ബാലേട്ടന് ഒരു വലിയ അലമാര നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും സംസ്കൃതത്തിലുമുള്ളവ. അലമാരയുടെ ചില്ലുപാളികൾ തള്ളി നീക്കാൻ തന്നെ തെല്ലൊന്നദ്ധ്വാനിക്കണം. സ്ക്കൂൾ അവധികളിലും അച്ഛനോടും അമ്മയോടുമൊപ്പമുള്ള അഴിയൂർ സന്ദർശനവേളകളിലും പിന്നെ മാഹിയിൽ കള്ളു പീടികയിൽ കണക്കെഴുതുന്ന കാലത്ത് ആ വീട്ടിൽ താമസിക്കുമ്പോഴും ബാലേട്ടൻ്റെ മുറിയായിരുന്നു എൻ്റെ ഇഷ്ട സങ്കേതം. എൻ്റെ വലിയമ്മയുടെ മകനാണ് ബാലേട്ടൻ. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽ വലിയ ഉദ്യോഗസ്ഥൻ. വീട്ടിൽ വരുമ്പോഴെല്ലാം സൂട്കേസിൽ നിറയെ പുതിയ പുസ്തകങ്ങളുണ്ടാവും. അങ്ങനെ വന്ന പുസ്തകങ്ങളുടെ കൂട്ടത്തിലാണ്, ഞാൻ സ്ക്കൂളിൽ പഠിക്കുന്ന കാലത്ത്, മഹച്ചരിത മാല വന്നത്. നൂറ് പുറങ്ങളിൽ രണ്ട് മൂന്ന് മഹാൻമാരുടെ ജീവചരിത്രങ്ങൾ. അങ്ങനെ കുറേ കുറേ പുസ്തകങ്ങൾ. ആരായിരുന്നു പ്രസിദ്ധീകരിച്ചിരുന്നതെന്നൊന്നും ഓർമയില്ല. മഹച്ചരിതങ്ങളിലധികവും ഞാൻ വായിച്ചു. അക്കാലത്തു തന്നെയാണ് വിശ്വസാഹിത്യ മാല എന്ന പേരിൽ ലോക ക്ലാസിക്കുകളുടെ സംക്ഷിപ്ത രൂപങ്ങളും അതേ പ്രസാധകർ പുറത്തിറങ്ങിയത് .
മഹച്ചരിതമാലാകാലത്തിനു ശേഷം ജീവചരിത്രങ്ങളും ആത്മകഥകളും ഏറെയൊന്നും വായിച്ചിട്ടില്ല. ആത്മകഥകൾ പലതും അയഥാർത്ഥങ്ങളാണെന്ന തോന്നൽ അറിയാതെ എങ്ങനെയോ ഉള്ളിൽ കയറിക്കൂടിയിരുന്നു.
വായിച്ചിരുന്നു; സത്തയാകെ ഉലച്ചു കളഞ്ഞ, നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ 'ഞാൻ', പിന്നെ മാധവിക്കുട്ടിയുടെ എൻ്റെ കഥ, എ.കെ.ജി.യുടെ എൻ്റെ ജീവിത കഥ, അതു കഴിഞ്ഞ് ഇക്കഴിഞ്ഞ കൊറോണ ലോക്ഡൗൺ കാലത്ത് മഹാത്മജിയുടെ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്ന് മഹാത്മാവിനെക്കുറിച്ച് ലൂയി ഫിഷർ എഴുതിയ ജീവി ചരിത്രവും. എൻ്റെ ജീവചരിത്ര വായന ഇത്രയേ ഉള്ളൂ.
ഇപ്പോഴിതാ അത്യപൂർവമായ ഒരു ജീവചരിത്ര ഗ്രന്ഥം എന്നെ തേടി എത്തിയിരിക്കുന്നു. ശ്രീ ബി ആർ രാജേഷിൻ്റെ "സ്ഥിതപ്രജ്ഞൻ - പ്രോഫ. ജി.ബാലകൃഷ്ണൻ നായർ - ജീവിതവും ദർശനവും."
ഒരു ജീവചരിത്ര ഗ്രന്ഥമെന്ന് ഇതിനെ നിർവചിക്കാനാവില്ല. ആധുനിക കേരളം കണ്ട ഏറ്റവും വലിയ ധിഷണാശാലികളിൽ ഒരാളുടെ ജീവിതത്തിൻ്റെ സമഗ്രമായ അവതരണമാണ് ഈ ഗ്രന്ഥം.
