Tuesday, August 17, 2021

ആഗസ്ത് 15

എൽ പി സ്ക്കൂളിലെ ഞങ്ങളുടെ ആഗസ്ത് പതിനഞ്ച് ഒരു സംഭവമായിരുന്നു. 

രാവിലെ എട്ട് മണിയോടെ എല്ലാവരും എത്തണം. പഠിപ്പില്ലാത്തതുകൊണ്ട്, സാധാരണ ദിവസങ്ങളിൽ ഇഴഞ്ഞിഴഞ്ഞ് സ്ക്കൂളിൽ വരുന്നവർ പോലും അന്ന് കുതിച്ചോടി വരും.  കടലാസുകൊണ്ടുള്ള ദേശീയ പതാകയും ഒരു മൊട്ടുസൂചിയും എല്ലാവർക്കും കിട്ടും, സ്ക്കൂൾ വക. പതാക ഉയർത്തുന്നതിനു മുമ്പായി അത് എല്ലാരും കുപ്പായത്തിൽ കുത്തിവെക്കും. 

പിന്നെ പതാക ഉയർത്തലാണ്. അച്ഛനാണ് പ്രധാനാധ്യാപകൻ. തലേന്ന് തന്നെ ഒരു വലിയ കവുങ്ങ് തടി ചെറിയകപ്പിയും കൊളുത്തും മറ്റും പിടിപ്പിച്ച് സ്ക്കൂൾ മുറ്റത്ത് നിർത്തിയിട്ടുണ്ടാവും. കൊളുത്തിൽ നിന്ന് താഴോട്ട് നീളുന്ന നേരിയ പ്ലാസ്റ്ററിക്ക് കയറും . രാവിലെ സ്ക്കൂൾ ലീഡറുടെ നേതൃത്വത്തിൽ പൂക്കളും നിറമുള്ള ഇലകളും മറ്റും സ്ക്കൂളിനോട് ചേർന്നു വളരുന്ന ചെടികളിൽ നിന്ന് ശേഖരിച്ചിട്ടുണ്ടാവും. അവ ചെറുകഷണങ്ങളായി നുറുക്കി തയ്യാറാക്കി വച്ചത് പതാക പ്ലാസ്റ്റിക്ക് കയറിൽ കെട്ടി, പല മടക്കുകളായി മടക്കി ഓരോ മടക്കിലും ശ്രദ്ധയോടെ വെക്കുന്നു. പിന്നെ അവസാനമായി, ഒരു സൂത്രക്കെട്ട്. 

ഇത് കഴിയുമ്പോൾ കുഞ്ഞാണ്ടി മാസ്റ്റർ വിളിച്ചു പറയും. "എല്ലാരും വരിവരിയായി നിൽക്കെടാ!" കേൾക്കേണ്ട താമസം എല്ലാരും ക്ലാസുകളുടെ ക്രമത്തിൽ അണിനിരക്കുകയായി.  വെയിലുദിച്ചു വരുന്നേ ഉണ്ടാവൂ. മാഷമ്മാരും സ്ക്കൂൾ ലീഡറും അറ്റൻഷനിൽ നിൽക്കും. അച്ഛൻ പതുക്കെ പതാക ഉയർത്തും. ഉയരത്തിലുയരത്തിലുളള കൊളുത്തിൽ ചെന്നു നിൽക്കുന്ന പതാക, അച്ഛൻ്റെ ചെറിയൊരു വിരലനനക്കത്തിൽ വിടർന്ന് പൂവ് ചിതറുമ്പോൾ, ഹായ് ! എന്ന കോറസ്സ് ഞങ്ങളിൽ നിന്നുയരും.  അച്ഛൻ്റെ ഒരു ചെറു പ്രസംഗം, പിന്നെ ദേശീയഗാനാലാപനം. 

ചടങ്ങ് കഴിയുന്നതോടെ എല്ലാവരും സ്വതന്ത്രരാവുന്നു. അരിയിൽ, ശർക്കരയും നിറയെ തേങ്ങ ചിരവിയതും ചേർത്തുണ്ടാക്കുന്ന പായസം തയ്യാറാവുന്നതേയുള്ളൂ. അതു വരെ കളിക്കാം.

 കുപ്പായത്തിൽ മൂന്നും നാലും പതാകകൾ കുത്തിയവർ ബസ്സും കാറുമൊക്കെയായി രൂപാന്തരം പ്രാപിച്ച് മരണപ്പാച്ചിൽ പാഞ്ഞു. കണ്ണു മുരുട്ടി തടിയൻ മാരായ ഇൻസ്പെക്ടർമാർ അവരെ കൈകാണിച്ച് നിർത്തി രേഖകൾ പരിശോധിച്ചു. ലൈസൻസില്ലാത്തവർക്ക് ഫൈൻ വിധിച്ചു. ചിലരുടെ ചന്തിക്ക് ചുട്ട പെട കൊടുത്ത് ഓടിച്ചു വിട്ടു... 

ഒന്നുരണ്ടു പേർ, പുറംതൊണ്ട് കളയാത്ത നെലക്കടല കൊണ്ടു നടന്ന് , ഒരു പൈസക്ക് രണ്ടെണ്ണം എന്ന നിരക്കിൽ വിറ്റു.

അൽപ്പം കഴിഞ്ഞപ്പോൾ ഒരിളക്കം. എല്ലാർക്കും സ്ക്കൂളിന് നേരെ പായുകയാണ്. പായസം തയ്യാറായിരിക്കുന്നു.  വീട്ടിൽ നിന്ന് കൊണ്ടുവന്ന പ്ലേറ്റുമായി സ്ക്കൂളിൻ്റെ കോലായിലെ വെറും നിലത്ത് രണ്ടു വരികയായി, വായിൽ കപ്പലോടിച്ചു കൊണ്ട് നിരന്നിരുന്ന ഞങ്ങളുടെ മുന്നിലെ പ്ലേറ്റുകളിലേക്ക് മഹമൂദ് മാസ്റ്ററുടെ നേതൃത്വത്തിൽ പായസം പകരുകയായി.

ഒരു സംഭവം ഓർമയുണ്ട്.
ഞാൻ ഒന്നാം ക്ലാസിലായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന ചേട്ടൻമാരും ചേച്ചിമാരും അവർക്ക് കിട്ടിയ പതാകകൾ ഉപയോഗിച്ച് എഷ് മാഷിൻ്റെ മോനെ സുന്ദരനാക്കി. എൻ്റെ വെളുത്ത കുപ്പായത്തിൽ നാലു നിരയായി കുത്തിവച്ച ദേശീയ പതാകകൾ . എൻ്റെ കയ്യും പിടിച്ച് അവർ സ്ക്കൂളാക്കെ നടന്നു. എഷ് മാഷിൻ്റെ പരിഗണന കിട്ടിയാലോ!

എൻ്റെ കോലം കണ്ടതും അച്ഛനും കുഞ്ഞാണ്ടിമാഷും പത്മനാഭൻ മാഷും ചിരിയോട് ചിരി. പക്ഷെ ഞാൻ ഗൗനിച്ചില്ല. ദേശീയത മുറ്റിത്തഴച്ചു നിന്ന ആ കുപ്പായം അമ്മയെ കാണിക്കാൻ വീട്ടിലേക്ക്  ഓടിയ ഓട്ടത്തിനിടയിലാണ് നിരത്തിൽ വീണ് രണ്ടു കാൽമുട്ടിലേയും തൊലി ആദ്യമായി അടർന്നത്. വീട്ടിലെത്തിയപ്പോഴേക്കും ദേശീയതയാകെ കണ്ണീരിലും മണ്ണിലും ചോരയിലും കുതിർന്ന് അലങ്കോലമായിരുന്നു...

നാവ് 7

നാവ് 7

ഇനിയുമുണ്ട് ഏറെ പരിപാടികൾ. പരസ്യങ്ങൾ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നല്ലോ. പക്ഷേ സംഭാവനയൊന്നും കാര്യമായി പിരിഞ്ഞുകിട്ടാതായപ്പോൾ ആ തീരുമാനത്തിന് ചെറിയൊരിളക്കം സംഭവിച്ചു. ഏത് പ്രസിദ്ധീകരണത്തിൻ്റേയും പ്രധാന വരുമാനസ്രോതസ്സ് പരസ്യങ്ങളാണല്ലോ എന്നായി ചിന്ത. " കോഴിക്കോട്ടെ ഒന്നു രണ്ട് സ്ഥാപനങ്ങളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. " അൻവർ പറഞ്ഞു. "ഞ്ഞിയും എന്തെങ്കിലും ക് ട്ടോന്നോക്ക്."  എനിക്ക് പരസ്യം പിടിക്കാനൊന്നും കഴിയില്ലെന്ന് എന്നെപ്പോലെത്തന്നെ അവനും അറിയാമെന്ന് അവൻ്റെ വാക്കുകളിലെ അത്മവിശ്വാസക്കുറവിൽ നിന്ന് മനസ്സിലായി. 

