Saturday, March 27, 2021

ശിങ്കിടി

ശിങ്കിടി

ഞങ്ങളുടെ വീട്ടിൽ ഒരു കാലത്ത് രണ്ട് നായ്ക്കളും ധാരാളം പൂച്ചകളും ഉണ്ടായിരുന്നു. പൂച്ചക്കളുടെ പരമ്പര പൊക്കിയെന്നും പൊക്കനെന്നും പെൺ, ആൺപൂച്ചകളിലൂടെ വളരെക്കാലം എങ്ങനെ നിലനിന്നു പെരുകി എന്നത് മറ്റൊരിടത്ത് പറഞ്ഞതാണ്.

രണ്ട് നായ്ക്കൾ. സാങ്കേതികമായി പറഞ്ഞാൽ ഇവ രണ്ടും ഞങ്ങളുടെ വീട്ടിലേതല്ല ; എന്നാൽ പ്രായോഗികമായി ഇവ ഞങ്ങളുടേതായിരുന്നുതാനും.  ശശിയുടെ വീട്ടിലാണ് ടോമിയും ശിങ്കിടിയും (അതാണവരുടെ പേര് ) ജനിച്ചത്.
സ്കൂളിൽ പോകാൻ നേരമാവുമ്പോൾ ശശിയും രവിയും വീട്ടിൽ വരും.അവരോടൊപ്പം ടോമിയും ശിങ്കിടിയും.  പകൽ മുഴുവൻ ഞങ്ങളുടെ വീട്ടിൽ  ചിലവഴിച്ച് സന്ധ്യയാവുമ്പോൾ തിരിച്ചു പോവും.

തടിച്ച് വെളുത്ത് സുന്ദരനായിരുന്നു ടോമി. രണ്ടാണുങ്ങളും ഒരു പെണ്ണുമായിരുന്നു അവൻ്റെ കൂടപ്പിറപ്പുകൾ.രണ്ടു സഹോദരൻ മാരും അമ്മയും അകാലത്തിൽ ചരമമടഞ്ഞു. കൊല ചെയ്യപ്പെട്ടു എന്ന് പറയുന്നതാവും കൂടുതൽ ശരി .ഒരു കയ്യിൽ വടിയും മറ്റേ കയ്യിൽ ഇരുമ്പ് കുരുക്കുമായി ഒരു ദിവസം ഇടവഴിയിൽ പ്രത്യക്ഷപ്പെട്ട കറുത്തു തടിച്ച ഒരു തമിഴൻ നാട്ടിലെ നായ്ക്കളെ മുഴുവൻ വേട്ടയാടി. കണ്ണുതുറിച്ച് ,നാക്കു തള്ളി മലവുംരക്തവും വിസർജിച്ച് കുന്നുപോലെ കൂനകൂടിക്കിടന്ന നായ്ക്കളുടെ മൃതദേഹത്തിനരികിൽ നിന്ന് തമിഴൻ കുമ്പയുഴിഞ്ഞ് കുലുങ്ങി ച്ചിരിച്ചത് മറക്കാനാവുന്നില്ല.അയാളുടെ നാവിനും പല്ലിനും തുറിച്ച കണ്ണുകൾക്കും ചോരയുടെ ചോന്ന നിറമായിരുന്നു. രണ്ട് മിനിലോറികളിൽ കയറ്റി നായ്ക്കളുടെ ഒരു പാട് തലമുറകളെ അയാൾ കടത്തിക്കൊണ്ടുപോയി. നായ്ക്കളുടെ ശരീരങ്ങൾ എണ്ണിയെണ്ണി ലോറികളിലേക്ക് വലിച്ചെറിഞ്ഞ് തമിഴൻ തളർന്നു. ചുറ്റുവട്ടത്തെ വീട്ടുകാരാരും അയാൾക്ക് ഒരു തുള്ളി വെള്ളം പോലും  കൊടുത്തില്ല. കുഞ്ഞിരാമമ്മാവൻ്റെ പീടികയിൽ ചെന്ന് സോഡ ചോദിച്ച അയാളെ "അമ്മാമൻ കണ്ണ് മുറിയെ ബായിപറഞ്ഞ് ഓടിച്യാളഞ്ഞ് " എന്ന് ശശി പിന്നീട് പറഞ്ഞു.

