Monday, July 26, 2021

നാവ്‌ 3

നാവ് -3

അന്ന് മൊകേരിയിൽ മുടങ്ങിയ പണപ്പിരിവ് രണ്ടു ദിവസം കഴിഞ്ഞ് ഞാനും അൻവറും ഒറ്റക്കണ്ടത്തിൽ പുനരാരംഭിച്ചു.  ഉച്ചവരെ ആ പ്രദേശമാകെ കറങ്ങിയെങ്കിലും ഒരു രൂപ പോലും കിട്ടിയില്ല. മഴക്കുശേഷമുള്ള വെയില് കത്തിയാളുന്ന ദിവസമായിരുന്നു. ദാഹവും വിശപ്പും ഒരുപോലെ തീവ്രം. എവിടെയെങ്കിലും ഇരിക്കണം. പറ്റുമെങ്കിൽ കിടക്കണം.  തൊട്ടുമുമ്പത്തെ വർഷം  അൻവറും ഞാനും സി വി അശറഫും കൂടി ജാനകിക്കാട്ടിലേക്ക് ഒരു സാഹസിക സഞ്ചാരം നടത്തിയിരുന്നു.  അടുക്കത്തുവഴി കാട്ടിൽ കയറിയ ഞങ്ങൾ, കാട്ടിലൂടെ നടന്ന്  എത്തിച്ചേർന്നത് ഒറ്റക്കണ്ടത്തിലേക്കായിരുന്നു. ആ ഓർമ്മ വച്ച്  പതുക്കെ കാട്ടിലേക്ക് നടന്നു.  

കുറ്റ്യാടിപ്പുഴ,  കളകളാ ചിരിച്ചു കൊണ്ട് വെള്ളിക്കൊലുസും  കുപ്പിവളകളും പച്ചയും ഇളം മഞ്ഞയും  നിറമുള്ള പട്ടുകുപ്പായവുമിട്ട് ഓടിപ്പോകുന്ന അരുമപ്പെൺകുഞ്ഞാണിവിടെ, വേനൽക്കാലത്ത്. പക്ഷെയിപ്പോൾ അവൾക്ക് ഗൗരവം കൂടിയിട്ടുണ്ട്. ഇടവപ്പാതിയും ഞാറ്റുവേലയും ആ മുഖം കനപ്പിച്ചിരിക്കുന്നു.  ഞങ്ങൾ പുഴയിലേക്കിറങ്ങി. എന്തൊരു തണുപ്പ്! കണ്ണീരു പോലെ തെളിഞ്ഞ വെളളം. കാടിൻ്റെ മണം.  കാറ്റടിക്കുന്നു. വെയിൽച്ചൂട് ഞങ്ങളെ വിട്ടകന്നു. കൈക്കുമ്പിൾ നീട്ടി വെള്ളം കോരി മുഖം കഴുകി. വയറ് നിറയുവോളം കുടിച്ചു. കരക്കു കയറി കാട് ലക്ഷ്യമാക്കി നടന്നു.  വലതു വശത്തുള്ള പറമ്പിൽ ചട്ടയും മുണ്ടും ധരിച്ച വയസ്സായ ഒരു സ്ത്രീ കപ്പ പറിക്കുന്നു. അൻവർ അവരോട് രണ്ട് ചെറിയ കപ്പകൾ ചോദിച്ചു വാങ്ങി. ഇതെന്തിനാണെന്ന് അത്ഭുതപ്പെട്ട എനിക്ക് തിന്നാനാണെന്ന മറുപടി കിട്ടി. പച്ചക്കപ്പ തിന്നാനുള്ള ഗതികേടേതായാലും വന്നിട്ടില്ലെന്ന് ഞാൻ മനസ്സിൽ പറഞ്ഞു. 

കുറ്റ്യാടി ജലസേചന പദ്ധതിയിയുടെ അണക്കെട്ടിൽ നിന്ന് പുറപ്പെടുന്ന പ്രധാന കനാലുകളിലൊന്നിൻ്റെ ഇരുപുറവുമായാണ് ജാനകിക്കാട്. പുഴകടന്നു വേണം കാട്ടിലേക്ക് പോകാൻ. പുഴ കടക്കാനുള്ള വഴിയോ? കനാലിൻ്റെ ഭാഗമായി പുഴക്ക് കുറുകെയുള്ള അക്വാഡക്ടും! അച്ചടക്കമില്ലാത്ത കുസൃതിപ്പുഴക്ക് കുറുകെ ആകാശത്തിലൂടെ, മനുഷ്യൻ ഗതി മാറ്റിയ അവളുടെ തന്നെ അച്ചടക്കമുള്ള  മന്ദമായ ഒഴുക്ക്; ഉയർച്ചതാഴ്ചയില്ലാതെ, ഗതി മാറ്റമില്ലാതെ, കിതപ്പില്ലാതെ, കുതിപ്പില്ലാതെ...

കാടിനകത്ത് എപ്പോഴും തണുപ്പാണ്. കിളികളുടെ കരച്ചിൽ. മണ്ണട്ടയുടെ ഒച്ച.  പുഴക്ക് സമാന്തരമായ ഒരു ചെറിയ നടപ്പാത. അതിലൂടെ   മുന്നോട്ട് നടന്ന് ഇച്ചിരി ചെല്ലുമ്പോൾ നടവഴി വലത്തോട്ട് തിരിഞ്ഞ് കാട്ടിലേക്ക് കയറും. അരയോളമുയരത്തിൽ വളർന്ന അടിക്കാട്. വൻമരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങാൻ വെയില് പാടുപെടുന്നുണ്ടാവും. ഇടക്കെപ്പൊഴെങ്കിലും പോത്തനൊരോന്ത് ചാടി വന്ന് ഇതാരടാ എന്ന് അത്ഭുതത്തോടെ തല ചെരിച്ച് നോക്കി ഓടിപ്പോകും. ഒരു പച്ചിലപ്പാമ്പ് പച്ചിലച്ചാർത്തിൽ ചുറ്റി നിന്ന് തലയാട്ടും. പുല്ലാഞ്ഞി തിങ്ങിയ ഇടങ്ങൾ, വെയിലും നിഴലുമിളക്കി മൂർഖൻ്റെ ക്രൗര്യം തോന്നിക്കും.  (ഇന്നു പക്ഷെ ഇതൊക്കെ അവിടെയുണ്ടോയെന്നറിയില്ല. ഞങ്ങളുടെ ജാനകിക്കാടിനെ ടൂർവിഷം തീണ്ടിപ്പോയല്ലോ!)

നടവഴി നീണ്ടു ചെല്ലുന്നിടം ഒരു ചെറിയ തുറസ്സാണ്. അവിടെ ഒരു മരം ഉണങ്ങി വീണു കിടപ്പുണ്ട്. ഞാൻ മരത്തടിയിലിരുന്നു. എവിടെയോ ഒരു കുയിൽ കൂവുന്നുണ്ട്. ജീവൻ്റെ ഉർജ്ജ സ്പന്ദനമാണ് ചുറ്റും. അത് എന്നെച്ചൂഴുന്ന സ്വാന്തനമായി ഞാൻ തൊട്ടറിഞ്ഞു. സ്വാസ്ഥ്യം...

 വെറുതെയിരുന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അൻവർ ചുള്ളിക്കൊമ്പുകളും കരിയിലകളും പെറുക്കിക്കൂട്ടാൻ തുടങ്ങി. ആദ്യം കരിയിലകൾ കൂട്ടി വച്ചു. സംഭാവന രശീതുകൾ വച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന് ഒരു പേജ് കീറിയെടുത്ത് ചുരുട്ടി തീപ്പെട്ടിയുരച്ച് കത്തിച്ച് കരിയിലക്ക് തീയിട്ടു. മഴ നനഞ്ഞ കരിയില കത്താൻ വിസമ്മതിച്ചു കൊണ്ടിരുന്നു. പുക പൊന്തി. കരിയില കത്തിത്തുടങ്ങിയപ്പോൾ അതിലേക്ക് ചെറിയ ചുള്ളിക്കമ്പുകൾ.. ചുള്ളിക്കമ്പുകൾ കത്തിയുയർന്നപ്പോൾ മരത്തിൻ്റെ തടിയിൽ നിന്നടർത്തിയെടുത്ത വലിയ രണ്ടു മൂന്ന് കമ്പുകൾ. കമ്പുകൾകത്താൻ തുടങ്ങിയപ്പോൾ അതിനു മുകളിലേക്ക് അവൻ നേരത്തെ അക്കരെ നിന്ന്  ചോദിച്ചു വാങ്ങിയ ചെറിയ രണ്ടു കപ്പകൾ വച്ചു. പുക ഉയരുന്നുണ്ട് .എനിക്ക് പേടിയായി.  "എടാ ഫോറസ്റ്റ്കാര് വരും. പ്രശ്നാകും " ഞാൻ പറഞ്ഞു. "ഏത് ഫോറസ്റ്റ് കാര് ?" അവന് കൂസലില്ല. അവൻ ഒരു ചുള്ളിക്കൊമ്പു കൊണ്ട് കപ്പ തിരിച്ചും മറിച്ചുമിട്ട് തീ കൊള്ളിക്കുന്നു. കണ്ണിലേക്ക് പുകയും ചൂടു മടിക്കുമ്പോൾ മുഖം വെട്ടിക്കുന്നു. അൽപ്പം കഴിഞ്ഞപ്പോൾ തീയൊട്ട് കുറഞ്ഞു. കപ്പ വേവുന്ന മണം. കനലിൽ കിടന്ന്‌ അവ പൊട്ടുകയും ചീറ്റുകയും ചെയ്യുന്നു. തീ അണഞ്ഞ് ചാരവും കനലുംമാത്രമായി. അതിനകത്ത് തൊലികരിഞ്ഞ കപ്പകളും.  

