അയ്യപ്പദർശനം.
ജീവിതത്തിൽ ചില നേരങ്ങളുണ്ട്. നിരാലംബതയുടെ അടിത്തട്ടു കാണാത്ത ആഴിയിൽ വീണുപോകുന്ന അവസ്ഥ. മീനമാസത്തിലെ കൊടുംവെയിലിൽ മരുഭൂമിയുടെ കൊടും വിജനതയിൽ ഒറ്റക്കായിപ്പോകുന്ന അനുഭവം.
ഒരു വയസ്സ് തികയാത്ത കുഞ്ഞ്. വിവാഹം കഴിഞ്ഞ് ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഒരു വലിയ തറവാടിന്റെ സുരക്ഷിതത്വത്തിൽനിന്ന് എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടി. തരക്കേടില്ലാത്ത ശമ്പളം കിട്ടിക്കൊണ്ടിരുന്ന ജോലി രാജിവച്ച് കച്ചവടം നടത്തി പൊളിഞ്ഞ് ആകെ ഗതികെട്ടു പോയ ഭർത്താവ്. രണ്ടായിരാമാണ്ടിൽ എൻ്റെ അവസ്ഥ ഇതായിരുന്നു.
ഒരു രൂപ പോലും കയ്യിലില്ല. സമൂഹം, ജോലി നഷ്ടപ്പെട്ട, വരുമാനം പെട്ടെന്ന് നിലച്ചുപോയ ഒരാളെ എങ്ങനെ കാണുന്നുവെന്ന് അനുഭവിച്ചു തന്നെ അറിയണം. ഭക്ഷണം ഇറങ്ങില്ല. അത്രക്കാണ് അപമാനം. കുത്തുവാക്കുകൾ, അവജ്ഞനിറഞ്ഞ നോട്ടം. പൊരിവെയിലിൽ ഗതി കെട്ട് നിന്നു പോയ ആ വേനലിൽ അല്പമെങ്കിലും കുളിരായത് അച്ഛൻ്റെ ആശ്വാസ വാക്കുകളും ലതയുടേയും കുഞ്ഞിൻ്റേയും സാമീപ്യവുമാണ്.
ഇന്ന് എൻ്റെ മുഖത്തു നോക്കി വെളുക്കെ ചിരിക്കുന്ന പല സൗഹൃദങ്ങളും അക്കാലത്ത് പുറം തിരിഞ്ഞു നിന്നവയാണ്. ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ നോക്കാതെ ഒപ്പം ചേർത്തു നിർത്തുന്നത് ആരൊക്കെയാണെന്നും ഇങ്ങനെ ഒരവസ്ഥ എനിക്ക് കാണിച്ചു തന്നു. സുകൃതങ്ങളായ ചില അപൂർവ സൗഹൃദങ്ങൾ.. അമൃത സ്പർശിയായ ചില ബന്ധങ്ങൾ.
ഗതികേടിൻ്റെ ദിനരാത്രങ്ങൾ പൊഴിയവേ ചെറു ജോലികൾ കിട്ടിത്തുടങ്ങി. പിന്നെ കോഴിക്കോട്ട് പുതുതായി തുടങ്ങിയ ഒരു കമ്പനിയിൽ സെയിൽസ്മാൻ. (നജീബ് ഭായ്.. താങ്കൾ എവിടെയാണ്. ഒട്ടും പരിചയമില്ലാത്ത കച്ചവത്തിന്റെ ചുമതല എന്നെ ഏൽപ്പിച്ച ധൈര്യത്തിനുമുന്നിൽ ഇന്നും ഞാൻ നമിക്കുന്നു)
കണ്ണൂർ മുതൽ ഏറണാകുളം വരെ OHP ഫിലിമുകളുടെ വിൽപ്പന. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ചുട്ടുപൊള്ളുന്ന വെയിലത്ത് സ്റ്റേഷനറി കടകൾതോറും കേറിയിറങ്ങി നടക്കും. പലയിടങ്ങളിൽ മുട്ടിയാലേ ഒരു ഓർഡർ കിട്ടൂ. കോഴിക്കോട് REC യുടെ സ്റ്റോറും കണ്ണൂർ എൻജിനീറിങ് കോളേജിൻ്റെ സ്റ്റോറും പതിവായി വലിയ ഓർഡറുകൾ തന്നിരുന്നത് ഞാനിന്നും നന്ദിയോടെ ഓർക്കുന്നു. ഏറണാകുളത്തുള്ള ഭീമാകാരൻമാരായ കടക്കാരിൽ പലരും കാശ് തരാതെ പറ്റിച്ചിട്ടുണ്ട്. ഭാഗ്യവശാൽ വലിയ ഓർഡറുകളൊന്നും അത്തരത്തിലുള്ളവർ തന്നിരുന്നില്ല. തന്നിരുന്നെകിൽ കൂനിൻമേൽ കുരുപോലെ അതുകൂടി ഞാൻ സഹിക്കേണ്ടി വരുമായിരുന്നു.
