Sunday, July 25, 2021

നാവ്‌ 2

നാവ്‌ 2

കാര്യങ്ങളൊക്കെ തല കുലുക്കി കേട്ട ശേഷം സൂപ്പീക്ക ചോദിച്ചു. "എല്ല മക്കളേ, എന്ത് ന്നാ ഈ ൻ്റെ പേര്?" നാവ് എന്ന് ഞങ്ങൾ പറഞ്ഞതും, സൂപ്പിക്കാക്ക് അത് തീരെ ബോധിച്ചില്ലെന്ന് മനസ്സിലായി. നാവ് നീട്ടി വല്ലാത്തൊരു ശബ്ദം പുറപ്പെടുവിച്ചിട്ട് ചോദിച്ചു. "നാഓ?" അൽപ്പനേരത്തെ ഇടവേള കഴിഞ്ഞ് എന്തെങ്കിലുമാവട്ടെ എന്ന ധ്വനിയോടെ പറഞ്ഞു. " ആ ! ഏതായാലും മാറ്റർ കൊണ്ട്വാ, നോക്കാം. ഡമ്മി എത്ര വലിപ്പത്തിലാ? എത്ര പേജാ ?" എനിക്ക് ഒന്നും മനസ്സിലായില്ല. അൻവറിന് മനസ്സിലായെന്ന് തോനുന്നു. അവൻ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് ജോലിചെയ്യാൻ തുടങ്ങിക്കഴിഞ്ഞിരുന്നല്ലോ...!

ഒരു പ്രസിദ്ധീകരണമെന്നാൽ ഏറെ പണച്ചെലവുള്ള കാര്യമാണ്. എങ്ങനെ പണം സ്വരൂപിക്കുമെന്ന ചോദ്യമുയർന്നു. പരസ്യം വേണ്ടെന്ന് ആദ്യം തന്നെ തീരുമാനിച്ചു. മുതലാളിത്തത്തിനോട് ആശയപരമായി ഇടയുക എന്നതാണ് മാസികയുടെ അപ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. അതു കൊണ്ടു തന്നെ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഒന്നും മാസികയിൽ ഉണ്ടായിക്കൂടാ. പണമില്ലാത്തവനെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സഹായിക്കുക എന്നത് സമൂഹത്തിൻ്റെ ബാധ്യതയാണ്. സമൂഹത്തിലേക്കിറങ്ങുക , ആളുകളോട് സംഭാവന ചോദിക്കുക. സംഭാവന വെറുതെ ചോദിക്കുകയല്ല. മാസികയുടെ ആജീവനാന്ത വരിക്കാരായി ആളെ ചേർക്കുക. 

അടുത്തയാഴ്ച അൻവർ കോഴിക്കോട്ടു നിന്ന് വന്നത് നിരവധി പണപ്പിരിവ് രശീതികളുമായാണ്. ആധുനിക രൂപഭാവങ്ങളിൽ അവൻ തന്നെ ഡിസൈൻ ചെയ്തത്. നാവിൻ്റെ ആജീവനാന്ത വരിസംഖ്യ ഇരുപത്തഞ്ച് രൂപയായും വാർഷിക വരിസംഖ്യ പത്തു രൂപയായും നിശ്ചയിച്ചു. ഇനി വരിക്കാരെ കണ്ടെത്തണം.

അഫ്സൽ, അൻവർ , സുരേഷ്, മൂവർ സംഘം നടപ്പാരംഭിച്ചു. തുടങ്ങിയപ്പോഴാണ് സംഭവം വിചാരിച്ചത്ര എളുപ്പമല്ലെന്ന് മനസ്സിലായത്.