അവൻ എന്നെ നോക്കി ഉച്ചത്തിലൊന്നു ചിരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വീണ്ടും രണ്ട് താളുകൾ കൂടെ നഷ്ടമായി. അൻവർ ചുട്ടെടുത്ത കപ്പകളുടെ വലിപ്പം പരിശോധിച്ചു. വലുത് അവനും ചെറുത് എനിക്കും. "ഞ്ഞി എന്ന പുച്ഛിച്ചതല്ലേ?" എന്ന കുസൃതിയും ചിരിയും. ആഴ്ച്ചപ്പതിപ്പിൻ്റെ താളിൽ വച്ച കപ്പ തൊലികളഞ്ഞ് ചൂടോടെ വായിലേക്കിട്ടു. നാവിലലിഞ്ഞു പോകുന്ന മൃദുത്വം. മറന്നിരുന്ന വിശപ്പ് ആളിക്കത്തി. അത്രയും സ്വാദുള്ള ഒരു ഭക്ഷണം അന്നുവരേയോ അതിനു ശേഷമോ ഞാൻ കഴിച്ചിട്ടില്ല!

കുറേ നേരം കൂടി അവിടെയിരുന്ന് ഞങ്ങൾ ഒറ്റക്കണ്ടത്തിലേക്ക് തിരികെ നടന്നു. ക്ഷീണം മാറിയിരിക്കുന്നു. വെയിൽ താണു. കിഴക്ക് വീണ്ടും കറുപ്പ് ഉരുണ്ടുകൂടുന്നു. 

കാടിൻ്റെ അനുഗ്രഹമോ എന്നറിയില്ല, അന്ന് പിന്നീടുള്ള സമയം ഐശ്വര്യപൂർണ്ണമായിരുന്നു. വൈന്നേരത്തിനു മുമ്പ് രണ്ട് വാർഷിക വരിക്കാരെ കിട്ടി. 

ഒറ്റക്കണ്ടത്തിൽ നിന്ന് പന്തിരിക്കരക്ക് രണ്ടു കിലോമീറ്റർ കഷ്ടിയുണ്ട്. ആ ദൂരം നടന്നു തീർന്നപ്പോഴേക്കും മഴ പൊടിയാൻ തുടങ്ങി. മഴ നനയാതെ കയറി നിന്നത് ഒറ്റക്കണ്ടംറോഡ് മെയിൽ റോഡിനോട് ചേരുന്നതിനടുത്തുള്ള ചെറിയ ചായക്കടയുടെ ഇറയത്ത്. ഉള്ളിൽ നിന്ന് ഇറച്ചിവെന്ത സുഗന്ധം. ഞങ്ങൾ പരസ്പരം നോക്കി. പിന്നെ അമാന്തിച്ചില്ല. ഉള്ളിലേക്ക് കയറി. വയറ് നിറയെ കപ്പ വേവിച്ചതും ഇറച്ചിയും കഴിച്ച് പുറത്തിറങ്ങിയപ്പോൾ മഴ പെയ്ത് തോർന്നിരുന്നു. വാർഷിക വരിസംഖ്യയുടെ നല്ലൊരു ഭാഗം ചോർന്നു പോയുമിരുന്നു.

നടന്നും ഓടിയും കിതച്ചും മാസം മൂന്നു കഴിഞ്ഞു പോയി. അൻവർ അന്ന് കോഴിക്കോട്ടെ ഒരു പ്രസിദ്ധീകരണത്തിൽ സബ് എഡിറ്ററാണ്. ഞാനാകട്ടെ തൊഴിൽ തെണ്ടലും, പഠനവും അങ്ങനെ ... നാവിലേക്കുള്ള പണപ്പിരിവ് എങ്ങുമെത്തിയില്ല. എന്നാലും ആ സ്വപ്നം ഉള്ളിൽ ഒരു കനലായി നീറി ക്കൊണ്ടിരുന്നു...

തീരുന്നില്ല...

Sunday, July 25, 2021

നാവ്‌ 2

നാവ്‌ 2

കാര്യങ്ങളൊക്കെ തല കുലുക്കി കേട്ട ശേഷം സൂപ്പീക്ക ചോദിച്ചു. "എല്ല മക്കളേ, എന്ത് ന്നാ ഈ ൻ്റെ പേര്?" നാവ് എന്ന് ഞങ്ങൾ പറഞ്ഞതും, സൂപ്പിക്കാക്ക് അത് തീരെ ബോധിച്ചില്ലെന്ന് മനസ്സിലായി. നാവ് നീട്ടി വല്ലാത്തൊരു ശബ്ദം പുറപ്പെടുവിച്ചിട്ട് ചോദിച്ചു. "നാഓ?" അൽപ്പനേരത്തെ ഇടവേള കഴിഞ്ഞ് എന്തെങ്കിലുമാവട്ടെ എന്ന ധ്വനിയോടെ പറഞ്ഞു. " ആ ! ഏതായാലും മാറ്റർ കൊണ്ട്വാ, നോക്കാം. ഡമ്മി എത്ര വലിപ്പത്തിലാ? എത്ര പേജാ ?" എനിക്ക് ഒന്നും മനസ്സിലായില്ല. അൻവറിന് മനസ്സിലായെന്ന് തോനുന്നു. അവൻ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് ജോലിചെയ്യാൻ തുടങ്ങിക്കഴിഞ്ഞിരുന്നല്ലോ...!

ഒരു പ്രസിദ്ധീകരണമെന്നാൽ ഏറെ പണച്ചെലവുള്ള കാര്യമാണ്. എങ്ങനെ പണം സ്വരൂപിക്കുമെന്ന ചോദ്യമുയർന്നു. പരസ്യം വേണ്ടെന്ന് ആദ്യം തന്നെ തീരുമാനിച്ചു. മുതലാളിത്തത്തിനോട് ആശയപരമായി ഇടയുക എന്നതാണ് മാസികയുടെ അപ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. അതു കൊണ്ടു തന്നെ മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഒന്നും മാസികയിൽ ഉണ്ടായിക്കൂടാ. പണമില്ലാത്തവനെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സഹായിക്കുക എന്നത് സമൂഹത്തിൻ്റെ ബാധ്യതയാണ്. സമൂഹത്തിലേക്കിറങ്ങുക , ആളുകളോട് സംഭാവന ചോദിക്കുക. സംഭാവന വെറുതെ ചോദിക്കുകയല്ല. മാസികയുടെ ആജീവനാന്ത വരിക്കാരായി ആളെ ചേർക്കുക. 

അടുത്തയാഴ്ച അൻവർ കോഴിക്കോട്ടു നിന്ന് വന്നത് നിരവധി പണപ്പിരിവ് രശീതികളുമായാണ്. ആധുനിക രൂപഭാവങ്ങളിൽ അവൻ തന്നെ ഡിസൈൻ ചെയ്തത്. നാവിൻ്റെ ആജീവനാന്ത വരിസംഖ്യ ഇരുപത്തഞ്ച് രൂപയായും വാർഷിക വരിസംഖ്യ പത്തു രൂപയായും നിശ്ചയിച്ചു. ഇനി വരിക്കാരെ കണ്ടെത്തണം.

അഫ്സൽ, അൻവർ , സുരേഷ്, മൂവർ സംഘം നടപ്പാരംഭിച്ചു. തുടങ്ങിയപ്പോഴാണ് സംഭവം വിചാരിച്ചത്ര എളുപ്പമല്ലെന്ന് മനസ്സിലായത്.

ആജീവനാന്തം എന്നാൽ എന്താണെന്നായി ചിലരുടെ സംശയം. മാസിക ഉള്ളിടത്തോളം എന്ന് ഉത്തരം. ഒരുലക്കമിറങ്ങി നിന്നു പോയാലോ എന്നായി ചില കച്ചവടക്കാർ. സാഹിത്യ കൗതുകം ഒട്ടുമില്ലാത്തവരേ, പ്രോത്സാഹിപ്പിച്ചില്ലേലും മുടക്കല്ലേ എന്ന് മനസ്സിൽ പറഞ്ഞ് പിന്തിരിഞ്ഞു. സത്യം പറഞ്ഞാൽ ആജീവനാന്തം എന്നത് എത്രയാണെന്ന്‌ ഞങ്ങൾക്കും വലിയ നിശ്ചയമൊന്നുമുണ്ടായിരുന്നില്ല. ഭാവി ആർക്കറിയാം!

സംഭാവന കൊഴുക്കുമെന്നു തന്നെ ഞങ്ങൾ വിശ്വസിച്ചു. ആദ്യ ലക്കത്തിൻ്റെ പ്രിൻറിംഗ് കഴിഞ്ഞ് ബാക്കി വരുന്നതുക കൂട്ടി വച്ച്, 'പാഠഭേദ'ത്തിന് സമാനമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ടാബ്ലോയ്ഡായി രണ്ടാം ലക്കം പുറത്തിറങ്ങുന്നത്, കുറ്റ്യാടിപ്പാലത്തിൻ്റെ കൈവരിയിലിരുന്ന് ഞങ്ങൾ കിനാവു കണ്ടു. മലയാള പ്രസിദ്ധീകരണ രംഗത്ത് ഒരു തരംഗമാകാൻ പോവുകയാണ് 'നാവ്.'

