ഏറ്റവും ശക്തമായ ആത്മീയാനുഭവം എന്തായിരുന്നു?
ഒരു പനിയായിത്തുടങ്ങി, കൊറോണയെന്ന ആധി രോഗത്തിൽ പിടഞ്ഞ ആദ്യ ദിവസങ്ങളിൽ പാതിയുറക്കത്തിൽ മുറിഞ്ഞു മുറിഞ്ഞുപോയ സ്വപ്നങ്ങളിലെപ്പോഴോ ആവർത്തിച്ചാവർത്തിച്ച് ആരോ ഉള്ളിൽ നിന്ന് ചോദിച്ചു കൊണ്ടിരുന്ന ചോദ്യം.
അസ്ഥാനത്തായിരുന്നില്ല ആ ചോദ്യം. സാധാരണ ദിനചര്യകളിൽ നിന്ന് മാറി എനിക്കു മാത്രമായി കിട്ടിയ 21 ദിനരാത്രങ്ങൾ.
ലതയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾ. മറ്റാർക്കും വരല്ലേയെന്ന പ്രാർത്ഥന. ഉന്മേഷം തോനുന്ന വേളകളിൽ കൂട്ടിന് പി.കെ. ബാല കൃഷ്ണൻ സാറിൻ്റെ ഇനി ഞാനുറങ്ങട്ടെയുടെ മൂന്നാമത് വായന. മൊബൈലിൽ ലോക സിനിമ.
വാട്സപ്പിൽ സഹകൊറോണിയൻമാരുടെ കൂട്ടായ്മ. ജഗന്നിയുടെ, സലാമിൻ്റെ, ഷാജിയുടെ ഹസീനയുടെ വിളികൾ. ബാലകൃഷ്ണേട്ടൻ്റെ ആശ്വാസവാക്കുകൾ.
പ്രിയരായ ചുരുക്കം ചില കൂട്ടുകാരുടെ ദിവസേനയുള്ള അന്വേഷണങ്ങൾ.
വ്യാധി തിരിച്ചറിഞ്ഞ നാളിലായിരുന്നു ഏറ്റവും വലിയ ആധി. ഉറക്കം തീണ്ടാത്ത രാത്രി. ഒന്നു മയങ്ങിയപ്പോൾ ഞാൻ എൻ്റെ പ്രിയപ്പെട്ട ആക്ടീവയിലേറി തീപ്പറക്കുന്ന വെയിലത്ത് എങ്ങോട്ടോ പോവുകയാണ്. സ്കൂട്ടർ നിർത്തി കയറിയത് കോഴിക്കോട് കലക്ടറേറ്റിലേക്ക്. അവിടത്തെ ഇടനാഴിയിൽ ഘോഷേട്ടനും മീനച്ചേച്ചിയും എന്നത്തേയും പോലെ പ്രിയമൊഴുകുന്ന ചിരി പൊഴിച്ചു കൊണ്ട് നിൽക്കുന്നു. ഇടനാഴിയുടെ മറ്റേയറ്റത്ത് ബിജുവുമുണ്ട് . സഗൗരവം ഒരു പൂമ്പാറ്റയെ നോക്കി നിൽക്കുകയാണ്.
ബിജുവിനെ ഞാൻ കെട്ടിപ്പിടിച്ചു. ഘോഷേട്ടനേയും. മീനച്ചേച്ചിക്ക് ഹസ്തദാനം. പെട്ടെന്ന് പല ചോദ്യങ്ങൾ പൊന്തി. ഇവർക്കൊക്കെ ഞാൻ രോഗം പകർത്തിയില്ലേ? എന്നെ ആരാണ് ഞങ്ങളുടെ ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവദിച്ചത്? ഞാൻ ക്വാറൻറീനിലല്ലേ? ഞാൻ വെയിലിലേക്ക് തിരിച്ചോടി. സ്ക്കൂട്ടർ സ്റ്റാർട്ട് ചെയ്ത് ഒരു കനാലിൻ്റെ വക്കിലൂടെ വീട്ടിലേക്ക്. അന്നേരം യാഥാർത്ഥ്യം പോലെ സുവ്യക്തമായ സ്വപ്നത്തിനിടക്ക് ഞാൻ എന്നോടു തന്നെ പറഞ്ഞു. "ഇത് ഞാൻ സ്വപ്നം കാണുന്നതാണ്" കനാലിനു മുകളിലെ പാലത്തിലേക്ക് സ്ക്കൂട്ടർ കയറി. കൈവരിയിൽ സ്വർണ്ണവർണ്ണമുള്ള ഒരു വാനരൻ. അവൻ്റെ ഉയർത്തിപ്പിടിച്ച മെലിഞ്ഞ വാലിന് അസാമാന്യമായ നീളം. അത് മേഘങ്ങളെ തൊടുന്നുണ്ട്. കാലുകൾക്കുമുണ്ട് നീളം. വാലിൻ്റെയത്രയ്ക്കില്ലെന്നുമാത്രം. അരുമയായ കുഞ്ഞു മുഖം. ഉണ്ടക്കണ്ണുകൾ. ഉണ്ടക്കണ്ണുരുട്ടി അവനെന്നോട് ചിരിച്ചു. വല്ലാത്തൊരു ചിരി..
