Tuesday, August 17, 2021

നാവ് 5

നാവ് 5

ഒമ്പത് മണിയായി രാവിലെ എണീറ്റപ്പോൾ. അച്ഛൻ്റെ മുഖം കറുത്തിരുന്നു. രാത്രി മുഴുവൻ ഉറങ്ങാതിരുന്നതും പുലർച്ചെ എപ്പോഴോ പുറത്തേക്ക് പോയതും രാവിലെ വന്നുകിടന്നതും അച്ഛൻ അറിഞ്ഞിരിക്കുന്നു. മഴയിലേക്കാണുണർന്നത്. തിരിമുറിയാതെ തിമർത്ത് പെയ്യുകയാണ് മഴ. ഓണം കഴിഞ്ഞിരുന്നു. ഇത്ര നാളും ഓണ വെയിൽ തത്തിക്കളിച്ച മുറ്റത്ത് മഴവെള്ളം കുത്തിയൊഴുകുന്നു. പറമ്പിലാകെ വെള്ളം കെട്ടിക്കിടക്കുന്നു. അൻവർ കാത്തിരിക്കുന്നുണ്ടാവും. വേഗം തന്നെ കുളിച്ച്  ചായ കുടിച്ച് പുറപ്പെട്ടു. "എങ്ങോട്ടാ?" എന്ന അച്ഛൻ്റെ അരിശം നിറഞ്ഞ ചോദ്യത്തിന് കൃത്യമായ മറുപടിയൊന്നും കൊടുത്തില്ല.

വഴിയാകെ മഴവെള്ളം കുത്തിയൊഴുകുന്നു. ചുറ്റും മഴയുടെ ശബ്ദം. വെള്ളം തട്ടിത്തെറിപ്പിച്ചും മഴയുടെ പാട്ടിനോട് മത്സരിച്ച് ഉറക്കെയുറക്കെ പാട്ടു പാടിയും അൻവറിൻ്റെ വീട്ടിലെത്തി. പൂമുഖത്ത് ആരെയും കാണാനില്ല. ഇച്ചിരി കഴിഞ്ഞപ്പോൾ ഉമ്മ പുറത്തുവന്നു. "ഓൻ നല്ല ഒറക്കാ..." എന്നെ കണ്ടതും ഉമ്മ പറഞ്ഞു. എനിക്ക് വന്ന അരിശത്തിന് കയ്യും കണക്കുമില്ല. എന്നോട് ഉറങ്ങിപ്പോകരുതെന്ന് ശട്ടം കെട്ടിയ ആളാണ്. "ഇഞ്ഞി ചായ കുടിച്ചതാ?" ഉമ്മ ചോദിച്ചു. അതെ എന്ന് തലയാട്ടിയ എന്നോട് "ഞാൻ ഓനെ വിളിക്കട്ടെ " എന്ന് പറഞ്ഞ് ഉമ്മ അകത്തേക്ക് പോയി. "അമ്പറേ... അമ്പറേ... " എന്ന് കുറേ ഉരു ഉമ്മ വിളിക്കുന്നത് കേട്ടു. മറുപടിയൊന്നുമുണ്ടായില്ല.

ഉമ്മ കൊണ്ടു വച്ച ചൂടുള്ള ചായ ഊതിയൂതിക്കുടിച്ച് മഴയത്തേക്ക് തുറിച്ചു നോക്കി ഞാനിരുന്നു. അൻവറിൻ്റെ വീടുനു മുന്നിലൂടെയാണ് കുറ്റ്യാടി നിന്ന് കോഴിക്കോടേക്കുള്ള സ്റ്റേറ്റ് ഹൈവേ കടന്നു പോകുന്നത്. വെള്ളം തെറിപ്പിച്ചു കൊണ്ട് വാഹനങ്ങൾ പാഞ്ഞു പോകുന്നു. വലിയവണ്ടികൾ കടന്നു പോകുമ്പോൾ  വെള്ളം മുറ്റത്തേക്കും തെറിച്ചു വീഴുന്നുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോൾ അൻവറിൻ്റെ സഹോദരനും എൻ്റെ സഹപാഠിയുമായ ഫൈസൽ പുറത്തേക്കു വന്നു. ഉറക്കച്ചടവുണ്ട്.  ഞങ്ങൾ മഴയെപ്പറ്റിയും മറ്റും മറ്റും സൊറ പറച്ചിലിൽ മുഴുകി.. 

