുന്നത് റെയിലിലേക്കാണ്. നേരത്തെ പറഞ്ഞ മൂന്നാം ഗെയ്റ്റ് എന്ന സ്ഥലനാമം മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് തെക്കോട്ട്, മൂന്നാമത്തെ ലെവൽ ക്രോസിനെയാണ് ദ്യോതിപ്പി ക്കുന്നത്!

 വന്നയുടനെ അച്ഛൻ " വാ ഒരു വിദ്യകാണിച്ചു തരാം " എന്ന് എന്നെ അരികിലേക്ക് വിളിച്ചു. സിഗരറ്റിൻ്റെ പാക്കറ്റും അതിനകത്തെ "ഈ യകടലാസും" കൊണ്ട് എനിക്കച്ഛൻ ഒരു റേഡിയോ ഉണ്ടാക്കിത്തന്നു.  അലൂമിനി യം ഫോയിലിൻ്റ പിടിയും, ഒരു വശത്ത് അലൂമിനിയം ഫോയിൽ കൊണ്ടുള്ള വലിച്ചാൽ നീണ്ടു വരുന്ന ആൻറിനയുമുള്ള സുന്ദരൻ റേഡിയോ . എനിക്ക് ഒരു പാട് സന്തോഷമായി എന്ന് പറഞ്ഞാൽ ചെറുതായിപ്പോകും. സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യാതായി. റേഡിയോയും തൊട്ടടുത്ത് വച്ചാണ് ഞാനന്നുറങ്ങിയത്. പിറ്റേന്ന് രാവിലെ മുതൽ റേഡിയോയുടെ അലൂമിനിയം ഫോയിലുകൊണ്ടുണ്ടാക്കിയ കൊച്ച് നോബുകൾ തിരിച്ച്, ക്രീക്രൂന്ന് ശബ്ദമുണ്ടാക്കിയും ശോഭേച്ചി പാടിത്തന്ന "മല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ " എന്ന പാട്ട് റേഡിയോ യിൽന്നെന്ന പോലെ പാടിയുമാണ് ഞാൻ നടന്നത്.

ഉച്ചതിരിഞ്ഞപ്പോൾ അവൻ വന്നു കയറി. കുസൃതിയുടെ അപരനാമം. പ്രവി. പാട്ടും പാടിക്കൊണ്ടാണ് വരവ്. വന്ന് കയറിയതും നോട്ടം എൻ്റെ കയ്യിലെ മിനിയേച്ചർ റേഡിയോയിൽ പതിഞ്ഞു. "താ "... അവൻ റേഡിയോവിന് വേണ്ടി കൈ നീട്ടി. കൊടുക്കാൻ മനസ്സനുവദിച്ചില്ല. അവൻ്റെ കൺവട്ടത്ത് നിന്ന് മാറ്റി പിറകിൽ ഒതുക്കിപ്പിടിച്ചു. അവൻ വശത്തുകൂടെ വന്ന് റേഡിയോ തട്ടിപ്പറിച്ചു.  അടർന്നു പോയ കൺട്രോൾ ബട്ടണുകളും ദൂരെത്തെറിച്ചുവീണ ആൻറിനയും . വീണ്ടും വെറും സിഗരറ്റ് കൂടായി മാറിപ്പോയ അച്ഛനുണ്ടാക്കിത്തന്ന റേഡിയോ . 

കരച്ചിൽ ഒതുക്കാൻ കഴിഞ്ഞില്ല. വാ തുറന്ന് അലറിക്കരഞ്ഞു. "എന്തിനാ പ്രവീ അത് പോക്കിക്കളഞ്ഞത് ?" പ്രവിയുടെ അമ്മ വനജ ച്ചേച്ചി അവനെ ശാസിച്ചു. അവനത് കേട്ട മട്ടില്ല. എൻ്റെ മുച്ചക്ര സൈക്കിളിനോടായി ഗുസ്തി .

ഒക്കത്തെടുത്ത്, ഓരോ ഉരുളയും അയില മൊളൂഷ്യത്തിൽ മുക്കി, ഉരുള മേൽ അയിലയുടെ കുഞ്ഞു കഷ്ണം ചാർത്തി വായിൽ വച്ചു തന്നു കൊണ്ട് , മുറ്റത്തു കൂടെ ഏറെ നേരം അമ്മ എന്നെ എടുത്ത് നടന്ന ശേഷമാണ് ആ സങ്കടവും കരച്ചിലും അല്പമൊന്ന് അടങ്ങിയത്.