അക്ബർ മാഷിൻ്റെ ആശംസക്ക് പിന്നാലെ കുറച്ച് ചെറു കവിതകളും നുറുങ്ങ് കഥകളും കൂട്ടുകാരുടേതും പരിചയക്കാരുടേതുമായി കിട്ടി.

മാസമൊന്ന് പിന്നെയും കഴിഞ്ഞു. മാസിക അച്ചടിച്ചില്ല. ഒരു വൈകുന്നേരം കോഴിക്കോട്ടു നിന്നെത്തിയ അൻവർ പറഞ്ഞു. "നാളെ മ്മക്ക് മാറ്ററെല്ലാം ഫൈനലൈസ് ചെയ്യണം.  അഫ്സലിനേയും വിളിക്കാം"

പിറ്റേന്ന് രാവിലെ കുറ്റ്യാടി ഹൈസ്ക്കൂളിലെ ഒരു ക്ലാസ് മുറിയിൽ - അന്ന് ഒരു ബിൽഡിംഗ് ഒഴികെ ബാക്കിയെല്ലാം തുറന്നിട്ട നിലയിലായിരുന്നല്ലോ ഹൈ സ്ക്കൂൾ - എഡിറ്റോറിയൽ ബോർഡ് ചേർന്നു. സൃഷ്ടികൾ വായിച്ചു വിലയിരുത്തി.  പേജ് നിറയില്ലെന്ന് വന്നപ്പോൾ അൻവറും അഫ്സലും പിന്നെ ഞാനും പല പേരുകളിൽ സൃഷ്ടി നടത്തി. ഉച്ചയായപ്പോഴേക്കും കാര്യങ്ങൾക്ക്‌ ഏകദേശം തീരുമാനമായി. എഴുതി വച്ച കടലാസുകളും തപാലിൽ വന്ന ഉരുപ്പടികളും ഒക്കെ പൊതിഞ്ഞെടുത്ത് അൻവർ കോഴിക്കോട്ടേക്ക് പോയി. 

കാത്തിരിപ്പിൻ്റെ നാളുകൾ വീണ്ടും.  നീണ്ട ഇടവേള കഴിഞ്ഞ് ഒരു രാത്രി അൻവർ  കയ്യിലൊരു കെട്ടുമായി വീട്ടിലേക്ക് കയറി വന്നു. 

കെട്ട് മേശപ്പുറത്തു വച്ച് അവൻ പൊട്ടിച്ചിരിച്ചു. ഞാൻ പൊതിയഴിച്ചു. 'നാവി' ൻ്റെ ആദ്യ ലക്കം.  ഇരുന്നൂറ് കോപ്പികൾ ! കറുപ്പിലും വെളുപ്പിലുമുള്ള കവർ പേജിന് കുറുകെ ഒലിവിലയും ചുണ്ടിൽ പേറി ഒരു വള്ളരിപ്രാവ് പറന്നു. 'നാവ്' പിറന്നിരിക്കുന്നു.  അൻവർ ഇടക്കിടെ ചിരിച്ചുകൊണ്ടിരുന്നു. ഞാനും സന്തോഷം കൊണ്ട് നിൽക്കക്കളിയില്ലാത്ത അവസ്ഥയിലായി. അച്ചടിമഷിയുടേയും പുത്തൻ കടലാസിൻ്റെയും മണം. പുതിയ പുസ്തകം തുറക്കുമ്പോഴുള്ള മണമെന്നത് പറഞ്ഞു പറഞ്ഞു തേഞ്ഞു പോയ ഗൃഹാതുരത്വ ബിംബമാണ്. പക്ഷെ ഈ മണം അധികമാരും അനുഭവിച്ചിരിക്കാനിടയില്ലാത്തതാണ്. സ്വന്തം പുസ്തകത്തിൻ്റെ മണം.

ആദ്യ കോപ്പി ഞങ്ങളുടെ ആജീവനാന്ത വരിക്കാരിലൊരാളായ അച്ഛനെ ഏൽപ്പിച്ചു. "ഇത് ഇങ്ങനെ ആക്കിയെടുക്കാൻ ഇങ്ങള് കൊറേ പണിയെട്ത്ത്, ല്ലേ?" അച്ഛൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അതു വരെ അച്ഛനുണ്ടായിരുന്ന പരിഭവമെല്ലാം മാറിയിരിക്കുന്നു.

" ഇനി ഇതെല്ലാം വിറ്റ് തീർക്കണം'' അൻവർ പറഞ്ഞു. "നാളെത്തന്നെ തുടങ്ങിയേക്കാം " എനിക്കും സമ്മതം. 

പേരാമ്പ്ര കോളേജിൽ കാലിക്കറ്റ് സർവകലാശാലയുടെ ബി സോൺ കലോത്സവം നടക്കുന്നു. യുവതയുടെ ആഘോഷം. അവിടെ ചെന്നാൽ സമാനമനസ്കരായ പലരേയും കാണാനാകുമെന്നും മുഴുവൻ കോപ്പികളും അവിടെത്തന്നെ തീർക്കാൻ കഴിയുമെന്നും ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ടായിരുന്നു .

പിറ്റേന്ന് കാലത്ത് വാർഷിക, ആജീവനാന്ത വരിക്കാർക്കും, സഹലിറ്റിൽ മാസികകൾക്കും, എഴുത്തുകാർക്കും അയക്കാനുള്ള പ്രതികൾ റാപ്പു ചെയ്ത് പേരാമ്പ്ര പോകുന്ന വഴി പോസ് റ്റോഫീസിൽ കേറി ബുക്ക് പോസ്റ്ററായി അയച്ചു. കുഞ്ഞുമോൻ സാറിനും പോസ്റ്റ്മാനും ഓരോ കോപ്പികൾ സമ്മാനിച്ചു. അവർക്ക് ബഹുസന്തോഷം.

പേരാമ്പ്ര സി.കെ.ജി കോളേജ് ഒരു ഉത്സവപ്പറമ്പായിരുന്നു. ഒരു പാട് വേദികളിൽ പരിപാടികൾ. ചിരിച്ചും കളിച്ചും ഉത്കണ്ഠപ്പെട്ടും നടക്കുന്ന യുവാക്കൾ. വിവിധ വേഷഭൂഷകൾ. ഒരു ക്ലാസുമുറിയിൽ മൃദംഗ വാദന മത്സരമെങ്കിൽ പ്രധാന വേദിയിൽ പാശ്ചാത്യ സംഗീത മത്സരം. വേറൊരിടത്ത്‌ നാടോടി നൃത്തം. പിന്നൊരിടത്ത്‌ മോഹിനിയാട്ടം. പ്രതിഭയുടെ മായാ വിലാസം. 

ഞങ്ങൾ 'നാവും' നീട്ടിപ്പിടിച്ച് വഴിയോരത്ത് നിന്നു. നിരവധി പേർ വന്നു പോകുന്നു. ഒന്നു രണ്ടു പേർ വാങ്ങി കണ്ണോടിച്ച് തിരിച്ചു തന്നു. കുറേപ്പേർ ഞങ്ങളെ കാണുമ്പോഴേ വഴി മാറിപ്പോയി. മറ്റ് സുന്ദരികളും സുന്ദരൻമാരുമാവട്ടെ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ ഗൗരവ സംഭാഷണങ്ങളിൽ മുഴുകി ഞങ്ങളെ കടന്നു പോയി. സാഹിത്യത്തിലെ പുരോഗമന പ്രവണതകളോട് യുവതലമുറക്ക് ഇത്രയും അവഗണനയോ? നിരാശ പതുക്കെ അരിച്ചു കയറി.  "എടാ ഇതൊക്കെ പിള്ളാരല്ലേ! അയിറ്റിങ്ങക്ക് എന്തറിയാം... മ്മക്ക് മാഷമ്മാരെ കാണാം..." ഞാൻ പറഞ്ഞു. പോക്കറ്റിനു മേൽ ബാഡ്ജുമണിഞ്ഞ് സഗൗരവം വിരാജിച്ചിരുന്ന ചില അദ്ധ്യാപകരെ ഞങ്ങൾ സമീപിച്ചു. എല്ലാരും നാവിൻ്റെ കോപ്പി വാങ്ങി നോക്കി. "ഫ്രീയാണോ?"ചിലർ ചോദിച്ചു. ഒരു രൂപ വിലയുണ്ടെന്ന് കേട്ടതോടെ എല്ലാവരും മാസിക തിരികെ ത്തന്നു; നീണ്ടിടതൂർന്ന താടിയുള്ള, നന്നായി വെറ്റില മുറുക്കി ചുവപ്പിച്ച ഒരു സാറൊഴികെ.