അന്നേരമൊരാൾ വീട്ടിൽ നിന്നിറങ്ങി കുടയും ചൂടി റോഡിലേക്കിറങ്ങി പോകുന്നത് കണ്ടു. മുണ്ട് മടക്കിക്കുത്തി കറുപ്പിൽ വിചിത്രങ്ങളായ വരകളുള്ള കുപ്പായമിട്ട്.... അൻവർ ! ഞാൻ കോലായിൽ ഇരിപ്പുണ്ടെന്ന ഒരു വിചാരവുമില്ല. ലോഹ്യമില്ല. അങ്ങാടിയിൽ കണ്ട പരിചയം പോലുമില്ല. ചില നേരത്ത് ഈ വിദ്വാൻ്റ പെരുമാറ്റം മനസ്സിലാക്കാൻ ഒട്ടൊന്നുമല്ല പണിപ്പെടേണ്ടി വരിക. 

ഞാൻ ഫൈസലിനോട് യാത്ര പോലും പറയാതെ കുട തുറന്ന് മഴയിലേക്കിറങ്ങി ഓടി ഒപ്പമെത്തി. എന്നെ ഒരുപാടു നേരം കാത്ത് നിർത്തിയതിൻ്റെ, കാണാത്ത ഭാവം നടിച്ചതിൻ്റെ ഒരു സങ്കോചവും അവനില്ല. പുലർകാലത്ത് ബാക്കിവച്ചിടത്തു നിന്ന് അദ്ദേഹം സംഭാഷണം പുനരാരംഭിച്ചു. "മ്മക്ക് നേരെ കക്കട്ടിലേക്ക് പോകാം. സാധിച്ചാൽ വേറെയും ഒന്നു രണ്ടാളെ ഇന്നുതന്നെ കാണണം... "

കുറ്റ്യാടി ബസ് സ്റ്റാൻ്റിൽ പുറപ്പെടാനോങ്ങി നിന്ന ഒരു ബസ്സിൽ ഓടിക്കയറി ഞങ്ങൾ കക്കട്ടിലേക്ക് പുറപ്പെട്ടു. ബസ്സിൽ തൂങ്ങി നിന്നുകൊണ്ട് കാത്തിരിപ്പുകെട്ടിടത്തിൻ്റെ ചുമരിലേക്ക് ഞാൻ പാളി നോക്കി. ഒരൊറ്റ പോസ്റ്ററും ഒട്ടിച്ചിടത്ത് കാണാനില്ല. എല്ലാം ചന്നം പിന്നം കീറിപ്പറിച്ച് താഴെയിട്ടിരിക്കുന്നു. തന്നെ ധിക്കരിച്ചതിന്, സർക്കാർ പല്ലും നഖവുമുപയോഗിച്ച് മറുപടി തന്നിരിക്കുന്നു. അൻവറിനെ തോണ്ടി വിളിച്ച് ഞാനത് കാണിച്ചു കൊടുത്തു. പാലം കുലുങ്ങിയാലും തെല്ലും കുലുങ്ങാത്ത ആ കേളന് ഭാവേഭേദം ഏതു മുണ്ടായില്ല. ഒരു രാത്രിയുടെ അദ്ധ്വാനം മുഴുവൻ പാഴായത് എന്നെ തെല്ലൊന്നുമല്ല ദു:ഖിപ്പിച്ചത്. നാവിനെപ്പറ്റിയുള്ള സന്ദേശം ആരും വായിച്ചിരിക്കാനിടയില്ല. 

മഴ ശമിച്ചിട്ടില്ല.  ബസ്സിൻ്റെ, പടുതയിട്ടു മറച്ച ജാലകത്തിലൂടെ ഇടക്കിടെ കാറ്റും ഒപ്പം വെളളവും ഉള്ളിലേക്ക് അടിച്ചു കയറുന്നുണ്ട്. കുറ്റ്യാടിയിൽ നിന്ന് കക്കട്ടിലെത്താൻ പത്ത് പതിനഞ്ച് മിനിട്ടു മതി. കക്കട്ടിലിറങ്ങി കൈവേലി റോഡിലൂടെ നടന്നു. രണ്ടു മുന്ന് വളവ് തിരിഞ്ഞാൽ വലതു വശത്തായി അക്ബർ മാഷിൻ്റെ വീട്. അക്കാലത്ത് മാഷ് വീട് പുതുക്കി പണിതിരുന്നില്ല. രണ്ടു നിലയുള്ള ഓടിട്ട വീടാണ്. മഴ ശമിച്ചിരുന്നു. ഞങ്ങൾ വരാന്തയിലേക്ക് കയറി. ആഗതരെക്കണ്ട് ആരോ വെളിയിലേക്ക് തലയിട്ടു നോക്കി. മാഷിൻ്റെ ധർമ്മപത്നിയായിരുന്നിരിക്കണം. ആരാന്ന് ചോദിച്ചതിന് " അൻവർ പാലേരി വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ മതി" എന്ന് ഗൗരവത്തിലുള്ള ഉത്തരം.

