നാവ് 4
ഒരു ദിവസം കോഴിക്കോട്ടു നിന്ന് ചെറിയ കുമ്പളത്ത് ബസ്സിറങ്ങിയ അൻവർ നേരെ ഞങ്ങളുടെ വീട്ടിലേക്കാണ് വന്നത്. പലപ്പോഴും അങ്ങനെയാണ് പതിവും. "നാവ് വെളിച്ചം കാണാൻ പോകുന്നു. വരുന്ന മാസം." അവൻ ആഹ്ലാദത്തോടെ പറഞ്ഞു. "അതിന് പൈസ എവിടെ? എഴുത്തുകാരും സൃഷ്ടികളുമെവിടെ?" ഞാൻ ചോദിച്ചു. ഇത്രയും നാൾ വൈകിയപ്പോൾ നാവിൻ്റെ പിറവിയെക്കുറിച്ച് എനിക്ക് ന്യായമായും സംശയം തോന്നിത്തുടങ്ങിയിരുന്നു. "അതൊന്നും പ്രശ്നമില്ല. ഒക്കെ മ്മള് ശരിയാക്കും." അൻവറിൻ്റെ ട്രേഡ് മാർക്കായ അത്യാത്മവിശ്വാസത്തോടെയുള്ള മറുപടി. " ഇന്ന് രാത്രി മ്മക്ക് വാൾ പോസ്റ്റർ ഉണ്ടാക്കണം. അധികം സമയമില്ല. കടലാസും മഷിയും വാങ്ങണം. നീ വാ ..." അവൻ കക്ഷത്തിറുക്കിപ്പിടിച്ച മാസികകൾ ടീപ്പോയിയിൽ നിക്ഷേപിച്ച് എഴുന്നേറ്റു. ഞങ്ങൾ കുറ്റ്യാടി അങ്ങാടിയിലേക്ക് ധൃതി പിടിച്ച് നടന്നു.
പോകുന്ന വഴിയിൽ ഒരു തീരുമാനമെടുത്തു. വെള്ളക്കടലാസിൽ പോസ്റ്റർ എഴുതുന്നതിൽ അർത്ഥമില്ല. അത് എല്ലാവരും ചെയ്യുന്നതല്ലേ! പഴയ പത്രങ്ങളിൽ ചുവപ്പും നീലയും വയലറ്റും മറ്റും നിറങ്ങളിൽ എഴുതാം. വീട്ടിലാണെങ്കിൽ പഴയ പത്രങ്ങൾ കെട്ടു കണക്കിന് കിടപ്പുണ്ട്. കടലാസിൻ്റെ പൈസ ലാഭം. പല നിറങ്ങളിലുള്ള മഷിയും ബ്രഷുകളുമായി തിരികെ എത്തിയപ്പോൾ മണി ഒമ്പത് ! " ഒരു അമ്പതെണ്ണമെങ്കിലും എഴുതണം. കുറ്റ്യാടി അങ്ങാടി നാവിൻ്റെ പരസ്യം കൊണ്ട് നിറയണം." അൻവർ ആവേശഭരിതനായി.
എഴുത്ത് തുടങ്ങി. പത്രത്താളുകളിൽ പല വർണ്ണത്തിലുള്ള മഷി പുരണ്ടു. സമയം അതിവേഗം നീങ്ങുന്നു. "നാവ് ഉടൻ പുറത്തിറങ്ങുന്നു. " ഇത്ര മാത്രമാണ് എഴുതാൻ ഉണ്ടായിരുന്നത്. എന്നിട്ടും നീങ്ങുന്നില്ല. മഷി ഉദ്ദേശിച്ചതിനേക്കാൾ ആവശ്യമായി വരുന്നു. ബ്രഷ് കടലാസിലൂടെ നീങ്ങുന്നില്ല. ഒടുവിൽ പതിനഞ്ചണ്ണം എഴുതിക്കഴിഞ്ഞപ്പോഴേക്കും കോഴി കൂവി.
