നാവ് - 1
നാവ് എന്നായിരുന്നു അതിന് പേര്.
ഒരു പാടാഴ്ചകളിലെ സംവാദങ്ങൾക്കു ശേഷമാണ് പേര് തീരുമാനമായത്. എഡിറ്റർ: അൻവർ പാലേരി . സർക്കുലേഷനും അനുബന്ധ പരിപാടികളും: അൻവർ പാലേരി. മറ്റ് ശിങ്കിടി മുങ്കൻ പരിപാടികളും സഹവർത്തിത്വവും : സുരേഷ് ശേഖരൻ. അങ്ങനെയായിരുന്നു അതിൻ്റെ ഒരു സംഘടനാ രീതി. പിന്നെ അല്ലറച്ചില്ലറ എഴുത്തിനും സഹവാസത്തിനും ഒക്കെയായി അഫ്സൽ കെ.എസ്, അശ്റഫ് സി.വി, മുതലായ സ്ഥിര ആസ്ഥാന കവികളും. (വേറെയും ആരൊക്കെയോ ഉണ്ടായിരുന്നു. വാർദ്ധക്യം എൻ്റെ ഓർമ്മ മറയ്ക്കുന്നു)
പുസ്തകം അച്ചടിക്കുന്നതിനെപ്പറ്റിയായിരുന്നു ആദ്യ ചർച്ച. ഇൻലൻറ് മാസികകൾ കൊടി കുത്തി വാഴുന്ന കാലം. "ഇന്ന് " എന്ന പേരിൽ മണമ്പൂർ രാജൻ ബാബു മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് പ്രചോദനം. അത് കൂടാതെ അന്ന് വളരെ നന്നായി നടക്കുകയും പിന്നീട് മുടങ്ങിപ്പോവുകയും ചെയ്ത, അതിനൂതന വിചാര ധാരകൾ ഉൾക്കൊണ്ട അനേകം ചെറുമാസികകൾ വേറെയും.
നമുക്ക് ഇൻല്ലാൻ്റ് മാസിക വേണ്ട, ലിറ്റിൽമാസിക മതി എന്ന് അദ്യമേ തീരുമാനമായി. രണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്ന് അന്നും ഇന്നും എനിക്ക് പിടിയില്ല. ഇൻലാൻ്റാകുമ്പോൾ ആശയ പ്രകട നത്തിനുള്ള സ്പേസ് തുലോം കുറഞ്ഞു പോകുമെന്നതാണ് കാരണമായി ഉന്നയിക്കപ്പെട്ടത്.
പ്രസ്സിലെ സൂപ്പിക്കയോടാണ്, ആദ്യമായി മൂന്നാമതൊരാളോട് പ്രസിദ്ധീകരണത്തിൻ്റെ ആശയം ചർച്ച ചെയ്തത്. പലേ പ്രസ്സുകൾ അക്കാലത്ത് കുറ്റ്യാടിയിൽ ഉണ്ടായിരുന്നെങ്കിലും (ശക്തി പ്രസ്സിലെ ആളിൻ്റെ ശക്തി കൂടിയ മസിലുകൾ ഓർമ്മയിലുണ്ട്) സൂപ്പിക്കയുടെ പ്രസിദ്ധീകരണ സ്ഥാപനം മാത്രമാണ് പുസ്തകങ്ങൾ അച്ചടിച്ചിരുന്നത്.
കുറ്റ്യാടി എന്ന പ്രദേശത്തേയും അതിൻ്റെ ചരിത്രത്തേയും കുറിച്ച് തികച്ചും വിശദവും സമഗ്രവുമായൊരു സ്മരണിക തയ്യാറാക്കിയ ആളായിരുന്നു പ്രസ്സിലെ സൂപ്പിക്ക എന്ന് ഞങ്ങൾ വിളിക്കുന്ന പി. സൂപ്പി. ഒരു സ്ഥലത്തേയും അതിൻ്റെ ചരിത്രത്തേയും സംഭവ വികാസങ്ങളേയും ജനങ്ങളേയും കുറിച്ച് ഇത്തരത്തിലൊരു പുസ്തകം കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും.
കുറ്റ്യാടിയുടെ സ്മരണിക പ്രകാശിക്കപ്പെട്ടത് ചെറിയകുമ്പളത്ത് വച്ചായിരുന്നു. സ്മരണികക്ക് വേണ്ടി ഏറെ പ്രയത്നിച്ച ഞങ്ങളുടെ സുഹൃത്തും സീനിയറുമായ ആറ്റക്കോയയുടെ, Atta Thangal ഉദ്ഘാടനച്ചടങ്ങിലെ പ്രസംഗം ഞാനിന്നുമോർക്കുന്നു. നാദാപുരം ഭാഗത്ത് നടന്നിരുന്ന വർഗ്ഗീയ സംഘട്ടനങ്ങളുടെ പേരിൽ വടകര താലൂക്കിൽ നിരോധനാജ്ഞ നിലനിന്നിരുന്ന കാലമായിരുന്നു. സമ്മേളനങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും വിലക്ക്. ചെറിയ കുമ്പളം കൊയിലാണ്ടി താലൂക്കിലാണല്ലോ.
