നാവ് -3
അന്ന് മൊകേരിയിൽ മുടങ്ങിയ പണപ്പിരിവ് രണ്ടു ദിവസം കഴിഞ്ഞ് ഞാനും അൻവറും ഒറ്റക്കണ്ടത്തിൽ പുനരാരംഭിച്ചു. ഉച്ചവരെ ആ പ്രദേശമാകെ കറങ്ങിയെങ്കിലും ഒരു രൂപ പോലും കിട്ടിയില്ല. മഴക്കുശേഷമുള്ള വെയില് കത്തിയാളുന്ന ദിവസമായിരുന്നു. ദാഹവും വിശപ്പും ഒരുപോലെ തീവ്രം. എവിടെയെങ്കിലും ഇരിക്കണം. പറ്റുമെങ്കിൽ കിടക്കണം. തൊട്ടുമുമ്പത്തെ വർഷം അൻവറും ഞാനും സി വി അശറഫും കൂടി ജാനകിക്കാട്ടിലേക്ക് ഒരു സാഹസിക സഞ്ചാരം നടത്തിയിരുന്നു. അടുക്കത്തുവഴി കാട്ടിൽ കയറിയ ഞങ്ങൾ, കാട്ടിലൂടെ നടന്ന് എത്തിച്ചേർന്നത് ഒറ്റക്കണ്ടത്തിലേക്കായിരുന്നു. ആ ഓർമ്മ വച്ച് പതുക്കെ കാട്ടിലേക്ക് നടന്നു.
കുറ്റ്യാടിപ്പുഴ, കളകളാ ചിരിച്ചു കൊണ്ട് വെള്ളിക്കൊലുസും കുപ്പിവളകളും പച്ചയും ഇളം മഞ്ഞയും നിറമുള്ള പട്ടുകുപ്പായവുമിട്ട് ഓടിപ്പോകുന്ന അരുമപ്പെൺകുഞ്ഞാണിവിടെ, വേനൽക്കാലത്ത്. പക്ഷെയിപ്പോൾ അവൾക്ക് ഗൗരവം കൂടിയിട്ടുണ്ട്. ഇടവപ്പാതിയും ഞാറ്റുവേലയും ആ മുഖം കനപ്പിച്ചിരിക്കുന്നു. ഞങ്ങൾ പുഴയിലേക്കിറങ്ങി. എന്തൊരു തണുപ്പ്! കണ്ണീരു പോലെ തെളിഞ്ഞ വെളളം. കാടിൻ്റെ മണം. കാറ്റടിക്കുന്നു. വെയിൽച്ചൂട് ഞങ്ങളെ വിട്ടകന്നു. കൈക്കുമ്പിൾ നീട്ടി വെള്ളം കോരി മുഖം കഴുകി. വയറ് നിറയുവോളം കുടിച്ചു. കരക്കു കയറി കാട് ലക്ഷ്യമാക്കി നടന്നു. വലതു വശത്തുള്ള പറമ്പിൽ ചട്ടയും മുണ്ടും ധരിച്ച വയസ്സായ ഒരു സ്ത്രീ കപ്പ പറിക്കുന്നു. അൻവർ അവരോട് രണ്ട് ചെറിയ കപ്പകൾ ചോദിച്ചു വാങ്ങി. ഇതെന്തിനാണെന്ന് അത്ഭുതപ്പെട്ട എനിക്ക് തിന്നാനാണെന്ന മറുപടി കിട്ടി. പച്ചക്കപ്പ തിന്നാനുള്ള ഗതികേടേതായാലും വന്നിട്ടില്ലെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
കുറ്റ്യാടി ജലസേചന പദ്ധതിയിയുടെ അണക്കെട്ടിൽ നിന്ന് പുറപ്പെടുന്ന പ്രധാന കനാലുകളിലൊന്നിൻ്റെ ഇരുപുറവുമായാണ് ജാനകിക്കാട്. പുഴകടന്നു വേണം കാട്ടിലേക്ക് പോകാൻ. പുഴ കടക്കാനുള്ള വഴിയോ? കനാലിൻ്റെ ഭാഗമായി പുഴക്ക് കുറുകെയുള്ള അക്വാഡക്ടും! അച്ചടക്കമില്ലാത്ത കുസൃതിപ്പുഴക്ക് കുറുകെ ആകാശത്തിലൂടെ, മനുഷ്യൻ ഗതി മാറ്റിയ അവളുടെ തന്നെ അച്ചടക്കമുള്ള മന്ദമായ ഒഴുക്ക്; ഉയർച്ചതാഴ്ചയില്ലാതെ, ഗതി മാറ്റമില്ലാതെ, കിതപ്പില്ലാതെ, കുതിപ്പില്ലാതെ...
