Tuesday, August 17, 2021

നാവ് 7

നാവ് 7

ഇനിയുമുണ്ട് ഏറെ പരിപാടികൾ. പരസ്യങ്ങൾ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നല്ലോ. പക്ഷേ സംഭാവനയൊന്നും കാര്യമായി പിരിഞ്ഞുകിട്ടാതായപ്പോൾ ആ തീരുമാനത്തിന് ചെറിയൊരിളക്കം സംഭവിച്ചു. ഏത് പ്രസിദ്ധീകരണത്തിൻ്റേയും പ്രധാന വരുമാനസ്രോതസ്സ് പരസ്യങ്ങളാണല്ലോ എന്നായി ചിന്ത. " കോഴിക്കോട്ടെ ഒന്നു രണ്ട് സ്ഥാപനങ്ങളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. " അൻവർ പറഞ്ഞു. "ഞ്ഞിയും എന്തെങ്കിലും ക് ട്ടോന്നോക്ക്."  എനിക്ക് പരസ്യം പിടിക്കാനൊന്നും കഴിയില്ലെന്ന് എന്നെപ്പോലെത്തന്നെ അവനും അറിയാമെന്ന് അവൻ്റെ വാക്കുകളിലെ അത്മവിശ്വാസക്കുറവിൽ നിന്ന് മനസ്സിലായി. 

അക്ബർ മാഷിൻ്റെ ആശംസക്ക് പിന്നാലെ കുറച്ച് ചെറു കവിതകളും നുറുങ്ങ് കഥകളും കൂട്ടുകാരുടേതും പരിചയക്കാരുടേതുമായി കിട്ടി.

മാസമൊന്ന് പിന്നെയും കഴിഞ്ഞു. മാസിക അച്ചടിച്ചില്ല. ഒരു വൈകുന്നേരം കോഴിക്കോട്ടു നിന്നെത്തിയ അൻവർ പറഞ്ഞു. "നാളെ മ്മക്ക് മാറ്ററെല്ലാം ഫൈനലൈസ് ചെയ്യണം.  അഫ്സലിനേയും വിളിക്കാം"

പിറ്റേന്ന് രാവിലെ കുറ്റ്യാടി ഹൈസ്ക്കൂളിലെ ഒരു ക്ലാസ് മുറിയിൽ - അന്ന് ഒരു ബിൽഡിംഗ് ഒഴികെ ബാക്കിയെല്ലാം തുറന്നിട്ട നിലയിലായിരുന്നല്ലോ ഹൈ സ്ക്കൂൾ - എഡിറ്റോറിയൽ ബോർഡ് ചേർന്നു. സൃഷ്ടികൾ വായിച്ചു വിലയിരുത്തി.  പേജ് നിറയില്ലെന്ന് വന്നപ്പോൾ അൻവറും അഫ്സലും പിന്നെ ഞാനും പല പേരുകളിൽ സൃഷ്ടി നടത്തി. ഉച്ചയായപ്പോഴേക്കും കാര്യങ്ങൾക്ക്‌ ഏകദേശം തീരുമാനമായി. എഴുതി വച്ച കടലാസുകളും തപാലിൽ വന്ന ഉരുപ്പടികളും ഒക്കെ പൊതിഞ്ഞെടുത്ത് അൻവർ കോഴിക്കോട്ടേക്ക് പോയി. 

കാത്തിരിപ്പിൻ്റെ നാളുകൾ വീണ്ടും.  നീണ്ട ഇടവേള കഴിഞ്ഞ് ഒരു രാത്രി അൻവർ  കയ്യിലൊരു കെട്ടുമായി വീട്ടിലേക്ക് കയറി വന്നു. 

കെട്ട് മേശപ്പുറത്തു വച്ച് അവൻ പൊട്ടിച്ചിരിച്ചു. ഞാൻ പൊതിയഴിച്ചു. 'നാവി' ൻ്റെ ആദ്യ ലക്കം.  ഇരുന്നൂറ് കോപ്പികൾ ! കറുപ്പിലും വെളുപ്പിലുമുള്ള കവർ പേജിന് കുറുകെ ഒലിവിലയും ചുണ്ടിൽ പേറി ഒരു വള്ളരിപ്രാവ് പറന്നു. 'നാവ്' പിറന്നിരിക്കുന്നു.  അൻവർ ഇടക്കിടെ ചിരിച്ചുകൊണ്ടിരുന്നു. ഞാനും സന്തോഷം കൊണ്ട് നിൽക്കക്കളിയില്ലാത്ത അവസ്ഥയിലായി. അച്ചടിമഷിയുടേയും പുത്തൻ കടലാസിൻ്റെയും മണം. പുതിയ പുസ്തകം തുറക്കുമ്പോഴുള്ള മണമെന്നത് പറഞ്ഞു പറഞ്ഞു തേഞ്ഞു പോയ ഗൃഹാതുരത്വ ബിംബമാണ്. പക്ഷെ ഈ മണം അധികമാരും അനുഭവിച്ചിരിക്കാനിടയില്ലാത്തതാണ്. സ്വന്തം പുസ്തകത്തിൻ്റെ മണം.

