Saturday, March 27, 2021

ഓർമ്മ- ആത്മീയാനുഭവം

ഏറ്റവും ശക്തമായ ആത്മീയാനുഭവം എന്തായിരുന്നു?

ഒരു പനിയായിത്തുടങ്ങി, കൊറോണയെന്ന ആധി രോഗത്തിൽ പിടഞ്ഞ ആദ്യ ദിവസങ്ങളിൽ പാതിയുറക്കത്തിൽ മുറിഞ്ഞു മുറിഞ്ഞുപോയ സ്വപ്നങ്ങളിലെപ്പോഴോ ആവർത്തിച്ചാവർത്തിച്ച് ആരോ ഉള്ളിൽ നിന്ന് ചോദിച്ചു കൊണ്ടിരുന്ന ചോദ്യം.

അസ്ഥാനത്തായിരുന്നില്ല ആ ചോദ്യം. സാധാരണ ദിനചര്യകളിൽ നിന്ന് മാറി എനിക്കു മാത്രമായി കിട്ടിയ 21 ദിനരാത്രങ്ങൾ.

ലതയുടെ  ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങൾ. മറ്റാർക്കും വരല്ലേയെന്ന പ്രാർത്ഥന.  ഉന്മേഷം തോനുന്ന വേളകളിൽ കൂട്ടിന് പി.കെ. ബാല കൃഷ്ണൻ സാറിൻ്റെ ഇനി ഞാനുറങ്ങട്ടെയുടെ മൂന്നാമത് വായന.  മൊബൈലിൽ ലോക സിനിമ.

വാട്സപ്പിൽ സഹകൊറോണിയൻമാരുടെ കൂട്ടായ്മ. ജഗന്നിയുടെ, സലാമിൻ്റെ, ഷാജിയുടെ  ഹസീനയുടെ വിളികൾ. ബാലകൃഷ്ണേട്ടൻ്റെ  ആശ്വാസവാക്കുകൾ.

പ്രിയരായ ചുരുക്കം ചില കൂട്ടുകാരുടെ ദിവസേനയുള്ള അന്വേഷണങ്ങൾ.

വ്യാധി തിരിച്ചറിഞ്ഞ നാളിലായിരുന്നു ഏറ്റവും വലിയ ആധി. ഉറക്കം തീണ്ടാത്ത രാത്രി. ഒന്നു മയങ്ങിയപ്പോൾ ഞാൻ എൻ്റെ പ്രിയപ്പെട്ട ആക്ടീവയിലേറി  തീപ്പറക്കുന്ന വെയിലത്ത് എങ്ങോട്ടോ പോവുകയാണ്. സ്കൂട്ടർ നിർത്തി  കയറിയത് കോഴിക്കോട് കലക്ടറേറ്റിലേക്ക്. അവിടത്തെ ഇടനാഴിയിൽ ഘോഷേട്ടനും  മീനച്ചേച്ചിയും  എന്നത്തേയും പോലെ പ്രിയമൊഴുകുന്ന ചിരി പൊഴിച്ചു കൊണ്ട് നിൽക്കുന്നു. ഇടനാഴിയുടെ മറ്റേയറ്റത്ത് ബിജുവുമുണ്ട് . സഗൗരവം ഒരു പൂമ്പാറ്റയെ നോക്കി നിൽക്കുകയാണ്.

ബിജുവിനെ ഞാൻ കെട്ടിപ്പിടിച്ചു. ഘോഷേട്ടനേയും. മീനച്ചേച്ചിക്ക് ഹസ്തദാനം. പെട്ടെന്ന് പല ചോദ്യങ്ങൾ പൊന്തി. ഇവർക്കൊക്കെ ഞാൻ രോഗം പകർത്തിയില്ലേ? എന്നെ ആരാണ് ഞങ്ങളുടെ ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവദിച്ചത്? ഞാൻ ക്വാറൻറീനിലല്ലേ? ഞാൻ വെയിലിലേക്ക് തിരിച്ചോടി. സ്ക്കൂട്ടർ സ്റ്റാർട്ട് ചെയ്ത് ഒരു കനാലിൻ്റെ വക്കിലൂടെ വീട്ടിലേക്ക്. അന്നേരം യാഥാർത്ഥ്യം പോലെ സുവ്യക്തമായ സ്വപ്നത്തിനിടക്ക് ഞാൻ എന്നോടു തന്നെ പറഞ്ഞു. "ഇത് ഞാൻ സ്വപ്നം കാണുന്നതാണ്" കനാലിനു മുകളിലെ പാലത്തിലേക്ക് സ്ക്കൂട്ടർ കയറി. കൈവരിയിൽ സ്വർണ്ണവർണ്ണമുള്ള ഒരു വാനരൻ. അവൻ്റെ ഉയർത്തിപ്പിടിച്ച മെലിഞ്ഞ വാലിന് അസാമാന്യമായ നീളം. അത് മേഘങ്ങളെ തൊടുന്നുണ്ട്. കാലുകൾക്കുമുണ്ട് നീളം. വാലിൻ്റെയത്രയ്ക്കില്ലെന്നുമാത്രം. അരുമയായ കുഞ്ഞു മുഖം. ഉണ്ടക്കണ്ണുകൾ. ഉണ്ടക്കണ്ണുരുട്ടി അവനെന്നോട് ചിരിച്ചു. വല്ലാത്തൊരു ചിരി..

വാനര ദർശനത്തിനും, "ഞാൻ പറഞ്ഞില്ലെ ഇത് സ്വപ്നമാണെന്ന് " എന്ന സ്വഗതത്തോടുമൊപ്പം  സ്വപ്നം മുറിയുന്നതിനിടക്കാണ് ആ ചോദ്യം മുഴങ്ങിയത്. "എനിക്കുണ്ടായ ഏറ്റവും ശക്തമായ ആത്മീയാനുഭവം എന്തായിരുന്നു ?"

എണ്ണമില്ലാത്ത സ്വപ്നങ്ങൾ! ഒന്നും ഓർമ്മയില്ല. ഇരുപത് നാൾ കഴിഞ്ഞ്, സ്വസ്ഥമായിരിക്കുന്ന ഇന്നും ആ ചോദ്യം പക്ഷെ മുത്തുച്ചിപ്പിയിൽ പെട്ട മണൽത്തരിപോലെ ...

എന്നായിരുന്നു ആദ്യാനുഭവം എന്നൊരു ഉപചോദ്യം ഇപ്പോൾ ബോധമനസ്സ് ഉയർത്തുന്നു.

ഒരു സംഭവം ഓർമയുണ്ട്. ഒമ്പതാം ക്ലാസ് കഴിഞ്ഞ് പത്തിലേക്ക് ജയിച്ച വലിയ അവധി. ഞങ്ങളുടെ വീട്ടിൽ അന്ന് കുളിമുറി കിണറോട് ചേർന്നായിരുന്നു. കുളി'മുറി' എന്ന് പറയാൻ പറ്റില്ല. ഓലകൊണ്ട് കെട്ടിമറച്ച ഒരു ചെറിയ കുളിപ്പുര. അമ്മ ഓടിനടന്ന് ജോലി ചെയ്ത് കുളിക്കാൻ സന്ധ്യ കഴിയുന്ന ദിവസങ്ങളിൽ മുറ്റത്തിൻ്റെ അങ്ങേയറ്റത്തെ ഒളോർമാവിൻ്റെ വേരിനുമുകളിൽ ഞാൻ അമ്മ കുളിച്ചു കഴിയുന്നതുവരെ ഇരിക്കും. അങ്ങനെ  നിലാവുദിച്ചു തുടങ്ങിയ ഒരു സന്ധ്യയിൽ മാവിനു താഴെ വീടുപണിക്ക് കൊണ്ടുവന്ന പൂഴിയിൽ ഞാൻ ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു. കണ്ണടക്കണമെന്ന് തോന്നി. കൈ  മടിയിൽ വച്ചു. കുറേ നേരമിരുന്നിട്ടുണ്ടാവണം. അമ്മ കുളി കഴിഞ്ഞതും വീട്ടിലേക്ക് കയറിപ്പോയതുമൊന്നും ഞാനറിഞ്ഞില്ല. മേത്ത് ആരോ വന് മുട്ടിയപ്പോഴാണ് പരിസരബോധമുണ്ടായത്. ഞങ്ങളുടെയും ശശിയുടേയും വീട്ടിൽ പൊതുവായി വളർന്ന നായ, ടോമി . അവൻ പൂഴിയുടെ ചൂടിൽ എന്നെത്തൊട്ട് ചുരുണ്ടുകൂടി കടക്കുന്നു. ധ്യാനത്തിൻ്റെ ആദ്യാനുഭവം ഇതായിരുന്നിരിക്കണം. ചുമ്മായിരിക്കലിൻ്റെ സുഖം. മനമുരുകിയില്ലാതാവുന്ന ശൂന്യാവസ്ഥ. അതിനു ശേഷം പല തവണ അങ്ങനെയൊന്നുണ്ടാവാൻ  അതേ പോലെ ഇരുന്നു നോക്കിയിട്ടുണ്ട്. കിട്ടിയിട്ടില്ല.

പ്രീഡിഗ്രിക്കാലത്ത് തുടങ്ങിയ പുതിയ ചിന്തകൾ, പുതിയ കൂട്ട്, ശാസ്ത്രസാഹിത്യ പരിഷത്,  മാഹിക്കോളേജിലെ കെ.വി.എസ്. , ധ്യാനത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമേ കിട്ടിയില്ല.

കോളേജ് കഴിഞ്ഞ് കണക്കപ്പിള്ള വേഷം ആടിത്തിമിർക്കുന്ന നാളുകളിലാണ് ഓഷോയെ കിട്ടിയത്.  ഓഷോയുമായുള്ള കൂട്ട് ഇന്നും തുടരുന്നു. പിന്നീട് രമണ മഹർഷി, ജിദ്ദു കൃഷ്ണമൂർത്തി, നിസർഗ്ഗദത്ത മഹാരാജ്, ജി. ബാലകൃഷ്ണൻ നായർ, നാരായണ ഗുരുസ്വാമി....
എത്രയെത്ര അലച്ചിലുകൾ.. ഇന്നും തൃപ്തിയാകാതെ.

'മദ്യ വ്യാപാരിക്ക് കണക്കെഴുതിക്കൊടുക്കുന്നതിനേക്കാൾ ദുരന്തം ജീവിതത്തിൽ സംഭവിക്കാനില്ല. കണക്ക് പുസ്തകം തിരികെക്കൊടുത്ത് ഫേൺ ഹില്ലിലേക്ക് വരിക. ജീവിതത്തിൻ്റെ ഉള്ളറകൾ തൊട്ടറിയാൻ'  ഗുരു നിത്യചൈതന്യയതി വെള്ളക്കടലാസിൽ കുനുകുനേ എഴുതിയ കറുത്ത അക്ഷരത്തിൽ ക്ഷണിച്ചത് 93 ലാണ്. പോയില്ല. പോയിരുന്നെങ്കിൽ ഒരു പക്ഷെ എൻ്റെ ജീവിതം വേറൊന്നായേനേ!

ഏറ്റവും ശക്തമായ അനുഭവത്തെ ക്കുറിച്ചാണ് പറഞ്ഞു വന്നത്. 1994ലെ ഡിസംബർ. ക്രിസ്മസ് വരുന്നു. ഞങ്ങളുടെ കമ്പനി ഡിസ്ട്രിബ്യൂട്ടറായിട്ടുള്ള ഒരു സ്സിറ്റിലറിയുടെ വളരെ ഡിമാൻറുള്ള ഒരു വിസ്കി ബ്രാൻറ് പാലക്കാട് മീനാക്ഷീപുരത്ത് നിന്ന് നിർമ്മാണം ആരംഭിക്കുന്നു. എത്ര ലോഡ് വന്നാലും നിമിഷ നേരം കൊണ്ട്  തീർന്നു പോകുന്ന ചൂടപ്പം. അതിൻ്റെ മൂന്നു് വലിയ ട്രെക്ക് ലോഡ് രണ്ട് ദിവസത്തിനുള്ളിൽ മാഹിയിൽ എത്തണം. അതിനുള്ള പെർമിറ്റും മറ്റു പേപ്പറുകളുമായി ഞാൻ പാലക്കാട്ടേക്ക് തിരിക്കുന്നു. രാത്രി പതിനൊന്നരയോടെ പാലക്കാടെത്തി . പല ലോഡ്ജുകളിലും തിരക്കി. എവിടെയും മുറി ഒഴിവില്ല. പാലക്കാട് നഗരത്തിൽ അന്ന് എന്തോ പരിപാടി നടക്കുന്നുണ്ട്‌. ഏതോ പാർട്ടിയുടെ സമ്മേളനമാണെന്നാണോർമ്മ. എല്ലായിടത്തും ജനം. വെളിച്ചം.

