Saturday, June 12, 2021

മുഹമ്മദ് - പുസ്തകവിചാരം

'മുഹമ്മദ് ' എന്ന പേര് എത്ര ദിവ്യമാണെന്ന് ആദ്യമായി അറിയുന്നത് രണ്ടാം ക്ലാസിൽ വച്ചാണ്. 

സ്ക്കൂളിനു പുറമെ, മദ്രസയിലും പഠിക്കാൻ പോയിരുന്ന സഹപാഠികൾ വളരെ ശ്രദ്ധയോടെ, ഭക്തിയോടെ സൂക്ഷിച്ചിരുന്ന ഒരു പുസ്തകമായിരുന്നു,മുസാഫ്.  വർണ്ണത്തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ഈ പുസ്തകം അറബിയിലുള്ളതായിരുന്നു. നാഗങ്ങളെപ്പോലെ ഇടകലർന്ന് വളഞ്ഞു പുളഞ്ഞ അറബി.  സ്ക്കൂളിൽ മാത്രം പോയിരുന്നവർ മുസാഫ് തൊട്ടാൽ കണ്ണ് പൊട്ടിപ്പോകുമെന്ന് അതിൻ്റെ ഉടമസ്ഥർ ഉറച്ചു വിശ്വസിച്ചു. ഇങ്ങനെ ഒരപകടത്തെക്കുറിച്ച് എന്നെ ഉദ്‌ബോധിപ്പിച്ചത് മൂപ്പൻമൊയ്തുക്കയുടെ മകൾ മാമിയാണ്. പച്ചത്തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന അവളുടെ ആ പുസ്തകം ഒരുച്ച സമയത്ത് ക്ലാസിൽ ആരുമില്ലെന്നുറപ്പിച്ച് ഞാൻ മെല്ലെ പൊതിയഴിച്ച് നോക്കുകയായിരുന്നു. പിന്നിൽ വന്നു നിന്ന മാമി ചെവി പൊട്ടിപ്പോകുന്നത്രയും ഒച്ചയിൽ പറഞ്ഞു.  "മുസാഫ് തൊടല്ല ചെറിയോനേ, കണ്ണ് പൊട്ടിപ്പോകും കുരിപ്പേ!". എനിക്ക് സങ്കടം വന്നു. പക്ഷെ അതവൾ എന്നോട് ദേഷ്യം കൊണ്ട് പറഞ്ഞതില്ലെന്നും എന്നോടുള്ള സൗഹൃദാതിരേകം കൊണ്ടാണെന്നും എനിക്കറിയാമായിരുന്നു. 

പിന്നീട് വന്ന അറബി പിരീഡിൽ മഹമൂദ് മാഷോട് ഉണ്ടായതെല്ലാം ഞാൻ പറഞ്ഞു. തൻ്റെ പിരീഡിൽ അറബി പഠിക്കാത്തവരെ കളിക്കാൻ വിടുകയാണ് മാഷ് സാധാരണ ചെയ്യാറ്. പക്ഷെ അന്ന് ആരെയും പുറത്ത് വിട്ടില്ല. മാമിയുടെ മുസാഫെടുത്ത് പൊതി മാറ്റി, എല്ലാവരെയും കൊണ്ട് തൊടുവിച്ചു. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു. " ഇത് തൊട്ടാൽ കണ്ണ് പൊട്ടുകയല്ല. കണ്ണ് തുറന്നു വരും. കണ്ണിൽ വെളിച്ചം നിറയും. അന്ധരുടെ കണ്ണും തുറക്കും... " എന്നിട്ട്, എന്താണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും മുസ്വ്ഹഫ് എന്ന പേരിലും അത് വിളിക്കപ്പെടുന്നെന്നും പറഞ്ഞു തന്നു. പിന്നെ, ആരാണ് പ്രവാചകൻ മുഹമ്മദെന്നും. 

മുഹമ്മദ് നബിയുടെ ജീവിതവും സംഗരങ്ങളും മറ്റു പലതുമെന്ന പോലെ എന്നെ സവിസ്തരം പറഞ്ഞു പഠിപ്പിച്ചത് എൻ്റെ ആത്മപ്രിയൻ അൻവർ Anwer Paleri  തന്നെയാണ്.

ഇന്നാകട്ടെ , എത്രയും പ്രിയനായ കെ.ടി. സൂപ്പി മാഷ് Kt Soopy വിവർത്തനം ചെയ്ത  മുഹമ്മദ് എന്ന പുസ്തകം വായിച്ചു തീർത്ത ആത്മനിർവൃതി. ഒപ്പം ഒമ്പത് വർഷത്തോളം ഈ വായനാനുഭവം ഞാൻ നീട്ടിവച്ചല്ലോ എന്ന കുറ്റബോധവും.