അച്ഛൻ സ്ക്കൂളിൽ നിന്ന് വന്നപ്പോൾ വീണ്ടും സങ്കടം പൊട്ടി. വീടിൻ്റെ കിഴക്കു വശത്തെ പറമ്പിൽ ഒരു കൊച്ച് കൃഷിത്തോട്ടം അച്ഛനും അമ്മയും ഉണ്ടാക്കിയിരുന്നു. കയ്പ്പക്ക, വെണ്ട, തക്കാളി, മുളക്. സ്ക്കൂളിൽ നിന്ന് വന്ന ശേഷം അച്ഛനാണ് കൃഷി, വെള്ളം കോരി നനക്കുക. അമ്മക്ക് ഭാരമുളളത് എടുക്കാൻ വയ്യല്ലോ! അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുവാവ ഉണ്ടല്ലോ! 

വെള്ളം നനക്കുമ്പോൾ അച്ഛൻ്റെ കൂടെ ഞാനും നടക്കും. ഒരു കുഞ്ഞിപ്പാട്ട കൊണ്ട്  വെള്ളം ചെടികൾക്ക് കീഴെയൊഴിക്കാൻ. അച്ഛൻ അന്ന് എന്നോട് പറഞ്ഞു. "മോൻ നാളെ സ്ക്കൂളിൽ വരുന്നോ?"  

പകലത്തെ സങ്കടങ്ങത്തെല്ലാം ദൂരെ തെറിച്ചു പോയി. ഉം.. ഉം എന്ന് അത്യാഹ്ലാദത്തോടെ ഞാൻ തലയാട്ടി. അച്ഛൻ്റെ കൂടെ പലവട്ടം ഞാൻ സ്ക്കൂളിൽ പോയിരിക്കുന്നു! അവിടെ അച്ഛൻ്റെ സഹപ്രവർത്തകരുണ്ട്. ബാലകൃഷ്ണൻ മാഷ്, ജനാർദ്ദനൻ മാഷ്... എല്ലാരും ചോക്കുകഷണങ്ങളും മുട്ടായിയും തരും. അച്ഛൻ പഠിപ്പിക്കുന്ന ചേച്ചിമാർ മടിയിൽ ഇരുത്തും...

രാവിലെ കുളിച്ചൊരുങ്ങി അച്ഛനോടൊപ്പം പുറപ്പെട്ടു. സ്ക്കൂളിലേക്ക് ഇച്ചിരി ദൂരം നടക്കാനുണ്ട്. നാഷണൽ ഹൈവേ 17 ൻ്റ ഓരത്താണ് സ്ക്കൂൾ . റോഡിൻ്റെ പടിഞ്ഞാറ് വശത്ത് അഴിയൂർ ഗവ: ഫിഷറീസ് ഹൈസ്ക്കൂൾ. കിഴക്ക് വശത്ത് എൽ പി സ്ക്കൂൾ . 

എന്നെ അച്ഛൻ എൽ പി സ്ക്കൂളിലേക്കാണ് കൊണ്ടുപോയത്. ആദ്യമായാണ് ഞാനവിടെ ചെല്ലുന്നത്. മൂന്ന് നാല് മാഷമ്മാർ ഇരിക്കുന്ന ഒരു മുറിയിലേക്ക് ഞങ്ങൾ കടന്നു.

"ഹാ! മഷോ?" അച്ഛനെ കണ്ടതും എല്ലാ അദ്ധ്യാപകർക്കും സൗഹൃദം.   " ഇവനെ ഏങ്ങോട്ടാ കൂട്ടിയത്?"

തടിച്ച് കറുത്ത ഒരു മാഷ് ചോദിച്ചു. അദ്ദേഹത്തെ എന്തോ എനിക്ക് ഇഷ്ടമായില്ല. "ഏതായാലും അടുത്ത കൊല്ലം മുതൽ സ്ക്കൂളില് പോണ്ടോനല്ലേ! രണ്ട് ദിവസം ഇവ്ടെ ഇരിക്കട്ടെ!" അച്ഛൻ ചിരിയോടെ പറഞ്ഞു. ഞാൻ കിടുങ്ങി. അപ്പോൾ അച്ഛൻ്റെ സ്ക്കൂളിലെ സൗഭാഗ്യങ്ങളിലേക്കല്ല എന്നെ കൊണ്ടു വന്നിരിക്കുന്നത്.  ഇവിടെ കലപില കൂട്ടുന്ന കുട്ടികൾക്കിടയിൽ ഇരിക്കാനാണ് !

"അതിനെന്താ ... ഞങ്ങള് പാട്ടെല്ലാം പാടി ഇവിടങ്ങ് കൂടൂല്ലേ " തടിച്ച് കറുത്ത മാഷ് എന്നെ ചേർത്തു നിർത്തി. 

"മോന് പാട്ട് പാടാൻ അറിയൂ ലേ ?" മാഷ് ചോദിച്ചു.

അറിയാം എന്ന് ഞാൻ തലയാട്ടി. 

"എന്നാ പാട് , കേക്കട്ടെ" അച്ഛനെ പോലെ തന്നെ വെള്ളയും വെള്ളയുമിട്ട വേറൊരു മാഷ്, കൈ പിടിച്ചു.

