Saturday, March 27, 2021

കൊപ്രയും തേൻ മുട്ടായിയും

മാർച്ച് മാസാവസാനം സ്ക്കൂൾ പൂട്ടുമ്പോഴാണ്, പതിവിൽ നിന്ന് മാറി  ദിവസങ്ങളിൽ പുതിയ പലതും  വന്നു കൂടുക. ഒഴിവു നാളുകളിലെ പ്രധാന ജോലികളിലൊന്ന് തേങ്ങ ഉണക്കുന്നതിന് കാവലിരിക്കലായിരുന്നു. 

ഇന്നത്തെപ്പോലെയല്ല.  കുറ്റ്യാടിയിനം തെങ്ങുകൾ ശരിക്കും കുറ്റ്യാടിയിനം തെങ്ങുകളായിരുന്നു അന്ന്. ധാരാളം തേങ്ങ . 

രണ്ടു തരം കൊപ്രകളാണ് കുറ്റ്യാടിയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും വടകരയിലും തലശ്ശേരിയിലും പിന്നെ കോഴിക്കോട്ടുമുളള അങ്ങാടികളിൽ എത്തിയിരുന്നത്.  'ബോഡ' എന്നു വിളിപ്പേരുള്ള ഉണ്ട കൊപ്ര. പിന്നെ, സാധാരണ കൊപ്രയും. ഉണ്ട കൊപ്ര ഉണ്ടാക്കുകയല്ല ഉണ്ടാവുകയാണ്. പച്ചത്തേങ്ങ, വീട്ടിൽ അടുക്കളയുടെ ഭാഗത്തെ മച്ചിനു മുകളിൽ സംഭരിക്കും. പുകയും ചൂടുമേൽക്കുകയാൽ തേങ്ങകൾ മുള പൊട്ടാതെ, വെള്ളം വറ്റി ഉണങ്ങി ഉണങ്ങി 'ബോഡ' യായി മാറും. ബോഡയായോ എന്നറിയാൻ തേങ്ങ കുലുക്കി നോക്കിയാൽ മതി. കട കട ശബ്ദം കേട്ടാൽ അകത്ത് ഉണ്ട റെഡിയായി എന്നർത്ഥം. പിന്നെ തേങ്ങകളെല്ലാം പുറത്തെടുക്കുകയായി. പാരക്കാർ പൊതിച്ചിട്ട തേങ്ങ വെട്ടി ബോഡപുറത്തെടുക്കുക കുഞ്ഞിരാമേട്ടനാണ് . വെട്ടുമ്പോൾ അകത്തെ ബോഡക്ക് പരുക്കു പറ്റാതിരിക്കാൻ ഏറെ ശ്രദ്ധിക്കണം.  ബോഡകൾ മുഴുവൻ പുറത്തെടുത്തു കഴിയുമ്പോൾ അവ ചാക്കുകളിലാക്കി തുന്നിക്കെട്ടിവെക്കും. സ്ക്കൂളും, പിന്നെ പതിവായുള്ള കുറ്റ്യാടിയാത്രയും കഴിഞ്ഞ് തിരിച്ചെത്തിയാൽ കെട്ടിവച്ച ചാക്കുകൾക്കു മേൽ അച്ഛൻ ഐഡൻറിഫിക്കേഷൻ മാർക്ക് എഴുതിച്ചേർക്കുകയായി. SM6. എല്ലാ ചാക്കിലും അതു തന്നെയാണെഴുതുക. 

അന്നൊക്കെ, പേരാമ്പ്രയിൽ നിന്നു തുടങ്ങി, കുറ്റ്യാടി, വില്യാപ്പളളി, വടകര വഴി കണ്ണൂരു പോകുന്ന  പച്ച നിറമുള്ള ഒരു പ്രകാശ് ബസ്സുണ്ടായിരുന്നു. ചെറിയ കുമ്പളത്തങ്ങാടിയിൽ 8:05 ആകുമ്പോഴേക്ക് എത്തും. തലച്ചുമടായി കുമ്പളത്തെത്തിക്കുന്ന ചാക്കുകൾ പ്രകാശ് ബസ്സിനു മുകളിൽ കയറ്റി , വടകര , വില്യാപ്പള്ളി റോഡിലെ പാണ്ടിക ശാലകൾക്ക് സമീപം ഇറക്കും.