കാടിനകത്ത് എപ്പോഴും തണുപ്പാണ്. കിളികളുടെ കരച്ചിൽ. മണ്ണട്ടയുടെ ഒച്ച. പുഴക്ക് സമാന്തരമായ ഒരു ചെറിയ നടപ്പാത. അതിലൂടെ മുന്നോട്ട് നടന്ന് ഇച്ചിരി ചെല്ലുമ്പോൾ നടവഴി വലത്തോട്ട് തിരിഞ്ഞ് കാട്ടിലേക്ക് കയറും. അരയോളമുയരത്തിൽ വളർന്ന അടിക്കാട്. വൻമരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങാൻ വെയില് പാടുപെടുന്നുണ്ടാവും. ഇടക്കെപ്പൊഴെങ്കിലും പോത്തനൊരോന്ത് ചാടി വന്ന് ഇതാരടാ എന്ന് അത്ഭുതത്തോടെ തല ചെരിച്ച് നോക്കി ഓടിപ്പോകും. ഒരു പച്ചിലപ്പാമ്പ് പച്ചിലച്ചാർത്തിൽ ചുറ്റി നിന്ന് തലയാട്ടും. പുല്ലാഞ്ഞി തിങ്ങിയ ഇടങ്ങൾ, വെയിലും നിഴലുമിളക്കി മൂർഖൻ്റെ ക്രൗര്യം തോന്നിക്കും. (ഇന്നു പക്ഷെ ഇതൊക്കെ അവിടെയുണ്ടോയെന്നറിയില്ല. ഞങ്ങളുടെ ജാനകിക്കാടിനെ ടൂർവിഷം തീണ്ടിപ്പോയല്ലോ!)
നടവഴി നീണ്ടു ചെല്ലുന്നിടം ഒരു ചെറിയ തുറസ്സാണ്. അവിടെ ഒരു മരം ഉണങ്ങി വീണു കിടപ്പുണ്ട്. ഞാൻ മരത്തടിയിലിരുന്നു. എവിടെയോ ഒരു കുയിൽ കൂവുന്നുണ്ട്. ജീവൻ്റെ ഉർജ്ജ സ്പന്ദനമാണ് ചുറ്റും. അത് എന്നെച്ചൂഴുന്ന സ്വാന്തനമായി ഞാൻ തൊട്ടറിഞ്ഞു. സ്വാസ്ഥ്യം...
വെറുതെയിരുന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അൻവർ ചുള്ളിക്കൊമ്പുകളും കരിയിലകളും പെറുക്കിക്കൂട്ടാൻ തുടങ്ങി. ആദ്യം കരിയിലകൾ കൂട്ടി വച്ചു. സംഭാവന രശീതുകൾ വച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് ഒരു പേജ് കീറിയെടുത്ത് ചുരുട്ടി തീപ്പെട്ടിയുരച്ച് കത്തിച്ച് കരിയിലക്ക് തീയിട്ടു. മഴ നനഞ്ഞ കരിയില കത്താൻ വിസമ്മതിച്ചു കൊണ്ടിരുന്നു. പുക പൊന്തി. കരിയില കത്തിത്തുടങ്ങിയപ്പോൾ അതിലേക്ക് ചെറിയ ചുള്ളിക്കമ്പുകൾ.. ചുള്ളിക്കമ്പുകൾ കത്തിയുയർന്നപ്പോൾ മരത്തിൻ്റെ തടിയിൽ നിന്നടർത്തിയെടുത്ത വലിയ രണ്ടു മൂന്ന് കമ്പുകൾ. കമ്പുകൾകത്താൻ തുടങ്ങിയപ്പോൾ അതിനു മുകളിലേക്ക് അവൻ നേരത്തെ അക്കരെ നിന്ന് ചോദിച്ചു വാങ്ങിയ ചെറിയ രണ്ടു കപ്പകൾ വച്ചു. പുക ഉയരുന്നുണ്ട് .എനിക്ക് പേടിയായി. "എടാ ഫോറസ്റ്റ്കാര് വരും. പ്രശ്നാകും " ഞാൻ പറഞ്ഞു. "ഏത് ഫോറസ്റ്റ് കാര് ?" അവന് കൂസലില്ല. അവൻ ഒരു ചുള്ളിക്കൊമ്പു കൊണ്ട് കപ്പ തിരിച്ചും മറിച്ചുമിട്ട് തീ കൊള്ളിക്കുന്നു. കണ്ണിലേക്ക് പുകയും ചൂടു മടിക്കുമ്പോൾ മുഖം വെട്ടിക്കുന്നു. അൽപ്പം കഴിഞ്ഞപ്പോൾ തീയൊട്ട് കുറഞ്ഞു. കപ്പ വേവുന്ന മണം. കനലിൽ കിടന്ന് അവ പൊട്ടുകയും ചീറ്റുകയും ചെയ്യുന്നു. തീ അണഞ്ഞ് ചാരവും കനലുംമാത്രമായി. അതിനകത്ത് തൊലികരിഞ്ഞ കപ്പകളും.