ഏറണാകുളത്തും തൃശൂരും പോയിരുന്ന ദിവസങ്ങളിൽ കൊതുകുകൾ നിറഞ്ഞ, വില കുറഞ്ഞ , വൃത്തിഹീനമായ ലോഡ്ജ് മുറികളിൽ ആഴ്ചകളോളം താമസിക്കും. രാത്രിയിൽ, റിസപ്ഷനിൽ നിന്ന് ടെലിഫോൺ ഡയറക്ടറി സംഘടിപ്പിച്ച് നഗരത്തിലെ പ്രധാന സ്റ്റേഷനറി കടകളുടെ നമ്പറുകൾ യെല്ലോ പേജ് നോക്കി കണ്ടു പിടിച്ച് ചെറിയൊരു നോട്ടുപുസ്തകത്തിൽ കുറിച്ചു വെക്കും. രാവിലെ ഒരു ചായ മാത്രം കുടിച്ച് ഒമ്പത് മണിക്ക് പുറപ്പെടും. ഏതെങ്കിലും ടെലഫോൺ ബൂത്തിൽ കയറി കടകളിലേക്ക് വിളിച്ച് അവരുടെ സ്ഥലവും ചെല്ലേണ്ട സമയവും അറിഞ്ഞു വെക്കും. പിന്നെ വെയിലറിഞ്ഞുള്ള നടത്തം. ഉച്ചയാകുമ്പോഴേക്കും ബനിയനും ഷർട്ടും വിയർപ്പിൽ കുതിരും. ലോഡ്ജിൽ തിരിച്ചെത്തി ബനിയൻ അലക്കി വിരിച്ച് വേറൊന്നിട്ട് വീണ്ടും വെയിലിലേക്കിറങ്ങും. ഇടക്കെപ്പൊഴെങ്കിലും ഏതെങ്കിലും വഴിയോരക്കടയിൽ നിന്ന് ഭക്ഷണം. പണം വളരെ ശ്രദ്ധിച്ചു വേണം ചെലവാക്കാൻ. ഒട്ടും നിവൃത്തിയില്ലാതെ മുട്ടിപ്പോയ ഒരു ദിവസം നജീബ് ഭായിയെ ഞാൻ ഫോൺ ചെയ്തു. " ഇച്ചിരി പൈസ വേണം" കനത്ത ഒച്ചയിൽ അങ്ങേത്തലക്കൽ ഒരു മൂളൽ മാത്രം . പിറ്റേ ദിവസം, ലോഡ്ജിന്റെ അഡ്രസ്സിൽ എനിക്കൊരു കൊറിയർ വന്നു. എൺപത് പേജിൻ്റെ ഒരു നോട്ടുപുസ്തകം. അതിലെ ഒന്നാം പേജിൽ ഒരു കത്ത്. " ഒന്നും പേടിക്കേണ്ട. പണം ആവശ്യം വരുമ്പോൾ വിളിച്ചോളൂ." നോട്ടുപുസ്തകത്തിൻ്റെ നടുവിൽ നൂറിൻ്റെ ഇരുപത് നോട്ടുകൾ. കണ്ണ് നിറഞ്ഞുപോയി. അത്തറിനെ മണമുള്ള ആ നോട്ടുപുസ്തകം കുറേക്കാലം ഞാൻ ഒരു നിധിപോലെ സൂക്ഷിച്ചിരുന്നു....
