ജനിച്ചത് അഴിയൂരാണ്. നാലു വയസ്സിന് ശേഷം ജീവിച്ചതാകട്ടെ കുറ്റ്യാടിയിലും. ചെറിയ കുമ്പളത്ത് ഞങ്ങൾ താമസിച്ചിരുന്ന വീട് ഒരു പച്ചത്തുരുത്തായിരുന്നു. ചെങ്ങോട്ടേരിച്ചാലിൽ കുഞ്ഞാമിന ഉമ്മയാണ് ഞങ്ങൾക്കത് വാടകക്ക് തന്നത്. മാവും പ്ലാവും നിറയെ വളർന്നു നിന്ന രണ്ടേക്കർ പുരയിടത്തിനു നടുവിൽ ഒരു കൊച്ചു വീട്.
മാസം തോറുമെന്നോണം തേങ്ങയിടീക്കാനും, ഇടക്കിടെ പറമ്പിൽ ജോലികൾ ചെയ്യിക്കാനും വർഷാവർഷം പുര കെട്ടി മേയിക്കാനുമൊക്കെയായി കുഞ്ഞാമിനയുമ്മ വരും. ചക്കയും മാങ്ങയും വിളയുന്ന വേനൽക്കാലങ്ങളിൽ ഞങ്ങൾക്കുള്ളത് മാറ്റി വച്ച ശേഷമേ അവർ വീട്ടിലേക്ക് കൊണ്ടുപോകാറുള്ളൂ. " ബമ്പമ്മാറ് ത് ന്നട്ടെ " എന്നണ് എന്നെയും അനിയനേയും ഉദ്ദേശിച്ച് ഉമ്മ പറയുക. ഉമ്മയുടെ പേരക്കുട്ടികൾ അഷറഫും, ആയിഷയും ഫൈസലും, സുഹറയും (പേരുകൾ ശരിയാണോ? മറന്നു. ഓർമ്മക്ക് നാലു പതിറ്റാണ്ടിൻ്റെ പഴക്കം!) ഞങ്ങളുടെ കളിക്കൂട്ടുകാർ. മകൻ്റെ ഭാര്യ ആമിനയുമ്മ അമ്മയുടെ കൂട്ടുകാരിയും.
വീട്ടിലേക്കുള്ള പാല് ചെങ്ങോട്ടേരിച്ചാലിൽ നിന്നാണു് അക്കാലത്ത് വാങ്ങിയിരുന്നത്. റേഡിയോയിൽ രാവിലത്തെ സംസ്കൃത വാർത്ത കഴിയുമ്പോൾ അമ്മ ഏൽപ്പിക്കുന്ന ചെറിയ ഒരു സ്റ്റീൽ പാത്രവുമായി ഞാൻ ചെങ്ങോട്ടേരി ചാലിലേക്ക് പുറപ്പെടും. വേനലായാലും മഴയായാലും ഈ പതിവ് തെറ്റിയിരുന്നില്ല, കുറേക്കാലം. ഞങ്ങൾ താമസിച്ചിരുന്ന പറമ്പിൻ്റെ വടക്കെ അതിർത്തി ഒരു ഇടുങ്ങിയ ഇടവഴിയായിരുന്നു. അതിലെ രണ്ടു ഫർലോങ്ങ് നടന്നാൽ ചെങ്ങോട്ടേരിച്ചാലിലെത്തും. അക്കാലത്തെ പരിഷ്കാരം നിറഞ്ഞ പ്രൗഢമായ ഒരു ഭവനമായിരുന്നു സി.സി. മൂസാഹാജിയുടെ ചെങ്ങോട്ടേരിച്ചാലിൽ വീട് .
ഇടവഴികയറി പറമ്പിലൂടെ തെല്ല് താഴോട്ടിറങ്ങിയാൽ വീടിൻ്റെ അടുക്കളപ്പുറത്താണെത്തുക. ആമിന ഉമ്മ പശുവിനെ കറക്കുകയോ പ്രാതൽ ഒരുക്കുകയോ ആവും. പുനത്തിലിൻ്റെ സ്മാരകശിലകളിൽ അറക്കൽ വീട്ടിലെ അടുക്കളയെക്കുറിച്ച് വർണ്ണിച്ചത് വായിക്കുമ്പോൾ എന്തുകൊണ്ടോ ചെങ്ങോട്ടേരി ചാലിലെ അടുക്കളയാണ് മനസ്സിൽ വരിക. ഖാൻ ബഹദൂർ പൂക്കോയ ത്തങ്ങളുടെ വീട്ടിലെ അടുക്കള, അതിനേക്കാൾ ഒരു പാട് വലിപ്പമുള്ളതായിരിക്കും എന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും .
