നാവ് - 6
വേറൊരു വലിയ പ്രശ്നം അന്ന് ആ മഴയത്തെ കട്ടൻ ചായ കുടിക്കിടയിൽ പൊങ്ങി വന്നു. അക്ബർ മാഷിന് കൊടുത്ത വിലാസം ''നാവ്, പാലേരി പോസ്റ്റ്, കുറ്റ്യാടി " എന്നാണ്. മാഷ് ഇന്നോ നാളയോ വല്ലതും എഴുതി അയച്ചാൽ അത് തിരിച്ചു പോകാനാണ് സാധ്യത. നാവെന്ന പേരിൽ അതിമഹത്തായ ഒരാശയം തങ്ങളുടെ സേവന പരിധിക്കകത്ത് ഉത്ഭൂതമായ കാര്യം തപാൽ അധികാരികൾ അറിഞ്ഞിരിക്കാൻ ഒരു സാധ്യതയുമില്ല.
പാറക്കടവത്താണ് പാലേരി പോസ്റ്റ് ഓഫീസ്. ജവാൻ കുഞ്ഞുമോൻ സാറാണ് പോസ്റ്റ് മാസ്റ്റർ. ഉച്ച വരയേ പോസ്റ്റോഫീസ് പ്രവർത്തിക്കുകയുള്ളൂ. പതിനൊന്ന് മണിയോടെ കുറ്റ്യാടി പോസ്റ്റോഫീസിൽ നിന്ന് സബ് ഓഫീസായ പാലേരിയിലേക്ക് മെലിഞ്ഞ് മുന്നോട്ടൽപ്പം വളഞ്ഞ ഒരാൾ വലിയൊരു കാൻവാസ് ബാഗുമായി നടന്നു വരും. പഴയ അഞ്ചലോട്ടക്കാരൻ്റെ മുഖമായിരുന്നു അയാൾക്ക്. അനേകം കീശക്കളുള്ള കാക്കിക്കുപ്പായവും മടക്കിക്കുത്തിയ മുണ്ടുമായിരുന്നു വേഷം. ചെരിപ്പിടാറില്ല. കാൻവാസ് ബാഗ് പോസ്റ്റോഫീസിൽ ഏൽപ്പിച്ച് , വന്ന അതേ വേഗത്തിൽ തിരികെ പ്പോകും.
കാൻവാസ് ബാഗ് തുറന്ന് അതിനകത്തുള്ള തുകൽ സഞ്ചിയിൽ നിന്ന് പണവും മണിയോഡറുകളും റെജിസ്സ്റ്റേർഡ് ഉരുപ്പടികളും പോസ്റ്റ് മാസ്റ്റർ തൻ്റെ പക്കലേക്ക് നീക്കിവെക്കും. പിന്നെ അവയുടെ നമ്പറുകളും മറ്റു വിവരങ്ങളും ഒരു റജിസ്റ്ററിൽ എഴുതുകയായി. കത്തുകളും മറ്റും കുഞ്ഞിക്കണ്ണൻ എന്നു പേരായ ഞങ്ങളുടെ പോസ്റ്റുമാൻ തപാൽ മുദ്ര പതിക്കാനായി എടുത്തു വെക്കും. പണിയും തൊരവും ഇല്ലാതിരുന്ന കാലത്ത് സ്ഥിരമായി പോസ്റ്റാഫീസിനു മുമ്പിൽ ഹാജരാകുമായിരുന്നു, ഞാൻ. പോസ്റ്റാഫീസിനു മുകളിലാണ് വായനശാല. അവിടെയിരുന്ന് കുറച്ചു നേരം പത്രവും മാസികകളും മറിച്ചു നോക്കും. "അഞ്ചലോട്ടക്കാരൻ്റെ" തല കണ്ടാൽ താഴേക്കിറങ്ങി പോസ്റ്റോഫീസിൽ നടക്കുന്ന അത്ഭുത കൃത്യങ്ങളിൽ മുഴുകി നിൽക്കും. തപാൽ മുദ്ര പതിച്ചു കഴിഞ്ഞ് തപാലാപ്പീസിൻ്റ മുന്നിൽ നിൽക്കുന്നയാളുകൾക്ക് പേരു വിളിച്ച് കുഞ്ഞിക്കണ്ണൻ കത്തുകൾ കൈമാറും. അച്ഛൻ്റെ പേരിൽ വരുന്ന കത്തുകൾ എനിക്ക് തരും. മാസത്തിലൊരിക്കൽ എൻ്റെ പേർക്കും ഉണ്ടാവും ചില കത്തുകൾ. ബാക്കി വരുന്ന കത്തുകൾ നീലനിറമുള്ള പ്ലാസ്റ്റിക്ക് ഫോൾഡറിൽ പൊതിഞ്ഞ്, കുഞ്ഞിക്കണ്ണൻ, വിതരണത്തിനായി തയ്യാറാകും.