താമസിക്കാനൊരിടമന്വേഷിച്ച് ഞാൻ ടൗണിൽ അങ്ങോളമിങ്ങോളം നടന്നു. എവിടെയുമില്ല. ബസ്റ്റാൻ്റിൽ ചെന്നിരിക്കാമെന്ന് കരുതി. അവിടെയും ജനത്തിരക്ക്. ഒന്നും ചെയ്യാൻ വയ്യ. വിശക്കുന്നുണ്ട്. ഒരു പെട്ടിക്കടയിൽ നിന്ന് ദോശ കഴിച്ചു. വീണ്ടും നടപ്പ്. സമയം ഒരു മണിയായി...രണ്ടായി... മൂന്നായി. മൂന്നര മണിയായപ്പോൾ കറങ്ങിത്തിരിഞ്ഞ് വീണ്ടും ബസ്റ്റാൻ്റിലെത്തി . ഒരു ബെഞ്ചിലിരുന്നു. അല്പനേരം ഉറങ്ങിയെന്നു് തോന്നുന്നു. കായത്തിൻ്റെ രൂക്ഷഗന്ധം. രാവിലത്തെ ബസ്സിൽ കൊണ്ടുപോകാനുള്ള സാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. അതിൽ നിന്നാണ്. അവിടെ ഇരിക്കാനാവാതെ എണീറ്റു. വീണ്ടും നഗരപ്രദക്ഷിണം.

ആളും കോളുമൊഴിഞ്ഞ് നഗരം വിജനമായിരിക്കുന്നു. മുദ്രാവാക്യം വിളിച്ച അണികളും കേട്ട് പുളകമണിഞ്ഞ നേതൃനിരയും നഗരസത്രങ്ങളെല്ലാം കയ്യേറി കൂർക്കം വലിച്ചുറങ്ങി. ഞാൻ മാത്രം ഒരു സൂട് കേസും തൂക്കി വിജയന പാതകളിലൂടെ കൺപോളകളിൽ ഉറക്കത്തിൻ്റെ ഭാരവും പേറി  നടന്നു.

നഗരത്തിൻ്റെ വിദൂരമായ ഭാഗത്ത് ഞാനെത്തിപ്പെട്ടു. തെരുവു വിളക്കുകൾ പോലുമില്ല. കനത്തഇരുട്ട്. എവിടെയോ ഒരൊറ്റക്കിളി പ്രഭാതമടുക്കാറായെന്ന് കൂകി. തണുത്ത കാറ്റ്. എനിക്ക് അല്പമൊരുൻമേഷമൊക്കെ തോന്നി.

പെട്ടെന്ന് ഇരുട്ടിൽ പൊട്ടിവീണ നിലാവിൻ്റെ വെള്ളി വെളിച്ചം പോലെ അടുത്ത്, തൊട്ടടുത്ത് ബാങ്ക് വിളി മുഴങ്ങി.

"അല്ലാഹു അക്ബർ അല്ലാഹു അക്ബർ
അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്"

അലൗകിക സൗന്ദര്യമുള്ള ശബ്ദം. സംഗീതാത്മകമായ ആലാപനം.

"അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്

ഹയ്യ അലസ്സലാത്ത്
ഹയ്യ അലൽ ഫലാഹ്"

തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. ഉടലാകെ കിടുകിടക്കുന്നുണ്ട്.  ഉള്ളിൽ തണുപ്പിൻ്റെ നറുനിലാപ്പാലാഴി നിറഞ്ഞൊഴുകും പോലെ. തല മുതൽ കാൽ വിരൽ വരെ ഉഷ്മള നിലാവ് നിറഞ്ഞു പരക്കുന്നു.  എൻ്റെ കാലുകളിടറി. കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്നുണ്ട്. ഞാൻ കരയുകയല്ല. അതിരില്ലാത്ത ആനന്ദം.

"അസ്സലാത്തു ഖയ്റും മിനൻനൗം"

എൻ്റെ കയ്യിൽ നിന്ന് സൂട് കേസ് നിലത്തു വീണു. ഞാൻ താറിട്ട റോഡിൽ മുട്ടുകുത്തി വീണ് മുകളിലേക്ക് കൈകളുയർത്തി. വെളിച്ചം. സർവത്ര വെളിച്ചം. ഞാനുറക്കെ വിളിച്ചു പറഞ്ഞു.

"പൂർണ്ണമായ ഈ വിളിയുടേയും നിലനിർത്തപ്പെടുന്ന ഈ പ്രാർത്ഥനയുടേയും നാഥനായ ദൈവമേ... ഉറക്കത്തിലേയും  ഉണർ വിലേയും അറിവിൻ്റെ നാഥാ എനിക്കിത് താങ്ങാൻ വയ്യ..." 

വെളിച്ചം മഞ്ഞുരുകുംപോലെ മെല്ലെ ഇരുളിലേക്കലിഞ്ഞൊഴുകി മറഞ്ഞു. തണുത്ത കാറ്റ് മുഖത്തേക്ക് വീശി.

എത്ര നേരം ആറോഡിൽ, തണുത്ത പ്രഭാതത്തിൽ ഞാൻ മുട്ടുകുത്തിയിരുന്ന് കരഞ്ഞെ ന്നറിയില്ല ..

ഒരു പക്ഷെ ഉറക്കമില്ലായ്മയുടെ മായക്കളിയായിരുന്നിരിക്കാം.

പക്ഷെ ഞാൻ കരുതുന്നത്, അതൊരു അനർഘ നിമിഷമായിരുന്നെന്നാണ്. വർഷങ്ങളെത്ര കഴിഞ്ഞു. ഇന്നുമാഓർമ  എൻ്റെ കണ്ണ് നനയിക്കുന്നുണ്ട്.

നീഷെ യുടെ പാട്ട്

നീഷെ യുടെ പാട്ട്...
---------------------------------

ഞാനിന്ന് വൈകീട്ട് നാലു കഴിഞ്ഞപ്പോൾ
എല്ലാ നാളിലുമെന്നപോലെ തെരുവിലേക്ക് തുറിച്ചു നോക്കിയിരുന്നു.

വേശ്യകൾ
കള്ളൻമാർ
പിച്ചക്കാർ
കുട്ടികൾ
പണക്കാർ

എല്ലാരും കടന്നു പോകുന്നു
ജീവിതത്തിൻ്റെ,
മനുഷ്യൻ്റെ,
ആഘോഷം.

മനുഷ്യൻ
എന്റെ ആഘോഷം...

ഞാൻ മനുഷ്യനെ
എല്ലാ രൂപത്തിലും സ്നേഹിക്കുന്നു
ജന്മിയായും
കള്ളനായും
കുള്ളനായും

തെരുവ്
മനുഷ്യൻ്റെ ആഘോഷമാണ്
തകർന്ന
ചടച്ച
ചൊറി പിടിച്ച
മരിക്കാറായ
മറവിയിൽ മരച്ച
ഗർവിച്ച
കോപിച്ച
ചിരിച്ച
കരഞ്ഞ
മനുഷ്യൻ്റെ ആഘോഷം.

അതിനാൽ ഞാൻ
തെരുവിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നു.

എൻ്റെ തലയിൽ
പേനരിക്കുന്ന നനുത്ത ശബ്ദം എനിക്ക് കേൾക്കാം.

തെരുവു മുഴുവൻ അലയുന്ന വിവിധ മനുഷ്യരുടെ തലയിൽ പേനുണ്ട്. 

നഗ്നനായ മനുഷ്യൻ്റെ,
അപമാനിക്കപ്പെട്ട മനുഷ്യൻ്റെ,
ചോര വാർന്ന മനുഷ്യൻ്റെ ,
പേനുകൾക്ക് ഒരേ രൂപവും ഒരേ നിറവും.
അവരൊന്ന്.

പൊടുന്നനെ ഞാൻ ആ കമ്പി സന്ദേശം എൻ്റെ തലച്ചോറിൽ വായിച്ചു. 
"ദൈവം മരിച്ചു പോയി "

എനിക്ക് ചിരിക്കാനാണ് തോന്നിയത്.
പിതാവ് മരിച്ചവന്റെ ഏകാന്തമായ ചിരി.
സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ധാർഷ്ട്യവും ജുഗുപ്സയും കലർന്ന ദയനീയ ചിരി...
എൻ്റെ ചിരി ...

മനുഷ്യനെ ഉറ്റുനോക്കാൻ ദൈവം ഏൽപ്പിച്ച എൻ്റെ ചിരി തെരുവിൽ ഉയർന്നു മുഴങ്ങി.
അനാഥൻ്റെ ചിരി .

ഞാൻ ചിരിച്ചു കുഴയവേ കണ്ടു ...

ഒരു കുതിരക്കാരൻ കുതിരയെ അടിക്കുന്നു.
കുതിരയുടെ തൊലി തിണർത്ത് പൊങ്ങുന്നു. 
അത് ദീനമായി ചിനക്കുന്നു.
മറന്നുപോയ പടയോട്ടങ്ങളുടെ ദൈന്യത.

എനിക്കെന്ത് ചെയ്യാനാവും...
ജയരാജിൻ്റെ കഥയിലെ തളള പറഞ്ഞ പോലെ
കുതിരയും ഒരു മനുഷ്യനല്ലേ! 

തെരുവിലേക്കോടിയിറങ്ങിയ ഞാൻ
കുതിരക്ക് വിധിച്ച ചാട്ടയടി എൻ്റെ മേൽ ഏറ്റു വാങ്ങി. 
വരണ്ടുണങ്ങിയ തൊലിയിൽ 
ചാട്ട 'പിപരേ രാമരസം' എന്ന്‌ എനിക്കന്യമായ ഭാഷയിൽ പാടി..
എന്റെ അപ്പന്റെ പാട്ട്...

ദൈവം ചത്തുപോയിരുന്നു.
ജീർണ്ണിച്ച് മണത്തിരുന്നു.

ഞാൻ മാത്രം
ഞാൻ മാത്രം

അന്നാണ് കരയുന്ന എന്നെ അവർ അസൈലത്തിൽ അടച്ചത്

എൻ്റെ അപ്പൻ മരിച്ചു പോയിരുന്നു.
പാവം.

പുസ്തക വിചാരം -എലിസെൻ വായിക്കുമ്പോൾ



ശ്രീ ജ്യോതിർഘോഷ്, ഞങ്ങളുടെ  ഘോഷേട്ടൻ,  കുതിച്ചെത്തിയ  കൊടുങ്കാറ്റുപോലെ നിനച്ചിരിക്കാതെ എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നയാളാണ്. തികച്ചും ആസ്വാദ്യമായിരുന്നു അക്കാലത്തെ എൻ്റെ ജീവിതം. രണ്ടായിരത്തിയെട്ട്. ത്രിപ്പുണിത്തുറയിലെ ബാങ്കിൽ, സ്ട്രെസ്സ് ധാരളമുള്ളതായിരുന്നെങ്കിലും ആസ്വദിച്ചനുഭവിച്ച  മാനേജർ ഉദ്യോഗം. ഓൺ ലൈനും ഓഫ് ലൈനുമായ കാവ്യാസ്വാദനം, പതിവു തെറ്റാത്ത വായന, അത്തച്ചമയം, വൃശ്ചികോത്സവം... എന്നിരിക്കിലും എവിടെയോ ഒരസ്വസ്ഥത അണയാത്ത നെരിപ്പോടു പോലെ നീറിക്കൊണ്ടിരുന്നു. എന്തിനെന്നറിയാതെ. പലരോടും ചോദ്യങ്ങൾ ചോദിച്ചു. പലതും വായിച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്തകളിൽ പലതിലും ആഴ്ന്നു മുങ്ങി. നെരിപ്പോട് നീറിക്കൊണ്ടേയിരുന്നു. ശമനമില്ലാതെ !