പാലു വാങ്ങാൻ പോയ രാവിലെ കളിലൊന്നിൽ നടന്ന ഒരു ഭീകര സംഭവം കൂടി പറയാം. പാലും വാങ്ങി മൂളിപ്പാട്ടും പാടി കുണ്ടനിടവഴിയിലൂടെ നടന്ന് നാറക്കോട്ട് ശശിയുടെ വീടിനടുത്ത് എത്തിയിരുന്നു. ഇടവഴികൾക്കിരുവശവുമുള്ള കൊളളുകൾക്ക് രണ്ടാൾ പൊക്കമുണ്ട്. മഴ പെയ്ത് കുതിർന്ന് പായലും പൂപ്പലും പുല്ലും ചെടികളും നിറയെ. പുല്ലിൻ്റെ ഇളം വേരിൽ പറ്റിപ്പിടിച്ച് കട്ടിയായ വെള്ളത്തിലൂടെ ചാഞ്ഞു വീഴുന്ന രാവിലത്തെ ചോന്ന വെയിൽ മഴവില്ല് തീർത്തത് നോക്കി മതി മറന്നങ്ങനെ നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് മുകളിൽ നിന്നൊരൊച്ച. ഇടതുവശത്തെ പറമ്പിൽ നിന്ന് ശശിയുടെ വീട്ടു തൊടിയിലേക്ക് ചാടിയ ഒരു കറുത്ത തടിയൻ നായ ചാട്ടം പിഴച്ച് ഇതാ നേരെ എൻ്റെ മേലേക്ക് വീഴുന്നു. പേടിച്ചരണ്ട ഞാൻ വലിയ വായിൽ അലറി. പാൽപ്പാത്രം കയ്യിൽ നിന്ന് തെറിച്ചു വീണ് പാല് ചിതറി. ഓടി മാറാൻ ശ്രമിച്ച എന്നെ തട്ടിയിട്ടു കൊണ്ട് നായ എൻ്റെ മേലേക്ക് വീണു. ആക്കത്തിൽ കമഴ്ന്നു വീണുപോയ എൻ്റെ ചന്തിയിൽ നഖം കൊണ്ട് കനത്തിലൊന്നു പോറി ആ "ആജാനുബാഹു'' കിതച്ചു കൊണ്ട് പാഞ്ഞു പോയി.
എൻ്റെ അലർച്ചകേട്ട് പൊക്കച്ചനും മാതാമ്മയും മറ്റു ചിലരും ഓടി വന്നു. ശശിയുടെ തല എത്തി നോക്കി വലിഞ്ഞു. അപമാനവും സങ്കടവും കൊണ്ട് ഞാൻ കരഞ്ഞു കൊണ്ടേയിരുന്നു.
സംഘ പരിവാരത്തോടെയുള്ള എൻ്റെ വരവും ചെളിയിൽ കുളിച്ചും, ചോര പുരണ്ടും, കണ്ണുനീരണിഞ്ഞു കൊണ്ടു മുള്ള എൻ്റെ നിൽപ്പും അച്ഛനെ ഒട്ടൊന്നുമല്ല പരിഭ്രമിപ്പിച്ചത്. പൊക്കച്ചൻ കാര്യങ്ങൾ വിശദീകരിച്ചു. ചന്തിയിൽ ചെറിയൊരു മാന്തേ ഉള്ളുവെങ്കിലും ഉടനെ ആശുപത്രിയിൽ പോകണമെന്നും, നായ അഞ്ചു പത്തുനാളുകൾക്കുള്ളിൽ സിദ്ധി കൂടുന്നില്ലെന്നുള്ള കാര്യം ഉറപ്പാക്കണമെന്നുമുള്ള തീരുമാനത്തോടെ നാട്ടുകൂട്ടം പിരിഞ്ഞു.