വാനര ദർശനത്തിനും, "ഞാൻ പറഞ്ഞില്ലെ ഇത് സ്വപ്നമാണെന്ന് " എന്ന സ്വഗതത്തോടുമൊപ്പം സ്വപ്നം മുറിയുന്നതിനിടക്കാണ് ആ ചോദ്യം മുഴങ്ങിയത്. "എനിക്കുണ്ടായ ഏറ്റവും ശക്തമായ ആത്മീയാനുഭവം എന്തായിരുന്നു ?"
എണ്ണമില്ലാത്ത സ്വപ്നങ്ങൾ! ഒന്നും ഓർമ്മയില്ല. ഇരുപത് നാൾ കഴിഞ്ഞ്, സ്വസ്ഥമായിരിക്കുന്ന ഇന്നും ആ ചോദ്യം പക്ഷെ മുത്തുച്ചിപ്പിയിൽ പെട്ട മണൽത്തരിപോലെ ...
എന്നായിരുന്നു ആദ്യാനുഭവം എന്നൊരു ഉപചോദ്യം ഇപ്പോൾ ബോധമനസ്സ് ഉയർത്തുന്നു.
ഒരു സംഭവം ഓർമയുണ്ട്. ഒമ്പതാം ക്ലാസ് കഴിഞ്ഞ് പത്തിലേക്ക് ജയിച്ച വലിയ അവധി. ഞങ്ങളുടെ വീട്ടിൽ അന്ന് കുളിമുറി കിണറോട് ചേർന്നായിരുന്നു. കുളി'മുറി' എന്ന് പറയാൻ പറ്റില്ല. ഓലകൊണ്ട് കെട്ടിമറച്ച ഒരു ചെറിയ കുളിപ്പുര. അമ്മ ഓടിനടന്ന് ജോലി ചെയ്ത് കുളിക്കാൻ സന്ധ്യ കഴിയുന്ന ദിവസങ്ങളിൽ മുറ്റത്തിൻ്റെ അങ്ങേയറ്റത്തെ ഒളോർമാവിൻ്റെ വേരിനുമുകളിൽ ഞാൻ അമ്മ കുളിച്ചു കഴിയുന്നതുവരെ ഇരിക്കും. അങ്ങനെ നിലാവുദിച്ചു തുടങ്ങിയ ഒരു സന്ധ്യയിൽ മാവിനു താഴെ വീടുപണിക്ക് കൊണ്ടുവന്ന പൂഴിയിൽ ഞാൻ ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു. കണ്ണടക്കണമെന്ന് തോന്നി. കൈ മടിയിൽ വച്ചു. കുറേ നേരമിരുന്നിട്ടുണ്ടാവണം. അമ്മ കുളി കഴിഞ്ഞതും വീട്ടിലേക്ക് കയറിപ്പോയതുമൊന്നും ഞാനറിഞ്ഞില്ല. മേത്ത് ആരോ വന് മുട്ടിയപ്പോഴാണ് പരിസരബോധമുണ്ടായത്. ഞങ്ങളുടെയും ശശിയുടേയും വീട്ടിൽ പൊതുവായി വളർന്ന നായ, ടോമി . അവൻ പൂഴിയുടെ ചൂടിൽ എന്നെത്തൊട്ട് ചുരുണ്ടുകൂടി കടക്കുന്നു. ധ്യാനത്തിൻ്റെ ആദ്യാനുഭവം ഇതായിരുന്നിരിക്കണം. ചുമ്മായിരിക്കലിൻ്റെ സുഖം. മനമുരുകിയില്ലാതാവുന്ന ശൂന്യാവസ്ഥ. അതിനു ശേഷം പല തവണ അങ്ങനെയൊന്നുണ്ടാവാൻ അതേ പോലെ ഇരുന്നു നോക്കിയിട്ടുണ്ട്. കിട്ടിയിട്ടില്ല.
പ്രീഡിഗ്രിക്കാലത്ത് തുടങ്ങിയ പുതിയ ചിന്തകൾ, പുതിയ കൂട്ട്, ശാസ്ത്രസാഹിത്യ പരിഷത്, മാഹിക്കോളേജിലെ കെ.വി.എസ്. , ധ്യാനത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമേ കിട്ടിയില്ല.