പിറവി എന്ന പേരിൽ തിരുവനന്തപുരത്തെ സ്ക്കൂൾ ഓഫ് ഭഗവദ് ഗീത ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു, ശ്രീ സി.രാധാകൃഷ്ണൻ്റെ പത്രാധിപത്യത്തിൽ. ഒരു മാസികയുടെ പ്രൊഡക്ഷൻ എങ്ങനെ ആയിരിക്കണമെന്നതിൻ്റെ ഉദാഹരണമായിരുന്നു, കനത്ത അകക്കാമ്പുണ്ടായിരുന്ന, പിറവി. പിറവിയുടെ താളുകളിലാണ് ഞാൻ ആദ്യമായി ഘോഷേട്ടനെ കാണുന്നത്.

എക്‌ ഹാർട്ട് ടോളിയെന്ന, എനിക്കേറ്റവും ഇഷ്ടമുള്ള ഒരു മഹാത്മാവിൻ്റെ, മഹത്തായ പുസ്തകം 'പവർ ഓഫ് നൗ' അധികരിച്ച് സ്വതന്ത്രമായ രീതിയിൽ ലേഖനങ്ങൾ എഴുതുകയായിരുന്നു, ഘോഷേട്ടൻ. രണ്ട് ലക്കം വായിച്ചു കഴിഞ്ഞപ്പോഴേക്കും ആളെ കാണണമെന്ന് കനത്ത മോഹമായി. ലേഖനത്തോടൊപ്പം എഴുത്തുകാരനെക്കുറിച്ചുള്ള കുറിപ്പും മൊബൈൽ നമ്പറും ഉണ്ടായിരുന്നെന്നാണോർമ്മ; അതോ ഞാൻ പിറവിയുടെ ഓഫീസിൽ വിളിച്ചാണോ നമ്പർ സംഘടിപ്പിച്ചത്?  എന്തായാലും ഒരു ദിവസം ധൈര്യം സംഭരിച്ച് ഞാനങ്ങ് വിളിച്ചു. അങ്ങേത്തലക്കൽ ഘനഗംഭീര ശബ്ദം. ഞാൻ ലേഖനം വായിച്ചുവെന്നും, നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോൾ കാണാമല്ലോയെന്ന് സസന്തോഷം സമ്മതിച്ചു.

ഒരു വൈന്നേരം ഘോഷേട്ടൻ്റ ഓഫീസിൽ വച്ചായിരുന്നു സമാഗമം . സന്ധ്യയാകുവോളം സംസാരിച്ചു. പവർ ഓഫ് നൗവിൽ തന്നെയാണ് സംസാരം തുടങ്ങിയത്.  അത് പിന്നെ എൻ്റെ തീരാത്ത സംശയങ്ങളുടെ ഭാണ്ഡക്കെട്ട് തുറക്കലിലേക്ക് മാറി. വീണ്ടും കാണാമെന്ന വാഗ്ദ്ധാനത്തോടെ പിരിയുമ്പോൾ എൻ്റെയുള്ളിലെ നെരിപ്പോടിൽ ചെറുമഴത്തുള്ളികൾ പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു . ആകെതണുപ്പ്. എന്തിനുമുത്തരമുള്ള ഒരു ജ്യേഷ്ഠ സഹോദരൻ്റെ സ്നേഹം ആദ്യമായറിയുമ്പോലെ.

എണ്ണമില്ലാത്ത കൂടിക്കാഴ്ചകൾ. സുദീർഘമായ അനേകം ഫോൺ കോളുകൾ.  2008 അവസാനം ഞാൻ ത്രിപ്പുണിത്തുറവിട്ടു. വടകരയിലേക്ക് . പിന്നെ, ബാംഗ്ലൂരിലേക്ക്. അപ്പോഴൊക്കെ ഘോഷേട്ടൻ്റെ സ്നേഹം പിൻതുടർന്നു. 

രണ്ടായിരത്തി പതിനൊന്നിലാവണം; ഓഫിസാവ ശ്യാർത്ഥം ബാങ്കളൂരിൽ നിന്ന്  കൊച്ചിയിലെത്തിയപ്പോഴാണ് ഘോഷേട്ടൻ്റെ അമ്മ സുഖമില്ലാതെ ആശുപത്രിയിലാണെന്നറിഞ്ഞത്. അന്ന് ആശുപത്രിയുടെ കാൻ്റീനിൽ കാപ്പി കുടിച്ചിരിക്കുമ്പോഴാണ് പിറവിയിൽ വന്ന ലേഖനങ്ങളും പ്രസിദ്ധീകരിക്കാത്ത മറ്റു ചില ലേഖനങ്ങളും ചേർത്ത് പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന എലിസെൻ എന്ന പുസ്തകത്തിൻ്റെ കാര്യം എന്നോട് പറയുന്നത്. 

ചെറുതും വലുതുമായ എന്തൊക്കെ കാര്യങ്ങൾ അതിനിടെ നടന്നു?

ഈ നെരിപ്പോടിന് ഒരു സ്വഭാവമുണ്ട്. തീ അണച്ചാലുമണച്ചാലും ഒരു ചെറുകനൽ ബാക്കിയാവും. സാഹചര്യത്തിൻ്റെ കാറ്റ് തൊട്ടാൽ മതി, ആളിക്കത്തുകയായി. ഡിപ്രഷൻ്റെ, മാനസിക സംഘർഷങ്ങളുടെ കാറ്റ് ഞെരിപ്പോടിലെ തീ ആളിക്കത്തിച്ചുകൊണ്ടിരുന്നു. ഘോഷേട്ടൻ്റെ സാന്ത്വനം മാത്രമായിരുന്നു തീ ശമിപ്പിക്കാനുള്ള ഉപാധി.

"എലി സെൻ എന്തായി" എന്ന ചോദ്യത്തിന്  "ഉടനെയുണ്ടാകും" എന്ന മറുപടി വർഷങ്ങളോളം തുടർന്നു.

ഇതിനിടെ  ഭ്രമണം പൂർത്തിയാക്കി ഞാൻ തൃപ്പൂണിത്തുറയിൽ തിരിച്ചെത്തി, ഘോഷേട്ടനും മീനച്ചേച്ചിയും മക്കളുമടങ്ങിയ കുടുംബത്തിൽ അംഗമായി മാറിയിരുന്നു. ഒരു തിരുവോണത്തിൻനാൾ അച്ഛൻ എന്നെന്നേക്കുമായി പടിയിറങ്ങിപ്പോയപ്പോൾ "ഇനിയെനിക്കച്ഛനില്ല" എന്ന് ആദ്യമായി ഞാൻ വിളിച്ചറിയിച്ചത് ഘോഷേട്ടനെയായിരുന്നു. അച്ഛൻ്റെ ചേതന വിട്ടുപോയ ശരീരം കാണാനും ഞങ്ങളെ ചേർത്തു നിർത്താനും ആദ്യമായോടിയെത്തിയതും ഘോഷേട്ടനും മീനച്ചേച്ചിയും തന്നെ.

2014 ഫെബ്രുവരി 12ാം തീയതി  മീനച്ചേച്ചിയുടെ ഐഡിയിൽ നിന്ന് എൻ്റെ ഇൻബോക്സിൽ കുറേ വേർഡ് ഡോക്യുമെൻറുകൾ വന്നു വീണു. എലി സെന്നിൻ്റെ ആദ്യരൂപം! അല്പസമയത്തിനു ശേഷം ഘോഷേട്ടൻ്റെ വിളിയും വന്നു. "സുരേഷേ അതൊന്ന് വായിച്ചു നോക്കൂ. പറ്റുമെങ്കിൽ ചെറുതായൊന്ന് എഡിറ്റുചെയ്യുകയുമാവാം."

ഞാനും ലതയും കൂടി വായിക്കാൻ തുടങ്ങി. ഒരു പുസ്തകത്തിൻ്റെ ആദ്യവായനക്കാർ എന്ന ആഹ്ലാദത്തോടെ!

അന്നത്തെ രൂപത്തിൽ നിന്ന് സത്യം പറഞ്ഞാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന 15 അദ്ധ്യായങ്ങളും 244 പേജുകളുമുള്ള പുതിയ എലിസെന്നിലേക്ക് പരിണമിക്കുമ്പോൾ പുസ്തകം ഏറെ വളർന്നിരിക്കുന്നു; പക്വമായിരിക്കുന്നു. വലിപ്പത്തിൽ, ഒതുക്കത്തിൽ, അകക്കാമ്പിൻ്റെ കനത്തിൽ.

നവംബർ ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം ആദരണീയനായ ഫാദർ ബോബി ജോസ് കട്ടിക്കാടിൻ്റെയും പ്രിയങ്കരനായ രഞ്ജി പണിക്കരുടേയും സാന്നിധ്യത്തിൽ ലോകമാകെ സാക്ഷിയാക്കി പുസ്തകം പ്രകാശനം ചെയ്ത ശേഷം, ചെറുപുഞ്ചിരിയോടെ  കയ്യൊപ്പിട്ട് ഘോഷേട്ടൻ എലിസെന്നിൻ്റെ കോപ്പി എനിക്ക് തരുമ്പോൾ, അനുഭവിച്ച ധന്യതയോളം വലുത്, എൻ്റെ സർഗ്ഗ ജീവിതത്തിൽ ഞാനിതുവരെ അനുഭവിച്ചിട്ടില്ല.

ഈ നിമിഷത്തിൽ, ഇവിടെ ഇപ്പോൾ ജീവിക്കുക എന്ന ഒറ്റക്കാര്യമാണ് Power of Now എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കം. അത് എങ്ങനെ പ്രാവർത്തികമാവുന്നെന്നതിൻ്റെ നേർക്കാഴ്ചയാണ് എലിസെന്നിൽ കാണാനാവുക. അതും  ഒട്ടും വളച്ചുകെട്ടില്ലാതെ, ആത്മാർത്ഥമായി.

മുണ്ടുമുടുത്ത് വാഴക്കാല ജംഗ്ഷനിലൂടെ രണ്ട് കയ്യിലും ഈ രണ്ട് പാൽക്കവറും തൂക്കി നടന്നു പോകുന്ന ഘോഷേട്ടനെ ഞാൻ ചിരിയോടെയാണ് കണ്ടത്, മൂന്നാമത്തെ അദ്ധ്യായത്തിൽ. ആ നിമിഷത്തിൽ ഏതൊരാളുടേയും മനസ്സിൽ വരുന്ന ചിന്തകളുടെ വേലിയേറ്റത്തെ എന്തു തൻമയത്വത്തോടെയാണ് ഘോഷേട്ടൻ കാട്ടിത്തരുന്നത്! ഒടുക്കം 'ചങ്ങാതിയെ ' മൃദുവായി പിടികൂടി പതുക്കെ വിടുമ്പോൾ അനുഭവിക്കുന്ന സുഖം. ഇവിടെ ഇപ്പോൾ ആയിരിക്കുമ്പോഴുള്ള സുഖം. ഇതു തന്നെയാണ് ഞങ്ങൾ കണ്ടുമുട്ടാറുള്ളപ്പോഴും ഘോഷേട്ടൻ പലപ്പോഴും ഊന്നിപ്പറയുന്ന കാര്യം. "ഇപ്പോൾ, ഇവിടെയാവുക" 

"അറിവില്ലായ്മയിൽ നിന്നാണ് പേടി ജനിക്കുന്നത്. ഓരോ വ്യക്തിയിലേയും പേടിയാണ് എലി. പുറത്തെ എലിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോൾ കാട്ടുപോത്തിൻ്റെ രൂപഭാവത്തിലേക്ക് എലി പരിണമിച്ചു കൊണ്ടിരിക്കുന്നു. അകത്തെ എലിയുടെ ശക്തി വർദ്ധിക്കുന്നതുമൂലം നാം അക്ഷമരും കോപാകുലരൂമാകുന്നു." എലി സെൻ എന്ന അദ്ധ്യായത്തിൽ നിന്നാണ്. നമുക്ക് ചുറ്റും സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളെ അന്തർ ലോകവുമായി താരതമ്യം ചെയ്ത് ആശയങ്ങൾ എളുപ്പം മനസ്സിലാകും വിധം അവതരിപ്പിക്കാൻ , സംഭാഷണത്തിലായാലും ലേഖനരചനയിലായാലും ഘോഷേട്ടനുള്ള കഴിവ് അസാമാന്യമാണ്. ഒരു പക്ഷെ പതിറ്റാണ്ടുകളുടെ പത്രപ്രവർത്തന പരിചയത്തിൽ നിന്നു നേടിയതാവാം ഈ നിരീക്ഷണ പാടവം.