ഉണ്ടക്കൊപ്രയിൽ നിന്ന് വ്യത്യസ്തമായി പച്ചത്തേങ്ങ വെട്ടി ഉണക്കിയാണ് സാധാരണ കൊപ്ര ഉണ്ടാക്കുന്നത്.  തേങ്ങ വെട്ടിക്കഴിഞ്ഞ് പറമ്പിൽ ഏറ്റവും വെയിലുള്ള ഭാഗത്താണ് പായ വിരിച്ച് ഉണക്കാൻ വെക്കുക. വീട്ടിൽ നിന്ന് നോക്കിയാൽ കാഴ്ചയെത്തില്ല. അതു കൊണ്ടു തന്നെ തേങ്ങയുണക്കുന്നിടത്ത് ആൾ വേണം. ആ ആളായിരുന്നു ഞാൻ.

പുസ്തകവും മറ്റുമായാണ് കാവലിന് പുറപ്പെടുകയെങ്കിലും വായനയൊന്നും നടക്കാറില്ല. വെയിലിൻ്റെ ചൂടും ഉണങ്ങുന്ന തേങ്ങയുടെ എണ്ണമയമുള്ള മണവും ഒരു പാതി മയക്കത്തിലേക്ക് എന്നെ പിടിച്ചു കൊണ്ടു പോകും.  അതിലൂടെ മനോരാജ്യത്തിലെ കടലായ കടലു മുഴുവൻ തുഴഞ്ഞു പോവുകയായി. 

ഉണങ്ങി പാകമായ കൊപ്ര ചാക്കിൽ നിറച്ച്, നമ്പരിട്ട് പ്രകാശ് ബസ്സിൽ വടകരക്ക്. അപ്പോഴേക്കും പാതി ഉണങ്ങി പരുവമായ ഞാനും അച്ഛൻ്റെ കൂടെ വടകരക്ക് പോകും.

അങ്ങനെ പോയ ഒരു ദിവസമാണ് ആ വലിയ രഹസ്യം അച്ഛനിൽ നിന്ന് ഞാനറിഞ്ഞത്. വടകരയിൽ കൊപ്ര പാണ്ടികശാലകൾ ധാരാളമുള്ള  സ്ഥലത്തിൻ്റെ പേര് അടക്കാത്തെരു എന്നാണ്. കൊപ്ര വിറ്റ് പാണ്ടികശാലകൾക്കടുത്തുള്ള ചായപ്പീടികയിൽ നിന്ന് പുട്ടും മീൻ കറിയും ചായയും കഴിച്ച് അച്ഛൻ്റെ കൂടെ ഞാൻ പഴയ ബസ് സ്റ്റാൻ്റിലേക്ക് നടക്കുകയായിരുന്നു. അടക്കാത്തെരുവിൽ നിന്ന് ബസ് സ്റ്റാൻ്റിലേക്ക് ഒരു കിലോമീറ്ററുണ്ട്.  നടക്കുന്നതിനിടെ ഇടതു വശത്ത് അടക്കാത്തെരു പോസ്റ്റ് ഓഫീസ് . ആ ബോർഡ് കണ്ടപ്പോൾ ഏറെ നാൾ ഉള്ളിൽ വച്ച ചോദ്യം ഞാൻ അച്ഛനോട് ചോദിച്ചു. "അച്ഛാ ! അടക്കയും കൊപ്രയുമെല്ലാം വില്ക്കുന്ന തെരുവായ തുകൊണ്ടാണോ അടക്കാത്തെരു ?" 