2005 ലാണ് ബാലകൃഷ്ണൻ സാറിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. ബി.എസ്. എൻ. ലിൽ ജോലി ചെയ്തിരുന്ന കൃഷ്ണദാസ് സാറാണ് എന്നോട് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. എൻ്റെ സെഞ്ചൂറിയൻ ബാങ്ക് കാലം. ബി എസ് എന്നലിലെ ധാരാളം ഉദ്യോഗസ്ഥൻമാർക്ക് അക്കാലത്ത് ഞങ്ങളുടെ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നു. അവരിൽ പലരുടേയും റിലേഷൻഷിപ് മാനേജരായിരുന്നു ഞാൻ . ഇടപാടുകാരുടെ സുഖവിവരങ്ങൾ ആവശ്യത്തിനും അനാവശ്യത്തിനും ചെന്നന്വേഷിക്കുന്ന ഉപദ്രവകാരിയുടെ പേരാണല്ലോ റിലേഷൻഷിപ്പ് മാനേജർ !
പ്രതേകിച്ച് ഒരു കാരണവുമില്ലാതെ മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലെ കൃഷ്ണദാസ് സാറിൻ്റെ വീട്ടിൽ ചെന്നിരിക്കാനും അദ്ദേഹത്തിൻ്റെ വർത്തമാനം കേൾക്കാനും എനിക്കിഷ്ടമായിരുന്നു. ആത്മീയത്തോട് എനിക്കൽപ്പം പ്രതിപത്തിയുണ്ടെന്ന് തോന്നിയതിനാലാവണം അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്വതേ മിതഭാഷിയായ അദ്ദേഹമെന്നോട് ഒരുപാട് നേരം പറയുമായിരുന്നു. അങ്ങനെ ഒരവസരത്തിലാണ് ബാലകൃഷ്ണൻ സാറിനെക്കുറിച്ച് പരാമർശമുണ്ടായത്. "തിരുവനന്തപുരത്ത് ഒരു പുണ്യാത്മാവുണ്ട്. ഒരു തവണയെങ്കിലും പോയിക്കാണണം. പോയി കാണുന്നതു തന്നെ പരമഭാഗ്യം."
കോഴിക്കോട്ടു നിന്ന് കൊച്ചിയിലേക്കുള്ള സ്ഥലം മാറ്റം, ഔദ്യോഗിക സമ്മർദ്ദം ഒക്കെ എന്നെ തികഞ്ഞ ഭൗതികനാക്കി മാറ്റിക്കളഞ്ഞ വർഷങ്ങളാണ് പിന്നെ വന്നത്. രണ്ടായിരത്തി പത്തിൽ ബാങ്കളൂരിലെ രണ്ടു വർഷത്തെ ഏകാന്തവാസത്തിനിടയിലാണ് ബാലകൃഷ്ണൻ സാറിലേക്ക് ഞാൻ വീണ്ടുമെത്തിയത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ വെറുതെയിരിക്കുന്ന നേരത്ത് ആത്മീയ സംബന്ധിയായ ലേഖനങ്ങളും മറ്റും ഇൻറർനെറ്റിൽ തിരയുമായിരുന്നു. അങ്ങനെയാണ് ശ്രേയസ്സ് എന്ന ഒരു പോർട്ടലിൽ എത്തിപ്പെട്ടത്. ആത്മീയ പാതയിൽ സഞ്ചരിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വിഭവങ്ങൾ നിറഞ്ഞ ഒരു സുവർണത്തളിക . അതിൽ നിന്നാണ് ബാലകൃഷ്ണൻ സാറിൻ്റെ പ്രഭാഷണം ആദ്യമായി ഞാൻ കേൾക്കുന്നത്. ബസവ നഗുഡിയിലെ ഓഫീസിൽ നിന്ന് ശ്രീനിവാസനഗറിലെ വാസസ്ഥലത്തേക്ക് മൂന്നു മൂന്നര കിലോമീറ്ററുണ്ട്. രാവിലേയും വൈകീട്ടും നടത്തം. നടത്തത്തിനിടെ ചെവിയിൽ ബാലകൃഷ്ണൻ സാറിൻ്റെ വാത്സല്യനിർഭര ശബ്ദം. "ബോധമേ ഉള്ളൂ. അത് ശാസ്ത്രീയമായി വിശകലനം ചെയ്ത് ഉറപ്പിക്കുക. ബോധം തന്നെയാണ് ഈശ്വരൻ. അത് സ്വയം പ്രകാശിച്ച് വിളങ്ങുന്നതാണ്! എന്താണ് സ്വയം പ്രകാശിക്കൽ? 'ഉണ്ട്' എന്ന സ്വാനുഭവമാണ് സ്വയം പ്രകാശിക്കൽ. ഈ ജഗത്തിൽ 'ഉണ്ട്' എന്ന് സ്വയം അനുഭവിക്കുന്ന ഒരേ ഒരു വസ്തുവേയുള്ളൂ - അതാണ് ബോധം. ഇക്കാരണത്താൽ തന്നെ ഉള്ളത്, അതായത് സത്യം ബോധം മാത്രമാണെന്ന് സ്പഷ്ടം" എന്നിങ്ങനെ ..