ചെറിയ കുമ്പളത്ത് ആജീവനാന്ത വരിക്കാരെ കണ്ടെത്താനായില്ല. നീലേച്ചികുന്നിലും നരിക്കൂട്ടും ചാലിലും ആജീവനാന്ത വരിക്കാരില്ല.  നരിക്കൂട്ടും ചാലിലെ നടപ്പു ദിവസം സുബ്ബുകൃഷ്ണൻ്റെ വീട്ടിൽ കയറിച്ചെന്നു. അവിടെ നിറയെ ആളുകൾ. സുബ്ബു ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നു. വീട്ടിൽ എന്തോ ചടങ്ങ് നടക്കുകയാണ്. സൽക്കാരമോ മറ്റോ ആണെന്നാണോർമ്മ. കാര്യം പന്തിയല്ലെന്നു കണ്ട് പിന്തിരിഞ്ഞ ഞങ്ങൾ മൂവരെയും അവനും ജ്യേഷ്ഠൻ ഡി.ജി. രാധാകൃഷ്ണൻ സാറും പിടിച്ചിരുത്തി വയറ് നിറയെ ഭക്ഷണം തന്നു. 

ബുദ്ധിമുട്ടിയും പ്രയാസപ്പെട്ടും വിശന്നും നടന്ന ആ മഴ ദിനങ്ങളിലൊന്നിലാണ്, പ്രിയപ്പെട്ട കൂട്ടുകാരൻ ഫൈസലിൻ്റെ ഉപ്പ, വി.ടി. മൊയ്തുക്ക മരണപ്പെട്ടത്. മംഗലാപുരത്തു നിന്ന് മുംബയിലേക്ക് പുറപ്പെട്ട ഒരു ടൂറിസ്റ്റ് ബസ്സ് കൊക്കയിലേക്ക് മറിയുകയായിരുന്നു. മൊയ്തൂക്ക ബസ്സിലെ യാത്രക്കാരനായിരുന്നു. ഒരുപാടു പേരെ അസാമാന്യമായ മന:സാനിധ്യത്തോടെ അദ്ദേഹം മരണ ഗർത്തത്തിൽ നിന്ന് ജീവിതത്തിലേക്ക് പിടിച്ചു കയറ്റി. മൊയ്തൂക്കാക്ക് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നുമില്ലാഞ്ഞതിനാൽ ആരും ആശുപത്രിയിലാക്കിയില്ല. ആ മനുഷ്യ സ്നേഹിയുടെ മസ്തിഷ്കം പക്ഷെ രക്തസ്രാവത്താൽ പങ്കിലമായിരുന്നു. അപകടത്തിൽ നിന്ന് കുറേപ്പേരെ രക്ഷിക്കാനായ ചാരിതാർത്ഥ്യത്തോടെ അദ്ദേഹം കണ്ണടച്ചു. 

മൊയ്തൂക്കാമരിച്ചതിന് പിറ്റേന്ന് ചെറിയക്കുമ്പളത്തും കട്ടൻ കോടും പത്രങ്ങൾ വിതരണം ചെയ്യപ്പെട്ടില്ല. മൊയ്തു ക്കായുടെ കുടുംബം ആ ദുരന്ത വാർത്ത അറിയെരുതെന്ന് എല്ലാർക്കും നിർബന്ധമുണ്ടായിരുന്നു. എന്നാൽ ഉച്ചയാകാറായപ്പോഴേക്കും ഒറ്റക്കും തെറ്റക്കും ആളുകൾ ആ വീട്ടിലേക്കെത്തി.  ദുരന്ത വിവരം ഫൈസലിനേയും കുടുംബത്തേയും ധരിപ്പിക്കാൻ ആരൊക്കെയോ മുന്നോട്ടുവന്നു. 

അന്നത്തെ പിരിവിന് പുറപ്പെടുമ്പോൾ ഞങ്ങൾക്ക് മരണവിവരമറിയാമായിരുന്നു.   പിരിവിന് പോകാൻ അന്ന് ഞങ്ങൾക്ക് ഒട്ടും ഉത്സാഹം തോന്നിയില്ല. എല്ലാർക്കും പ്രിയപ്പെട്ടവനായിരുന്നല്ലോ മൊയ്തൂക്ക. പത്തു രൂപയാണ് ഇത്രയും നാൾ നടന്നിട്ട് ആകെ കയ്യിലുള്ളത്. അത് മാത്രമാണ് ഒട്ടും താത്പര്യമില്ലാഞ്ഞിട്ടും സംഭാവന പ്പിരിവിനിറങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത്‌.

ഉച്ചയോടെ, മൊകേരിയിൽ നിൽക്കുകയായിരുന്ന ഞങ്ങളെക്കടന്ന് ഒരാംബുലൻസ്  ബഹളങ്ങളില്ലാതെ, തലയിലെ നീല വെളിച്ചം മാത്രം മിന്നിച്ച് സാവധാനം കുറ്റ്യാടി ഭാഗത്തേക്ക് പോയി. പിരിവ് മതിയാക്കി ഞങ്ങൾ ഫൈസലിൻ്റെ വീട്ടിലെത്തി. 

മുല്ലപ്പൂവിൻ്റെ വാസനയുളള സുഗന്ധദ്രവ്യങ്ങൾ ഇന്നുമെനിക്ക് അലർജിയാണ്. അന്ന് ഫൈസലിൻ്റെ ഉപ്പയുടെ മയ്യത്തിൽ പൂശിയ രാസദ്രവ്യത്തിന് മുല്ലപ്പൂവിൻ്റെ അതിരൂക്ഷഗന്ധമായിരുന്നു. 

പാറക്കടവ് പള്ളിയിലാണ് മയ്യത്തടക്കിയത്. അൻവറും അഫ്സലും നിസ്കരിച്ചു. ഒരുപാടു പേർ മയ്യത്ത് നിസ്കാരത്തിൽ പങ്കെടുത്തിരുന്നു. പള്ളിക്കു വെളിയിലെ തെങ്ങ് ചാരി ഒന്നും മിണ്ടാനില്ലാതെ ചാറ്റൽ മഴയത്ത് ഞാൻ തനിച്ചു നിന്നു. ജീവിതം ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം തരാതെയാണ് പാഞ്ഞു പാഞ്ഞു പോവുന്നത്. അത്തരത്തിലൊരു ചോദ്യമായിരുന്നു  മൊയ്തുക്കായുടെ മരണം.


നാവ്‌ 1

നാവ് - 1

നാവ് എന്നായിരുന്നു അതിന് പേര്. 

ഒരു പാടാഴ്ചകളിലെ സംവാദങ്ങൾക്കു ശേഷമാണ് പേര് തീരുമാനമായത്. എഡിറ്റർ: അൻവർ പാലേരി . സർക്കുലേഷനും അനുബന്ധ പരിപാടികളും: അൻവർ പാലേരി. മറ്റ് ശിങ്കിടി മുങ്കൻ പരിപാടികളും സഹവർത്തിത്വവും : സുരേഷ് ശേഖരൻ. അങ്ങനെയായിരുന്നു അതിൻ്റെ ഒരു സംഘടനാ രീതി. പിന്നെ അല്ലറച്ചില്ലറ എഴുത്തിനും സഹവാസത്തിനും ഒക്കെയായി അഫ്സൽ കെ.എസ്, അശ്റഫ്  സി.വി, മുതലായ സ്ഥിര ആസ്ഥാന കവികളും. (വേറെയും ആരൊക്കെയോ ഉണ്ടായിരുന്നു. വാർദ്ധക്യം എൻ്റെ ഓർമ്മ മറയ്ക്കുന്നു)

പുസ്തകം അച്ചടിക്കുന്നതിനെപ്പറ്റിയായിരുന്നു ആദ്യ ചർച്ച. ഇൻലൻറ് മാസികകൾ കൊടി കുത്തി വാഴുന്ന കാലം. "ഇന്ന് " എന്ന പേരിൽ മണമ്പൂർ രാജൻ ബാബു മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് പ്രചോദനം. അത് കൂടാതെ അന്ന് വളരെ നന്നായി നടക്കുകയും പിന്നീട് മുടങ്ങിപ്പോവുകയും ചെയ്ത, അതിനൂതന വിചാര ധാരകൾ ഉൾക്കൊണ്ട അനേകം ചെറുമാസികകൾ വേറെയും. 

നമുക്ക് ഇൻല്ലാൻ്റ് മാസിക വേണ്ട, ലിറ്റിൽമാസിക മതി എന്ന് അദ്യമേ തീരുമാനമായി. രണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്ന് അന്നും ഇന്നും എനിക്ക് പിടിയില്ല. ഇൻലാൻ്റാകുമ്പോൾ ആശയ പ്രകട നത്തിനുള്ള സ്പേസ് തുലോം കുറഞ്ഞു പോകുമെന്നതാണ് കാരണമായി ഉന്നയിക്കപ്പെട്ടത്.

പ്രസ്സിലെ സൂപ്പിക്കയോടാണ്, ആദ്യമായി മൂന്നാമതൊരാളോട് പ്രസിദ്ധീകരണത്തിൻ്റെ ആശയം ചർച്ച ചെയ്തത്. പലേ പ്രസ്സുകൾ അക്കാലത്ത് കുറ്റ്യാടിയിൽ ഉണ്ടായിരുന്നെങ്കിലും (ശക്തി പ്രസ്സിലെ ആളിൻ്റെ ശക്തി കൂടിയ മസിലുകൾ ഓർമ്മയിലുണ്ട്) സൂപ്പിക്കയുടെ പ്രസിദ്ധീകരണ സ്ഥാപനം മാത്രമാണ് പുസ്തകങ്ങൾ അച്ചടിച്ചിരുന്നത്.