ഇരുന്നൂറിൽപ്പരം പേജുള്ള ഈ പുസ്തകം ഒരു ദിവസം കൊണ്ട് വായിച്ചു തീർത്തെന്ന്, പുസ്തക പ്രസാധന ദിനത്തിൽ രഞ്ജിപ്പണിക്കർ പറഞ്ഞത് അതിശയോക്തിയാണെന്നേ തോന്നിയുള്ളൂ. പക്ഷെ പുസ്തകം വായിക്കാനെടുത്തപ്പോൾ മനസ്സിലായി ആ പറഞ്ഞത് ഒട്ടും അതിശയോക്തിയല്ലെന്ന് . ഞാനും വായിച്ചു തീർത്തു ഇരുന്നൂറ്റി നാൽപ്പത്തിനാല് പേജുള്ള എലി സെൻ ഒറ്റയിരിപ്പിൽ.

സുരേഷ് ശേഖരൻ

ശിങ്കിടി

ശിങ്കിടി

ഞങ്ങളുടെ വീട്ടിൽ ഒരു കാലത്ത് രണ്ട് നായ്ക്കളും ധാരാളം പൂച്ചകളും ഉണ്ടായിരുന്നു. പൂച്ചക്കളുടെ പരമ്പര പൊക്കിയെന്നും പൊക്കനെന്നും പെൺ, ആൺപൂച്ചകളിലൂടെ വളരെക്കാലം എങ്ങനെ നിലനിന്നു പെരുകി എന്നത് മറ്റൊരിടത്ത് പറഞ്ഞതാണ്.

രണ്ട് നായ്ക്കൾ. സാങ്കേതികമായി പറഞ്ഞാൽ ഇവ രണ്ടും ഞങ്ങളുടെ വീട്ടിലേതല്ല ; എന്നാൽ പ്രായോഗികമായി ഇവ ഞങ്ങളുടേതായിരുന്നുതാനും.  ശശിയുടെ വീട്ടിലാണ് ടോമിയും ശിങ്കിടിയും (അതാണവരുടെ പേര് ) ജനിച്ചത്.
സ്കൂളിൽ പോകാൻ നേരമാവുമ്പോൾ ശശിയും രവിയും വീട്ടിൽ വരും.അവരോടൊപ്പം ടോമിയും ശിങ്കിടിയും.  പകൽ മുഴുവൻ ഞങ്ങളുടെ വീട്ടിൽ  ചിലവഴിച്ച് സന്ധ്യയാവുമ്പോൾ തിരിച്ചു പോവും.

തടിച്ച് വെളുത്ത് സുന്ദരനായിരുന്നു ടോമി. രണ്ടാണുങ്ങളും ഒരു പെണ്ണുമായിരുന്നു അവൻ്റെ കൂടപ്പിറപ്പുകൾ.രണ്ടു സഹോദരൻ മാരും അമ്മയും അകാലത്തിൽ ചരമമടഞ്ഞു. കൊല ചെയ്യപ്പെട്ടു എന്ന് പറയുന്നതാവും കൂടുതൽ ശരി .ഒരു കയ്യിൽ വടിയും മറ്റേ കയ്യിൽ ഇരുമ്പ് കുരുക്കുമായി ഒരു ദിവസം ഇടവഴിയിൽ പ്രത്യക്ഷപ്പെട്ട കറുത്തു തടിച്ച ഒരു തമിഴൻ നാട്ടിലെ നായ്ക്കളെ മുഴുവൻ വേട്ടയാടി. കണ്ണുതുറിച്ച് ,നാക്കു തള്ളി മലവുംരക്തവും വിസർജിച്ച് കുന്നുപോലെ കൂനകൂടിക്കിടന്ന നായ്ക്കളുടെ മൃതദേഹത്തിനരികിൽ നിന്ന് തമിഴൻ കുമ്പയുഴിഞ്ഞ് കുലുങ്ങി ച്ചിരിച്ചത് മറക്കാനാവുന്നില്ല.അയാളുടെ നാവിനും പല്ലിനും തുറിച്ച കണ്ണുകൾക്കും ചോരയുടെ ചോന്ന നിറമായിരുന്നു. രണ്ട് മിനിലോറികളിൽ കയറ്റി നായ്ക്കളുടെ ഒരു പാട് തലമുറകളെ അയാൾ കടത്തിക്കൊണ്ടുപോയി. നായ്ക്കളുടെ ശരീരങ്ങൾ എണ്ണിയെണ്ണി ലോറികളിലേക്ക് വലിച്ചെറിഞ്ഞ് തമിഴൻ തളർന്നു. ചുറ്റുവട്ടത്തെ വീട്ടുകാരാരും അയാൾക്ക് ഒരു തുള്ളി വെള്ളം പോലും  കൊടുത്തില്ല. കുഞ്ഞിരാമമ്മാവൻ്റെ പീടികയിൽ ചെന്ന് സോഡ ചോദിച്ച അയാളെ "അമ്മാമൻ കണ്ണ് മുറിയെ ബായിപറഞ്ഞ് ഓടിച്യാളഞ്ഞ് " എന്ന് ശശി പിന്നീട് പറഞ്ഞു.

കാരിരുമ്പിൻ്റെ കമ്പി മുറുകി ശ്വാസം കുടുങ്ങി പിടഞ്ഞു കരഞ്ഞ നായ്ക്കളുടെ രോദനം കട്ടങ്കോട് കുന്നിലും താഴ്'വരയിലും റബ്ബർ ടയർ കരിഞ്ഞ പുക മണം പോലെ ഏറെനാൾ തങ്ങി നിന്നു.
ടോമിയേയും അവൻ്റെ പെങ്ങളേയും ശശി വീട്ടിനകത്തിട്ട ടച്ച് പട്ടിപിടുത്തക്കാരിൽ നിന്നും രക്ഷിച്ചു. അവർ കരഞ്ഞും കുരച്ചും ബഹളമുണ്ടാക്കി തമിഴൻ്റെ ശ്രദ്ധയാകർഷിക്കാതിരിക്കാൻ   അവൻ  ഇടക്കിടെ ചോറ് മീൻ കറി കൂട്ടി കുഴച്ച് അവർക്ക് കൊടുത്ത് കൊണ്ടിരുന്നു. തൻ്റെ ഉച്ചഭക്ഷണം നായ്ക്കൾ ഊഴമിട്ട് തിന്നതിനാൽ അവൻ പകൽ വിശന്ന് കഴിച്ചുകൂട്ടി. അത്താഴത്തിന്റെ നേരമായപ്പോഴേക്കും തളർന്ന് ഉറങ്ങിപ്പോകുകയും ചെയ്തു.

ആദ്യമാദ്യം മടിച്ചു മടിച്ചാണ് ടോമി എൻ്റെ വീട്ടിലേക്ക് വന്നത്. പിന്നെ പിന്നെ കളിയിലും കഥയിലും അവൻ ഞങ്ങളുടെ കൂട്ടാളിയായി. ടോമിയുടെ സഹോദരി ഒരു കറുമ്പിയായിരുന്നു. കാണാൻ ഒട്ടും ഭംഗിയില്ലാത്തവൾ. കുസൃതിയും ചൊടിയുമില്ലാത്തവൾ. എന്നാൽ,  പട്ടിപിടുത്തത്തിൽ കട്ടങ്കോടിലെ പട്ടി വർഗ്ഗം അസ്തമിച്ച് പോയതിൻ്റെ ഒന്നാം വാർഷികത്തിൽ അവൾ ഗർഭം ധരിച്ചു .ദിവ്യഗർഭം എന്നു തന്നെ പറയണം.കാരണം ഞങ്ങളുടെ അറിവിൽ കുമ്പളത്തും കട്ടങ്കോടും അക്കാലത്ത് നായ്ക്കളേ ഉണ്ടായിരുന്നില്ല, ടോമി ഒഴികെ.

മഴ നിർത്താതെ പെയ്ത ഉരിടവപ്പാതിരാവിലായിരുന്നു അവളുടെ പ്രസവം. വിറകിടാൻ വേണ്ടി ഉണ്ടാക്കിയ ഒരു ഷെഡ്ഡിൽ. പിറ്റേന്ന് രാവിലെ ആറിയ വിറക് തേടി ചെന്ന ശശിയുടെ മാതാവ് ചിരുതാമ്മയുടെ നേരെ അവൾ കുരച്ചു ചാടി. തിരിഞ്ഞോടിയ ചിരുതാമ്മ മേലാസകലം കട്ടിപ്പുതപ്പിട്ട് മൂടി ,മഴയുടെ താരാട്ട് കേട്ട് സുഖനിദ്രയിലായിരുന്ന ശശിയുടെ പുറത്ത് രണ്ടടി പാസാക്കി ഉണർത്തി, അവനോട് കാര്യം പറഞ്ഞു. അവൻ വിറക്‌പുരയിൽ ചെന്ന്‌ സാഹസപ്പെട്ടും സാന്ത്വനിപ്പിച്ചും ആ  ക്ഷുഭിത നവ മാതൃത്വത്തെ ഒരു വിധം ഒതുക്കി. എന്നിട്ടും ആരെങ്കിലും താൻ കിടക്കുന്ന ദിക്കിലേക്കെങ്ങാൻ തിരിഞ്ഞാൽ ശക്തിയായി മുരണ്ട് കനത്തിലൊന്ന് കുരച്ച് അവൾ ഭീഷണി ഉയർത്തി. കുഞ്ഞിനെ കാണണമെന്ന് ആഗ്രഹിച്ച എന്നോട് ശശി പറഞ്ഞു, "ഉയ്യെൻ്റെ കുഞ്ഞിമ്മോനേ, ഇഞ്ഞി അയിൻ്റ ട്ത്ത് ഒന്നും ബെരല്ലേ! അത് പറിച്ചീന്തിക്കളയും!"

അവൻ്റെ മുഖത്തെ ഭീതി കണ്ട ഞാൻ ആഗ്രഹം മണ്ണിട്ട് മൂടി. പക്ഷെ പിറ്റേന്ന് രാവിലെ കക്കൂസിൻ്റെ വാതിൽ തുറന്ന എന്നെ എതിരേറ്റത് ശക്തമായ ഒരു മുരൾച്ചയും ഒരു കുരയും ചാട്ടവുമായിരുന്നു. പേടിച്ച് വിറച്ച് പോയ ഞാൻ അലറിക്കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് തിരിച്ചോടി. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് വയറ്റീന്ന് പോയത്.

അച്ഛൻ ശശിയേയും അവൻ്റെ ചേട്ടൻമാരേയും തേടിച്ചെന്നു. മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരനർത്ഥം വന്നു പിണഞ്ഞത് ഞങ്ങളുടെയെല്ലാം ദൈനംദിന കാര്യങ്ങളെ പരുങ്ങലിലാക്കിയിരുന്നു. കുഞ്ഞിരാമേട്ടനാണ് അവളേയും ഒരേ ഒരുണ്ണിയേയും കക്കൂസിന് വെളിയിലാക്കിയത്.  കറുത്തു കനത്ത മഴയിലൂടെ കൂനിക്കൂടി കുഞ്ഞിനേയും കടിച്ചു തൂക്കി അവൾ നടന്നു പോയി; ഞങ്ങളുടെ പറമ്പിന് പിറകുവശത്തെ കല്ലുവെട്ടാംകുഴിക്ക് നേരെ.

രാത്രി മുഴുവൻ കല്ലുവെട്ടാംകുഴിയിൽ നിന്ന് അവളുടെ കരച്ചിൽ കേട്ടിരുന്നു. ആ കരച്ചിലിനിടയിൽ തേങ്ങൽ പോലെ ഒരു കുഞ്ഞു ശബ്ദവും ഇടക്കിടെ കേട്ടു .