ഞങ്ങൾ പുറത്തേക്ക് നടന്നപ്പോൾ അദ്ദേഹവും ഞങ്ങൾക്കൊപ്പം കൂടി . പരിപാടി നടക്കുന്നിടത്തു നിന്ന് ഇച്ചിരി മാറിയാണ് കാൻ്റീൻ. ഞങ്ങളോടൊപ്പം അദ്ദേഹവും കാൻ്റീനിലേക്ക് വന്നു. വായ കഴുകി നീട്ടിത്തുപ്പി ഞങ്ങളിരുന്ന ബഞ്ചിൽ വന്നിരുന്നു. തുടർന്ന് അതി ദീർഘമായ ഒരു പ്രഭാഷണമായിരുന്നു. ഒരു ലിറ്റിൽ മാസിക എങ്ങനെ ആയിരിക്കണമെന്നും, ഞങ്ങളുടെ നാവിൻ്റെ കുറവുകൾ എന്തൊക്കെയാണെന്നും ഒരു മുഖ്യധാരാ എഴുത്തുകാരനായ അക്ബർ കക്കട്ടിലിനെക്കൊണ്ട് എഴുതിക്കരുതായിരുന്നെന്നും ഈ ലക്കം വിറ്റുപോകാൻ വലിയ വിഷമമായിരിക്കുമെന്നും ഇനിയൊരു ലക്കം അച്ചടിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും .... അങ്ങനെ നീണ്ടു പോയി. പ്രഭാഷണം കഴിയുമ്പോഴേക്കും അദ്ദേഹത്തിൻ്റെ കയ്യിലിരുന്ന നാവ് പപ്പടം പൊടിയും പോലെ പൊടിഞ്ഞു പോയിരുന്നു. 

വീണ്ടും ഒരുപാടു നേരം ആ ഉത്സവപ്പറമ്പിൽ അലഞ്ഞു. അവിടെയുള്ളവരാരും ഞങ്ങൾക്ക് സമാനമനസ്കരല്ലെന്നറിഞ്ഞു. ഉച്ചതിരിഞ്ഞപ്പോൾ വീണ്ടും താടിക്കാരൻ സാറിൻ്റെ മുമ്പിൽ ചെന്നുപെട്ടു. നാവ് പൊതിഞ്ഞ് കക്ഷത്തിൽ വച്ച് കുന്ന് ഓടിയിറങ്ങി ഞങ്ങൾ കുറ്റ്യാടി ബസ്സ് പിടിച്ചു.

പിറ്റേന്ന് കാലത്തു തന്നെ ചെറിയ കുമ്പളത്തും കുറ്റ്യാടിയിലുമുള്ള സഹൃദയരെ തേടി ഞങ്ങളിറങ്ങി. കുറച്ചു കോപ്പികൾ ചെലവായി. ചെറിയകുമ്പളം സ്ക്കൂളിനും, കുറ്റ്യാടി എം.ഐ യുപി സ്ക്കൂളിനും ഓരോ പ്രതികൾ സംഭാവനയായി നൽകി. 

കുറ്റ്യാടി പഞ്ചായത്ത് വായനശാല അന്ന് ബസ്സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിനു മുകളിലത്തെ മുറിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇടനാഴിയിലിട്ട ബഞ്ചിലിരുന്ന് ആളുകൾക്ക് പത്രമാസികകൾ വായിക്കാം. വലതു വശത്തെ മുറിയിൽ ലൈബ്രറി . ഞങ്ങൾ കയറിച്ചെല്ലുമ്പോൾ ലൈബ്രേറിയൻ ലൈബ്രറി തുറക്കാനായി വരികയാണ്. ഞങ്ങൾ നാവിൻ്റെ രണ്ട് പ്രതികൾ അദ്ദേഹത്തെ ഏൽപ്പിച്ചു. ഒരെണ്ണം ലൈബ്രറിയിലേക്കും മറ്റൊന്ന് ആളുകൾക്ക് വായിക്കാനും. മാസികയിൽ നിന്ന് കണ്ണെടുത്ത്  ലൈബ്രേറിയൻ ഞങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കി. മുഖം ദേഷ്യം കൊണ്ട് ചുവന്നു. "ഓ... അപ്പം അത് ഇങ്ങളായിനി, അല്ലേ?" "ഏത്?" ഞങ്ങൾ ഒറ്റ സ്വരത്തിൽ ചോദിച്ചു. "പഞ്ചായത്തിൻ്റെ ചുമരിൽ പോസ്റ്റർ ഒട്ടിച്ചത് ?" പഞ്ചായത്തിൻ്റെ ശമ്പളക്കാരനായ ലൈബ്രേറിയൻ കോപത്താൽ വിറക്കുന്ന ശബ്ദത്തിൽ ചോദിച്ചു. വെൺമയാർന്ന ചുമരിൽ പതിഞ്ഞ പോസ്ററർ കളങ്കം മനസ്സിൽ പൊന്തി വന്നു. ഞങ്ങൾ ഞെട്ടി. സർവശക്തനായ സർക്കാരിതാ തൊട്ടു മുന്നിൽ കോപം കൊണ്ട് വിറച്ചു നിൽക്കുന്നു. ജീവനും കൊണ്ട് രക്ഷപ്പെടുകയല്ലാതെ ഞങ്ങൾക്ക് പേറെ വഴിയുണ്ടായിരുന്നില്ല. 

നാവിൻ്റെ ഒന്നാം ലക്കത്തിൻ്റെ എത്രകോപ്പികൾ വിറ്റുപോയെന്ന് ഓർമ്മയില്ല. ഒടുക്കം കുറേയെണ്ണം പലർക്കും വെറുതെ കൊടുക്കുകയായിരുന്നു. 

രണ്ടാം ലക്കം ഒരുപാട് മാസങ്ങളുടെ ഇടവേളക്ക് ശേഷമാണിറങ്ങിയത്. അപ്പോഴേക്കും കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ഒന്നാം ലക്കത്തിനെക്കുറിച്ചുള്ള പ്രതികരണങ്ങളും രണ്ടാം ലക്കത്തിലേക്കുള്ള സൃഷ്ടികളും വന്നു കൊണ്ടിരുന്നു. രണ്ടാം ലക്കത്തിലേക്ക് കൂടുതലൊന്നും ഞങ്ങൾ സ്വന്തമായി എഴുതിച്ചേർക്കേണ്ടി വന്നില്ല. ഇതുകൂടാതെ, കേരളത്തിൽ അന്ന് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു പാട് ലിറ്റിൽ മാസികകൾ അവരുടെ ലക്കങ്ങൾ ഞങ്ങൾക്ക് അയച്ചു തരാനും തുടങ്ങി.

വടകര ചോറോടുള്ള ഒരു പ്രസ്സിലാണ് രണ്ടാം ലക്കം അച്ചടിച്ചത്. വെള്ള കവർ പേജിൽ കറുത്ത മഷിയിൽ ഒരു രേഖാചിത്രം. ഒന്നാം ലക്കത്തേക്കാൾ ഭംഗിയുണ്ടായിരുന്നു രണ്ടാമത്തേതിന്. 

രണ്ടാം ലക്കത്തിൻ്റെ വിതരണം തുടങ്ങുന്നതിനു മുമ്പുതന്നെ ഞാൻ ഭാഗികമായി മാഹിയിലേക്ക് പറിച്ചു നടപ്പെട്ടിരുന്നു. ഇന്നും തുടരുന്ന പ്രവാസത്തിൻ്റെ ആരംഭം. 

ഒരുപാടദ്ധ്വാനിച്ചും, വേദനിച്ചും, സ്വപ്നം കണ്ടും യാഥാർത്ഥ്യമായ നാവിന് മൂന്നാമതൊരു ലക്കം ഉണ്ടായില്ല.  