കുറ്റ്യാടി എന്ന പ്രദേശത്തേയും അതിൻ്റെ ചരിത്രത്തേയും കുറിച്ച് തികച്ചും വിശദവും സമഗ്രവുമായൊരു സ്മരണിക തയ്യാറാക്കിയ ആളായിരുന്നു പ്രസ്സിലെ സൂപ്പിക്ക എന്ന് ഞങ്ങൾ വിളിക്കുന്ന പി. സൂപ്പി. ഒരു സ്ഥലത്തേയും അതിൻ്റെ ചരിത്രത്തേയും സംഭവ വികാസങ്ങളേയും ജനങ്ങളേയും കുറിച്ച് ഇത്തരത്തിലൊരു പുസ്തകം കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും. 

കുറ്റ്യാടിയുടെ സ്മരണിക പ്രകാശിക്കപ്പെട്ടത് ചെറിയകുമ്പളത്ത് വച്ചായിരുന്നു. സ്മരണികക്ക് വേണ്ടി ഏറെ പ്രയത്നിച്ച ഞങ്ങളുടെ സുഹൃത്തും സീനിയറുമായ ആറ്റക്കോയയുടെ, Atta Thangal  ഉദ്ഘാടനച്ചടങ്ങിലെ  പ്രസംഗം ഞാനിന്നുമോർക്കുന്നു. നാദാപുരം ഭാഗത്ത് നടന്നിരുന്ന വർഗ്ഗീയ സംഘട്ടനങ്ങളുടെ പേരിൽ വടകര താലൂക്കിൽ നിരോധനാജ്ഞ നിലനിന്നിരുന്ന കാലമായിരുന്നു. സമ്മേളനങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും വിലക്ക്. ചെറിയ കുമ്പളം കൊയിലാണ്ടി താലൂക്കിലാണല്ലോ.

മലബാറിലെ സാഹിത്യകാരൻമാരുമായെല്ലാം ഏറെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു സൂപ്പിക്ക. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ വലിയൊരു ചിത്രം സൂപ്പിക്കയുടെ വസന്ത പ്രസ്സിൻ്റെ ചുമരിൽ തൂക്കിയിരുന്നു. ഞാൻ ആദ്യമായി ക്കാണുന്ന, സാഹിബിൻ്റെ ചിത്രവും അതു തന്നെ. അതു കൊണ്ടു തന്നെ അബ്ദുറഹിമാൻ സാഹിബിൻ്റെ ചിത്രം എവിടെ കണ്ടാലും ഞാൻ വസന്താ പ്രസ്സിനേയും സൂപ്പിക്കയേക്കും ഓർക്കുന്നു.

സൂപ്പിക്കയുടെ വേറൊരു സുഹൃത്ത് അഡ്വക്കറ്റ് സി.എം. അഹമ്മദ് കുട്ടി സാഹിബ് ആയിരുന്നു. വക്കീലിനെക്കുറിച്ചുള്ള എൻ്റെ ഓർമ്മകൾ വേറെ എഴുതാം. ഒറ്റക്കാര്യം മാത്രം. ഇന്നാൾ നവാബ് രാജേന്ദ്രനെക്കുറിച്ചുള്ള ഒരു ഡോക്യുമെൻ്ററികണ്ട്, ഹരി, എൻ്റെ പുത്രൻ, എന്നോട് ചോദിച്ചു. ഇത്രയും വലിയൊരാൾ കേരളത്തിൽ ജീവിച്ചിരുന്നോ എന്ന്? ഞാനന്നേരം, കുറ്റ്യാടി , ആര്യവൈദ്യശാലക്കു മുമ്പിലെ വൈന്നേരം ഓർത്തു. സി എം പ്രിയത്തോടെ അരികിൽ വിളിച്ച് നവാബിനെ പരിചയപ്പെടുത്തിയ വൈന്നേരം. അയഞ്ഞ കാവിയുടുത്ത കലാപകാരിയായ നവാബ്.

വക്കീലിൻ്റെ കൂണുകൾ എന്ന നോവൽ പ്രസിദ്ധീകരിച്ചത് സൂപ്പിക്കയുടെ പ്രസിദ്ധീകരണ സ്ഥാപനമാണ്. നല്ല ഒരു നോവലായിരുന്നു കൂണുകൾ. ഏറെ പതിറ്റാണ്ടുകൾക്ക് ശേഷം തൊണ്ടിപ്പൊയിലിനെക്കുറിച്ച് വേറെയും ചില രചനകൾ ഉണ്ടായി - കുറ്റ്യാടിയുടെ പ്രാചീന നാമമാണ് തൊണ്ടിപ്പൊയിൽ - പക്ഷെ അവയെക്കാളൊക്കെ മേലെയായിരുന്നു കൂണുകൾ. കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ ഹാളിൽ വച്ച് നടന്ന കൂണുകളുടെ പ്രകാശനച്ചടങ്ങ് ഇന്നും ഓർമ്മയുണ്ട്. അന്നത്തെ സർക്കാറിലെ ഒരു മന്ത്രിയും, അക്ബർ മാഷും, സൈനുദ്ദീൻ മാഷും, ഇ വി അബ്ദു സാഹിബും ഒക്കെയായി...

കുറ്റ്യാടിയുടെ ഓർമ്മകളുടേയും കൂണുകളുടെയും ഓരോ കോപ്പി വീട്ടിലുണ്ടായിരുന്നത് എങ്ങനെയോ നഷ്ടമായി. ഈയിടെ കുറ്റ്യാടി ചെന്നപ്പോൾ രണ്ടിൻ്റേയും കോപ്പിക്കുവേണ്ടി കുറേ അന്വേഷിച്ചു. കിട്ടിയില്ല. പുനഃപ്രകാശനം അർഹിക്കുന്ന ഗ്രന്ഥങ്ങളാണ് രണ്ടും. ആ വഴിക്ക് കുറ്റ്യാടിയിലെ എൻ്റെ കൂട്ടുകാർ ഉത്സാഹിക്കേണ്ടിയിരിക്കുന്നു...

അയ്യപ്പദർശനം - ഓർമ്മ

അയ്യപ്പദർശനം.

ജീവിതത്തിൽ ചില നേരങ്ങളുണ്ട്. നിരാലംബതയുടെ അടിത്തട്ടു കാണാത്ത ആഴിയിൽ വീണുപോകുന്ന അവസ്ഥ. മീനമാസത്തിലെ കൊടുംവെയിലിൽ മരുഭൂമിയുടെ കൊടും വിജനതയിൽ ഒറ്റക്കായിപ്പോകുന്ന അനുഭവം.

ഒരു വയസ്സ് തികയാത്ത കുഞ്ഞ്. വിവാഹം കഴിഞ്ഞ് ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഒരു വലിയ തറവാടിന്റെ സുരക്ഷിതത്വത്തിൽനിന്ന് എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടി. തരക്കേടില്ലാത്ത ശമ്പളം കിട്ടിക്കൊണ്ടിരുന്ന ജോലി രാജിവച്ച് കച്ചവടം നടത്തി  പൊളിഞ്ഞ് ആകെ ഗതികെട്ടു പോയ ഭർത്താവ്. രണ്ടായിരാമാണ്ടിൽ   എൻ്റെ അവസ്ഥ ഇതായിരുന്നു. 

ഒരു രൂപ പോലും കയ്യിലില്ല. സമൂഹം, ജോലി നഷ്ടപ്പെട്ട, വരുമാനം പെട്ടെന്ന് നിലച്ചുപോയ ഒരാളെ എങ്ങനെ കാണുന്നുവെന്ന് അനുഭവിച്ചു തന്നെ അറിയണം.  ഭക്ഷണം ഇറങ്ങില്ല. അത്രക്കാണ് അപമാനം. കുത്തുവാക്കുകൾ, അവജ്ഞനിറഞ്ഞ നോട്ടം. പൊരിവെയിലിൽ ഗതി കെട്ട് നിന്നു പോയ ആ വേനലിൽ അല്പമെങ്കിലും കുളിരായത് അച്ഛൻ്റെ ആശ്വാസ വാക്കുകളും ലതയുടേയും കുഞ്ഞിൻ്റേയും സാമീപ്യവുമാണ്. 

ഇന്ന് എൻ്റെ മുഖത്തു നോക്കി വെളുക്കെ ചിരിക്കുന്ന പല സൗഹൃദങ്ങളും അക്കാലത്ത് പുറം തിരിഞ്ഞു നിന്നവയാണ്. ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ  നോക്കാതെ ഒപ്പം ചേർത്തു നിർത്തുന്നത് ആരൊക്കെയാണെന്നും ഇങ്ങനെ ഒരവസ്ഥ എനിക്ക് കാണിച്ചു തന്നു. സുകൃതങ്ങളായ ചില അപൂർവ സൗഹൃദങ്ങൾ.. അമൃത സ്പർശിയായ ചില ബന്ധങ്ങൾ. 

