ചിലർ അങ്ങനെയാണ്.
ഒരു കാഴ്ചയിൽ, ഒന്നാമത്തെ സംഭാഷണത്തിൽ ഹൃദയത്തോട് ഒട്ടി നിൽക്കും.
'ചെറിയകുമ്പളം കലാസമിതി' ഒരു രാത്രി കൊണ്ട് ഉണ്ടായതാണ്. ചെറിയ കുമ്പളത്തെ കൂട്ടുകാർ ചേർന്നിരുന്ന ഒരു രാത്രി (ഏത് രാത്രിയാണ് ചേർന്നിരിക്കാതി രുന്നിട്ടുള്ളത് !!) പത്താം ക്ലാസിലെ- അതോ പ്രീഡിഗ്രി യുടെയോ- അവധിക്കാലത്ത്. സംഘടന ഉണ്ടായാൽ ഉടനടി വേണ്ടത് കലാപരിപാടി ആണല്ലോ. അദ്ധ്വാനിച്ച് പണപ്പിരിവും മറ്റ് സന്നാഹങ്ങളും നടത്തി ഒരു പ്രദേശത്തിൻറെ മുഴുവൻ ഉത്സവമാക്കി മാറ്റിയ ആ പരിപാടിയുടെ തലേന്നാളാണ് അൻവറിനെ Anwer Paleri കണ്ടുമുട്ടിയത്. നീണ്ടുമെലിഞ്ഞ സുന്ദരൻ. ഡിസംബറിലെ നിലാവത്ത് തണുത്തുവിറച്ചിരുന്ന എനിക്കിടാൻ അവൻ ഒരു ചൂട് കുപ്പായം വെച്ചു നീട്ടി. അന്ന് തുടങ്ങിയ സംഭാഷണവും സഹവാസവും ഇതുവരെ തീർന്നിട്ടില്ല. ഈ ജന്മം തീരുകയുമില്ല.
ഇന്നലെ രാത്രി പ്രസാദ് കൈതക്കലിനെ വിളിച്ചപ്പോൾ അങ്ങനെ ഒരാളെ വീണ്ടും കിട്ടിയെന്നാണ് തോന്നിയത്. മണിയേട്ടനാണ് പ്രസാദിനെ കുറിച്ചും, പ്രസാദിൻ്റെ പുസ്തകത്തെ കുറിച്ചും പറഞ്ഞത്. മണിയേട്ടൻ്റെ വിവരണം കേട്ടന്നുമുതൽ പുസ്തകം വായിക്കാൻ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.
മനോഹരമായ കൈപ്പടയിൽ ഓട്ടോഗ്രാഫ് എഴുതി ഒപ്പിട്ട്, 'പുത്തോലയും കരിയോലയും' മിനിഞ്ഞാന്ന് തപാലിൽ കിട്ടി. പാതി മുക്കാലും വായിച്ചുകഴിഞ്ഞപ്പോൾ എഴുത്തുകാരനെ വിളിക്കാതിരിക്കാൻ വയ്യെന്നായി. ഇന്നലെ രാത്രി ദീർഘനേരം ഞങ്ങൾ സംസാരിച്ചു. നാട്ടുവഴികളും നഗര വഴികളും വേദനകളും സുഗന്ധവും നിറഞ്ഞ ചർച്ച. ജീവിതം പരസ്പരം പറഞ്ഞറിയാൻ ഏറെക്കാലത്തെ സൗഹൃദമൊന്നും ആവശ്യമില്ല. ഒന്നു കാണുകപോലും വേണ്ട. ഫോണിൻറെ അങ്ങേത്തലക്കലെ ശബ്ദം ഹൃദയം തൊടാൻ കെൽപ്പുള്ളതാണെന്നറിഞ്ഞാൽ മാത്രം മതി.