കാലം വേഗംവേഗമുരുണ്ടു പോകുന്നു. ചിലത് തെളിയുകയും കുറേയെല്ലാം മായുകയും ചെയ്യുന്നു. ആർക്കും തടുക്കാനാവാത്ത ആ ചക്ര ഗതിയിൽ മാഞ്ഞു പോയതാണ് ഞങ്ങളുടെ നാവെന്ന സ്വപ്നം. ആ മോഹന കാലം അയവിറക്കാൻ ഒരു കോപ്പി പോലും അവശേഷിപ്പിക്കാതെ..

തുടർച്ചയില്ല... .

നാവ് - 6

നാവ് - 6

വേറൊരു വലിയ പ്രശ്നം അന്ന് ആ മഴയത്തെ കട്ടൻ ചായ കുടിക്കിടയിൽ പൊങ്ങി വന്നു. അക്ബർ മാഷിന് കൊടുത്ത വിലാസം ''നാവ്, പാലേരി പോസ്റ്റ്, കുറ്റ്യാടി " എന്നാണ്. മാഷ് ഇന്നോ നാളയോ വല്ലതും എഴുതി അയച്ചാൽ അത് തിരിച്ചു പോകാനാണ് സാധ്യത. നാവെന്ന പേരിൽ അതിമഹത്തായ ഒരാശയം തങ്ങളുടെ സേവന പരിധിക്കകത്ത് ഉത്ഭൂതമായ കാര്യം തപാൽ അധികാരികൾ അറിഞ്ഞിരിക്കാൻ ഒരു സാധ്യതയുമില്ല.

പാറക്കടവത്താണ് പാലേരി പോസ്റ്റ് ഓഫീസ്. ജവാൻ കുഞ്ഞുമോൻ സാറാണ് പോസ്റ്റ് മാസ്റ്റർ. ഉച്ച വരയേ പോസ്റ്റോഫീസ് പ്രവർത്തിക്കുകയുള്ളൂ.  പതിനൊന്ന് മണിയോടെ കുറ്റ്യാടി പോസ്റ്റോഫീസിൽ നിന്ന് സബ് ഓഫീസായ പാലേരിയിലേക്ക്  മെലിഞ്ഞ് മുന്നോട്ടൽപ്പം വളഞ്ഞ ഒരാൾ വലിയൊരു കാൻവാസ് ബാഗുമായി നടന്നു വരും. പഴയ അഞ്ചലോട്ടക്കാരൻ്റെ മുഖമായിരുന്നു അയാൾക്ക്.  അനേകം കീശക്കളുള്ള കാക്കിക്കുപ്പായവും മടക്കിക്കുത്തിയ മുണ്ടുമായിരുന്നു വേഷം. ചെരിപ്പിടാറില്ല.  കാൻവാസ് ബാഗ് പോസ്റ്റോഫീസിൽ ഏൽപ്പിച്ച് ,   വന്ന അതേ വേഗത്തിൽ തിരികെ പ്പോകും. 

കാൻവാസ് ബാഗ് തുറന്ന് അതിനകത്തുള്ള തുകൽ സഞ്ചിയിൽ നിന്ന് പണവും മണിയോഡറുകളും റെജിസ്സ്റ്റേർഡ് ഉരുപ്പടികളും പോസ്റ്റ് മാസ്റ്റർ തൻ്റെ പക്കലേക്ക് നീക്കിവെക്കും. പിന്നെ അവയുടെ നമ്പറുകളും മറ്റു വിവരങ്ങളും ഒരു റജിസ്റ്ററിൽ എഴുതുകയായി. കത്തുകളും മറ്റും കുഞ്ഞിക്കണ്ണൻ എന്നു പേരായ ഞങ്ങളുടെ പോസ്റ്റുമാൻ തപാൽ മുദ്ര പതിക്കാനായി എടുത്തു വെക്കും. പണിയും തൊരവും ഇല്ലാതിരുന്ന കാലത്ത് സ്ഥിരമായി പോസ്റ്റാഫീസിനു മുമ്പിൽ ഹാജരാകുമായിരുന്നു, ഞാൻ. പോസ്റ്റാഫീസിനു മുകളിലാണ് വായനശാല. അവിടെയിരുന്ന് കുറച്ചു നേരം പത്രവും മാസികകളും മറിച്ചു നോക്കും. "അഞ്ചലോട്ടക്കാരൻ്റെ" തല കണ്ടാൽ താഴേക്കിറങ്ങി പോസ്റ്റോഫീസിൽ നടക്കുന്ന അത്ഭുത കൃത്യങ്ങളിൽ മുഴുകി നിൽക്കും.  തപാൽ മുദ്ര പതിച്ചു കഴിഞ്ഞ് തപാലാപ്പീസിൻ്റ മുന്നിൽ നിൽക്കുന്നയാളുകൾക്ക് പേരു വിളിച്ച് കുഞ്ഞിക്കണ്ണൻ കത്തുകൾ കൈമാറും. അച്ഛൻ്റെ പേരിൽ വരുന്ന കത്തുകൾ എനിക്ക് തരും. മാസത്തിലൊരിക്കൽ എൻ്റെ പേർക്കും ഉണ്ടാവും ചില കത്തുകൾ.  ബാക്കി വരുന്ന കത്തുകൾ നീലനിറമുള്ള പ്ലാസ്റ്റിക്ക് ഫോൾഡറിൽ പൊതിഞ്ഞ്, കുഞ്ഞിക്കണ്ണൻ, വിതരണത്തിനായി തയ്യാറാകും.

ഒരു കുടക്കിൽ മഴ നനഞ്ഞ് ഞങ്ങൾ കുഞ്ഞുമോൻ സാറിൻ്റെ വീട്ടിലേക്ക് ചെന്നു. ഓഫീസിൽ നിന്ന് വന്ന് ഭക്ഷണം കഴിച്ച് ഉമ്മറത്തിരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ വലിയ കുരുത്തക്കേടുകളൊന്നും ഒപ്പിക്കാത്തവരായിരുന്നതിനാൽ അദ്ദേഹത്തിനും ഭാര്യ സാറാത്താക്കും ഞങ്ങളോട് വാത്സല്യമായിരുന്നു. ഞങ്ങൾ ചെന്ന കാര്യം മുഖവുരയില്ലാതെ അവതരിപ്പിച്ചു. ചിരിച്ചുകൊണ്ട്, എന്നാൽ ഇത്തിരി ഗൗരവമായി അദ്ദേഹം പറഞ്ഞു. "വല്യ ബുദ്ധിമുട്ടാണ്. ഇല്ലാത്ത ഒരു വിലാസത്തിൽ എങ്ങനെയാ തപാൽ ഉരുപ്പടികൾ കൊടുക്കുക ?" കുറേ നേരം ആലോചിച്ചിട്ട് തുടർന്നു. "ഒരു കത്തെഴുതി നാളെ പോസ്റ്റാഫീസിലേക്ക് കൊണ്ടു വാ ..."

പിറ്റേന്ന് കാലത്തു തന്നെ താഴെ കാണും പ്രകാരം ഒരു കത്തെഴുതി പോസ്റ്റ് മാഷെ ഏൽപ്പിച്ച് ഞങ്ങൾ വടകരക്ക് ബസ്സ് കയറി.

" ബഹുമാനപ്പെട്ട പാലേരി പോസ്റ്റ് മാസ്റ്റർ അവറുകൾക്ക്. 

ഞങ്ങൾ നാവ് എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച വിവരം ഇതിനിടെ താങ്കൾ അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത മാസികയുടെ പ്രവർത്തനങ്ങൾക്കായി ഒരു ഓഫീസ് ഇതുവരെ കണ്ടു പിടിക്കാനായിട്ടില്ല. മാസികയുടെ പ്രവർത്തനങ്ങളാകട്ടെ തുടങ്ങുകയും ചെയ്തു. സാഹിത്യ സൃഷ്ടികളായും, വരിസംഖ്യയായും, മറ്റ് എഴുത്ത് കുത്തുകളായും ധാരാളം തപാൽ ഉരുപ്പടികൾ മാസികയിലേക്ക് ഉടൻ തന്നെ വരേണ്ടതുണ്ട്. 

മാസികക്ക് സ്ഥിരമായി ഒരു ഓഫീസ് ഉണ്ടാകും വരെ, നാവ്, പാലേരി പോസ്റ്റ്, കുറ്റ്യാടി എന്ന വിലാസത്തിലേക്ക് വരുന്ന മുഴുവൻ തപാൽ ഉരുപ്പടികളും താഴെപ്പറയുന്ന വിലാസത്തിലേക്ക് എത്തിച്ചു തരാൻ സാദരം അഭ്യർത്ഥിക്കുന്നു. 