ആജീവനാന്തം എന്നാൽ എന്താണെന്നായി ചിലരുടെ സംശയം. മാസിക ഉള്ളിടത്തോളം എന്ന് ഉത്തരം. ഒരുലക്കമിറങ്ങി നിന്നു പോയാലോ എന്നായി ചില കച്ചവടക്കാർ. സാഹിത്യ കൗതുകം ഒട്ടുമില്ലാത്തവരേ, പ്രോത്സാഹിപ്പിച്ചില്ലേലും മുടക്കല്ലേ എന്ന് മനസ്സിൽ പറഞ്ഞ് പിന്തിരിഞ്ഞു. സത്യം പറഞ്ഞാൽ ആജീവനാന്തം എന്നത് എത്രയാണെന്ന്‌ ഞങ്ങൾക്കും വലിയ നിശ്ചയമൊന്നുമുണ്ടായിരുന്നില്ല. ഭാവി ആർക്കറിയാം!

സംഭാവന കൊഴുക്കുമെന്നു തന്നെ ഞങ്ങൾ വിശ്വസിച്ചു. ആദ്യ ലക്കത്തിൻ്റെ പ്രിൻറിംഗ് കഴിഞ്ഞ് ബാക്കി വരുന്നതുക കൂട്ടി വച്ച്, 'പാഠഭേദ'ത്തിന് സമാനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ടാബ്ലോയ്ഡായി രണ്ടാം ലക്കം പുറത്തിറങ്ങുന്നത്, കുറ്റ്യാടിപ്പാലത്തിൻ്റെ കൈവരിയിലിരുന്ന് ഞങ്ങൾ കിനാവു കണ്ടു. മലയാള പ്രസിദ്ധീകരണ രംഗത്ത് ഒരു തരംഗമാകാൻ പോവുകയാണ് 'നാവ്.'

ചെറിയ കുമ്പളത്ത് ആജീവനാന്ത വരിക്കാരെ കണ്ടെത്താനായില്ല. നീലേച്ചികുന്നിലും നരിക്കൂട്ടും ചാലിലും ആജീവനാന്ത വരിക്കാരില്ല.  നരിക്കൂട്ടും ചാലിലെ നടപ്പു ദിവസം സുബ്ബുകൃഷ്ണൻ്റെ വീട്ടിൽ കയറിച്ചെന്നു. അവിടെ നിറയെ ആളുകൾ. സുബ്ബു ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നു. വീട്ടിൽ എന്തോ ചടങ്ങ് നടക്കുകയാണ്. സൽക്കാരമോ മറ്റോ ആണെന്നാണോർമ്മ. കാര്യം പന്തിയല്ലെന്നു കണ്ട് പിന്തിരിഞ്ഞ ഞങ്ങൾ മൂവരെയും അവനും ജ്യേഷ്ഠൻ ഡി.ജി. രാധാകൃഷ്ണൻ സാറും പിടിച്ചിരുത്തി വയറ് നിറയെ ഭക്ഷണം തന്നു. 

ബുദ്ധിമുട്ടിയും പ്രയാസപ്പെട്ടും വിശന്നും നടന്ന ആ മഴ ദിനങ്ങളിലൊന്നിലാണ്, പ്രിയപ്പെട്ട കൂട്ടുകാരൻ ഫൈസലിൻ്റെ ഉപ്പ, വി.ടി. മൊയ്തുക്ക മരണപ്പെട്ടത്. മംഗലാപുരത്തു നിന്ന് മുംബയിലേക്ക് പുറപ്പെട്ട ഒരു ടൂറിസ്റ്റ് ബസ്സ് കൊക്കയിലേക്ക് മറിയുകയായിരുന്നു. മൊയ്തൂക്ക ബസ്സിലെ യാത്രക്കാരനായിരുന്നു. ഒരുപാടു പേരെ അസാമാന്യമായ മന:സാനിധ്യത്തോടെ അദ്ദേഹം മരണ ഗർത്തത്തിൽ നിന്ന് ജീവിതത്തിലേക്ക് പിടിച്ചു കയറ്റി. മൊയ്തൂക്കാക്ക് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നുമില്ലാഞ്ഞതിനാൽ ആരും ആശുപത്രിയിലാക്കിയില്ല. ആ മനുഷ്യ സ്നേഹിയുടെ മസ്തിഷ്കം പക്ഷെ രക്തസ്രാവത്താൽ പങ്കിലമായിരുന്നു. അപകടത്തിൽ നിന്ന് കുറേപ്പേരെ രക്ഷിക്കാനായ ചാരിതാർത്ഥ്യത്തോടെ അദ്ദേഹം കണ്ണടച്ചു. 