ഭാരതീ ദർശനത്തിൻ്റെ നെടുംതൂണുകളായ സകല ഗ്രന്ഥങ്ങളെയും അധികരിച്ച് ബാലകൃഷ്ണൻ സാർ പ്രഭാഷണം നടത്തിയിട്ടുണ്ട്. അവയിൽ, ശ്രേയസ്സിൽ ലഭ്യമായവയെല്ലാം ഞാൻ കേൾക്കുകയും ചെയ്തു. എന്നാൽ ഈ കേൾവി എന്നിൽ ഒരു മാറ്റവുമുണ്ടാക്കിയില്ല. കേൾക്കുന്ന മാത്രയിൽ സത്യദർശനം സാധ്യമായ സുകൃതികളെക്കുറിച്ച് എവിടെയെല്ലാമോ വായിച്ചിരിക്കുന്നു!
ഇപ്പോഴിതാ, തൻ്റെ പതിനേഴാമത്തെ വയസ്സു മുതൽ സാറിൻ്റെ ദേഹവിയോഗം വരെ സാറിനോടൊപ്പം നടന്ന് ചോദ്യം ചോദിച്ചും തർക്കിച്ചും സംശയ നിവൃത്തി തേടി സത്യത്തെ നന്നായി ഗ്രഹിച്ച ഒരു ശിഷ്യൻ്റെ ഗ്രന്ഥം; ബാലകൃഷ്ണൻ സാർ ആരായിരുന്നെന്നും എന്തായിരുന്നെന്നും തെളിവോടെ അറിയാൻ.
സ്ഥിതപ്രജ്ഞൻ എന്നാണ് ശ്രീ ബി ആർ രാജേഷ് തൻ്റെ പുസ്തകത്തിന് നൽകിയിരിക്കുന്ന ശീർഷകമെന്ന് നേരത്തെ പറഞ്ഞു.സ്ഥിതപ്രജ്ഞൻ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഭാഗവദ് ഗീത രണ്ടാമദ്ധ്യായം അമ്പത്തിനാലാം ശ്ലോകത്തിൽ അർജ്ജുനൻ ഭഗവാനോടുന്നയിക്കുന്ന ചോദ്യമാണോർമ്മ വരിക.
"സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ
സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം "
കുഞ്ഞിക്കുട്ടൻ തമ്പുരാൻ അതിങ്ങനെയാണ് മൊഴി മാറ്റിയിരിക്കുന്നത്.
" പ്രജ്ഞ നിൽക്കും സമാധി സ്ഥനെന്തുവാൻ മൊഴി കേശവ
സ്ഥിത ധീയെന്തോതു,മെങ്ങു നില്ക്കുമെങ്ങു ഗമിച്ചിടും?"
ഈ ചോദ്യത്തിനുത്തരമായി സ്ഥിത പ്രജ്ഞൻ്റെ ലക്ഷണം ഭഗവാൻ വളരെ വിശദമായിത്തന്നെ അർജ്ജുനനോട് പറയുന്നുമുണ്ട്. ഭഗവാൻ പറയുന്ന ഗുണങ്ങൾ വളർത്തിയെടുത്താൽ സ്ഥിതപ്രജ്ഞനായിത്തീരാമെന്നും ഭാഷ്യകാരൻമാർ പറയുന്നു.