ഏറണാകുളത്തെ ഒരു വേനൽ ദിവസം ജ്യൂസ്ട്രീറ്റിലൂടെ നടക്കുമ്പോഴാണ് അന്ന് വൈകുന്നേരം സുകുമാർ അഴിക്കോടിൻ്റെ പ്രസംഗം രാജേന്ദ്ര മൈതാനിയിൽ വച്ച് നടക്കുന്നതായി ഒരു ജീപ്പിൽ മൈക്കു കെട്ടി വിളിച്ചു പറഞ്ഞു പോകുന്നത് കേട്ടത്. സുകുമാർ അഴിക്കോടും വീരേന്ദ്രകുമാറും തമ്മിൽ, വലിയ വാദ കോലാഹലങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. തത്വമസി മോഷണമാണെന്ന വീരേന്ദ്രകുമാറിൻ്റെ വാദം അഴീക്കോടിനെ വല്ലാതെ ചൊടിപ്പിക്കുകയും ഉറ്റമിത്രങ്ങളായിരുന്നവർ പിണങ്ങി അങ്ങാടി പ്രസംഗങ്ങളിൽ പരസ്പരം ചെളി വാരി എറിയുകയും ചെയ്തു. അന്ന് വൈന്നേരം അഴീക്കോട് തൻ്റെ ഭാഗം വിശദീകരിക്കുകയായിരുന്നു, ഏറണാകുളത്ത്.
അന്നത്തെ രാജേന്ദ്ര മൈതാനം ഒരു ആംഫി തിയേറ്ററിന്റെ പ്രാഗ്‌രൂ പമായിരുന്നു. ആറു മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ പരിപാടിക്ക് അഞ്ചു മണിക്കുതന്നെ ഞാൻ ചെന്ന് ഏറ്റവും മുന്നിലത്തെ നിരയിൽ ഇരിപ്പുറപ്പിച്ചു. മുന്നിൽ നഗ്നമായ ഒരു ബൾബ് മരക്കൊമ്പിൽ നിന്ന് കെട്ടി താഴ്ത്തിയിട്ടുണ്ട്. ഒരു മൈക്ക്, കസേര. വേറെ ആർഭാടങ്ങളൊന്നും വേദിക്കില്ല.
ഏഴായപ്പോഴേക്കും സദസ്സ് നിറഞ്ഞു.
അഴീക്കോട് വിശ്വപ്രസിദ്ധമായ തൻ്റെ ശൈലിയിൽ പതിഞ്ഞ താളത്തിൽ പ്രസംഗമാരംഭിച്ചു. കായലിൽ നിന്ന് ഒഴുകി വരുന്ന സുഖദമായ കാറ്റിൽ പകലിൻ്റെ ഉഷ്ണം അലിഞ്ഞൊഴുകുന്നു. അഴീക്കോടിൻ്റെ മുഴങ്ങുന്ന ശബ്ദം റോഡ് മുറിച്ചുകടന്ന് എറണാകുളത്തപ്പൻ്റെ ചുറ്റുമതലിൽ അലയടിക്കുകയായി. പതിഞ്ഞ താളം മെല്ലെ ഉയർന്ന് മുറുകി. ഒരു ഘട്ടത്തിൽ അഴീക്കോട് പറഞ്ഞ അർത്ഥഗർഭമായ ഒരു ഫലിതത്തിൽ സദസ്സ് പൊട്ടിച്ചിരിച്ചു. എൻ്റെ ഇടതുവശത്തിരുന്നയാളാണ് ഏറ്റവും ഉറക്കെ പൊട്ടിച്ചിരിക്കുന്നത്. ഫലിതത്താൽ പരിഹസിക്കപ്പെട്ട വീരേന്ദ്രകുമാറിനോട് എന്തോ പകയുള്ളതുപോലെ! ഞാൻ അയാളെ സൂക്ഷിച്ചു നോക്കി. അരണ്ട വെളിച്ചത്തിലും ആളെ തിരിച്ചറിയാനായി. അയ്യപ്പൻ! കവി! എൻ്റെ കാലു മുതൽ മൂർദ്ധാവു വരെ ഒരു തരിപ്പ് പാഞ്ഞുകയറി. ഇടതുവശത്തെ പ്രതിഭാ സാനിധ്യമറിഞ്ഞതും പിന്നീടുള്ള പ്രസംഗം എനിക്ക് ശ്രദ്ധിക്കാനായില്ല. ഇടക്കിടെ ഞാൻ അയ്യപ്പനെ നോക്കുന്നു. രാജേന്ദ്ര മൈതാനത്ത് കുന്തിച്ചിരുന്ന് അയ്യപ്പൻ ഇടക്കിടെ ചിരിയോടെ എന്നെയും നോക്കുന്നു. ഇവനാരെടാ എന്നാണ് ആ കണ്ണുകളിലെ ഭാവം.