"എന്താ പേര് " വേറൊരു മാഷ് ചോദിച്ചു.

"മോനൂട്ടി " ഞാൻ ശങ്കിച്ച് ശങ്കിച്ച് മറുപടി പറഞ്ഞ് അച്ഛൻ്റെ മുഖത്ത് നോക്കി.

"ന്നാ മാഷ് പോയ്ക്കോ, മോനൂട്ടീൻ്റെ കാര്യം ഞാള് നോക്കാം " കറുത്ത മാഷ്.

അച്ഛൻ , അമ്മ കുളിർക്കെ എണ്ണതേപ്പിച്ചിരുന്ന എൻ്റെ മൂർദ്ധാവിൽ ഒന്ന് തൊട്ടു. " അച്ഛൻ ഉച്ചക്ക് വരാം, കേട്ടോ!" 

എന്നിട്ട് മെല്ലെ പടിയിറങ്ങി സ്ക്കൂൾ മുറ്റത്തെ പഞ്ചാര മണലിലൂടെ ഹൈസ്ക്കൂൾ ലക്ഷ്യമാക്കി നടന്നു. അച്ഛൻ്റെ വെളുത്ത ഹവായ് ചെരിപ്പ് മണൽ തെറിപ്പിച്ച് തെറിപ്പിച്ച് നീങ്ങിപ്പോകുന്നത് ഞാൻ നോക്കി നിന്നു. കണ്ണ് നിറയുന്നുണ്ടോ?

കറുത്ത് തടിച്ച മാഷ് എന്നെ ഒരു ക്ലാസ് മുറിയിൽ കൊണ്ടു പോയിരുത്തി. അത്ഭുതത്തോടെ നോക്കുന്ന ആൺകുട്ടിക്കും പെൺകുട്ടികളും. അരോടും ഒന്നും പറയാനും ചിരിക്കാനും തോന്നിയില്ല.

ജാലകത്തിനടുത്തുള്ള ഒരു ബെഞ്ചിലാണ് ഞാനിരുന്നത്. ജാലകത്തിലൂടെ നോക്കിയാൽ ഹൈസ്ക്കൂൾ കാണാം. അച്ഛൻ അവിടെ ഉണ്ട്. 

റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ നോക്കിയിരുന്നു. അടുത്തിരിക്കുന്നവർ സ്ലേറ്റിൽ പെൻസിലു കൊണ്ട് ചിത്രം വരക്കുകയാണ്. ഒരാൾ ഒരു പൂവ് വരച്ച് എന്നെ കാണിച്ചു. 

എനിക്കൊരു താത്പര്യവും തോന്നിയില്ല. അച്ഛനെ കാണണം.  

ഞാൻ പതുക്കെ എഴുന്നേറ്റ് ക്ലാസിലെ മേശക്ക് പിറകിലിരിക്കുകയായിരുന്ന കറുത്തു തടിച്ച  മാഷിൻ്റെയരികിൽ ചെന്നു.

" അച്ഛനെ കാണണം" അത് പറഞ്ഞതും കരഞ്ഞു പോയി. "അയ്യേ .... ഇത്ര വല്യ കുട്ട്യേള് കരയ്യോ?

" അച്ഛനെ കാണണം"  ഞാൻ കരഞ്ഞുകൊണ്ട് ആവർത്തിച്ചു. 

മാഷ് എൻ്റെ കൈ പിടിച്ച് മറ്റ്  മാഷന്മാരുടെയൊപ്പം അദ്ദേഹം നേരത്തെ ഇരുന്നിരുന്ന മുറിയിലേക്ക് നടന്നു. അവിടെ വേറെയാരും ഉണ്ടായിരുന്നില്ല. മാഷ് ഒരു പാത്രം തുറന്ന് ഒരു കഷണം പലഹാരം, അടയായിരുന്നു എന്നാണെൻ്റെ ഓർമ്മ, എനിക്ക് നേരെ നീട്ടി. 

" വേണ്ട! അച്ചനെ കണ്ടാ മതി" ഞാൻ കരഞ്ഞ് കൊണ്ടിരുന്നു. " അച്ഛൻ ഇപ്പം വരൂലോ! " മാഷ് പറഞ്ഞു.

പെട്ടെന്ന് മണിയടിച്ചു. ബഹളം പൊങ്ങി.  മണൽ നിറഞ്ഞ മുറ്റത്തേക്ക്  കുട്ടികളെല്ലാം ഓടിയിറങ്ങി.  കലപില ! കളിക്കുന്നവർ.  വരാന്തയിൽ വെച്ചിരുന്ന വലിയപാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നവർ... 

