Sunday, May 9, 2021

ഞാവൽപ്പഴം

ഞാവൽപ്പഴം

ഒരു വൈകുന്നേരം മെറൈൻ ഡ്രൈവിലെ നടപ്പാതയുടെ ഓരത്തെ  ഇരുമ്പ് ബെഞ്ചിലിരുന്ന് മുകുന്ദൻ മരിക്കുമ്പോൾ അയാളുടെ അരികിൽ ഓഫീസ് ബാഗിന് പുറമെ പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞ കുറച്ച് ഞാവൽ പഴങ്ങളുമുണ്ടായിരുന്നു.


ഓഫീസിൽ നിന്നിറങ്ങിയാൽ അൽപ്പനേരം  കായൽക്കാറ്റേറ്റ് നടപ്പാതയുടെ ഓരത്ത് വെറുതെയിരിക്കുന്നത് അയാളുടെ കുഞ്ഞുകുഞ്ഞിഷ്ടങ്ങളിൽ ആദ്യത്തേതായിരുന്നല്ലോ!


നടപ്പാതയിലേക്കുള്ള വഴിയിൽ വിൽപ്പനക്ക് വച്ചിരുന്ന  ഞാവൽപ്പഴം മഞ്ഞനിറമുള്ള ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടി വാങ്ങിയത്,  കറുത്ത ഓഫിസ് ബാഗോടൊപ്പം  ബെഞ്ചിൽ വച്ച് സ്വതന്ത്രനായി, കപ്പലണ്ടിപ്പൊതി മെല്ലെത്തുറന്ന്, ഒരെണ്ണമെടുത്ത് വായിലേക്കെറിഞ്ഞ്  പാർഷ്യൽ ഡെൻചറിൻ്റെ മൂന്നാമത്തെ പല്ലിൽ വച്ച് ചവച്ചാസ്വദിച്ച്, കണ്ണടച്ച്, ഒരു  കവിത ഈണത്തിൽ മൂളി കാറ്റു കൊണ്ടിരിക്കവേ, നനുത്ത പൂമ്പാറ്റച്ചിറകടിയൊച്ച കേട്ടപോലെ അയാൾക്ക് തോന്നി. പിന്നെപ്പിന്നെ മഞ്ഞിൻ കട്ടകൾ നിറച്ച ഒരു വലിയ ഭരണിയിലേക്ക് താൻ ഊർന്നൂർന്നു പോകുന്നതായും.  സുഖം തിങ്ങിയ തണുപ്പു മാത്രം..  


കായൽക്കാറ്റ് തഴുകി വന്നത്, പ്രണയാർദ്രമായ ഒരു ലളിതഗാനം പോലെ അയാളെ മൂടിപ്പൊതിഞ്ഞു. ദൂരെ ഒരു ബോട്ട് വേവലാതികളുടെ ആൾക്കൂട്ടവും നിറച്ച് ഏതോ കരയിലേക്ക്  കിതച്ചു നീന്തിയത്, മെല്ലെ മെല്ലെ മിടിപ്പകലുന്ന  അയളുടെ ഹൃദയത്തിന്റെ പതിഞ്ഞ താളമായി. മുന്നിലൂടെ കുണുങ്ങി നടന്ന യുവതി, മൊബൈൽ ഫോണിൽ  കൊഞ്ചിപ്പറഞ്ഞത്, കണ്ണുകളിൽ കനം തൂങ്ങുന്ന സുഖദനിദ്രയായി.


മുകുന്ദൻ  ഞാവൽപ്പഴങ്ങളുടെ മഞ്ഞ സഞ്ചിയിൽ മെല്ലെ തൊട്ടു. ചവർപ്പുനിറഞ്ഞ മാധുര്യം ഇളംചോപ്പു പുരണ്ട  നീലവർണ്ണമായി കൈകളിലേക്ക് മന്ദം  പടരുന്നേരം, താൻ  മെറൈൻ ഡ്രൈവിൽ നടപ്പാതയിലെ ഇരുമ്പ് ബെഞ്ചിൽ തലയല്പം ഇടത്തോട്ട് ചരിഞ്ഞ്, ഇരുന്നുറങ്ങുന്നതായി അയാൾ  മുകളിൽ നിന്ന് കണ്ടു.