എട്ടര മണിയോടെ പരിപാടി സമാപിച്ചു. തണുത്ത കാറ്റ് അടിച്ചു കൊണ്ടേയിരുന്നു. പാർക്ക്അവന്യുവിലെ തിരക്കിലേക്ക് കടക്കവേ മുതുകിൽ ഒരു കൈ വന്നു വീണു. തിരിഞ്ഞു നോക്കിയപ്പോൾ, കവി! "നീയെന്തിനാടാ എന്നെ നോക്കിക്കൊണ്ടിരുന്നത്? നിനക്കെന്നെ അറിയാമോ?" ചോദ്യം! കവിയെ ആർക്കാണറിയാത്തതെന്ന മറുചോദ്യം ഇഷ്ടമായെന്ന് തോന്നി. പിന്നെ ചോദ്യങ്ങളുണ്ടായില്ല. ഞാൻ ഇടത്തോട്ട് തിരിഞ്ഞപ്പോൾ തോളിൽ കയ്യിട്ട് കവിയും എന്നോടൊപ്പം. മദ്യത്തിൻ്റെ മണമുണ്ടോ? ഞാൻ മൂക്കുവിടർത്തി. ഒന്നും തോന്നിയില്ല. "എവിടെയാ നിൻ്റെ സ്ഥലം?" ഞാൻ സ്ഥലം പറഞ്ഞു. "ഓ.. അവിടെയൊക്കെ ഞാൻ വന്നിട്ടുണ്ടല്ലോ!" പിന്നെയും നുറുങ്ങ് നുറുങ്ങ് വർത്തമാനങ്ങൾ. മലയാളത്തിൻ്റെ ഒരു വലിയ കവിയാണ് തോളിൽ കയ്യിട്ട് കൂടെ നടക്കുന്നത്. ആളുകൾ പരിചയ ഭാവത്തിൽ അയ്യപ്പന് നേരെ തല കുലുക്കുകയും കയ്യുയർത്തുകയും മറ്റും ചെയ്യുന്നുണ്ട്. കവിയാകട്ടെ, ചിലരോട് പൊട്ടിച്ചിരിക്കുന്നു. മറ്റു ചിലരോട് ഉറക്കെ കുശലം പറക്കുന്നു. പ്രഭാഷണത്തെക്കുറിച്ച് അഭിപ്രായം തിരക്കിയവരോട് മറുപടി ശബ്ദമുയർത്തിപ്പറയുന്നു ... ഞാൻ സങ്കോചം കൊണ്ട് ചൂളി ഒപ്പം ..
എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. കാര്യം എങ്ങനെ പറയും? "എനിക്കിച്ചിരിയെന്തെങ്കിലും കഴിക്കണമായിരുന്നു.