മൊയ്തൂക്കാമരിച്ചതിന് പിറ്റേന്ന് ചെറിയക്കുമ്പളത്തും കട്ടൻ കോടും പത്രങ്ങൾ വിതരണം ചെയ്യപ്പെട്ടില്ല. മൊയ്തു ക്കായുടെ കുടുംബം ആ ദുരന്ത വാർത്ത അറിയെരുതെന്ന് എല്ലാർക്കും നിർബന്ധമുണ്ടായിരുന്നു. എന്നാൽ ഉച്ചയാകാറായപ്പോഴേക്കും ഒറ്റക്കും തെറ്റക്കും ആളുകൾ ആ വീട്ടിലേക്കെത്തി.  ദുരന്ത വിവരം ഫൈസലിനേയും കുടുംബത്തേയും ധരിപ്പിക്കാൻ ആരൊക്കെയോ മുന്നോട്ടുവന്നു. 

അന്നത്തെ പിരിവിന് പുറപ്പെടുമ്പോൾ ഞങ്ങൾക്ക് മരണവിവരമറിയാമായിരുന്നു.   പിരിവിന് പോകാൻ അന്ന് ഞങ്ങൾക്ക് ഒട്ടും ഉത്സാഹം തോന്നിയില്ല. എല്ലാർക്കും പ്രിയപ്പെട്ടവനായിരുന്നല്ലോ മൊയ്തൂക്ക. പത്തു രൂപയാണ് ഇത്രയും നാൾ നടന്നിട്ട് ആകെ കയ്യിലുള്ളത്. അത് മാത്രമാണ് ഒട്ടും താത്പര്യമില്ലാഞ്ഞിട്ടും സംഭാവന പ്പിരിവിനിറങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത്‌.

ഉച്ചയോടെ, മൊകേരിയിൽ നിൽക്കുകയായിരുന്ന ഞങ്ങളെക്കടന്ന് ഒരാംബുലൻസ്  ബഹളങ്ങളില്ലാതെ, തലയിലെ നീല വെളിച്ചം മാത്രം മിന്നിച്ച് സാവധാനം കുറ്റ്യാടി ഭാഗത്തേക്ക് പോയി. പിരിവ് മതിയാക്കി ഞങ്ങൾ ഫൈസലിൻ്റെ വീട്ടിലെത്തി. 

മുല്ലപ്പൂവിൻ്റെ വാസനയുളള സുഗന്ധദ്രവ്യങ്ങൾ ഇന്നുമെനിക്ക് അലർജിയാണ്. അന്ന് ഫൈസലിൻ്റെ ഉപ്പയുടെ മയ്യത്തിൽ പൂശിയ രാസദ്രവ്യത്തിന് മുല്ലപ്പൂവിൻ്റെ അതിരൂക്ഷഗന്ധമായിരുന്നു. 

പാറക്കടവ് പള്ളിയിലാണ് മയ്യത്തടക്കിയത്. അൻവറും അഫ്സലും നിസ്കരിച്ചു. ഒരുപാടു പേർ മയ്യത്ത് നിസ്കാരത്തിൽ പങ്കെടുത്തിരുന്നു. പള്ളിക്കു വെളിയിലെ തെങ്ങ് ചാരി ഒന്നും മിണ്ടാനില്ലാതെ ചാറ്റൽ മഴയത്ത് ഞാൻ തനിച്ചു നിന്നു. ജീവിതം ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം തരാതെയാണ് പാഞ്ഞു പാഞ്ഞു പോവുന്നത്. അത്തരത്തിലൊരു ചോദ്യമായിരുന്നു  മൊയ്തുക്കായുടെ മരണം.


No comments:

Post a Comment