അല്പം കഴിഞ്ഞ് ഞങ്ങളെ മുകളിലത്തെ മുറിയിലേക്ക് വിളിച്ചു. നീളനൊരു മുറി. രണ്ടു വശത്തും ജാലകങ്ങളുണ്ടായിരുന്നെന്നാണോർമ്മ. ജീവിതത്തിലാദ്യമായി ഒരെഴുത്തുകാരൻ്റെ പണിപ്പുര കാണുകയാണ്. മാഷിരുന്ന് എഴുതിയിരുന്ന മേശയോട് തൊട്ട് ചുമരിൽ പതിച്ചു വച്ച മരത്തിൻ്റെ ഒരലമാര . പഴയ പല വീടുകളിലും ഉണ്ടായിരുന്ന പോലത്തെ ഒന്ന്. അതിൻ്റെ അടഞ്ഞ പാളികളിൽ സ്പോഞ്ച് ഷീറ്റ് മുറിച്ച് നിർമ്മിച്ച് ഒട്ടിച്ചു വച്ച ആനകൾ.  

മാഷിൻ്റെ മുഖത്ത് ഗൗരവം.  എന്തോ എഴുത്തുപണിയിലായിരുന്നെന്ന് തോന്നുന്നു. ഞങ്ങളുടെ കടന്നു കേറ്റം അദ്ദേഹത്തിൻ്റെ ശ്രദ്ധ തെറ്റിച്ചെന്നുറപ്പ്. കൂട്ടുകാരന് ഒട്ടും കൂസലില്ല. ഞാനാകട്ടെ ചൂളിച്ചുരുങ്ങി കസേരയുടെ അറ്റത്ത് ഇരുന്നു ഇരുന്നില്ല എന്ന മട്ടിൽ ... 

"എന്താൻവറേ?" മാഷ് ചോദിച്ചു. എന്നോട് ചിരിക്കുകയും ചെയ്തു. കുറ്റ്യാടി ഹൈസ്ക്കൂളിൽ കുറച്ചു നാൾ മാഷ് ജോലി ചെയ്തിരുന്നല്ലോ. ഞങ്ങളെ കുറച്ചു  ദിവസം മലയാളം പഠിപ്പിച്ചിട്ടുമുണ്ട്.

അൻവർ കാര്യമവതരിപ്പിച്ചു. ലിറ്റിൽ മാസികയാണ്. സൃഷ്ടി വേണം. കുറച്ച് സ്രഷ്ടാക്കളെ പരിചയപ്പെടുത്തുകയും വേണം. ഒന്ന് ചിരിച്ച്  മാഷ് പറഞ്ഞു.. "നിങ്ങൾ വന്നതല്ലേ! ഞാൻ എന്തായാലും എന്തെങ്കിലും എഴുതിത്തരാം. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല." അല്പം നിർത്തി തെല്ലാലോചിച്ച് മാഷ് പറഞ്ഞു. " വടകര പോന്നുണ്ടെങ്കിൽ കടത്തനാട്ട് മാധവിയമ്മേന കാണണം. അനുഗ്രഹം വാങ്ങണം... " ഞങ്ങൾ തലയാട്ടി.

" എന്നത്തേക്കാ പ്രസിദ്ധീകരിക്കാൻ വിചാരിക്കുന്നത്?" മാഷ് ചോദിച്ചു. ''എത്രയും പെട്ടെന്ന്. ഈ മാസം തന്നെ പണിയെല്ലാം തീർക്കണമെന്നാണ് വിചാരിക്കുന്നത് " 

"ഞാൻ അയക്കാം" 

നിങ്ങൾ പോവുകയല്ലേ എന്ന മട്ടിൽ ഞങ്ങളെ നോക്കി അക്ബർ മാഷ് പറഞ്ഞു. 

ഞങ്ങൾ, അപ്പോഴേക്കും ഉറച്ചു പെയ്തു തുടങ്ങിയിരുന്ന മഴയിലേക്കിറങ്ങി. അന്നത്തെ പര്യടനം തുടരാൻ ശക്തമായ മഴ അനുവദിച്ചുമില്ല.

....തീരുന്നില്ല

No comments:

Post a Comment