പിറ്റേന്ന് പ്രഭാതസവാരിക്കിറങ്ങിയ പ്രവാസി  വ്യവസായി വിജയകുമാരമേനോനും പത്നിയുമാണ് മൃതശരീരം ആദ്യം കണ്ടത്. നടക്കാനിറങ്ങിയ പലരും മുമ്പേ കണ്ടിരുന്നു. കായൽക്കാറ്റേറ്റ്‌ ഇരുന്നുറങ്ങിപ്പോയ ഒരാൾ എന്നേ അവരൊക്കെ കരുതിയുള്ളൂ. വിജയകുമാരമേനോന്റെ സുക്ഷ്മ ദൃഷ്ടി, ഇരുന്നുറങ്ങുന്നയാളിൽ  അസ്വാഭാവികത കണ്ടു. വർഷങ്ങളുടെ മരുന്ന് നിർമ്മാണ വിതരണ പരിചയവും ആതുരാലയങ്ങളുമായുളള അടുപ്പവും മനുഷ്യ ശരീരത്തിന്റെ എല്ലാ അസ്വാഭാവികതകളും ഒരു മാത്രകൊണ്ട്  തിരിച്ചറിയാൽ അയാളെ പ്രാപ്തനാക്കിയിരുന്നു.


 "ഇയാൾ മരിച്ചു പോയല്ലോ '' എന്ന് മേനോൻ പറഞ്ഞതും  അയാളുടെ കറുത്ത നിറമുള്ള കെനിയക്കാരി ഭാര്യ, സ്വഹേലിയിൽ അലറിക്കരഞ്ഞു. കടലിനക്കരെ, മൊമ്പാസയുടെ സമീപസ്ഥ ഗ്രാമങ്ങളിലെവിടെയോ പരേതാത്മാക്കൾ വിറകൊണ്ടെണീറ്റു.  കാലദേശഭേദമില്ലാതെ എല്ലാമറിയുന്ന തങ്ങളെ ഒരു കാരണവുമില്ലാതെ അലോസരപ്പെടുത്തുന്നതാരെന്ന് അവർ ഇന്ദ്രിയങ്ങളുടെ സഹായമില്ലാതെ കേൾക്കുകയും കാണുകയും അറിയുകയും ചെയ്തു. നേരം വെളുക്കാൻ ഇനിയും നേരമുണ്ടായിരുന്നതിനാൽ അലോസരം വകവെക്കാതെ അവർ കല്ലറകളുടെ ചെറുചൂടിനകത്തേക്ക് ഉൾവലിഞ്ഞ് ഉറക്കം തുടർന്നു.  മകളുടെ കരച്ചിൽ ഇനിയും കടൽത്തിരകൾ നീന്തിക്കടന്ന് തേടി എത്തുമോയെന്ന് ഒരു പെൺപ്രേതം മാത്രം ഭയന്നു.


സൂര്യൻ കുതിച്ചുയർന്നു് വേനൽ വെയിലുറച്ച നേരം, ഒരലമുറ ഉടലാർന്ന പോലെ മുകുന്ദൻ്റെ ഭാര്യയും മകളും  പോലീസ് സംഘത്തോടൊപ്പം വന്നു ചേർന്നു. 


പോലിസിന്റെ  പുസ്തകത്തിൽ മുകുന്ദൻ്റെ ശരീരത്തിന്റെ നിറവും കനവും അത് പൊതിഞ്ഞ കുപ്പായത്തിന്റെ വർണ്ണവും ഗന്ധവും, കടവായിലൂടെ ഒലിച്ചിറങ്ങിയ ദ്രവത്തിന്റെ അളവും നിവറും നിറഞ്ഞു. ശരീരത്തിൽ പരിക്കൊന്നുമില്ലാത്തതിനാൽ മരിച്ചത് സ്വാഭാവികമായി ഹൃദയം നിന്നതിനാലാണെന്നാണ് അവർ പുസ്തകത്തിൽ എഴുതിച്ചേർത്തത്. കൂടാതെ,ഇത് പ്രാഥമിക നിഗമനമാണെന്നും, ശരീരം പോസ്റ്റ് മാർട്ടം ചെയ്തതിന് ശേഷമേ  യഥാർത്ഥ കാരണം സ്ഥിരീകരിക്കാനാവൂ എന്നും അവർ, സ്വയരക്ഷക്കെന്നപോലെ  അനുബന്ധമെഴുതി.