ഗതികേടിൻ്റെ ദിനരാത്രങ്ങൾ പൊഴിയവേ ചെറു ജോലികൾ കിട്ടിത്തുടങ്ങി. പിന്നെ കോഴിക്കോട്ട് പുതുതായി തുടങ്ങിയ ഒരു കമ്പനിയിൽ സെയിൽസ്മാൻ. (നജീബ് ഭായ്.. താങ്കൾ എവിടെയാണ്. ഒട്ടും പരിചയമില്ലാത്ത കച്ചവത്തിന്റെ ചുമതല എന്നെ ഏൽപ്പിച്ച ധൈര്യത്തിനുമുന്നിൽ ഇന്നും ഞാൻ നമിക്കുന്നു)  

കണ്ണൂർ മുതൽ ഏറണാകുളം വരെ OHP ഫിലിമുകളുടെ വിൽപ്പന. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ചുട്ടുപൊള്ളുന്ന വെയിലത്ത് സ്റ്റേഷനറി കടകൾതോറും കേറിയിറങ്ങി നടക്കും.  പലയിടങ്ങളിൽ മുട്ടിയാലേ ഒരു ഓർഡർ കിട്ടൂ.  കോഴിക്കോട് REC യുടെ സ്റ്റോറും കണ്ണൂർ എൻജിനീറിങ്  കോളേജിൻ്റെ സ്റ്റോറും പതിവായി വലിയ ഓർഡറുകൾ തന്നിരുന്നത് ഞാനിന്നും നന്ദിയോടെ ഓർക്കുന്നു. ഏറണാകുളത്തുള്ള ഭീമാകാരൻമാരായ കടക്കാരിൽ പലരും കാശ് തരാതെ പറ്റിച്ചിട്ടുണ്ട്. ഭാഗ്യവശാൽ വലിയ ഓർഡറുകളൊന്നും അത്തരത്തിലുള്ളവർ തന്നിരുന്നില്ല. തന്നിരുന്നെകിൽ കൂനിൻമേൽ കുരുപോലെ അതുകൂടി ഞാൻ സഹിക്കേണ്ടി വരുമായിരുന്നു. 

ഏറണാകുളത്തും തൃശൂരും പോയിരുന്ന ദിവസങ്ങളിൽ കൊതുകുകൾ നിറഞ്ഞ, വില കുറഞ്ഞ , വൃത്തിഹീനമായ ലോഡ്ജ് മുറികളിൽ ആഴ്ചകളോളം താമസിക്കും. രാത്രിയിൽ, റിസപ്ഷനിൽ നിന്ന് ടെലിഫോൺ ഡയറക്ടറി സംഘടിപ്പിച്ച് നഗരത്തിലെ പ്രധാന സ്റ്റേഷനറി കടകളുടെ നമ്പറുകൾ യെല്ലോ പേജ് നോക്കി കണ്ടു പിടിച്ച് ചെറിയൊരു നോട്ടുപുസ്തകത്തിൽ കുറിച്ചു വെക്കും. രാവിലെ ഒരു ചായ മാത്രം കുടിച്ച് ഒമ്പത് മണിക്ക് പുറപ്പെടും. ഏതെങ്കിലും ടെലഫോൺ ബൂത്തിൽ കയറി കടകളിലേക്ക് വിളിച്ച് അവരുടെ സ്ഥലവും ചെല്ലേണ്ട സമയവും അറിഞ്ഞു വെക്കും. പിന്നെ വെയിലറിഞ്ഞുള്ള നടത്തം. ഉച്ചയാകുമ്പോഴേക്കും ബനിയനും ഷർട്ടും വിയർപ്പിൽ കുതിരും. ലോഡ്ജിൽ തിരിച്ചെത്തി ബനിയൻ അലക്കി വിരിച്ച് വേറൊന്നിട്ട് വീണ്ടും വെയിലിലേക്കിറങ്ങും. ഇടക്കെപ്പൊഴെങ്കിലും ഏതെങ്കിലും വഴിയോരക്കടയിൽ നിന്ന് ഭക്ഷണം. പണം വളരെ ശ്രദ്ധിച്ചു വേണം ചെലവാക്കാൻ. ഒട്ടും നിവൃത്തിയില്ലാതെ മുട്ടിപ്പോയ ഒരു ദിവസം നജീബ് ഭായിയെ ഞാൻ ഫോൺ ചെയ്തു. " ഇച്ചിരി പൈസ വേണം" കനത്ത ഒച്ചയിൽ അങ്ങേത്തലക്കൽ ഒരു മൂളൽ മാത്രം .  പിറ്റേ ദിവസം, ലോഡ്ജിന്റെ അഡ്രസ്സിൽ എനിക്കൊരു കൊറിയർ വന്നു. എൺപത് പേജിൻ്റെ ഒരു നോട്ടുപുസ്തകം. അതിലെ ഒന്നാം പേജിൽ ഒരു കത്ത്. " ഒന്നും പേടിക്കേണ്ട. പണം ആവശ്യം വരുമ്പോൾ വിളിച്ചോളൂ." നോട്ടുപുസ്തകത്തിൻ്റെ നടുവിൽ നൂറിൻ്റെ ഇരുപത് നോട്ടുകൾ. കണ്ണ് നിറഞ്ഞുപോയി.  അത്തറിനെ മണമുള്ള ആ നോട്ടുപുസ്തകം കുറേക്കാലം ഞാൻ ഒരു നിധിപോലെ സൂക്ഷിച്ചിരുന്നു.... 

ഏറണാകുളത്തെ ഒരു വേനൽ ദിവസം ജ്യൂസ്ട്രീറ്റിലൂടെ നടക്കുമ്പോഴാണ്  അന്ന് വൈകുന്നേരം  സുകുമാർ അഴിക്കോടിൻ്റെ പ്രസംഗം രാജേന്ദ്ര മൈതാനിയിൽ വച്ച് നടക്കുന്നതായി ഒരു ജീപ്പിൽ മൈക്കു കെട്ടി വിളിച്ചു പറഞ്ഞു  പോകുന്നത് കേട്ടത്. സുകുമാർ അഴിക്കോടും വീരേന്ദ്രകുമാറും തമ്മിൽ, വലിയ വാദ കോലാഹലങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. തത്വമസി മോഷണമാണെന്ന വീരേന്ദ്രകുമാറിൻ്റെ വാദം അഴീക്കോടിനെ വല്ലാതെ ചൊടിപ്പിക്കുകയും ഉറ്റമിത്രങ്ങളായിരുന്നവർ പിണങ്ങി അങ്ങാടി പ്രസംഗങ്ങളിൽ പരസ്പരം ചെളി വാരി എറിയുകയും ചെയ്തു. അന്ന് വൈന്നേരം അഴീക്കോട് തൻ്റെ ഭാഗം വിശദീകരിക്കുകയായിരുന്നു, ഏറണാകുളത്ത്.

അന്നത്തെ രാജേന്ദ്ര മൈതാനം ഒരു ആംഫി തിയേറ്ററിന്റെ പ്രാഗ്‌രൂ പമായിരുന്നു. ആറു മണിക്ക് തുടങ്ങുമെന്ന് പറഞ്ഞ പരിപാടിക്ക് അഞ്ചു മണിക്കുതന്നെ ഞാൻ ചെന്ന് ഏറ്റവും മുന്നിലത്തെ നിരയിൽ ഇരിപ്പുറപ്പിച്ചു. മുന്നിൽ നഗ്നമായ ഒരു ബൾബ് മരക്കൊമ്പിൽ നിന്ന് കെട്ടി താഴ്ത്തിയിട്ടുണ്ട്. ഒരു മൈക്ക്, കസേര. വേറെ ആർഭാടങ്ങളൊന്നും വേദിക്കില്ല. 

ഏഴായപ്പോഴേക്കും സദസ്സ് നിറഞ്ഞു. 

അഴീക്കോട് വിശ്വപ്രസിദ്ധമായ തൻ്റെ ശൈലിയിൽ പതിഞ്ഞ താളത്തിൽ പ്രസംഗമാരംഭിച്ചു.  കായലിൽ നിന്ന് ഒഴുകി വരുന്ന സുഖദമായ കാറ്റിൽ പകലിൻ്റെ ഉഷ്ണം അലിഞ്ഞൊഴുകുന്നു. അഴീക്കോടിൻ്റെ മുഴങ്ങുന്ന ശബ്ദം റോഡ് മുറിച്ചുകടന്ന് എറണാകുളത്തപ്പൻ്റെ ചുറ്റുമതലിൽ അലയടിക്കുകയായി. പതിഞ്ഞ താളം മെല്ലെ ഉയർന്ന് മുറുകി. ഒരു ഘട്ടത്തിൽ അഴീക്കോട് പറഞ്ഞ അർത്ഥഗർഭമായ ഒരു ഫലിതത്തിൽ സദസ്സ് പൊട്ടിച്ചിരിച്ചു. എൻ്റെ ഇടതുവശത്തിരുന്നയാളാണ് ഏറ്റവും ഉറക്കെ പൊട്ടിച്ചിരിക്കുന്നത്. ഫലിതത്താൽ പരിഹസിക്കപ്പെട്ട വീരേന്ദ്രകുമാറിനോട് എന്തോ പകയുള്ളതുപോലെ! ഞാൻ അയാളെ സൂക്ഷിച്ചു നോക്കി. അരണ്ട വെളിച്ചത്തിലും ആളെ തിരിച്ചറിയാനായി. അയ്യപ്പൻ!  കവി! എൻ്റെ കാലു മുതൽ മൂർദ്ധാവു വരെ ഒരു തരിപ്പ് പാഞ്ഞുകയറി. ഇടതുവശത്തെ പ്രതിഭാ സാനിധ്യമറിഞ്ഞതും പിന്നീടുള്ള പ്രസംഗം എനിക്ക് ശ്രദ്ധിക്കാനായില്ല. ഇടക്കിടെ ഞാൻ അയ്യപ്പനെ നോക്കുന്നു. രാജേന്ദ്ര മൈതാനത്ത് കുന്തിച്ചിരുന്ന് അയ്യപ്പൻ ഇടക്കിടെ ചിരിയോടെ എന്നെയും നോക്കുന്നു. ഇവനാരെടാ എന്നാണ് ആ കണ്ണുകളിലെ ഭാവം. 