രാവിലെ വെളിച്ചം വീഴുന്നതിന് മുമ്പ് ഞാൻ ഓടി കൽക്കുഴിയുടെ അടുത്തെത്തി . കുഴിയിലാകെ വെള്ളം കെട്ടി നിന്നിരുന്നു. വെള്ളം കേറിയെത്താത്തിടത്ത്, വി.ടി.അലി എന്ന് ഇംഗ്ലീഷിൽ വലുതായി ഭംഗിയിൽ കൊത്തി വെച്ചതിനു താഴെ അവൾ നനഞ്ഞ് കുതിർന്ന് അവശയായി കിടന്നു.അരികിൽ ഒരു കറുത്ത പഞ്ഞിക്കെട്ടു പോലെ മകനും. കല്ലുവെട്ടാംകുഴിയിൽ എന്നേക്കാൾ മുമ്പേ എത്തിയ ശശി പതുക്കെ ശബ്ദമുണ്ടാക്കാതെ അവളുടെ നേർക്ക് നടക്കുകയായിരുന്നു.

ശശി അടുത്തെത്തിയപ്പോൾ അവൾ ഞരങ്ങി. ദീനമായി അവൻ്റെ കണ്ണിലേക്ക് നോക്കി. അവളുടെ ചെവിയിലും കണ്ണിലും ഉറുമ്പ് പറ്റിപ്പിടിച്ചിരുന്നു. ശശി തല തിരിച്ച് എന്നെ നോക്കി. അവൻ കരയുകയായിരുന്നു. അവളുടെ ദുർഗ്ഗതിക്ക് ഞാനാണ് കാരണക്കാരൻ എന്ന് അവൻ കരുതിയിരുന്നോ? ഞാനും കല്ലുവെട്ടാംകുഴിയിലേക്ക് ഇറങ്ങി. ശ്വാസമുണ്ട്; അമ്മയ്ക്കും മോനും. പെട്ടെന്ന് കല്ല് വെട്ടാംകുഴിയുടെ മേലെ ഒരു വെളുത്ത തല പ്രത്യക്ഷപ്പെട്ടു.തിളങ്ങുന്ന കണ്ണുകളും കൂർത്ത ചെവികളും; ടോമി .

അലർച്ച പോലെ ടോമി കുരച്ചു .ഞങ്ങളെ നോക്കി അവൻ ഒരിക്കലും അങ്ങനെ ചെയ്യാത്തതാണ്. കല്ലുവെട്ടാംകുഴിയിലേക്ക് അവൻ  ചാടിയിറങ്ങവെ, ഞാനും ശശിയും ജീവൻ കയ്യിൽ പിടിച്ച് കരയിലേക്ക് പാഞ്ഞ് കയറി. വെയിലുദിക്കുകയായിരുന്നു. രണ്ട് രാവും പകലും അമ്മയെയും മകനെയും നക്കിതുടച്ച് അവർക്ക് ചുറ്റും വലം വച്ച് ടോമി കാവലിരുന്നു. അമ്മക്കും മകനും പതുക്കെ ജീവൻ വച്ചു. മൂന്നാം നാൾ അവൾ മകനോടൊപ്പം വിറകുപുരയിലേക്ക് മടങ്ങി.

വെയിൽ നിന്ന് കത്തിയ പകലുകളായിരുന്നു പിന്നെ വന്നത്. ഒരു രാത്രി മുതൽ അമ്മപ്പട്ടിയെ കാണാതായി .രാത്രി മീൻ കറി കൂട്ടിചോറ് തിന്ന് വിറക്പുര യുടെ അരികിൽ പോയി കിടന്നതാണ്. രാവിലെ ആളെ കാണാനില്ല. ടോമി കുറേ നേരം അങ്ങുമിങ്ങും പാഞ്ഞു. തിരികെ കുഞ്ഞിനടുത്ത് വന്നിരുന്നു. മിഥുന മഴ മെല്ലെ ചാഞ്ഞു പെയ്ത് തുടങ്ങിയ ഒരു രാവിലെ ഞങ്ങളുടെ വീട്ടുമുറ്റത്തേക്ക്  ശശിയുടെയും ടോമിയുടെയും ഒപ്പം അവൻ കയറി വന്നു. അവന് ശരിക്ക് നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. മുന്നിലെ രണ്ട് കാലുകൾക്കു മാത്രമേ ശേഷിയുണ്ടായിരുന്നുള്ളൂ. പിന്നിലെ ഇടതുകാൽ കുത്തി നിന്നാൽ വലതുകാൽ താളത്തിൽ വിറച്ചു. വലത് കാൽ കുത്തി നിന്നാൽ ഇടതേതും.

പറമ്പിൽ നിന്ന് ഞങ്ങളുടെ കിഴക്കേ മുറ്റത്തേക്കിറങ്ങുന്ന ഇടം ഒരു ചെറിയ ചെരിവായിരുന്നു. ചെരിവിറങ്ങി വന്ന ടോമിയുടെ പിന്നാലെ ഓടിയെത്തിയ നായ്ക്കുട്ടിയുടെ പിറക് ഭാഗം നിലത്തുരഞ്ഞ് പോയി .തൊലി ഇളകിയടർന്നു.

വരാന്തയിലിരിക്കുകയായിരുന്ന അമ്മ,"അയ്യോ! പാവം" എന്ന് പറഞ്ഞ് രാവിലത്തെ പുട്ട്, കറിയിൽ കുഴച്ച് ഇട്ട് കൊടുത്തു. ഇച്ചിരി നക്കിയും മണത്ത് നോക്കിയും അവൻ പ്രിയമില്ലാതെ നിന്നു." അയിന് തിന്നാൻ കയീന്ന്ണ്ടാവൂല.കുഞ്ഞനല്ലെ!" അമ്മ പറഞ്ഞു. അവൻെറ ശരീരമാകെ കാലിൻ്റെ വിറയലിൽ ഇളകിക്കൊണ്ടിരുന്നു. പൊട്ടിയ കലത്തിൻ കഷണത്തിൽ അമ്മ ഒഴിച്ച് കൊടുത്ത പാൽ അവൻ നൊട്ടി നുണഞ്ഞു. പ്രാതൽ കഴിഞ്ഞ് പുറത്തിറങ്ങിയ അച്ഛൻ അപ്പോഴാണ് അവരെ കണ്ടത്. "ഹാ! ടോമി " കുഞ്ഞൻ നായയുടെ മേൽ കണ്ണ് പതിഞ്ഞ നേരം അച്ഛൽ ടോമിയോട് ചോദിച്ചു ,"ആരാടാ ഈ ശിങ്കിടി?" അങ്ങനെ അവൻ ശിങ്കിടിയായി.

മാസങ്ങൾ കഴിഞ്ഞ് പോയി. എല്ലാ രാവിലെകളിലും ടോമിയോടൊപ്പം അവൻവീട്ടിൽ വരാൻ തുടങ്ങി .ചോറിനോടും മീനിനോടും അവന് പ്രിയ മായിരുന്നു. കപ്പ യോടും മത്തി യോടും അവന് പ്രിയമായിരുന്നു . ഉപ്പുമാവും പുട്ടും ഇഡ്ഡലിയും ദോശയും അവനിഷ്ടമായിരുന്നു. എന്ത് ഭക്ഷണത്തോടും അവനാർത്തിയായിരുന്നു. വരാന്തയിലിരുന്ന് ആരെങ്കിലും ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അവൻ മുൻകാലുകൾ വരാന്തയിലേക്ക് വെക്കും. വായിൽ നിന്ന് വെള്ളമൊലിക്കുന്നുണ്ടാവും. വികലമായ പിൻ കാലുകൾ വിറച്ചു കൊണ്ടിരിക്കും.  ദയനീയമായി മോങ്ങും. പിന്നെ, കാലിൻ്റെ ദുർബല്യത്തിൽ ശരീരം താങ്ങി നിർത്താനാവാതെ മറിഞ്ഞുവീഴും.  

അവന് എന്തു തിന്നിട്ടും മതി വന്നില്ല. പശുവിന് വച്ച വെള്ളത്തിൽ തലയിട്ടു. കഞ്ഞിക്ക ലം നക്കി. അമ്മ പൊറുതിമുട്ടി. ഒടുക്കം അമ്മയവനെ പോടാ, പോടാ, എന്ന് ആട്ടിഅകറ്റാൻ തുടങ്ങി.

അവൻ പറമ്പിലായി നടപ്പ്. ചാറ്റൽ മഴയത്തൂടെ വിറച്ചുവിറച്ച്!  വാടിയും കേടുവന്നും വീണ മാങ്ങകൾ അവൻ തിന്നാൻ തുടങ്ങി. പിന്നെ പറമ്പിൽ ധാരാളമായി വീണു കിടന്ന ആർക്കും വേണ്ടാത്ത ചക്കപ്പഴം. അവൻ്റെ കുട്ടി വയർ വീർത്തു വന്നു. തടി കറുത്തും . പക്ഷെ വലിപ്പം മാത്രം കൂടിയില്ല. ഒരു കുള്ളൻ കുഞ്ഞൻ .

പട്ടിയുടേതായ ഒരു ഗുണവും അവനുണ്ടായിരുന്നില്ല. കുരച്ചില്ല! കടിച്ചില്ല! ഇണചേർന്നില്ല! തലയുയർത്തി , ഗർവിൽ നടന്നു പോകുന്ന ടോമിയുടെ പിന്നാലെ  തല താഴ്തി, കാൽവിറച്ചു വിറച്ച് , വാൽ പിറകിൽ തിരുകി അവൻ നടന്നു. വേറെ നായ്ക്കൾ ആക്രമിക്കാൻ വന്നാൽ അവൻ വിചിത്രമായൊരിളിയിളിക്കും. ആ ഇളിയുടെ വൈകൃതത്താലാവണം ആരും അവനെ ആക്രമിച്ചില്ല.

കൊതി കൂടുമ്പോൾ വിറയും കൂടുന്ന പിൻ കാലുകളും വിറപ്പിച്ച്, ചക്കപ്പഴം ആഹരിക്കുന്ന ടോമിയുടെ ആ ശിങ്കിടി, ഏറെക്കാലം ഞങ്ങളുടെ വീട്ടിൽ വന്നും പോയുമിരുന്നു. ഞങ്ങളുടെ കൂടെ പുഴയിൽ കുളിക്കാനും, മാമ്പഴം പെറുക്കാനും,  അമ്മയുടെ കൂടെ പുല്ലരിയാനും, ഒക്കെ ...വയലിലെ ചെളിയിലമർന്ന് ഒരു മധ്യവേനലവധിക്കാലത്ത്, മൃതനാകും വരെ.

സുരേഷ് ശേഖരൻ

പുസ്തക വിചാരം - സ്ഥിത പ്രജ്ഞൻ

ബാലേട്ടന് ഒരു വലിയ അലമാര നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും സംസ്കൃതത്തിലുമുള്ളവ. അലമാരയുടെ ചില്ലുപാളികൾ തള്ളി നീക്കാൻ തന്നെ തെല്ലൊന്നദ്ധ്വാനിക്കണം.  സ്ക്കൂൾ അവധികളിലും അച്ഛനോടും അമ്മയോടുമൊപ്പമുള്ള അഴിയൂർ സന്ദർശനവേളകളിലും പിന്നെ മാഹിയിൽ കള്ളു പീടികയിൽ കണക്കെഴുതുന്ന കാലത്ത് ആ വീട്ടിൽ താമസിക്കുമ്പോഴും ബാലേട്ടൻ്റെ മുറിയായിരുന്നു എൻ്റെ ഇഷ്ട സങ്കേതം. എൻ്റെ വലിയമ്മയുടെ മകനാണ് ബാലേട്ടൻ. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽ വലിയ ഉദ്യോഗസ്ഥൻ. വീട്ടിൽ വരുമ്പോഴെല്ലാം സൂട്കേസിൽ നിറയെ പുതിയ പുസ്തകങ്ങളുണ്ടാവും. അങ്ങനെ വന്ന പുസ്തകങ്ങളുടെ കൂട്ടത്തിലാണ്, ഞാൻ സ്ക്കൂളിൽ പഠിക്കുന്ന കാലത്ത്, മഹച്ചരിത മാല വന്നത്. നൂറ് പുറങ്ങളിൽ രണ്ട് മൂന്ന് മഹാൻമാരുടെ ജീവചരിത്രങ്ങൾ. അങ്ങനെ കുറേ കുറേ പുസ്തകങ്ങൾ. ആരായിരുന്നു പ്രസിദ്ധീകരിച്ചിരുന്നതെന്നൊന്നും ഓർമയില്ല. മഹച്ചരിതങ്ങളിലധികവും ഞാൻ വായിച്ചു. അക്കാലത്തു തന്നെയാണ് വിശ്വസാഹിത്യ മാല എന്ന പേരിൽ ലോക ക്ലാസിക്കുകളുടെ സംക്ഷിപ്ത രൂപങ്ങളും അതേ പ്രസാധകർ പുറത്തിറങ്ങിയത് . 