ഇതിനാൽ ഉണ്ടാകുന്ന എല്ലാ മാനഹാനികൾക്കും കഷ്ടനഷ്ടങ്ങൾക്കും താഴെപ്പറയുന്ന മേൽവിലാസക്കാരൻ മാത്രമായിരിക്കും ഉത്തരവാദി. "

കത്തിലെ മേൽവിലാസം എൻ്റെ വീടിൻ്റേതും കത്തിൻ്റെ അടിയിലെ ഒപ്പ് ഞാനിട്ടതും ആയിരുന്നു.

വടകരയിൽ ബസ്സിറങ്ങിയതും മഴ തിമിർത്തു പെയ്യാൻ തുടങ്ങി. ഒരു കുടയേ ഉള്ളൂ.  മഴ അൽപ്പമൊന്നയഞ്ഞപ്പോൾ ഞങ്ങൾ എടോടിയിലേക്ക് നടന്നു. അവിടെയാണ് ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ക്ലിനിക്ക്. 

ഞങ്ങൾ ക്ലിനിക്കിലേക്ക് കയറിയതും മഴക്ക് വീണ്ടും ശക്തി കൂടി. ഡോക്ടറെ കാണണമെന്നും, ചികിത്സക്കല്ല, സാഹിത്യകാര്യത്തിനാണെന്നും അവിടെ കണ്ട ഒരു നേഴ്സിനോട് പറഞ്ഞ് വരാന്തയിലിട്ട ഒരു ബെഞ്ചിൽ ഞങ്ങൾ ഇരിപ്പായി. മഴവെള്ളം കനത്ത കാറ്റോടൊപ്പം അടിച്ച് കയറുന്നുണ്ട്. ഒതുങ്ങിയിരിക്കാൻ വേറെ ഇടമൊന്നും കാണാനില്ല. ഡോക്ടർ ഞങ്ങളെ വിളിക്കുന്നുമില്ല. ഒന്നു രണ്ടു തവണ നേഴ്സിനെ ഓർമ്മിപ്പിച്ചു. കാര്യമുണ്ടായില്ല. കാര്യമായി രോഗികളേയും കാണാനില്ല.

ഒന്നൊന്നര മണിക്കൂർ കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു. ആദ്യമായി കാണുകയാണ്. വെളുത്ത് തുടുത്ത സുന്ദരൻ. കട്ടി മീശ . സ്വർണ്ണക്കണ്ണട. തല ചെരിച്ച് ഞങ്ങളെ നോക്കി. "മഴ പെയ്തിട്ട് കാരി നിന്നതാ ?" ഞങ്ങളോട് ചോദിച്ചു. ഞങ്ങൾ അന്തിച്ചു പോയി. മഹാനായ സാഹിത്യകാരനെ തിരഞ്ഞെത്തിയ മാധ്യമ പ്രവർത്തകരെ അദ്ദേഹം തിരിച്ചറിഞ്ഞില്ലല്ലോ! അന്നേരം കരുണാമയിയായ നേഴ്സ് പ്രത്യക്ഷയായി. "ഡോക്ടറെ കാണാൻ കൊറേ നേരായി കാത്തിരിക്ക്ന്ന് " അവർ പറഞ്ഞു. "അതേ യോ? വാ!! " അദ്ദേഹം ഞങ്ങളെ ഉള്ളിലേക്ക് വിളിച്ചു.

"കുപ്പായമില്ലാത്ത കഥാപാത്രങ്ങ " ളിൽ ഒരു യുവസാഹിത്യകാരൻ തന്നെക്കാണാൻ വന്ന  കഥ ഡോക്ടർ പറയുന്നുണ്ട്. പഴുതാരയും പാമ്പു പോലും ഉണ്ടാകാൻ സാധ്യതയുള്ള തോൾസഞ്ചിയിൽ നിന്ന് കഞ്ചാവ് ബീഡിയെടുത്ത് വലിച്ചത്... ഡോക്ടറുടെ മുറിയിലേക്ക് നടക്കുമ്പോൾ ഞാനതോർത്ത് ഉള്ളിൽ ചിരിച്ചു.

"എന്താ മക്കളേ വന്നത്?" ഡോക്ടർ ചോദിച്ചു. ഞങ്ങൾ കഥ മുഴുവൻ പറഞ്ഞു. "വേറെ ആരൊക്കെ എഴുതുന്നുണ്ട് ?" ഡോക്ടർ ചോദിച്ചു. " അക്ബർ കക്കട്ടിൽ ഉറപ്പായിട്ടും എഴുതിത്തരാമെന്ന് പറഞ്ഞിട്ടുണ്ട് .. " സത്യസന്ധമായ ഞങ്ങളുടെ മറുപടി കേട്ടതും പുനത്തിൽ ഉറക്കെ പൊട്ടിച്ചിരിച്ചു. "ഓൻ പറഞ്ഞേച്ചതാ ഇങ്ങളെ എൻ്റട്ക്കലേക്ക്, ല്ലേ?" ചിരി കുറച്ചു നേരം തുടർന്നു. ചിരി ഒന്നടങ്ങിയപ്പോൾ ഞങ്ങൾ പറഞ്ഞു. "ഇവിടെ വന്ന് കാണാൻ സത്യായിട്ടും മാഷ് പറഞ്ഞിട്ടില്ല. മാധവിയമ്മേന കാണാൻ മാത്രാ പറഞ്ഞത്..." വീണ്ടും ചിരി.  എലിയെ കളിപ്പിക്കുന്ന ഒരു പൂച്ച ഭാവം ആ മുഖത്ത് മിന്നുന്നുണ്ടോ? "എന്നിറ്റ്  മാധവിയമ്മേന കണ്ടോ?" ചോദ്യം. "ഇല്ല... ഇബ്ട്ന്ന് ആട് ത്തേക്കാ പോന്നത് " ഞങ്ങൾ പറഞ്ഞു.

പുനത്തിലിൻ്റെ മുഖം ഗൗരവപൂർണ്ണമായി. "സത്യം പറഞ്ഞാൽ ഞാൻ എഴുത്തിൻ്റെ ഒരു ചെറിയ ഇടവേളയിലാണ്. ക്ലിനിക്ക് ഇവ് ട്ന്ന് മാറ്വാണ്, പുതിയ ബസ്റ്റാൻ്റിൻ്റ ട്ത്തേക്ക്. അതിൻ്റെയൊക്കെ തെരക്ക്ണ്ട്. നോക്കട്ടെ... ഒരു ചെറു കുറിപ്പ് എഴുതി അയക്കാം ... " ഞങ്ങൾ തൃപ്തിയോടെ നന്ദി പറഞ്ഞ് പുറത്തിറങ്ങി. 

അക്കാലത്ത് മറ്റൊരു പ്രശസ്ത സാഹിത്യകാരൻ  വടകരയിൽ ജീവിച്ചിരുന്നു. അദ്ദേഹത്തെ കൂടിക്കാണണം. എന്തെങ്കിലും എഴുതിത്തരാൻ പറയണം. അദ്ദേഹം അദ്ധ്യാപകനായിട്ടുള്ള പാരലൽ കോളേജും എടോടിക്ക് സമീപമായിരുന്നു. അവിടെ ചെന്നു കയറുമ്പോൾ, അസ്വസ്ഥനായിട്ടെന്ന പോലെ ഉത്തരത്തിലേക്ക് മിഴിനട്ട് താടി തടവി അദ്ദേഹം സ്റ്റാഫ് റൂമിൽ ഒറ്റക്കിരിക്കുകയായിരുന്നു. മലയാള ചെറുകഥാ സാഹിത്യത്തിൻ്റെ ഉത്തരാധുനിക ശബ്ദങ്ങളിലൊന്നിൻ്റെ ഉടമ. അല്പനേരം സ്റ്റാഫ് റൂമിന് പുറത്തു നിന്ന ഞങ്ങൾക്ക് അകത്തേക്ക് ചെല്ലാൻ അനുജ്ഞ കിട്ടി. സുന്ദരൻ. മുടിയല്പം നീട്ടി വളർത്തിയിരിക്കുന്നു. കഴുത്തിൽ രുദ്രാക്ഷം. 