" ഞാൻ ശങ്കിച്ച് ശങ്കിച്ചാണ് പറഞ്ഞത്. മഹാൻമാരോട് എങ്ങനെ പെരുമാറണമെന്ന് എനിക്ക് പരിശീലനം കിട്ടിയിട്ടില്ലല്ലോ! ഉള്ളിൽ, അയ്യപ്പനെക്കുറിച്ച് കേട്ട കഥകൾ തികട്ടിത്തികട്ടി വന്നു കൊണ്ടിരുന്നു. മദ്യപിച്ച് പിച്ചും പേയും പറയുന്നയാൾ. ആരുടെയായാലും കീശയിൽ കയ്യിട്ട് കിട്ടുന്നതെല്ലാം എടുത്തു കൊണ്ടു പോകുന്നയാൾ.... എന്നിങ്ങനെ. എൻ്റെ കീശയിലാണെങ്കിൽ ആ ദിവസത്തെ കലക്ഷൻ മുഴുവൻ കിടപ്പുണ്ട്. ഇപ്പോൾ അതെടുത്ത് മാറ്റാൻ ശ്രമിച്ചാൽ അനൗചിത്യമാവും. കവിക്ക് തീർച്ചയായും എന്നോട് നീരസം തോന്നും. എന്തു ചെയ്യേണ്ടൂ എന്ന് ശങ്കിച്ച് ഒന്നും ചെയ്യാതെ ഞാൻ കവിയോടൊപ്പം നടത്തം തുടർന്നു.
മഹാരാജാസും കോർപ്പറേഷൻ ഓഫീസും കഴിഞ്ഞ് വലത്തോട്ട് ഒരു വഴിയുണ്ട്. കാനൻ ഷെഡ് റോഡ് എന്നാണാ വഴിയുടെ പേര്. ഈ വഴിയെക്കുറിച്ച് ഒരു പാട് പറയാനുണ്ട്. അത് വഴിയെ പറയാം. ആ വഴിയുടെ ഇടതു വശത്താണ് കോഫീ ഹൗസ്. ഞാൻ മെല്ലെ വലതുപക്ഷം ചേർന്നു.
കവിയും ഞാനും കോഫി ഹൗസിൽ കേറിച്ചെന്നപ്പോൾ അവിടത്തെ കിരീടധാരികൾ ബഹുമാനം കാട്ടി. മൂലയിൽ ഒരു മേശക്കിരുപുറവുമിരുന്ന ഞങ്ങളുടെ അടുത്തെത്തിയ, നരച്ച കപ്പടാ മീശവച്ച കിരീടധാരിയെ "ശ്രീധരേട്ടാ" എന്ന് പേര് വിളിച്ച് കവി കുശലം പറഞ്ഞു. ചപ്പാത്തിയും കുറുമയുമാണ് ഞാൻ കഴിച്ചത്. കവി ഒരു കട്ടൻ കാപ്പിയിൽ അത്താഴമൊതുക്കി. ഭക്ഷണം കഴിച്ചു തീർത്ത് കൈ കഴുകി കാഷ് കൗണ്ടറിൽ തിരികെയെത്തി കവിയെ തിരഞ്ഞപ്പോൾ ആളെ കാണാനില്ല.
ഞാൻ പുറത്തിറങ്ങി ചുറ്റും തിരഞ്ഞു. നിയോൺ വിളക്കിൻ്റെ വെളിച്ചത്തിൽ കാനൻഷെഡ് റോഡിലൂടെ നടന്നകലുന്നു, മെലിഞ്ഞ് കുറുതായ കവിരൂപം. കൂടെ ആരൊക്കെയോ ഉണ്ട്. പൊട്ടിച്ചിരിയും ഉറക്കെ ഉറക്കെയുള്ള സംസാരവും കേൾക്കാം.
എൻ്റെ പോക്കറ്റിൽ കയ്യിട്ടില്ല, എന്നോട് കാശ് ചോദിച്ചില്ല, ഞാൻ കേട്ടതു പോലൊന്നുമല്ലാത്ത സൗമ്യനായ കവി.
വർഷങ്ങൾ കഴിഞ്ഞു ..
എനിക്ക് ബാങ്കിൽ ജോലിയായി...