മഹച്ചരിതമാലാകാലത്തിനു ശേഷം ജീവചരിത്രങ്ങളും ആത്മകഥകളും ഏറെയൊന്നും വായിച്ചിട്ടില്ല. ആത്മകഥകൾ പലതും അയഥാർത്ഥങ്ങളാണെന്ന തോന്നൽ അറിയാതെ എങ്ങനെയോ ഉള്ളിൽ കയറിക്കൂടിയിരുന്നു. 

വായിച്ചിരുന്നു; സത്തയാകെ ഉലച്ചു കളഞ്ഞ, നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ 'ഞാൻ', പിന്നെ മാധവിക്കുട്ടിയുടെ എൻ്റെ കഥ, എ.കെ.ജി.യുടെ എൻ്റെ ജീവിത കഥ, അതു കഴിഞ്ഞ് ഇക്കഴിഞ്ഞ കൊറോണ ലോക്ഡൗൺ കാലത്ത് മഹാത്മജിയുടെ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്ന് മഹാത്മാവിനെക്കുറിച്ച് ലൂയി ഫിഷർ എഴുതിയ ജീവി ചരിത്രവും. എൻ്റെ ജീവചരിത്ര വായന ഇത്രയേ ഉള്ളൂ.

ഇപ്പോഴിതാ അത്യപൂർവമായ ഒരു ജീവചരിത്ര ഗ്രന്ഥം എന്നെ തേടി എത്തിയിരിക്കുന്നു. ശ്രീ ബി ആർ രാജേഷിൻ്റെ "സ്ഥിതപ്രജ്ഞൻ - പ്രോഫ. ജി.ബാലകൃഷ്ണൻ നായർ - ജീവിതവും ദർശനവും." 

ഒരു ജീവചരിത്ര ഗ്രന്ഥമെന്ന് ഇതിനെ നിർവചിക്കാനാവില്ല. ആധുനിക കേരളം കണ്ട ഏറ്റവും വലിയ ധിഷണാശാലികളിൽ ഒരാളുടെ ജീവിതത്തിൻ്റെ സമഗ്രമായ അവതരണമാണ് ഈ ഗ്രന്ഥം.

2005 ലാണ് ബാലകൃഷ്ണൻ സാറിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. ബി.എസ്. എൻ. ലിൽ ജോലി ചെയ്തിരുന്ന കൃഷ്ണദാസ് സാറാണ് എന്നോട് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. എൻ്റെ സെഞ്ചൂറിയൻ ബാങ്ക് കാലം. ബി എസ് എന്നലിലെ  ധാരാളം  ഉദ്യോഗസ്ഥൻമാർക്ക് അക്കാലത്ത് ഞങ്ങളുടെ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നു. അവരിൽ പലരുടേയും റിലേഷൻഷിപ് മാനേജരായിരുന്നു ഞാൻ .  ഇടപാടുകാരുടെ സുഖവിവരങ്ങൾ ആവശ്യത്തിനും അനാവശ്യത്തിനും ചെന്നന്വേഷിക്കുന്ന ഉപദ്രവകാരിയുടെ പേരാണല്ലോ റിലേഷൻഷിപ്പ് മാനേജർ ! 

പ്രതേകിച്ച് ഒരു കാരണവുമില്ലാതെ മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലെ കൃഷ്ണദാസ് സാറിൻ്റെ വീട്ടിൽ ചെന്നിരിക്കാനും അദ്ദേഹത്തിൻ്റെ വർത്തമാനം കേൾക്കാനും എനിക്കിഷ്ടമായിരുന്നു. ആത്മീയത്തോട് എനിക്കൽപ്പം പ്രതിപത്തിയുണ്ടെന്ന് തോന്നിയതിനാലാവണം അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്വതേ മിതഭാഷിയായ അദ്ദേഹമെന്നോട് ഒരുപാട് നേരം പറയുമായിരുന്നു. അങ്ങനെ ഒരവസരത്തിലാണ് ബാലകൃഷ്ണൻ സാറിനെക്കുറിച്ച് പരാമർശമുണ്ടായത്. "തിരുവനന്തപുരത്ത് ഒരു പുണ്യാത്മാവുണ്ട്. ഒരു തവണയെങ്കിലും പോയിക്കാണണം.  പോയി കാണുന്നതു തന്നെ പരമഭാഗ്യം."

കോഴിക്കോട്ടു നിന്ന് കൊച്ചിയിലേക്കുള്ള സ്ഥലം മാറ്റം, ഔദ്യോഗിക സമ്മർദ്ദം ഒക്കെ എന്നെ തികഞ്ഞ ഭൗതികനാക്കി മാറ്റിക്കളഞ്ഞ വർഷങ്ങളാണ് പിന്നെ വന്നത്. രണ്ടായിരത്തി പത്തിൽ ബാങ്കളൂരിലെ രണ്ടു വർഷത്തെ ഏകാന്തവാസത്തിനിടയിലാണ് ബാലകൃഷ്ണൻ സാറിലേക്ക് ഞാൻ വീണ്ടുമെത്തിയത്. 

ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ വെറുതെയിരിക്കുന്ന നേരത്ത് ആത്മീയ സംബന്ധിയായ ലേഖനങ്ങളും മറ്റും ഇൻറർനെറ്റിൽ തിരയുമായിരുന്നു. അങ്ങനെയാണ് ശ്രേയസ്സ് എന്ന ഒരു പോർട്ടലിൽ എത്തിപ്പെട്ടത്. ആത്മീയ പാതയിൽ സഞ്ചരിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വിഭവങ്ങൾ നിറഞ്ഞ ഒരു സുവർണത്തളിക . അതിൽ നിന്നാണ് ബാലകൃഷ്ണൻ സാറിൻ്റെ പ്രഭാഷണം ആദ്യമായി ഞാൻ കേൾക്കുന്നത്. ബസവ നഗുഡിയിലെ ഓഫീസിൽ നിന്ന് ശ്രീനിവാസനഗറിലെ വാസസ്ഥലത്തേക്ക് മൂന്നു മൂന്നര കിലോമീറ്ററുണ്ട്. രാവിലേയും വൈകീട്ടും നടത്തം. നടത്തത്തിനിടെ ചെവിയിൽ ബാലകൃഷ്ണൻ സാറിൻ്റെ വാത്സല്യനിർഭര ശബ്ദം. "ബോധമേ ഉള്ളൂ. അത് ശാസ്ത്രീയമായി വിശകലനം ചെയ്ത് ഉറപ്പിക്കുക. ബോധം തന്നെയാണ് ഈശ്വരൻ. അത് സ്വയം പ്രകാശിച്ച് വിളങ്ങുന്നതാണ്! എന്താണ് സ്വയം പ്രകാശിക്കൽ? 'ഉണ്ട്' എന്ന സ്വാനുഭവമാണ് സ്വയം പ്രകാശിക്കൽ. ഈ ജഗത്തിൽ 'ഉണ്ട്' എന്ന് സ്വയം അനുഭവിക്കുന്ന ഒരേ ഒരു വസ്തുവേയുള്ളൂ - അതാണ് ബോധം. ഇക്കാരണത്താൽ തന്നെ ഉള്ളത്, അതായത് സത്യം ബോധം മാത്രമാണെന്ന് സ്പഷ്ടം" എന്നിങ്ങനെ .. 

ഭാരതീ ദർശനത്തിൻ്റെ നെടുംതൂണുകളായ സകല ഗ്രന്ഥങ്ങളെയും അധികരിച്ച് ബാലകൃഷ്ണൻ സാർ പ്രഭാഷണം നടത്തിയിട്ടുണ്ട്. അവയിൽ, ശ്രേയസ്സിൽ ലഭ്യമായവയെല്ലാം ഞാൻ കേൾക്കുകയും ചെയ്തു. എന്നാൽ ഈ കേൾവി എന്നിൽ ഒരു മാറ്റവുമുണ്ടാക്കിയില്ല. കേൾക്കുന്ന മാത്രയിൽ സത്യദർശനം സാധ്യമായ സുകൃതികളെക്കുറിച്ച് എവിടെയെല്ലാമോ വായിച്ചിരിക്കുന്നു!

ഇപ്പോഴിതാ, തൻ്റെ പതിനേഴാമത്തെ വയസ്സു മുതൽ സാറിൻ്റെ ദേഹവിയോഗം വരെ സാറിനോടൊപ്പം നടന്ന് ചോദ്യം ചോദിച്ചും തർക്കിച്ചും സംശയ നിവൃത്തി തേടി സത്യത്തെ നന്നായി ഗ്രഹിച്ച ഒരു ശിഷ്യൻ്റെ ഗ്രന്ഥം; ബാലകൃഷ്ണൻ സാർ ആരായിരുന്നെന്നും എന്തായിരുന്നെന്നും തെളിവോടെ അറിയാൻ.

സ്ഥിതപ്രജ്ഞൻ എന്നാണ് ശ്രീ ബി ആർ രാജേഷ് തൻ്റെ പുസ്തകത്തിന് നൽകിയിരിക്കുന്ന ശീർഷകമെന്ന് നേരത്തെ പറഞ്ഞു.സ്ഥിതപ്രജ്ഞൻ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഭാഗവദ് ഗീത രണ്ടാമദ്ധ്യായം അമ്പത്തിനാലാം ശ്ലോകത്തിൽ അർജ്ജുനൻ ഭഗവാനോടുന്നയിക്കുന്ന ചോദ്യമാണോർമ്മ വരിക.

"സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ 
സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം "   

കുഞ്ഞിക്കുട്ടൻ തമ്പുരാൻ അതിങ്ങനെയാണ് മൊഴി മാറ്റിയിരിക്കുന്നത്.

" പ്രജ്ഞ നിൽക്കും സമാധി സ്ഥനെന്തുവാൻ മൊഴി കേശവ
സ്ഥിത ധീയെന്തോതു,മെങ്ങു നില്ക്കുമെങ്ങു ഗമിച്ചിടും?"

ഈ ചോദ്യത്തിനുത്തരമായി സ്ഥിത പ്രജ്ഞൻ്റെ ലക്ഷണം ഭഗവാൻ വളരെ വിശദമായിത്തന്നെ അർജ്ജുനനോട് പറയുന്നുമുണ്ട്. ഭഗവാൻ പറയുന്ന ഗുണങ്ങൾ വളർത്തിയെടുത്താൽ സ്ഥിതപ്രജ്ഞനായിത്തീരാമെന്നും ഭാഷ്യകാരൻമാർ പറയുന്നു. 
സ്ഥിതപ്രജ്ഞനാവാനും വാഴ്‌വിൻ്റെ ഉണ്മ കാണാനും മറ്റും ഉദരപൂരണം മാത്രം ലക്ഷ്യമായംഗീകരിച്ച, അതിനുള്ള സങ്കേതങ്ങളും ആശയങ്ങളും തന്ത്രങ്ങളും സൂത്രങ്ങളും മാത്രം വികസിപ്പിക്കാൻ ഉദ്യമിക്കുന്ന കേരളത്തിലെ ആൾക്കൂട്ടത്തിനും , പൗരസ്ത്യ ദർശനങ്ങൾ മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്ന ഇവിടത്തെ ബുദ്ധിജീവികൾക്കും എവിടെ നേരം.  പ്രൊഫ.ജി. ബാലകൃഷ്ണൻ നായർ എന്ന പേര് അവർക്ക് പരിചിതമാവണമെന്നില്ല. പാൽക്കുളങ്ങരയിലെ സാറിൻ്റെ വീട് തേടിയെത്തുന്ന സത്യാന്വേഷികൾ പലർക്കും സമീപ പ്രദേശങ്ങളിൽ ആ പേരന്വേഷിക്കുമ്പോൾ അറിഞ്ഞുകൂടെന്ന മറുപടി കിട്ടിയിട്ടുണ്ടെന്നത് സ്വാഭാവികം മാത്രം ! എന്നാൽ ശ്രീ രാജേഷ് പുസ്തകത്തിൻ്റെ മുഖവുരയിൽ പറയുന്ന പോലെ, കേരളത്തിലെ സത്യാന്വേഷികളോട് പ്രൊഫ. ബാലകൃഷ്ണൻ നായർ ആരായിരുന്നെന്ന് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.