കാരിരുമ്പിൻ്റെ കമ്പി മുറുകി ശ്വാസം കുടുങ്ങി പിടഞ്ഞു കരഞ്ഞ നായ്ക്കളുടെ രോദനം കട്ടങ്കോട് കുന്നിലും താഴ്'വരയിലും റബ്ബർ ടയർ കരിഞ്ഞ പുക മണം പോലെ ഏറെനാൾ തങ്ങി നിന്നു.
ടോമിയേയും അവൻ്റെ പെങ്ങളേയും ശശി വീട്ടിനകത്തിട്ട ടച്ച് പട്ടിപിടുത്തക്കാരിൽ നിന്നും രക്ഷിച്ചു. അവർ കരഞ്ഞും കുരച്ചും ബഹളമുണ്ടാക്കി തമിഴൻ്റെ ശ്രദ്ധയാകർഷിക്കാതിരിക്കാൻ   അവൻ  ഇടക്കിടെ ചോറ് മീൻ കറി കൂട്ടി കുഴച്ച് അവർക്ക് കൊടുത്ത് കൊണ്ടിരുന്നു. തൻ്റെ ഉച്ചഭക്ഷണം നായ്ക്കൾ ഊഴമിട്ട് തിന്നതിനാൽ അവൻ പകൽ വിശന്ന് കഴിച്ചുകൂട്ടി. അത്താഴത്തിന്റെ നേരമായപ്പോഴേക്കും തളർന്ന് ഉറങ്ങിപ്പോകുകയും ചെയ്തു.

ആദ്യമാദ്യം മടിച്ചു മടിച്ചാണ് ടോമി എൻ്റെ വീട്ടിലേക്ക് വന്നത്. പിന്നെ പിന്നെ കളിയിലും കഥയിലും അവൻ ഞങ്ങളുടെ കൂട്ടാളിയായി. ടോമിയുടെ സഹോദരി ഒരു കറുമ്പിയായിരുന്നു. കാണാൻ ഒട്ടും ഭംഗിയില്ലാത്തവൾ. കുസൃതിയും ചൊടിയുമില്ലാത്തവൾ. എന്നാൽ,  പട്ടിപിടുത്തത്തിൽ കട്ടങ്കോടിലെ പട്ടി വർഗ്ഗം അസ്തമിച്ച് പോയതിൻ്റെ ഒന്നാം വാർഷികത്തിൽ അവൾ ഗർഭം ധരിച്ചു .ദിവ്യഗർഭം എന്നു തന്നെ പറയണം.കാരണം ഞങ്ങളുടെ അറിവിൽ കുമ്പളത്തും കട്ടങ്കോടും അക്കാലത്ത് നായ്ക്കളേ ഉണ്ടായിരുന്നില്ല, ടോമി ഒഴികെ.

മഴ നിർത്താതെ പെയ്ത ഉരിടവപ്പാതിരാവിലായിരുന്നു അവളുടെ പ്രസവം. വിറകിടാൻ വേണ്ടി ഉണ്ടാക്കിയ ഒരു ഷെഡ്ഡിൽ. പിറ്റേന്ന് രാവിലെ ആറിയ വിറക് തേടി ചെന്ന ശശിയുടെ മാതാവ് ചിരുതാമ്മയുടെ നേരെ അവൾ കുരച്ചു ചാടി. തിരിഞ്ഞോടിയ ചിരുതാമ്മ മേലാസകലം കട്ടിപ്പുതപ്പിട്ട് മൂടി ,മഴയുടെ താരാട്ട് കേട്ട് സുഖനിദ്രയിലായിരുന്ന ശശിയുടെ പുറത്ത് രണ്ടടി പാസാക്കി ഉണർത്തി, അവനോട് കാര്യം പറഞ്ഞു. അവൻ വിറക്‌പുരയിൽ ചെന്ന്‌ സാഹസപ്പെട്ടും സാന്ത്വനിപ്പിച്ചും ആ  ക്ഷുഭിത നവ മാതൃത്വത്തെ ഒരു വിധം ഒതുക്കി. എന്നിട്ടും ആരെങ്കിലും താൻ കിടക്കുന്ന ദിക്കിലേക്കെങ്ങാൻ തിരിഞ്ഞാൽ ശക്തിയായി മുരണ്ട് കനത്തിലൊന്ന് കുരച്ച് അവൾ ഭീഷണി ഉയർത്തി. കുഞ്ഞിനെ കാണണമെന്ന് ആഗ്രഹിച്ച എന്നോട് ശശി പറഞ്ഞു, "ഉയ്യെൻ്റെ കുഞ്ഞിമ്മോനേ, ഇഞ്ഞി അയിൻ്റ ട്ത്ത് ഒന്നും ബെരല്ലേ! അത് പറിച്ചീന്തിക്കളയും!"