ഒരു കുടക്കിൽ മഴ നനഞ്ഞ് ഞങ്ങൾ കുഞ്ഞുമോൻ സാറിൻ്റെ വീട്ടിലേക്ക് ചെന്നു. ഓഫീസിൽ നിന്ന് വന്ന് ഭക്ഷണം കഴിച്ച് ഉമ്മറത്തിരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ വലിയ കുരുത്തക്കേടുകളൊന്നും ഒപ്പിക്കാത്തവരായിരുന്നതിനാൽ അദ്ദേഹത്തിനും ഭാര്യ സാറാത്താക്കും ഞങ്ങളോട് വാത്സല്യമായിരുന്നു. ഞങ്ങൾ ചെന്ന കാര്യം മുഖവുരയില്ലാതെ അവതരിപ്പിച്ചു. ചിരിച്ചുകൊണ്ട്, എന്നാൽ ഇത്തിരി ഗൗരവമായി അദ്ദേഹം പറഞ്ഞു. "വല്യ ബുദ്ധിമുട്ടാണ്. ഇല്ലാത്ത ഒരു വിലാസത്തിൽ എങ്ങനെയാ തപാൽ ഉരുപ്പടികൾ കൊടുക്കുക ?" കുറേ നേരം ആലോചിച്ചിട്ട് തുടർന്നു. "ഒരു കത്തെഴുതി നാളെ പോസ്റ്റാഫീസിലേക്ക് കൊണ്ടു വാ ..."
പിറ്റേന്ന് കാലത്തു തന്നെ താഴെ കാണും പ്രകാരം ഒരു കത്തെഴുതി പോസ്റ്റ് മാഷെ ഏൽപ്പിച്ച് ഞങ്ങൾ വടകരക്ക് ബസ്സ് കയറി.
" ബഹുമാനപ്പെട്ട പാലേരി പോസ്റ്റ് മാസ്റ്റർ അവറുകൾക്ക്.
ഞങ്ങൾ നാവ് എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച വിവരം ഇതിനിടെ താങ്കൾ അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത മാസികയുടെ പ്രവർത്തനങ്ങൾക്കായി ഒരു ഓഫീസ് ഇതുവരെ കണ്ടു പിടിക്കാനായിട്ടില്ല. മാസികയുടെ പ്രവർത്തനങ്ങളാകട്ടെ തുടങ്ങുകയും ചെയ്തു. സാഹിത്യ സൃഷ്ടികളായും, വരിസംഖ്യയായും, മറ്റ് എഴുത്ത് കുത്തുകളായും ധാരാളം തപാൽ ഉരുപ്പടികൾ മാസികയിലേക്ക് ഉടൻ തന്നെ വരേണ്ടതുണ്ട്.