എട്ടര മണിയോടെ പരിപാടി സമാപിച്ചു. തണുത്ത കാറ്റ് അടിച്ചു കൊണ്ടേയിരുന്നു. പാർക്ക്അവന്യുവിലെ തിരക്കിലേക്ക് കടക്കവേ മുതുകിൽ ഒരു കൈ വന്നു വീണു. തിരിഞ്ഞു നോക്കിയപ്പോൾ, കവി! "നീയെന്തിനാടാ എന്നെ നോക്കിക്കൊണ്ടിരുന്നത്? നിനക്കെന്നെ അറിയാമോ?" ചോദ്യം! കവിയെ ആർക്കാണറിയാത്തതെന്ന മറുചോദ്യം ഇഷ്ടമായെന്ന് തോന്നി. പിന്നെ ചോദ്യങ്ങളുണ്ടായില്ല. ഞാൻ ഇടത്തോട്ട് തിരിഞ്ഞപ്പോൾ തോളിൽ കയ്യിട്ട് കവിയും എന്നോടൊപ്പം. മദ്യത്തിൻ്റെ മണമുണ്ടോ? ഞാൻ മൂക്കുവിടർത്തി. ഒന്നും തോന്നിയില്ല. "എവിടെയാ നിൻ്റെ സ്ഥലം?" ഞാൻ സ്ഥലം പറഞ്ഞു. "ഓ.. അവിടെയൊക്കെ ഞാൻ വന്നിട്ടുണ്ടല്ലോ!" പിന്നെയും നുറുങ്ങ് നുറുങ്ങ് വർത്തമാനങ്ങൾ. മലയാളത്തിൻ്റെ ഒരു വലിയ കവിയാണ് തോളിൽ കയ്യിട്ട് കൂടെ നടക്കുന്നത്. ആളുകൾ പരിചയ ഭാവത്തിൽ അയ്യപ്പന് നേരെ തല കുലുക്കുകയും കയ്യുയർത്തുകയും മറ്റും ചെയ്യുന്നുണ്ട്. കവിയാകട്ടെ, ചിലരോട് പൊട്ടിച്ചിരിക്കുന്നു. മറ്റു ചിലരോട് ഉറക്കെ കുശലം പറക്കുന്നു. പ്രഭാഷണത്തെക്കുറിച്ച് അഭിപ്രായം തിരക്കിയവരോട് മറുപടി ശബ്ദമുയർത്തിപ്പറയുന്നു ... ഞാൻ സങ്കോചം കൊണ്ട് ചൂളി ഒപ്പം ..

എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. കാര്യം എങ്ങനെ പറയും? "എനിക്കിച്ചിരിയെന്തെങ്കിലും കഴിക്കണമായിരുന്നു.
" ഞാൻ ശങ്കിച്ച് ശങ്കിച്ചാണ് പറഞ്ഞത്. മഹാൻമാരോട് എങ്ങനെ പെരുമാറണമെന്ന് എനിക്ക് പരിശീലനം കിട്ടിയിട്ടില്ലല്ലോ! ഉള്ളിൽ, അയ്യപ്പനെക്കുറിച്ച് കേട്ട കഥകൾ തികട്ടിത്തികട്ടി വന്നു കൊണ്ടിരുന്നു. മദ്യപിച്ച് പിച്ചും പേയും പറയുന്നയാൾ. ആരുടെയായാലും കീശയിൽ കയ്യിട്ട് കിട്ടുന്നതെല്ലാം എടുത്തു കൊണ്ടു പോകുന്നയാൾ.... എന്നിങ്ങനെ. എൻ്റെ കീശയിലാണെങ്കിൽ ആ ദിവസത്തെ കലക്ഷൻ മുഴുവൻ കിടപ്പുണ്ട്. ഇപ്പോൾ അതെടുത്ത് മാറ്റാൻ ശ്രമിച്ചാൽ അനൗചിത്യമാവും. കവിക്ക് തീർച്ചയായും എന്നോട് നീരസം തോന്നും. എന്തു ചെയ്യേണ്ടൂ എന്ന് ശങ്കിച്ച് ഒന്നും ചെയ്യാതെ ഞാൻ കവിയോടൊപ്പം നടത്തം തുടർന്നു. 

മഹാരാജാസും കോർപ്പറേഷൻ ഓഫീസും കഴിഞ്ഞ് വലത്തോട്ട് ഒരു വഴിയുണ്ട്. കാനൻ ഷെഡ് റോഡ് എന്നാണാ വഴിയുടെ പേര്. ഈ വഴിയെക്കുറിച്ച് ഒരു പാട് പറയാനുണ്ട്. അത് വഴിയെ പറയാം. ആ വഴിയുടെ ഇടതു വശത്താണ് കോഫീ ഹൗസ്. ഞാൻ മെല്ലെ വലതുപക്ഷം ചേർന്നു. 

കവിയും ഞാനും കോഫി ഹൗസിൽ കേറിച്ചെന്നപ്പോൾ അവിടത്തെ കിരീടധാരികൾ ബഹുമാനം കാട്ടി. മൂലയിൽ ഒരു മേശക്കിരുപുറവുമിരുന്ന ഞങ്ങളുടെ അടുത്തെത്തിയ, നരച്ച കപ്പടാ മീശവച്ച  കിരീടധാരിയെ  "ശ്രീധരേട്ടാ" എന്ന് പേര് വിളിച്ച് കവി കുശലം പറഞ്ഞു. ചപ്പാത്തിയും കുറുമയുമാണ് ഞാൻ കഴിച്ചത്. കവി ഒരു കട്ടൻ കാപ്പിയിൽ അത്താഴമൊതുക്കി.  ഭക്ഷണം കഴിച്ചു തീർത്ത് കൈ കഴുകി കാഷ് കൗണ്ടറിൽ തിരികെയെത്തി കവിയെ തിരഞ്ഞപ്പോൾ ആളെ കാണാനില്ല. 

ഞാൻ പുറത്തിറങ്ങി ചുറ്റും തിരഞ്ഞു. നിയോൺ വിളക്കിൻ്റെ വെളിച്ചത്തിൽ കാനൻഷെഡ് റോഡിലൂടെ നടന്നകലുന്നു, മെലിഞ്ഞ് കുറുതായ കവിരൂപം. കൂടെ ആരൊക്കെയോ ഉണ്ട്. പൊട്ടിച്ചിരിയും ഉറക്കെ ഉറക്കെയുള്ള സംസാരവും കേൾക്കാം.

എൻ്റെ പോക്കറ്റിൽ കയ്യിട്ടില്ല, എന്നോട് കാശ് ചോദിച്ചില്ല, ഞാൻ കേട്ടതു പോലൊന്നുമല്ലാത്ത സൗമ്യനായ കവി.

വർഷങ്ങൾ കഴിഞ്ഞു ..
എനിക്ക് ബാങ്കിൽ ജോലിയായി...

2002... കോഴിക്കോട് വച്ച് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം നടക്കുന്നു. സെഞ്ചൂറിയൻ ബാങ്കിലെ ജോലി അക്കാലങ്ങളിൽ തീരണമെങ്കിൽ എട്ടര മണിയെങ്കിലുമാകും. ഞാൻ എന്നും വീട്ടിൽ പോയിരുന്നത് കുറ്റ്യാടിയിലേക്കുള്ള അവസാന ബസ്സിൽ. അന്ന് യുവജനോത്സവമാണെന്നും ബസ്സിൽ തിരക്കുണ്ടാകുമെന്നും പറഞ്ഞ് അല്പം നേരത്തെ ഇറങ്ങി. എട്ടു മണിക്ക്. ബസ്റ്റാൻ്റിലേക്ക് ഓടിച്ചെന്നു. ഉണ്ട്, നല്ലതെരക്കുണ്ട്. ഇനിയും ഒരു മണിക്കൂർ കഴിഞ്ഞാൽ പുറപ്പെടുന്ന എൻ്റെ സ്ഥിരം ബസ്സ് ഒരു മൂലയിൽ നിർത്തിയിട്ടുണ്ട്. ഞാൻ ചെന്ന് അതിൽ കയറി. സ്ഥിരം പോകുന്നയാളായതുകൊണ്ട് ജീവനക്കാർ എതിരൊന്നും പറഞ്ഞില്ല. സമയം നീങ്ങി. ഇതിനു മുമ്പ് പുറപ്പെടുന്ന ബസ്സുകളെല്ലാം നിറഞ്ഞു. പതിയെ ഈ അവസാന വണ്ടിയിലും ആളുകൾ കയറാൻ തുടങ്ങി. ഒരാൾ എൻ്റെയരികിലും വന്നിരുന്നു. ഏതോ പുസ്തകത്തിൽ മുഴുകിയിരിക്കുകയായിരുന്ന ഞാൻ മദ്യത്തിൻ്റെ മണമറിഞ്ഞ് ആളെ നോക്കി. ഞെട്ടിപ്പോയി.  അയ്യപ്പ കവി! വീണ്ടും കവിയുടെ ധന്യ സാമീപ്യം. കയ്യിൽ കുറച്ച് പുസ്തകങ്ങളുണ്ട്. നൂറു പേജെങ്കിലും ഒരു ദിവസം വായിക്കാതെ തനിക്കുറങ്ങാനാവില്ലെന്ന് പറഞ്ഞ കവി.. താൻ വായിക്കുന്നത് അറിയാതെ ഛർദ്ദിച്ചു പോകുന്നതാണ് തൻ്റെ കവിതയെന്ന് പറഞ്ഞ കവി. 

