Tuesday, August 17, 2021

ആഗസ്ത് 15

എൽ പി സ്ക്കൂളിലെ ഞങ്ങളുടെ ആഗസ്ത് പതിനഞ്ച് ഒരു സംഭവമായിരുന്നു. 

രാവിലെ എട്ട് മണിയോടെ എല്ലാവരും എത്തണം. പഠിപ്പില്ലാത്തതുകൊണ്ട്, സാധാരണ ദിവസങ്ങളിൽ ഇഴഞ്ഞിഴഞ്ഞ് സ്ക്കൂളിൽ വരുന്നവർ പോലും അന്ന് കുതിച്ചോടി വരും.  കടലാസുകൊണ്ടുള്ള ദേശീയ പതാകയും ഒരു മൊട്ടുസൂചിയും എല്ലാവർക്കും കിട്ടും, സ്ക്കൂൾ വക. പതാക ഉയർത്തുന്നതിനു മുമ്പായി അത് എല്ലാരും കുപ്പായത്തിൽ കുത്തിവെക്കും. 

പിന്നെ പതാക ഉയർത്തലാണ്. അച്ഛനാണ് പ്രധാനാധ്യാപകൻ. തലേന്ന് തന്നെ ഒരു വലിയ കവുങ്ങ് തടി ചെറിയകപ്പിയും കൊളുത്തും മറ്റും പിടിപ്പിച്ച് സ്ക്കൂൾ മുറ്റത്ത് നിർത്തിയിട്ടുണ്ടാവും. കൊളുത്തിൽ നിന്ന് താഴോട്ട് നീളുന്ന നേരിയ പ്ലാസ്റ്ററിക്ക് കയറും . രാവിലെ സ്ക്കൂൾ ലീഡറുടെ നേതൃത്വത്തിൽ പൂക്കളും നിറമുള്ള ഇലകളും മറ്റും സ്ക്കൂളിനോട് ചേർന്നു വളരുന്ന ചെടികളിൽ നിന്ന് ശേഖരിച്ചിട്ടുണ്ടാവും. അവ ചെറുകഷണങ്ങളായി നുറുക്കി തയ്യാറാക്കി വച്ചത് പതാക പ്ലാസ്റ്റിക്ക് കയറിൽ കെട്ടി, പല മടക്കുകളായി മടക്കി ഓരോ മടക്കിലും ശ്രദ്ധയോടെ വെക്കുന്നു. പിന്നെ അവസാനമായി, ഒരു സൂത്രക്കെട്ട്. 

ഇത് കഴിയുമ്പോൾ കുഞ്ഞാണ്ടി മാസ്റ്റർ വിളിച്ചു പറയും. "എല്ലാരും വരിവരിയായി നിൽക്കെടാ!" കേൾക്കേണ്ട താമസം എല്ലാരും ക്ലാസുകളുടെ ക്രമത്തിൽ അണിനിരക്കുകയായി.  വെയിലുദിച്ചു വരുന്നേ ഉണ്ടാവൂ. മാഷമ്മാരും സ്ക്കൂൾ ലീഡറും അറ്റൻഷനിൽ നിൽക്കും. അച്ഛൻ പതുക്കെ പതാക ഉയർത്തും. ഉയരത്തിലുയരത്തിലുളള കൊളുത്തിൽ ചെന്നു നിൽക്കുന്ന പതാക, അച്ഛൻ്റെ ചെറിയൊരു വിരലനനക്കത്തിൽ വിടർന്ന് പൂവ് ചിതറുമ്പോൾ, ഹായ് ! എന്ന കോറസ്സ് ഞങ്ങളിൽ നിന്നുയരും.  അച്ഛൻ്റെ ഒരു ചെറു പ്രസംഗം, പിന്നെ ദേശീയഗാനാലാപനം. 

ചടങ്ങ് കഴിയുന്നതോടെ എല്ലാവരും സ്വതന്ത്രരാവുന്നു. അരിയിൽ, ശർക്കരയും നിറയെ തേങ്ങ ചിരവിയതും ചേർത്തുണ്ടാക്കുന്ന പായസം തയ്യാറാവുന്നതേയുള്ളൂ. അതു വരെ കളിക്കാം.