മാസികക്ക് സ്ഥിരമായി ഒരു ഓഫീസ് ഉണ്ടാകും വരെ, നാവ്, പാലേരി പോസ്റ്റ്, കുറ്റ്യാടി എന്ന വിലാസത്തിലേക്ക് വരുന്ന മുഴുവൻ തപാൽ ഉരുപ്പടികളും താഴെപ്പറയുന്ന വിലാസത്തിലേക്ക് എത്തിച്ചു തരാൻ സാദരം അഭ്യർത്ഥിക്കുന്നു.
ഇതിനാൽ ഉണ്ടാകുന്ന എല്ലാ മാനഹാനികൾക്കും കഷ്ടനഷ്ടങ്ങൾക്കും താഴെപ്പറയുന്ന മേൽവിലാസക്കാരൻ മാത്രമായിരിക്കും ഉത്തരവാദി. "
കത്തിലെ മേൽവിലാസം എൻ്റെ വീടിൻ്റേതും കത്തിൻ്റെ അടിയിലെ ഒപ്പ് ഞാനിട്ടതും ആയിരുന്നു.
വടകരയിൽ ബസ്സിറങ്ങിയതും മഴ തിമിർത്തു പെയ്യാൻ തുടങ്ങി. ഒരു കുടയേ ഉള്ളൂ. മഴ അൽപ്പമൊന്നയഞ്ഞപ്പോൾ ഞങ്ങൾ എടോടിയിലേക്ക് നടന്നു. അവിടെയാണ് ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ക്ലിനിക്ക്.
ഞങ്ങൾ ക്ലിനിക്കിലേക്ക് കയറിയതും മഴക്ക് വീണ്ടും ശക്തി കൂടി. ഡോക്ടറെ കാണണമെന്നും, ചികിത്സക്കല്ല, സാഹിത്യകാര്യത്തിനാണെന്നും അവിടെ കണ്ട ഒരു നേഴ്സിനോട് പറഞ്ഞ് വരാന്തയിലിട്ട ഒരു ബെഞ്ചിൽ ഞങ്ങൾ ഇരിപ്പായി. മഴവെള്ളം കനത്ത കാറ്റോടൊപ്പം അടിച്ച് കയറുന്നുണ്ട്. ഒതുങ്ങിയിരിക്കാൻ വേറെ ഇടമൊന്നും കാണാനില്ല. ഡോക്ടർ ഞങ്ങളെ വിളിക്കുന്നുമില്ല. ഒന്നു രണ്ടു തവണ നേഴ്സിനെ ഓർമ്മിപ്പിച്ചു. കാര്യമുണ്ടായില്ല. കാര്യമായി രോഗികളേയും കാണാനില്ല.
ഒന്നൊന്നര മണിക്കൂർ കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു. ആദ്യമായി കാണുകയാണ്. വെളുത്ത് തുടുത്ത സുന്ദരൻ. കട്ടി മീശ . സ്വർണ്ണക്കണ്ണട. തല ചെരിച്ച് ഞങ്ങളെ നോക്കി. "മഴ പെയ്തിട്ട് കാരി നിന്നതാ ?" ഞങ്ങളോട് ചോദിച്ചു. ഞങ്ങൾ അന്തിച്ചു പോയി. മഹാനായ സാഹിത്യകാരനെ തിരഞ്ഞെത്തിയ മാധ്യമ പ്രവർത്തകരെ അദ്ദേഹം തിരിച്ചറിഞ്ഞില്ലല്ലോ! അന്നേരം കരുണാമയിയായ നേഴ്സ് പ്രത്യക്ഷയായി. "ഡോക്ടറെ കാണാൻ കൊറേ നേരായി കാത്തിരിക്ക്ന്ന് " അവർ പറഞ്ഞു. "അതേ യോ? വാ!! " അദ്ദേഹം ഞങ്ങളെ ഉള്ളിലേക്ക് വിളിച്ചു.