കോളേജ് കഴിഞ്ഞ് കണക്കപ്പിള്ള വേഷം ആടിത്തിമിർക്കുന്ന നാളുകളിലാണ് ഓഷോയെ കിട്ടിയത്. ഓഷോയുമായുള്ള കൂട്ട് ഇന്നും തുടരുന്നു. പിന്നീട് രമണ മഹർഷി, ജിദ്ദു കൃഷ്ണമൂർത്തി, നിസർഗ്ഗദത്ത മഹാരാജ്, ജി. ബാലകൃഷ്ണൻ നായർ, നാരായണ ഗുരുസ്വാമി....
എത്രയെത്ര അലച്ചിലുകൾ.. ഇന്നും തൃപ്തിയാകാതെ.
'മദ്യ വ്യാപാരിക്ക് കണക്കെഴുതിക്കൊടുക്കുന്നതിനേക്കാൾ ദുരന്തം ജീവിതത്തിൽ സംഭവിക്കാനില്ല. കണക്ക് പുസ്തകം തിരികെക്കൊടുത്ത് ഫേൺ ഹില്ലിലേക്ക് വരിക. ജീവിതത്തിൻ്റെ ഉള്ളറകൾ തൊട്ടറിയാൻ' ഗുരു നിത്യചൈതന്യയതി വെള്ളക്കടലാസിൽ കുനുകുനേ എഴുതിയ കറുത്ത അക്ഷരത്തിൽ ക്ഷണിച്ചത് 93 ലാണ്. പോയില്ല. പോയിരുന്നെങ്കിൽ ഒരു പക്ഷെ എൻ്റെ ജീവിതം വേറൊന്നായേനേ!
ഏറ്റവും ശക്തമായ അനുഭവത്തെ ക്കുറിച്ചാണ് പറഞ്ഞു വന്നത്. 1994ലെ ഡിസംബർ. ക്രിസ്മസ് വരുന്നു. ഞങ്ങളുടെ കമ്പനി ഡിസ്ട്രിബ്യൂട്ടറായിട്ടുള്ള ഒരു സ്സിറ്റിലറിയുടെ വളരെ ഡിമാൻറുള്ള ഒരു വിസ്കി ബ്രാൻറ് പാലക്കാട് മീനാക്ഷീപുരത്ത് നിന്ന് നിർമ്മാണം ആരംഭിക്കുന്നു. എത്ര ലോഡ് വന്നാലും നിമിഷ നേരം കൊണ്ട് തീർന്നു പോകുന്ന ചൂടപ്പം. അതിൻ്റെ മൂന്നു് വലിയ ട്രെക്ക് ലോഡ് രണ്ട് ദിവസത്തിനുള്ളിൽ മാഹിയിൽ എത്തണം. അതിനുള്ള പെർമിറ്റും മറ്റു പേപ്പറുകളുമായി ഞാൻ പാലക്കാട്ടേക്ക് തിരിക്കുന്നു. രാത്രി പതിനൊന്നരയോടെ പാലക്കാടെത്തി . പല ലോഡ്ജുകളിലും തിരക്കി. എവിടെയും മുറി ഒഴിവില്ല. പാലക്കാട് നഗരത്തിൽ അന്ന് എന്തോ പരിപാടി നടക്കുന്നുണ്ട്. ഏതോ പാർട്ടിയുടെ സമ്മേളനമാണെന്നാണോർമ്മ. എല്ലായിടത്തും ജനം. വെളിച്ചം.
താമസിക്കാനൊരിടമന്വേഷിച്ച് ഞാൻ ടൗണിൽ അങ്ങോളമിങ്ങോളം നടന്നു. എവിടെയുമില്ല. ബസ്റ്റാൻ്റിൽ ചെന്നിരിക്കാമെന്ന് കരുതി. അവിടെയും ജനത്തിരക്ക്. ഒന്നും ചെയ്യാൻ വയ്യ. വിശക്കുന്നുണ്ട്. ഒരു പെട്ടിക്കടയിൽ നിന്ന് ദോശ കഴിച്ചു. വീണ്ടും നടപ്പ്. സമയം ഒരു മണിയായി...രണ്ടായി... മൂന്നായി. മൂന്നര മണിയായപ്പോൾ കറങ്ങിത്തിരിഞ്ഞ് വീണ്ടും ബസ്റ്റാൻ്റിലെത്തി . ഒരു ബെഞ്ചിലിരുന്നു. അല്പനേരം ഉറങ്ങിയെന്നു് തോന്നുന്നു. കായത്തിൻ്റെ രൂക്ഷഗന്ധം. രാവിലത്തെ ബസ്സിൽ കൊണ്ടുപോകാനുള്ള സാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. അതിൽ നിന്നാണ്. അവിടെ ഇരിക്കാനാവാതെ എണീറ്റു. വീണ്ടും നഗരപ്രദക്ഷിണം.