മലബാറിലെ സാഹിത്യകാരൻമാരുമായെല്ലാം ഏറെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു സൂപ്പിക്ക. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ വലിയൊരു ചിത്രം സൂപ്പിക്കയുടെ വസന്ത പ്രസ്സിൻ്റെ ചുമരിൽ തൂക്കിയിരുന്നു. ഞാൻ ആദ്യമായി ക്കാണുന്ന, സാഹിബിൻ്റെ ചിത്രവും അതു തന്നെ. അതു കൊണ്ടു തന്നെ അബ്ദുറഹിമാൻ സാഹിബിൻ്റെ ചിത്രം എവിടെ കണ്ടാലും ഞാൻ വസന്താ പ്രസ്സിനേയും സൂപ്പിക്കയേക്കും ഓർക്കുന്നു.
സൂപ്പിക്കയുടെ വേറൊരു സുഹൃത്ത് അഡ്വക്കറ്റ് സി.എം. അഹമ്മദ് കുട്ടി സാഹിബ് ആയിരുന്നു. വക്കീലിനെക്കുറിച്ചുള്ള എൻ്റെ ഓർമ്മകൾ വേറെ എഴുതാം. ഒറ്റക്കാര്യം മാത്രം. ഇന്നാൾ നവാബ് രാജേന്ദ്രനെക്കുറിച്ചുള്ള ഒരു ഡോക്യുമെൻ്ററികണ്ട്, ഹരി, എൻ്റെ പുത്രൻ, എന്നോട് ചോദിച്ചു. ഇത്രയും വലിയൊരാൾ കേരളത്തിൽ ജീവിച്ചിരുന്നോ എന്ന്? ഞാനന്നേരം, കുറ്റ്യാടി , ആര്യവൈദ്യശാലക്കു മുമ്പിലെ വൈന്നേരം ഓർത്തു. സി എം പ്രിയത്തോടെ അരികിൽ വിളിച്ച് നവാബിനെ പരിചയപ്പെടുത്തിയ വൈന്നേരം. അയഞ്ഞ കാവിയുടുത്ത കലാപകാരിയായ നവാബ്.
വക്കീലിൻ്റെ കൂണുകൾ എന്ന നോവൽ പ്രസിദ്ധീകരിച്ചത് സൂപ്പിക്കയുടെ പ്രസിദ്ധീകരണ സ്ഥാപനമാണ്. നല്ല ഒരു നോവലായിരുന്നു കൂണുകൾ. ഏറെ പതിറ്റാണ്ടുകൾക്ക് ശേഷം തൊണ്ടിപ്പൊയിലിനെക്കുറിച്ച് വേറെയും ചില രചനകൾ ഉണ്ടായി - കുറ്റ്യാടിയുടെ പ്രാചീന നാമമാണ് തൊണ്ടിപ്പൊയിൽ - പക്ഷെ അവയെക്കാളൊക്കെ മേലെയായിരുന്നു കൂണുകൾ. കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ ഹാളിൽ വച്ച് നടന്ന കൂണുകളുടെ പ്രകാശനച്ചടങ്ങ് ഇന്നും ഓർമ്മയുണ്ട്. അന്നത്തെ സർക്കാറിലെ ഒരു മന്ത്രിയും, അക്ബർ മാഷും, സൈനുദ്ദീൻ മാഷും, ഇ വി അബ്ദു സാഹിബും ഒക്കെയായി...
കുറ്റ്യാടിയുടെ ഓർമ്മകളുടേയും കൂണുകളുടെയും ഓരോ കോപ്പി വീട്ടിലുണ്ടായിരുന്നത് എങ്ങനെയോ നഷ്ടമായി. ഈയിടെ കുറ്റ്യാടി ചെന്നപ്പോൾ രണ്ടിൻ്റേയും കോപ്പിക്കുവേണ്ടി കുറേ അന്വേഷിച്ചു. കിട്ടിയില്ല. പുനഃപ്രകാശനം അർഹിക്കുന്ന ഗ്രന്ഥങ്ങളാണ് രണ്ടും. ആ വഴിക്ക് കുറ്റ്യാടിയിലെ എൻ്റെ കൂട്ടുകാർ ഉത്സാഹിക്കേണ്ടിയിരിക്കുന്നു...
No comments:
Post a Comment