"കുപ്പായമില്ലാത്ത കഥാപാത്രങ്ങ " ളിൽ ഒരു യുവസാഹിത്യകാരൻ തന്നെക്കാണാൻ വന്ന കഥ ഡോക്ടർ പറയുന്നുണ്ട്. പഴുതാരയും പാമ്പു പോലും ഉണ്ടാകാൻ സാധ്യതയുള്ള തോൾസഞ്ചിയിൽ നിന്ന് കഞ്ചാവ് ബീഡിയെടുത്ത് വലിച്ചത്... ഡോക്ടറുടെ മുറിയിലേക്ക് നടക്കുമ്പോൾ ഞാനതോർത്ത് ഉള്ളിൽ ചിരിച്ചു.
"എന്താ മക്കളേ വന്നത്?" ഡോക്ടർ ചോദിച്ചു. ഞങ്ങൾ കഥ മുഴുവൻ പറഞ്ഞു. "വേറെ ആരൊക്കെ എഴുതുന്നുണ്ട് ?" ഡോക്ടർ ചോദിച്ചു. " അക്ബർ കക്കട്ടിൽ ഉറപ്പായിട്ടും എഴുതിത്തരാമെന്ന് പറഞ്ഞിട്ടുണ്ട് .. " സത്യസന്ധമായ ഞങ്ങളുടെ മറുപടി കേട്ടതും പുനത്തിൽ ഉറക്കെ പൊട്ടിച്ചിരിച്ചു. "ഓൻ പറഞ്ഞേച്ചതാ ഇങ്ങളെ എൻ്റട്ക്കലേക്ക്, ല്ലേ?" ചിരി കുറച്ചു നേരം തുടർന്നു. ചിരി ഒന്നടങ്ങിയപ്പോൾ ഞങ്ങൾ പറഞ്ഞു. "ഇവിടെ വന്ന് കാണാൻ സത്യായിട്ടും മാഷ് പറഞ്ഞിട്ടില്ല. മാധവിയമ്മേന കാണാൻ മാത്രാ പറഞ്ഞത്..." വീണ്ടും ചിരി. എലിയെ കളിപ്പിക്കുന്ന ഒരു പൂച്ച ഭാവം ആ മുഖത്ത് മിന്നുന്നുണ്ടോ? "എന്നിറ്റ് മാധവിയമ്മേന കണ്ടോ?" ചോദ്യം. "ഇല്ല... ഇബ്ട്ന്ന് ആട് ത്തേക്കാ പോന്നത് " ഞങ്ങൾ പറഞ്ഞു.
പുനത്തിലിൻ്റെ മുഖം ഗൗരവപൂർണ്ണമായി. "സത്യം പറഞ്ഞാൽ ഞാൻ എഴുത്തിൻ്റെ ഒരു ചെറിയ ഇടവേളയിലാണ്. ക്ലിനിക്ക് ഇവ് ട്ന്ന് മാറ്വാണ്, പുതിയ ബസ്റ്റാൻ്റിൻ്റ ട്ത്തേക്ക്. അതിൻ്റെയൊക്കെ തെരക്ക്ണ്ട്. നോക്കട്ടെ... ഒരു ചെറു കുറിപ്പ് എഴുതി അയക്കാം ... " ഞങ്ങൾ തൃപ്തിയോടെ നന്ദി പറഞ്ഞ് പുറത്തിറങ്ങി.
അക്കാലത്ത് മറ്റൊരു പ്രശസ്ത സാഹിത്യകാരൻ വടകരയിൽ ജീവിച്ചിരുന്നു. അദ്ദേഹത്തെ കൂടിക്കാണണം. എന്തെങ്കിലും എഴുതിത്തരാൻ പറയണം. അദ്ദേഹം അദ്ധ്യാപകനായിട്ടുള്ള പാരലൽ കോളേജും എടോടിക്ക് സമീപമായിരുന്നു. അവിടെ ചെന്നു കയറുമ്പോൾ, അസ്വസ്ഥനായിട്ടെന്ന പോലെ ഉത്തരത്തിലേക്ക് മിഴിനട്ട് താടി തടവി അദ്ദേഹം സ്റ്റാഫ് റൂമിൽ ഒറ്റക്കിരിക്കുകയായിരുന്നു. മലയാള ചെറുകഥാ സാഹിത്യത്തിൻ്റെ ഉത്തരാധുനിക ശബ്ദങ്ങളിലൊന്നിൻ്റെ ഉടമ. അല്പനേരം സ്റ്റാഫ് റൂമിന് പുറത്തു നിന്ന ഞങ്ങൾക്ക് അകത്തേക്ക് ചെല്ലാൻ അനുജ്ഞ കിട്ടി. സുന്ദരൻ. മുടിയല്പം നീട്ടി വളർത്തിയിരിക്കുന്നു. കഴുത്തിൽ രുദ്രാക്ഷം.