ആളും കോളുമൊഴിഞ്ഞ് നഗരം വിജനമായിരിക്കുന്നു. മുദ്രാവാക്യം വിളിച്ച അണികളും കേട്ട് പുളകമണിഞ്ഞ നേതൃനിരയും നഗരസത്രങ്ങളെല്ലാം കയ്യേറി കൂർക്കം വലിച്ചുറങ്ങി. ഞാൻ മാത്രം ഒരു സൂട് കേസും തൂക്കി വിജയന പാതകളിലൂടെ കൺപോളകളിൽ ഉറക്കത്തിൻ്റെ ഭാരവും പേറി നടന്നു.
നഗരത്തിൻ്റെ വിദൂരമായ ഭാഗത്ത് ഞാനെത്തിപ്പെട്ടു. തെരുവു വിളക്കുകൾ പോലുമില്ല. കനത്തഇരുട്ട്. എവിടെയോ ഒരൊറ്റക്കിളി പ്രഭാതമടുക്കാറായെന്ന് കൂകി. തണുത്ത കാറ്റ്. എനിക്ക് അല്പമൊരുൻമേഷമൊക്കെ തോന്നി.
പെട്ടെന്ന് ഇരുട്ടിൽ പൊട്ടിവീണ നിലാവിൻ്റെ വെള്ളി വെളിച്ചം പോലെ അടുത്ത്, തൊട്ടടുത്ത് ബാങ്ക് വിളി മുഴങ്ങി.
"അല്ലാഹു അക്ബർ അല്ലാഹു അക്ബർ
അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്"
അലൗകിക സൗന്ദര്യമുള്ള ശബ്ദം. സംഗീതാത്മകമായ ആലാപനം.
"അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്
ഹയ്യ അലസ്സലാത്ത്
ഹയ്യ അലൽ ഫലാഹ്"
തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഉടലാകെ കിടുകിടക്കുന്നുണ്ട്. ഉള്ളിൽ തണുപ്പിൻ്റെ നറുനിലാപ്പാലാഴി നിറഞ്ഞൊഴുകും പോലെ. തല മുതൽ കാൽ വിരൽ വരെ ഉഷ്മള നിലാവ് നിറഞ്ഞു പരക്കുന്നു. എൻ്റെ കാലുകളിടറി. കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്നുണ്ട്. ഞാൻ കരയുകയല്ല. അതിരില്ലാത്ത ആനന്ദം.
"അസ്സലാത്തു ഖയ്റും മിനൻനൗം"
എൻ്റെ കയ്യിൽ നിന്ന് സൂട് കേസ് നിലത്തു വീണു. ഞാൻ താറിട്ട റോഡിൽ മുട്ടുകുത്തി വീണ് മുകളിലേക്ക് കൈകളുയർത്തി. വെളിച്ചം. സർവത്ര വെളിച്ചം. ഞാനുറക്കെ വിളിച്ചു പറഞ്ഞു.
"പൂർണ്ണമായ ഈ വിളിയുടേയും നിലനിർത്തപ്പെടുന്ന ഈ പ്രാർത്ഥനയുടേയും നാഥനായ ദൈവമേ... ഉറക്കത്തിലേയും ഉണർ വിലേയും അറിവിൻ്റെ നാഥാ എനിക്കിത് താങ്ങാൻ വയ്യ..."
വെളിച്ചം മഞ്ഞുരുകുംപോലെ മെല്ലെ ഇരുളിലേക്കലിഞ്ഞൊഴുകി മറഞ്ഞു. തണുത്ത കാറ്റ് മുഖത്തേക്ക് വീശി.
എത്ര നേരം ആറോഡിൽ, തണുത്ത പ്രഭാതത്തിൽ ഞാൻ മുട്ടുകുത്തിയിരുന്ന് കരഞ്ഞെ ന്നറിയില്ല ..
ഒരു പക്ഷെ ഉറക്കമില്ലായ്മയുടെ മായക്കളിയായിരുന്നിരിക്കാം.
പക്ഷെ ഞാൻ കരുതുന്നത്, അതൊരു അനർഘ നിമിഷമായിരുന്നെന്നാണ്. വർഷങ്ങളെത്ര കഴിഞ്ഞു. ഇന്നുമാഓർമ എൻ്റെ കണ്ണ് നനയിക്കുന്നുണ്ട്.
No comments:
Post a Comment