Tuesday, May 25, 2021

രാധായനം - പുസ്തക വിചാരം

രാധക്ക് കൃഷ്ണനോടുള്ള പ്രണയം ഭാരതീയ ആത്മീയതയിലെ അതുല്യ ബിംബമാണ്. 

കൃഷ്ണൻ  പുരുഷനും ബാക്കിയെല്ലാം അവൻ്റെ രാധയുമെന്നാണ് ഈ പ്രണയത്തിൽ ലീനമായിരിക്കുന്ന ദിവ്യതത്വം. ഓരോ മനുഷ്യാത്മാവും ബ്രഹ്മസ്വരൂപമായ  കൃഷ്ണനെ പ്രണയാതുരയായി തേടിയുഴലുന്നു. ഒരു രാസരാവിൽ ഒന്നായലിയാൻ, അനേക ജന്മങ്ങളിലൂടെ നീളുന്ന പ്രയാണം. 

ജയദേവ കവിയുടെ ഗീതഗോവിന്ദം ഈ ദർശനത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട മനോഹര കാവ്യമാണ്. ശ്രീ മഹാ ഭാഗവതത്തിലെ ദശമസ്കന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസ ലീലയാണ് നമ്മൾ  അഷ്ടപദി എന്നു വിളിക്കുന്ന ഗീതഗോവിന്ദത്തിന്റെ അടിസ്ഥാന കഥ.  തന്റെ തോഴനായ കൃഷ്ണൻ മറ്റു ഗോപികമാരുടെ കൂടെ രാസ ക്രീഡയിൽ ഏർപ്പെടുന്നത് കണ്ട് അത്യന്തം ദുഖിതയും ഗർവിതയുമായ രാധയെ കൃഷ്ണൻ വിട്ടു പിരിഞ്ഞു പോകുന്നു. എന്നാൽ വിരഹം സഹിക്ക വയ്യാതെ കൃഷ്ണൻ തിരികെയെത്തി രാധയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. ഒരു രാത്രിയോളം പിണങ്ങി നിന്ന രാധയെ പ്രേമം കൊണ്ട് വീർപ്പുമുട്ടിച്ച് കൃഷ്ണൻ ആനന്ദഭരിതയാക്കുന്നു. അങ്ങനെ ഇരുവരും പുന: സംഗമിക്കുന്നു. ഇതാണ് കഥാ സന്ദർഭം. ഒരാൾ ദൈവസന്നിധിയിലേക്ക് ഒരടി വെക്കുമ്പോൾ ഭഗവാൻ നൂറടി അയാളിലേക്ക് ഓടിയടുക്കുകയായി. അത്രയാണ് ഭഗവാന് ഭക്തരോടുള്ള അനുരാഗം.

എനിക്ക് വഴികാട്ടിയും സുഹൃത്തുമായ ശ്രീ ബി.ആർ. രാജേഷ് രചിച്ച രാധായനം എന്ന നോവൽ ഗീതഗോവിന്ദത്തെ അധികരിച്ചാണ്. 

ഗീതഗോവിന്ദത്തിന് പന്ത്രണ്ട് സർഗ്ഗങ്ങളാണുള്ളത്. അതുപോലെ നോവലിനും. ഇവിടെ പക്ഷെ വിരഹവും പ്രണയവും സമാഗമവും അനാവൃതമാകുന്നത് രാധയുടെ വീക്ഷണകോണിലൂടെ യാണെന്ന് മാത്രം.

അതിമധുരമായ ഭാഷയാണ് നോവലിൻ്റേത്. ഗീതഗോവിന്ദത്തിൻ്റെ മാധുര്യം ഒട്ടും ചോർന്നു പോകരുതെന്ന് നോവലിസ്റ്റിന് തികഞ്ഞ നിർബന്ധമുണ്ട്. ചിലയിടങ്ങളിൽ പദങ്ങൾ  ഭാഷാഭേദം വരുത്തി ഗദ്യമാക്കിയതാണോ എന്നു പോലും സംശയം തോന്നും.  ചിലയിടങ്ങളിൽ ആദ്ധ്യാത്മികത മറയില്ലാതെ തുളുമ്പിപ്പോകുന്നുമുണ്ട്, ഭാരതീയ തത്വചിന്ത ആഴത്തിൽ അറിഞ്ഞ ശ്രീ രാജേഷിനോട്.

മാംസ ബദ്ധമല്ലാത്ത രാധാമാധവ പ്രേമം അവരുടെ കാലത്ത് മാത്രമല്ല, മനുഷ്യരാശിയുള്ളേത്തോളം തുടരുമെന്ന് ഉപോദ്‌ഘാതമായും അനുബന്ധമായും ചേർത്ത കഥയിലൂടെ ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു.

ശ്രീ പി. രവികുമാർ നോവലിനെഴുതിയ മുഖവുരയിൽ ഈ കൃതിയെ  മലയാളത്തിലെ ആദ്യത്തെ ഇന്ത്യൻ നോവൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കൃഷ്ണനും രാധയും അവരുടെ പ്രണയവും ഭാരതത്തിൻ്റെ വികാരമാണല്ലോ. അത് ഏതെങ്കിലുമൊരു ദേശത്ത് ഒതുങ്ങി നിൽക്കുന്നില്ല. 

ഒരു സൗഹൃദ സംഭാഷണത്തിനിടെ ശ്രീ രാജേഷ് പറയാനിടയായപ്പോൾ മാത്രമാണ് ഞാനീ നോവലിനെ കുറിച്ചറിഞ്ഞത്. 2013 ൽ കലാകൗമുദിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഈ കൃതി. 2015ൽ പുസ്തകമാക്കിയത് ഗ്രീൻ ബുക്സും.

ഒരു കോപ്പി എവിടെ കിട്ടും എന്ന എൻ്റെ ചോദ്യത്തിന് ഞാൻ അയച്ചു തരാമല്ലോ എന്നായിരുന്നു ശ്രീ രാജേഷിന്റെ മറുപടി. കയ്യൊപ്പ് ചാർത്തി , ശ്രദ്ധയോടെ പാക്ക് ചെയ്ത് ജനുവരിയിൽ അയച്ചു കിട്ടിയ നോവൽ ഇന്നാണ് ഞാൻ വായിച്ചത്. നൂറ്റി രണ്ടു പേജിൻ്റെ കനമുള്ള ഈ മനോഹര പുസ്തകത്തിലെ ചിത്രങ്ങളും അതിസുന്ദരം. 

പുസ്തകം കിട്ടിയ ഉടനെ വായിക്കാത്തത്തിന്,  ഈ മോഹനാനുഭവം ഇത്രയും വൈകിച്ചതിന് ഞാനെന്നെത്തന്നെ പരിഭവത്തോടെ നോക്കുന്നു.

"കിംകരിഷ്യതി കിംവദിഷ്യതി സാചിരംവിരഹേണ
കിംധനേന ജനേനകിം മമ ജീവിതേന ഗൃഹേണ.. ഹരിഹരി "

No comments:

Post a Comment