പ്രസാദിൻ്റെ പുസ്തകം, 'പുത്തോലയും കരിയോലയും ' ഓർമ്മക്കുറിപ്പുകളുടെ ഒരു സമാഹാരമാണ്. ഓർമ്മക്കുറിപ്പുകളുടെ സമാഹാരങ്ങൾ ഏറെയെണ്ണംഉണ്ട് മലയാളത്തിലിപ്പോൾ. വലിയവരും ചെറിയവരും ഓർമ്മ എഴുതുന്നു. പ്രശസ്തരും അപ്രശസ്തരും ഓർമ്മ എഴുതുന്നു. ഗൃഹാതുരത മുറ്റി നിൽക്കുന്ന ഒർമ്മക്കുറിപ്പുകൾ എനിക്കെന്നും പ്രിയങ്കരം തന്നെ. പ്രസാദിൻ്റെ പുസ്തകം കൂടുതൽ പ്രിയമുള്ളതാകാൻ കാരണം അതിൻറെ ഉള്ളടക്കം അരങ്ങേറുന്നത് എനിക്ക് കൂടി സുപരിചിതമായ ഗ്രാമ വഴികളിലാണെന്നതാണ്. കൂടാതെ ഒരു കാലത്ത് സിരകളിലൂടെ പതഞ്ഞോടിയിരുന്ന ആവേശം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഇതിൽ തുടിച്ചു നിൽക്കുന്ന ഒരു കഥാപാത്രമാകുന്നു എന്നതും.
സ്ക്കൂളോർമ്മകളിൽ തുടങ്ങുന്ന പുസ്തകം അമ്മയോർമകളിലൂടെ വളർന്ന് പ്രസാദ് ഇടപെടുന്ന സാമൂഹ്യ മണ്ഡലങ്ങളിലാകെ ഒഴുകി പരന്നു നിൽക്കുന്നു.
പുരകെട്ടി മേയുന്നതിനെക്കുറിച്ച് പ്രസാദ് ആദ്യ അദ്ധ്യായത്തിൽ പറയുന്നു. കുട്ടിക്കാലത്ത് എൻ്റെയും ഏറ്റവും ഇഷ്ടപ്പെട്ട ദിവസമായിരുന്നു, പുരകെട്ടി മേയുന്നതിൻ്റെ തലേന്നാൾ. കഴിഞ്ഞകൊല്ലം കെട്ടിമേഞ്ഞ ഓല മുഴുവൻ അഴിച്ചു കളഞ്ഞ് വീടിന് മേൽക്കൂര നഷ്ടപ്പെടുന്ന രാത്രി. ആ രാത്രിയിൽ, ''ഞങ്ങൾക്കെല്ലാവർക്കും ആകാശത്ത് നക്ഷത്രങ്ങളെയും കണ്ട് മഞ്ഞുകൊണ്ട് പുതച്ചുമൂടി കിടക്കാം. അതൊരു രസമുള്ള രാത്രി തന്നെയായിരിക്കും "
കൈതക്കൽ എന്ന പ്രദേശം കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോകും വഴി നടുവണ്ണൂർ കഴിഞ്ഞ് പേരാമ്പ്ര എത്തുന്നതിന് അല്പം മുമ്പായിട്ടാണ്. എണ്ണിയാലൊടുങ്ങാത്ത തവണ അതിലെ കടന്നു പോയിരിക്കുന്നു. ഒന്നു രണ്ടു തവണ ചില ആവശ്യങ്ങൾക്ക് അവിടെ ഇറങ്ങുകയും ചെയ്തിട്ടുണ്ട്. ഇത്രയും സംസ്കാരസമ്പന്നമായ ഒരു പ്രദേശമാണ് അതെന്നറിയാൻ എനിക്ക് പ്രസാദ് കൈതക്കലിൻ്റെ പുസ്തകം വേണ്ടി വന്നു. എൻ്റെ നിരീക്ഷണത്തിൻ്റെ പാകതക്കുറവാകാമത്. അല്ലെങ്കിലും ചുറ്റുപാടിലും കണ്ണു പായിക്കാൻ കഴിയാതെപോയത് തന്നെയാണല്ലോ എന്നും എൻ്റെ കുറവ്. പൂങ്കുലകൾ കയ്യെത്തുന്നിടത്ത് നിൽക്കേ, എത്തിപ്പിടിക്കാനാവാത്ത മരക്കൊമ്പുകൾ തേടിയലഞ്ഞ്, ഇന്നൊടുക്കം, പുളിയൻ മുന്തിരിങ്ങയാണ് ചുറ്റുമെന്ന് നിരാശപ്പെടുന്ന ഭോഷ്ക്കാണല്ലോ എൻ്റെ ജീവിതകഥ.
ഒന്ന് ചികഞ്ഞാൽ എൻറെ ഭൂമികയിലും പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് , പ്രസാദ് തൻ്റെ മനോഹര കൃതിയിലൂടെ ഓർമിപ്പിക്കുന്നു. ഒരുപക്ഷേ പ്രചോദിപ്പിക്കുക പോലും ചെയ്യുന്നു.