പിന്നെ ആശുപത്രിയിൽ പോകുക, ഇഞ്ചക്ഷനെടുക്കുക തുടങ്ങിയ കലാപരിപാടികളിൽ അച്ഛനും ഞാനും മാത്രമായി കഥാപാത്രങ്ങൾ. ഒരു ടി.ടി. മാത്രമാണെടുത്തത്. റാബിസിനുള്ള ഇഞ്ചക്ഷൻ കരുണാമയനായ മെഡിക്കൽ ഓഫീസർ ഒഴിവാക്കി. പൊക്കിളിന് ചുറ്റും പതിനാല് ഇഞ്ചക്ഷൻ എന്നതായിരുന്നു റാബിസ് മരുന്നടിയുടെ അന്നത്തെ നടപ്പു രീതി. പക്ഷെ ചന്തിയും കാണിച്ച് നേഴ്സുമാർക്കു മുന്നിൽ കമഴ്ന്നു കിടന്നത് തികച്ചും ലജ്ജാവഹമായിപ്പോയി.
ഓണവും വിഷുവും പോലെ വലിയ പെരുന്നാളും ചെറിയ പെരുന്നാളും ഞങ്ങൾക്ക് അന്നുതൊട്ടേ ആഘോഷങ്ങളായിരുന്നു. റംസാൻ മാസം തുടങ്ങിയാൽ ആമിനുമ്മയുടെ വരവ് കാത്തിരിപ്പായി. പറമ്പിൽ നിന്ന് വിറകെടുക്കാനോ പുല്ല് പറിക്കാനോ ഒക്കെ ആമിനുമ്മ ഇടക്ക് വരും. റംസാൻ മാസമാണെങ്കിൽ മുറ്റത്തെത്തി അമ്മയോട് പറയും "മഗ്രിബ് നേരത്ത് മോന ആട് ത്തേക്ക് പറഞ്ഞേക്കണേ! " ഞാൻ മഗ് രിബ് വരെ കാത്ത് നിൽക്കാറില്ല. മഗ് രിബ് കഴിഞ്ഞാൽ ഇരുട്ടാണ്. കുണ്ടനിടവഴിയിലൂടെ തിരികെ വരാനാവില്ല. നാലര അഞ്ചു മണിക്ക് ചെല്ലുന്ന എന്നെ കണ്ട് ചിരിച്ചു കൊണ്ട് വസ്സി നിറയെ വിളമ്പിയ കുഞ്ഞിപ്പത്തിരിയുടെ അപരിചിതമായ പെരുംജീരക രുചി ഇന്നും നാവിലുണ്ട്. പിന്നെ പെരുന്നാളുകളുടെ തലേന്ന് ഒരു പാത്രം നിറയെ വീട്ടിൽ എത്തിച്ചേരാറുള്ള കടലപ്പരിപ്പു കൊണ്ടുണ്ടാക്കിയ പായസത്തിൻ്റെ മാധുര്യവും.
അഷറഫ് ഹൈസ്ക്കൂളിൽ ചേർന്നപ്പോൾ ആ സഹോദരങ്ങൾ വൈകീട്ട് വീട്ടിൽ വരുമായിരുന്നു. അച്ഛനവർക്ക് കണക്കും ഇംഗ്ലീഷുമൊക്കെ പറഞ്ഞു കൊടുക്കും. ഒപ്പം ഞാനുമിരിക്കും.
കാലത്തിൻ്റെ മലവെള്ളപ്പാച്ചിലിൽ പലതും ഒഴുകിപ്പോയി. മൂസാ ഹാജിയും കുടുംബവും ചെങ്ങോട്ടേരിച്ചാലിൽ നിന്ന് താമസം മാറിയെന്നാണോർമ്മ. ഫാർമസിസ്റ്റ് കോഴ്സ് പാസായ അഷറഫ് കുറച്ചു കാലം കുറ്റ്യാടി ഒരു ഫാർമസിയിൽ ജോലി ചെയ്തിരുന്നതായി ഓർക്കുന്നു.
കുറ്റ്യാടിക്ക് ഞാനും അപരിചിതനായതോടെ, പ്രിയപ്പെട്ട കൂട്ടുകാരെ പലരേയും കാണാതായ പോലെ അവരും...
എൻ്റെ ബാല്യത്തെ അറിയാത്ത മറ്റൊരു ലോകം പരിചയിപ്പിച്ച ആ കുടുംബം ഇപ്പോൾ എവിടെയാണോ?
No comments:
Post a Comment