സ്ഥിതപ്രജ്ഞനാവാനും വാഴ്‌വിൻ്റെ ഉണ്മ കാണാനും മറ്റും ഉദരപൂരണം മാത്രം ലക്ഷ്യമായംഗീകരിച്ച, അതിനുള്ള സങ്കേതങ്ങളും ആശയങ്ങളും തന്ത്രങ്ങളും സൂത്രങ്ങളും മാത്രം വികസിപ്പിക്കാൻ ഉദ്യമിക്കുന്ന കേരളത്തിലെ ആൾക്കൂട്ടത്തിനും , പൗരസ്ത്യ ദർശനങ്ങൾ മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്ന ഇവിടത്തെ ബുദ്ധിജീവികൾക്കും എവിടെ നേരം. പ്രൊഫ.ജി. ബാലകൃഷ്ണൻ നായർ എന്ന പേര് അവർക്ക് പരിചിതമാവണമെന്നില്ല. പാൽക്കുളങ്ങരയിലെ സാറിൻ്റെ വീട് തേടിയെത്തുന്ന സത്യാന്വേഷികൾ പലർക്കും സമീപ പ്രദേശങ്ങളിൽ ആ പേരന്വേഷിക്കുമ്പോൾ അറിഞ്ഞുകൂടെന്ന മറുപടി കിട്ടിയിട്ടുണ്ടെന്നത് സ്വാഭാവികം മാത്രം ! എന്നാൽ ശ്രീ രാജേഷ് പുസ്തകത്തിൻ്റെ മുഖവുരയിൽ പറയുന്ന പോലെ, കേരളത്തിലെ സത്യാന്വേഷികളോട് പ്രൊഫ. ബാലകൃഷ്ണൻ നായർ ആരായിരുന്നെന്ന് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.
ജീവചരിത്ര ഗ്രന്ഥങ്ങൾ, സാധാരാണ, ഒരാളുടെ ജനനം തുടങ്ങി ക്രമാനുഗതമായി അയാളുടെ ജീവിതാന്ത്യം വരെയുള്ള സംഭവ വികാസങ്ങൾ വർണ്ണിക്കുന്നവയാണ്. ഈ ഗ്രന്ഥമാവട്ടെ തികച്ചും വിഭിന്നമാണ്. " ജ്ഞാനിയുടെ ജീവിതത്തിൽ സംഭവപരമ്പരകൾക്ക് യാതൊരു പ്രാധാന്യവുമില്ല. ബാലകൃഷ്ണൻ സാറിനെ പോലൊരു വ്യക്തിയുടെ ജീവചരിത്രം താത്വികമായിരിക്കണം എന്നു ഞാൻ ഉറപ്പിച്ചു. " എന്ന് ശ്രീ രാജേഷ് പുസ്തകത്തിൻ്റെ മുഖക്കുറിപ്പിൽ പറയുന്നു.
താത്വിക ജീവിതമെന്നും മാലികഭാഷ്യങ്ങൾ എന്നും രണ്ടു ഭാഗങ്ങളായി ഈ കൃതി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗമായ താത്വിക ജീവിതത്തിൽ കമ്യൂണിസത്തോടും യുക്തിവാദത്തോടും ആഭിമുഖ്യം പുലർത്തിയിരുന്ന ബാലകൃഷ്ണൻ സാർ എങ്ങനെ വേദാന്ത ചിന്തയിലേക്ക് തിരിഞ്ഞുവെന്ന് വിവരിക്കുകയാണ് . "വൃദ്ധാ ശിഷ്യ, ഗുരുർ യുവ" എന്ന ഹൃദയസ്പൃക്കായ ഒന്നാ മദ്ധ്യായത്തിൽ ഏഴു വയസ്സുവരെ മാത്രം ജീവിച്ച അരവിന്ദൻ എന്നു പേരായ സാറിൻ്റെ പുത്രൻ സാറിന് എങ്ങനെ ഗുരുവായി ഭവിച്ചുവെന്ന് വിവരിക്കുന്നു. സ്ഥിതപ്രജ്ഞൻ എന്ന രണ്ടാമദ്ധ്യായത്തിലാവട്ടെ, നേരത്തെ പറഞ്ഞ സ്ഥിതപ്രജ്ഞ ലക്ഷണം സാറിൻ്റെ ജീവിതത്തെ മുൻനിർത്തി ശ്രീ രാജേഷ് വിശദമായി പ്രതിപാദിക്കുന്നു.
മൂന്നാമത്തെ തമസോ മാ ജ്യോതിർ ഗമയ എന്ന അദ്ധ്യായമാകട്ടെ സാറിൻ്റെ ജീവചരിത്രസം ഗ്ര ഹമാണ്. ആദ്ധ്യാത്മികതയിൽ ഊന്നി നിൽക്കുന്ന ഈ പുസ്തകത്തിൽ എന്നെ ഏറ്റവും അതിശയിപ്പിച്ച ഭാഗം വൈരുദ്ധ്യാത്മിക ഭൗതികവാദത്തെക്കുറിച്ചുള്ള അഞ്ചാമദ്ധ്യായമാണ്.