2002... കോഴിക്കോട് വച്ച് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം നടക്കുന്നു. സെഞ്ചൂറിയൻ ബാങ്കിലെ ജോലി അക്കാലങ്ങളിൽ തീരണമെങ്കിൽ എട്ടര മണിയെങ്കിലുമാകും. ഞാൻ എന്നും വീട്ടിൽ പോയിരുന്നത് കുറ്റ്യാടിയിലേക്കുള്ള അവസാന ബസ്സിൽ. അന്ന് യുവജനോത്സവമാണെന്നും ബസ്സിൽ തിരക്കുണ്ടാകുമെന്നും പറഞ്ഞ് അല്പം നേരത്തെ ഇറങ്ങി. എട്ടു മണിക്ക്. ബസ്റ്റാൻ്റിലേക്ക് ഓടിച്ചെന്നു. ഉണ്ട്, നല്ലതെരക്കുണ്ട്. ഇനിയും ഒരു മണിക്കൂർ കഴിഞ്ഞാൽ പുറപ്പെടുന്ന എൻ്റെ സ്ഥിരം ബസ്സ് ഒരു മൂലയിൽ നിർത്തിയിട്ടുണ്ട്. ഞാൻ ചെന്ന് അതിൽ കയറി. സ്ഥിരം പോകുന്നയാളായതുകൊണ്ട് ജീവനക്കാർ എതിരൊന്നും പറഞ്ഞില്ല. സമയം നീങ്ങി. ഇതിനു മുമ്പ് പുറപ്പെടുന്ന ബസ്സുകളെല്ലാം നിറഞ്ഞു. പതിയെ ഈ അവസാന വണ്ടിയിലും ആളുകൾ കയറാൻ തുടങ്ങി. ഒരാൾ എൻ്റെയരികിലും വന്നിരുന്നു. ഏതോ പുസ്തകത്തിൽ മുഴുകിയിരിക്കുകയായിരുന്ന ഞാൻ മദ്യത്തിൻ്റെ മണമറിഞ്ഞ് ആളെ നോക്കി. ഞെട്ടിപ്പോയി. അയ്യപ്പ കവി! വീണ്ടും കവിയുടെ ധന്യ സാമീപ്യം. കയ്യിൽ കുറച്ച് പുസ്തകങ്ങളുണ്ട്. നൂറു പേജെങ്കിലും ഒരു ദിവസം വായിക്കാതെ തനിക്കുറങ്ങാനാവില്ലെന്ന് പറഞ്ഞ കവി.. താൻ വായിക്കുന്നത് അറിയാതെ ഛർദ്ദിച്ചു പോകുന്നതാണ് തൻ്റെ കവിതയെന്ന് പറഞ്ഞ കവി.
ബസ്സിൽ ആളുകൾ നിറയുകയാണ്. ആ കൂട്ടത്തിൽ കുറ്റ്യാടിയുടെ സമീപ പ്രദേശത്തെ ഒരു പ്രശസ്തനായ എഴുത്തുകാരനും കൂട്ടരും കയറി വന്നു. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്, എല്ലാരും. അയ്യപ്പനെ കണ്ടതും ''അയ്യപ്പേട്ടാ! സുഖേല്ലേ? ബുദ്ധനും ആട്ടിൻകുട്ടിയും എവിടെ?" എന്നു തുടങ്ങി അറുവഷളൻ കമൻ്റുകൾ. സംഘാംഗങ്ങൾ എല്ലാരും ബഹളമുണ്ടാക്കുന്നു. താന്താങ്ങളുടെ സാഹിത്യ ബുദ്ധിസാമർത്ഥ്യങ്ങൾ പ്രകടിപ്പിക്കാൻ കലമ്പൽ കൂട്ടുന്നു. ഇടക്കൊരാൾ സച്ചിതാനന്ദൻ്റെ ഒരു കവിതാ പുസ്തകം അയ്യപ്പൻ്റെ മടിയിലേക്കിട്ടു. "അയ്യപ്പേട്ടാ! ഒരൊപ്പിട്ട് തരാമോ?...." അയ്യപ്പൻ അയാളുടെ മുഖത്തേക്ക് നോക്കി. പുസ്തകം ബസ്സിൻ്റെ നിലത്തേക്കിട്ടു. "വല്ലവൻ്റേയും പുസ്തകത്തിൽ ഞാനെന്തിനാടാ ഒപ്പിടുന്നത്?" അയാൾ പുസ്തകമെടുത്ത് പൊടി തട്ടി കക്ഷത്തിൽ തിരുകി. തന്നെ കാണിച്ചു തരാമെടോ എന്ന ഭാവത്തിൽ കവിയെ നോക്കി തിരക്കിൽ മറഞ്ഞു.
കവിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. വല്ലാത്ത സംഘർഷം അനുഭവിക്കുന്ന പോലെ... ബഹളം അധികരിക്കുന്നു .. "ഒന്ന് മിണ്ടാതിരിയെടാ.... ഞാനെറങ്ങിപ്പോകുമേ... " അസഹ്യതയോടെ കവി അലറി. വിരണ്ടു പോയ സാഹിത്യ കൂട്ടായ്മ അല്പമൊന്നടങ്ങി.
കവി എൻ്റെ മുഖത്തേക്ക് ക്ഷമാപണത്തോടെയെന്നോണം നോക്കി. നോട്ടം എൻ്റെ മുഖത്ത് തറഞ്ഞു ... ഞാൻ ചിരിച്ചു. കവി ചോദിച്ചു. "നീയല്ലേടാ പണ്ടൊരുദിവസം ഏറണാകുളത്ത് .... കാപ്പി കുടിച്ചത്..." ഞാൻ അത്ഭുതപ്പെട്ടു. ഒരു ദിവസം മുമ്പ് നടന്നതു പോലും മറന്നു പോകുന്നവരാണ് കഠിന മദ്യപാനികൾ എന്ന് വിളിക്കപ്പെടുന്നവർ. ഇവിടെയിതാ ഒരാൾ രണ്ടു വർഷത്തിനു മുമ്പ് ഒപ്പം കാപ്പി കുടിച്ച വെറുമൊരു സാധാരണക്കാരനെ ആൾക്കൂട്ടത്തിനിടയിൽ തിരിച്ചറിയുന്നു!
" എവിടെ പോകുന്നു?" ഞാൻ വിനയത്തോടെ തിരക്കി. "ഞാനിപ്പോ പേരാമ്പ്രേലാ താമസം. ഒരു കൂട്ടുകാരനൊപ്പം..." കവി കൂടുതലൊന്നും പറഞ്ഞില്ല. അവധൂതർക്ക് സ്ഥിരതാമസമില്ലല്ലോയെന്ന് ഞാനുമോർത്തു.
ബസ്സ് പുറപ്പെട്ടു. കുറച്ചു നേരം കവി എൻ്റെ തോളിൽ ചാരിക്കിടന്നുറങ്ങി. അത്തോളി കഴിഞ്ഞപ്പോഴേക്കും ബസ്സിൽ തിരക്കൊഴിഞ്ഞു. മുന്നിലിരിപ്പായിരുന്ന എഴുത്തുകാരൻ കവിയെ ഉച്ചത്തിൽ വിളിച്ചു. "അയ്യപ്പേട്ടാ! ഇങ്ങ് പോരീ, ഇവിടെ സീറ്റ്ണ്ട് " ഞെട്ടിയുണർന്ന കവി എഴുത്തുകാരൻ്റെ ഇരിപ്പിടത്തി നടുത്തേക്ക് നടന്നു. മുന്നേപ്പോലെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ.... ഒന്നും പറയാതെ. അല്ലെങ്കിലും സാഹിത്യകാരൻമാരല്ലേ പരസ്പരമറിയുക! പാവം വായനക്കാരനാര്? ഞാൻ അസൂയപ്പെട്ടു.
2010 ൽ ഒക്ടോബറിലെ ഒരു നാൾ, തമ്പാനൂരിലെ തെരുവോരത്ത് തൻ്റെ ശരീരം തന്നെ വലിച്ചെറിഞ്ഞ് കവി കടന്നു പോയതും ഇങ്ങനെ തന്നെയായിരുന്നല്ലോ! ആരോടും ഒന്നും പറയാതെ !
No comments:
Post a Comment