ജീവചരിത്ര ഗ്രന്ഥങ്ങൾ, സാധാരാണ, ഒരാളുടെ ജനനം തുടങ്ങി ക്രമാനുഗതമായി അയാളുടെ ജീവിതാന്ത്യം വരെയുള്ള സംഭവ വികാസങ്ങൾ വർണ്ണിക്കുന്നവയാണ്. ഈ ഗ്രന്ഥമാവട്ടെ തികച്ചും വിഭിന്നമാണ്. " ജ്ഞാനിയുടെ ജീവിതത്തിൽ സംഭവപരമ്പരകൾക്ക് യാതൊരു പ്രാധാന്യവുമില്ല. ബാലകൃഷ്ണൻ സാറിനെ പോലൊരു വ്യക്തിയുടെ ജീവചരിത്രം താത്വികമായിരിക്കണം എന്നു ഞാൻ ഉറപ്പിച്ചു. " എന്ന് ശ്രീ രാജേഷ് പുസ്തകത്തിൻ്റെ മുഖക്കുറിപ്പിൽ പറയുന്നു.

താത്വിക ജീവിതമെന്നും മാലികഭാഷ്യങ്ങൾ എന്നും രണ്ടു ഭാഗങ്ങളായി ഈ കൃതി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗമായ താത്വിക ജീവിതത്തിൽ കമ്യൂണിസത്തോടും യുക്തിവാദത്തോടും ആഭിമുഖ്യം പുലർത്തിയിരുന്ന ബാലകൃഷ്ണൻ സാർ എങ്ങനെ വേദാന്ത ചിന്തയിലേക്ക് തിരിഞ്ഞുവെന്ന് വിവരിക്കുകയാണ് . "വൃദ്ധാ ശിഷ്യ, ഗുരുർ യുവ" എന്ന ഹൃദയസ്പൃക്കായ ഒന്നാ മദ്ധ്യായത്തിൽ ഏഴു വയസ്സുവരെ മാത്രം ജീവിച്ച അരവിന്ദൻ എന്നു പേരായ സാറിൻ്റെ പുത്രൻ സാറിന് എങ്ങനെ ഗുരുവായി ഭവിച്ചുവെന്ന് വിവരിക്കുന്നു. സ്ഥിതപ്രജ്ഞൻ എന്ന രണ്ടാമദ്ധ്യായത്തിലാവട്ടെ, നേരത്തെ പറഞ്ഞ സ്ഥിതപ്രജ്ഞ ലക്ഷണം സാറിൻ്റെ ജീവിതത്തെ മുൻനിർത്തി ശ്രീ രാജേഷ് വിശദമായി പ്രതിപാദിക്കുന്നു.

മൂന്നാമത്തെ തമസോ മാ ജ്യോതിർ ഗമയ എന്ന അദ്ധ്യായമാകട്ടെ സാറിൻ്റെ ജീവചരിത്രസം ഗ്ര ഹമാണ്. ആദ്ധ്യാത്മികതയിൽ ഊന്നി നിൽക്കുന്ന ഈ പുസ്തകത്തിൽ എന്നെ ഏറ്റവും അതിശയിപ്പിച്ച ഭാഗം വൈരുദ്ധ്യാത്മിക ഭൗതികവാദത്തെക്കുറിച്ചുള്ള അഞ്ചാമദ്ധ്യായമാണ്.

വേദാന്തിയായിരുന്ന ബാലകൃഷ്ണൻ സാർ ഒരു കാലത്ത് കമ്യൂണിസ്റ്റുകാരനായിരുന്നു എന്നറിയുന്നത് വൈരുധ്യമാണെന്നുതോന്നാം എന്നു പറഞ്ഞു കൊണ്ടാ രംഭിക്കുന്ന ഈ അദ്ധ്യായത്തിൽ, വൈരുദ്ധ്യാത്മിക്ക ഭൗതികവാദവും, പാശ്ചാത്യ, ഭാരതീയ തത്വചിന്തകളും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകയും സമഗ്രമായി ചർച്ച ചെയ്യപ്പെടുന്നു. വേദാന്തമെന്തെന്ന് ശരിയായി ഗ്രഹിക്കാത്തതാണ് ആശയപരമായി പലരുമിതിനെ എതിർക്കാൻ കാരണം. 

" പലരും പറയും പോലെ സാർ കമ്യൂണിസത്തിൽ നിന്ന് വേദാന്തത്തിലേക്ക് വരികയായിരുന്നില്ല. മറിച്ച് വേദാന്തം നന്നായി ഗ്രഹിച്ച ശേഷം അതിൻ്റെ ബാഹ്യമായ പ്രയോഗത്തിനായി കമ്യൂണിസം പരീക്ഷിക്കുകയായിരുന്നു " ശ്രീ രാജേഷ് നിരീക്ഷിക്കുന്നു.

ഓരോ അദ്ധ്യായത്തിൻ്റേയും ഉള്ളടക്കം പറഞ്ഞു പറഞ്ഞ് "സ്ഥിതപ്രജ്ഞൻ്റെ " വായനാസൗഖ്യം അപഹരിക്കാൻ ഞാനുദ്ദേശിക്കുന്നില്ല. സുകൃതം പോലെ എൻ്റെ കയ്യിൽ വന്നു വീണ ഈ ഉജ്വല ഗ്രന്ഥത്തിൻ്റെ വായനാനുഭവത്തിലേക്ക് വിനയപൂർവം സ്വാഗതം ചെയ്യുക മാത്രമാണ് ഞാനുദ്ദേശിച്ചത്. 

പുസ്തകത്തിൻ്റെ രണ്ടാം ഭാഗത്ത് സാറിൻ്റെ കൃതികളേയും , ഭാഷ്യങ്ങളേയും കുറിച്ചുള്ള സംക്ഷിപ്ത വിവരണങ്ങളാണ്. സാറിന്റെ കൃതികൾ അധ്യയനം ചെയ്യാനാഗ്രഹിക്കുന്നയാൾക്ക് ഏറ്റം അനുഗ്രഹമാകുന്ന പ്രവേശികകളാണ് കുറിപ്പുകളോരോന്നും.

 നേരത്തെ പറഞ്ഞ പോലെ ഭാരതീയ ദർശന വിഹായസ്സിൽ കോടി സൂര്യശോഭ ചൊരിഞ്ഞ് വിലസുന്ന മഹദ് ഗ്രന്ഥങ്ങളെല്ലാം  സാറിൻ്റെ പഠനത്തിന് വിഷയമായിട്ടുണ്ട്. 

മലയാളത്തിലെ ഏറ്റവും മഹത്തായ വേദാന്ത കൃതികൾ ശ്രീ നാരായണ ഗുരുവിൻ്റേതാണ്. ഈ കൃതികൾക്കെല്ലാം  സാർ പ്രൗഢഗംഭീരമായ 
വ്യാഖ്യാനമെഴുതി. 

സാമ്പ്രദായികമായ ജീവചരിത്രങ്ങളിൽ നിന്ന് തികച്ചും ഭിന്നമായ ഈ കൃതി, പ്രാഫ. ജി.ബാലകൃഷ്ണൻ നായർ ആരായിരുന്നെന്ന് തെളിമയോടെ നമുക്ക് വെളിവാക്കിത്തരുന്നു. 

ഈയിടെ ഒരു സൗഹൃദ സംഭാഷണത്തിനിടയിൽ ബാലകൃഷ്ണൻ സാറിനു വേണ്ടി ഒരു സ്മാരകം നിർമ്മിക്കാനുള്ള ആലോചനകൾ നടക്കുന്നതായി ശ്രീ രാജേഷ് പറയുകയുണ്ടായി.

ബാലകൃഷ്ണൻ സാറിന് ഇനി വേറെ സ്മാരകമെന്തിന്? അദ്ദേഹത്തിൻ്റെ വത്സല ശിഷ്യൻ ഈ പുസ്തകത്തിലൂടെ അത് അർഹമായ ഗാംഭീര്യ ഭംഗികളോടെ നിർമ്മിച്ച് കഴിഞ്ഞിരിക്കുന്നു!

കൊപ്രയും തേൻ മുട്ടായിയും

മാർച്ച് മാസാവസാനം സ്ക്കൂൾ പൂട്ടുമ്പോഴാണ്, പതിവിൽ നിന്ന് മാറി  ദിവസങ്ങളിൽ പുതിയ പലതും  വന്നു കൂടുക. ഒഴിവു നാളുകളിലെ പ്രധാന ജോലികളിലൊന്ന് തേങ്ങ ഉണക്കുന്നതിന് കാവലിരിക്കലായിരുന്നു. 

ഇന്നത്തെപ്പോലെയല്ല.  കുറ്റ്യാടിയിനം തെങ്ങുകൾ ശരിക്കും കുറ്റ്യാടിയിനം തെങ്ങുകളായിരുന്നു അന്ന്. ധാരാളം തേങ്ങ . 

രണ്ടു തരം കൊപ്രകളാണ് കുറ്റ്യാടിയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും വടകരയിലും തലശ്ശേരിയിലും പിന്നെ കോഴിക്കോട്ടുമുളള അങ്ങാടികളിൽ എത്തിയിരുന്നത്.  'ബോഡ' എന്നു വിളിപ്പേരുള്ള ഉണ്ട കൊപ്ര. പിന്നെ, സാധാരണ കൊപ്രയും. ഉണ്ട കൊപ്ര ഉണ്ടാക്കുകയല്ല ഉണ്ടാവുകയാണ്. പച്ചത്തേങ്ങ, വീട്ടിൽ അടുക്കളയുടെ ഭാഗത്തെ മച്ചിനു മുകളിൽ സംഭരിക്കും. പുകയും ചൂടുമേൽക്കുകയാൽ തേങ്ങകൾ മുള പൊട്ടാതെ, വെള്ളം വറ്റി ഉണങ്ങി ഉണങ്ങി 'ബോഡ' യായി മാറും. ബോഡയായോ എന്നറിയാൻ തേങ്ങ കുലുക്കി നോക്കിയാൽ മതി. കട കട ശബ്ദം കേട്ടാൽ അകത്ത് ഉണ്ട റെഡിയായി എന്നർത്ഥം. പിന്നെ തേങ്ങകളെല്ലാം പുറത്തെടുക്കുകയായി. പാരക്കാർ പൊതിച്ചിട്ട തേങ്ങ വെട്ടി ബോഡപുറത്തെടുക്കുക കുഞ്ഞിരാമേട്ടനാണ് . വെട്ടുമ്പോൾ അകത്തെ ബോഡക്ക് പരുക്കു പറ്റാതിരിക്കാൻ ഏറെ ശ്രദ്ധിക്കണം.  ബോഡകൾ മുഴുവൻ പുറത്തെടുത്തു കഴിയുമ്പോൾ അവ ചാക്കുകളിലാക്കി തുന്നിക്കെട്ടിവെക്കും. സ്ക്കൂളും, പിന്നെ പതിവായുള്ള കുറ്റ്യാടിയാത്രയും കഴിഞ്ഞ് തിരിച്ചെത്തിയാൽ കെട്ടിവച്ച ചാക്കുകൾക്കു മേൽ അച്ഛൻ ഐഡൻറിഫിക്കേഷൻ മാർക്ക് എഴുതിച്ചേർക്കുകയായി. SM6. എല്ലാ ചാക്കിലും അതു തന്നെയാണെഴുതുക. 