 കുപ്പായത്തിൽ മൂന്നും നാലും പതാകകൾ കുത്തിയവർ ബസ്സും കാറുമൊക്കെയായി രൂപാന്തരം പ്രാപിച്ച് മരണപ്പാച്ചിൽ പാഞ്ഞു. കണ്ണു മുരുട്ടി തടിയൻ മാരായ ഇൻസ്പെക്ടർമാർ അവരെ കൈകാണിച്ച് നിർത്തി രേഖകൾ പരിശോധിച്ചു. ലൈസൻസില്ലാത്തവർക്ക് ഫൈൻ വിധിച്ചു. ചിലരുടെ ചന്തിക്ക് ചുട്ട പെട കൊടുത്ത് ഓടിച്ചു വിട്ടു... 

ഒന്നുരണ്ടു പേർ, പുറംതൊണ്ട് കളയാത്ത നെലക്കടല കൊണ്ടു നടന്ന് , ഒരു പൈസക്ക് രണ്ടെണ്ണം എന്ന നിരക്കിൽ വിറ്റു.

അൽപ്പം കഴിഞ്ഞപ്പോൾ ഒരിളക്കം. എല്ലാർക്കും സ്ക്കൂളിന് നേരെ പായുകയാണ്. പായസം തയ്യാറായിരിക്കുന്നു.  വീട്ടിൽ നിന്ന് കൊണ്ടുവന്ന പ്ലേറ്റുമായി സ്ക്കൂളിൻ്റെ കോലായിലെ വെറും നിലത്ത് രണ്ടു വരികയായി, വായിൽ കപ്പലോടിച്ചു കൊണ്ട് നിരന്നിരുന്ന ഞങ്ങളുടെ മുന്നിലെ പ്ലേറ്റുകളിലേക്ക് മഹമൂദ് മാസ്റ്ററുടെ നേതൃത്വത്തിൽ പായസം പകരുകയായി.

ഒരു സംഭവം ഓർമയുണ്ട്.
ഞാൻ ഒന്നാം ക്ലാസിലായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന ചേട്ടൻമാരും ചേച്ചിമാരും അവർക്ക് കിട്ടിയ പതാകകൾ ഉപയോഗിച്ച് എഷ് മാഷിൻ്റെ മോനെ സുന്ദരനാക്കി. എൻ്റെ വെളുത്ത കുപ്പായത്തിൽ നാലു നിരയായി കുത്തിവച്ച ദേശീയ പതാകകൾ . എൻ്റെ കയ്യും പിടിച്ച് അവർ സ്ക്കൂളാക്കെ നടന്നു. എഷ് മാഷിൻ്റെ പരിഗണന കിട്ടിയാലോ!

എൻ്റെ കോലം കണ്ടതും അച്ഛനും കുഞ്ഞാണ്ടിമാഷും പത്മനാഭൻ മാഷും ചിരിയോട് ചിരി. പക്ഷെ ഞാൻ ഗൗനിച്ചില്ല. ദേശീയത മുറ്റിത്തഴച്ചു നിന്ന ആ കുപ്പായം അമ്മയെ കാണിക്കാൻ വീട്ടിലേക്ക്  ഓടിയ ഓട്ടത്തിനിടയിലാണ് നിരത്തിൽ വീണ് രണ്ടു കാൽമുട്ടിലേയും തൊലി ആദ്യമായി അടർന്നത്. വീട്ടിലെത്തിയപ്പോഴേക്കും ദേശീയതയാകെ കണ്ണീരിലും മണ്ണിലും ചോരയിലും കുതിർന്ന് അലങ്കോലമായിരുന്നു...

1 comment:

  1. സ്കൂളോർമ്മകൾ എപ്പോഴും മധുരതരം. ഗൃഹാതുരത്വം 😍😍😍👍

    ReplyDelete