ഒന്നുരണ്ടദ്ധ്യായങ്ങളിലെ അൽപ വിരസത ഒഴിച്ചുനിർത്തിയാൽ കൈയിലെടുത്താൽ വായിച്ചു മുഴുമിപ്പിക്കാതെ താഴെ
വെക്കാൻ കഴിയാത്ത പുസ്തകമാണ് പുത്തോലയും കരിയോലയും.
വ്യക്തിപരമായി, ഇതിലെ ഓരോ സംഭവവും ഞാൻ ജീവിച്ച സമാന സംഭവങ്ങൾ ഓർമിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പെയ്ൻറ് പണിക്ക് വേണ്ടി കാടാമ്പുഴയിൽ താമസിച്ചതിനെക്കുറിച്ച് പ്രസാദ് ഓർത്തപ്പോൾ, ഞാനും ബൈജുവും ആലുവയിലെ കുടുസു ലോഡ്ജിൽ താമസിച്ച് സ്പോക്കൺ ഇംഗ്ലീഷ് കാസറ്റുകൾ നടന്നു വിറ്റകാലം ഓർത്തുപോയി. മോഹനേട്ടനേയും ഗോപിയേയും ഓർത്തുപോയി... അങ്ങനെ ഓരോന്ന്.
പുരമേയാൻ പുത്തോലയും കരിയോലയും ഉപയോഗിക്കുന്നു. പുത്തൻ ഓലകൾക്ക് പിൻബലമായാണ്, ഒരു വേനലും മഴയും മഞ്ഞും ജീവിച്ചു തീർത്ത പരിചയസമ്പന്നരായ കരിയോലകളെ ഉപയോഗിക്കുക. പ്രസാദിൻ്റെ ജീവിതാനുഭവങ്ങൾ അദ്ദേഹത്തിനൊപ്പം ജീവിച്ച എന്നെപ്പോലുള്ളവർക്ക് മാത്രമല്ല, ഒരുപക്ഷേ ജീവിതത്തിൻ്റെ കഠിനോഷ്ണങ്ങൾ അറിയാതെ പോകുന്ന ഇന്നത്തെ തലമുറയ്ക്കും പ്രചോദനമാകും.
ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ കൈതക്കലേയും പരിസരത്തെയും അനേകർ നമ്മുടെ മനസ്സുകളിൽ കുടുകൂട്ടുന്നു. ചിരിപ്പിച്ചവർ, കരയിച്ചവർ, നൊമ്പരം ഉള്ളിലൊതുക്കി തലയുയർത്തി നടന്നവർ, അദ്ധ്യാപകരുടെ സമീപനം കൊണ്ടു മാത്രം വിദ്യാഭ്യാസംമടുത്ത കുട്ടികൾ, എല്ലാമുണ്ടായിട്ടും ജീവിത സന്ധ്യയിൽ ഒന്നുമല്ലാതായി പോയവർ, ഉപേക്ഷിക്കപ്പെട്ടവർ...
അരുതായ്മകളോട് കലഹിക്കുന്ന പ്രസാദിനെ ഈ പുസ്തകത്തിലുടനീളം നമുക്ക് കാണാം. ഒരിടത്ത്, ഒരു പാർട്ടി പരിപാടിയുടെ മിനുട്ട് ബുക്കിൽ പേരിൻറെ വാലറ്റത്ത് ആഢ്യത്വം നിറച്ച ആളുകളുടെ പേരുകൾക്കടിയിൽ, പൊയിൽ പ്രസാദ് തീയൻ എന്നെഴുതി ഒപ്പിടുന്നുണ്ട്, അഭിമാനിയായ ഈ കൂട്ടുകാരൻ.
പ്രിയപ്പെട്ട പ്രസാദ്, ഈ പുസ്തകത്തിന്, സകല നിറങ്ങളും പുരണ്ട ഇതിലെ അനുഭവചിത്രങ്ങൾക്ക്, നന്ദി.
''ഒരുപാടാളുകൾ നടന്നു നടന്നു തെളിഞ്ഞു വന്നതാണ് ഇക്കാണുന്ന വഴികളെല്ലാം..
അവരുടെ കാലടികൾ നിരന്തരം പതിഞ്ഞാണ് കൂർത്ത കല്ലുകളെല്ലാം മിനുസമാർന്നത്..."
No comments:
Post a Comment