അന്നൊക്കെ, പേരാമ്പ്രയിൽ നിന്നു തുടങ്ങി, കുറ്റ്യാടി, വില്യാപ്പളളി, വടകര വഴി കണ്ണൂരു പോകുന്ന  പച്ച നിറമുള്ള ഒരു പ്രകാശ് ബസ്സുണ്ടായിരുന്നു. ചെറിയ കുമ്പളത്തങ്ങാടിയിൽ 8:05 ആകുമ്പോഴേക്ക് എത്തും. തലച്ചുമടായി കുമ്പളത്തെത്തിക്കുന്ന ചാക്കുകൾ പ്രകാശ് ബസ്സിനു മുകളിൽ കയറ്റി , വടകര , വില്യാപ്പള്ളി റോഡിലെ പാണ്ടിക ശാലകൾക്ക് സമീപം ഇറക്കും.

ഉണ്ടക്കൊപ്രയിൽ നിന്ന് വ്യത്യസ്തമായി പച്ചത്തേങ്ങ വെട്ടി ഉണക്കിയാണ് സാധാരണ കൊപ്ര ഉണ്ടാക്കുന്നത്.  തേങ്ങ വെട്ടിക്കഴിഞ്ഞ് പറമ്പിൽ ഏറ്റവും വെയിലുള്ള ഭാഗത്താണ് പായ വിരിച്ച് ഉണക്കാൻ വെക്കുക. വീട്ടിൽ നിന്ന് നോക്കിയാൽ കാഴ്ചയെത്തില്ല. അതു കൊണ്ടു തന്നെ തേങ്ങയുണക്കുന്നിടത്ത് ആൾ വേണം. ആ ആളായിരുന്നു ഞാൻ.

പുസ്തകവും മറ്റുമായാണ് കാവലിന് പുറപ്പെടുകയെങ്കിലും വായനയൊന്നും നടക്കാറില്ല. വെയിലിൻ്റെ ചൂടും ഉണങ്ങുന്ന തേങ്ങയുടെ എണ്ണമയമുള്ള മണവും ഒരു പാതി മയക്കത്തിലേക്ക് എന്നെ പിടിച്ചു കൊണ്ടു പോകും.  അതിലൂടെ മനോരാജ്യത്തിലെ കടലായ കടലു മുഴുവൻ തുഴഞ്ഞു പോവുകയായി. 

ഉണങ്ങി പാകമായ കൊപ്ര ചാക്കിൽ നിറച്ച്, നമ്പരിട്ട് പ്രകാശ് ബസ്സിൽ വടകരക്ക്. അപ്പോഴേക്കും പാതി ഉണങ്ങി പരുവമായ ഞാനും അച്ഛൻ്റെ കൂടെ വടകരക്ക് പോകും.

അങ്ങനെ പോയ ഒരു ദിവസമാണ് ആ വലിയ രഹസ്യം അച്ഛനിൽ നിന്ന് ഞാനറിഞ്ഞത്. വടകരയിൽ കൊപ്ര പാണ്ടികശാലകൾ ധാരാളമുള്ള  സ്ഥലത്തിൻ്റെ പേര് അടക്കാത്തെരു എന്നാണ്. കൊപ്ര വിറ്റ് പാണ്ടികശാലകൾക്കടുത്തുള്ള ചായപ്പീടികയിൽ നിന്ന് പുട്ടും മീൻ കറിയും ചായയും കഴിച്ച് അച്ഛൻ്റെ കൂടെ ഞാൻ പഴയ ബസ് സ്റ്റാൻ്റിലേക്ക് നടക്കുകയായിരുന്നു. അടക്കാത്തെരുവിൽ നിന്ന് ബസ് സ്റ്റാൻ്റിലേക്ക് ഒരു കിലോമീറ്ററുണ്ട്.  നടക്കുന്നതിനിടെ ഇടതു വശത്ത് അടക്കാത്തെരു പോസ്റ്റ് ഓഫീസ് . ആ ബോർഡ് കണ്ടപ്പോൾ ഏറെ നാൾ ഉള്ളിൽ വച്ച ചോദ്യം ഞാൻ അച്ഛനോട് ചോദിച്ചു. "അച്ഛാ ! അടക്കയും കൊപ്രയുമെല്ലാം വില്ക്കുന്ന തെരുവായ തുകൊണ്ടാണോ അടക്കാത്തെരു ?" 

അച്ഛൻ ഉറക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞു. "ഇവിടെ പണ്ടുകാലത്ത് ഒരു പാട് കച്ചവടം നടക്കുമായിരുന്നു. പാണ്ട്യാല ക്കാർക്ക് കട അടക്കാൻ കഴിയാത്തത്ര തെരക്ക്. അടക്കാത്ത തെരു. അതാണ് അടക്കാത്തെരു ! അതൊരു പുതിയ അറിവായിരുന്നു. 

കൊപ്ര ഉണക്കിയും, കുറ്റ്യാടിപ്പുഴയിലെ പഞ്ചാര മണലിൽ പോയിരുന്നും, പുഴത്തീരത്തു കൂടെ തോട്ടത്താംകണ്ടിവരെ  നീണ്ടുപോയിരുന്ന ഒറ്റയടിപ്പാതയിലൂടെ കാപ്പിപ്പൂവിൻ്റെ മണമറിഞ്ഞ് വെയിലത്ത് നടന്നും അഴിയൂരിലേക്ക് വിരുന്നു പോയുമാണ് എൻ്റെ  മധ്യവേനലവധി  ദിനങ്ങൾ കഴിയുക. 

കൂട്ടുകാരുടെ  പ്രധാന പരിപാടി പീടികക്കച്ചവടമായിരുന്നു. ഞാൻ കച്ചവടം ചെയ്യാറില്ല. എന്നാൽ വിദഗ്ദ്ധർ  കച്ചവടം ചെയ്യുന്നിടത്ത് ഞാൻ ചെന്നിരിക്കാറുണ്ടായിരുന്നു. രാമചന്ദ്രൻ , അന്ത്രു , ശശി എന്നിവരായിരുന്നു ആ വിദഗ്ദ്ധർ. 

ശശി ഈ കലാ പരിപാടി വളരെ നേരത്തെ തുടങ്ങിയിരുന്നു. അതായത് അഞ്ചിലോ ആറിലോ  പഠിക്കുമ്പോൾ തന്നെ. 

ശശിയുടെ പീടിക വളരെ വിചിത്രമായ ഒന്നായിരുന്നു. ഒരു മരത്തണലിൽ കുത്തനെ കുത്തി നിർത്തിയ രണ്ട് കമ്പുകൾക്ക് മുകളിൽ വിലങ്ങനെ കെട്ടിയ മറ്റൊരു കമ്പ്. അതിൽ പ്ലാസ്റ്റിക് സഞ്ചികളിൽ പലതരം മുട്ടായികൾ തൂക്കിയിട്ടിരിക്കും. തേൻ മുട്ടായി, ധൈര്യം മുട്ടായി, നാണയമുട്ടായി, ഗ്യാസ് മുട്ടായി പിന്നെ ചെറിയ പ്ലാസ്റ്റിക് കവറുകളിൽ കാർഡ് ബോർഡിൽ പിൻചെയ്ത് വച്ചിരിക്കുന്ന അച്ചാറുകൾ, ഒരു പാക്കറ്റ് സിസേഴ്സ് സിഗരറ്റ്, ബീഡി, തീപ്പെട്ടി, ഉപ്പിലിട്ട നെല്ലിക്ക മുതലായവയായിരുന്നു കച്ചവട സാധനങ്ങൾ . ഇവക്ക് പിറകിൽ കല്ലുകൾ അടുക്കി അതിന് കുറുകെ വച്ച പലകപ്പുറത്ത് ശശി മുതലാളി!

മുട്ടായിക്കും അച്ചാറിനും മറ്റും വില പണമായിത്തന്നെ കൊടുക്കണമെന്നില്ല. കശുവണ്ടി യായോ അടക്കയായോ കൊടുത്താലും മതി. രണ്ട് കശുവണ്ടി അല്ലെങ്കിൽ മൂന്നടക്ക സമം ഒരു മുട്ടായി എന്നതായിരുന്നു കണക്ക്. പണത്തേക്കാൾ ശശിക്ക് താത്പര്യം ഈ ബാർട്ടർ സിസ്റ്റത്തിലായിരുന്നു. 

ശശിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുട്ടായി ധൈര്യം മുട്ടായി ആയിരുന്നു. എനിക്ക് തേൻ മുട്ടായിയും. രണ്ടിനും അഞ്ചു പൈസയായിരുന്നു വില. കറു കറുത്ത വെല്ലമുരുക്കി പ്രത്യേകിച്ച് ഒരു ആകൃതിയുമില്ലാതെ പ്ലാസ്റ്റിക്ക് കടലാസിൽ പൊതിഞ്ഞതായിരുന്നു ധൈര്യം മുട്ടായി. ചവക്കുമ്പോൾ പല്ലിൽ പറ്റിപ്പിടിക്കും. അലിയിച്ചു തന്നെ കഴിക്കണം. തേൻ മുട്ടായി മാന്യനായിരുന്നു. ചുവന്ന ചെറു മൃദുഗോളം. ചവച്ചേ തിന്നാൻ കഴിയൂ. ഒന്നാമത്തെ കടിയിൽ വായ മുഴുവൻ പൊട്ടിപ്പരക്കുന്ന പഞ്ചാര മധുരം.

അതികാലത്തു തന്നെ കച്ചവടം തുടങ്ങുകയായി. സ്ക്കൂൾ അവധിയാണെങ്കിലും മദ്രസക്ക് അവധിയില്ലല്ലോ! മദ്രസ വിട്ടുവരുന്ന കൂട്ടുകാരാണ് രാവിലത്തെ കച്ചവടത്തിൻ്റെ പ്രധാന ടാർഗറ്റ്.

ഒരു നാൾ മദ്രസ വിടുന്ന സമയത്ത് ഞാനും ശശിയുടെ പീടികക്കടുത്തുണ്ടായിരുന്നു. കുഞ്ഞിരാമമ്മാമൻ്റെ പീടികയിൽ നിന്ന് ഉപ്പ് വാങ്ങി വരുന്ന വഴി. അമ്മ തന്ന പൈസയിൽ ഉപ്പു വാങ്ങി ബാക്കി വന്ന കാശ് തേൻ മുട്ടായിയായി എൻ്റെ വായയിലും കീശയിലും കിടപ്പുണ്ടായിരുന്നു.

അത്തറിൻ്റെ മണമുള്ള കൂട്ടുകാർ ഒറ്റക്കും കൂട്ടമായും വന്നു കൊണ്ടിരുന്നു. പീടികക്ക് മുന്നിലെത്തി പലരും വെറുതെ നോക്കിക്കൊണ്ടു നിന്നു. ചിലർ മുട്ടായികൾ വാങ്ങി. നാണയത്തുട്ടുകളും കശുവണ്ടിയും അടക്കയും എണ്ണി ശശി മാറ്റിവെച്ചു കൊണ്ടിരുന്നു. പ്ലാസ്റ്റിക്ക് കൂട്ടയിൽ നിന്ന് മുട്ടായി എടുത്ത് കൊടുക്കുകയും. 

ഓരോ മുട്ടായി കൊടുക്കുമ്പോഴും ശശിയുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. കൂട്ടുകാർ വർണ്ണത്തുണിയിൽ പൊതിഞ്ഞ ഖുർആൻ മുസ്വ്ഹഫുമായി പീടികയുടെ മുന്നിൽത്തന്നെ നിന്ന് മുട്ടായികൾ നുണഞ്ഞു തുടങ്ങി.

ശശിയുടെ മുഖം വല്ലാതെയായി. കൈ ധൈര്യം മുട്ടായിയുടെ പ്ലാസ്റ്റിക്ക് കൂട്ടിലേക്ക് നീണ്ടു. പെട്ടെന്നു തന്നെ പിൻവലിഞ്ഞു. രണ്ടു തവണ ഇതാവർത്തിച്ചു. പിന്നെ മുന്നിൽ നിൽക്കുന്നവരോട് ദീന സ്വരത്തിൽ പറഞ്ഞു. 

"എനക്കും ഒരു മുട്ടായി വാങ്ങിത്താടാ! എൻ്റേട്ത്ത് പൈശ ഇല്ലാത്തോണ്ടല്ലേ ?"