വിശാലമായ സ്ക്കൂൾ മുറ്റത്തിൻ്റെ ഒരറ്റത്ത് പെട്ടെന്നൊരു കൂട്ടക്കരച്ചിൽ, ബഹളം. "മോനി വിടെ ഇരി" എന്ന് കറുത്ത തടിച്ച മാഷ് ധൃതിയിൽ പുറത്തേക്കിറങ്ങിപ്പോയി. ഇച്ചിരി നേരം കൂടികരഞ്ഞ ഞാൻ കരച്ചിൽ നിർത്തി. അച്ഛൻ എപ്പോഴാണാവോ വരിക ! 

ഒരു മണിയടികൂടി. എല്ലാരും ക്ലാസിലേക്ക് കയറുന്നു. നിശബ്ദത. മാഷ് തിരിച്ചെത്തിയിട്ടില്ല. അച്ഛൻ സ്ക്കൂൾ മുറ്റത്തിനും കറു കറുത്ത റോഡിനുമപ്പുറത്തുള്ള വെളുത്ത ആ വലിയ കെട്ടിടത്തിലുണ്ട്. 

മെല്ലെ വരാന്തയിലേക്ക് നടന്നു. ആരുമില്ല. പടിയിറങ്ങി അച്ഛൻ നടന്നു പോയ ദിക്കിലേക്ക് പൂഴി തെരിപ്പിച്ചു കൊണ്ട് കൊടും വെയിലിലൂടെ ഞാനോടി.  ചുട്ടുപൊള്ളുന്നു. കാലിനടിയിലെ പൂഴിയും തലയിൽ തേച്ച എണ്ണയിൽ കത്തി നിന്ന വെയിലും.

ഇടക്കിടെ തിരിഞ്ഞു നോക്കി ആരും പിറകെ വരുന്നില്ല. നിരാലംബത, നിസ്സഹായത ആദ്യമായി അറിയുകയായിരുന്നു. പൊട്ടിപ്പൊട്ടിക്കരഞ്ഞുകൊണ്ട് റോഡിന് നേരെ ഓടി. 

റോഡ് മുടിച്ച് കടക്കണം ഹൈസ്ക്കൂൾ എത്താൻ. റോഡിലേക്ക് കാലെടുത്തു വച്ചതും ഞെട്ടിപ്പോയി. ഒരു ഭീമൻ ലോറി ഇടത്തു നിന്ന് വലത്തോട്ട് കൊടും കാറ്റു പോലെ ചീറി പാഞ്ഞു പോയി. തുടരെ തുടരെ കുറേ കാറുകളും . ഞാൻ പിറകോട്ടു മാറിയതും വലതു വശത്തു നിന്ന് ഒരു ബസ്സ് എൻ്റെ അടുത്തായി ബ്രേക്കിട്ട് നിന്നു. 

അതാ, ബസ്സിൽ നിന്ന് ഇറങ്ങി വരുന്നു! അച്ഛൻ!  

ഓടി വന്ന് എൻ്റെയരികിൽ കുനിഞ്ഞു നിന്ന് എൻ്റെ മുഖത്തെ കണ്ണീര് തുടച്ചു കൊണ്ട് ചോദിച്ചു.

"എന്ത് പറ്റി മോനേ?"

"പേട്യാ വ്ന്നു് അച്ഛാ ..."  ഞാൻ കരഞ്ഞു. 
അച്ഛനെന്നെ വാരിയെടുത്തു. വെളുത്ത കൈലേസു കൊണ്ട് കണ്ണും മുഖവും തുടച്ചു. 

"പേടിക്കണ്ട! എൻ്റെ മോൻ പേടിക്കണ്ട !"

റോഡ് മുറിച്ച് കടന്ന് എന്നെയുമെടുത്ത് സ്ക്കൂളിലേക്ക് നടക്കവേ അച്ഛൻ പറഞ്ഞു കൊണ്ടിരുന്നു. 

"ഞാനാ നേരത്ത് അവിടെ എത്തീല്ലായിരുന്നെങ്കിൽ എൻ്റെ മോൻ....." അച്ഛൻ പിന്നീട് പലപ്പോഴും അമ്മയോട് പറഞ്ഞ് വിങ്ങുന്നത് ഞാൻ കേട്ടിട്ടുണ്ട് ...

1 comment:

  1. ഇങ്ങനെ അച്ഛനും അമ്മയും ഒരുമിച്ചുള്ള ബാല്യമൊന്നും എനിക്കുണ്ടായിരുന്നില്ല. അപ്പൂപ്പനും അമ്മൂമ്മയും ആയിരുന്നു എന്റെ കൂട്ടുകാർ. ഇതു വായിച്ചപ്പോൾ അക്കാര്യത്തിൽ അസൂയ ഉണ്ടേ.
    സുന്ദരവും സത്യസന്ധവുമായ എഴുത്ത്. എഴുത്തിൽ ഭാവിയുണ്ട്.

    ReplyDelete