അവൻ്റെ മുഖത്തെ ഭീതി കണ്ട ഞാൻ ആഗ്രഹം മണ്ണിട്ട് മൂടി. പക്ഷെ പിറ്റേന്ന് രാവിലെ കക്കൂസിൻ്റെ വാതിൽ തുറന്ന എന്നെ എതിരേറ്റത് ശക്തമായ ഒരു മുരൾച്ചയും ഒരു കുരയും ചാട്ടവുമായിരുന്നു. പേടിച്ച് വിറച്ച് പോയ ഞാൻ അലറിക്കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് തിരിച്ചോടി. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് വയറ്റീന്ന് പോയത്.

അച്ഛൻ ശശിയേയും അവൻ്റെ ചേട്ടൻമാരേയും തേടിച്ചെന്നു. മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരനർത്ഥം വന്നു പിണഞ്ഞത് ഞങ്ങളുടെയെല്ലാം ദൈനംദിന കാര്യങ്ങളെ പരുങ്ങലിലാക്കിയിരുന്നു. കുഞ്ഞിരാമേട്ടനാണ് അവളേയും ഒരേ ഒരുണ്ണിയേയും കക്കൂസിന് വെളിയിലാക്കിയത്.  കറുത്തു കനത്ത മഴയിലൂടെ കൂനിക്കൂടി കുഞ്ഞിനേയും കടിച്ചു തൂക്കി അവൾ നടന്നു പോയി; ഞങ്ങളുടെ പറമ്പിന് പിറകുവശത്തെ കല്ലുവെട്ടാംകുഴിക്ക് നേരെ.

രാത്രി മുഴുവൻ കല്ലുവെട്ടാംകുഴിയിൽ നിന്ന് അവളുടെ കരച്ചിൽ കേട്ടിരുന്നു. ആ കരച്ചിലിനിടയിൽ തേങ്ങൽ പോലെ ഒരു കുഞ്ഞു ശബ്ദവും ഇടക്കിടെ കേട്ടു .

രാവിലെ വെളിച്ചം വീഴുന്നതിന് മുമ്പ് ഞാൻ ഓടി കൽക്കുഴിയുടെ അടുത്തെത്തി . കുഴിയിലാകെ വെള്ളം കെട്ടി നിന്നിരുന്നു. വെള്ളം കേറിയെത്താത്തിടത്ത്, വി.ടി.അലി എന്ന് ഇംഗ്ലീഷിൽ വലുതായി ഭംഗിയിൽ കൊത്തി വെച്ചതിനു താഴെ അവൾ നനഞ്ഞ് കുതിർന്ന് അവശയായി കിടന്നു.അരികിൽ ഒരു കറുത്ത പഞ്ഞിക്കെട്ടു പോലെ മകനും. കല്ലുവെട്ടാംകുഴിയിൽ എന്നേക്കാൾ മുമ്പേ എത്തിയ ശശി പതുക്കെ ശബ്ദമുണ്ടാക്കാതെ അവളുടെ നേർക്ക് നടക്കുകയായിരുന്നു.

ശശി അടുത്തെത്തിയപ്പോൾ അവൾ ഞരങ്ങി. ദീനമായി അവൻ്റെ കണ്ണിലേക്ക് നോക്കി. അവളുടെ ചെവിയിലും കണ്ണിലും ഉറുമ്പ് പറ്റിപ്പിടിച്ചിരുന്നു. ശശി തല തിരിച്ച് എന്നെ നോക്കി. അവൻ കരയുകയായിരുന്നു. അവളുടെ ദുർഗ്ഗതിക്ക് ഞാനാണ് കാരണക്കാരൻ എന്ന് അവൻ കരുതിയിരുന്നോ? ഞാനും കല്ലുവെട്ടാംകുഴിയിലേക്ക് ഇറങ്ങി. ശ്വാസമുണ്ട്; അമ്മയ്ക്കും മോനും. പെട്ടെന്ന് കല്ല് വെട്ടാംകുഴിയുടെ മേലെ ഒരു വെളുത്ത തല പ്രത്യക്ഷപ്പെട്ടു.തിളങ്ങുന്ന കണ്ണുകളും കൂർത്ത ചെവികളും; ടോമി .