രാത്രി മുഴുവൻ ഉറങ്ങാതെ  അയാളെ കാത്തിരിക്കുകയായിരുന്ന ഭാര്യയുടെ അല്ലലിൻ്റെ  കണക്കോ, മിണ്ടാൻ പോലുമാവാതെ തരിച്ചിരുന്നു കണ്ണീർ വാർത്തുകൊണ്ടിരുന്ന മകളുടെ നെഞ്ചു വിറപ്പിച്ച താപമോ അവർ അളന്ന് തിട്ടപ്പെടുത്തി എഴുതിയെടുത്തില്ല.


സഞ്ചിയിൽ പൊതിഞ്ഞ കറുപ്പും വയലറ്റും കലർന്ന ഞാവൽ പഴങ്ങൾ അവർ കണ്ടില്ല. ഇരിപ്പിടത്തിലും നിലത്തും ചിതറി വീണുപോയ ഒരു കൂട് കപ്പലണ്ടിയുടെ കണക്ക് അവർ എണ്ണിപ്പെറുക്കിയെടുക്കുകയും മരണകാരണമല്ലെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു. ഒരു വശം ചെരിഞ്ഞ് വീണു കിടന്നിരുന്ന  ഓഫീസ് ബാഗ്  കൂടെ കൊണ്ടുപോകാനായി മാറ്റിവെച്ചു.


ഭാര്യയുടെ വേവലാതിയുടെ, എത്ര വൈകിയാലും  ഒന്നിച്ചിരുന്ന്  പാട്ടും കവിതയും കഥയും അല്പം മദ്യവുമായി   കൂട്ടുകൂടാമെന്ന് ഉറപ്പു കൊടുത്തിരുന്ന കൂട്ടുകാരൻ്റെ ആകാംക്ഷയുടെ, പറ്റുപീടികക്കാരൻ്റെ ബാധ്യതയുടെ കുറേ മിസ്ഡ് കോളുകൾ തിങ്ങി നിറഞ്ഞ അയാളുടെ മൊബൈൽ ഫോൺ കീശയിൽ കയ്യിട്ട് തലേന്ന് രാത്രി ആരോ മോഷ്ടിച്ചു കൊണ്ടു പോയതും അവർക്ക് വിഷയമായില്ല. ഇയാൾക്കൊരു മൊബൈൽ ഫോൺ ഉണ്ടാകേണ്ടതാണല്ലോ എന്ന ഒരു യുവ കോൺസ്റ്റബിളിൻ്റെ സന്ദേഹം മുതിർന്ന ഒരു ആപ്പീസർ കണ്ണുരുട്ടി നിശ്ശബ്ദപ്പെടുത്തുകയായിരുന്നു.


തണുത്ത സ്റ്റീലിന്റെ പിടിക്കട്ടിലിൽ പണിപ്പെട്ട്  നിവർത്തിക്കിടത്തിയ ശരീരം, പോലീസുകാരുമായി തുടർ നടപടികൾ സംസാരിച്ചുകൊണ്ട് നിന്നിരുന്ന മുകുന്ദൻറെ  അനിയനെയും,  ഉച്ചത്തിൽ വർത്തമാനം പറഞ്ഞു കൊണ്ട് എല്ലാറ്റിനും മേൽനോട്ടം വഹിച്ചിരുന്ന വിജയകുമാരമേനോനെയും കടന്നു പോകുവേ, മാനത്ത് അധികമുയരത്തിലല്ലാതെ, പെയ്ത് തീരാൻ മറന്നു പോയ ഒരു കുഞ്ഞു കാർമേഘം പോലെ തൂങ്ങി നിന്നിരുന്ന മുകുന്ദന്റെ ആത്മാവ് നിലവിളിച്ചു.