വേദാന്തിയായിരുന്ന ബാലകൃഷ്ണൻ സാർ ഒരു കാലത്ത് കമ്യൂണിസ്റ്റുകാരനായിരുന്നു എന്നറിയുന്നത് വൈരുധ്യമാണെന്നുതോന്നാം എന്നു പറഞ്ഞു കൊണ്ടാ രംഭിക്കുന്ന ഈ അദ്ധ്യായത്തിൽ, വൈരുദ്ധ്യാത്മിക്ക ഭൗതികവാദവും, പാശ്ചാത്യ, ഭാരതീയ തത്വചിന്തകളും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകയും സമഗ്രമായി ചർച്ച ചെയ്യപ്പെടുന്നു. വേദാന്തമെന്തെന്ന് ശരിയായി ഗ്രഹിക്കാത്തതാണ് ആശയപരമായി പലരുമിതിനെ എതിർക്കാൻ കാരണം.
" പലരും പറയും പോലെ സാർ കമ്യൂണിസത്തിൽ നിന്ന് വേദാന്തത്തിലേക്ക് വരികയായിരുന്നില്ല. മറിച്ച് വേദാന്തം നന്നായി ഗ്രഹിച്ച ശേഷം അതിൻ്റെ ബാഹ്യമായ പ്രയോഗത്തിനായി കമ്യൂണിസം പരീക്ഷിക്കുകയായിരുന്നു " ശ്രീ രാജേഷ് നിരീക്ഷിക്കുന്നു.
ഓരോ അദ്ധ്യായത്തിൻ്റേയും ഉള്ളടക്കം പറഞ്ഞു പറഞ്ഞ് "സ്ഥിതപ്രജ്ഞൻ്റെ " വായനാസൗഖ്യം അപഹരിക്കാൻ ഞാനുദ്ദേശിക്കുന്നില്ല. സുകൃതം പോലെ എൻ്റെ കയ്യിൽ വന്നു വീണ ഈ ഉജ്വല ഗ്രന്ഥത്തിൻ്റെ വായനാനുഭവത്തിലേക്ക് വിനയപൂർവം സ്വാഗതം ചെയ്യുക മാത്രമാണ് ഞാനുദ്ദേശിച്ചത്.
പുസ്തകത്തിൻ്റെ രണ്ടാം ഭാഗത്ത് സാറിൻ്റെ കൃതികളേയും , ഭാഷ്യങ്ങളേയും കുറിച്ചുള്ള സംക്ഷിപ്ത വിവരണങ്ങളാണ്. സാറിന്റെ കൃതികൾ അധ്യയനം ചെയ്യാനാഗ്രഹിക്കുന്നയാൾക്ക് ഏറ്റം അനുഗ്രഹമാകുന്ന പ്രവേശികകളാണ് കുറിപ്പുകളോരോന്നും.
നേരത്തെ പറഞ്ഞ പോലെ ഭാരതീയ ദർശന വിഹായസ്സിൽ കോടി സൂര്യശോഭ ചൊരിഞ്ഞ് വിലസുന്ന മഹദ് ഗ്രന്ഥങ്ങളെല്ലാം സാറിൻ്റെ പഠനത്തിന് വിഷയമായിട്ടുണ്ട്.
മലയാളത്തിലെ ഏറ്റവും മഹത്തായ വേദാന്ത കൃതികൾ ശ്രീ നാരായണ ഗുരുവിൻ്റേതാണ്. ഈ കൃതികൾക്കെല്ലാം സാർ പ്രൗഢഗംഭീരമായ
വ്യാഖ്യാനമെഴുതി.
സാമ്പ്രദായികമായ ജീവചരിത്രങ്ങളിൽ നിന്ന് തികച്ചും ഭിന്നമായ ഈ കൃതി, പ്രാഫ. ജി.ബാലകൃഷ്ണൻ നായർ ആരായിരുന്നെന്ന് തെളിമയോടെ നമുക്ക് വെളിവാക്കിത്തരുന്നു.
ഈയിടെ ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ ബാലകൃഷ്ണൻ സാറിനു വേണ്ടി ഒരു സ്മാരകം നിർമ്മിക്കാനുള്ള ആലോചനകൾ നടക്കുന്നതായി ശ്രീ രാജേഷ് പറയുകയുണ്ടായി.
ബാലകൃഷ്ണൻ സാറിന് ഇനി വേറെ സ്മാരകമെന്തിന്? അദ്ദേഹത്തിൻ്റെ വത്സല ശിഷ്യൻ ഈ പുസ്തകത്തിലൂടെ അത് അർഹമായ ഗാംഭീര്യ ഭംഗികളോടെ നിർമ്മിച്ച് കഴിഞ്ഞിരിക്കുന്നു!
No comments:
Post a Comment