അലർച്ച പോലെ ടോമി കുരച്ചു .ഞങ്ങളെ നോക്കി അവൻ ഒരിക്കലും അങ്ങനെ ചെയ്യാത്തതാണ്. കല്ലുവെട്ടാംകുഴിയിലേക്ക് അവൻ  ചാടിയിറങ്ങവെ, ഞാനും ശശിയും ജീവൻ കയ്യിൽ പിടിച്ച് കരയിലേക്ക് പാഞ്ഞ് കയറി. വെയിലുദിക്കുകയായിരുന്നു. രണ്ട് രാവും പകലും അമ്മയെയും മകനെയും നക്കിതുടച്ച് അവർക്ക് ചുറ്റും വലം വച്ച് ടോമി കാവലിരുന്നു. അമ്മക്കും മകനും പതുക്കെ ജീവൻ വച്ചു. മൂന്നാം നാൾ അവൾ മകനോടൊപ്പം വിറകുപുരയിലേക്ക് മടങ്ങി.

വെയിൽ നിന്ന് കത്തിയ പകലുകളായിരുന്നു പിന്നെ വന്നത്. ഒരു രാത്രി മുതൽ അമ്മപ്പട്ടിയെ കാണാതായി .രാത്രി മീൻ കറി കൂട്ടിചോറ് തിന്ന് വിറക്പുര യുടെ അരികിൽ പോയി കിടന്നതാണ്. രാവിലെ ആളെ കാണാനില്ല. ടോമി കുറേ നേരം അങ്ങുമിങ്ങും പാഞ്ഞു. തിരികെ കുഞ്ഞിനടുത്ത് വന്നിരുന്നു. മിഥുന മഴ മെല്ലെ ചാഞ്ഞു പെയ്ത് തുടങ്ങിയ ഒരു രാവിലെ ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക്  ശശിയുടെയും ടോമിയുടെയും ഒപ്പം അവൻ കയറി വന്നു. അവന് ശരിക്ക് നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. മുന്നിലെ രണ്ട് കാലുകൾക്കു മാത്രമേ ശേഷിയുണ്ടായിരുന്നുള്ളൂ. പിന്നിലെ ഇടതുകാൽ കുത്തി നിന്നാൽ വലതുകാൽ താളത്തിൽ വിറച്ചു. വലത് കാൽ കുത്തി നിന്നാൽ ഇടതേതും.

പറമ്പിൽ നിന്ന് ഞങ്ങളുടെ കിഴക്കേ മുറ്റത്തേക്കിറങ്ങുന്ന ഇടം ഒരു ചെറിയ ചെരിവായിരുന്നു. ചെരിവിറങ്ങി വന്ന ടോമിയുടെ പിന്നാലെ ഓടിയെത്തിയ നായ്ക്കുട്ടിയുടെ പിറക് ഭാഗം നിലത്തുരഞ്ഞ് പോയി .തൊലി ഇളകിയടർന്നു.

വരാന്തയിലിരിക്കുകയായിരുന്ന അമ്മ,"അയ്യോ! പാവം" എന്ന് പറഞ്ഞ് രാവിലത്തെ പുട്ട്, കറിയിൽ കുഴച്ച് ഇട്ട് കൊടുത്തു. ഇച്ചിരി നക്കിയും മണത്ത് നോക്കിയും അവൻ പ്രിയമില്ലാതെ നിന്നു." അയിന് തിന്നാൻ കയീന്ന്ണ്ടാവൂല.കുഞ്ഞനല്ലെ!" അമ്മ പറഞ്ഞു. അവൻെറ ശരീരമാകെ കാലിൻ്റെ വിറയലിൽ ഇളകിക്കൊണ്ടിരുന്നു. പൊട്ടിയ കലത്തിൻ കഷണത്തിൽ അമ്മ ഒഴിച്ച് കൊടുത്ത പാൽ അവൻ നൊട്ടി നുണഞ്ഞു. പ്രാതൽ കഴിഞ്ഞ് പുറത്തിറങ്ങിയ അച്ഛൻ അപ്പോഴാണ് അവരെ കണ്ടത്. "ഹാ! ടോമി " കുഞ്ഞൻ നായയുടെ മേൽ കണ്ണ് പതിഞ്ഞ നേരം അച്ഛൽ ടോമിയോട് ചോദിച്ചു ,"ആരാടാ ഈ ശിങ്കിടി?" അങ്ങനെ അവൻ ശിങ്കിടിയായി.