ഇസ്ലാം എന്നാൽ യഥാർത്ഥത്തിൽ എന്താണെന്നും അതിൻ്റെ മിസ്റ്റിസിസം വേദാന്തത്തിൽ നിന്ന് വിഭിന്നമല്ലെന്നും ഞാനറിഞ്ഞത് സൂപ്പി മാഷുമായി നടത്തിയ അന്തമില്ലാത്ത ചർച്ചകളിലും യാത്രകളിലും നിന്നാണ്. 

മാർട്ടിൻ ലിങ്സ് (അബുബക്കർ സിറാജുദ്ദീൻ ) എഴുതിയ  പ്രവാചകൻ്റ  ഇംഗ്ലീഷിലുള്ള ജീവചരിത്രമാണ്  മുഹമ്മദ് (Muhammad: His Life Based on the Earliest Sources) 1983ൽ പ്രസിദ്ധീകൃതമായ ഈ കൃതിയുടെ പേരിലാണ് മറ്റനേകം കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും ലിങ്സ് , ലോകമെമ്പാടും പ്രശസ്തനായത്. അമേരിക്കയിലെ ഇസ്ലാമിക പണ്ഡിതനായ മാർക്ക് ഹൻസൺ - Mark Hanson (ഹംസ യൂസുഫ് ) ഇംഗ്ലീഷ് ഭാഷയിലെ തന്നെ ഏറ്റവും മഹത്തായ ജീവചരിത്രകൃതികളിലൊന്നായാണ് ഈ പുസ്തകത്തെ എണ്ണിയിരിക്കുന്നത്.  ഇതിൻ്റെ  രചനാ കാലത്തുടനീളം പ്രവാചകൻ്റെ അനുഗ്രഹീത സാനിധ്യം എഴുത്തുകാരൻ അനുഭവിച്ചതായി മാർട്ടിൻ ലിങ്സിനെ ഉദ്ധരിച്ച് ഇദ്ദേഹം പറയുന്നു.

ഒരു നാൾ സൂപ്പി മാഷിൻ്റെ വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹം വരാന്തയിലെ ചാരുകസേരയിൽ എല്ലായ്പോഴുമെന്ന പോലെ ഇരിപ്പുണ്ട്. പത്നി സൽമ നിലത്തിരുന്ന് ടീ പോയിൽ വച്ച കടലാസിൽ എന്തോ എഴുതുന്നു. എന്നെ കണ്ടാലുടൻ നിറഞ്ഞ സുഹൃദച്ചിരി പരക്കുന്ന മാഷിൻ്റെ മുഖം പക്ഷെ അന്ന് തികച്ചും ഗൗരവപൂർണ്ണമായിരുന്നു. മുമ്പിൽ നിവർത്തി വച്ച പുസ്തകത്തിൽ തന്നെയാണ് ശ്രദ്ധ. കണ്ണുകൾ ചുവന്നിട്ടുണ്ട്‌. കുളിക്കാഞ്ഞിട്ടോ മുടികൾക്കിടയിലൂടെ ഇടക്കിടെ കയ്യോടിക്കുന്നതുകൊണ്ടോ എന്നറിയില്ല, മുടിയാക്കെ അലങ്കോലം. പറഞ്ഞു കൊടുക്കുന്നത് എഴുതിക്കൊണ്ടിരിക്കുന്ന സൽമയുടെ കണ്ണിൽ പേടമാൻ്റെ പതർച്ച. 

" ഡാ.. ഞാൻ ഒരു പുസ്തകത്തിൻ്റെ പണീലാ.. ഇത്തിരി തെരക്കാ ... മ്മക്ക് പിന്നെക്കാണാം." മാഷിന് അങ്ങനെ പറയാൻ ബുദ്ധിമുട്ടുണ്ടെന്ന് ശബ്ദം കൊണ്ട് ഞാനറിഞ്ഞു. എഴുത്തിൻ്റെ പങ്കപ്പാടും വേദനയും എനിക്ക് മനസ്സിലാവും. ഞാൻ ചിരിച്ചു കൊണ്ട് സാരമില്ലെന്ന് പറഞ്ഞ് മെല്ലെ തിരിഞ്ഞു നടന്നു. 

കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചെയ്ത മഹാഭാരതത്തിൻ്റെ പദ്യവിവർത്തനം വ്യാസമുനിയുടെ മഹാഭാരത സംസ്കൃതകാവ്യത്തിന്റെ മലയാള തത്തുല്യമാണ്. അത് വിവർത്തനം ചെയ്ത രംഗം കുട്ടിക്കാലത്ത് ഒരു റേഡിയോ നാടകത്തിൽ കേട്ടതോർമ്മ വന്നു. ഒരാൾ സംസ്കൃത പദ്യം വായിച്ചു കൊടുക്കും അത് കേട്ട് തമ്പുരാൻ എഴുതുന്നയാൾക്ക് ഉടനെ തന്നെ മലയാളം ശ്ലോകം ചൊല്ലിക്കൊടുക്കും. കണ്ണു ചുവന്ന്, മുഖം വലിഞ്ഞു മുറുകി യാണ് തമ്പുരാൻ്റെ നില. എഴുതിയെടുക്കുന്നയാൾ ഒപ്പമെത്താൻ പാടുപെടുന്നു. 

പുസ്തകം എഴുതിക്കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം കട്ടൻ ചായയുടെ ചൂട് പകർന്ന ഒരു സായാഹ്നത്തിൻ്റെ  വിശ്രാന്തിയിൽ പൊട്ടിച്ചിരിച്ചു കൊണ്ട് ഞങ്ങൾ മൂവരും എൻ്റെ പൂർവ സന്ദർശനം ഓർക്കുകയുണ്ടായി.

'മുഹമ്മദിൻ്റെ ' ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ ശൈലി തന്നെയാണ്. ഇതു വരെ വായിച്ച പ്രവാചക ചരിതങ്ങളിൽ നിന്ന് വിഭിന്നമായി ഒരു നോവൽ പോലെ സുഗമമായി വായിച്ചു പോകാവുന്ന ഒഴുക്കുള്ള ഭാഷ. ഖുർആനിൽ നിന്ന് നേരിട്ട് പരിഷപ്പെടുത്തിയ ഇടങ്ങളിലും സംഭാഷണങ്ങളിലുമുള്ള ഭാഷാ വ്യതിയാനം ആ ഒഴുക്ക് അൽപ്പം മുറിക്കുന്നുണ്ടെങ്കിലും അത് അർഹമായ പരിഗണന പ്രസ്തുത ഭാഗങ്ങൾക്ക് നൽകാൻ സഹായകമാവുന്നുണ്ട്‌. ലിങ്സിൻ്റെ രചനാ പാടവം ഒട്ടും ചോർന്നു പോകാതെ സൂപ്പി മാഷ് വിവർത്തനം നിർവഹിച്ചിരിക്കുന്നു.

പുസ്തകത്തിൻ്റെ ഉള്ളടക്കം വിവരിച്ച് സുന്ദരമായ ഒരു വായനാനുഭവം കളങ്കപ്പെടുത്താൻ ഞാൻ മുതിരുന്നില്ല. മാഷ് മുഖവുരയിൽ പറയുന്ന പോലെ ഈ പുസ്തകം മുഴുവൻ വായിച്ചാലേ പ്രവാചക ജീവിതത്തിൻ്റെ നിറസൗന്ദര്യം തെളിഞ്ഞു വരൂ. ഹ്രസ്വചിത്രങ്ങൾ ചേർത്തു ചേർത്തു വച്ചൊരുക്കിയ മോഹനഹാരമാണീ കൃതി. 

പ്രവാചകൻ എന്നതിലുപരി മുഹമദ് എന്ന മനുഷ്യനെ ഏറെ ആഴത്തിൽ അടുത്തറിയാൻ ഈ കൃതി സഹായിക്കുന്നു. ഖുർആൻ ആൾരൂപമാർന്നതായിരുന്നല്ലോ ആ ജീവിതം!

ഇംഗ്ലീഷിലെ ജീവചരിത്ര കൃതികളിൽ പ്രഥമഗണനീയമാണ് മാർടിൻ ലിങ്സിൻ്റെ 'മുഹമ്മദ് ' എന്ന് നേരത്തെ പറഞ്ഞു. മലയാള ജീവചരിത്ര ശാഖയിൽ അദ്വിതീയമായ സ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ഏഴ് പതിപ്പുകൾ  ഇറങ്ങിയ ഈ കൃതിയും കരസ്ഥമാക്കിയിരിക്കുന്നു.

ലോകമുള്ളിടത്തോളം കാലം പ്രവാചക മഹത്വം വാഴ്തപ്പെടും. അത്രയും കാലം സൂപ്പി മാഷിൻ്റെ "മുഹമ്മദും" വായിക്കപ്പെടട്ടെ.

No comments:

Post a Comment