"അതാ ആ ഞാവൽ പഴങ്ങൾ.... അതു കൂടെ കൊണ്ടു പോകൂ.

കട്ടിലിൽ ആ ശരീരത്തിന്റെ തലക്കരിൽ വെക്കൂ.


അമ്പതോളം വർഷം എന്നെ ചുമന്ന ഭംഗിയുള്ള ആ ശരീരം നിങ്ങൾ വെട്ടിക്കീറിയും കുത്തിത്തുന്നിയും നശിപ്പിക്കുമെന്ന് ഞാൻ സങ്കടപ്പെടുന്നു.


അതിനു മുമ്പ് ആ പഴങ്ങൾ അതോട് ചേർത്ത് വെക്കൂ.


പറ്റുമെങ്കിൽ, ഗന്ധമൊന്നും അറിയാനാവാത്തതാണെങ്കിലും, ആ മൂക്കിനരികിൽ.


പിന്നെ, തെക്കോട്ടെടുക്കാൻ കാത്തു കിടക്കുന്നേരം അതിന്റെ നിലച്ചുപോയ ഹൃദയത്തിനരികിൽ.


ചിതയിൽ വെക്കുമ്പോൾ, പൊതിയഴിച്ച് നെഞ്ചിനുമേൽ കൂനകൂട്ടി വെക്കണം അന്നേരവും കേടു വരില്ലെന്നുറപ്പുള്ള  അമൃതിന്റെ ആ കറുത്ത ചെപ്പുകൾ.


കത്തിപ്പടരുന്ന അഗ്നിയിൽ ഞാവൽപ്പഴങ്ങളും നെഞ്ചിലെ മാംസവും ഉരുകിയൊന്നാകുമ്പോൾ, അപ്പോൾ മാത്രം, ഞാൻ  അറിഞ്ഞു ജപിക്കും 'അഗ്നയേ ഇദം നമമ "



"അഗ്നയേ ഇദം ന മമ: " മുകുന്ദൻ ആവർത്തിച്ചു.  ഇത്ര നേരം താൻ സംസാരിക്കുകയായിരുന്നോ?


അയാൾ നിമിഷങ്ങളോളം സ്തബ്ധനായി. ജീവിതത്തിനും മൃതിക്കുമിടയിലെ സജീവ പ്രദേശങ്ങൾ അയാളുടെ അസ്വാസ്ഥ്യമറിഞ്ഞു. അയാൾക്ക് ചുറ്റും യുഗങ്ങളായമർന്നുപോയ മറവിയുടെ അടരുകൾ തീർത്ഥങ്ങളുടെ ചാറ്റൽ മഴ പെയ്തു നനയാൻ തുടങ്ങി. നനഞ്ഞു തുടങ്ങിയ മണ്ണടരുകളിൽ നിന്ന്‌ ഈയാംപാറ്റകളെപോലെ ആത്മാക്കളുടെ നിര എണ്ണമില്ലാതെ പൊങ്ങി വന്നു.   കനമില്ലാതെ, നിറമില്ലാതെ അവർ  നിറഞ്ഞ വേളയിൽ അനന്ത ശാന്തിയിലേക്ക് അയാൾ ലയിച്ചു പോവുകയായി.


അറിവിന്റെ വിശുദ്ധിയിൽ മുകുന്ദൻ മുഴുകി. ആത്മാക്കൾ ജപം തുടർന്നു. "അഗ്‌നയെ ഇദം ന മമ:" ഒന്നും തൻ്റെ തായിരുന്നില്ല. ബന്ധുക്കളും ബന്ധവും...