ബസ്സിൽ ആളുകൾ നിറയുകയാണ്. ആ കൂട്ടത്തിൽ കുറ്റ്യാടിയുടെ സമീപ പ്രദേശത്തെ ഒരു പ്രശസ്തനായ എഴുത്തുകാരനും കൂട്ടരും കയറി വന്നു. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്, എല്ലാരും. അയ്യപ്പനെ കണ്ടതും ''അയ്യപ്പേട്ടാ! സുഖേല്ലേ? ബുദ്ധനും ആട്ടിൻകുട്ടിയും എവിടെ?"  എന്നു തുടങ്ങി അറുവഷളൻ കമൻ്റുകൾ. സംഘാംഗങ്ങൾ എല്ലാരും ബഹളമുണ്ടാക്കുന്നു. താന്താങ്ങളുടെ സാഹിത്യ ബുദ്ധിസാമർത്ഥ്യങ്ങൾ പ്രകടിപ്പിക്കാൻ കലമ്പൽ കൂട്ടുന്നു. ഇടക്കൊരാൾ സച്ചിതാനന്ദൻ്റെ ഒരു കവിതാ പുസ്തകം അയ്യപ്പൻ്റെ മടിയിലേക്കിട്ടു. "അയ്യപ്പേട്ടാ! ഒരൊപ്പിട്ട് തരാമോ?...." അയ്യപ്പൻ അയാളുടെ മുഖത്തേക്ക് നോക്കി. പുസ്തകം ബസ്സിൻ്റെ നിലത്തേക്കിട്ടു. "വല്ലവൻ്റേയും പുസ്തകത്തിൽ ഞാനെന്തിനാടാ ഒപ്പിടുന്നത്‌?" അയാൾ പുസ്തകമെടുത്ത് പൊടി തട്ടി കക്ഷത്തിൽ തിരുകി. തന്നെ കാണിച്ചു തരാമെടോ എന്ന ഭാവത്തിൽ കവിയെ നോക്കി തിരക്കിൽ മറഞ്ഞു.

കവിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. വല്ലാത്ത സംഘർഷം അനുഭവിക്കുന്ന പോലെ... ബഹളം അധികരിക്കുന്നു .. "ഒന്ന് മിണ്ടാതിരിയെടാ.... ഞാനെറങ്ങിപ്പോകുമേ... " അസഹ്യതയോടെ കവി അലറി. വിരണ്ടു പോയ സാഹിത്യ കൂട്ടായ്മ അല്പമൊന്നടങ്ങി. 

കവി എൻ്റെ മുഖത്തേക്ക് ക്ഷമാപണത്തോടെയെന്നോണം നോക്കി. നോട്ടം എൻ്റെ മുഖത്ത് തറഞ്ഞു ... ഞാൻ ചിരിച്ചു. കവി ചോദിച്ചു. "നീയല്ലേടാ പണ്ടൊരുദിവസം ഏറണാകുളത്ത് .... കാപ്പി കുടിച്ചത്..." ഞാൻ അത്ഭുതപ്പെട്ടു. ഒരു ദിവസം മുമ്പ് നടന്നതു പോലും മറന്നു പോകുന്നവരാണ് കഠിന മദ്യപാനികൾ എന്ന് വിളിക്കപ്പെടുന്നവർ.  ഇവിടെയിതാ ഒരാൾ രണ്ടു വർഷത്തിനു മുമ്പ്  ഒപ്പം കാപ്പി കുടിച്ച വെറുമൊരു സാധാരണക്കാരനെ ആൾക്കൂട്ടത്തിനിടയിൽ തിരിച്ചറിയുന്നു!

" എവിടെ പോകുന്നു?" ഞാൻ വിനയത്തോടെ തിരക്കി. "ഞാനിപ്പോ പേരാമ്പ്രേലാ താമസം.  ഒരു കൂട്ടുകാരനൊപ്പം..." കവി കൂടുതലൊന്നും പറഞ്ഞില്ല. അവധൂതർക്ക് സ്ഥിരതാമസമില്ലല്ലോയെന്ന് ഞാനുമോർത്തു. 

ബസ്സ് പുറപ്പെട്ടു. കുറച്ചു നേരം കവി എൻ്റെ  തോളിൽ ചാരിക്കിടന്നുറങ്ങി. അത്തോളി കഴിഞ്ഞപ്പോഴേക്കും ബസ്സിൽ തിരക്കൊഴിഞ്ഞു. മുന്നിലിരിപ്പായിരുന്ന എഴുത്തുകാരൻ കവിയെ ഉച്ചത്തിൽ വിളിച്ചു. "അയ്യപ്പേട്ടാ! ഇങ്ങ് പോരീ, ഇവിടെ സീറ്റ്ണ്ട് " ഞെട്ടിയുണർന്ന കവി എഴുത്തുകാരൻ്റെ ഇരിപ്പിടത്തി നടുത്തേക്ക് നടന്നു. മുന്നേപ്പോലെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ.... ഒന്നും പറയാതെ. അല്ലെങ്കിലും സാഹിത്യകാരൻമാരല്ലേ പരസ്പരമറിയുക! പാവം വായനക്കാരനാര്? ഞാൻ അസൂയപ്പെട്ടു. 

2010 ൽ ഒക്ടോബറിലെ ഒരു നാൾ, തമ്പാനൂരിലെ തെരുവോരത്ത് തൻ്റെ ശരീരം തന്നെ വലിച്ചെറിഞ്ഞ് കവി കടന്നു പോയതും ഇങ്ങനെ തന്നെയായിരുന്നല്ലോ! ആരോടും ഒന്നും പറയാതെ !

പുത്തോലയും കരിയോലയും - പുസ്തക വിചാരം

ചിലർ അങ്ങനെയാണ്. 

ഒരു കാഴ്ചയിൽ,  ഒന്നാമത്തെ സംഭാഷണത്തിൽ  ഹൃദയത്തോട് ഒട്ടി നിൽക്കും. 

 'ചെറിയകുമ്പളം കലാസമിതി'  ഒരു രാത്രി കൊണ്ട് ഉണ്ടായതാണ്. ചെറിയ കുമ്പളത്തെ  കൂട്ടുകാർ ചേർന്നിരുന്ന ഒരു രാത്രി (ഏത് രാത്രിയാണ് ചേർന്നിരിക്കാതി രുന്നിട്ടുള്ളത് !!) പത്താം ക്ലാസിലെ- അതോ പ്രീഡിഗ്രി യുടെയോ-  അവധിക്കാലത്ത്.  സംഘടന ഉണ്ടായാൽ ഉടനടി വേണ്ടത് കലാപരിപാടി ആണല്ലോ. അദ്ധ്വാനിച്ച് പണപ്പിരിവും മറ്റ് സന്നാഹങ്ങളും നടത്തി ഒരു പ്രദേശത്തിൻറെ മുഴുവൻ  ഉത്സവമാക്കി മാറ്റിയ ആ പരിപാടിയുടെ തലേന്നാളാണ് അൻവറിനെ Anwer Paleri  കണ്ടുമുട്ടിയത്. നീണ്ടുമെലിഞ്ഞ സുന്ദരൻ. ഡിസംബറിലെ നിലാവത്ത് തണുത്തുവിറച്ചിരുന്ന എനിക്കിടാൻ അവൻ ഒരു ചൂട് കുപ്പായം വെച്ചു നീട്ടി. അന്ന് തുടങ്ങിയ സംഭാഷണവും  സഹവാസവും  ഇതുവരെ തീർന്നിട്ടില്ല. ഈ ജന്മം തീരുകയുമില്ല.

ഇന്നലെ രാത്രി പ്രസാദ് കൈതക്കലിനെ വിളിച്ചപ്പോൾ  അങ്ങനെ ഒരാളെ  വീണ്ടും കിട്ടിയെന്നാണ് തോന്നിയത്. മണിയേട്ടനാണ്   പ്രസാദിനെ കുറിച്ചും, പ്രസാദിൻ്റെ പുസ്തകത്തെ കുറിച്ചും പറഞ്ഞത്. മണിയേട്ടൻ്റെ വിവരണം കേട്ടന്നുമുതൽ പുസ്തകം വായിക്കാൻ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.

മനോഹരമായ കൈപ്പടയിൽ ഓട്ടോഗ്രാഫ് എഴുതി ഒപ്പിട്ട്, 'പുത്തോലയും കരിയോലയും' മിനിഞ്ഞാന്ന് തപാലിൽ കിട്ടി. പാതി മുക്കാലും വായിച്ചുകഴിഞ്ഞപ്പോൾ എഴുത്തുകാരനെ വിളിക്കാതിരിക്കാൻ വയ്യെന്നായി. ഇന്നലെ രാത്രി  ദീർഘനേരം ഞങ്ങൾ സംസാരിച്ചു. നാട്ടുവഴികളും  നഗര വഴികളും വേദനകളും സുഗന്ധവും നിറഞ്ഞ ചർച്ച.  ജീവിതം പരസ്പരം പറഞ്ഞറിയാൻ ഏറെക്കാലത്തെ സൗഹൃദമൊന്നും ആവശ്യമില്ല. ഒന്നു കാണുകപോലും വേണ്ട.  ഫോണിൻറെ അങ്ങേത്തലക്കലെ  ശബ്ദം ഹൃദയം തൊടാൻ കെൽപ്പുള്ളതാണെന്നറിഞ്ഞാൽ മാത്രം മതി.