ഞങ്ങളുടെ കാര്യം അലസമായി കേട്ടു കഴിഞ്ഞ് ലിറ്റിൽ മാസികകൾ മലയാള സാഹിത്യത്തിനുണ്ടാക്കുന്ന അപചയത്തെക്കുറിച്ച് സുദീർഘമായ ഒരു പ്രഭാഷണം നടത്തി. തുടർന്ന്, താൻ ലിറ്റിൽ മാസികകളിൽ എഴുതാറില്ലെന്നും അതിനാൽ തന്നെ ഞങ്ങൾക്ക് ഒന്നും എഴുതിത്തരില്ലെന്നും സംശയലേശമെന്യേ പ്രസ്താവിച്ചു. ഞങ്ങൾ നിരാശയോടെ ആ സമാന്തര വിദ്യാലയത്തിൻ്റെ പടികളിറങ്ങി. സമാന്തര ചെറു മാസികകൾ സാഹിത്യത്തിന് കോട്ടമുണ്ടാക്കുന്നതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. ഞങ്ങൾ ഒരു പാട് ചിരിച്ച വൈകുന്നേരമായിരുന്നു അത്.
മാധവിയമ്മയെ കാണാൻ അന്നും കഴിഞ്ഞില്ല. പിന്നീട് ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം മദ്യ വ്യാപാരിക്ക് കണക്കെഴുതിക്കൊടുക്കുന്ന ജോലിയുടെ ഇടവേളയിലെപ്പോഴോ, ആ കവയത്രിയുമായി ഒരു അഭിമുഖം തയ്യാറാക്കാനായി കെ.ടി. സൂപ്പി മാഷിന് Kt Soopy കൂട്ടുപോകാൻ ഭാഗ്യമുണ്ടായി. അൻവറും ഉണ്ടായിരുന്നു. ഇൻറർവ്യൂ റിക്കോഡ് ചെയ്തത് അവനാണ്. ഒരു മഹാപ്രതിഭയെ നേരിട്ടു കണ്ട സുദിനമായിരുന്നു അത്. രോഗശയ്യയിലായിരുന്നിട്ടും പ്രായാധിക്യമുണ്ടായിരുന്നിട്ടും ആ അമ്മയന്ന് ഒരുപാടു നേരം സംസാരിച്ചു. തെളിഞ്ഞ ശബ്ദത്തിൽ കവിതകൾ ചൊല്ലി. കേട്ടിട്ടില്ലാത്ത നാടൻ പാട്ടുകളും വടക്കൻ പാട്ടുകളും പാടി.
ഒരാഴ്ച കഴിഞ്ഞു. നാവ്, പാലേരി പോസ്റ്റ്, കുറ്റ്യാടി എന്ന വിലാസത്തിൽ നീല മഷിയിൽ മനോഹരമായ കൈപ്പടയിൽ കുനുകുനാ എഴുതി നിറച്ച ഒരു പോസ്റ്റ് കാർഡ് കിട്ടി. ഞങ്ങളുടെ പ്രസിദ്ധീകരണത്തിലേക്ക് ആദ്യമായി വന്ന സാഹിത്യ സൃഷ്ടി. അക്ബർ കക്കട്ടിലിൻ്റെ അനുഗ്രഹം.
....തീരുന്നില്ല.
No comments:
Post a Comment