ഞങ്ങളുടെ കാര്യം അലസമായി കേട്ടു കഴിഞ്ഞ് ലിറ്റിൽ മാസികകൾ മലയാള സാഹിത്യത്തിനുണ്ടാക്കുന്ന അപചയത്തെക്കുറിച്ച് സുദീർഘമായ ഒരു പ്രഭാഷണം നടത്തി. തുടർന്ന്, താൻ ലിറ്റിൽ മാസികകളിൽ എഴുതാറില്ലെന്നും  അതിനാൽ തന്നെ ഞങ്ങൾക്ക് ഒന്നും എഴുതിത്തരില്ലെന്നും സംശയലേശമെന്യേ പ്രസ്താവിച്ചു. ഞങ്ങൾ നിരാശയോടെ ആ സമാന്തര വിദ്യാലയത്തിൻ്റെ പടികളിറങ്ങി. സമാന്തര ചെറു മാസികകൾ സാഹിത്യത്തിന് കോട്ടമുണ്ടാക്കുന്നതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. ഞങ്ങൾ ഒരു പാട് ചിരിച്ച വൈകുന്നേരമായിരുന്നു അത്.

മാധവിയമ്മയെ കാണാൻ അന്നും കഴിഞ്ഞില്ല. പിന്നീട് ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം മദ്യ വ്യാപാരിക്ക് കണക്കെഴുതിക്കൊടുക്കുന്ന ജോലിയുടെ ഇടവേളയിലെപ്പോഴോ,   ആ കവയത്രിയുമായി ഒരു അഭിമുഖം തയ്യാറാക്കാനായി കെ.ടി. സൂപ്പി മാഷിന്  Kt Soopy  കൂട്ടുപോകാൻ ഭാഗ്യമുണ്ടായി. അൻവറും ഉണ്ടായിരുന്നു. ഇൻറർവ്യൂ റിക്കോഡ് ചെയ്തത് അവനാണ്. ഒരു മഹാപ്രതിഭയെ നേരിട്ടു കണ്ട സുദിനമായിരുന്നു അത്. രോഗശയ്യയിലായിരുന്നിട്ടും പ്രായാധിക്യമുണ്ടായിരുന്നിട്ടും  ആ അമ്മയന്ന് ഒരുപാടു നേരം സംസാരിച്ചു. തെളിഞ്ഞ ശബ്ദത്തിൽ കവിതകൾ ചൊല്ലി. കേട്ടിട്ടില്ലാത്ത നാടൻ പാട്ടുകളും വടക്കൻ പാട്ടുകളും പാടി.

ഒരാഴ്ച കഴിഞ്ഞു. നാവ്‌, പാലേരി പോസ്റ്റ്, കുറ്റ്യാടി എന്ന വിലാസത്തിൽ നീല മഷിയിൽ മനോഹരമായ കൈപ്പടയിൽ കുനുകുനാ എഴുതി നിറച്ച ഒരു പോസ്റ്റ് കാർഡ് കിട്ടി. ഞങ്ങളുടെ പ്രസിദ്ധീകരണത്തിലേക്ക് ആദ്യമായി വന്ന സാഹിത്യ സൃഷ്ടി. അക്ബർ കക്കട്ടിലിൻ്റെ അനുഗ്രഹം.

....തീരുന്നില്ല.

നാവ് 5

നാവ് 5

ഒമ്പത് മണിയായി രാവിലെ എണീറ്റപ്പോൾ. അച്ഛൻ്റെ മുഖം കറുത്തിരുന്നു. രാത്രി മുഴുവൻ ഉറങ്ങാതിരുന്നതും പുലർച്ചെ എപ്പോഴോ പുറത്തേക്ക് പോയതും രാവിലെ വന്നുകിടന്നതും അച്ഛൻ അറിഞ്ഞിരിക്കുന്നു. മഴയിലേക്കാണുണർന്നത്. തിരിമുറിയാതെ തിമർത്ത് പെയ്യുകയാണ് മഴ. ഓണം കഴിഞ്ഞിരുന്നു. ഇത്ര നാളും ഓണ വെയിൽ തത്തിക്കളിച്ച മുറ്റത്ത് മഴവെള്ളം കുത്തിയൊഴുകുന്നു. പറമ്പിലാകെ വെള്ളം കെട്ടിക്കിടക്കുന്നു. അൻവർ കാത്തിരിക്കുന്നുണ്ടാവും. വേഗം തന്നെ കുളിച്ച്  ചായ കുടിച്ച് പുറപ്പെട്ടു. "എങ്ങോട്ടാ?" എന്ന അച്ഛൻ്റെ അരിശം നിറഞ്ഞ ചോദ്യത്തിന് കൃത്യമായ മറുപടിയൊന്നും കൊടുത്തില്ല.

വഴിയാകെ മഴവെള്ളം കുത്തിയൊഴുകുന്നു. ചുറ്റും മഴയുടെ ശബ്ദം. വെള്ളം തട്ടിത്തെറിപ്പിച്ചും മഴയുടെ പാട്ടിനോട് മത്സരിച്ച് ഉറക്കെയുറക്കെ പാട്ടു പാടിയും അൻവറിൻ്റെ വീട്ടിലെത്തി. പൂമുഖത്ത് ആരെയും കാണാനില്ല. ഇച്ചിരി കഴിഞ്ഞപ്പോൾ ഉമ്മ പുറത്തുവന്നു. "ഓൻ നല്ല ഒറക്കാ..." എന്നെ കണ്ടതും ഉമ്മ പറഞ്ഞു. എനിക്ക് വന്ന അരിശത്തിന് കയ്യും കണക്കുമില്ല. എന്നോട് ഉറങ്ങിപ്പോകരുതെന്ന് ശട്ടം കെട്ടിയ ആളാണ്. "ഇഞ്ഞി ചായ കുടിച്ചതാ?" ഉമ്മ ചോദിച്ചു. അതെ എന്ന് തലയാട്ടിയ എന്നോട് "ഞാൻ ഓനെ വിളിക്കട്ടെ " എന്ന് പറഞ്ഞ് ഉമ്മ അകത്തേക്ക് പോയി. "അമ്പറേ... അമ്പറേ... " എന്ന് കുറേ ഉരു ഉമ്മ വിളിക്കുന്നത് കേട്ടു. മറുപടിയൊന്നുമുണ്ടായില്ല.

ഉമ്മ കൊണ്ടു വച്ച ചൂടുള്ള ചായ ഊതിയൂതിക്കുടിച്ച് മഴയത്തേക്ക് തുറിച്ചു നോക്കി ഞാനിരുന്നു. അൻവറിൻ്റെ വീടുനു മുന്നിലൂടെയാണ് കുറ്റ്യാടി നിന്ന് കോഴിക്കോടേക്കുള്ള സ്റ്റേറ്റ് ഹൈവേ കടന്നു പോകുന്നത്. വെള്ളം തെറിപ്പിച്ചു കൊണ്ട് വാഹനങ്ങൾ പാഞ്ഞു പോകുന്നു. വലിയവണ്ടികൾ കടന്നു പോകുമ്പോൾ  വെള്ളം മുറ്റത്തേക്കും തെറിച്ചു വീഴുന്നുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോൾ അൻവറിൻ്റെ സഹോദരനും എൻ്റെ സഹപാഠിയുമായ ഫൈസൽ പുറത്തേക്കു വന്നു. ഉറക്കച്ചടവുണ്ട്.  ഞങ്ങൾ മഴയെപ്പറ്റിയും മറ്റും മറ്റും സൊറ പറച്ചിലിൽ മുഴുകി.. 

അന്നേരമൊരാൾ വീട്ടിൽ നിന്നിറങ്ങി കുടയും ചൂടി റോഡിലേക്കിറങ്ങി പോകുന്നത് കണ്ടു. മുണ്ട് മടക്കിക്കുത്തി കറുപ്പിൽ വിചിത്രങ്ങളായ വരകളുള്ള കുപ്പായമിട്ട്.... അൻവർ ! ഞാൻ കോലായിൽ ഇരിപ്പുണ്ടെന്ന ഒരു വിചാരവുമില്ല. ലോഹ്യമില്ല. അങ്ങാടിയിൽ കണ്ട പരിചയം പോലുമില്ല. ചില നേരത്ത് ഈ വിദ്വാൻ്റ പെരുമാറ്റം മനസ്സിലാക്കാൻ ഒട്ടൊന്നുമല്ല പണിപ്പെടേണ്ടി വരിക. 