ആദ്യ കോപ്പി ഞങ്ങളുടെ ആജീവനാന്ത വരിക്കാരിലൊരാളായ അച്ഛനെ ഏൽപ്പിച്ചു. "ഇത് ഇങ്ങനെ ആക്കിയെടുക്കാൻ ഇങ്ങള് കൊറേ പണിയെട്ത്ത്, ല്ലേ?" അച്ഛൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അതു വരെ അച്ഛനുണ്ടായിരുന്ന പരിഭവമെല്ലാം മാറിയിരിക്കുന്നു.

" ഇനി ഇതെല്ലാം വിറ്റ് തീർക്കണം'' അൻവർ പറഞ്ഞു. "നാളെത്തന്നെ തുടങ്ങിയേക്കാം " എനിക്കും സമ്മതം. 

പേരാമ്പ്ര കോളേജിൽ കാലിക്കറ്റ് സർവകലാശാലയുടെ ബി സോൺ കലോത്സവം നടക്കുന്നു. യുവതയുടെ ആഘോഷം. അവിടെ ചെന്നാൽ സമാനമനസ്കരായ പലരേയും കാണാനാകുമെന്നും മുഴുവൻ കോപ്പികളും അവിടെത്തന്നെ തീർക്കാൻ കഴിയുമെന്നും ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ടായിരുന്നു .

പിറ്റേന്ന് കാലത്ത് വാർഷിക, ആജീവനാന്ത വരിക്കാർക്കും, സഹലിറ്റിൽ മാസികകൾക്കും, എഴുത്തുകാർക്കും അയക്കാനുള്ള പ്രതികൾ റാപ്പു ചെയ്ത് പേരാമ്പ്ര പോകുന്ന വഴി പോസ് റ്റോഫീസിൽ കേറി ബുക്ക് പോസ്റ്ററായി അയച്ചു. കുഞ്ഞുമോൻ സാറിനും പോസ്റ്റ്മാനും ഓരോ കോപ്പികൾ സമ്മാനിച്ചു. അവർക്ക് ബഹുസന്തോഷം.

പേരാമ്പ്ര സി.കെ.ജി കോളേജ് ഒരു ഉത്സവപ്പറമ്പായിരുന്നു. ഒരു പാട് വേദികളിൽ പരിപാടികൾ. ചിരിച്ചും കളിച്ചും ഉത്കണ്ഠപ്പെട്ടും നടക്കുന്ന യുവാക്കൾ. വിവിധ വേഷഭൂഷകൾ. ഒരു ക്ലാസുമുറിയിൽ മൃദംഗ വാദന മത്സരമെങ്കിൽ പ്രധാന വേദിയിൽ പാശ്ചാത്യ സംഗീത മത്സരം. വേറൊരിടത്ത്‌ നാടോടി നൃത്തം. പിന്നൊരിടത്ത്‌ മോഹിനിയാട്ടം. പ്രതിഭയുടെ മായാ വിലാസം. 

ഞങ്ങൾ 'നാവും' നീട്ടിപ്പിടിച്ച് വഴിയോരത്ത് നിന്നു. നിരവധി പേർ വന്നു പോകുന്നു. ഒന്നു രണ്ടു പേർ വാങ്ങി കണ്ണോടിച്ച് തിരിച്ചു തന്നു. കുറേപ്പേർ ഞങ്ങളെ കാണുമ്പോഴേ വഴി മാറിപ്പോയി. മറ്റ് സുന്ദരികളും സുന്ദരൻമാരുമാവട്ടെ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ ഗൗരവ സംഭാഷണങ്ങളിൽ മുഴുകി ഞങ്ങളെ കടന്നു പോയി. സാഹിത്യത്തിലെ പുരോഗമന പ്രവണതകളോട് യുവതലമുറക്ക് ഇത്രയും അവഗണനയോ? നിരാശ പതുക്കെ അരിച്ചു കയറി.  "എടാ ഇതൊക്കെ പിള്ളാരല്ലേ! അയിറ്റിങ്ങക്ക് എന്തറിയാം... മ്മക്ക് മാഷമ്മാരെ കാണാം..." ഞാൻ പറഞ്ഞു. പോക്കറ്റിനു മേൽ ബാഡ്ജുമണിഞ്ഞ് സഗൗരവം വിരാജിച്ചിരുന്ന ചില അദ്ധ്യാപകരെ ഞങ്ങൾ സമീപിച്ചു. എല്ലാരും നാവിൻ്റെ കോപ്പി വാങ്ങി നോക്കി. "ഫ്രീയാണോ?"ചിലർ ചോദിച്ചു. ഒരു രൂപ വിലയുണ്ടെന്ന് കേട്ടതോടെ എല്ലാവരും മാസിക തിരികെ ത്തന്നു; നീണ്ടിടതൂർന്ന താടിയുള്ള, നന്നായി വെറ്റില മുറുക്കി ചുവപ്പിച്ച ഒരു സാറൊഴികെ.