ആ നിമിഷം താഴെ, ശവമഞ്ചത്തോടൊപ്പം തല കുമ്പിട്ട് ഒരുവാക്കുമുരിയാടാൻ ത്രാണിയില്ലാതെ  ശവശരീരത്തിനു പിന്നാലെ നടന്ന മകളെയും ഭാര്യയേയും അയാൾ കണ്ടു. അയാളെ പൊതിഞ്ഞ ലഘുത്വത്തെ ലഘൂകരിക്കാൻ ആ കാഴ്ചക്ക് എന്തോ ആയില്ല;  എതെന്തുകൊണ്ടെന്ന് അയാൾ മെല്ലെ ചോദിച്ചെങ്കിലും. ദേഹമില്ലാത്ത പ്രജ്ഞയിലെവിടെയോ കനപ്പെട്ട വേദന അകലാതെ തുടരട്ടെ എന്നാണ് മുകുന്ദൻ ആഗ്രഹിച്ചത്. ഉപേക്ഷിച്ചു പോന്ന ജന്മബന്ധങ്ങൾക്കുള്ള ശാന്തി തർപ്പണം. 


 മകളുടെ തോരാത്ത കണ്ണീര് തുടച്ചു കൊടുക്കാനും ഭാര്യയുടെ മുടിയിൽ ഒന്ന് തൊടാനും അയാൾ ആഗ്രഹിച്ചു. എന്നാൽ പൊടുന്നനെ ജലോപരിതലത്തിൽ പ്രാണികൾ തീർത്ത നനുത്ത ഇളക്കമെന്ന പോലെ ആഗ്രഹങ്ങളെല്ലാം മാഞ്ഞു പോയി.



മുകുന്ദന് ഒന്നിനോടും മമത തോന്നിയില്ല. അനാഥമായി ഇരുമ്പു ബെഞ്ചിൽ കിടന്ന പതിനേഴ് ഞാവൽ പഴങ്ങളോടല്ലാതെ.



എല്ലാം അറിവുകളാണ്. അറിവുകൾ മാത്രം. സ്പർശമില്ലാതെ മുകുന്ദൻ സ്പർശമറിഞ്ഞു. ദൃഷ്ടിയില്ലാതെ ദൃശ്യവും, കാതില്ലാതെ കേൾവിയുമറിഞ്ഞു.


അന്നേരം, നീല കലർന്ന പാടല നിറത്തോടെ എന്തോ ഒന്ന് അറിവിൻ്റെ യിടങ്ങളിലാകെ പൊട്ടിപ്പടർന്നു. ഒരു വലിയ വൃക്ഷം. അതിൻ്റെ താണ കൊമ്പിൽ ഒരൂഞ്ഞാൽ. മരത്തിനടിയിൽ മണ്ണപ്പം. മൂക്കിൻ തുമ്പിൽ വേർപ്പുമുത്തണിഞ്ഞ അനിയത്തിയുടെ ചിരി ...   രസനയില്ലാത്ത മുകുന്ദൻ്റെ രസമുകുളങ്ങൾ അവസാനമായി സ്പന്ദിച്ചു. ഞാവൽ! ബാല്യത്തിൻ്റെ മണം!


പൊടുന്നനെ, ആരോ നെറുകയിൽ തലോടുന്ന പോലെ മുകുന്ദന് തോന്നി.


അച്ഛൻ! ആ കുളിർ സ്പർശത്തിൻ്റെ അറിവ് അതായിരുന്നു.


നിറന്ന നിലാവിൽ കുളിച്ചു നിൽക്കുകയാണ് താനെന്ന തോന്നലാണ് മുകുന്ദന് അന്നേരമുണ്ടായത്. നിലാവല്ല, ആത്മാക്കളുടെ നിതാന്ത പ്രകാശമാണെന്ന അറിവ് നിറയാൻ കുറച്ചുനേരമെടുത്തു. പ്രപഞ്ചത്തിൻ്റെ മുഴുവൻ പ്രിയവും കടലല പോലെ വന്നു പുണർന്നു..


തെല്ലിട ഇളവേറ്റ് , സ്നേഹ സമുദ്രത്തിൽ മുങ്ങി മുകുന്ദൻ മെല്ലെ ഇല്ലാതായി. ഒരല, കടലിൽത്തന്നെ അമർന്ന പോലെ.



No comments:

Post a Comment