ഞാൻ ഫൈസലിനോട് യാത്ര പോലും പറയാതെ കുട തുറന്ന് മഴയിലേക്കിറങ്ങി ഓടി ഒപ്പമെത്തി. എന്നെ ഒരുപാടു നേരം കാത്ത് നിർത്തിയതിൻ്റെ, കാണാത്ത ഭാവം നടിച്ചതിൻ്റെ ഒരു സങ്കോചവും അവനില്ല. പുലർകാലത്ത് ബാക്കിവച്ചിടത്തു നിന്ന് അദ്ദേഹം സംഭാഷണം പുനരാരംഭിച്ചു. "മ്മക്ക് നേരെ കക്കട്ടിലേക്ക് പോകാം. സാധിച്ചാൽ വേറെയും ഒന്നു രണ്ടാളെ ഇന്നുതന്നെ കാണണം... "

കുറ്റ്യാടി ബസ് സ്റ്റാൻ്റിൽ പുറപ്പെടാനോങ്ങി നിന്ന ഒരു ബസ്സിൽ ഓടിക്കയറി ഞങ്ങൾ കക്കട്ടിലേക്ക് പുറപ്പെട്ടു. ബസ്സിൽ തൂങ്ങി നിന്നുകൊണ്ട് കാത്തിരിപ്പുകെട്ടിടത്തിൻ്റെ ചുമരിലേക്ക് ഞാൻ പാളി നോക്കി. ഒരൊറ്റ പോസ്റ്ററും ഒട്ടിച്ചിടത്ത് കാണാനില്ല. എല്ലാം ചന്നം പിന്നം കീറിപ്പറിച്ച് താഴെയിട്ടിരിക്കുന്നു. തന്നെ ധിക്കരിച്ചതിന്, സർക്കാർ പല്ലും നഖവുമുപയോഗിച്ച് മറുപടി തന്നിരിക്കുന്നു. അൻവറിനെ തോണ്ടി വിളിച്ച് ഞാനത് കാണിച്ചു കൊടുത്തു. പാലം കുലുങ്ങിയാലും തെല്ലും കുലുങ്ങാത്ത ആ കേളന് ഭാവേഭേദം ഏതു മുണ്ടായില്ല. ഒരു രാത്രിയുടെ അദ്ധ്വാനം മുഴുവൻ പാഴായത് എന്നെ തെല്ലൊന്നുമല്ല ദു:ഖിപ്പിച്ചത്. നാവിനെപ്പറ്റിയുള്ള സന്ദേശം ആരും വായിച്ചിരിക്കാനിടയില്ല. 

മഴ ശമിച്ചിട്ടില്ല.  ബസ്സിൻ്റെ, പടുതയിട്ടു മറച്ച ജാലകത്തിലൂടെ ഇടക്കിടെ കാറ്റും ഒപ്പം വെളളവും ഉള്ളിലേക്ക് അടിച്ചു കയറുന്നുണ്ട്. കുറ്റ്യാടിയിൽ നിന്ന് കക്കട്ടിലെത്താൻ പത്ത് പതിനഞ്ച് മിനിട്ടു മതി. കക്കട്ടിലിറങ്ങി കൈവേലി റോഡിലൂടെ നടന്നു. രണ്ടു മുന്ന് വളവ് തിരിഞ്ഞാൽ വലതു വശത്തായി അക്ബർ മാഷിൻ്റെ വീട്. അക്കാലത്ത് മാഷ് വീട് പുതുക്കി പണിതിരുന്നില്ല. രണ്ടു നിലയുള്ള ഓടിട്ട വീടാണ്. മഴ ശമിച്ചിരുന്നു. ഞങ്ങൾ വരാന്തയിലേക്ക് കയറി. ആഗതരെക്കണ്ട് ആരോ വെളിയിലേക്ക് തലയിട്ടു നോക്കി. മാഷിൻ്റെ ധർമ്മപത്നിയായിരുന്നിരിക്കണം. ആരാന്ന് ചോദിച്ചതിന് " അൻവർ പാലേരി വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ മതി" എന്ന് ഗൗരവത്തിലുള്ള ഉത്തരം.

അല്പം കഴിഞ്ഞ് ഞങ്ങളെ മുകളിലത്തെ മുറിയിലേക്ക് വിളിച്ചു. നീളനൊരു മുറി. രണ്ടു വശത്തും ജാലകങ്ങളുണ്ടായിരുന്നെന്നാണോർമ്മ. ജീവിതത്തിലാദ്യമായി ഒരെഴുത്തുകാരൻ്റെ പണിപ്പുര കാണുകയാണ്. മാഷിരുന്ന് എഴുതിയിരുന്ന മേശയോട് തൊട്ട് ചുമരിൽ പതിച്ചു വച്ച മരത്തിൻ്റെ ഒരലമാര . പഴയ പല വീടുകളിലും ഉണ്ടായിരുന്ന പോലത്തെ ഒന്ന്. അതിൻ്റെ അടഞ്ഞ പാളികളിൽ സ്പോഞ്ച് ഷീറ്റ് മുറിച്ച് നിർമ്മിച്ച് ഒട്ടിച്ചു വച്ച ആനകൾ.  

മാഷിൻ്റെ മുഖത്ത് ഗൗരവം.  എന്തോ എഴുത്തുപണിയിലായിരുന്നെന്ന് തോന്നുന്നു. ഞങ്ങളുടെ കടന്നു കേറ്റം അദ്ദേഹത്തിൻ്റെ ശ്രദ്ധ തെറ്റിച്ചെന്നുറപ്പ്. കൂട്ടുകാരന് ഒട്ടും കൂസലില്ല. ഞാനാകട്ടെ ചൂളിച്ചുരുങ്ങി കസേരയുടെ അറ്റത്ത് ഇരുന്നു ഇരുന്നില്ല എന്ന മട്ടിൽ ... 

"എന്താൻവറേ?" മാഷ് ചോദിച്ചു. എന്നോട് ചിരിക്കുകയും ചെയ്തു. കുറ്റ്യാടി ഹൈസ്ക്കൂളിൽ കുറച്ചു നാൾ മാഷ് ജോലി ചെയ്തിരുന്നല്ലോ. ഞങ്ങളെ കുറച്ചു  ദിവസം മലയാളം പഠിപ്പിച്ചിട്ടുമുണ്ട്.

അൻവർ കാര്യമവതരിപ്പിച്ചു. ലിറ്റിൽ മാസികയാണ്. സൃഷ്ടി വേണം. കുറച്ച് സ്രഷ്ടാക്കളെ പരിചയപ്പെടുത്തുകയും വേണം. ഒന്ന് ചിരിച്ച്  മാഷ് പറഞ്ഞു.. "നിങ്ങൾ വന്നതല്ലേ! ഞാൻ എന്തായാലും എന്തെങ്കിലും എഴുതിത്തരാം. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല." അല്പം നിർത്തി തെല്ലാലോചിച്ച് മാഷ് പറഞ്ഞു. " വടകര പോന്നുണ്ടെങ്കിൽ കടത്തനാട്ട് മാധവിയമ്മേന കാണണം. അനുഗ്രഹം വാങ്ങണം... " ഞങ്ങൾ തലയാട്ടി.

" എന്നത്തേക്കാ പ്രസിദ്ധീകരിക്കാൻ വിചാരിക്കുന്നത്?" മാഷ് ചോദിച്ചു. ''എത്രയും പെട്ടെന്ന്. ഈ മാസം തന്നെ പണിയെല്ലാം തീർക്കണമെന്നാണ് വിചാരിക്കുന്നത് " 

"ഞാൻ അയക്കാം" 

നിങ്ങൾ പോവുകയല്ലേ എന്ന മട്ടിൽ ഞങ്ങളെ നോക്കി അക്ബർ മാഷ് പറഞ്ഞു. 

ഞങ്ങൾ, അപ്പോഴേക്കും ഉറച്ചു പെയ്തു തുടങ്ങിയിരുന്ന മഴയിലേക്കിറങ്ങി. അന്നത്തെ പര്യടനം തുടരാൻ ശക്തമായ മഴ അനുവദിച്ചുമില്ല.