ഞങ്ങൾ പുറത്തേക്ക് നടന്നപ്പോൾ അദ്ദേഹവും ഞങ്ങൾക്കൊപ്പം കൂടി . പരിപാടി നടക്കുന്നിടത്തു നിന്ന് ഇച്ചിരി മാറിയാണ് കാൻ്റീൻ. ഞങ്ങളോടൊപ്പം അദ്ദേഹവും കാൻ്റീനിലേക്ക് വന്നു. വായ കഴുകി നീട്ടിത്തുപ്പി ഞങ്ങളിരുന്ന ബഞ്ചിൽ വന്നിരുന്നു. തുടർന്ന് അതി ദീർഘമായ ഒരു പ്രഭാഷണമായിരുന്നു. ഒരു ലിറ്റിൽ മാസിക എങ്ങനെ ആയിരിക്കണമെന്നും, ഞങ്ങളുടെ നാവിൻ്റെ കുറവുകൾ എന്തൊക്കെയാണെന്നും ഒരു മുഖ്യധാരാ എഴുത്തുകാരനായ അക്ബർ കക്കട്ടിലിനെക്കൊണ്ട് എഴുതിക്കരുതായിരുന്നെന്നും ഈ ലക്കം വിറ്റുപോകാൻ വലിയ വിഷമമായിരിക്കുമെന്നും ഇനിയൊരു ലക്കം അച്ചടിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും .... അങ്ങനെ നീണ്ടു പോയി. പ്രഭാഷണം കഴിയുമ്പോഴേക്കും അദ്ദേഹത്തിൻ്റെ കയ്യിലിരുന്ന നാവ് പപ്പടം പൊടിയും പോലെ പൊടിഞ്ഞു പോയിരുന്നു. 

വീണ്ടും ഒരുപാടു നേരം ആ ഉത്സവപ്പറമ്പിൽ അലഞ്ഞു. അവിടെയുള്ളവരാരും ഞങ്ങൾക്ക് സമാനമനസ്കരല്ലെന്നറിഞ്ഞു. ഉച്ചതിരിഞ്ഞപ്പോൾ വീണ്ടും താടിക്കാരൻ സാറിൻ്റെ മുമ്പിൽ ചെന്നുപെട്ടു. നാവ് പൊതിഞ്ഞ് കക്ഷത്തിൽ വച്ച് കുന്ന് ഓടിയിറങ്ങി ഞങ്ങൾ കുറ്റ്യാടി ബസ്സ് പിടിച്ചു.

പിറ്റേന്ന് കാലത്തു തന്നെ ചെറിയ കുമ്പളത്തും കുറ്റ്യാടിയിലുമുള്ള സഹൃദയരെ തേടി ഞങ്ങളിറങ്ങി. കുറച്ചു കോപ്പികൾ ചെലവായി. ചെറിയകുമ്പളം സ്ക്കൂളിനും, കുറ്റ്യാടി എം.ഐ യുപി സ്ക്കൂളിനും ഓരോ പ്രതികൾ സംഭാവനയായി നൽകി. 