പ്രസാദിൻ്റെ പുസ്തകം, 'പുത്തോലയും കരിയോലയും ' ഓർമ്മക്കുറിപ്പുകളുടെ ഒരു സമാഹാരമാണ്. ഓർമ്മക്കുറിപ്പുകളുടെ സമാഹാരങ്ങൾ ഏറെയെണ്ണംഉണ്ട്  മലയാളത്തിലിപ്പോൾ. വലിയവരും ചെറിയവരും ഓർമ്മ എഴുതുന്നു. പ്രശസ്തരും അപ്രശസ്തരും ഓർമ്മ എഴുതുന്നു. ഗൃഹാതുരത മുറ്റി നിൽക്കുന്ന ഒർമ്മക്കുറിപ്പുകൾ എനിക്കെന്നും പ്രിയങ്കരം തന്നെ. പ്രസാദിൻ്റെ പുസ്തകം കൂടുതൽ പ്രിയമുള്ളതാകാൻ കാരണം അതിൻറെ ഉള്ളടക്കം അരങ്ങേറുന്നത് എനിക്ക് കൂടി സുപരിചിതമായ ഗ്രാമ വഴികളിലാണെന്നതാണ്. കൂടാതെ ഒരു കാലത്ത് സിരകളിലൂടെ പതഞ്ഞോടിയിരുന്ന ആവേശം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഇതിൽ തുടിച്ചു നിൽക്കുന്ന ഒരു കഥാപാത്രമാകുന്നു എന്നതും.

സ്ക്കൂളോർമ്മകളിൽ തുടങ്ങുന്ന പുസ്തകം അമ്മയോർമകളിലൂടെ വളർന്ന് പ്രസാദ് ഇടപെടുന്ന സാമൂഹ്യ മണ്ഡലങ്ങളിലാകെ ഒഴുകി പരന്നു നിൽക്കുന്നു.

പുരകെട്ടി മേയുന്നതിനെക്കുറിച്ച് പ്രസാദ് ആദ്യ അദ്ധ്യായത്തിൽ പറയുന്നു. കുട്ടിക്കാലത്ത് എൻ്റെയും ഏറ്റവും ഇഷ്ടപ്പെട്ട  ദിവസമായിരുന്നു, പുരകെട്ടി മേയുന്നതിൻ്റെ തലേന്നാൾ. കഴിഞ്ഞകൊല്ലം കെട്ടിമേഞ്ഞ ഓല മുഴുവൻ അഴിച്ചു കളഞ്ഞ്‌ വീടിന് മേൽക്കൂര നഷ്ടപ്പെടുന്ന രാത്രി. ആ രാത്രിയിൽ, ''ഞങ്ങൾക്കെല്ലാവർക്കും ആകാശത്ത് നക്ഷത്രങ്ങളെയും കണ്ട് മഞ്ഞുകൊണ്ട് പുതച്ചുമൂടി കിടക്കാം. അതൊരു രസമുള്ള രാത്രി തന്നെയായിരിക്കും " 

കൈതക്കൽ എന്ന പ്രദേശം കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോകും വഴി നടുവണ്ണൂർ കഴിഞ്ഞ് പേരാമ്പ്ര എത്തുന്നതിന് അല്പം മുമ്പായിട്ടാണ്. എണ്ണിയാലൊടുങ്ങാത്ത തവണ അതിലെ കടന്നു പോയിരിക്കുന്നു. ഒന്നു രണ്ടു തവണ ചില ആവശ്യങ്ങൾക്ക് അവിടെ ഇറങ്ങുകയും ചെയ്തിട്ടുണ്ട്.  ഇത്രയും സംസ്കാരസമ്പന്നമായ ഒരു പ്രദേശമാണ് അതെന്നറിയാൻ എനിക്ക് പ്രസാദ് കൈതക്കലിൻ്റെ പുസ്തകം വേണ്ടി വന്നു.  എൻ്റെ നിരീക്ഷണത്തിൻ്റെ പാകതക്കുറവാകാമത്. അല്ലെങ്കിലും ചുറ്റുപാടിലും കണ്ണു പായിക്കാൻ കഴിയാതെപോയത് തന്നെയാണല്ലോ എന്നും എൻ്റെ കുറവ്. പൂങ്കുലകൾ കയ്യെത്തുന്നിടത്ത് നിൽക്കേ,  എത്തിപ്പിടിക്കാനാവാത്ത മരക്കൊമ്പുകൾ തേടിയലഞ്ഞ്, ഇന്നൊടുക്കം, പുളിയൻ മുന്തിരിങ്ങയാണ് ചുറ്റുമെന്ന് നിരാശപ്പെടുന്ന ഭോഷ്ക്കാണല്ലോ എൻ്റെ ജീവിതകഥ.  

ഒന്ന് ചികഞ്ഞാൽ എൻറെ ഭൂമികയിലും പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് , പ്രസാദ് തൻ്റെ മനോഹര കൃതിയിലൂടെ ഓർമിപ്പിക്കുന്നു. ഒരുപക്ഷേ പ്രചോദിപ്പിക്കുക പോലും ചെയ്യുന്നു. 

ഒന്നുരണ്ടദ്ധ്യായങ്ങളിലെ അൽപ വിരസത ഒഴിച്ചുനിർത്തിയാൽ  കൈയിലെടുത്താൽ വായിച്ചു മുഴുമിപ്പിക്കാതെ  താഴെ
വെക്കാൻ കഴിയാത്ത പുസ്തകമാണ്  പുത്തോലയും കരിയോലയും. 

വ്യക്തിപരമായി, ഇതിലെ ഓരോ  സംഭവവും  ഞാൻ  ജീവിച്ച സമാന സംഭവങ്ങൾ ഓർമിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു.  പെയ്ൻറ് പണിക്ക് വേണ്ടി കാടാമ്പുഴയിൽ താമസിച്ചതിനെക്കുറിച്ച്  പ്രസാദ് ഓർത്തപ്പോൾ,  ഞാനും ബൈജുവും ആലുവയിലെ കുടുസു ലോഡ്ജിൽ താമസിച്ച് സ്പോക്കൺ ഇംഗ്ലീഷ് കാസറ്റുകൾ നടന്നു വിറ്റകാലം ഓർത്തുപോയി.  മോഹനേട്ടനേയും ഗോപിയേയും ഓർത്തുപോയി... അങ്ങനെ ഓരോന്ന്. 

പുരമേയാൻ പുത്തോലയും കരിയോലയും  ഉപയോഗിക്കുന്നു. പുത്തൻ ഓലകൾക്ക് പിൻബലമായാണ്, ഒരു വേനലും മഴയും മഞ്ഞും  ജീവിച്ചു തീർത്ത പരിചയസമ്പന്നരായ കരിയോലകളെ ഉപയോഗിക്കുക. പ്രസാദിൻ്റെ ജീവിതാനുഭവങ്ങൾ  അദ്ദേഹത്തിനൊപ്പം ജീവിച്ച എന്നെപ്പോലുള്ളവർക്ക് മാത്രമല്ല, ഒരുപക്ഷേ  ജീവിതത്തിൻ്റെ കഠിനോഷ്ണങ്ങൾ അറിയാതെ പോകുന്ന  ഇന്നത്തെ തലമുറയ്ക്കും പ്രചോദനമാകും.

ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ കൈതക്കലേയും പരിസരത്തെയും അനേകർ നമ്മുടെ മനസ്സുകളിൽ കുടുകൂട്ടുന്നു.  ചിരിപ്പിച്ചവർ, കരയിച്ചവർ,  നൊമ്പരം ഉള്ളിലൊതുക്കി തലയുയർത്തി നടന്നവർ,  അദ്ധ്യാപകരുടെ സമീപനം കൊണ്ടു മാത്രം വിദ്യാഭ്യാസംമടുത്ത കുട്ടികൾ, എല്ലാമുണ്ടായിട്ടും  ജീവിത സന്ധ്യയിൽ ഒന്നുമല്ലാതായി പോയവർ,  ഉപേക്ഷിക്കപ്പെട്ടവർ...

അരുതായ്മകളോട് കലഹിക്കുന്ന പ്രസാദിനെ ഈ പുസ്തകത്തിലുടനീളം നമുക്ക് കാണാം. ഒരിടത്ത്, ഒരു പാർട്ടി പരിപാടിയുടെ മിനുട്ട് ബുക്കിൽ പേരിൻറെ വാലറ്റത്ത് ആഢ്യത്വം നിറച്ച ആളുകളുടെ പേരുകൾക്കടിയിൽ,  പൊയിൽ പ്രസാദ് തീയൻ എന്നെഴുതി ഒപ്പിടുന്നുണ്ട്, അഭിമാനിയായ ഈ കൂട്ടുകാരൻ. 

പ്രിയപ്പെട്ട പ്രസാദ്, ഈ പുസ്തകത്തിന്,  സകല നിറങ്ങളും പുരണ്ട ഇതിലെ അനുഭവചിത്രങ്ങൾക്ക്, നന്ദി.

''ഒരുപാടാളുകൾ നടന്നു നടന്നു തെളിഞ്ഞു വന്നതാണ് ഇക്കാണുന്ന വഴികളെല്ലാം..
അവരുടെ കാലടികൾ നിരന്തരം പതിഞ്ഞാണ് കൂർത്ത കല്ലുകളെല്ലാം മിനുസമാർന്നത്..."