ചൂടുവെള്ളത്തിൽ മൈദ കലക്കിയുണ്ടാക്കിയ പശയും പോസ്റ്ററുകളുമായി നേരം വെളുക്കുന്നതിനു മുമ്പേ ഞങ്ങൾ കുറ്റ്യാടി ബസ്റ്റാൻ്റിൽ എത്തി. പോസ്റ്റർ പതിക്കാൻ പ്രധാനമായും കണക്കാക്കിയിരുന്നയിടം ബസ് സ്റ്റാൻ്റിലെ കാത്തിരിപ്പു കെട്ടിടത്തിൻ്റെ മതിലായിരുന്നു. ഒരുപാടാളുകൾ വരുന്ന സ്ഥലമായതിനാൽ അവിടമെപ്പോഴും പോസ്റ്റർ നിബിഢമായിരുന്നു താനും. സിനിമയുടെ, സാംസ്കാരിക പരിപാടികളുടെ, അയ്യപ്പൻ വിളക്കിൻ്റെ, കുടുംബാസൂത്രണത്തിൻ്റെ .... കുറ്റ്യാടിയുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ ഞങ്ങളുടെ പ്രസിദ്ധീകരണത്തിൻ്റെ വിളംബരം അവിടെ ഏത് പോസ്റ്ററുണ്ടായാലും അതിനു മുകളിൽ പതിക്കുമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. നാവിലും പ്രാധാന്യമുള്ളതായി ഒരു സംഭവവും കുറ്റ്യാടിയിലോ, കോഴിക്കോട് ജില്ലയിലോ, കേരള സംസ്ഥാനത്തോ, ഇപ്പോൾ നടക്കുന്നില്ല!
എന്നാൽ ബസ് സ്റ്റാൻ്റിൽ ഞങ്ങളെ സ്വീകരിച്ചത് മറ്റൊരു കാഴ്ച്ചയായിരുന്നു. ഹൃദയ ഭേദകമായ കാഴ്ച. കാത്തിരിപ്പ് കെട്ടിടം പോസ്റ്ററുകളെല്ലാം പറിച്ചു കളഞ്ഞ്, വെള്ളപൂശി, നാലു ചുറ്റിലും കറുത്ത വലിയ അക്ഷരത്തിൽ "പരസ്യം പാടില്ല " എന്ന ഭീഷണിയോടെ നിലകൊള്ളുന്നു. എന്തു ചെയ്യും? കുറ്റ്യാടി അങ്ങാടിയിൽ വേറെയെവിടെ പോസ്റ്റർ പതിച്ചാലും ഒരു കാര്യവുമില്ല. ആരും കാണാനും വായിക്കാനും പോകുന്നില്ല. "നാവ് ഉടൻ ഇറങ്ങുന്നു " എന്ന വാർത്ത, പോസ്റ്റർ മറ്റെവിടെ പതിച്ചാലും, ആരിലും ആകാംക്ഷ ഉണർത്താൻ പോകുന്നില്ല.
ഞാൻ ചിന്താമഗ്നനായി നോക്കി നിൽക്കവേ, അൻവർ പോസ്റ്ററിനു മേൽ മൈദ തേച്ചു തുടങ്ങി. ഏറ്റവും വലിയ പോസ്റ്റർ എറ്റവും വലുതായി "പരസ്യം പതിക്കരുത് " എന്നെഴുതിയതിന് മുകളിലായി പതിച്ചു. "എടാ, പഞ്ചായത്തിൻ്റെ സ്ഥലാണ്. പോലീസ് വീട്ടില് വരും " ഞാൻ പറഞ്ഞു. ആര് കേൾക്കാൻ . "നാവ് ഉടൻ ഇറങ്ങുന്നു " എന്ന ആകാംക്ഷാ നിർഭരമായ വാർത്ത കെട്ടിടത്തിനു മുകളിൽ നിരന്നു. നേരം വെളുക്കാൻ ഇനിയും സമയമുണ്ട്. ബസ്സ്റ്റൻറ് വിജനമാണ്. "എടാ , ഇതില് നമ്മള പേരോ വിലാസോ ഒന്നും ഇല്ലല്ലോ .... ആര് ഒട്ടിച്ചതാണെന്ന് ആരറിയാൻ?" അൻവർ പറഞ്ഞതിൽ ന്യായമുണ്ടെന്ന് എനിക്കും തോന്നി. ബസ് സ്റ്റാൻ്റിൽ പോസ്റ്റർ ഒട്ടിച്ചില്ലെങ്കിൽ, വേറെ എവിടെ ഒട്ടിക്കാൻ. ബാക്കി വന്ന പോസ്റ്റുകളിൽ ഞാനും പശതേച്ചു.
"ഞ്ഞി ഒറങ്ങിക്കളയര്ത്.. മ്മക്ക് അക്ബറ് മാഷ ക്കാണാൻ പോണം" അവൻ്റെ വീടിനു മുന്നിലെത്തിയപ്പോൾ അൻവർ പറഞ്ഞു. തലയിളക്കി, ഞാൻ വീട്ടിലേക്ക് നടന്നു. നെഞ്ചിൻ്റെ കോണിലെവിടെയോ ഒരു ഭീതി ഒളിഞ്ഞു കിടന്നു.
തീരുന്നില്ല...
No comments:
Post a Comment