....തീരുന്നില്ല

നാവ്‌ 4

നാവ്‌  4

ഒരു ദിവസം കോഴിക്കോട്ടു നിന്ന് ചെറിയ കുമ്പളത്ത് ബസ്സിറങ്ങിയ അൻവർ നേരെ ഞങ്ങളുടെ വീട്ടിലേക്കാണ് വന്നത്. പലപ്പോഴും അങ്ങനെയാണ് പതിവും. "നാവ് വെളിച്ചം കാണാൻ പോകുന്നു. വരുന്ന മാസം." അവൻ ആഹ്ലാദത്തോടെ പറഞ്ഞു. "അതിന് പൈസ എവിടെ? എഴുത്തുകാരും സൃഷ്ടികളുമെവിടെ?" ഞാൻ ചോദിച്ചു. ഇത്രയും നാൾ വൈകിയപ്പോൾ നാവിൻ്റെ പിറവിയെക്കുറിച്ച് എനിക്ക് ന്യായമായും സംശയം തോന്നിത്തുടങ്ങിയിരുന്നു. "അതൊന്നും പ്രശ്നമില്ല. ഒക്കെ മ്മള് ശരിയാക്കും." അൻവറിൻ്റെ ട്രേഡ് മാർക്കായ അത്യാത്മവിശ്വാസത്തോടെയുള്ള മറുപടി. " ഇന്ന് രാത്രി മ്മക്ക് വാൾ പോസ്റ്റർ ഉണ്ടാക്കണം. അധികം സമയമില്ല. കടലാസും മഷിയും വാങ്ങണം. നീ വാ ..." അവൻ കക്ഷത്തിറുക്കിപ്പിടിച്ച മാസികകൾ ടീപ്പോയിയിൽ നിക്ഷേപിച്ച് എഴുന്നേറ്റു. ഞങ്ങൾ കുറ്റ്യാടി അങ്ങാടിയിലേക്ക് ധൃതി പിടിച്ച് നടന്നു.

പോകുന്ന വഴിയിൽ ഒരു തീരുമാനമെടുത്തു. വെള്ളക്കടലാസിൽ പോസ്റ്റർ എഴുതുന്നതിൽ അർത്ഥമില്ല. അത് എല്ലാവരും ചെയ്യുന്നതല്ലേ! പഴയ പത്രങ്ങളിൽ ചുവപ്പും നീലയും വയലറ്റും മറ്റും നിറങ്ങളിൽ എഴുതാം. വീട്ടിലാണെങ്കിൽ പഴയ പത്രങ്ങൾ കെട്ടു കണക്കിന് കിടപ്പുണ്ട്. കടലാസിൻ്റെ പൈസ ലാഭം. പല നിറങ്ങളിലുള്ള മഷിയും ബ്രഷുകളുമായി തിരികെ എത്തിയപ്പോൾ മണി ഒമ്പത് ! " ഒരു അമ്പതെണ്ണമെങ്കിലും എഴുതണം. കുറ്റ്യാടി അങ്ങാടി നാവിൻ്റെ പരസ്യം കൊണ്ട് നിറയണം." അൻവർ ആവേശഭരിതനായി.

എഴുത്ത് തുടങ്ങി. പത്രത്താളുകളിൽ പല വർണ്ണത്തിലുള്ള മഷി പുരണ്ടു. സമയം അതിവേഗം നീങ്ങുന്നു. "നാവ് ഉടൻ പുറത്തിറങ്ങുന്നു. " ഇത്ര മാത്രമാണ് എഴുതാൻ ഉണ്ടായിരുന്നത്. എന്നിട്ടും നീങ്ങുന്നില്ല. മഷി ഉദ്ദേശിച്ചതിനേക്കാൾ ആവശ്യമായി വരുന്നു. ബ്രഷ് കടലാസിലൂടെ നീങ്ങുന്നില്ല. ഒടുവിൽ പതിനഞ്ചണ്ണം എഴുതിക്കഴിഞ്ഞപ്പോഴേക്കും കോഴി കൂവി.

ചൂടുവെള്ളത്തിൽ മൈദ കലക്കിയുണ്ടാക്കിയ പശയും പോസ്റ്ററുകളുമായി നേരം വെളുക്കുന്നതിനു മുമ്പേ ഞങ്ങൾ കുറ്റ്യാടി ബസ്റ്റാൻ്റിൽ എത്തി. പോസ്റ്റർ പതിക്കാൻ  പ്രധാനമായും കണക്കാക്കിയിരുന്നയിടം ബസ് സ്റ്റാൻ്റിലെ കാത്തിരിപ്പു കെട്ടിടത്തിൻ്റെ  മതിലായിരുന്നു. ഒരുപാടാളുകൾ വരുന്ന സ്ഥലമായതിനാൽ അവിടമെപ്പോഴും പോസ്റ്റർ നിബിഢമായിരുന്നു താനും. സിനിമയുടെ, സാംസ്കാരിക പരിപാടികളുടെ, അയ്യപ്പൻ വിളക്കിൻ്റെ, കുടുംബാസൂത്രണത്തിൻ്റെ .... കുറ്റ്യാടിയുടെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ ഞങ്ങളുടെ പ്രസിദ്ധീകരണത്തിൻ്റെ വിളംബരം അവിടെ ഏത് പോസ്റ്ററുണ്ടായാലും അതിനു മുകളിൽ പതിക്കുമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. നാവിലും പ്രാധാന്യമുള്ളതായി ഒരു സംഭവവും കുറ്റ്യാടിയിലോ, കോഴിക്കോട് ജില്ലയിലോ,  കേരള സംസ്ഥാനത്തോ,  ഇപ്പോൾ നടക്കുന്നില്ല!

എന്നാൽ ബസ് സ്റ്റാൻ്റിൽ ഞങ്ങളെ സ്വീകരിച്ചത് മറ്റൊരു കാഴ്ച്ചയായിരുന്നു. ഹൃദയ ഭേദകമായ കാഴ്ച. കാത്തിരിപ്പ് കെട്ടിടം പോസ്റ്ററുകളെല്ലാം പറിച്ചു കളഞ്ഞ്, വെള്ളപൂശി, നാലു ചുറ്റിലും കറുത്ത വലിയ അക്ഷരത്തിൽ "പരസ്യം പാടില്ല " എന്ന ഭീഷണിയോടെ നിലകൊള്ളുന്നു. എന്തു ചെയ്യും? കുറ്റ്യാടി അങ്ങാടിയിൽ വേറെയെവിടെ പോസ്റ്റർ പതിച്ചാലും ഒരു കാര്യവുമില്ല. ആരും കാണാനും വായിക്കാനും പോകുന്നില്ല. "നാവ് ഉടൻ ഇറങ്ങുന്നു " എന്ന വാർത്ത,  പോസ്റ്റർ മറ്റെവിടെ പതിച്ചാലും,  ആരിലും ആകാംക്ഷ ഉണർത്താൻ പോകുന്നില്ല. 

ഞാൻ ചിന്താമഗ്നനായി നോക്കി നിൽക്കവേ, അൻവർ പോസ്റ്ററിനു മേൽ മൈദ തേച്ചു തുടങ്ങി. ഏറ്റവും വലിയ പോസ്റ്റർ എറ്റവും വലുതായി "പരസ്യം പതിക്കരുത് " എന്നെഴുതിയതിന് മുകളിലായി പതിച്ചു. "എടാ, പഞ്ചായത്തിൻ്റെ സ്ഥലാണ്. പോലീസ് വീട്ടില് വരും " ഞാൻ പറഞ്ഞു. ആര് കേൾക്കാൻ . "നാവ് ഉടൻ ഇറങ്ങുന്നു " എന്ന ആകാംക്ഷാ നിർഭരമായ വാർത്ത കെട്ടിടത്തിനു മുകളിൽ നിരന്നു. നേരം വെളുക്കാൻ ഇനിയും സമയമുണ്ട്. ബസ്സ്റ്റൻറ് വിജനമാണ്. "എടാ , ഇതില് നമ്മള പേരോ വിലാസോ ഒന്നും ഇല്ലല്ലോ .... ആര് ഒട്ടിച്ചതാണെന്ന് ആരറിയാൻ?" അൻവർ പറഞ്ഞതിൽ ന്യായമുണ്ടെന്ന് എനിക്കും തോന്നി. ബസ് സ്റ്റാൻ്റിൽ പോസ്റ്റർ ഒട്ടിച്ചില്ലെങ്കിൽ, വേറെ എവിടെ ഒട്ടിക്കാൻ. ബാക്കി വന്ന പോസ്റ്റുകളിൽ ഞാനും പശതേച്ചു. 

"ഞ്ഞി ഒറങ്ങിക്കളയര്ത്.. മ്മക്ക് അക്ബറ് മാഷ ക്കാണാൻ പോണം" അവൻ്റെ വീടിനു മുന്നിലെത്തിയപ്പോൾ അൻവർ പറഞ്ഞു. തലയിളക്കി, ഞാൻ വീട്ടിലേക്ക് നടന്നു. നെഞ്ചിൻ്റെ കോണിലെവിടെയോ ഒരു ഭീതി ഒളിഞ്ഞു കിടന്നു.

തീരുന്നില്ല...