കുറ്റ്യാടി പഞ്ചായത്ത് വായനശാല അന്ന് ബസ്സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിനു മുകളിലത്തെ മുറിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇടനാഴിയിലിട്ട ബഞ്ചിലിരുന്ന് ആളുകൾക്ക് പത്രമാസികകൾ വായിക്കാം. വലതു വശത്തെ മുറിയിൽ ലൈബ്രറി . ഞങ്ങൾ കയറിച്ചെല്ലുമ്പോൾ ലൈബ്രേറിയൻ ലൈബ്രറി തുറക്കാനായി വരികയാണ്. ഞങ്ങൾ നാവിൻ്റെ രണ്ട് പ്രതികൾ അദ്ദേഹത്തെ ഏൽപ്പിച്ചു. ഒരെണ്ണം ലൈബ്രറിയിലേക്കും മറ്റൊന്ന് ആളുകൾക്ക് വായിക്കാനും. മാസികയിൽ നിന്ന് കണ്ണെടുത്ത്  ലൈബ്രേറിയൻ ഞങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കി. മുഖം ദേഷ്യം കൊണ്ട് ചുവന്നു. "ഓ... അപ്പം അത് ഇങ്ങളായിനി, അല്ലേ?" "ഏത്?" ഞങ്ങൾ ഒറ്റ സ്വരത്തിൽ ചോദിച്ചു. "പഞ്ചായത്തിൻ്റെ ചുമരിൽ പോസ്റ്റർ ഒട്ടിച്ചത് ?" പഞ്ചായത്തിൻ്റെ ശമ്പളക്കാരനായ ലൈബ്രേറിയൻ കോപത്താൽ വിറക്കുന്ന ശബ്ദത്തിൽ ചോദിച്ചു. വെൺമയാർന്ന ചുമരിൽ പതിഞ്ഞ പോസ്ററർ കളങ്കം മനസ്സിൽ പൊന്തി വന്നു. ഞങ്ങൾ ഞെട്ടി. സർവശക്തനായ സർക്കാരിതാ തൊട്ടു മുന്നിൽ കോപം കൊണ്ട് വിറച്ചു നിൽക്കുന്നു. ജീവനും കൊണ്ട് രക്ഷപ്പെടുകയല്ലാതെ ഞങ്ങൾക്ക് പേറെ വഴിയുണ്ടായിരുന്നില്ല. 

നാവിൻ്റെ ഒന്നാം ലക്കത്തിൻ്റെ എത്രകോപ്പികൾ വിറ്റുപോയെന്ന് ഓർമ്മയില്ല. ഒടുക്കം കുറേയെണ്ണം പലർക്കും വെറുതെ കൊടുക്കുകയായിരുന്നു. 

രണ്ടാം ലക്കം ഒരുപാട് മാസങ്ങളുടെ ഇടവേളക്ക് ശേഷമാണിറങ്ങിയത്. അപ്പോഴേക്കും കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ഒന്നാം ലക്കത്തിനെക്കുറിച്ചുള്ള പ്രതികരണങ്ങളും രണ്ടാം ലക്കത്തിലേക്കുള്ള സൃഷ്ടികളും വന്നു കൊണ്ടിരുന്നു. രണ്ടാം ലക്കത്തിലേക്ക് കൂടുതലൊന്നും ഞങ്ങൾ സ്വന്തമായി എഴുതിച്ചേർക്കേണ്ടി വന്നില്ല. ഇതുകൂടാതെ, കേരളത്തിൽ അന്ന് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു പാട് ലിറ്റിൽ മാസികകൾ അവരുടെ ലക്കങ്ങൾ ഞങ്ങൾക്ക് അയച്ചു തരാനും തുടങ്ങി.

വടകര ചോറോടുള്ള ഒരു പ്രസ്സിലാണ് രണ്ടാം ലക്കം അച്ചടിച്ചത്. വെള്ള കവർ പേജിൽ കറുത്ത മഷിയിൽ ഒരു രേഖാചിത്രം. ഒന്നാം ലക്കത്തേക്കാൾ ഭംഗിയുണ്ടായിരുന്നു രണ്ടാമത്തേതിന്. 

രണ്ടാം ലക്കത്തിൻ്റെ വിതരണം തുടങ്ങുന്നതിനു മുമ്പുതന്നെ ഞാൻ ഭാഗികമായി മാഹിയിലേക്ക് പറിച്ചു നടപ്പെട്ടിരുന്നു. ഇന്നും തുടരുന്ന പ്രവാസത്തിൻ്റെ ആരംഭം. 

ഒരുപാടദ്ധ്വാനിച്ചും, വേദനിച്ചും, സ്വപ്നം കണ്ടും യാഥാർത്ഥ്യമായ നാവിന് മൂന്നാമതൊരു ലക്കം ഉണ്ടായില്ല.  

കാലം വേഗംവേഗമുരുണ്ടു പോകുന്നു. ചിലത് തെളിയുകയും കുറേയെല്ലാം മായുകയും ചെയ്യുന്നു. ആർക്കും തടുക്കാനാവാത്ത ആ ചക്ര ഗതിയിൽ മാഞ്ഞു പോയതാണ് ഞങ്ങളുടെ നാവെന്ന സ്വപ്നം. ആ മോഹന കാലം അയവിറക്കാൻ ഒരു കോപ്പി പോലും അവശേഷിപ്പിക്കാതെ..

തുടർച്ചയില്ല... .

No comments:

Post a Comment