അവൻ എന്നെ നോക്കി ഉച്ചത്തിലൊന്നു ചിരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വീണ്ടും രണ്ട് താളുകൾ കൂടെ നഷ്ടമായി. അൻവർ ചുട്ടെടുത്ത കപ്പകളുടെ വലിപ്പം പരിശോധിച്ചു. വലുത് അവനും ചെറുത് എനിക്കും. "ഞ്ഞി എന്ന പുച്ഛിച്ചതല്ലേ?" എന്ന കുസൃതിയും ചിരിയും. ആഴ്ച്ചപ്പതിപ്പിൻ്റെ താളിൽ വച്ച കപ്പ തൊലികളഞ്ഞ് ചൂടോടെ വായിലേക്കിട്ടു. നാവിലലിഞ്ഞു പോകുന്ന മൃദുത്വം. മറന്നിരുന്ന വിശപ്പ് ആളിക്കത്തി. അത്രയും സ്വാദുള്ള ഒരു ഭക്ഷണം അന്നുവരേയോ അതിനു ശേഷമോ ഞാൻ കഴിച്ചിട്ടില്ല!
കുറേ നേരം കൂടി അവിടെയിരുന്ന് ഞങ്ങൾ ഒറ്റക്കണ്ടത്തിലേക്ക് തിരികെ നടന്നു. ക്ഷീണം മാറിയിരിക്കുന്നു. വെയിൽ താണു. കിഴക്ക് വീണ്ടും കറുപ്പ് ഉരുണ്ടുകൂടുന്നു.
കാടിൻ്റെ അനുഗ്രഹമോ എന്നറിയില്ല, അന്ന് പിന്നീടുള്ള സമയം ഐശ്വര്യപൂർണ്ണമായിരുന്നു. വൈന്നേരത്തിനു മുമ്പ് രണ്ട് വാർഷിക വരിക്കാരെ കിട്ടി.
ഒറ്റക്കണ്ടത്തിൽ നിന്ന് പന്തിരിക്കരക്ക് രണ്ടു കിലോമീറ്റർ കഷ്ടിയുണ്ട്. ആ ദൂരം നടന്നു തീർന്നപ്പോഴേക്കും മഴ പൊടിയാൻ തുടങ്ങി. മഴ നനയാതെ കയറി നിന്നത് ഒറ്റക്കണ്ടംറോഡ് മെയിൽ റോഡിനോട് ചേരുന്നതിനടുത്തുള്ള ചെറിയ ചായക്കടയുടെ ഇറയത്ത്. ഉള്ളിൽ നിന്ന് ഇറച്ചിവെന്ത സുഗന്ധം. ഞങ്ങൾ പരസ്പരം നോക്കി. പിന്നെ അമാന്തിച്ചില്ല. ഉള്ളിലേക്ക് കയറി. വയറ് നിറയെ കപ്പ വേവിച്ചതും ഇറച്ചിയും കഴിച്ച് പുറത്തിറങ്ങിയപ്പോൾ മഴ പെയ്ത് തോർന്നിരുന്നു. വാർഷിക വരിസംഖ്യയുടെ നല്ലൊരു ഭാഗം ചോർന്നു പോയുമിരുന്നു.
നടന്നും ഓടിയും കിതച്ചും മാസം മൂന്നു കഴിഞ്ഞു പോയി. അൻവർ അന്ന് കോഴിക്കോട്ടെ ഒരു പ്രസിദ്ധീകരണത്തിൽ സബ് എഡിറ്ററാണ്. ഞാനാകട്ടെ തൊഴിൽ തെണ്ടലും, പഠനവും അങ്ങനെ ... നാവിലേക്കുള്ള പണപ്പിരിവ് എങ്ങുമെത്തിയില്ല. എന്നാലും ആ സ്വപ്നം ഉള്ളിൽ ഒരു കനലായി നീറി ക്കൊണ്ടിരുന്നു...
തീരുന്നില്ല...
No comments:
Post a Comment