മാസങ്ങൾ കഴിഞ്ഞ് പോയി. എല്ലാ രാവിലെകളിലും ടോമിയോടൊപ്പം അവൻവീട്ടിൽ വരാൻ തുടങ്ങി .ചോറിനോടും മീനിനോടും അവന് പ്രിയ മായിരുന്നു. കപ്പ യോടും മത്തി യോടും അവന് പ്രിയമായിരുന്നു . ഉപ്പുമാവും പുട്ടും ഇഡ്ഡലിയും ദോശയും അവനിഷ്ടമായിരുന്നു. എന്ത് ഭക്ഷണത്തോടും അവനാർത്തിയായിരുന്നു. വരാന്തയിലിരുന്ന് ആരെങ്കിലും ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അവൻ മുൻകാലുകൾ വരാന്തയിലേക്ക് വെക്കും. വായിൽ നിന്ന് വെള്ളമൊലിക്കുന്നുണ്ടാവും. വികലമായ പിൻ കാലുകൾ വിറച്ചു കൊണ്ടിരിക്കും.  ദയനീയമായി മോങ്ങും. പിന്നെ, കാലിൻ്റെ ദുർബല്യത്തിൽ ശരീരം താങ്ങി നിർത്താനാവാതെ മറിഞ്ഞുവീഴും.  

അവന് എന്തു തിന്നിട്ടും മതി വന്നില്ല. പശുവിന് വച്ച വെള്ളത്തിൽ തലയിട്ടു. കഞ്ഞിക്ക ലം നക്കി. അമ്മ പൊറുതിമുട്ടി. ഒടുക്കം അമ്മയവനെ പോടാ, പോടാ, എന്ന് ആട്ടിഅകറ്റാൻ തുടങ്ങി.

അവൻ പറമ്പിലായി നടപ്പ്. ചാറ്റൽ മഴയത്തൂടെ വിറച്ചുവിറച്ച്!  വാടിയും കേടുവന്നും വീണ മാങ്ങകൾ അവൻ തിന്നാൻ തുടങ്ങി. പിന്നെ പറമ്പിൽ ധാരാളമായി വീണു കിടന്ന ആർക്കും വേണ്ടാത്ത ചക്കപ്പഴം. അവൻ്റെ കുട്ടി വയർ വീർത്തു വന്നു. തടി കറുത്തും . പക്ഷെ വലിപ്പം മാത്രം കൂടിയില്ല. ഒരു കുള്ളൻ കുഞ്ഞൻ .

പട്ടിയുടേതായ ഒരു ഗുണവും അവനുണ്ടായിരുന്നില്ല. കുരച്ചില്ല! കടിച്ചില്ല! ഇണചേർന്നില്ല! തലയുയർത്തി , ഗർവിൽ നടന്നു പോകുന്ന ടോമിയുടെ പിന്നാലെ  തല താഴ്തി, കാൽവിറച്ചു വിറച്ച് , വാൽ പിറകിൽ തിരുകി അവൻ നടന്നു. വേറെ നായ്ക്കൾ ആക്രമിക്കാൻ വന്നാൽ അവൻ വിചിത്രമായൊരിളിയിളിക്കും. ആ ഇളിയുടെ വൈകൃതത്താലാവണം ആരും അവനെ ആക്രമിച്ചില്ല.

കൊതി കൂടുമ്പോൾ വിറയും കൂടുന്ന പിൻ കാലുകളും വിറപ്പിച്ച്, ചക്കപ്പഴം ആഹരിക്കുന്ന ടോമിയുടെ ആ ശിങ്കിടി, ഏറെക്കാലം ഞങ്ങളുടെ വീട്ടിൽ വന്നും പോയുമിരുന്നു. ഞങ്ങളുടെ കൂടെ പുഴയിൽ കുളിക്കാനും, മാമ്പഴം പെറുക്കാനും,  അമ്മയുടെ കൂടെ പുല്ലരിയാനും, ഒക്കെ ...വയലിലെ ചെളിയിലമർന്ന് ഒരു മധ്യവേനലവധിക്കാലത്ത്, മൃതനാകും വരെ.

സുരേഷ് ശേഖരൻ

No comments:

Post a Comment