അച്ഛൻ ഉറക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു. "ഇവിടെ പണ്ടുകാലത്ത് ഒരു പാട് കച്ചവടം നടക്കുമായിരുന്നു. പാണ്ട്യാല ക്കാർക്ക് കട അടക്കാൻ കഴിയാത്തത്ര തെരക്ക്. അടക്കാത്ത തെരു. അതാണ് അടക്കാത്തെരു ! അതൊരു പുതിയ അറിവായിരുന്നു. 

കൊപ്ര ഉണക്കിയും, കുറ്റ്യാടിപ്പുഴയിലെ പഞ്ചാര മണലിൽ പോയിരുന്നും, പുഴത്തീരത്തു കൂടെ തോട്ടത്താംകണ്ടിവരെ  നീണ്ടുപോയിരുന്ന ഒറ്റയടിപ്പാതയിലൂടെ കാപ്പിപ്പൂവിൻ്റെ മണമറിഞ്ഞ് വെയിലത്ത് നടന്നും അഴിയൂരിലേക്ക് വിരുന്നു പോയുമാണ് എൻ്റെ  മധ്യവേനലവധി  ദിനങ്ങൾ കഴിയുക. 

കൂട്ടുകാരുടെ  പ്രധാന പരിപാടി പീടികക്കച്ചവടമായിരുന്നു. ഞാൻ കച്ചവടം ചെയ്യാറില്ല. എന്നാൽ വിദഗ്ദ്ധർ  കച്ചവടം ചെയ്യുന്നിടത്ത് ഞാൻ ചെന്നിരിക്കാറുണ്ടായിരുന്നു. രാമചന്ദ്രൻ , അന്ത്രു , ശശി എന്നിവരായിരുന്നു ആ വിദഗ്ദ്ധർ. 

ശശി ഈ കലാ പരിപാടി വളരെ നേരത്തെ തുടങ്ങിയിരുന്നു. അതായത് അഞ്ചിലോ ആറിലോ  പഠിക്കുമ്പോൾ തന്നെ. 

ശശിയുടെ പീടിക വളരെ വിചിത്രമായ ഒന്നായിരുന്നു. ഒരു മരത്തണലിൽ കുത്തനെ കുത്തി നിർത്തിയ രണ്ട് കമ്പുകൾക്ക് മുകളിൽ വിലങ്ങനെ കെട്ടിയ മറ്റൊരു കമ്പ്. അതിൽ പ്ലാസ്റ്റിക് സഞ്ചികളിൽ പലതരം മുട്ടായികൾ തൂക്കിയിട്ടിരിക്കും. തേൻ മുട്ടായി, ധൈര്യം മുട്ടായി, നാണയമുട്ടായി, ഗ്യാസ് മുട്ടായി പിന്നെ ചെറിയ പ്ലാസ്റ്റിക് കവറുകളിൽ കാർഡ് ബോർഡിൽ പിൻചെയ്ത് വച്ചിരിക്കുന്ന അച്ചാറുകൾ, ഒരു പാക്കറ്റ് സിസേഴ്സ് സിഗരറ്റ്, ബീഡി, തീപ്പെട്ടി, ഉപ്പിലിട്ട നെല്ലിക്ക മുതലായവയായിരുന്നു കച്ചവട സാധനങ്ങൾ . ഇവക്ക് പിറകിൽ കല്ലുകൾ അടുക്കി അതിന് കുറുകെ വച്ച പലകപ്പുറത്ത് ശശി മുതലാളി!

മുട്ടായിക്കും അച്ചാറിനും മറ്റും വില പണമായിത്തന്നെ കൊടുക്കണമെന്നില്ല. കശുവണ്ടി യായോ അടക്കയായോ കൊടുത്താലും മതി. രണ്ട് കശുവണ്ടി അല്ലെങ്കിൽ മൂന്നടക്ക സമം ഒരു മുട്ടായി എന്നതായിരുന്നു കണക്ക്. പണത്തേക്കാൾ ശശിക്ക് താത്പര്യം ഈ ബാർട്ടർ സിസ്റ്റത്തിലായിരുന്നു. 

ശശിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുട്ടായി ധൈര്യം മുട്ടായി ആയിരുന്നു. എനിക്ക് തേൻ മുട്ടായിയും. രണ്ടിനും അഞ്ചു പൈസയായിരുന്നു വില. കറു കറുത്ത വെല്ലമുരുക്കി പ്രത്യേകിച്ച് ഒരു ആകൃതിയുമില്ലാതെ പ്ലാസ്റ്റിക്ക് കടലാസിൽ പൊതിഞ്ഞതായിരുന്നു ധൈര്യം മുട്ടായി. ചവക്കുമ്പോൾ പല്ലിൽ പറ്റിപ്പിടിക്കും. അലിയിച്ചു തന്നെ കഴിക്കണം. തേൻ മുട്ടായി മാന്യനായിരുന്നു. ചുവന്ന ചെറു മൃദുഗോളം. ചവച്ചേ തിന്നാൻ കഴിയൂ. ഒന്നാമത്തെ കടിയിൽ വായ മുഴുവൻ പൊട്ടിപ്പരക്കുന്ന പഞ്ചാര മധുരം.

അതികാലത്തു തന്നെ കച്ചവടം തുടങ്ങുകയായി. സ്ക്കൂൾ അവധിയാണെങ്കിലും മദ്രസക്ക് അവധിയില്ലല്ലോ! മദ്രസ വിട്ടുവരുന്ന കൂട്ടുകാരാണ് രാവിലത്തെ കച്ചവടത്തിൻ്റെ പ്രധാന ടാർഗറ്റ്.

ഒരു നാൾ മദ്രസ വിടുന്ന സമയത്ത് ഞാനും ശശിയുടെ പീടികക്കടുത്തുണ്ടായിരുന്നു. കുഞ്ഞിരാമമ്മാമൻ്റെ പീടികയിൽ നിന്ന് ഉപ്പ് വാങ്ങി വരുന്ന വഴി. അമ്മ തന്ന പൈസയിൽ ഉപ്പു വാങ്ങി ബാക്കി വന്ന കാശ് തേൻ മുട്ടായിയായി എൻ്റെ വായയിലും കീശയിലും കിടപ്പുണ്ടായിരുന്നു.

അത്തറിൻ്റെ മണമുള്ള കൂട്ടുകാർ ഒറ്റക്കും കൂട്ടമായും വന്നു കൊണ്ടിരുന്നു. പീടികക്ക് മുന്നിലെത്തി പലരും വെറുതെ നോക്കിക്കൊണ്ടു നിന്നു. ചിലർ മുട്ടായികൾ വാങ്ങി. നാണയത്തുട്ടുകളും കശുവണ്ടിയും അടക്കയും എണ്ണി ശശി മാറ്റിവെച്ചു കൊണ്ടിരുന്നു. പ്ലാസ്റ്റിക്ക് കൂട്ടയിൽ നിന്ന് മുട്ടായി എടുത്ത് കൊടുക്കുകയും. 

ഓരോ മുട്ടായി കൊടുക്കുമ്പോഴും ശശിയുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. കൂട്ടുകാർ വർണ്ണത്തുണിയിൽ പൊതിഞ്ഞ ഖുർആൻ മുസ്വ്ഹഫുമായി പീടികയുടെ മുന്നിൽത്തന്നെ നിന്ന് മുട്ടായികൾ നുണഞ്ഞു തുടങ്ങി.

ശശിയുടെ മുഖം വല്ലാതെയായി. കൈ ധൈര്യം മുട്ടായിയുടെ പ്ലാസ്റ്റിക്ക് കൂട്ടിലേക്ക് നീണ്ടു. പെട്ടെന്നു തന്നെ പിൻവലിഞ്ഞു. രണ്ടു തവണ ഇതാവർത്തിച്ചു. പിന്നെ മുന്നിൽ നിൽക്കുന്നവരോട് ദീന സ്വരത്തിൽ പറഞ്ഞു. 

"എനക്കും ഒരു മുട്ടായി വാങ്ങിത്താടാ! എൻ്റേട്ത്ത് പൈശ ഇല്ലാത്തോണ്ടല്ലേ ?"

No comments:

Post a Comment